Top

'മലബാറിലെ ഉദ്യാന'ങ്ങള്‍ തേടിയെത്തിയ ഡച്ച് പൂര്‍വ്വികര്‍

വാസ്തുശില്പങ്ങളും കോട്ടകളും മുതല്‍ വിജ്ഞാനശേഖരണവും വിദ്യാലയസ്ഥാപനവും അടക്കം ഡച്ചുകാരുടെ കൈമുദ്രകള്‍ മലയാളികളുടെ സാമൂഹികവും സാംസ്‌കാരികവുമായ സ്വത്വത്തില്‍ ആഴത്തില്‍ ദൃശ്യം. മറ്റേതൊരു കൊളോണിയല്‍ ഭരണകാലവും എന്നതുപോലെ വിപല്‍ മുദ്രകള്‍ ഉണ്ടായിരുന്നുവെങ്കിലും ബഹുരൂപിയായിരുന്നു അതിന്റെ ഗുണാത്മക സ്വാധീനതകള്‍. കേരളത്തിലെ ഡച്ച് കാലം ലോകത്തിന് നല്‍കിയ ഏറ്റവും അമൂല്യമായ സംഭാവനയാണ് 'ഹോര്‍ത്തൂസ് മലബാറിക്കൂസ്' എന്നറിയപ്പെടുന്ന 'ഹോര്‍ത്തൂസ് ഇന്‍ഡിക്കുസ് മലബാറിക്കൂസ്' എന്ന സസ്യശാസ്ത്ര ഗ്രന്ഥം. 1678നും 1693 നും ഇടയില്‍ നെതര്‍ലന്‍ഡ്സിലെ ആംസ്റ്റര്‍ഡാമില്‍ നിന്നും പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിലാണ് മലയാള ലിപി ആദ്യമായ അച്ചടിമഷി പുരണ്ടത്. കൊച്ചിയിലെ ഡച്ച് ഗവര്‍ണര്‍ ആയിരുന്ന ഹെന്‍ഡ്രിക്ക് ആന്‍ഡ്രിയാന്‍ വാന്റീഡ് മുന്‍കൈ എടുത്ത് നടത്തിയ പുസ്തകനിര്‍മാണത്തില്‍ കരപ്പുറം(ചേര്‍ത്തല) കടക്കരപ്പള്ളി കൊല്ലാട്ട് ഇട്ടി അച്ചുതന്‍ എന്ന വൈദ്യന്‍ പ്രധാന രചയിതാവും രംഗഭട്ട്, വിനായകഭട്ട്, അപ്പുഭട്ട് എന്നിവരും പ്രധാന പങ്കാളികളുമായി.

പന്ത്രണ്ട് വാല്യങ്ങളിലായി പ്രസിദ്ധീകരിച്ച പുസ്തകത്തില്‍ കേരളത്തില്‍ വളരുന്ന 742 വ്യത്യസ്ത സസ്യങ്ങളെ കുറിച്ചുള്ള ലത്തിന്‍ ഭാഷയിലുള്ള വിവരണങ്ങളും 781 ചിത്രങ്ങളും അടങ്ങുന്നു. 500 പുറങ്ങളാണ് ഓരോ വാല്യത്തിനുമുള്ളത്. മലയാളം, കൊങ്കിണി, പോര്‍ട്ടുഗീസ്, ഡച്ച് ഭാഷകളില്‍ ചെടികളുടെ പേര് നല്കിയിട്ടുണ്ട്. മലയാളം പേര് റോമന്‍ ലിപിയിലാണ് കൊടുത്തിരിക്കുന്നത്. ഫോളിയോ സൈസിലുള്ള ഇതിലെ പേജുകളില്‍ ചിത്രങ്ങള്‍ വലുതാണ്. പുസ്തകത്തിന്റെ പുറങ്ങള്‍ പ്രത്യേക ബ്ലോക്കുകളായി നിര്‍മിച്ചാണ് മുദ്രണം നടത്തിയത്.

നെതര്‍ലണ്ടില്‍ ഡ്രാക്കന്‍സ്റ്റീന്‍ പ്രഭുവായിരുന്ന ഏണസ്റ്റ് വാന്റീഡിന്റേയും എലിസബത്ത് ഉത്തേനേവിന്റേയും മകനായി ജനിച്ച വാന്റീഡ് ഇരുപതാം വയസില്‍ ആണ് ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയില്‍ ചേര്‍ന്നത്. സാധാരണ ഭടനായി കൊച്ചിയില്‍ എത്തി. പിന്നീട് പടിപടിയായി വളര്‍ന്ന് മലബാര്‍ കമാന്‍ഡര്‍ ആയി. ഈ പദവിയിലിരിക്കെയാണ് പുസ്തകരചനയ്ക്ക് മുന്‍കൈ എടുത്തത്. വാന്‍ റീഡിനൊപ്പം കൊച്ചിയിലെത്തിയ ക്യാപ്റ്റന്‍ ജോണ്‍ ന്യൂഹാഫും പുസ്തകരചനയ്ക്കുള്ള തട്ടൊരുക്കുന്നതില്‍ പ്രധാനിയായിരുന്നു. 1661 മുതല്‍ 66 വരെ കൊല്ലത്തും തൂത്തുക്കുടിയിലും സേവനം അനുഷ്ഠിച്ചിട്ടുള്ള ന്യൂഹാഫ് ഇവിടത്തെ ഔഷധസസ്യങ്ങളെപ്പറ്റിയും ജീവികളെപ്പറ്റിയും പഠനം നടത്തി അവ രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു.

ഇത്തരം ഒരു പുസ്തകം ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയ്ക്ക് ഏറെ പ്രയോജനകരമായിരിക്കുമെന്ന് കണ്ടാണ് കൊച്ചിയില്‍ ജോലിചെയ്യുന്ന കാലത്ത് വാന്റീഡ് പുസ്തകനിര്‍മാണവുമായി രംഗത്ത് എത്തിയതെങ്കിലും പല പ്രതിബന്ധങ്ങളും വന്നുപെട്ടു. കൊച്ചിയിലെ അദ്ദേഹത്തിന്റെ വീട് മരുന്നുകളുടെ ഗവേഷണശാലയാക്കി. ഇറ്റലിക്കാരനായ ഫാദര്‍ മാത്യു എന്ന കാര്‍മ്മലീത്ത വൈദികനെയാണ് ഹോര്‍ത്തൂസ് മലബാറിക്കൂസിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് നിയമിച്ചത്. അദ്ദേഹത്തിന്റെ ഉപദേശപ്രകാരം ജോഹാന്‍സ് കസേറിയസ് എന്ന പണ്ഡിതപുരോഹിതനെയും നിയമിച്ചു. ഈ രംഗത്തെ വിദഗ്ദ്ധന്മാരെ ഉപയോഗിച്ച് സസ്യങ്ങളുടെ ലിസ്റ്റ് ഉണ്ടാക്കുകയായിരുന്നു ആദ്യ നടപടി. ചെടികളെപ്പറ്റി വിവരങ്ങള്‍ ശേഖരിയ്ക്കാനും അവയുടെ ചിത്രങ്ങള്‍ വരയ്ക്കാനും പിന്നീട് ഏര്‍പ്പാടുകള്‍ ഉണ്ടാക്കി. ചെമ്പ് തകിടില്‍ പകര്‍ത്തിയ ചിത്രങ്ങള്‍ കൊത്തി എടുത്തത് നെതര്‍ലണ്ട് കൊത്തുപണിക്കാരായിരുന്നു.

ഇമ്മാനുവല്‍ കാര്‍ണ്ണിറോ എന്ന പോര്‍ട്ടുഗീസുകാരനായിരുന്നു മലയാളത്തില്‍ എഴുതപ്പെട്ട വിവരണങ്ങള്‍ പോര്‍ട്ടുഗീസ് ഭാഷയിലേക്ക് മാറ്റിയത്. പോര്‍ട്ടുഗീസ് ഭാഷയില്‍ നിന്നും ഡച്ചുഭാഷയിലേയ്ക്ക് കമ്പനിയുടെ തര്‍ജമക്കാരെ ഉപയോഗിച്ചാണ് നടത്തിയതെന്ന് കരുതുന്നു. ലാറ്റിന്‍ ഭാഷയിലേയ്ക്ക് ഭാഷാന്തരം ചെയ്തത് ഡച്ചു വൈദികനായ കസേറിയസ് ആണ്. തദ്ദേശീയ പണ്ഡിതന്മാരില്‍ പ്രമുഖര്‍ ചേര്‍ത്തലയിലെ കൊല്ലാട്ട് ഇട്ടി അച്ചുതന്‍ എന്ന ഈഴവ വൈദ്യനും ഗൗഡസാരസ്വത ബ്രാഹ്മണരായ രംഗഭട്ട്, വിനായകഭട്ട്, അപ്പുഭട്ട് എന്നിവരുമായിരുന്നു. ഇവരുടെ സാക്ഷിപത്രങ്ങള്‍ പുസ്തകത്തിലുണ്ട്.

ഇട്ടി അച്ചുതന്‍ സ്വന്തം കൈപ്പടയില്‍ മലയാളത്തിലാണ് സാക്ഷ്യപത്രവും രേഖപ്പെടുത്തിയിട്ടുള്ളത്. ഇട്ടി അച്ചുതന്‍ മാത്രമാണ് വൈദ്യന്‍ എന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. ഇട്ടി അച്ചുതന്‍ ആദ്യത്തെ സാക്ഷിപത്രത്തില്‍ ഇങ്ങനെ രേഖപ്പെടുത്തിതായി കാണുന്നു.
''കരപ്പുറത്ത്, കൊടകരപ്പള്ളി ദേശത്ത് കൊല്ലാട്ട് തറവാട്ടില്‍ ജനിച്ച് അവിടെ താമസിക്കുന്ന ജാത്യ ആചാരങ്ങളില്‍ ഈഴവനായ മലയാള വൈദ്യന്‍ ഇപ്രകാരം അറിയിക്കുന്നു. ഹെന്റ്‌റിക്ക് വാന്റീഡ് കമുദോറുടെ കല്പന അനുസരിച്ച് കോട്ടയില്‍വന്ന് പുസ്തകത്തില്‍ വിവരിച്ചിട്ടുള്ള വൃക്ഷങ്ങളും വള്ളികളും പുല്‍ക്കുലകളും വിത്തുജാതികളും കൈകാര്യം ചെയ്ത് പരിചയമുള്ളതുകൊണ്ടും നമ്മുടെ ഗ്രന്ഥങ്ങളില്‍ നിന്നും മനസ്സിലാക്കിയിട്ടുള്ളകൊണ്ടും ഓരോന്നിന്റെയും ബാഹ്യരൂപവും അതുകൊണ്ടുള്ള ചികിത്സ മുതലായതും വേര്‍തിരിച്ച് ചിത്രത്തില്‍ കാണിച്ചിരിക്കുന്ന വിധവും വ്യവസ്ഥ വരുത്തി ചിട്ടയായി ബഹുമാനപ്പെട്ട കമ്പനിയുടെ ദ്വിഭാഷിയായ മാനുവല്‍ കര്‍ണ്ണെരോട് വിവരിച്ചുപറഞ്ഞിട്ടുള്ളതാണ് എന്നതിന് മലയാളത്തിലെ സജ്ജനങ്ങളുടെ സഹായം ഇല്ലാതിരിക്കാന്‍ വേണ്ടി എഴുതിവച്ചത് 1675-മാണ്ട് ഏപ്രില്‍ 20-ന് കൊച്ചി കോട്ടയില്‍വച്ച് എഴുതിയത്."
(ഒപ്പ്) കൊല്ലാട്ട് വൈദ്യന്‍

നാലാമത്തെ സാക്ഷിപത്രത്തില്‍ ഇട്ടി അച്ചുതന്‍ കൂടുതല്‍ വ്യക്തമാക്കുന്നു:

''ഇത് കരപ്പുറം അഥവാ കൊടകരപ്പള്ളി എന്ന ദേശക്കാരനും, അച്ഛനും മുത്തച്ഛനും മുതുമുത്തച്ഛന്മാരും വൈദ്യന്മാരും, ഭിഷഗ്വരന്മാരുമായിരുന്ന കൊല്ലാട്ട് തറവാട്ടില്‍ താമസിക്കുന്ന അക്രിസത്യാനിയായ ഈഴവ ജാതിയില്‍പ്പെട്ട മലയാളി വൈദ്യനായ ഇട്ടി അച്ചുതന്‍ എന്ന ഞാന്‍ സത്യവാങ്മൂലം ചെയ്യുന്നത്. ഗവണര്‍ ഹെന്റി വാന്റീഡിന്റെ കല്പനപ്രകാരം ഞാന്‍ കൊച്ചിനഗരത്തില്‍ വരികയും ഞങ്ങളുടെ ഗ്രന്ഥത്തില്‍ എഴുതി വിവരിച്ചിട്ടുള്ളതും ദീര്‍ഘകാലത്തെ പരിചയത്തിന്റെയും പ്രയോഗത്തിന്റെയും ഫലമായി ഞാന്‍ തിരിച്ചറിഞ്ഞിട്ടുള്ളതുമായ വൃക്ഷങ്ങള്‍, ചെറുവൃക്ഷങ്ങള്‍ , ഔഷധസസ്യങ്ങള്‍, വള്ളികള്‍ എന്നിവയുടെ പേരുകളും ഔഷധശക്തികളും മറ്റു ഗുണഗണങ്ങളും ബഹുമാനപ്പെട്ട സൊസൈറ്റിയുടെ ദ്വിഭാഷിയായ മാനുവല്‍ കര്‍ണ്ണെറോയെ അറിയിക്കുകയും എഴുതി എടുക്കാന്‍വേണ്ടി പറഞ്ഞുകൊടുക്കുകയും ചെയ്തിട്ടുള്ളതാകുന്നു. ഇപ്രകാരമുള്ള വിശദീകരണങ്ങളും എഴുതിയെടുക്കാന്‍ വേണ്ടിയുള്ള പറഞ്ഞുകൊടുക്കലും ഒരു സംശയവും അവശേഷിക്കാത്ത വിധം തുടര്‍ന്നു. ഞാന്‍ പറഞ്ഞതിന്റെ വിശ്വാസ്യത ഒരു മലയാളി വൈദ്യനും സംശയിക്കുന്നതല്ല. ഞാന്‍ ഇങ്ങനെ ചെയ്തതായി സ്വന്തം കൈയക്ഷരത്തില്‍ എഴുതി ഒപ്പിട്ടിരിക്കുന്നു. 1675 ഏപ്രില്‍ 20-ന് കൊച്ചി നഗരത്തില്‍ വച്ചുനല്കിയത്.''

പുസ്തകരചനയുടെ പേരില്‍ വാന്‍ റീഡിന് മേലധികാരികളില്‍ നിന്നും വിമര്‍ശനങ്ങള്‍ നേരിടേണ്ടിവന്നു. ഇവിടെ നിന്നുള്ള കുരുമുളക് സംഭരണം കുറഞ്ഞുപോയെന്നതടക്കമുള്ള കുറ്റപ്പെടുത്തലുകളും ഉണ്ടായി. തുടര്‍ന്ന് വാന്റീഡിന്റെ അപേക്ഷ മാനിച്ച് അദ്ദേഹത്തെ കമാന്റര്‍ സ്ഥാനത്തുനിന്നും മാറ്റി കമ്പനി മേധാവിയാക്കി. പുസ്തകത്തിന്റെ കയ്യെഴുത്തുപ്രതികളും അദ്ദേഹം കൊണ്ടുപോയി. 1678-ല്‍ ആംസ്റ്റര്‍ഡാമിലെത്തി ഹോര്‍ത്തൂസ് മലബാറിക്കൂസിന്റെ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടു. 1678-ല്‍ ഒന്നാം വാല്യവും, 79-ല്‍ രണ്ടാം വാല്യവും പ്രസിദ്ധീകരിച്ചു. പതിനൊന്നാം വാല്യം 1692-ലും, പന്ത്രണ്ടാം വാല്യം 1693-ലും പ്രസിദ്ധീകരിച്ചു. അവസാന വാല്യങ്ങള്‍ പുറത്തിറങ്ങുന്നതിനു മുന്‍പേ കൊച്ചിയില്‍ നിന്നും സൂറത്തിലേക്കുള്ള യാത്രാമധ്യേ ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഏഷ്യയിലെ കമ്മിഷണര്‍ ജനറല്‍ ആയിരിക്കെ വാന്റീഡ് മരണമടഞ്ഞു.1691 ഡിസംബര്‍ 15ന് കപ്പലിലായിരുന്നു അന്ത്യം. സുറത്തിലെ ഡച്ച് സെമിത്തേരിയില്‍ ആണ് അദ്ദേഹത്തെ സംസ്‌കരിച്ചത്.

കോഴിക്കോട് സര്‍വകലാശാലയിലെ സസ്യ ശാസ്ത്രജ്ഞനായ ഡോ. കെ.എസ്. മണിലാലിന്റെ അര നൂറ്റാണ്ടോളം വരുന്ന പഠനവും ഗവേഷണവും ഈ ഗ്രന്ഥത്തിന്റെ സംശോധനം നടത്തിയ ഒരു പതിപ്പ് പുറത്തിറക്കാന്‍ സഹായകമായി. 'വാന്റീഡ്‌സ് ഹോര്‍ത്തൂസ് മലബാറിക്കൂസ്' എന്ന പേരില്‍ 2003ല്‍ ഇംഗ്‌ളീഷ് പതിപ്പും 2008ല്‍ മലയാളം പതിപ്പും കേരള സര്‍വകലാശാല പുറത്തിറക്കി.


അവലംബം:

1. ഹോര്‍ത്തൂസിന് പുനര്‍ജന്മം നല്‍കിയ സസ്യശാസ്ത്രജ്ഞന്‍, ജോസഫ് ആന്റണി, മാതൃഭൂമി ദിനപത്രം, 2016, ഏപ്രില്‍ 1
2. സര്‍വവിജ്ഞാനകോശം, കേരളം-2
3. www.dutchinkerala.com


Next Story

Related Stories