TopTop
Begin typing your search above and press return to search.

ബലാത്സംഗ കുറ്റങ്ങള്‍ വിചാരണ ചെയ്യാനുള്ള അതിവേഗ കോടതികള്‍ എവിടെ?

ബലാത്സംഗ കുറ്റങ്ങള്‍ വിചാരണ ചെയ്യാനുള്ള അതിവേഗ കോടതികള്‍ എവിടെ?

ഹൈദരാബാദ് സ്വദേശിയായ ഡോ: പ്രിയങ്ക റെഡ്ഡി എന്ന മൃഗഡോക്ടറുടെ അതീവ ക്രൂരമായ കൊലപാതകത്തില്‍ രാജ്യത്തിന്റെ മനഃസാക്ഷി സ്തബ്ദമായിരിക്കുമ്പോഴും, സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തുവാനുള്ള നടപടികളില്‍ ഒരിഞ്ചു പോലും മുന്നോട്ടുപോകുവാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സാധിച്ചിട്ടില്ല. ഏഴു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഡല്‍ഹിയില്‍ ജ്യോതി സിംഗ് (നിര്‍ഭയ എന്ന പേരിലറിയപെട്ട) ക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിന് ശേഷം സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ചെങ്കിലും അവ നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെടുകയാണുണ്ടായത്. നിര്‍ഭയ ഫണ്ട് എന്ന പേരില്‍ നിന്നും പ്രഖ്യാപിച്ച 1000 കോടി രൂപയില്‍ നിന്നും വളരെ കുറച്ചു പണം മാത്രമാണ് പദ്ധതികള്‍ക്കായി ചിലവഴിച്ചിട്ടുള്ളത്. ഇതേ പദ്ധതികളുടെ ഭാഗമായി 2019 - 2020 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ ബലാത്സംഗക്കേസുകളില്‍ തീര്‍പ്പുകല്‍പ്പിക്കുന്നതിനായി 1023 അതിവേഗ കോടതികള്‍ സ്ഥാപിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയിരുന്നു.ലൈംഗികാതിക്രമങ്ങളില്‍നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള പദ്ധതികളാവിഷ്‌കരിക്കുന്നതിലേക്കായി 767 കോടി രൂപ സര്‍ക്കാര്‍ നീക്കിവച്ചിട്ടുണ്ട്. 2019 നവംബറില്‍ ലോക്‌സഭയില്‍ സര്‍ക്കാര്‍ വിശദീകരിച്ച ഈ കണക്കുകളില്‍, മോദി ഗവണ്മെന്റ് ഈ പണമുപയോഗിച്ചു ചെയ്ത പദ്ധതികളെക്കുറിച്ചു വിശദീകരിക്കുന്നില്ല. അതിവേഗ കോടതികള്‍ ആരംഭിക്കുവാനുള്ള നിര്‍ദേശം നവംബറിൽ മാത്രമാണ് നീതിന്യായവകുപ്പിനു ലഭിക്കുന്നത്,എന്നാല്‍ ഈ കോടതികള്‍ക്കായി പണമനുവദിച്ചതിനുള്ള രേഖകള്‍ എവിടെയും ലഭ്യമല്ല താനും. 1023 പുതിയ കോടതികള്‍ ആരംഭിക്കുകയെന്നാല്‍ അതിനായുള്ള പുതിയ സ്ഥലം, ജോലിക്കാര്‍ , മറ്റു വിഭവങ്ങള്‍ തുടങ്ങിയവ അത്യാവശ്യമാണ്. ഇവ ലഭ്യമല്ലാത്തതിനാല്‍ നിലനില്‍ക്കുന്ന കോടതികളോടനുബന്ധിച്ചു തന്നെ ഈ അതിവേഗ കോടതികള്‍ പ്രവര്‍ത്തിക്കേണ്ടതായിട്ടുണ്ട്.

ഇത്തരം അതിവേഗകോടതികളുടെ ശരിയായ നടത്തിപ്പ്, ലൈംഗിക കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരുടെ എണ്ണം കുറയ്ക്കാന്‍ സഹായിക്കുമെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യുറോയുടെ 2016 വരെയുള്ള കണക്കുകള്‍ പ്രകാരം 1.3 ലക്ഷം ബലാത്സംഗ കേസുകളും പോസ്‌കോ നിയമത്തിനു കീഴില്‍ വരുന്ന 90,205 കേസുകളും തീര്‍പ്പാകാതെ കിടക്കുന്നുമുണ്ട്. വിചാരണയ്ക്കെടുത്ത ലൈംഗികാതിക്രമക്കേസുകളിലാകട്ടെ ശിക്ഷിക്കപ്പെട്ടവ ബലാത്സംഗകേസുകളില്‍ 25.5 ശതമാനവും കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമ കേസുകളില്‍ 29.6 ശതമാനവും മാത്രമാണ്.

നീതിന്യായ വകുപ്പിന്റെ 2018 മാര്‍ച്ച് 31 വരെയുള്ള കണക്കുകള്‍പ്രകാരം കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരെയുള്ളഅതിക്രങ്ങളെ അടിസ്ഥാനപ്പെടുത്തി ഫയല്‍ ചെയ്ത കേസുകളില്‍ തീര്‍പ്പാകാതെ കിടക്കുന്ന കേസുകളുടെ എണ്ണം 1,66,882 ഓളം വരും (തെലങ്കാനയില്‍ 5,598 കേസുകള്‍ ) ഇപ്പോള്‍ അവശേഷിക്കുന്ന ചോദ്യം, പ്രിയങ്ക റെഡ്ഢിയുടെ മരണം ഈ കണക്കുകളില്‍ ഒന്നായി മാത്രം അവശേഷിക്കുമോ എന്നത് മാത്രമാണ്. ഇനിയെത്ര പ്രിയങ്കമാരും, നിര്‍ഭയമാരും വേണം നമ്മുടെ സര്‍ക്കാരുകള്‍ക്ക് ഉണര്‍ന്നു പ്രവര്‍ത്തിക്കുവാന്‍.


Next Story

Related Stories