TopTop
Begin typing your search above and press return to search.

പ്രവാസികള്‍ കോവിഡിനെ എങ്ങനെ അതിജീവിക്കുന്നു? പുറത്തു വരുന്ന കണക്കുകള്‍ ശരിയോ? പത്തു കൊല്ലം ഗള്‍ഫില്‍ ജോലി ചെയ്ത ഒരു മാധ്യമ പ്രവര്‍ത്തകന്റെ ആധികള്‍

പ്രവാസികള്‍ കോവിഡിനെ എങ്ങനെ അതിജീവിക്കുന്നു? പുറത്തു വരുന്ന കണക്കുകള്‍ ശരിയോ? പത്തു കൊല്ലം ഗള്‍ഫില്‍ ജോലി ചെയ്ത ഒരു മാധ്യമ പ്രവര്‍ത്തകന്റെ ആധികള്‍

ഗൾഫിൽ പത്രപ്രവർത്തകനായി പത്തു കൊല്ലം പണിയെടുത്തതുകൊണ്ട് എന്റെ ചിന്തകളും പ്രവർത്തികളും ഗൾഫുമായിട്ടു ചുറ്റിപ്പറ്റിയാണ്. ഈ കെട്ട കോവിഡ് കാലത്തും.

ഗൾഫിലെ പത്രപ്രവർത്തകർ എന്ന് പറഞ്ഞാൽ രണ്ടു തരമുണ്ട്. ഒന്ന്, അവിടത്തെ ഇന്ത്യൻ മുതലാളിമാരുടെയും അറബ് രാജാവിന്റെയും ശെയ്‌ഖ്‌മാരുടെയും ലാപ് ഡോഗ് ആയിരിക്കുക. രണ്ടാമത് ലാപ് ഡോഗ് അല്ലാതെ ഇരിക്കുക. അതായത് കുരയ്ക്കുക. കടിക്കുക. ചുരുക്കിപ്പറഞ്ഞാൽ വാർത്തകൾ ചെയ്യുന്ന പത്രപ്രവർത്തകൻ ആയിരിക്കുക എന്നുള്ളത്.

അറബ് രാജ്യത്തെ പത്രസ്വാതന്ത്ര്യം വെച്ച് രണ്ടാമത്തെ ഗണത്തിൽപ്പെട്ടാൽ വലിയ ബുദ്ധിമുട്ടാണ് ജോലി. അറസ്റ്റ് ചെയ്യപ്പെടാം. നാട് കടത്തപ്പെടാം. രണ്ടാമത്തെ ഗണത്തിൽപ്പെട്ട പത്രപ്രവർത്തകനാണ് ഞാൻ. അറസ്റ്റു ചെയ്യപ്പെട്ടു, നാട് കടത്തപ്പെട്ടു.

പത്തു കൊല്ലത്തിൽ അധികവും ചെയ്‌തത്‌ നമ്മുടെ നാട്ടിൽ നിന്നും ചെറിയ ശമ്പളത്തിന് 50 ഡിഗ്രി സെൽഷ്യസിൽ വെയിലത്ത് പണിയെടുക്കുന്നവരുടെ വാർത്തകൾ ആയിരുന്നു. ഒപ്പം വീട്ടുപണിക്കു വന്ന് അറബിയുടെ വീട്ടിൽ 20 മണിക്കൂറോളം അടിമപ്പണിയെടുക്കേണ്ടി വരുന്ന ഇന്ത്യൻ, ലങ്കൻ, ഫിലിപ്പിനോ സ്ത്രീകളുടെ വാർത്തകൾ ആയിരുന്നു.

വാർത്തകളുടെ എണ്ണം കൂടിയപ്പോൾ അറബ് സർക്കാർ വിളിച്ചു വരുത്തി ചീട്ടു കീറി വിട്ടു. അവിടെ നിന്ന് തിരിച്ചു വന്നിട്ട് മൂന്നുകൊല്ലം ആകാൻ പോകുന്നു. പക്ഷെ ആദ്യം എഴുതിയ പോലെ ഇപ്പോഴും ആ തൊഴിലാളികളെ കുറിച്ചുള്ള ചിന്ത മാത്രം. ഈ കെട്ട കാലത്തു പ്രത്യേകിച്ച്...

ആ തൊഴിലാളികളുടെ ക്യാംപുകളിൽ സ്ഥിരം സന്ദർശകനായിരുന്നു ഞാൻ. പലപ്പോഴും ചില രാത്രികളിൽ അവിടെ ഉറങ്ങിയിട്ടും ഉണ്ട്. പത്തു പേര് കിടക്കാനുള്ള സൗകര്യത്തിൽ കുറഞ്ഞത് 15 പേര് കിടക്കും. അപ്പോൾ എന്നെ പോലെ ഒരാളും കൂടി വന്നാൽ അവർക്കു അതൊരു പ്രശ്നം അല്ല. പായും ചൈനീസ് പുതപ്പും പാകിസ്ഥാനി തരും. അതിർത്തികൾ ഇല്ലാത്ത ലോകം.

ക്യാമ്പ് എന്ന് പറയുമ്പോൾ അവിടെ മലയാളികൾ മാത്രമല്ല. ഉത്തരേന്ത്യനും പാകിസ്ഥാനിയും ഫിലിപ്പീനോയും നേപ്പാളിയും ലങ്കനും ഒക്കെ കാണും.

കോവിഡ് പിടിപെടാതിരിക്കാൻ വേണ്ടത് ശുചിത്വം ആണല്ലോ. അത് പ്രതീക്ഷിക്കുകയേ വേണ്ട, അറബ് നാട്ടിലെ തൊഴിലാളി ക്യാമ്പുകളിൽ. അതുകൊണ്ട് കൊറോണ വൈറസ് ചൈനയിലും ഇറാനിലും ആളെ കൊല്ലാൻ തുടങ്ങിയപ്പോൾ തന്നെ എനിക്ക് ഗൾഫിലെ നമ്മുടെ തൊഴിലാളികളെ കുറിച്ച് ഓർത്ത് ആശങ്ക കൂടി.

പലരെയും വിളിക്കാൻ തുടങ്ങി. 'ചേട്ടാ കുഴപ്പമില്ല' എന്ന് മലയാളി സുഹൃത്തുക്കൾ പറഞ്ഞപ്പോൾ 'ഭായിജാൻ അള്ളാ കെ ഖുദാ സെ അഭി തക് സബ് ടീക് ഹെ', ബംഗാളി തൊഴിലാളി പറഞ്ഞു.

ആകെ 5.5 കോടി ജനസംഖ്യയുള്ള ആറ് അറബ് രാജ്യങ്ങളിൽ 3.5 കോടി തൊഴിലാളികൾ ആണുള്ളത്. എല്ലാവരും കഫാല എന്ന തൊഴിൽ നിയമത്തിലാണ് ജോലി ചെയ്തിരുന്നത്. ഒരുതരത്തിലുമുള്ള ഒരു തൊഴിൽ അവകാശങ്ങളും മാനിക്കാത്ത തൊഴിൽ സംവിധാനങ്ങളാണ് കഫാല. കൃത്യമായ കൂലിയും കൊടുക്കില്ല. ചോദിച്ചാൽ ദ്രോഹിക്കും. എംബസികളിൽ പോയാൽ അവിടെ നിന്നും കാര്യമായ സഹായം കിട്ടില്ല. അങ്ങനെയുള്ള തൊഴിലാളിക്ക് കോവിഡ് പിടിപെട്ടാൽ എന്ത് സംഭവിക്കും? പേടി മാത്രം.

അങ്ങനെ ഫെബ്രുവരി അവസാനമായതോടുകൂടി അവിടെ സ്ഥിതിഗതികൾ കൈവിട്ടു പോകുമെന്ന് എനിക്ക് മനസിലായി. ഇറാനിലെ മരണസംഖ്യ പുറത്തു വരാൻ തുടങ്ങി. പക്ഷെ ഗൾഫിൽ മാത്രം കേസുകൾ പുറത്തറിയുന്നില്ല.

ഗൾഫിൽ ഉള്ളവർ കച്ചവട ആവശ്യങ്ങള്‍ക്കായി ചൈനയിലും ഇറാനിലുമാണ് എപ്പോഴും പോകുന്നത്. പക്ഷെ മാർച്ച് ആദ്യ വാരം ആയിട്ടും ഒരൊറ്റ കേസും റിപ്പോർട്ട് ചെയ്യപ്പെട്ടില്ല. അല്ലെങ്കിലും ഗൾഫിൽ അങ്ങനെ ആണ്. എല്ലാം 'കുല്ലു തമാം' (കുഴപ്പമില്ല) ആണ്.

അങ്ങനെ ഇരിക്കെ, കുറച്ചു മത്സ്യത്തൊഴിലാളികൾ ഇറാനിലെ ദ്വീപിൽ കുടുങ്ങിയെന്നു പറഞ്ഞ്, തിരുവനന്തപുരത്തെ ബിഷപ്പ് ഹൌസിൽ നിന്നും ഒരു സിസ്റ്റർ എന്നെ വിളിച്ചു. പതിവുപോലെ എന്റെ നമ്പർ കൊടുത്ത് എന്നെ വിളിക്കാൻ പറഞ്ഞു. രാത്രി ഏറെ വൈകിയത് കൊണ്ട് കിടന്നു. പ്രതീക്ഷിച്ച പോലെ രാവിലെ തന്നെ ഒരു വിഡിയോയും മെസേജും കുറച്ചു ചിത്രങ്ങളും ഉണ്ടായിരുന്നു. കണ്ടപ്പോൾ സങ്കടം വന്നു, തിരിച്ചു വിളിച്ചു. കാര്യങ്ങൾ കേട്ടു. പട്ടിണിയിൽ ആണെന്ന് അവർ പറഞ്ഞു. വാർത്ത ചെയ്തു. ട്വീറ്റ് ചെയ്തു. ടാഗ് ചെയ്യേണ്ടവരെ ടാഗ് ചെയ്തു. അപേക്ഷ എഴുതി. സർക്കാരിന് അയച്ചു. മണിക്കൂറിനുള്ളിൽ പ്രതികരണം ഉണ്ടായി. അവർ പല ദ്വീപുകളിലായി 731 പേരുണ്ടായിരുന്നു. വാർത്തയുടെയും അപേക്ഷയുടെയും ഫലം. അവർക്കു ഭക്ഷണം കിട്ടി. കോവിഡ് കാലത്തെ സന്തോഷം.

ഇറാനില്‍ കുടുങ്ങിപ്പോയ കോഴിക്കോട് നിന്നുള്ള സ്ത്രീയുടെ സഹായാഭ്യര്‍ഥനയ്ക്കും പോസിറ്റീവ് ഫലം ഉണ്ടായി. വിസ മാറ്റത്തിനായി ഒമാനില്‍ നിന്നും ഇറാനിലേക്ക് പോയതായിരുന്നു അവര്‍. ഒമാനില്‍ നിന്നുള്ള സുഹൃത്തുക്കള്‍ അവര്‍ക്ക് ആവശ്യമായ സാമ്പത്തിക സഹായം നല്‍കി. കൂടാതെ കേരളത്തില്‍ നിന്നുള്ള ഒരു നല്ല മനുഷ്യന്‍ ഇറാനിലെ ദ്വീപില്‍ നിന്നും മെയിന്‍ ലാന്‍ഡിലേക്ക് വരാനുള്ള സൌകര്യം അവര്‍ക്ക് ചെയ്തു കൊടുത്തു.

ഇതോടെ ഗൾഫിൽ നിന്നും വിവരങ്ങൾ കിട്ടിത്തുടങ്ങി.

കോവിഡ് കേസുകളുടെ എണ്ണം വളരെ കുറവ്. അറിയാവുന്ന സുഹൃത്തുക്കളോടൊക്കെ അവിടെയും ബ്രേക്ക് ദി ചെയിൻ ചെയ്യാൻ പറഞ്ഞു. സാമൂഹിക സംഘടനകളോട് പറഞ്ഞു. ചിലര് മുന്നോട്ടു വന്നു. 1000 പേരടങ്ങുന്ന രണ്ടു കമ്പനികളിലെ സിഇഓമാർ അവരുടെ കമ്പനിയിൽ മാസ്ക്, ഹാൻഡ് സാനിറ്റൈസര്‍ ഒക്കെ കൊടുത്തു; എന്റെ അപേക്ഷയിൽ. കോവിഡ് കാലത്തെ സന്തോഷം.

പക്ഷെ, ദോഷം പറയരുത്. ലോക കേരള സഭ എന്തെങ്കിലും ചെയ്തോ എന്ന് ആർക്കും അറിയില്ല; എനിക്കും. ഒപ്പം ട്വിറ്ററിലൂടെ പ്രസ്താവനകൾ ഇറക്കിയതല്ലാതെ എംബസികളും ഒന്നും ചെയ്തില്ല എന്ന് തന്നെ പറയാം. കോവിഡ് കാലത്തെ അരിശം.

ക്യാമ്പുകളിലെ പോലെ തന്നെയാണ് ഫ്‌ളാറ്റുകളിലും കുടിയേറ്റ തൊഴിലാളികൾ താമസിക്കുന്നത്. 5 പേർക്ക് താമസിക്കാവുന്ന സ്ഥലത്ത് 10 പേര് താമസിക്കും. അത്തരം സ്ഥലങ്ങളിൽ ബ്രേക്ക് ദി ചെയിൻ ഇല്ലാത്തതിന്റെ ആശങ്ക എനിക്കുണ്ടായിരുന്നു. എന്റെ ആശങ്ക ശരിവെയ്ക്കുന്ന വിധത്തിലാണ് ദുബൈയിലെ നൈഫിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്.

കുടിയേറ്റ തൊഴിലാളികളുടെ കാര്യത്തിൽ അറബ് രാജ്യങ്ങൾ എപ്പോഴും ഉപേക്ഷ വിചാരിക്കാറെ ഉള്ളൂ. അതിനുള്ള തെളിവാണ് കഴിഞ്ഞ ആഴ്ച മാത്രമാണ് നൈഫിൽ താമസിക്കുന്ന കുടിയേറ്റ തൊഴിലാളികൾക്ക് വേണ്ടി കോവിഡ് പരിശോധന നടത്തിയത്. നൈഫിലാണ് കേരളത്തിലേക്ക് വന്ന കോവിഡ് കേസുകളുടെ ഉറവിടം.

അവിടെ മാര്‍ച്ച് ആദ്യ വാരം തന്നെ ആരെങ്കിലും ഒരു ബ്രേക്ക് ദി ചെയിൻ ക്യാമ്പയിൻ ചെയ്തിരുന്നു എങ്കിൽ ഈ പ്രതിസന്ധി വരുമായിരുന്നോ?

ഏക്കറു കണക്കിനു സ്ഥലത്തുള്ള ക്യാമ്പുകൾ എല്ലാം കോവിഡ് ക്വാറന്‍റൈന്‍ ജയിലുകൾ ആയിട്ടുണ്ട്. അതിൽ എത്ര ഇന്ത്യക്കാർക്ക് അസുഖം ഉണ്ടെന്ന് ഇന്ത്യക്ക് അറിയില്ല. അല്ലെങ്കിൽ അറബ് രാജ്യങ്ങൾ പറയുന്നില്ല. അതാണ് പതിവ്.

ഒരു വിവരവും പുറത്തു വരുന്നില്ല. ആകെ 3500 കേസുകളും 23 മരണങ്ങളും ഈ ലേഖനം എഴുതുന്നത് വരെ ഉണ്ടായിട്ടുണ്ട്. പക്ഷെ എനിക്ക് ആ സംഖ്യകളിൽ വിശ്വാസമില്ല. രണ്ടാഴ്ച മുൻപ് ലോകാരോഗ്യ സംഘടന മേധാവിയും പറഞ്ഞിരുന്നു, ചില അറബ് രാജ്യങ്ങൾ സുതാര്യമല്ല എന്ന്. കോവിഡ് സംഖ്യകൾ സുതാര്യമല്ല എന്ന്.

ചെയ്യേണ്ടത് ചെയ്യേണ്ടവർ ചെയ്യാത്തതിൽ അരിശം വന്ന കാലമാണ് ഈ കെട്ട കോവിഡ് കാലം.

എല്ലാവര്‍ക്കും മൗനമായിരുന്നു. പലരോടും പറഞ്ഞു. പക്ഷെ കേട്ടവർ ചിലര്‍ മാത്രം. കേട്ടവർ ഒപ്പം നിന്നു. ചിലര്‍ കേൾക്കാത്ത മട്ടിൽ നടിച്ചു. ഇപ്പോഴും അരിശം തീരാത്ത കാലം. തൊഴിലാളികളെ ഓർത്തു സങ്കടം വരുന്ന കാലം. ഇനി വരുന്ന പ്രതിസന്ധികളെ ഓർത്തു ആശങ്ക കൂടുന്ന കാലം.

പക്ഷെ ഗൾഫിലെ തൊഴിലാളികൾക്ക് വേണ്ടി സംസാരിക്കാൻ പറ്റിയ കാലം. അങ്ങനെ കുറച്ചുപേരും ജീവിച്ചിരിപ്പുണ്ടെന്ന് ഇവിടെ ഉറക്കം നടിക്കുന്നവരെ ബോധിപ്പിക്കാൻ സാധിച്ച കാലം.

ഈ കെട്ട കാലം തീർന്നാൽ മതിയായിരുന്നു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories