TopTop
Begin typing your search above and press return to search.

കെ കരുണാകരന്റെ 'പാവം പയ്യന്‍' മുതല്‍ പിണറായി വിജയന്റെ 'അവതാരങ്ങള്‍' വരെ; മുഖ്യമന്ത്രിമാരുടെ ഓഫീസുകള്‍ വിവാദങ്ങളുടെ പ്രഭവകേന്ദ്രങ്ങളായപ്പോള്‍

കെ കരുണാകരന്റെ പാവം പയ്യന്‍ മുതല്‍ പിണറായി വിജയന്റെ അവതാരങ്ങള്‍ വരെ; മുഖ്യമന്ത്രിമാരുടെ ഓഫീസുകള്‍ വിവാദങ്ങളുടെ പ്രഭവകേന്ദ്രങ്ങളായപ്പോള്‍

അടുത്തിടെ പിടിക്കപ്പെട്ട ഒരു സ്വർണ കള്ളക്കടത്തും പ്രസ്തുത കേസിൽ പ്രതിസ്ഥാനത്തു നിൽക്കുന്ന ഒരു വനിതയും അവർക്കു മുഖ്യമന്ത്രിയുടെ ഓഫിസിലും മുഖ്യമന്ത്രി തന്നെ കയ്യാളുന്ന ഐ ടി വകുപ്പിലും ഉള്ള സ്വാധീനവും ഒക്കെ ഏറെ ആശങ്ക വിതക്കുന്ന ഈ കൊറോണക്കാലത്തും സജീവ ചർച്ചാവിഷയം തന്നെയാണ്. അന്യോന്യം പാരവെയ്പ്പു മുതൽ തൊഴുത്തിൽ കുത്തുവരെ നീളുന്ന നാനാവിധ ബാധകൾകൊണ്ടുഴലുന്ന യു ഡി എഫിനും ബി ജെ പിക്കുമൊക്കെ തങ്ങളെ ഗ്രസിച്ചിരിക്കുന്ന രോഗപീഡകളെ തൽക്കാലത്തേക്കെങ്കിലും മറക്കാനും തുടർ ഭരണം ലക്ഷ്യമിടുന്ന എൽ ഡി എഫ് സർക്കാരിനെതിരെ പോർമുഖം തുറക്കാനും ഇത് ഏറെ സഹായകമായി എന്നത് ആരൊക്കെ എങ്ങനെയൊക്കെ ന്യായീകരിക്കാൻ ശ്രമിച്ചാലും ഒരു യാഥാർഥ്യം തന്നെയാണ്. മുഖ്യമന്ത്രിയുടെ സെക്രട്ടറിയും മുഖ്യമന്ത്രി തന്നെ കയ്യാളുന്ന ഐ ടി വകുപ്പിന്റെ മേധാവിയും ആയിരുന്ന എം ശിവശങ്കറിനെ വൈകിയാണെങ്കിലും തൽസ്ഥാനങ്ങളിൽ നിന്നും പുറത്താക്കിയെന്നു മുഖ്യമന്ത്രിക്കും എൽ ഡി എഫിനും മേനി നടിക്കാമെങ്കിലും സ്പ്രിംഗ്ലർ അടക്കമുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ടു നേരത്തെ തന്നെ ആരോപണ വിധേയനായ ഒരാൾക്കെതിരെ അതും മുഖ്യമന്ത്രിയുടെ ഓഫിസിലും ഐ ടി വകുപ്പിലും താക്കോൽ സ്ഥാനം വഹിച്ചിരുന്ന ആൾക്കെതിരെ എന്തുകൊണ്ട് നേരത്തെ തന്നെ അന്വേഷണമോ നടപടിയോ ഉണ്ടായില്ല എന്ന ചോദ്യം തന്നെയാണ് പ്രധാനമായും ഉയരുന്നത്. 'കാള പെറ്റു എന്നു കേട്ടപാടെ കയറെടുക്കുക' എന്ന നാടൻ ചൊല്ലിനെ 'കാള പെറ്റു എന്നു കേട്ട പാടെ പാൽ കറക്കാൻ പോയി' എന്നു പരിഷ്കരിച്ച മുഖ്യമന്ത്രിയുടെ അന്നത്തെ നർമം ഇപ്പോൾ ആസ്ഥാനത്തായില്ലേ എന്നു വിമർശകർ തിരിച്ചു ചോദിക്കുന്നിടത്തേക്കു കാര്യങ്ങൾ എത്തിയിരിക്കുന്നു. ജാഗ്രതക്കുറവ്, അതെത്ര ചെറുതാണെകിൽ പോലും, അപകടം വരുത്തും എന്ന പാഠം ഇവിടെ ആവർത്തിക്കപ്പെടുന്നു.

ഏത് അന്വേഷണവും നേരിടാൻ താനും തന്റെ ഓഫിസും റെഡിയാണെന്നു തുടക്കത്തിൽ തന്നെ മുഖ്യമന്ത്രി വ്യക്തമാക്കിയ കാര്യം തന്നെയാണ്. എന്നാൽ എല്ലാറ്റിന്റെയും കേന്ദ്ര ബിന്ദു മുഖ്യമന്ത്രിയുടെ ഓഫിസ് തന്നെയാണെന്ന ആരോപണത്തിൽ പ്രതിപക്ഷം ഇപ്പോഴും ഉറച്ചുനിൽക്കുന്നു. അതിനിടയിലാണ് മുഖ്യമന്ത്രിയുടെ ഓഫിസ് 'വിശുദ്ധ പശു' അല്ലെന്നും സ്വയരക്ഷയ്ക്കുള്ള ശ്രമമാണ് മുഖ്യമന്ത്രി കേന്ദ്രം ഭരിക്കുന്ന ബി ജെ പി യുമായി ചേർന്നു നടത്തുന്നതെന്നുമുള്ള ആരോപണവുമായി കെ പി സി സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്തു വന്നതും. തുടക്കം മുതൽക്കു തന്നെ മുഖ്യമന്ത്രിയുടെ ഓഫിസിനെ ലക്‌ഷ്യം വെച്ച പ്രതിപക്ഷത്തിന്റെ വഴിതന്നെയാണ് നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളും പിൻപറ്റിയത്. ഇതിന്റെ ഭാഗമായി തന്നെ മുഖ്യമന്ത്രിയുടെ ഓഫിസിനു മേൽ ഉണ്ടായിരുന്ന കൺട്രോൾ നഷ്ട്ടമായതിൽ പാർട്ടി നേതൃത്വം അസ്വസ്ഥമാണെന്നും ആയതിനാൽ മുൻപ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന എം വി ജയരാജനെ തിരികെ കൊണ്ടുവരുന്നുവെന്നുമൊക്കെയുള്ള ചർച്ചകൾ മാധ്യമ ലോകത്തു സജീവമാവുകയും ചെയ്തു. ഇത് സംബന്ധിച്ച് വാർത്ത എഴുതിയവർ സി പി എമ്മിനെക്കുറിച്ചു 'ഒരു ചുക്കും' അറിയാത്തവരാണെന്നു തെളിയിക്കേണ്ട ദൗത്യം കൂടി പാർട്ടി ഇന്നലെ നിർവഹിച്ചു എന്നുവേണം ഇക്കഴിഞ്ഞ ദിവസം ചേർന്ന സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് എടുത്ത നിലപാടിൽ നിന്നും മനസ്സിലാക്കാൻ. അല്ലെങ്കിലും പാർട്ടിയുടെ സമുന്നതനായ ഒരു നേതാവിനെ ഇത്തരം ഒരു ഘട്ടത്തിൽ ഇകഴ്ത്തിക്കാട്ടാൻ കേരളത്തിലെ സി പി എം മുതിരില്ല എന്ന സാമാന്യ ബോധമെങ്കിലും അഴിച്ചുപണി വാർത്ത എഴുതിയവർ ആലോചിക്കേണ്ടതായിരുന്നു.

എതിർപ്പുകൾ ഉണ്ടാവാം പക്ഷെ ചുരുങ്ങിയ പക്ഷം കേവലം പാർട്ടിയിലെ സ്ഥാനമാനങ്ങളും അനിഷേധ്യതയും മാത്രമല്ല പിണറായി വിജയൻ എന്ന മുഖ്യമന്ത്രിയുടെ കരുത്തെന്നും കോവിഡ് എന്ന മഹാമാരിക്കെതിരെ പഴുതടച്ച പ്രതിരോധം തീർക്കാൻ ശ്രമിക്കുന്ന ഒരു ഭരണാധികാരിയെന്ന നിലയിൽ ഉണ്ടാക്കിയെടുത്തിട്ടുള്ള ഇമേജിനെ അത്രയെളുപ്പത്തിൽ തകർക്കാൻ എതിരാളികളെ സഹായിക്കാൻ പോന്ന ബുദ്ധിമോശം സി പി എമ്മിന്റെ ഭാഗത്തുനിന്നും ഉണ്ടാവാനിടയില്ല എന്ന സാമാന്യ യുക്തിയെങ്കിലും ഉണ്ടാവേണ്ടാതായിരുന്നു. എന്ത് തന്നെയായാലും സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം ഇത്തരം ഊഹാപോഹങ്ങളുടെ മുന ഒടിച്ചിരിക്കുന്നു. പാർട്ടി സെക്രട്ടേറിയറ്റ് മുഖ്യമന്ത്രിക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ചുവെന്നാണ് യോഗ തീരുമാനങ്ങൾ വിശദീകരിച്ച സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ തന്നെ വ്യക്തമാക്കിയത്. മുഖ്യമന്ത്രിയുടെ ഓഫിസിലെ അഴിച്ചുപണി സംബന്ധിച്ച മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്കു കോടിയേരി നൽകിയ മറുപടി അങ്ങനെ ഒരു നീക്കം ഇല്ലെന്നും നിലവിൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി ആയി പ്രവർത്തിക്കുന്നത് പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ നല്ല പ്രവർത്തകൻ ആണെന്നും ആയിരുന്നു. സർക്കാരിനുമേൽ പാർട്ടിക്ക് നിയന്ത്രണം നഷ്ട്ടമായിട്ടില്ലെന്നും ദൈനംദിന ഭരണകാര്യങ്ങളിൽ പാർട്ടി ഇടപെടാറില്ലെന്നും നയപരമായ കാര്യങ്ങളിലെ ഇടപെടൽ നടത്താറുള്ളൂവെന്നും കൂടി കോടിയേരി പറഞ്ഞതോടുകൂടി ആ വഴിക്കുള്ള മാധ്യമ ചർച്ചകൾക്ക് താൽക്കാലത്തെങ്കിലും വിരാമമായി എന്നു തന്നെ വേണം കരുതാൻ.ഇതൊക്കെ പറയുമ്പോഴും അരുതാത്ത ചിലതൊക്കെ മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ടു നടന്നിരിക്കുന്നു എന്നതിന്റെ തെളിവുതന്നെയാണ് ഏറെക്കാലം വിശ്വസ്ഥനായി കൂടെ കൊണ്ടുനടന്ന ശിവശങ്കറിനെതിരെ വൈകിയാണെങ്കിലും മുഖ്യമന്ത്രി തന്നെ പ്രഖ്യാപിച്ച അന്വേഷണത്തിൽ നിന്നും പുറത്തുവരുന്ന ചില കാര്യങ്ങൾ വ്യക്തമാക്കുന്നത്. ആശ്രിത വാത്സല്യം എത്രമേൽ അപകടം ചെയ്യും എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഒരുകാലത്തു കോൺഗ്രസ് രാഷ്ട്രീയത്തിൽ മഹാമേരുവായി നിലകൊണ്ട കെ കരുണാകരന്റെ പതനം. എന്തൊക്കെ പ്രതിസന്ധികൾ ഉണ്ടായാലും എത്രമേൽ കൗശലത്തോടുകൂടിയായിരുന്നു ലീഡർ മുന്നോട്ടുപോയിരുന്നതെന്നു അറിയാൻ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം പരിശോധിച്ചാൽ മതിയാവും. എതിർ പാർട്ടികളിൽ നിന്നുള്ള എതിർപ്പുകളെക്കാൾ കരുണാകരനെ പലപ്പോഴും മുൾമുനയിൽ നിറുത്തിയത് സ്വന്തം പാർട്ടിക്കാർ പണിത പാരകളും ആശ്രിത വാത്സല്യത്തിന്റെ പേരിൽ ഏറ്റുവാങ്ങേണ്ടി വന്ന മുൾക്കിരീടങ്ങളും ആയിരുന്നു. ദേശീയ രാഷ്ട്രീയത്തിൽ തന്നെ ഒരു കാലത്തു 'കിംഗ് മേക്കർ ' ആയി അറിയപ്പെട്ടിരുന്ന 'ലീഡർ' എന്ന വിശേണത്തിനുടമയായ കെ കരുണാകരനറെ പതനം രാഷ്ട്രീയ വിദ്യാർത്ഥികൾക്കുമാത്രമല്ല ഓരോ പൊതുപ്രവർത്തകനും വലിയ ഒരു പാഠം ആയിരിക്കേണ്ടതാണ്.Also Read: മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ ആരോപണങ്ങളെക്കുറിച്ച് എംഎം ലോറൻസ്: ആക്ഷേപങ്ങൾ സീരിയസ് ആണ്, എന്നാൽ ഈ ഘട്ടത്തിൽ വിശ്വസിക്കുന്നില്ലഇവിടെയാണ് പ്രതിപക്ഷം ഉയർത്തികൊണ്ടുവന്നതും മാധ്യമങ്ങൾ ഏറ്റുപിടിച്ചതുമായ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ ആക്ഷേപങ്ങളും ആക്രമണവും കൂടുതൽ പ്രസക്തമാവുന്നത്. കേരളത്തിൽ ഇതാദ്യമായല്ല ഒരു മുഖ്യമന്ത്രിയുടെ ഓഫിസ് പ്രതിക്കൂട്ടിലാവുന്നത്. കെ കരുണാകരന്റെ കാലത്തു തന്നെ അത് സംഭവിച്ചു കഴിഞ്ഞിരുന്നു. സർക്കാർ ഉദ്യോഗങ്ങളിലെ ആശ്രിത നിയമനങ്ങളുടെ പേരിൽ മാത്രമായിരുന്നില്ല അദ്ദേഹത്തിന്റെ വകുപ്പുകളുമായി ബന്ധപ്പെട്ടു, പ്രത്യേകിച്ചും പോലീസ് വകുപ്പുമായി ബന്ധപ്പെട്ടു പാർട്ടിയിലെ ലീഡറുടെ ' ആശ്രിതർ' നടത്തിയ ചില പേക്കൂത്തുകൾ അന്ന് പാർട്ടിക്കുള്ളിലെ പ്രതിപക്ഷമായ ' എ ' കോൺഗ്രെസ്സുകാർ തന്നെ പാടി നടന്നിരുന്നു. അതിൽ പ്രധാനിയായിരുന്ന ഒരാൾ ഇപ്പോൾ ജീവിച്ചിരിപ്പില്ല എന്നതുകൊണ്ടു തന്നെ കൊല്ലം സ്വദേശിയായിരുന്ന ആ പരേതനെ ഇവിടെ പേരെടുത്തുപറഞ്ഞു വിസ്തരിക്കുന്നില്ല. കൂട്ടത്തിൽ സ്മരിക്കപ്പെടാതെ പോകരുതാത്ത മറ്റൊരു ആക്ഷേപം എന്നല്ല ഒരു യാഥാർഥ്യം എന്നു തന്നെ കുറിക്കട്ടെ 'നക്സലൈറ്റ് വേട്ട' എന്ന പേരിൽ നടന്ന നര നായാട്ടും ആയിരുന്നു. അന്ന് കേവലം പോലീസ് മന്ത്രി മാത്രമായിരുന്ന ലീഡർ മുഖ്യമന്ത്രി സി അച്യുത മേനോനെ ഇരുട്ടിൽ നിറുത്തി ജയറാം പടിക്കൽ അടക്കമുള്ള വൻ നായാട്ടു സേനയെ ഉപയോഗിച്ച് താനാണ് കേരളം ഭരിക്കുന്നതെന്ന പ്രതീതി തന്നെയാണ് സൃഷ്ട്ടിച്ചത്. അടിയന്തരാവസ്ഥയിലേതടക്കം അന്ന് കരുണാകരന്‍ നിമിത്തം തങ്ങൾക്കുകൂടി വന്നു ഭവിച്ച ദുഷ്കീർത്തിയിൽ നിന്നും സി പി ഐ ഇനിയും വിമുക്തമായിട്ടില്ല. 1970 ൽ ലീഡറുടെ വേട്ടപ്പൊലീസിനു ഇരയായ നക്സൽ നേതാവ് എ വർഗീസിന്റെയോ അതിനും ശേഷം അടിയന്തരാവസ്ഥക്കാലത്തു ശേഷിപ്പുകൾ ഒന്നും ബാക്കിവെക്കാതെ മാഞ്ഞുപോയ പി രാജൻ, വർക്കല വിജയൻ എന്നിവരിൽ മാത്രം ഒതുങ്ങുന്നില്ല ആ കാലം അവശേഷിപ്പിച്ച മുറിപ്പാടുകൾ.

പക്ഷെ എല്ലാറ്റിനെയും അതിജീവിച്ചു ലീഡർ വീണ്ടും ഭരണ തലപ്പത്തെത്തിയപ്പോൾ ഒരു പാമ്പ് വീണ്ടും ചുറ്റാനുണ്ടായിരുന്നു. ഒരു 'പാവം ' പയ്യന്റെ രൂപത്തിൽ.കണ്ണിറുക്കലിലൂടെ മാത്രം സന്ദേശങ്ങൾ കൈമാറാൻ ലീഡർക്കുണ്ടായിരുന്ന അനിതരസാധാരണമായ വൈഭവത്തെക്കുറിച്ചും ലീഡറുടെ ആ പാവം പയ്യനെക്കുറിച്ചും പത്രപ്രവർത്തകനും പത്രാധിപരും സാഹിത്യകാരനും അതുക്കും മീതെ ബോംബെയിലെ എന്റെ പത്ര പ്രവർത്തന കാലത്തു മെൻറ്റർ കൂടിയായിരുന്ന എം പി നാരായണ പിള്ള സമകാലിക മലയാളത്തിൽ പിന്നീടൊരിക്കൽ ഒരു ലേഖനം തന്നെ എഴുതിയിരുന്നു. വിസ്താരഭയം നിമിത്തം ഇപ്പോൾ അതിലേക്കൊന്നും കടക്കുന്നില്ല. പക്ഷെ ഒരു കാര്യം പറയാതെ വയ്യ ' പാവം പയ്യൻ ' ലീഡർക്ക് ഒരു അഴിയാക്കുരുക്കായി മാറി അല്ലെങ്കിൽ പാർട്ടിയിലെ തന്നെ എതിരാളികൾ അങ്ങനെ ആക്കിത്തീർത്തു. 'പാവം പയ്യനെ' കേരള രാഷ്ട്രീയം മറന്നു തുടങ്ങിയ കാലത്തായിരുന്നു രമൺ ശ്രീവാസ്തവയുടെ വരവും ബാബ്‌റി പള്ളിയുടെ പതനവും തുടർന്നുണ്ടായ പ്രക്ഷോഭങ്ങൾക്കിടയിൽ പാലക്കാട് സിറാജുനീസ എന്ന പതിനൊന്നു വയസ്സുകാരി പോലീസ് വെടിവെയ്പ്പിൽ മരണമടഞ്ഞതുമൊക്കെ. ശ്രീവാസ്തവ നേരിട്ട് ഇട്ട ഉത്തരവിന്റെ ബലിയാട് എന്ന നിലയിലാണ് സിറാജുനീസ അവതരിക്കപ്പെട്ടതെങ്കിലും ലീഡറും അതുവഴി ശ്രീവാസ്തവയും അന്ന് പിടിച്ചു നിന്നു. എന്നാൽ തൊട്ടു പിന്നാലെ വന്ന ഐ എസ്ആർ ഓ ചാരക്കേസിൽ ലീഡർക്ക് അടിപതറി.ഉമ്മൻ ചാണ്ടിയും കുഞ്ഞാലികുട്ടിയുമൊക്കെ ചേർന്നു പുകച്ചു പുറത്തുചാടിച്ച ലീഡർക്ക് ശേഷം വന്ന എ കെ ആന്റണിക്ക് സ്വന്തം ഓഫീസ് പാര ആയെന്നു പറയാൻ ആവില്ലെങ്കിലും ന്യൂനപക്ഷ വിരുദ്ധ പരാമർശം എല്ലാം തുലച്ചു. അല്ലെങ്കിലും ലീഡർക്കെതിരെ പട നയിച്ചവർ ഒരു താൽക്കാലിക മറ എന്ന നിലയിൽ മാത്രമേ ആന്റണിയെ കണ്ടിരുന്നുള്ളൂ എന്നതാണ് വാസ്തവം. അതുകൊണ്ടു തന്നെ ഉമ്മൻ ചാണ്ടിയുടെ രൂപത്തിൽ ആന്റണിക്ക് കൃത്യമായ ഒരു റീപ്ലേസ്‌മെന്റും ഉണ്ടായി. ആന്റണി ബാക്കിവെച്ചു പോയ ഹൃസ്വ കാലം ഉമ്മൻ ചാണ്ടി വലിയ കുഴപ്പങ്ങൾ ഒന്നുമില്ലാതെ കൊണ്ടുപോയി. രണ്ടാം ഊഴം വന്നപ്പോഴാണ് പ്രശ്നങ്ങൾ തലപൊക്കിയതും ഉമ്മൻ ചാണ്ടിയുടെ ഓഫീസ് പ്രതിക്കൂട്ടിൽ ആയതും . പിന്നീട് എന്ത് സംഭവിച്ചു എന്നു പറയേണ്ടതില്ലല്ലോ! Also Read: ഒരു വര്‍ഷമില്ല തിരഞ്ഞെടുപ്പിന്, ശിവശങ്കറിന് പിന്നില്‍ ഉറച്ചുനിന്നത് വിനയായി, അതിജീവിക്കുമോ പിണറായി?ഇപ്പോഴും പ്രതിക്കൂട്ടിലാവുന്ന 'മുഖ്യമന്ത്രിയുടെ ഓഫീസ്' നെക്കുറിച്ചു പറയുമ്പോൾ ഇതിനിടയിൽ വന്നു പോയ ഇടതു മുന്നണി സർക്കാരുകളെക്കുറിച്ചും അതാതു കാലഘട്ടത്തിലെ മുഖ്യമന്ത്രിമാരുടെ ഓഫിസിനെക്കുറിച്ചു ഉയർന്നിട്ടുള്ള വിവാദങ്ങളെക്കുറിച്ചും പരാമർശിക്കാതെ പോകാനാവില്ല, പ്രത്യേകിച്ചും മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസ് പാർട്ടിയുടെ നിയന്ത്രണത്തിൽ അല്ലെന്ന ആക്ഷേപം നമ്മുടെ മാധ്യമ സുഹൃത്തുക്കൾ ഉന്നയിക്കുന്ന ഈ സാഹചര്യത്തിൽ. 1996 ലെ ഇ കെ നായനാർ മന്ത്രിസഭയും അന്ന് മത്സരിക്കാതിരുന്നിട്ടും നായനാർ വീണ്ടും മുഖ്യമന്ത്രിയായ കഥയും ഒന്നും പ്രിയ മാധ്യമ സുഹൃത്തുക്കൾ മറന്നിരിക്കാൻ ഇടയില്ല. അന്നും പാർട്ടി നിയോഗിച്ച ഒരു പൊളിറ്റിക്കൽ സെക്രട്ടറി ഉണ്ടായിരുന്നു നായനാർക്ക്. വലിയ കുഴപ്പങ്ങൾ ഒന്നുമില്ലാതെ കാര്യങ്ങൾ മുന്നോട്ടു പോകുന്നന്നതിനിടയിൽ ആയിരുന്നു കല്ലുവാതുക്കൽ മദ്യ ദുരന്തവും തുടർന്ന് അന്ന് പൊളിറ്റിക്കൽ സെക്രട്ടറി ആയിരുന്ന പി ശശിയെ പ്രതിക്കൂട്ടിൽ നിറുത്തുക വഴി നായനാരുടെ ഓഫിസിനെതിരായ ആക്രണവും. കേസിൽ അറസ്റ്റിലായ മണിച്ചന്റെ സഹോദരി നളിനിയെ കൂട്ടുപിടിച്ചായിരുന്നു അക്കാലത്തെ ആക്രമണം. എന്നാൽ സർക്കാരിനോ ആരോപണ വിധേയനായ പൊളിറ്റിക്കൽ സെക്രെട്ടറിക്കോ എതിരെ ഒന്നും തെളിയിക്കാൻ പറ്റാതെ വന്നപ്പോൾ മാധ്യമങ്ങളും സൗകര്യപൂർവം നളിനിയെ മറന്നു. പിന്നീട് വി എസ് അച്യുതാന്ദൻ മുഖ്യമന്ത്രി ആയപ്പോൾ സി പി എമ്മിലെ വിഭാഗീയത മുതലെടുത്തു എ കെ ജി സെന്ററിൽ നിന്നുള്ള ചാരക്കഴുകന്മാർ മുഖ്യമന്ത്രി ഓഫീസിനെ വട്ടമിട്ടു പറക്കുന്നു എന്നതായിരുന്നു പുതിയ കണ്ടുപിടുത്തം. അപ്പോഴും ആ പഴയ 'വികസന വിരുദ്ധനെ', പാർട്ടിക്കുള്ളിലും പുറത്തും ' വെട്ടിനിരത്തൽ ' നടത്തുന്ന വി എസ്സിനെ, മൂന്നാറിലെ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ നടത്തിയ നീക്കത്തിന്റെ പേരിൽ വെട്ടി നിരത്താൻ ശ്രമിച്ച, മാധ്യമങ്ങൾ അന്നും എഴുതി പൊലിപ്പിച്ചത് പാർട്ടിക്ക് പിടി വിട്ടുപോയ ഒരു മുഖ്യമന്ത്രിയെക്കുറിച്ചും അദ്ദേഹത്തിന്റെ ഓഫിസിനെക്കുറിച്ചും ആയിരുന്നു. Also Read: 'സൂപ്പര്‍ മുഖ്യമന്ത്രി'; വിവാദമുയര്‍ന്നപ്പോള്‍ പോലും പിണറായി ചേര്‍ത്ത് നിര്‍ത്തി; ശിവശങ്കറെന്ന 'അവതാരം' പുറത്താകുമ്പോള്‍ഇപ്പറഞ്ഞത് കൊണ്ടൊന്നും മുഖ്യമന്ത്രി പിണറായി വിജയനോ അദ്ദേഹത്തിന്റെ ഓഫിസോ കേരളത്തിലെ ഇടതു സർക്കാരോ എന്തെങ്കിലും പരിരക്ഷ അർഹിക്കുന്നു എന്നു അർത്ഥമില്ല. ഇനി അങ്ങനെ ഉണ്ടെങ്കിൽ തന്നെ അത് കോവിഡ് പ്രതിരോധത്തിൽ ഒരു സർക്കാർ ചെയ്യുന്നതും എന്നാൽ ആ ഉദ്യമത്തെ ഏതുവിധേനയും തകർത്തു അധികാരത്തിൽ എത്താം എന്നു കരുതുന്ന ചിലരുടെ ആശക്കൊപ്പം നടത്തുന്ന കാര്യമറിയാതെ എന്ന നാട്യത്തിലുള്ള , കുറച്ചുകൂടി പച്ചക്കു പറഞ്ഞാൽ വിവാദം വിറ്റു ജീവിക്കുന്ന മാധ്യമ സംസ്കാരത്തെക്കുറിച്ചു മാത്രമാണെന്ന് കരുതിയാൽ മതി. മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെ വന്നിട്ടുള്ള എല്ലാ ആക്ഷേപങ്ങളും അന്വേഷിക്കപ്പെടട്ടെ. സ്വർണക്കടത്തു അന്വേഷിക്കുന്ന എൻ ഐ എ അക്കാര്യം മാത്രമല്ലല്ലോ അതിൽ മുഖ്യമന്ത്രിയുടെ ഓഫിസ് അടക്കം അന്വേഷണ വിധേയമാകുമല്ലോ. അതിനിടയിൽ നമ്മൾ പാവം മാധ്യമ പ്രവർത്തകർ എന്തിനു മുഖ്യമന്ത്രിയുടെ ഓഫിസ് അഴിച്ചുപണി എന്നൊക്കെ പറഞ്ഞു വെറുതെ കൊല്ലക്കുടിയിൽ സൂചി വിൽക്കാൻ ശ്രമിക്കണം? രാജാവ് നഗ്നനെങ്കിൽ അത് വിളിച്ചുപറയാനുള്ള അവകാശം നമ്മുടേത് തന്നെയാണെന്ന ഉത്തമ ബോധ്യം ഉള്ളപ്പോഴും അത് പണയപ്പെടുത്തുന്ന ഏർപ്പാട് യഥാർത്ഥ മാധ്യമ പ്രവർത്തനം അല്ലെന്നുകൂടി ഓര്‍മ്മപ്പെടുത്താൻ ആഗ്രഹിക്കുന്നു. എനിക്കും നിങ്ങൾക്കും ബോധ്യമുള്ള നമ്മുടെ മാധ്യമ കോർപറേറ്റുകളുടെ താല്പര്യങ്ങൾക്കും അപ്പുറം ഒരു പൊതുബോധം ഉണ്ടെന്ന കാര്യവും മറക്കരുത്. Also Read: മുഖ്യമന്ത്രിയുടെ മനസ്സിലാകായ്കയില്‍ കോടിയേരിക്ക് അത്ഭുതം, 'പാര്‍ട്ടിക്ക് ആരെയും ഭയമില്ല, സിപിഎമ്മില്‍ അപ്രമാദിത്തമില്ല'(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


കെ എ ആന്റണി

കെ എ ആന്റണി

മാധ്യമ പ്രവര്‍ത്തകന്‍

Next Story

Related Stories