TopTop
Begin typing your search above and press return to search.

ടി എന്‍ നൈനാന്‍ എഴുതുന്നു: കോവിഡ് കുറയുന്നു, നല്ല വാര്‍ത്ത, നമ്മുടെ സമ്പദ് വ്യവസ്ഥയുടെ പോക്ക് എങ്ങോട്ടേക്കാണ്?

ടി എന്‍ നൈനാന്‍ എഴുതുന്നു: കോവിഡ് കുറയുന്നു, നല്ല വാര്‍ത്ത, നമ്മുടെ സമ്പദ് വ്യവസ്ഥയുടെ പോക്ക് എങ്ങോട്ടേക്കാണ്?


നീണ്ട ഏഴ് മാസങ്ങൾക്കു ശേഷം വാർത്താ വൃത്താന്തങ്ങൾ പൊസിറ്റീവായിരിക്കുന്നു. കോവിഡ് 19 പ്രതിദിന വ്യാപനം കുറയാൻ തുടങ്ങി. ആക്ടീവ് കേസുകളുടെ എണ്ണത്തിൽ കാര്യമായ കുറവ് വന്നിരിക്കുന്നു. ദൈനംദിന മരണനിരക്കിലും കുറവുണ്ട്. ധൃതിപ്പെട്ടുള്ള അടച്ചിടലും, അതെത്തുടർന്നുണ്ടായ വൻ സാമ്പത്തിക തകർച്ചയും, മനുഷ്യരനുഭവിച്ച കെടുതികളുമെല്ലാം അവ സംഭവിച്ച നിമിഷങ്ങളിലെ വ്യാപ്തിയിലും ആഴത്തിലും ഇനിയൊരിക്കലും നിലനിൽക്കുന്നില്ലെന്നും അർത്ഥമുണ്ട് മഹാമാരിയുടെ ഈ പരിണതിക്ക്. കൂടുതലാളുകൾ രോഗക്കിടക്കയിൽ നിന്ന് തിരിച്ചുവന്നിരിക്കുന്നു. സാമ്പത്തികപ്രവർത്തനങ്ങൾ ഓരോ വിഭാഗങ്ങളിലായി സജീവമായിക്കൊണ്ടിരിക്കുന്നു. ചിലത് മുൻ മാസങ്ങളെ അപേക്ഷിച്ച് താരതമ്യേന മെച്ചപ്പെട്ടു. മറ്റുചിലത് മുൻ വർഷങ്ങളിലേതിന് സമാനമെന്ന് പറയാവുന്ന സജീവത കണ്ടെത്തി. ഓഹരിവിലകളും കാര്യമായി ഉയരുന്നു. സെൻസെക്സ് ഇപ്പോഴും മുമ്പത്തെ നിലയിലും താഴെയാണ് നിൽക്കുന്നത്. എന്നാലതത്ര സാരമായതല്ല.

ഇതിനെല്ലാമർത്ഥം റിസർവ് ബാങ്കിന്റെ നടപ്പുവർഷത്തെ പ്രതീക്ഷിത വളർച്ചാരേഖയിൽ അടിവരയിട്ട് പറഞ്ഞതില്‍ നിന്നും കാര്യങ്ങള്‍ക്ക് പെട്ടെന്ന് വലിയ മാറ്റമുണ്ടായെന്നല്ല. എൽ അലാമീനിലെ ബ്രിട്ടിഷ് വിജയത്തിനു ശേഷം ചർച്ചിൽ, രണ്ടാംലോകയുദ്ധം അവസാനിക്കാൻ ഇനിയും 3 വർഷം ശേഷിക്കെ പറഞ്ഞ വാക്കുകൾ ഇവിടെ പ്രസ്താവ യോഗ്യമാണ്: "ഇത് അവസാനമല്ല. ഇത് അവസാനത്തിന്റെ തുടക്കം പോലുമല്ല. ഇതൊരുപക്ഷെ, ആരംഭത്തിന്റെ അവസാനമാകാം." മഹാമാരി പുറപ്പെട്ട് ഏഴുമാസം പിന്നിടുമ്പോൾ പല വ്യക്തികൾക്കും ബിസിനസ്സുകൾക്കും ഇതിലപ്പുറമാകാം കാര്യങ്ങൾ.

നിലവിലെ ലോ-ബേസ് ഇഫക്ട് അവസാനിക്കുന്നതു വരെ സാമ്പത്തികവ്യവസ്ഥയുടെ ചുരുക്കം തുടരുമെന്ന് കരുതുക. കോവിഡിനു മുമ്പുള്ള സ്ഥിതിയിലേക്ക് സാമ്പത്തികവ്യവസ്ഥ എത്തണമെങ്കിൽ 2022 വരെ പോകേണ്ടി വരും. അതും അവിടെ അവസാനിക്കുകയാണെങ്കിൽ മാത്രം. സാമ്പത്തിക വിനിമയ മേഖലയും യാത്രാ മേഖലകളുമെല്ലാം ആഴമേറിയ പ്രശ്നങ്ങളിൽ അകപ്പെട്ട നിലയിൽ തന്നെയാണുള്ളത്. ബിസിനസ് പരാജയങ്ങളുടെ വ്യാപ്തി കുറച്ചുകാലത്തേക്ക് നമ്മളറിഞ്ഞെന്നു വരില്ല. കോർപറേറ്റ് മേഖലയെ സംബന്ധിച്ചിടത്തോളം ജൂലൈ-സെപ്തംബർ പാദത്തിൽ മുൻ പാദത്തെ അപേക്ഷിച്ച് മെച്ചമുണ്ടാകുമെന്ന കാര്യത്തിൽ സംശയമില്ല. ഇത് മാധ്യമവാർത്തകളിലൂടെ പുറത്തുവരുമ്പോൾ ആശാവഹമായ അന്തരീക്ഷം സൃഷ്ടിക്കപ്പെടുകയും ചെയ്യും.

മനുഷ്യശരീരം വേദന അവസാനിക്കുന്ന ഘട്ടത്തിൽ തന്നെ ആശ്വാസമനുഭവിക്കുന്നു. എന്നാൽ വിചിത്രമെന്നു പറയട്ടെ മനുഷ്യമസ്തിഷ്കം വേദനകളെ ഓർത്തുവെക്കുന്നു. ബിസിനസ്സുകൾ പൂർവസ്ഥിതിയിലാകുകയും തൊഴിൽ തിരിച്ചു കിട്ടുകയും ചെയ്താലും അത് മനസ്സുകളിലുണ്ടാക്കിയ പോറലുകൾ അവശേഷിക്കും. ദൈർഘ്യമേറിയ, വൈഷമ്യങ്ങൾ നിറഞ്ഞ ഏന്തിനടത്തങ്ങൾ. ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകളിന്മേൽ വരുത്തിയ വിട്ടുവീഴ്ചകൾ. വലിയ നഗരങ്ങളിലെ പ്രതീക്ഷാനിർഭരമായ ജോലികളിൽ നിന്നും പലായനം ചെയ്ത് നാട്ടിലെ തൊഴിലുറപ്പ് സൈറ്റുകളിൽ പണിയെടുക്കേണ്ടി വന്നത്. നിക്ഷേപം നടക്കാതെ സേവിങ്സ് വളരുമ്പോൾ ഉപഭോക്താക്കൾക്ക് ഈടുവെയ്പ് പ്രവണത കൂടും. തന്നിമിത്തം കറന്റ് അക്കൌണ്ട് മിച്ചം സൃഷ്ടിക്കപ്പെടുന്നു. ബാങ്കുകൾ സ്വാഭാവികമായും റിസ്കെടുക്കാൻ വിമുഖത കാണിക്കും. മറ്റൊരുതരത്തിൽ, നിരവധി പേർ തങ്ങളുടെ പഴയ ജീവിതത്തിലേക്ക് മടങ്ങിയതോടെ അവരെ തിരിച്ചെത്തിക്കാൻ കമ്പനികൾക്ക് ഇൻസെന്റീവുകൾ നൽകേണ്ടതായി വരുന്നു.

ഈ ഘട്ടത്തിൽ സർക്കാരിന്റെ പ്രവർത്തനങ്ങൾ എത്രത്തോളം വിശ്വാസ്യതയുള്ളതായാണ് കാണപ്പെടുന്നത്? സർക്കാരിന്റെ സാമ്പത്തികശാസ്ത്രജ്ഞർ ഇപ്പോഴും പ്രതിരോധിച്ചു കൊണ്ടിരിക്കുന്നുണ്ടെങ്കിലും ചെയ്യുമ്പോൾ അന്തിമഫലം വിശാലമായി താരതമ്യം ചെയ്യാനാകുന്ന പാകിസ്താൻ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളെ അപേക്ഷിച്ച് അതീവദയനീയമാണ്. മഹാമാരിയുടെ കാര്യത്തിലാണെങ്കിലും സാമ്പത്തികവ്യവസ്ഥയുടെ കാര്യത്തിലാണെങ്കിലും അത് ശരിയാണ്. കുടിയേറ്റ തൊഴിലാളികളെ പരിഗണിച്ചുള്ളതായിരുന്നില്ല അടച്ചിടൽ. തൊഴിൽ നഷ്ടപ്പെട്ട ദശലക്ഷക്കണക്കിനാളുകൾക്ക് സർക്കാരിന്റെ പിന്തുണ ലഭിക്കുകയുണ്ടായില്ല. ഇതിനെയെല്ലാം പ്രതിരോധിക്കുക എളുപ്പമാകില്ല.

സർക്കാർ പക്ഷെ, ദീർഘകാല പ്രശ്നങ്ങളെ പരിഹരിക്കാനുള്ള ശ്രമങ്ങളിലാണ്. ആത്മനിർഭർ പാക്കേജിന്റെ ഭാഗങ്ങളെ, ഉൽപാദന ഇളവുകളോടും താരിഫ് ഇളവുകളോടും തുന്നിച്ചേർത്തു. വ്യാപകമായി സ്വീകരിക്കപ്പെട്ട ശാസ്ത്രസിദ്ധാന്തങ്ങൾക്കും നിരവധി രാജ്യങ്ങളും അനുഭവങ്ങൾക്കും വിലകൊടുക്കാതെയാണ് ഈ സമീപനം സർക്കാർ സ്വീകരിച്ചത്. ഇറക്കുമതി നിയന്ത്രണമേർപ്പെടുത്തി ആഭ്യന്തര ഉൽപ്പന്നങ്ങൾക്ക് വിപണി കണ്ടെത്താനുള്ള സാധ്യത എപ്പോഴുമുണ്ടായിരുന്നു. നിക്ഷേപ മാന്ദ്യത്തിനിടയിൽ ചൈനയിൽ നിന്ന് കമ്പനികൾ ഇന്ത്യയിലേക്ക് നീങ്ങുന്നുവെന്നും ഇന്ത്യയിൽ ഇലക്ട്രോണിക് അസംബ്ലി തുടങ്ങുന്നുവെന്നുമുള്ള നല്ല വാർത്തകൾ കേട്ടിരുന്നു. ഇതിൽ സാംസങ് നല്ലൊരു ഉദാഹരണമാണ്. ഇന്ത്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് ഇവർ വിയറ്റ്നാമിലേക്ക് പോയി. ഇന്ത്യയിലേക്ക് നേരത്തെ സാംസങ് ഉൽപന്നങ്ങളുടെ കയറ്റുമതി നടന്നിരുന്ന രാജ്യത്തേക്കുള്ള ഈ തിരിച്ചുപോക്ക് ഒരുതരം ശവത്തിൽകുത്തായിരുന്നു. ഇപ്പോൾ അവർ തിരിച്ചുവരികയാണ്.

കാർഷിക മാർക്കറ്റിങ്, തൊഴിൽ സാഹചര്യങ്ങൾ എന്നിവയിലെ പുതിയ ആലോചനകൾ അവസരങ്ങൾ തുറന്നു തരും. മൈനിങ്ങിന്റെയും പ്രതിരോധ ഉപകരണ നിർമാണത്തിന്റെയും നയങ്ങളിൽ മാറ്റം വരുത്തി. അകത്തും പുറത്തു നിന്ന് വമ്പന്മാരുടെ യുദ്ധകാഹളത്തിനിടയിലും ഡിജിറ്റൽ സാമ്പത്തിക വ്യവസ്ഥയുടെ ചട്ടങ്ങളുടെ കരട് തയ്യാറായിക്കൊണ്ടിരിക്കുന്നു. ഇതൊരു സുപ്രധാനമായ നയ-നിയമനിർമാണ നീക്കമാണ്. ആദ്യത്തെ അബദ്ധസാഹസങ്ങൾക്കുശേഷം സാമ്പത്തിക വ്യവസ്ഥയിൽ കൃത്യമായി കേന്ദ്രീകരിക്കാൻ മോദി സർക്കാർ അതിന്റെ രണ്ടാംശ്രമം നടത്തുകയാണ്. ഫലങ്ങളെക്കുറിച്ച് അനിശ്ചിതത്വമുണ്ടാകാം. അതിന്റെ വിജയം പരസ്പരബന്ധിതമായ നിരവധി പ്രക്രിയാ പരിണാമങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. വൃഥാ പ്രഖ്യാപനങ്ങളിൽ വിജയം ഇരിക്കുന്നില്ല. നല്ലതിനു വേണ്ടി പ്രതീക്ഷിക്കുകയാണ് വേണ്ടത്.
(ദി പ്രിന്‍റുമായുള്ള കണ്ടന്‍റ് പര്‍ട്ണര്‍ഷിപ്പിന്റെ ഭാഗമായി ഐ പി എം എസ് എഫിന്റെ അനുവാദത്തോടെ പ്രസിദ്ധീകരിക്കുന്നത്)


ടി.എന്‍ നൈനാന്‍

ടി.എന്‍ നൈനാന്‍

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍, ബിസിനസ് സ്റ്റാന്‍ഡാര്‍ഡ് പ്രൈ. ലിമിറ്റഡ് ചെയര്‍മാന്‍

Next Story

Related Stories