TopTop
Begin typing your search above and press return to search.

ഗര്‍ഭിണിയുടെ വയർ പിളർന്ന് ശിശുവിനെ ശൂലത്തിൽ കോർത്തവര്‍ക്ക് ഒരു ദളിത് സ്ത്രീയുടെ മുഖത്തേക്ക് മുളകുപൊടി സ്‌പ്രേ ചെയ്തത് നിസാര കാര്യം മാത്രം

ഗര്‍ഭിണിയുടെ വയർ പിളർന്ന് ശിശുവിനെ ശൂലത്തിൽ കോർത്തവര്‍ക്ക് ഒരു ദളിത് സ്ത്രീയുടെ മുഖത്തേക്ക് മുളകുപൊടി സ്‌പ്രേ ചെയ്തത് നിസാര കാര്യം മാത്രം

ഭരണഘടനാ ദിനത്തിൽ തന്നെ ഒരു വനിതയെ ഒരു പുരുഷൻ മുളക് സ്പ്രേയുമായി ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ ചാനലുകൾ പുറത്തു വിടുകയുണ്ടായി. സംഭവം നടന്നത് ദൈവത്തിന്റെ സ്വന്തം നാടെന്നൊക്കെ കൊട്ടിഘോഷിക്കപ്പെടുന്ന കേരളത്തിൽ തന്നെയായിരുന്നു. അതും കൊച്ചിയിലെ പോലീസ് കമ്മീഷണർ ഓഫിസിന്റെ വളപ്പിനകത്തു വെച്ച്. ഒരു സ്ത്രീക്ക് നേരെ (അവർ ആരും ആവട്ടെ) തങ്ങളുടെ കൺവെട്ടത്തു വെച്ച് ഇത്തരത്തിൽ ഒരു ഭീകര ആക്രമണം നടന്നപ്പോൾ നമ്മുടെ കാക്കി വേഷ ധാരികള്‍ കയ്യും കെട്ടി നോക്കി നിന്നുവെന്ന ആക്ഷേപം ശക്തമാണ്. അല്ലെങ്കിലും കാവിക്കെതിരെ കാക്കി അടുത്തിടെയായി കവാത്തു മറക്കുന്നതായാണ് കാണുന്നത്. അക്രമിയെ തടയാൻ പോയിട്ട് കസ്റ്റഡിയിൽ എടുക്കുന്ന കാര്യത്തിൽ പോലും കാക്കി ഏമാന്മാർ അമാന്തം കാണിച്ചുവെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ശബരിമലയിൽ യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള

സുപ്രീം കോടതി ഭരണഘടന ബെഞ്ചിന്റെ വിധിഅട്ടിമറിക്കാൻ

കഴിഞ്ഞ മണ്ഡല കാലത്തു അയ്യപ്പ ഭക്തർ എന്ന ലേബലിൽ രംഗത്ത് വന്ന സംഘ പരിവാർ സേനയുടെ കണ്ണുവെട്ടിച്ചു അയ്യപ്പ ദർശനം നടത്തിയ രണ്ടു യുവതികളിൽ ഒരാളായ ബിന്ദു അമ്മിണിയാണ് ഇന്നലെ പോലീസ് കമ്മീഷണർ ഓഫിസ് കോമ്പൗണ്ടിനുള്ളിൽ വെച്ച് ആക്രമണത്തിന് ഇരയായത്. അവർക്കൊപ്പം കഴിഞ്ഞ വര്‍ഷം ദർശനം നടത്തിയ കനക ദുർഗ എന്ന യുവതി സംഘ പരിവാറിനെ ഭയന്ന് സ്വന്തം കുടുംബം പോലും ഏർപ്പെടുത്തിയ ഭ്രഷ്ടിലാണ്. സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്നും ഉയർന്ന ശക്തമായ പ്രതിക്ഷേധത്തെ തുടർന്ന് ബിന്ദു അമ്മിണിയെ ആക്രമിച്ച പുരുഷ കേസരിയെ പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കണ്ണൂർ ശ്രീകണ്ഠപുരം സ്വദേശിയായ ഇയാൾ ഹിന്ദു ഹെൽപ് ലൈൻ പ്രവർത്തകൻ ആണെന്ന് പോലീസ് പറയുന്നു. ഇത്രയെങ്കിലും മൊഴിഞ്ഞതിനു കാക്കിക്കു നന്ദി പറയേണ്ടതുണ്ട്. അല്ലായിരുന്നെങ്കിൽ ഇയാൾ കേവലം ഒരു അയ്യപ്പ ഭക്തൻ എന്ന മൂടുപടത്തിനുള്ളിൽ സുരക്ഷിതനായി കഴിയുകയും കൊണ്ടാടപ്പെടുകയും ചെയ്യുമായിരുന്നു. ബിന്ദു അമ്മിണി മാത്രമായിരുന്നില്ല ശബരിമലയിലേക്കുള്ള യാത്രക്ക് പോലീസ് സംരക്ഷണം തേടി ഇന്നലെ കൊച്ചിയിലെ പോലീസ് കമ്മീഷണറേറ്റിൽ എത്തിച്ചേർന്നത്. പൂനെയിൽ നിന്നും ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയും സംഘവും ഇതേ ഓഫിസിൽ എത്തിയതും ഇന്നലെ തന്നെ ആയിരുന്നു. എന്നാൽ തൃപ്തി ദേശായിയെയും സംഘത്തെയും നാമജപം നടത്തി പിന്തിരിപ്പിക്കാൻ ശ്രമിച്ചപ്പോൾ ദളിത് സമുദായ അംഗമായ ബിന്ദു അമ്മിണിയെ മുളക് പൊടി വെള്ളം കൊണ്ട് ആക്രമിക്കുക വഴി സംഘ പരിവാർ ഒരിക്കൽ കൂടി തങ്ങളുടെ ദളിത് വിരുദ്ധ മുഖം പ്രകടമാക്കിയിരിക്കുന്നു എന്നു തന്നെ വേണം കരുതാൻ. നമ്മുടെ രാഷ്ട്രീയ നേതാക്കൾ അവരുടെ രാഷ്ട്രീയത്തിന് ഇണങ്ങുന്ന വിധത്തിലുള്ള ഗൂഢാലോചന തിയറി നിരത്തുന്നതിൽ വ്യാപൃതരായപ്പോൾ അഭിഭാഷക ആശാ ഉണ്ണിത്താൻ ഇന്നലെ ഒരു ചാനെൽ ചർച്ചയിൽ ചൂണ്ടിക്കാട്ടിയതും ഇക്കാര്യം തന്നെ ആയിരുന്നു. ബിന്ദു അമ്മിണിയെ ആക്രമിച്ച ആൾക്കെതിരെ എസ് സി / എസ് ടി അട്രോസിറ്റി ആക്ട് പ്രകാരം കേസെടുക്കണം എന്ന ശക്തമായ ആവശ്യവും അവർ ഉന്നയിക്കുകയുണ്ടായി. കോൺഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തലക്കും മുല്ലപ്പള്ളിക്കുമൊക്കെ ഇന്നലത്തെ ആക്രമണം സി പി എം-സംഘ പരിവാർ ഗൂഢാലോചനയുടെ ഭാഗം മാത്രമാണ്. കെ സുരേന്ദ്രനെപ്പോലുള്ള ബി ജെ പി നേതാക്കളാവട്ടെ ആരോപിക്കുന്നത് സി പി എമ്മും ആക്ടിവിസ്റ്റുകളും തമ്മിലുള്ള ഗൂഡാലോചനയാണ്. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെപ്പോലുള്ളവർ തൃപ്തി ദേശായിയും സംഘപരിവാറും ചേർന്ന് നടത്തിയ ഗൂഢാലോചന എന്ന വാദവും ഉയർത്തുന്നു. തന്താങ്ങളുടെ രാഷ്ട്രീയത്തിന് ഉതകുന്ന തരത്തിലുള്ള ആരോപണ പ്രത്യാരോപണങ്ങൾ ഉന്നയിക്കുമ്പോഴും ഇവരിൽ പലരും പോലീസ് കമ്മീഷണർ ഓഫിസ്സ് കോമ്പൗണ്ടിനുള്ളിൽ വെച്ച് പകൽ വെളിച്ചത്തിൽ ഒരു സ്ത്രീക്ക് നേരെയുണ്ടായ അത്യന്തം ഹീനവും നിഷ്ഠൂരവുമായ ആക്രമണത്തെ ശക്തമായൊന്നു അപലപിക്കാൻ പോലും തയ്യാറായില്ല എന്നത് അവരുടെ യഥാർത്ഥ മുഖം വെളിപ്പെടുത്തുന്നു.

സുഹൃത്തും എഴുത്തുകാരനുമായ പി ജെ ബേബി 'സംവാദം' എന്ന ഫേസ്ബുക്ക് കൂട്ടായ്മയിൽ ഇന്നലെ പോസ്റ്റ് ചെയ്ത കുറിപ്പിൽ നിന്നും ചില വരികൾ ഇവിടെ ചേർക്കുന്നു. "സ്ത്രീ പൂജിക്കപ്പെടുന്നതെവിടെയോ അവിടെ .... " എന്നൊരു സംസ്കൃത ശ്ലോകം കുടുംബങ്ങളിലെ സാധാരണ സ്ത്രീകളെ കബളിപ്പിക്കാൻ സംഘപരിവാറുകാർ എക്കാലവും ഉദ്ധരിച്ചു നടന്നിരുന്നു. ബ്രാഹ്മണാധിപത്യത്തിനു കീഴിൽ കട്ടപിടിച്ച പുരുഷ മേധാവിത്വത്തിന്റെ ആശയമാണവർക്കുള്ളത്. തങ്ങൾക്കു പൂജിക്കാൻ പാകത്തിൽ ഒരുങ്ങി നിൽക്കാത്ത സ്ത്രീകളെയും മുസ്ലിം -ദളിത് സ്ത്രീകളെയും വയർ പിളർന്ന് ഗർഭസ്ഥ ശിശുവിനെ ശൂലത്തിൽ കോർത്ത ചരിത്രമൊക്കെയുള്ളപ്പോൾ ബിന്ദു അമ്മിണിയെന്ന ദളിത് പോരാളിയുടെ മൂക്കിലേക്കും കണ്ണിലേക്കും മുളകുപൊടി സ്‌പ്രേ ചെയ്തതൊക്കെ ഒരു നിസ്സാര കാര്യം മാത്രം !


കെ എ ആന്റണി

കെ എ ആന്റണി

മാധ്യമ പ്രവര്‍ത്തകന്‍

Next Story

Related Stories