TopTop
Begin typing your search above and press return to search.

നിയമസഭയിലെ നാടകം ബഹുകേമം, മികച്ച നടന്‍ ആരിഫ് മുഹമ്മദ് ഖാന്‍ തന്നെ

നിയമസഭയിലെ നാടകം ബഹുകേമം, മികച്ച നടന്‍ ആരിഫ് മുഹമ്മദ് ഖാന്‍ തന്നെ

ആശങ്കയോടും അതിൽ നിന്നു തന്നെ പൊട്ടിവിടരുന്ന ജിജ്ഞാസയോടും കൂടി തന്നെയായിരുന്നു കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നയ പ്രഖ്യാപന പ്രസംഗത്തെ കാത്തിരുന്നത്. ആരിഫ് മുഹമ്മദ് ഖാൻ എന്ന കൗശലക്കാരനായ രാഷ്ട്രീയക്കാരൻ ഇതാദ്യമായാണ് ഒരു സംസ്ഥാന ഗവർണർ ആകുന്നത് എന്നതും, ഇത്തവണത്തേത് അദ്ദഹത്തിന്റെ കന്നി നയ പ്രഖ്യാപന പ്രസംഗം ആണെന്നതും മാത്രമല്ല, ഈ നയപ്രഖ്യാപന പ്രസംഗത്തിന്റെ പ്രാധാന്യമേറ്റിയ മറ്റു ചില കാരണങ്ങൾ കൂടിയുണ്ട്. ഒന്നാമതായി, കേന്ദ്ര സർക്കാർ കൊണ്ടുവന്നിട്ടുള്ള പൗരത്വ ഭേദഗതി നിയമത്തെ എന്തു വിലകൊടുത്തും സംരക്ഷിക്കും എന്നു നാട് നീളെ പ്രഖ്യാപിച്ചു നടക്കുന്ന ഗവർണർ കേരള നിയമസഭ പ്രസ്തുത നിയമത്തിനെതിരെ പാസാക്കിയ പ്രമേയത്തെയും പൗരത്വ നിയമത്തെ ചോദ്യം ചെയ്തു കേരള സർക്കാർ സുപ്രീം കോടതിയിൽ പെറ്റീഷൻ പോയതിനെയും നിശിതമായി വിമർശിച്ചുകൊണ്ടിരിക്കുന്നു. 'അറിഞ്ഞുകൊള്ളും വഴിയേ' എന്നു ഉറഞ്ഞുതുള്ളിക്കൊണ്ടിരിക്കൊണ്ടിരിക്കുന്ന വേളയിൽ ആ വിഷയം കൂടി ഉൾപ്പെട്ട നയ പ്രഖ്യാപന പ്രസംഗത്തെ എങ്ങനെ കൈകാര്യം ചെയ്യും എന്ന കാര്യത്തിലായിരുന്നു ആശങ്ക. ഗവർണർ ആരു തന്നെയായാലും അതാത് സംസ്‌ഥാന സർക്കാരിന്റെ എഴുതി തയ്യാറാക്കിയ നയപ്രഖ്യാപനം വായിക്കുക എന്നതാണ് സാധാരണ ഗതിയിൽ ചെയ്യേണ്ടതെങ്കിലും എഴുതിക്കിട്ടിയ പ്രസംഗം മുഴുവൻ വായിക്കാൻ ഗവർണർ ബാധ്യസ്ഥനല്ല. കേന്ദ്ര സർക്കാരിനിന്റെ ആൾ എന്ന നിലയിൽ കേന്ദ്രത്തിനെതിരെയുള്ള പരാമർശങ്ങൾ വായിക്കാതെ വിടാനും വിയോജിപ്പ് രേഖപ്പെടുത്താനുമൊക്കെ ഗവർണർക്കു അവകാശവും അധികാരവും ഉണ്ട്. ഗവർണർ വിയോജിച്ചാലും വായിക്കാതെ ചിലതു വിട്ടുകളഞ്ഞാലും പ്രസംഗം അതേപടി സഭയുടെ രേഖയിൽ ഉണ്ടാകും എന്നതിനാൽ ഇക്കാര്യത്തിൽ ആരും ആശങ്കപ്പെടാറില്ല.

എന്നാൽ ഇത്തവണ കാര്യങ്ങൾ കുറച്ചുകൂടി സങ്കീര്‍ണ്ണമായിരുന്നു. സത്യത്തിൽ മാധ്യമങ്ങൾ അതിനെ അങ്ങനെ ആക്കിത്തീർത്തുവെന്നു തന്നെവേണം പറയാൻ. അത് മാധ്യമ പ്രവർത്തനത്തിന്റെ ഭാഗമാകയാൽ അവരെ കുറ്റം പറയുന്നത് ശരിയല്ലതാനും. പക്ഷെ ഇവിടെയാണ് രണ്ടാമത്തെ പ്രശ്നം ഉദയം ചെയ്യുന്നത്. അതായത് പൗരത്വ നിയമത്തിനെതിരേയുള്ള പരാമർശങ്ങൾ ഗവർണർ വായിക്കുമോ വിട്ടുകളയുമോ അതോ വിയോജിപ്പ് രേഖപ്പെടുത്തുമോ എന്നൊക്കെയുള്ള ചോദ്യങ്ങൾ സ്വാഭാവികമായും ഉയർന്നതും അങ്ങനെയാണ്. മൂന്നാമത്തേതും ഏറ്റവും സങ്കീർണവുമായ വിഷയം സംസ്ഥാനത്തിന്റെ പൊതു വികാരത്തിനെതിരെ നിൽക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ചു വിളിക്കണം എന്നാവശ്യപ്പെട്ടു യു ഡി എഫ് കൊണ്ടുവന്ന പ്രമേയം തന്നെയായിരുന്നു. ഗവർണർ എന്ന പദവി തന്നെ നിറുത്തലാക്കണം എന്ന സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രസ്താവനയുടെ ചുവടു പിടിച്ചു യു ഡി എഫ് തയ്യാറാക്കിയ പ്രമേയം കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടുകൂടി ഉള്ളതായിരുന്നു എന്ന കാര്യത്തിൽ തർക്കമില്ല. സർക്കാരിനെ വെട്ടിൽ വീഴ്ത്താനും അത് വഴി പൗരത്വ നിയമ വിരുദ്ധ പോരാട്ടത്തിൽ തുടക്കത്തിൽ തങ്ങൾക്കു നഷ്ട്ടമായ മേൽകൈ തിരിച്ചുപിടിക്കാനും ലക്ഷ്യമിട്ടുള്ള ഈ നീക്കത്തെ എങ്ങനെ സർക്കാരും സ്പീക്കറും നേരിടും എന്നത് തന്നെയായിരുന്നു വലിയ ചോദ്യം.

കാത്തിരുപ്പു വെറുതെയായില്ല. വലിയൊരു രാഷ്ട്രീയ പൊറാട്ടു നാടകം കൺമുൻപിൽ അരങ്ങു തകർക്കുന്നതാണ് ഇന്ന് ദൃശ്യമായത്. 'പൊന്നു ചക്രവർത്തി ഇതാ ഇപ്പോൾ എഴുന്നള്ളും' എന്ന നാടക ശീലിലുള്ള രാജ്ഭവന് മുന്നിൽ നിന്നുള്ള ദൃശ്യങ്ങളും കമന്ററികളും ഒപ്പം നിയമ സഭക്കുള്ളിലെ പുതിയ പേപ്പർ രഹിത സംവിധാനം പഠിക്കുന്നവരും അവരെ പഠിപ്പിക്കുന്നവരും കൂടിയായപ്പോൾ ഒരു മൊണ്ടാഷ് എഫക്റ്റ് വന്നപോലെ. ഗവർണർ 'പൊന്നു തമ്പുരാന്റെ' എഴുന്നള്ളത്തും കാത്തുനിൽക്കുന്ന മാധ്യമ പടയും വീഥി ഒരുക്കേണ്ട പോലീസും രാജ് ഭവന് മുന്നിൽ. നിയസഭക്കകത്തു നിയമസഭ നടപടികൾ ഡിജിറ്റൽ ആകുന്നതിന്റെ ഭാഗമായുള്ള മന്ത്രിമാരുടെയും സാമാജികരുടെയും ഇ-ലേണിംഗ് പരിപാടി. സഭക്കുള്ളിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ ഗൂഢതന്ത്രം മെനയുന്ന യു ഡി എഫ് സാമാജികർ (അവസാനം പറഞ്ഞ രണ്ടും ചാനൽ വിഷ്വലുകളിൽ ദൃശ്യമല്ലെങ്കിലും റിപ്പോര്‍ട്ടര്‍മാരുടെ കമന്ററിയിൽ ഉണ്ട്). അങ്ങനെ ആകെക്കൂടി മൊണ്ടാഷുകൾ കൊണ്ട് സമൃദ്ധമായ ഒരു ക്ലാസ്സിക് സിനിമപോലെ...


രാജ് ഭവന് മുന്നിൽ മൈക്കുകൾക്കു പിടികൊടുക്കാതെ ഗവർണർ നേരെ നിയസഭ കവാടത്തിൽ. അവിടെ ഗാർഡ് ഓഫ് ഹോണർ അടക്കമുള്ള പതിവ് സ്വീകരണം. സ്വീകർത്താക്കളിൽ പ്രധാനികൾ മുഖ്യമന്ത്രിയും സ്പീക്കറും നിയമന്ത്രിയും. അപ്പോഴേക്കും 'ഗവർണർ ഗോ ബാക്ക്', 'കാൾ ബാക്ക് ഗവർണർ', 'നോ റ്റു സി എ എ, എൻ പി ആർ' തുടങ്ങിയ പ്ലക്കാര്‍ഡുകളുകളുമായി പ്രതിപക്ഷം സജീവം. സഭയുടെ നടുത്തളത്തിൽ ഇറങ്ങിയ പ്രതിപക്ഷം ഗവർണർ വരുന്ന വഴി തടഞ്ഞു നിൽക്കുന്നു. വഴി തടയുമെന്നു അറിയാമായിരുന്നിട്ടും ഗവർണർ, മുഖ്യൻ, സ്പീക്കർ സംഘം അത് വഴി തന്നെ. ഒടുവിൽ അൻവർ സാദത്ത് എം എൽ എ വക ഒരു കിടത്ത അഭ്യാസം. തുടർന്ന് പ്രതിപക്ഷം വക വാക് ഔട്ട്. ഡയസ്സിലെത്തിയ ഗവർണർ എന്ത് വായിക്കും വായിക്കില്ല എന്ന ജിജ്ഞാസ ബാക്കി. ഒടുവിൽ ഒഴിവാക്കുമെന്ന് കരുതിയ പൗരത്വ നിയമം സംബന്ധിച്ച 18 - ആം പാരഗ്രാഫ് ഗവർണർ വായിക്കുന്നു. 'എതിർ അഭിപ്രായം ഉണ്ടെങ്കിലും മുഖ്യമന്ത്രിയുടെ അഭ്യർത്ഥന മാനിച്ചു ഞാൻ ഇതുകൂടി വായിക്കുന്നു' എന്ന ആമുഖത്തോടെ. ക്യാമറ കട്ട് ചെയ്യുന്നത് നിയമസഭ കവാടത്തിൽ കുത്തിയിരുന്ന് പ്രതിക്ഷേധിക്കുന്ന ചെന്നിത്തലയോട് ആരോ ഒരാൾ വന്നു ഇക്കാര്യം ധരിപ്പിക്കുന്നതിലേക്ക്. വിവർണ്ണമാകുന്ന ചെന്നിത്തലയുടെ മുഖം. പിന്നെ പല ചാനലുകളും ഗവർണർ പ്രസംഗം കട്ട് ചെയ്തു ചെന്നിത്തലയുടെ പ്രതിക്ഷേധ ഭാഷണത്തിലേക്ക്. 'ഗവർണർ നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും സ്വന്തം ആളാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കാലുപിടിച്ചിട്ടാണ് ഗവർണർ ഇപ്പോൾ വിവാദ ഭാഗം വായിച്ചതെന്നും പിണറായി കേരളത്തിലെ ജനങ്ങളെ പറ്റിക്കുകയാണെന്നും ലാവ്‌ലിൻ കേസിൽ നിന്നും തടിയൂരാനുള്ള തട്ടിപ്പ് നാടകമാണ് പിണറായി കളിക്കുന്നതെന്നും ...' അങ്ങനെ അങ്ങനെ നീളുന്ന ഒരു ഗംഭീര പ്രഭാഷണം.

എല്ലാം കഴിഞ്ഞു എല്ലാവരും അവരവരുടെ പാട്ടിനു പോയപ്പോൾ ഒരു ചോദ്യം മാത്രം ബാക്കിയാവുന്നു. പൗരത്വ നിയമ പോരാട്ടത്തിൽ വിജയിച്ചു നിൽക്കുന്നത് ആര്? തങ്ങളെ വെട്ടിലാക്കാൻ ശ്രമിച്ച ചെന്നിത്തലയേയും കൂട്ടരേയും പറ്റിച്ചേ എന്നു മുഖ്യമന്ത്രിക്കും കൂട്ടർക്കും വേണമെങ്കിൽ അവകാശപ്പെടാം. അതല്ല നിയസഭക്കുള്ളിൽ വെച്ച് ഗവർണറെ തടഞ്ഞ തങ്ങളാണ് കേമന്മാർ എന്നു ചെന്നിത്തലക്കും യു ഡി എഫിനും അഭിമാനിക്കാം. പക്ഷെ ഈ കളിയിലെ യഥാർത്ഥ വിജയി ഒരുപക്ഷെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തന്നെയാണെന്ന് എനിക്ക് തോന്നുന്നു. എത്ര തന്ത്രപരമായാണ് പൗരത്വ നിയമത്തിനെതിരെ ഒറ്റക്കെട്ടായി രംഗത്തുവന്ന ഭരണപക്ഷത്തേയും പ്രതിപക്ഷത്തെയും അയാൾ കബളിപ്പിച്ചിരിക്കുന്നതെന്നു നോക്കുക.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories