TopTop
Begin typing your search above and press return to search.

വീട്ടിലാണെങ്കിലും തിരക്കുകള്‍ക്ക് കുറവില്ല; പിന്നെ മോള്‍ക്കൊപ്പം കൂടുതല്‍ സമയം, ഉറക്കം, സിനിമ, പുസ്തകം; ഹൈബി ഈഡന്റെ കൊറോണക്കാല ജീവിതം

വീട്ടിലാണെങ്കിലും തിരക്കുകള്‍ക്ക് കുറവില്ല; പിന്നെ മോള്‍ക്കൊപ്പം കൂടുതല്‍ സമയം, ഉറക്കം, സിനിമ, പുസ്തകം; ഹൈബി ഈഡന്റെ കൊറോണക്കാല ജീവിതം

ലോക്ഡൗണ്‍ ഏറ്റവും കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിട്ടുള്ള ഒരു വിഭാഗം രാഷ്ട്രീയക്കാരാണ്. പ്രത്യേകിച്ചും ജനപ്രതിനിധികള്‍. രാവിലെ മുതല്‍ ജനങ്ങളുമായി ഇടപഴകുന്ന അവര്‍ക്ക് ഇപ്പോള്‍ അതിന് സാധിക്കാതെ വരുന്നു. അതേസമയം, വിവിധ പ്രശ്‌നങ്ങളില്‍ ജനപ്രതിനിധികളുടെ ഇടപെടല്‍ അനിവാര്യവുമാണ് താനും. ഒരേ സമയം കുടംബത്തില്‍ ജീവിക്കാന്‍ കിട്ടിയ അവസരവും, അതേസമയം കൊവിഡ് 19-നെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നതെങ്ങനെ എന്ന് വിശദീകരിക്കുകയാണ് ഈ പരമ്പരയില്‍ എറണാകുളം എംപി ഹൈബി ഈഡന്‍.

കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനം തുടങ്ങുന്നതിന് തൊട്ടു മുമ്പാണ് ഇന്ത്യയില്‍ പലയിടങ്ങളിലും കേരളത്തിലും കൊറോണ റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങുന്നത്. എല്ലാ ആഴ്ചകളിലും ഇന്റര്‍നാഷണല്‍ ടെര്‍മിനലുകള്‍ വഴിയാണ് ഞങ്ങള്‍ പോവുകയും വരികയും ചെയ്തിരുന്നത്. അന്ന് മുതല്‍ തന്നെ വിമാനത്താവളങ്ങളില്‍ ആശങ്കകളുണ്ടായിരുന്നെങ്കിലും പലരും സുരക്ഷാ മുന്നൊരുക്കങ്ങളെ തമാശയായാണ് കണ്ടത്. എന്നാല്‍ മനോഭാവത്തിലെ വ്യതിയാനം നമ്മള്‍ കാണുന്നുണ്ട്. ആദ്യമൊക്കെ നമ്മള്‍ മാസ്‌ക് വച്ച് പോകുമ്പോള്‍ ആളുകള്‍ ചിരിക്കുമായിരുന്നെങ്കില്‍ ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും സാഹചര്യം മാറി. ഒരു എംപിക്ക് കൊറോണ പിടിപെട്ടുവെന്നും അദ്ദേഹം പാര്‍ലമെന്റിലെത്തുകയും മറ്റ് എംപിമാക്കൊപ്പം ഡിന്നര്‍ കഴിച്ചുവെന്നും വാര്‍ത്ത വന്നപ്പോഴും ഒരു ആശങ്കയുണ്ടായിരുന്നു.

സ്വാഭാവികമായും കര്‍ഫ്യൂ പ്രഖ്യാപിച്ചപ്പോള്‍ നമ്മള്‍ ഇറ്റലിയിലെ സുഹൃത്തുക്കളുമായെല്ലാം സംസാരിക്കുകയും ഇതിന്റെ ഗൗരവവും വ്യാപനത്തിനുള്ള സാധ്യതകളും മനസിലാക്കുകയുമായിരുന്നു. നമ്മളും സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കുകയും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ വിഷയത്തെ കൂടുതല്‍ ഗൗരവത്തോടെ കാണാന്‍ തുടങ്ങുകയും ചെയ്തപ്പോള്‍ ജനങ്ങള്‍ക്കും ഇതിന്റെയൊരു സാമൂഹിക വേവലാതി മനസിലായി. പക്ഷെ നമ്മളെ സംബന്ധിച്ച്, കുറച്ച് മണിക്കൂറുകളില്‍ കൂടുതല്‍ വീടുകളില്‍ അടങ്ങിയൊതുങ്ങിയിരുന്ന് ശീലമുള്ള ആളുകളല്ല. എന്നെ സംബന്ധിച്ച് രാവിലെ ആറരയ്ക്ക് ആളുകളെ കാണാന്‍ തുടങ്ങിയാല്‍ പിന്നെ ഓഫീസിലും മറ്റ് പൊതുഇടങ്ങളിലുമെല്ലാം ആളുകളെ കണ്ട്, വീട്ടില്‍ വളരെ വൈകി മാത്രം എത്തുന്ന ആളാണ്. ദിവസത്തിന്റെ ഭൂരിഭാഗം സമയവും പരിപാടികളും യാത്രകളുമായി നടക്കുകയാണ്. അപ്പോള്‍ നമ്മളെ സംബന്ധിച്ചിടത്തോളം 21 ദിവസത്തെ ലോക്ക്ഡൗണ്‍ എന്നത് ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. പക്ഷേ ജോലിയില്‍ യാതൊരു കുറവുമില്ല. വെള്ളപ്പൊക്കത്തിന്റെ കാലത്ത് ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങണമായിരുന്നു. അവരുടെ ആവശ്യങ്ങളും ബുദ്ധിമുട്ടുകളും മനസിലാക്കാനും ആശ്വാസമേകാനും അത് അത്യാവശ്യമായിരുന്നു. എന്നാലിപ്പോള്‍ സാമൂഹിക അകലം പാലിക്കേണ്ടതുണ്ട്.കഴിഞ്ഞ മാസം 23-നാണ് പാര്‍ലമെന്റ് സമ്മേളനം അവസാനിച്ചത്. അതിന് ഒരു രണ്ടാഴ്ച മുമ്പ് തന്നെ ഞാന്‍ സുരക്ഷാ സജ്ജീകരണങ്ങള്‍ സ്വീകരിച്ചു തുടങ്ങിയിരുന്നു. അതായത് മാസ്‌കും സാനിറ്റൈസറും കൊണ്ടാണ് പാര്‍ലമെന്റില്‍ പോയിരുന്നത്. അപ്പോഴും അധികമാള്‍ക്കാരും ഇതിനെക്കുറിച്ച് ബോധവാന്മാരായിരുന്നില്ല. 22-ന് തന്നെ എന്റെ പി.എയുമായി സംസാരിച്ച് സുരക്ഷാ സജ്ജീകരണങ്ങള്‍ക്കായി എംപി ഫണ്ട് വിനിയോഗിക്കാന്‍ അനുമതി തേടി കത്ത് തയ്യാറാക്കിയിരുന്നു. അന്ന് രാത്രി തന്നെ ഇന്‍ഡിഗോ ഫ്ലൈറ്റിന് ഡല്‍ഹിയിലേക്ക് തിരിച്ചെങ്കിലും പിറ്റേന്നത്തെ സെക്ഷനില്‍ ഞാന്‍ പങ്കെടുത്തില്ല. അന്ന് വൈകുന്നേരം തന്നെ സര്‍ക്കാരില്‍ നിന്നും ഫണ്ട് വിനിയോഗത്തിന് അനുവാദം കിട്ടി. വെന്റിലേറ്റര്‍ ഉള്‍പ്പെടെയുള്ള സാമഗ്രികള്‍ കിട്ടാന്‍ പാടായിരുന്നെങ്കിലും ഇവിടുന്ന് തന്നെ അത് കണ്ടെത്തി. അതായത്, നമ്മള്‍ വീട്ടിലിരിക്കുമ്പോഴും കേരള മെഡിക്കല്‍ സര്‍വീസിന്റേതുള്‍പ്പെടെയുള്ള സേവനങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കാനുള്ള ശ്രമത്തിലായിരുന്നു എന്നാണ് പറഞ്ഞത്. മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട് എന്‍ഒസി തയ്യാറാക്കിയെടുക്കാനും അവരെക്കൊണ്ട് കളക്ടര്‍ക്ക് പ്രത്യേകം കത്ത് അയപ്പിച്ചുമെല്ലാം നിരന്തരമായി ഇതില്‍ ഇടപെട്ടുകൊണ്ടിരിക്കുകയാണ്.താലൂക്ക് ആശുപത്രികളിലെല്ലാം നമ്മുടെ ഫണ്ട് ഉപയോഗിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സുരക്ഷാ കിറ്റുകളും മാസ്‌കുകളുമെല്ലാം ഒരുക്കി കൊടുക്കാനും സാധിച്ചു. എല്ലാ താലൂക്ക് ആശുപത്രികള്‍ക്കും രണ്ട് ലക്ഷം രൂപ വീതം കൊടുത്തു. ഒരു ആഴ്ചയ്ക്കകം വെന്റിലേറ്ററുകളും മറ്റ് സാധന സാമഗ്രികളും ഘടിപ്പിച്ചു. അതുകൂടാതെ എല്ലാ ജനറല്‍ ആശുപത്രികളിലും മറ്റ് ആശുപത്രികളിലും സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ച് ആവശ്യമുള്ള സാധനങ്ങള്‍ നല്‍കി. എല്ലാ കമ്മ്യൂണിറ്റി കിച്ചണുകളിലും ആറായിരം കിലോ അരിയും അഞ്ഞൂറ് കിലോ പയറും എത്തിച്ചിട്ടുണ്ട്. പോലീസുകാര്‍ക്ക് വേണ്ട 2500 മാസ്‌കുകളും ഗ്ലൗസുകളും സാനിറ്റൈസറും വിതരണം ചെയ്തു. വീട്ടിലാണെങ്കിലും തിരക്കുകളില്‍ തന്നെയാണ്.കോവിഡിന്റെ മറ്റൊരു വശം മോളോടും കുടുംബത്തോടുമൊപ്പം സമയം ചെലവഴിക്കാന്‍ സാധിക്കുമെന്നതാണ്. ഒരിക്കലും നമ്മളെ കിട്ടുന്നില്ലെന്നായിരുന്നു മോളുടെ പരാതി. അത് മാറിക്കിട്ടി. വീടിന് പുറത്ത് ചെറിയ വ്യായാമങ്ങള്‍ ചെയ്യാനും പുസ്തകം വായിക്കാനും നെറ്റ് ഫ്‌ലിക്‌സില്‍ സിനികള്‍ കാണാനും സാധിക്കുന്നുണ്ട്. ഇപ്പോള്‍ രാവിലെ ആളുകളെ കാണേണ്ടതില്ലാത്തതിനാല്‍ കൂടുതല്‍ ഉറങ്ങാനും പറ്റുന്നുണ്ട്. അതുകൊണ്ട് തന്നെ രാത്രി കൂടുതല്‍ സമയം ഉറങ്ങാതിരിക്കുന്നു. മോളുമായി കളിച്ചും സിനിമ കണ്ടും പുസ്തകം വായിച്ചും ആ സമയം ചെലവഴിക്കുന്നു. ഫാമിലി ടൈം നന്നായി ലഭിക്കുന്നുണ്ട്. എല്ലാവര്‍ക്കും അത് ലഭിക്കുന്നുണ്ടെന്നാണ് ഞാന്‍ മനസിലാക്കുന്നത്.ലഭ്യമായ എല്ലാ പുസ്തകങ്ങളും വായിക്കുന്നുണ്ട്. ഗൗതമ ബുദ്ധന്റെ ഒരു പുസ്തകമാണ് ഇപ്പോള്‍ വായിക്കുന്നത്. പൊതുവിദ്യാഭ്യാസ രംഗത്ത് മുന്നില്‍ നില്‍ക്കുന്ന ഒരു സംസ്ഥാനമെന്ന നിലയില്‍ കേരളത്തിലെ ജനങ്ങള്‍ക്ക് രോഗാണു ബാധയെക്കുറിച്ചെല്ലാം വ്യക്തമായ ധാരണയുണ്ട്. തൊഴിലാളികളുടെ അവകാശങ്ങളെക്കുറിച്ചെല്ലാം നമുക്ക് വ്യക്തമായ ധാരണകളുണ്ട്. അതുപോലെ കേരളത്തില്‍ തൊഴിലെടുക്കാന്‍ വരുന്നവരെ സംരക്ഷിക്കുകയെന്നത് കുറെ വര്‍ഷങ്ങളായുള്ള സംസ്‌കാരമാണ്. ആ സംസ്‌കാരം പല പതിറ്റാണ്ടുകളായി നാം ആര്‍ജ്ജിച്ചെടുത്തതാണ്. സാമൂഹിക സമത്വം നിലനിര്‍ത്തണമെന്ന് ആഗ്രഹിക്കുന്ന സമൂഹമാണ് കേരളത്തിലേത്.ലോകത്തിന്റെ മുഴുവന്‍ സാമ്പത്തിക ഘടനയും നിയന്ത്രിക്കുന്ന രാജ്യങ്ങളും കരുത്തരായ ഭരണാധികാരികളും പോലും ഈ രോഗാണുവിന് മുന്നില്‍ മുട്ടുകുത്തിയിരിക്കുകയാണ്. അതിനാല്‍ തന്നെ വളരെ ശ്രദ്ധാപൂര്‍വം വേണം ഈ വിഷയത്തെ കൈകാര്യം ചെയ്യാന്‍. ചിലപ്പോള്‍ ലോക്ഡൗണ്‍ പെട്ടെന്ന് അവസാനിപ്പിക്കാന്‍ കഴിഞ്ഞില്ലെന്നു വരും. പക്ഷെ രോഗാണുവിന്റെ സമൂഹ വ്യാപനം തടയുക എന്നതാണ് ആത്യന്തികമായ ലക്ഷ്യം. ഇറ്റലിയില്‍ തന്നെ ചെറുപ്പക്കാരും ഭരണാധികാരികള്‍ പോലും വിലക്കുകള്‍ ലംഘിച്ച് പുറത്തിറങ്ങിയതാണ് രോഗം പടരാന്‍ കാരണമായത്. അതിനാല്‍ ക്ഷമയോടെ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കുകയാണ് നാമെല്ലാം ചെയേണ്ടത്.തയ്യാറാക്കിയത്: അരുണ്‍ ടി വിജയന്‍


Next Story

Related Stories