TopTop
Begin typing your search above and press return to search.

നാവറുക്കുക, പൃഷ്ഠം ഛേദിക്കുക, ചെവിയില തിളച്ച എണ്ണ ഒഴിക്കുക; പഴയ കേരളത്തിലെ വിചിത്ര ശിക്ഷാവിധികള്‍-മലയാളിത്തത്തിന്റെ സഞ്ചാരവഴികള്‍-11

നാവറുക്കുക, പൃഷ്ഠം ഛേദിക്കുക, ചെവിയില തിളച്ച എണ്ണ ഒഴിക്കുക; പഴയ കേരളത്തിലെ വിചിത്ര ശിക്ഷാവിധികള്‍-മലയാളിത്തത്തിന്റെ സഞ്ചാരവഴികള്‍-11

നിലവിലുള്ള വ്യവസ്ഥിതിയ്ക്കും അതിന്റെ ധര്‍മ്മശാസനങ്ങള്‍ക്കും നിതിന്യായ സംവിധാനങ്ങള്‍ക്കും സ്വീകാര്യമല്ലാത്ത പ്രവൃത്തികള്‍ നടത്തുന്നവരേയും വഴങ്ങാത്തവരേയും ഒത്തുപോകാത്തവരേയും അവയ്ക്കു കീഴില്‍ കൊണ്ടുവരുന്നതിനായി ഏര്‍പ്പെടുത്തപ്പെടുന്നവയാണ് ശിക്ഷാവിധികള്‍ എന്നു പൊതുവില്‍ പറയാം. ഓരോ ആധിപത്യക്രമത്തിനും സവിശേഷമായ ശിക്ഷാവിധികള്‍ കാണാം. എന്നാല്‍ ഇതില്‍ നിന്നും ഭിന്നമായി, ആധുനിക ജനാധിപത്യ വ്യവസ്ഥ നിലനില്‍ക്കുന്ന സമൂഹങ്ങളിലൊക്കെ ആദാനപ്രദാനങ്ങളിലൂടെ സമാനസ്വഭാവങ്ങളുള്ള ശിക്ഷരീതികളും നിതിനടത്തിപ്പ് സമ്പ്രദായങ്ങളും പലപ്പോഴും കണ്ടുവരുന്നു. വധശിക്ഷ പോലുള്ള കഠിനമായ ശിക്ഷാവിധികള്‍ക്കെതിരെ ലോകത്താകമാനം വലിയ ചര്‍ച്ചകളും സംവാദങ്ങളുമൊക്കെ സജീവമാകുന്നത് തന്നെ ശിക്ഷകളോടുള്ള പരിഷ്‌കൃത സമൂഹങ്ങളുടെ നിരന്തര പരിണാമിയായ സമീപന പരിസരം വ്യക്തമാക്കുന്നു. 1888ലാണ് തിരുവിതാകൂറില്‍ നിയമ നിര്‍മാണ കൗണ്‍സില്‍ നിലവില്‍ വരുന്നത്. രാജാധിപത്യ/ഫ്യൂഡല്‍ കാലഘട്ടങ്ങളില്‍ തന്നെ ജനകീയമായ നിയമനിര്‍മാണം നടത്തുന്നതിനുള്ള നടപടികള്‍ ഒക്കെ തിരുവിതാംകൂര്‍ പോലുള്ള നാട്ടുരാജ്യങ്ങളില്‍ ഉണ്ടായതായി കാണാം. ശിക്ഷ എന്നത് നിലവിലുള്ള സമ്പ്രദായത്തിനും ക്രമത്തിനും പാരമ്പര്യങ്ങള്‍ക്കും കീഴ് വഴക്കങ്ങള്‍ക്കും വശംവദരാകാത്തവരേയും നിലനില്‍ക്കുന്ന സാമൂഹിക സംവിധാനത്തിന് സ്വീകാര്യമാകാത്ത കാര്യങ്ങള്‍ ചെയ്യുന്നവരേയും വരുതിയില്‍ കൊണ്ടുവരുന്നതിനും കീഴ്‌പ്പെടുത്തുന്നതിനും അനുസരണമുള്ളവരാക്കുന്നതിനും വേണ്ടി സ്വീകരിക്കുന്ന സമ്പ്രദായങ്ങളാണ്. അത് ശാരീരികമായ ശിക്ഷകളാവാം, സാമൂഹികമായ അകറ്റിനിര്‍ത്തലുകളാവാം, തള്ളിക്കളയലുകളാവാം, മാനസികമായ സമ്മര്‍ദ്ദങ്ങള്‍ക്കു വിധേയരാക്കലാവാം, അതുമല്ലെങ്കില്‍ ആത്യന്തികമായ ശിരഛേദനമോ കല്ലെറിഞ്ഞുകൊല്ലലോ ഒക്കെയാകാം. ഏത് വേണമെന്ന് തീരുമാനിക്കുന്നത് ഓരോ നാട്ടിലും നിലനില്‍ക്കുന്ന സാമൂഹിക ക്രമങ്ങളും ആധിപത്യ മൂല്യങ്ങളും ആകുന്നു. രാജാധിപത്യം നല്‍കുന്ന ശിക്ഷകള്‍, സാമുദായിക നേതൃത്വം നല്‍കുന്ന ശിക്ഷകള്‍, പലപ്പോഴും ഇവയെല്ലാം ചേര്‍ന്ന് നടപ്പിലാക്കുന്ന ശിക്ഷാവിധികള്‍ ഒക്കെ കേരളത്തിലെ പഴയകാല ഫ്യൂഡല്‍ സമൂഹങ്ങളില്‍ നിലനിന്നു. എല്ലാം ചാതുര്‍വര്‍ണ്യത്തിലധിഷ്ടതമായ സാമൂഹിക വ്യവസ്ഥയുടെ മാനകങ്ങളിലൂടെയായിരുന്നു നോക്കിക്കണ്ടതും വിലയിരുത്തപ്പെട്ടിരുന്നതും. അക്കാലത്തെ സാമൂഹിക വ്യവസ്ഥ വസ്തുനിഷ്ടമായി വിലയിരുത്തിയാല്‍ ഇക്കാര്യത്തില്‍ എന്തെങ്കിലും അസ്വാഭാവികത കണ്ടെത്താനാവില്ല. പെരുമാക്കന്മാരുടെ കാലം മുതല്‍ തന്നെ ഇന്നാട്ടില്‍ വ്യവഹാര കാര്യങ്ങളിലെ നിവര്‍ത്തിക്കായി 'അങ്കം' എന്നും 'ചുങ്കം' എന്നും അറിയപ്പെട്ടിരുന്ന രണ്ടു വ്യവസ്ഥകള്‍ ഉണ്ടായിരുന്നു. രാജാധികാരത്തിന്റെ ഭാഗമായിരുന്നു ഇവ രണ്ടും. പോലീസ് കാര്യാദികളെ സംബന്ധിച്ചിവയ്ക്ക് അങ്കം എന്നും റവന്യു കാര്യാദികളെ സംബന്ധിച്ചവയ്ക്കു ചുങ്കം എന്നും പറയുന്നു. ന്യായവിധികളുടെ നടത്തിപ്പിനായി സ്മൃതികളെ അടിസ്ഥാനപ്പെടുത്തി സംസ്‌കൃതത്തില്‍ വിവാദരത്‌നാകരം, വ്യവഹാരമാല തുടങ്ങിയ ഗ്രന്ഥങ്ങള്‍ നമ്പൂതിരിമാര്‍ ഉണ്ടാക്കി. എന്നാല്‍ നമ്പൂതിരിമാരുടെ അധികാരം ക്ഷയിച്ചും രാജാക്കന്മാര്‍, ഇടപ്രഭുക്കന്മാര്‍, നാടുവാഴികള്‍, ദേശവാഴികള്‍ മുതലായവരുടെ ശക്തി വര്‍ധിച്ചും വന്നപ്പോള്‍ രാജ്യകാര്യങ്ങളുടെ നടത്തിപ്പ് ശൂദ്രരരിലേക്ക് എത്തി. ശൂദ്രരര്‍ക്ക് സംസ്‌കൃതത്തില്‍ വേണ്ടത്ര പിടിപാടില്ലാത്തതിനാല്‍ മേല്‍പ്പറഞ്ഞ പുസ്തകങ്ങളുടെ ഭാഷാന്തരം നടത്തിയായിരുന്നു ന്യായനടത്തിപ്പ്. രാജാവ് ജാതി ധര്‍മ്മം, കുലധര്‍മ്മം, ദേശധര്‍മ്മം, വ്യാപാരധര്‍മ്മം ഇവ നിശ്ചയിച്ചുവേണം ഓരോ വ്യവഹാരത്തിലും തീര്‍പ്പുണ്ടാക്കേണ്ടിയിരുന്നത്. കേരളം വാണിരുന്ന ഹിന്ദുരാജാക്കന്മാര്‍ ശിക്ഷാവിധികള്‍ക്ക് ആധികാരിക ഗ്രന്ഥങ്ങളായി കരുതിയിരുന്നത് മനുവിന്റേയും യാജ്ഞവല്‍ക്യന്റേയും പരാശരന്റേയും ഒക്കെ സ്മൃതി ഗ്രന്ഥങ്ങളായിരുന്നു. കൊടുക്കല്‍ വാങ്ങല്‍ മുതല്‍ 18 ഓളം കാരണങ്ങളാണ് സ്മൃതികാരന്മാര്‍ വ്യവഹാരനിമിത്തങ്ങളായി കരുതിയിരുന്നത്. ആധുനിക പൗര സമൂഹത്തില്‍ കേട്ടുകേള്‍വിയില്ലാത്ത തരത്തിലുള്ള ശിക്ഷാ നടത്തിപ്പുകളായിരുന്നു പഴയ കാലത്ത് ഇത്തരം കുറ്റങ്ങളുടെ മേല്‍ നിലനിന്നിരുന്നത്. കേരളത്തില്‍ മാത്രമല്ല, എല്ലാ പഴയകാല സമൂഹങ്ങളിലും അങ്ങനെ തന്നെ. മനുസ്മൃതി അടക്കമുള്ള സ്മൃതി ഗ്രന്ഥങ്ങളിലെ പലഭാഗങ്ങളും ക്രോഡീകരിച്ച് പരിഷ്‌ക്കരിച്ച് തയാറാക്കിയ 'വ്യവഹാരമാല' എന്ന പുസ്തകമായിരുന്നു ദീര്‍ഘകാലം തിരുവിതാംകൂറിലേയും കൊച്ചിയിലേയും ഒക്കെ നിയമപുസ്തകം. പിന്നീട് നാട്ടില്‍ നടപ്പിലിരുന്ന ആചാരങ്ങളേയും ധര്‍മ്മശാസ്ത്രങ്ങളേയും ബ്രിട്ടീഷ് കൊളോണിയല്‍ നിയമങ്ങളേയും സമാഹരിച്ചുകൊണ്ടുള്ള ചട്ടവരിയോല പരിഷ്‌ക്കരണങ്ങളും നാട്ടുരാജ്യങ്ങളില്‍ സംഭവിച്ചു. പഴയകാല സമൂഹത്തില്‍ വാഴ്ചയെ സൂചിപ്പിക്കുന്നതാകുന്ന, രാജാധിപത്യത്തിന്റെ അടയാളമാകുന്നു വാള്‍. വാഴ്ചയ്ക്കു വിഘാതമാകുന്നതിനെയൊക്കെ അത് ഛേദിച്ചു കളയുന്നു. വാഴ്ച നിലനിര്‍ത്തുന്നതും ഭൂ വിഭാഗങ്ങളെ പിടിച്ചെടുക്കുന്നതിനും ഒക്കെ വാള്‍ ഉപാധിയാകുന്നു. അതുപോലെ തന്നെ ദണ്ഡനത്തിനും ശിക്ഷയ്ക്കും ഉപാധിയാകുന്നതും വാള്‍ തന്നെ. എല്ലാവര്‍ക്കും സമമായ നിയമം ഉണ്ടായിരുന്നില്ല നീതിന്യായ നടത്തിപ്പിന്റെ സകല കര്‍തൃത്വവും രാജാക്കന്മാര്‍ക്കായിരുന്നു. 'കാര്യക്കാര്‍' എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഉദ്യോഗസ്ഥരും ബ്രാഹ്മണരും നിതിന്യായ പാലനത്തില്‍ രാജാക്കന്മാരെ സഹായിച്ചു. ജാതി സംബന്ധമായ കുറ്റങ്ങളുടെ തീര്‍പ്പ് ബന്ധപ്പെട്ട ജാതിയോഗക്കാര്‍ക്കു കൊടുക്കും. സിവില്‍ അന്യായങ്ങള്‍ ജാതി യോഗക്കാര്‍ക്കോ മൂന്നോ നാലോ ആളുകളുടെ മധ്യസ്ഥതയ്‌ക്കോ വിടും. പിഴ, ദണ്ഡനം, അടിമകളാക്കി വില്‍ക്കല്‍, വധശിക്ഷ തുടങ്ങി പലതരത്തിലുള്ള ശിക്ഷ സമ്പ്രദായങ്ങള്‍ രാജവാഴ്ചക്കാലത്ത് നിലനിന്നിരുന്നു. ദൈവികമായ മുതലിന്റെ അപഹരണം, കുത്തിക്കൊല, ബ്രാഹ്മണനേയോ പശുവിനേയോ ഹനിക്കുകയോ മുറിവേല്‍പ്പിയ്ക്കുകയോ ചെയ്യുക തുടങ്ങിയവയ്ക്കു വധശിക്ഷ തന്നെ ലഭിച്ചിരുന്നു. താണ ജാതിക്കാരായിരിക്കും ഇത്തരം ശിക്ഷകള്‍ക്ക് അധികമായും വിധേയരാവുക. അംഗവിച്ഛേദവും പിഴകളുമായിരുന്നു അധികവും സാധാരണമായ ശിക്ഷകള്‍. ആധുനിക കാലത്തേതുപോലെ എല്ലാവര്‍ക്കും സമമായ നീയമം ഉണ്ടായിരുന്നില്ല. പ്രഭുക്കളെ ചങ്ങല വെയ്ക്കുന്ന സബ്രദായം ഉണ്ടായിരുന്നില്ല. ബ്രാഹ്ണരേയും സ്ത്രീകളേയും ഒരിക്കലും കൊന്നിരുന്നില്ല. വലിയ കുറ്റങ്ങള്‍ക്കു ബ്രാഹ്മണരെ ജാതിഭ്രഷ്ടരാക്കുകയും സ്ത്രീകളെ അടിമകളാക്കി വില്‍ക്കുകയുമാണ് ചെയ്തിരുന്നത്. ഏറ്റവും വലിയ ശിക്ഷ വധ ശിക്ഷയായിരുന്നു. കഴുമരം, തൂക്കുമരം, വാള്‍ കൊണ്ടുവെട്ടിക്കൊല്ലല്‍, ജലത്തില്‍ മുക്കിക്കൊല്ലല്‍, ആനയെ കൊണ്ടു ചവട്ടിക്കൊല്ലല്‍ എന്നിങ്ങനെ പല വിധത്തിലായിരുന്നു വധശിക്ഷ നടപ്പിലാക്കിയിരുന്നത്. ഇക്കാലത്തേതില്‍ നിന്നും വളരെ വ്യത്യസ്തമായിരുന്നു ന്യായ നടത്തിപ്പിനായി അവലംബിച്ചിരുന്ന സമ്പ്രദായങ്ങള്‍. കുറ്റക്കാര്‍ കുറ്റം സമ്മതിക്കുന്നതിനു മുന്‍പ് ശിക്ഷ കൊടുത്തിരുന്നില്ല. കുറ്റം സമ്മതിക്കാതിരുന്നാല്‍ കഠിനമായ തരത്തിലുള്ള ഭേദ്യം ചെയ്യലുകളെ നേരിടേണ്ടിവന്നിരുന്നു. വെട്ടിക്കൊല്ലുകപോലും ചെയ്തിരുന്നു. കുറ്റം തെളിയിക്കാനായി പലതരം പരീക്ഷകളും നടത്തിയിരുന്നു. എല്ലാ പരീക്ഷകളും വര്‍ണ്ണാശ്രമ ബദ്ധങ്ങളായിരുന്നു. ചാതുര്‍വര്‍ണ്യത്തിലെ വിവിധ ശ്രേണികളില്‍ വരുന്നവര്‍ക്ക് വിവിധങ്ങളായ പരീക്ഷകള്‍. ബ്രാഹ്മണര്‍ക്കു 'തൂക്കുപരീക്ഷ'യായിരുന്നു. തുലാസില്‍ ആദ്യം ഒരോല തൂക്കിയശേഷം വീണ്ടും ആ ഓലയില്‍ കുറ്റം എഴുതി തൂക്കും. രണ്ടാമത്തേതിനു തൂക്കം കൂടുതലാണെങ്കില്‍ കുറ്റക്കാരെന്നു വിധിക്കും. ക്ഷത്രിയര്‍ക്ക് തിളയ്ക്കുന്ന എണ്ണയില്‍ കൈമുക്കുന്ന 'അഗ്നി പരീക്ഷ'യായിരുന്നു നടത്തിയിരുന്നത്. ഇത്തരത്തില്‍ കുറ്റക്കാരെ കണ്ടെത്തുന്നതിനായി ശുചീന്ദ്രം ക്ഷേത്രത്തില്‍ നടത്തിയിരുന്ന 'കൈമുക്കി'നെക്കുറിച്ച് ശുക സന്ദേശത്തില്‍ പറയുന്നതായി ചരിത്രകാരന്മാര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ശുചീന്ദ്രത്തെ കൈമുക്ക് ഏറെ പ്രസിദ്ധമായിരുന്നു. പ്രസിദ്ധമായ സ്മാര്‍ത്ത വിചാരത്തിലും അഗ്നിപരീക്ഷയുണ്ടായിരുന്നു. വൈശ്യനു മുതല നിറഞ്ഞ കുളത്തില്‍ നീന്തുന്ന 'ജലപരീക്ഷ'യായിരുന്നു ശിക്ഷ. വിഷം കുടിക്കുകയോ വിഷപ്പാമ്പിനെ സൂക്ഷിക്കുന്ന കുടത്തില്‍ കൈയിടുകയോ ചെയ്യുന്ന പരീക്ഷയായിരുന്നു അത്. വര്‍ണ്യവസ്ഥയെ ആധാരമാക്കിയുള്ള ഇത്തരം പരീക്ഷകള്‍ കേരളത്തില്‍ യഥാവിധി നടന്നിരുന്നില്ലെന്ന് കരുതുന്ന ഒരു വിഭാഗം ചരിത്രകാരന്മാരും ഉണ്ട്. 'ചോദിയം ചോദി' എന്നറിയപ്പെട്ടിരുന്ന ഒരു തരത്തിലുള്ള ന്യായനടത്തിപ്പും പഴയകാല കേരളത്തില്‍ നിലനിന്നിരുന്നു. അന്വേഷണാര്‍ഥം പീഡനത്തോടുകൂടിയ വിചാരണയെയാണ് ഈ പേരില്‍ അറിയപ്പെട്ടിരുന്നത്. ഗ്രാമസഭയെടുത്ത പൊതുതീരുമാനത്തെ ധിക്കരിക്കുന്ന 'കൂട്ടത്തില്‍ കുത്തുന്ന'വര്‍ക്കും ചോദ്യം ചോദിച്ച് പിഴയും കണ്ടുകെട്ടും ശിക്ഷ വിധിക്കാറുണ്ട്. സര്‍ക്കാരിന് നികുതി അടച്ചില്ലെങ്കില്‍ 'ഒടികുത്ത്' എന്ന ശിക്ഷ നടത്തിയിരുന്നു. കഴുമരത്തില്‍ കുറ്റക്കാരെ കെട്ടിത്തൂക്കിയിടുകയും ശരീരം കഴുകന്മാര്‍ക്ക് ഭക്ഷണമായി നല്‍കുകയും ചെയ്തിരുന്നതായിരുന്നു പരമാവധി ശിക്ഷ. ഇവയ്‌ക്കെല്ലാം പുറമെയായിരുന്നു ജാത്യാചാരങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് അതത് സമുദായങ്ങള്‍ നല്‍കിവന്നിരുന്ന ശിക്ഷകള്‍. ജാതി മര്യാദകള്‍ ധിക്കരിക്കുന്നവരെ അതത് സമുദായങ്ങള്‍ വിലക്കിയിരുന്നു. ഓരോ ജാതിക്കും സമുദായ ഭരണത്തിന് കൃത്യമായ സംവിധാനങ്ങള്‍ ഉണ്ടായിരുന്നു. ഊരാള സമിതികളായിരുന്നു നമ്പൂതിരിമാരുടെ കാര്യത്തില്‍ ഓരോ ഗ്രാമത്തിലും ഇത്തരം ശിക്ഷ നടപ്പാക്കിയിരുന്നത്. ശിക്ഷ നടപ്പാക്കാനായി സ്മാര്‍ത്തന്മാരെ നിയോഗിച്ചിരുന്നു. നായന്മാര്‍ക്കിടയില്‍ നാല് കുടുംബനാഥന്മാരുടെ നേതൃത്വത്തിലുള്ള തറക്കൂട്ടങ്ങളായിരുന്നു സമുദായ ഭരണം നടത്തി വന്നത്. നമ്പൂതിരിമാര്‍ക്കിടയില്‍ ജാത്യാചാരം ലംഘിക്കുന്ന സ്ത്രീകളെ സ്മാര്‍ത്തവിചാരം ചെയ്ത് കൈകൊട്ടിപ്പുറത്താക്കുകയായിരുന്നു ചെയ്തുവന്നിരുന്നത്. പുരുഷന്മാര്‍ക്കാണെങ്കില്‍ ഭ്രഷ്ടും. ജീവിച്ചിരിക്കെ തന്നെ മരിച്ചതിനു തുല്യമായി കണക്കാക്കി ഇരിക്കപ്പിണ്ഡം വെച്ച് വീടുകളില്‍ നിന്നും പുറത്താക്കിയിരുന്ന സമ്പ്രദായവും ഉണ്ടായിരുന്നു. നമ്പൂതിരിമാരുടെ ഇടയിലുണ്ടായിരുന്ന വൈദിക ശിക്ഷയായിരുന്നു കൃച്ഛ്രം. 12 ദിവസം രാവിലെ കുളിച്ച് സഹസ്രാവര്‍ത്തി ഗായത്രി ജപം ചെയ്യുന്നതാണ് പൊതുവിധി. എല്ലാ ജാതിക്കാര്‍ക്കും പൊതുവായുണ്ടായിരുന്ന ശിക്ഷകളായിരുന്നു 'മാറ്റുവിലക്കും പന്തി വിലക്കും തോലുവിലക്കും'. നാലു തരം വൃക്ഷത്തിന്റെ ഇലകള്‍ കൊണ്ടു ഏര്‍പ്പെടുത്തുന്ന നിരോധന സമ്പ്രദായമാണ് ചക്കുവിലക്ക് എന്നുകൂടി അറിയപ്പെടുന്ന തോലുവിലക്ക്. കഴിയുന്നതും വ്യവഹാരങ്ങള്‍ക്ക് പോകരുതെന്നതായിരുന്നു പഴയ കാല സമൂഹങ്ങളില്‍ നിലനിന്നിരുന്ന തത്വം. വിവാദത്തിന്റെ സത്യാവസ്ഥ കണ്ടെത്താനായി വേദജ്ഞനായ ബ്രാഹ്മണനെ നിയോഗിക്കണം. അദ്ദേഹം മറ്റ് മൂന്നു ബ്രാഹ്മണര്‍ അടങ്ങിയ സമതി ഉണ്ടാക്കി ന്യായ സഭ ചേര്‍ന്ന് വ്യവഹാര വിചാരണ നടത്തണം. ഏത് വ്യവഹാരവും തീര്‍പ്പാക്കുന്നതിന് സാക്ഷിമൊഴി അത്യാവശ്യമാണ്. സ്ത്രീക്കു സ്ത്രീയും ബ്രാഹ്മണനു ബ്രാഹ്മണനും ശൂദ്രനു ശൂദ്രനും വര്‍ണ്ണം അനുസരിച്ചായിരിക്കും സാക്ഷികള്‍. എന്നാല്‍ സ്ത്രീകളെ കഴിയുന്നതും സാക്ഷികളാക്കരുതെന്നതായിരുന്നൂ വിശ്വാസം. സ്ത്രീകള്‍ ചപലകളാണെന്നും പറഞ്ഞ വാക്കില്‍ ഉറച്ച് നില്‍ക്കില്ലെന്നുമുള്ള പുരുഷാധിപത്യ വീക്ഷണം തന്നെയായിരുന്നു ഇതിനു കാരണം. ആരുടെ പക്ഷത്താണോ സാക്ഷി പറയേണ്ടത് ആ ആളോ ആള്‍ക്കാരോ ആയി ദ്രവ്യബന്ധമുള്ളവരും സുഹൃദ്ബന്ധമുള്ളവരും ശത്രുതയുള്ളവരും ബാലനും വൃദ്ധനും പറയനും നപുംസകനും മദ്യപനും ഹീനനും നട്ടുവനും കപടഭക്തനും വേദജ്ഞനും സന്യാസിയും ഒന്നും സാക്ഷികളാവാന്‍ യോഗ്യരല്ലെന്നായിരുന്നു വിധി. നീതിയുടേയും ധര്‍മ്മത്തിന്റേയും ഒക്കെ പേരില്‍ നടത്തിയിരുന്ന ശിക്ഷകളില്‍ അധികവും അത്യന്ത കഠിനങ്ങളും ക്രൂരവുമായിരുന്നു. വിചിത്രങ്ങളും. ഏത് അവയവം കൊണ്ടാണോ കുറ്റം ചെയ്തത്, ആ അവയവങ്ങളെ നോവിച്ചും ഛേദിച്ചും യഥോചിതം കുറ്റക്കാര്‍ക്ക് ശിക്ഷ നല്‍കാം. വേല ചെയ്യാമെന്നേറ്റ് മനപൂര്‍വം അത് ചെയ്യാതിരുന്നാല്‍ ഒരുവന് എട്ട് കുന്നി സ്വര്‍ണ്ണമാണ് ശിക്ഷ. ബ്രാഹ്മണനെ കഠിനമായി ശകാരിച്ച ശൂദ്രന്റെ നാവ് അറുക്കുക, ബ്രാഹ്മണജാതിയെ അധിക്ഷേപിക്കുന്ന ശൂദ്രന്റെ നാവില്‍ നീളമുള്ള ഇരുമ്പുകമ്പി പഴുപ്പിച്ചുവെയ്ക്കുക, ഗര്‍വിനാല്‍ ബ്രാഹ്മണനെ ഉപദേശിക്കാന്‍ മുതിരുന്ന ശൂദ്രന്റെ വായിലും ചെവിയിലും എണ്ണ തിളപ്പിച്ചൊഴിക്കുക, ബ്രാഹ്മണനോടൊപ്പം ഇരിക്കുന്ന ശൂദ്രന്റെ അര ചുടുകയോ പൃഷ്ഠം ഛേദിക്കുകയോ ചെയ്യുക, ബ്രാഹ്മണനെ നോക്കി കാറിത്തുപ്പുന്നവന്റെ രണ്ടും ചുണ്ടും ഛേദിക്കുക തുടങ്ങിയ നിരവധി ക്രൂരവും വിചിത്രവുമായ ശിക്ഷാവിധികള്‍ അക്കാലത്തുണ്ടായിരുന്നു. ഭോഗേച്ഛയാല്‍ ഒരുവള്‍ അവളേക്കാള്‍ ഉത്കൃഷ്ടജാതിയിലുള്ള പുരുഷനെ പ്രാപിച്ചാല്‍ രണ്ടു കൂട്ടര്‍ക്കും ശിക്ഷയില്ല. എന്നാല്‍ ഉയര്‍ന്ന ജാതി സ്ത്രീയെ താണജാതിയിലുള്ള പുരുഷന്‍ പ്രാപിച്ചാല്‍ അയാള്‍ക്ക് മരണ ശിക്ഷ വരെ നല്‍കാം. എന്നാല്‍ എല്ലാ തരത്തിലുള്ള മരണശിക്ഷകളും മഹാരാജാവിന്റെ അനുമതിക്കു ശേഷം മാത്രമേ നടത്താന്‍ സാധിക്കുമായിരുന്നുള്ളു. തിരുവിതാംകൂറില്‍ കേണല്‍ മണ്‍റോയുടെ കാലത്ത് രൂപീകരിച്ച ചട്ടവരിയോല അനുസരിച്ച് തിരുവിതാകൂറിലെ കോടതികളില്‍ ജഡ്ജിമാരായി നിയമിക്കപ്പെടാന്‍ ബ്രാഹ്മണന്‍, നായര്‍ എന്നി ജാതികളില്‍ പെട്ടവര്‍ക്കായിരുന്നു അര്‍ഹത. അപ്പീല്‍ കോടതിയില്‍ ദിവാന്‍, രണ്ടു ബ്രാഹ്മണ ജഡ്ജിമാര്‍, ഒരു നായര്‍ ജഡ്ജി എന്നിങ്ങനെ നാലു ജഡ്ജിമാര്‍ ഉണ്ടായിരുന്നു. കീഴ്‌ക്കോടതികളില്‍ ഓരോന്നിലും രണ്ടു ബ്രാഹ്മണ ജഡ്ജിമാരും ഓരോ നായര്‍ ജഡ്ജിമാരും ഉണ്ടായിരിക്കണം. എല്ലാ തര്‍ക്കങ്ങളും ധര്‍മ്മശാസ്ത്ര വിധികളും നാട്ടുനടപ്പുകളും അനുസരിച്ച് തീര്‍പ്പാക്കണം. മരണശിക്ഷയ്ക്കു ആധാരമാകുന്ന കുറ്റങ്ങള്‍ താഴെപ്പറയുന്നു: കലാപം ഉണ്ടാക്കുകയോ അതിനായി ശ്രമിക്കുകയോ ചെയ്യുക, രാജാവിനെ അപായപ്പെടുത്തുകയോ അതിനായി ശ്രമിക്കുകയോ ചെയ്യുക, മനപ്പൂര്‍വം കൂട്ടായ്മക്കവര്‍ച്ച നടത്തുക. കൊല, അടികലശല്‍, കൈയേറ്റം മുതലായവയ്ക്കു മരണം, നാടുകടത്തല്‍, വസ്തു കണ്ടുകെട്ടല്‍, തടവ്, മുക്കാലിയില്‍ കെട്ടി അടി, പിഴ ഇത്യാദികള്‍ യഥോചിതം നല്‍കാവുന്നതാണ്. ജാതി, മതം, വസ്തുവകകള്‍, പണമേര്‍പ്പാടുകള്‍ ഇവയെ സംബന്ധിച്ചും ധര്‍മ്മശാസ്ത്രം അനുസരിച്ചും നാട്ടുനടപ്പ് അനുസരിച്ചും ശിക്ഷ വിധിക്കേണ്ടതാകുന്നു. സുറിയാനി, മുഹമ്മദീയന്‍, തുടങ്ങിയ തിരുവിതാംകൂര്‍ നിവാസികളാരെങ്കിലും കുറ്റം ചെയ്താല്‍ കൊലപാതകം ഒഴിച്ചുള്ളതിനെല്ലാം ഹിന്ദു നിയമം അനുസരിച്ച് ശിക്ഷ നല്‍കാവുന്നതാണ്. വാദികള്‍ ഭിന്നജാതിക്കാരായിരുന്നാല്‍ പ്രതിയുടെ ജാത്യാചാരം അനുസരിച്ച് കേസ്സുകള്‍ തീര്‍പ്പാക്കണം. ശിക്ഷാവിധി എല്ലാവര്‍ക്കും ഒരേപോലെ ആയിരുന്നില്ല. പ്രഭുക്കന്മാര്‍ക്കും ബ്രാഹ്മണര്‍ക്കും തടവോ അടിശിക്ഷയോ സാധാരണനിലയില്‍ നല്‍കിയിരുന്നില്ല. ബ്രാഹ്ണര്‍ക്കും സ്ത്രീകള്‍ക്കും കൊലശിക്ഷയില്ല. ഒരു നായര്‍ താഴ്ന്ന ജാതിക്കാരനെ കൊന്നാല്‍ ആദ്യത്തെ തവണ പിഴ കല്പിക്കുകയേ ഉള്ളു. എന്നാല്‍ ഇനി കുറ്റം ആവര്‍ത്തിക്കുകയില്ലെന്നും ആവര്‍ത്തിച്ചാല്‍ കൊലശിക്ഷ അനുഭവിച്ചുകൊള്ളാമെന്ന് ഏല്‍ക്കുകയും വേണം. ഒരു നായര്‍ മറ്റൊരുവനെ മുറിവേല്‍പ്പിച്ചാല്‍ മുറിവ് ഭേദമാകുന്നതുവരെ അയാളെ രക്ഷിക്കണം. ഇത്തരത്തിലൊക്കെ അത്യന്തഭിന്നങ്ങളായിരുന്നു പഴയകാലത്തെ ന്യായനടത്തിപ്പും ശിക്ഷാവിധികളും. ഇന്നുള്ളതുപോലെയുള്ള നീണ്ട വിചാരണ വേളകളോ കോടതി മുറിയ്ക്കകത്തെ നിയമത്തിന്റെ ഇഴകീറി പരിശോധനകളോ സംവാദങ്ങളോ ഒന്നും പഴയകാലത്തുണ്ടായിരുന്നില്ല. ജാതിക്കോയ്മ ഓരോ ശിക്ഷാവിധിയിലും തെളിഞ്ഞുകാണാം. കുറ്റം ചെയ്യുന്നതിന് നിയോഗിച്ചവര്‍ ഉന്നത കുലജാതരാണെങ്കില്‍ അവര്‍ക്കു ഉപദേശം നല്‍കി വിടുകയും കുറ്റം ചെയ്ത അവരുടെ പണിക്കാരായ താണജാതിക്കാരെ അത്യന്തം ക്രൂരമായി ശിക്ഷിക്കുകയും ചെയ്യുന്ന തരത്തിലെ സംഭവങ്ങളും സാധാരണം. ഓരോ രാജാക്കന്മാരുടെ കാലത്തും സവിശേഷങ്ങളായ ശിക്ഷാവിധികള്‍ രൂപപ്പെടുത്തപ്പെടുന്നതും കാണാം. കൈക്കൂലിക്കാരായ ഉദ്യോഗസ്ഥര്‍ക്കു തടവും അടിയും ശിക്ഷ നല്‍കിയിരുന്ന ശക്തന്‍ തമ്പുരാന്റെ നടപടിക്കു സമാനമായ പലതും ഓരോ കാലത്തും ദൃശ്യമായിരുന്നു. തിരുവിതാകൂറിലും കൊച്ചിയിലും റെസിഡന്റായിരുന്ന കേണല്‍ മണ്‍റോയെപ്പോലുള്ള കൊളോണിയല്‍ ഭരണക്കാരും ഇത്തരത്തിലുള്ള നടപടികളിലൂടെ ശ്രദ്ധേയരായിട്ടുണ്ട്. (അടുത്തലക്കം: പഴയകാലത്തെ തടവുമുറികള്‍) അവലംബം:

1. നിയമത്തിന്റെ 50 വര്‍ഷങ്ങള്‍, കാളീശ്വരം രാജ്, കേരള ഭാഷ ഇനിസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം 2. പത്തൊന്‍പതാം നൂറ്റാണ്ടിലെ കേരളം-പി. ഭാസ്‌ക്കരനുണ്ണി, കേരള സാഹിത്യ അക്കാദമി, തൃശൂര്‍ 3. മലയാള സംസ്‌ക്കാരം കാഴ്ചയും കാഴ്ചപ്പാടും-ഡോ. എന്‍. അജിത് കുമാര്‍, കേരള ഭാഷ ഇനിസ്റ്റിറ്റിയൂട്ട്, തിരുവനന്തപുരം 4. കേരളത്തിന്റെ സാംസ്‌കാരിക ചരിത്രം-പി.കെ. ഗോപാലകൃഷ്ണന്‍, കേരള ഭാഷ ഇനിസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം (Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories