TopTop
Begin typing your search above and press return to search.

'രാജകുമാരന്‍' ധിക്കാരിയായ ആ പഴയ 'ചക്രവര്‍ത്തിനി'യുടെ അതേ സ്വരൂപം തന്നെ കൈക്കൊണ്ടിരിക്കുന്നു; നമുക്ക് 'പുതിയ ഇന്ത്യ'യുടെ പതനം നിശബ്ദമായി ആഘോഷിക്കാം

രാജകുമാരന്‍ ധിക്കാരിയായ ആ പഴയ ചക്രവര്‍ത്തിനിയുടെ അതേ സ്വരൂപം തന്നെ കൈക്കൊണ്ടിരിക്കുന്നു; നമുക്ക് പുതിയ ഇന്ത്യയുടെ പതനം നിശബ്ദമായി ആഘോഷിക്കാം

കഴിഞ്ഞ ദിവസം മഹാരാഷ്ട്ര ഗവര്‍ണറുടെ വസതിയില്‍ നടന്ന ഭരണഘടനാതത്വ ലംഘനങ്ങളുടെ ഗൗരവമോര്‍ത്ത് നമുക്ക് ക്ഷോഭവും നിരാശയും തോന്നുന്നത് തീര്‍ത്തും സാധാരണമായ ഒരു കാര്യമാണ്.

ഒരു പുതിയ സര്‍ക്കാരിന്റെ രൂപീകരണമെന്നാല്‍ സന്തോഷപ്രദമായ ഒരു സന്ദര്‍ഭമായിരിക്കേണ്ടതുണ്ട്. എന്നാല്‍ ഫഡ്നാവിസ് - അജിത് പവാര്‍ സംഖ്യത്തിന്റെ കൂട്ടുകെട്ട് കാണിച്ച വഞ്ചനയെ 1984ല്‍ കാശ്മീര്‍ ഗവര്‍ണറായിരുന്ന ജഗ്മോഹന്റെ സഹായത്തോടെ നട്ടപാതിരയ്ക്ക് സത്യപ്രതിജ്ഞ ചെയ്തു മുഖ്യമന്ത്രിയായ ജി.എം ഷായുടെ ചെയ്തികളോട് മാത്രമേ താരതമ്യം ചെയ്യാന്‍ സാധിക്കുകയുള്ളു.

എന്നാല്‍ അന്നത്തേത് സ്വേച്ഛാധിപതിയും അധികാരപ്രമത്തയുമായ ഇന്ദിരാഗാന്ധിയുടെ മോശം കാലമായിരുന്നു. അതുതന്നെയാണ് പുതിയ ഇന്ത്യയിലും നടക്കുന്നതെന്നത് ഇപ്പോള്‍ എല്ലാവര്‍ക്കും ഏറെ തൃപ്തി നല്‍കുന്ന ഒരു വസ്തുതയായിരിക്കുന്നു.

പുതിയ ഇന്ത്യ സുതാര്യവും നീതിപൂര്‍വവും സത്യസന്ധവുയ ഒരു ഭരണം ഉറപ്പുനല്‍കിക്കൊണ്ടാണ് ആരംഭിക്കപ്പെട്ടത്. എന്നാല്‍ ശനിയാഴ്ച ബി ജെ പി നേതാവ് ഫഡ്‌നാവിസിന് സ്ഥിരതയുള്ളൊരു സര്‍ക്കാര്‍ രൂപീകരിക്കുവാന്‍ സാധിക്കുമെന്നൊരു ഗവര്‍ണര്‍ സ്വയം തീരുമാനിച്ചതോടെ മേല്പറഞ്ഞ വാഗ്ദാനങ്ങള്‍ അപ്പാടെ ലംഘിക്കപ്പെട്ടു.

ഭരണഘടനാപരമായി വളരെ പ്രധാനപ്പെട്ട സത്യപ്രതിജ്ഞ പോലൊരു ചടങ്ങ് മറ്റാരുടെയും സാന്നിധ്യമില്ലാതെ രാജ് ഭവനില്‍ ഒറ്റയ്ക്ക് നടത്തിയതിലൂടെ പഴയ ഇന്ത്യയിലെ ഗവര്‍ണര്‍മാരും പുതിയ ഇന്ത്യയിലെ ഗവര്‍ണര്‍മാരും തമ്മില്‍ വലിയ വ്യത്യാസങ്ങളൊന്നുമില്ല എന്നുകാണാം.

പുതിയ ഇന്ത്യയിലെ ഗവര്‍ണര്‍മാരും 'പഴയ ഭരണത്തിലെ' ഗവര്‍ണര്‍മാരെ പോലെ ഭരണഘടനാതത്വങ്ങളെയും മറ്റു നടപടിക്രമങ്ങളെയും ലംഘിക്കാന്‍ യാതൊരു മടിയും കാണിക്കുന്നില്ല എന്നത് നമ്മുടെ കണ്ണുതുറപ്പിക്കേണ്ട ഒരു കാര്യമാണ്. പുതിയ ഇന്ത്യയിലെ രാഷ്ട്രീയത്തെ പറ്റി വലിയ തിരിച്ചറിവുകള്‍ നല്‍കുന്ന സംഭവവികാസങ്ങളാണ് മുംബൈ നഗരം കണ്ടുകൊണ്ടിരിക്കുന്നത്. ശിവസേന, എന്‍ സി പി, കോണ്‍ഗ്രസ് സഖ്യം വളരെ അസാധാരണമായ ഒന്നാണ് എന്ന് പറയാമെങ്കില്‍, ഇപ്പോള്‍ രൂപീകരിച്ചിരിക്കുന്ന അജിത് പവാര്‍ ബി ജെ പി കൂട്ടുകെട്ട് അടിമുടി ചതിയിലും വഞ്ചനയിലും രൂപപ്പെട്ടതാണ്.

ശിവസേന, എന്‍ സി പി, കോണ്‍ഗ്രസ് കൂട്ടുകെട്ട് ജനങ്ങളുടെ തിരഞ്ഞെടുപ്പിനെ അപമാനിക്കുന്നതായിരുന്നു എന്നാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്നു കേട്ട പ്രധാനവാദങ്ങളിലൊന്ന്. എന്നാല്‍ ജനങ്ങളുടെ തീരുമാനം സംരക്ഷിക്കാനുള്ള അവസാന വഴിയായി കണ്ട് ഇന്ന് രൂപപ്പെട്ടിരിക്കുന്ന രാഷ്ട്രീയ സ്ഥിതിയില്‍ രാജ്യം ആഹ്ലാദിക്കുകയാണോ വേണ്ടത്? പുതിയ ഇന്ത്യയുടെ പ്രവാചകന്മാരും ശുദ്ധരാഷ്ട്രീയത്തിന്റെ ഉന്നത പുരോഹിതരും കഴിഞ്ഞ മഹാരഷ്ട്ര തിരഞ്ഞെടുപ്പില്‍ എന്‍ സി പി ക്കെതിരെ വിഷലിപ്തമായ ആക്രമണമാണ് അഴിച്ചുവിട്ടിരുന്നത്. ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത ഉപമുഖ്യമന്ത്രി അന്വേഷണ ഏജന്‍സികള്‍ 'കെട്ടിച്ചമച്ച' നിരവധി അഴിമതി കേസുകളില്‍ പ്രതിയാണ്. എന്നാല്‍ തങ്ങളുടെ അഴിമതിയാരോപണങ്ങള്‍ക്കു വിധേയനായ അതേ വ്യക്തിയെയാണ് സ്ഥിരതയുള്ള സര്‍ക്കാരിന്റെ ആണിക്കല്ലായി ഇപ്പോള്‍ തിരഞ്ഞെടുത്തിട്ടുള്ളത്. ഇതേ തന്ത്രം സമീപ കാലത്ത് ഹരിയാനയില്‍ വളരെ വിദഗ്ധമായി പയറ്റി തെളിഞ്ഞതാണ്. തിരഞ്ഞെടുപ്പില്‍ ബി ജെ പിയെ മുച്ചൂടും വിമര്‍ശിച്ച നേതാവിനെ, ഫലപ്രഖ്യാപനത്തിനു ശേഷം നടന്ന കുതിരക്കച്ചവടത്തിന്റെ ഭാഗമായി ആനയിച്ചുവരുത്തി ഉപമുഖ്യമന്ത്രി സ്ഥാനം നല്കി ആദരിക്കുകയാണുണ്ടായത്. ആദ്യം അവരൊരു ദുഷ്യന്ത് ചൗട്ടാലയെയും പിന്നീടിപ്പോള്‍ അജിത് പവാറിനെയും പുതിയ ഇന്ത്യയുടെ നിര്‍മാണത്തിനായി കൂടെകൂട്ടിക്കഴിഞ്ഞു. ഇത് അധികാര രാഷ്ട്രീയത്തിന്റെ ഏറെ പഴയതും വളരെ പരിചിതവുമായ ഒരു വ്യാകരണമാണ്. ഈ അധികാരക്കളിയിലാകട്ടെ നമ്മുടെ പുതിയ ഭരണകര്‍ത്താക്കള്‍ കോണ്‍ഗ്രസിന്റെയും യു പി എ യുടെയും മാത്രമല്ല തങ്ങളുടെ തന്നെ മുന്‍ഗാമികളായ വാജ്പേയി-അദ്വാനി സഖ്യത്തിന്റെ 'രാഷ്ട്രീയ മാന്യത' പോലും കാത്തു സൂക്ഷിക്കുന്നില്ല എന്നതില്‍ നാം കൃതാര്‍ത്ഥരായിരിക്കണം. ഞങ്ങള്‍ പരുക്കന്‍ രാഷ്ട്രീയത്തിന്റെ വക്താക്കളാണെന്നാണ് നമ്മുടെ പുതിയ ഭരണകര്‍ത്താക്കള്‍ ഉദ്ഘോഷിച്ചുകൊണ്ടു നടക്കുന്നത്. ഭരണഘടനാ തത്വങ്ങളോ മൂല്യങ്ങളോ അല്ല തങ്ങളുടെ ആദര്‍ശങ്ങളെന്നവര്‍ നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. 'ഒന്നുകില്‍ ഞങ്ങളുടെ വഴിക്ക്, അല്ലെങ്കില്‍ പെരുവഴിക്ക് ' എന്നതാണ് അവരുടെ പ്രവര്‍ത്തന സിദ്ധാന്തം എന്നതില്‍ വിമര്‍ശകര്‍ക്കോ ഭരണപാര്‍ട്ടിയുടെ ഭക്തര്‍ക്കോ വലിയ സംശയമുണ്ടാകാന്‍ വഴിയില്ല. രാഷ്ട്രീയ പ്രചാരണത്തിലൂടെ നിര്‍മ്മിച്ചെടുത്ത കാല്പനിക കഥയിലെ നിയമവാഴ്ച നിലനില്‍ക്കുന്ന ഭരണഘടനാ തത്വങ്ങള്‍ക്കനുസരിച്ചു പ്രവര്‍ത്തിക്കുന്ന പുതിയ ഇന്ത്യക്കാരുടെ 'കുതിക്കാനാഗ്രഹിക്കുന്ന ഇന്ത്യ' അല്ല നമ്മളിപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. ആ ഇന്ത്യയില്‍ നമ്മളിപ്പോള്‍ കാണുന്നത് നാണംകെട്ട അധികാര വടംവലികളാണ്. പുതിയ ഇന്ത്യയെ കുറിച്ചുള്ള വ്യാമോഹങ്ങള്‍ വെടിയാനുപദേശിക്കുന്ന പല 'മഹാ ' കാരണങ്ങളും സംഭവങ്ങളും നമുക്ക് മുന്നില്‍ നടന്നു കൊണ്ടിരിക്കുകയാണ്. എന്നാല്‍ ജനാധിപത്യ ഇന്ത്യയ്ക്ക് ഒരു കാര്യത്തില്‍ ഏറെ സന്തോഷിക്കാന്‍ വകയുണ്ട്, ഒടുവില്‍ മോദി സര്‍ക്കാര്‍ തങ്ങള്‍ കൊണ്ട് നടന്നിരുന്ന കപട ധാര്‍മികതയുടെ പുറംപൂച്ചില്‍ നിന്നും പുറത്തുചാടിയിരിക്കുന്നു. കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പാണ്

വഴി കണക്കില്ലാത്ത പണം ബി ജെ പിയുടെ അക്കൗണ്ടുകളിലേക്കൊഴുകിയതിനെ സംബന്ധിച്ച രേഖകള്‍ പുറത്തുവന്നത്. അന്യായമായ ബലപ്രയോഗത്തിലൂടെ ബി ജെ പി ഏറ്റവും സമ്പന്നമായ രാഷ്ട്രീയപാര്‍ട്ടികളിലൊന്നായി മാറിക്കഴിഞ്ഞിരിക്കുന്നു. എന്നാല്‍ ബലപ്രയോഗവും ധാര്‍മികതയും ഒരുമിച്ചുപോകുന്നവയല്ല.

ബി ജെ പി എന്ന രാഷ്ട്രീയ പാര്‍ട്ടി ഏറെ നാളുകള്‍ക്കു ശേഷം അതിന്റെ ജനാധിപത്യവിരുദ്ധവും വിദ്വേഷം നിറഞ്ഞതുമായ തനിസ്വരൂപം പ്രകടിപ്പിച്ചിരിക്കുന്നതില്‍ ജനാധിപത്യ ഇന്ത്യ സന്തോഷിക്കേണ്ടതുണ്ട്. ഭരണഘടനാതത്വങ്ങളുടെ ഈ ലംഘനം മുംബൈ രാജ്ഭവനപ്പുറത്തേക്ക് ഏറെ ദൂരത്തില്‍ വലിയ ആഘാതം ഏല്പിക്കുവാന്‍ പോന്നതാണ്. നമ്മുടെ ഭരണസംവിധാനത്തിലെ ഓരോ ഘടകവും ഈ നടപടിയില്‍ നിന്നും പ്രചോദനമുള്‍ക്കൊള്ളുന്ന അവസ്ഥയാണ് സംജാതമാകുക.

ഏറ്റവും പ്രധാനമായത് ജുഡിഷ്യറി, പ്രത്യേകിച്ചും ചീഫ് ജസ്റ്റിസായിരുന്ന രഞ്ജന്‍ ഗൊഗോയിയുടെ മടക്കത്തിന് ശേഷം, നിലനില്‍ക്കുന്ന സര്‍ക്കാരിനു സംശയത്തിന്റെ ആനുകൂല്യം പോലും നല്‍കുവാന്‍ സാധ്യതയില്ല. ഇന്ത്യന്‍ ഭരണഘടനയുടെ ഔദ്യോഗിക സംരക്ഷകര്‍ എന്ന നിലയിലുള്ള സുപ്രീം കോടതിയുടെ പ്രവര്‍ത്തനങ്ങളെ ഒന്ന് ശക്തിപ്പെടുത്തുന്നതിനും ഭരണഘടനാതത്വങ്ങളുടെയും മൂല്യങ്ങളുടെയും സംരക്ഷത്തിനും ഈ സംഭവങ്ങള്‍ വഴിവെച്ചേക്കാം.

മുംബൈ രാജ്ഭവനില്‍ നടന്ന സംഭവങ്ങള്‍ ദേശീയ രാഷ്ട്രീയത്തിലെ തന്നെ സന്തുലിതാവസ്ഥയെ അല്പമൊന്നുലച്ചിരിക്കാം. ഇതിലൂടെ ഒരു അസംബന്ധരാഷ്ട്രമായി മാറാതെ നാം നമ്മെ സംരക്ഷിക്കേണ്ടതുണ്ട്. അന്തിമമായി, ജനാധിപത്യ ഇന്ത്യയുടെ കാഴ്ച്പ്പാടില്‍ നിന്നും നോക്കിയാല്‍, ശനിയാഴ്ച നടന്ന രാഷ്ട്രീയ തട്ടിപ്പിലെ ഏറ്റവും വലിയ നഷ്ടം സംഭവിച്ചിരിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തന്നെയാണ്. രാഷ്ട്രീയ പാര്‍ട്ടികളുടെ താല്പര്യങ്ങള്‍ക്കപ്പുറം രാഷ്ട്രത്തിന്റെ താല്പര്യങ്ങള്‍ക്കായിരിക്കും മുന്‍ഗണന എന്ന നരേന്ദ്ര മോദിയുടെ വാഗ്ദാനമാണ് ശനിയാഴ്ചത്തെ സംഭവങ്ങളോടെ തകര്‍ന്നു പോയത്. സ്വന്തം വ്യക്തിപ്രഭാവത്തിന്റെ സഹായത്തോടുകൂടി മോദി ജനങ്ങളുമായൊരു വിശ്വസ്തമായൊരു ബന്ധം സൃഷ്ടിച്ചെടുത്തിട്ടുണ്ട്, ആ വിശ്വാസത്തിനാണ് ശനിയാഴ്ചത്തെ സംഭങ്ങളിലൂടെ തകര്‍ച്ച സംഭവിച്ചിരിക്കുന്നത്. ശിവസേന, എന്‍ സി പി, കോണ്‍ഗ്രസ് സഖ്യം അധികാരമേറ്റെടുക്കുന്നത് നിയമവിരുദ്ധമായി തടയുന്നതിലൂടെ എന്ത് ദുരന്തത്തെയാണ് ബി ജെ പി ഒഴിവാക്കിയത് എതൊരു സാധാരണ പൗരനും സംശയിക്കാനിടയുണ്ട്. അത്തരമൊരു സര്‍ക്കാര്‍ വരുന്നത് തടയുന്നതിനായി ഭരണഘടനാതത്വങ്ങളെ ലംഘിക്കുകയും നിയവിരുദ്ധമായി ഒരു മുഖ്യമന്ത്രിയെ സത്യപ്രതിജ്ഞ ചെയ്യിക്കുകയും ഒക്കെ ചെയ്തത് ഇതേ പ്രധാനമന്ത്രിയുടെ അധികാരത്തിനു കീഴിലാണ്. ഡല്‍ഹിയിലെ ഭരണവര്‍ഗ ഗൂഢസംഘത്തിനു മേല്‍ സംശയത്തിന്റെ കരിനിഴല്‍ വീഴ്ത്തുന്നവയായാണ് ശനിയാഴ്ചത്തെ സംഭവങ്ങള്‍. നിസ്വാര്‍ത്ഥിയായ രാഷ്ട്രത്തിനുവേണ്ടി ആത്മാര്‍പ്പണം ചെയ്യുന്ന നേതാവെന്ന മോദിയുടെ പ്രതിച്ഛായ തകര്‍ന്നു പോയിരിക്കുന്നു. പുതിയ രാജകുമാരന്‍, ധിക്കാരിയായ ആ പഴയ ചക്രവര്‍ത്തിനിയുടെ അതെ സ്വരൂപം തന്നെ കൈകൊണ്ടിരിക്കുന്നു. തീര്‍ത്തും ദുരന്തപൂര്‍ണമെങ്കിലും ഇത് ആഘോഷിക്കാനുള്ള ഒരവസരം കൂടിയാണ്. (Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories