TopTop
Begin typing your search above and press return to search.

എന്റെ സഹോദരന്റെ പാഡിനും ഗ്ലൗസിനുമിടയിലെ ചെറിയ വിടവിലൂടെ ബൽഭീർ സിങ് നേടിയ അവിസ്മരണീയ ഗോള്‍, ഇതിഹാസ താരത്തെ ഓര്‍മ്മിച്ച് ഹോര്‍മിസ് തരകന്‍

എന്റെ സഹോദരന്റെ പാഡിനും ഗ്ലൗസിനുമിടയിലെ ചെറിയ വിടവിലൂടെ ബൽഭീർ സിങ് നേടിയ അവിസ്മരണീയ ഗോള്‍, ഇതിഹാസ താരത്തെ ഓര്‍മ്മിച്ച് ഹോര്‍മിസ് തരകന്‍

എക്കാലത്തെയും മികച്ച ഹോക്കി കളിക്കാരില്‍ ഒരാളായിരുന്ന ബല്‍ഭീര്‍ സിങ് (സീനിയര്‍) 96-ാം വയസ്സില്‍ നിര്യാതനായി. അദ്ദേഹത്തെക്കുറിച്ച് അഭിമാനം കൊള്ളുന്നതിന് ഇന്ത്യന്‍ പൊലീസ് സേനയ്ക്ക് പ്രത്യേക കാരണമുണ്ട്. ഒരു ദശാബ്ദത്തിലേറെക്കാലം അദ്ദേഹം പഞ്ചാബ് പോലീസ് ഹോക്കി ടീമിന് നേതൃത്വം നല്‍കി.

അദ്ദേഹം പൊലീസില്‍ ചേര്‍ന്നതിനെ സംബന്ധിച്ച് രസകരമായ കഥയുണ്ട്. അമൃത്സറിലെ ഖാല്‍സ കോളെജില്‍ പഠിക്കുമ്പോള്‍ അന്നത്തെ പഞ്ചാബ് പൊലീസിലെ ഐജിയായിരുന്ന സര്‍ ജോണ്‍ ബെനറ്റ് ഹോക്കിയിലുള്ള ബല്‍ഭീറിന്റെ കഴിവ് തിരിച്ചറിഞ്ഞു. ആദ്യ ശ്രമത്തില്‍ തന്നെ ബല്‍ഭീര്‍ ബിരുദം പൂര്‍ത്തിയാക്കിയപ്പോള്‍ സര്‍ ജോണ്‍ അദ്ദേഹത്തിന് അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ തസ്തികയില്‍ പൊലീസില്‍ ജോലി നല്‍കി. ബല്‍ഭീറിന്റെ രണ്ട് അമ്മാവന്മാര്‍ സ്വാതന്ത്ര്യ സമര സേനാനികള്‍ ആയിരുന്നു. അതുകൊണ്ട് തന്നെ പൊലീസില്‍ ചേരുകയെന്ന കാര്യം അദ്ദേഹത്തിന് തുടക്കത്തില്‍ അത്ര ആകര്‍ഷകമായി തോന്നിയില്ല. അദ്ദേഹം ഡല്‍ഹിയിലേക്ക് പോകുകയും സിപിഡബള്യുഡി ടീമിന് വേണ്ടി കളിക്കുകയും ചെയ്തു. ഹോക്കിയിലുള്ള അദ്ദേഹത്തിന്റെ സാമര്‍ത്ഥ്യം മാധ്യമങ്ങളില്‍ വാര്‍ത്തകളായിരുന്നു. ഇത് ഐജി സര്‍ ജോണിന്റെ ശ്രദ്ധയിലും പെട്ടു. അദ്ദേഹം ബല്‍ഭീറിനെ ഡല്‍ഹിയില്‍നിന്ന് തിരിച്ചെത്തിക്കാന്‍ തന്റെ ഓഫീസര്‍മാരെ അയക്കുകയായിരുന്നു. ബല്‍ഭീറിനെ ദേശീയ ക്യാമ്പ് നടക്കുന്ന ജലന്ധറിലെത്തിച്ചു. അദ്ദേഹത്തിന്റെ മുന്നില്‍ രണ്ട് സാധ്യതകളാണ് മുന്നോട്ട് വെച്ചത്. ഒന്നുകില്‍ പഞ്ചാബ് പൊലീസില്‍ ചേരുക, അല്ലെങ്കില്‍ ജയിലില്‍ പോകുക!എന്റെ ഓര്‍മ്മയിലെ ആദ്യ ഒളിമ്പിക്ക്‌സ് 1956 ല്‍ മെല്‍ബണിലായിരുന്നു നടന്നത്. ബല്‍ഭീറിന്റെ നായകത്വത്തില്‍ ഇന്ത്യ ഹോക്കിയില്‍ സ്വര്‍ണം നേടി. അന്ന് പതിനൊന്നു വയസ്സുകാരനായ എന്നെ പോലുള്ളവരുടെ മാത്രമല്ല, രാജ്യത്തിന്റെ മുഴുവന്‍ താരമായിരുന്നു ബല്‍ഭീര്‍.കൂടുതല്‍ ആവേശകരമായ കാര്യങ്ങള്‍ എന്നെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. ഒളിമ്പിക്ക്‌സിന് ഏതാനും മാസങ്ങള്‍ക്ക് ശേഷം നാഷണല്‍ ഹോക്കി ചാമ്പ്യന്‍ഷിപ്പ് 1957 ഏപ്രിലില്‍ ബോംബെയില്‍ നടക്കുകയായിരുന്നു. ഒന്നാം റൗണ്ട് മല്‍സരത്തില്‍ എന്റെ സഹോദരന്‍ 23 കാരനായ അബ്രഹാം തരകനായിരുന്നു അന്ന് കേരളത്തിന്റെ ഗോള്‍ വലയം കാത്തത്. താര നിബിഡമായ പഞ്ചാബിനെതിരെയായിരുന്നു കേരളത്തിന്റെ മല്‍സരം. ബല്‍ഭീര്‍ സിംഗ്, ഉദ്ദം സിംങ് എന്നീ ഒളിമ്പിക്ക്‌സിലെ സ്വര്‍ണ മേഡല്‍ വിജയികള്‍ പഞ്ചാബിന്റെ മുന്നേറ്റ നിരയില്‍ ഉണ്ടായിരുന്നു. കേരളം 3-0 ത്തിന് പരാജയപ്പെട്ടെങ്കിലും പഞ്ചാബിനെ ആദ്യ പകുതിയില്‍ അകറ്റി നിര്‍ത്തിയ എന്റെ സഹോദരന്‍ തന്റെ ജീവിതത്തിലെ മികച്ച കളിയാണ് അന്ന് കാഴ്ചവെച്ചത്. ഉദ്ദം സിംങില്‍നിന്ന് പാസ്സ് ലഭിച്ച ബല്‍ഭീറിനെ തടുക്കാന്‍ എല്ലാ ആങ്കിളുകളും കവര്‍ ചെയ്യുന്നതിനിടെ എന്റെ സഹോദരന്റെ പാഡിനും ഗ്ലൗസിനുമിടയിലെ ചെറിയ വിടവിലൂടെയായിരുന്നു ആദ്യ ഗോള്‍ നേടിയത്. ആ ചിത്രം കുടുംബത്തിന്റെ സമ്പത്തായിരുന്നു. നിര്‍ഭാഗ്യ വശാല്‍ അത് കണ്ടെത്താന്‍ എനിക്ക് കഴിഞ്ഞില്ല.


ഹോര്‍മിസ് തരകന്‍

ഹോര്‍മിസ് തരകന്‍

2005-ല്‍ ഇന്ത്യയുടെ വിദേശകാര്യ ഇന്റലിജന്‍സ് ഏജന്‍സിയായ റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗി (റോ)ന്റെ തലവനായി നിയമിതനായി; മുന്‍ കേരള ഡി.ജി.പി. 2007ല്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ച ശേഷം കേന്ദ്ര സര്‍ക്കാരിന്റെ രണ്ടാം ഭരണപരിഷ്കരണ കമ്മീഷന്‍ ഉപദേശകനായും പിന്നീട് കര്‍ണാടകം രാഷ്ട്രപതി ഭരണത്തിലായിരുന്നപ്പോള്‍ സംസ്ഥാന ഗവര്‍ണറുടെ ഉപദേഷ്ടാവായും പ്രവര്‍ത്തിച്ചു. ഇപ്പോള്‍ കാര്‍ഷിക വൃത്തിയുമായി സ്വന്തം ഗ്രാമത്തില്‍ ജീവിക്കുന്നു

Next Story

Related Stories