TopTop
Begin typing your search above and press return to search.

ഇബ്രാഹിംകുഞ്ഞിനുമേല്‍ കുരുക്കു മുറുകുമ്പോള്‍ കുരുങ്ങുന്നത് യു ഡി എഫ്

ഇബ്രാഹിംകുഞ്ഞിനുമേല്‍ കുരുക്കു മുറുകുമ്പോള്‍ കുരുങ്ങുന്നത് യു ഡി എഫ്

പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണവുമായി മുന്നോട്ടു പോകാൻ ഗവർണർ അനുമതി നൽകിയതോടെ വിജിലൻസിനും സർക്കാരിനും മുൻപിൽ ഉണ്ടായിരുന്ന പ്രധാന തടസ്സം ഒഴിവായിരിക്കുന്നു. ഇനിയിപ്പോൾ അറിയേണ്ടത് ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്യുമോ എങ്കിൽ എപ്പോൾ എന്നതു മാത്രമാണ്. കേവലം ചോദ്യം ചെയ്യൽ എന്നതിനപ്പുറം ഉടൻ തന്നെ അറസ്റ്റും ഉണ്ടായേക്കും എന്നാണു സൂചന. താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും കേസുമായി പൂർണമായും സഹകരിക്കുമെന്നുമാണ് ഗവർണറുടെ അനുമതി സംബന്ധിച്ച വാർത്ത പുറത്തു വന്നയുടൻ ഇബ്രാഹിം കുഞ്ഞു പ്രതികരിച്ചത്.

അതേസമയം കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും ഉദ്യോഗസ്ഥരുടെ വീഴ്ചക്ക് മന്ത്രിയെ ബലിയാടാക്കരുതെന്നുമായിരുന്നു മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ പി എ മജീദ് പ്രതികരിച്ചത്. യു ഡി എഫിന്റെ നിലപാടും ഇക്കാര്യത്തിൽ മറ്റൊന്നല്ല. എന്നാൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അടക്കമുള്ളവർ പ്രതികളായ ടൈറ്റാനിയം അഴിമതിക്കേസ് സി ബി ഐ ക്കു കൈമാറിയപ്പോൾ കേസിനെ രാഷ്ട്രീയപരമായും നിയമപരമായും നേരിടും എന്ന് പറഞ്ഞതുപോലുള്ള ശക്തമായ പ്രതികരണങ്ങളൊന്നും പാലാരിവട്ടം കേസിന്റെ കാര്യത്തിൽ ഇത് വരെ ഉയർന്നു കേട്ടില്ല എന്നതും ഏറെ ശ്രദ്ധേയമാണ്.

യു ഡി എഫ് ഭരണ കാലത്തു 2013 ൽ സ്പീഡ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമാണ അനുമതി നൽകിയ പാലാരിവട്ടം പാലം 2016 ഒക്ടോബറിലാണ് ഗതാഗതത്തിനായി തുറന്നു കൊടുത്തത്. അധികം വൈകാതെ തന്നെ ( അതായത് 2017 ജനുവരിയിൽ) പാലത്തിൽ ആറിടത്തു ടാറിങ് ഇളകുകയും വിള്ളൽ പ്രത്യക്ഷപ്പെടുകയും ചെയ്തതോടെയാണ് നിർമാണത്തിലെ അഴിമതി മറ നീക്കി പുറത്തുവന്നത്. തുടർന്ന് നടന്ന അന്വേഷണത്തിൽ നിലവാരമില്ലാത്ത സിമെന്റ് ആണ് ഉപയോഗിച്ചതെന്നും വേണ്ടത്ര കമ്പി ഉപയോഗിച്ചിട്ടില്ലെന്നും കണ്ടെത്തി. ഇതോടെയാണ് ദേശീയ പാത അതോറിറ്റി നടത്തുമായിരുന്ന പാലം നിർമാണം ധൃതി പിടിച്ചു സ്പീഡ് പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കാനുള്ള തീരുമാനം വിവാദമായത്. അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടത്തിൽ തന്നെ ഇബ്രാഹിം കുഞ്ഞിന്റെ പങ്കു വ്യക്താക്കുന്ന തെളിവുകൾ ലഭിച്ചുവെന്നാണ് വിജിലൻസിന്റെ എഫ് ഐ ആറിൽ പറയുന്നത്. കേസിൽ നേരത്തെ അറസ്റ്റിലായ മുൻ പൊതുമരാമത്തു സെക്രട്ടറി ടി ഓ സൂരജ് ഇബ്രാഹിം കുഞ്ഞിന്റെ പങ്കു വ്യക്തമാക്കുന്ന ശക്തമായ തെളിവുകൾ നൽകിയതായും വിജിലൻസ് ചൂണ്ടിക്കാട്ടുന്നു. സൂരജിന്റെ മൊഴി ഉൾപ്പെടെ അഴിമതിയിലേക്ക് വിരൽചൂണ്ടുന്ന എല്ലാ രേഖകളും ഇതിനകം തന്നെ വിജിലൻസ് ഹൈക്കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.

മുന്‍ മന്ത്രിക്കെതിരെയുള്ള അന്വേഷണത്തിന് ഗവർണർ അനുമതി നൽകി കഴിഞ്ഞ സാഹചര്യത്തിൽ ഇനിയിപ്പോൾ എന്തൊക്കെ നടപടികളാണ് അന്വേഷണ സംഘം സ്വീകരിക്കുക എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. അതോടൊപ്പം തന്നെ ഒരു മുൻ മന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യാനുള്ള നീക്കവുമായി വിജിലൻസും സർക്കാരും മുന്നോട്ടു പോകുന്നു എന്നതിനാൽ ഈ കേസിന്റെ രാഷ്ട്രീയ പ്രസക്തിയും വർദ്ധിക്കുകയാണ്. പാലം സ്പീഡ് പദ്ധതിയിൽ ഉൾപ്പെടുത്താനുള്ള തീരുമാനം മുൻ യു ഡി എഫ് സർക്കാരിന്റേതായിരുന്നതിനാൽ കേസ് മുൻ പൊതുമരാമത്തു വകുപ്പ് മന്ത്രിയിൽ മാത്രം ഒതുങ്ങുമോ അതോ കൂട്ടുത്തരവാദിത്തം ചൂണ്ടിക്കാട്ടി അന്നന്നത്തെ മുഖ്യമന്ത്രിയിലേക്കടക്കം നീളുമോ എന്നതും അറിയേണ്ട വിഷയം തന്നെയാണ്. കരാർ കമ്പനിക്കു കീഴ്വഴക്കങ്ങൾ ലംഘിച്ചു 8.25 കോടി രൂപ അഡ്വാൻസ് നൽകിയ നടപടി വേണമെങ്കിൽ പൊതുമരാമത്തു വകുപ്പ് മന്ത്രിക്കുമേൽ കെട്ടിവെക്കാം എന്ന വാദം ഉയരുന്നുണ്ട്. എന്നാൽ ഇങ്ങനെയൊരു തീരുമാനം മന്ത്രി മാത്രം അറിഞ്ഞു നടന്ന ഒന്നായി സ്ഥാപിക്കുക അത്രകണ്ട് എളുപ്പമല്ലെന്ന വാദവും ശക്തമായാണ്. എന്ത് തന്നെയായാലും തദ്ദേശ തിരഞ്ഞെടുപ്പുകളും കുട്ടനാട് ഉപ തിരഞ്ഞെടുപ്പും അതിനും പിന്നാലെ സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പും ഒക്കെ നടക്കാനിരിക്കെ പാലാരിവട്ടം പാലം അഴിമതിക്കേസിന്റെ രാഷ്ട്രീയ പ്രസക്തി വളരെ വലുത് തന്നെയാണ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories