TopTop
Begin typing your search above and press return to search.

ഒരു പക്ഷെ ആകാശത്തു നിന്ന് വീണ്ടും പുഷ്പ വൃഷ്ടി ഉണ്ടായേക്കാം, ഈ രാജ്യത്തെ പട്ടിണിപ്പാവങ്ങള്‍ മറ്റെന്ത് പ്രതീക്ഷിക്കാന്‍

ഒരു പക്ഷെ ആകാശത്തു നിന്ന് വീണ്ടും പുഷ്പ വൃഷ്ടി ഉണ്ടായേക്കാം, ഈ രാജ്യത്തെ പട്ടിണിപ്പാവങ്ങള്‍ മറ്റെന്ത് പ്രതീക്ഷിക്കാന്‍

ഒരു മുന്നറിയിപ്പുമില്ലാതെ ഉണ്ടായ ലോക് ഡൗൺ പ്രഖ്യാപനത്തെ തുടർന്ന് ദുരിതത്തിലായ ജനങ്ങൾ. സ്വന്തം നാട്ടിൽ നിന്നും വീട്ടിൽ നിന്നും കാതങ്ങൾ അകലെ കുടുങ്ങിപ്പോയ ലക്ഷക്കണക്കിന് ആളുകൾ. അവരുടെ കൂട്ടത്തിൽ കുടിയേറ്റ തൊഴിലാളികളും തൊഴിലിനും പഠനത്തിനും പരീക്ഷക്കും ചികിത്സ തേടിയും പോയവരുമുണ്ട്. നീണ്ട അമ്പതു ദിവസത്തിലേറെയായി അവർ കുടുങ്ങിക്കിടക്കുകയാണ്, തികച്ചും നിസ്സഹായരായി. അവരെ സ്വന്തം നാടുകളിലേക്കെത്തിക്കാൻ കൃത്യമായ സംവിധാനം ഇനിയും ആയിട്ടില്ല. ഏർപ്പെടുത്തിയ ട്രെയിനുകളുടെ എണ്ണം തന്നെ പരിമിതം. അതിനു തന്നെ പല സംസ്ഥാനങ്ങളും പച്ചക്കൊടി കാണിച്ചിട്ടില്ല. ട്രെയിനുകളിൽ കയറിപ്പറ്റണമെങ്കിൽ സ്വന്തം കീശയിൽ നിന്നും കാശ് നൽകണം. രാജ്യത്തിന് വെളിയിൽ കെണിഞ്ഞുപോയ പ്രവാസികളുടെ കാര്യവും കഷ്ട്ടം തന്നെ. തൊഴിൽ നഷ്ട്ടപ്പെട്ടവരുടെയും വീസാ കാലാവധി തീർന്നവരുടെയും ഗര്‍ഭിണികളുടെയും ഒക്കെ ഒരു നീണ്ട നിര തന്നെയുണ്ട് പ്രവാസികളുടെ കൂട്ടത്തിലും. അവരെ കൊണ്ടുവരാൻ വിമാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും അവയുടെ എണ്ണവും പരിമിതം. രക്ഷാ ദൗത്യത്തിനായി മൂന്ന് യുദ്ധക്കപ്പലുകൾ അയച്ചെങ്കിലും മാലിയിലേക്കു പോയ കപ്പലുകളാണ് തിരിച്ചെത്തിയിട്ടുള്ളത്. ദുബായ് തീരത്തേക്ക് പോയ ബാക്കി രണ്ടു കപ്പലുകളും അനുമതി ലഭിക്കാത്തതിനാൽ അവിടെ കുടുങ്ങിക്കിടക്കുന്നു. വിമാനത്തിലും യുദ്ധക്കപ്പലിലും മടങ്ങിവരുന്നവരും സ്വന്തം കീശയിൽ നിന്നും വലിയ തുക തന്നെ നൽകണം. 1990 ലെ കുവൈറ്റ് അധിനിവേശക്കാലത്തു ജോർദാനിൽ നിന്നും 1.7 ലക്ഷം ഇന്ത്യക്കാരെ ഒരണ പോലും വാങ്ങാതെ സുരക്ഷിതരായി മടക്കികൊണ്ടുവന്ന വി പി സിംഗ് സർക്കാരിന്റെ മാതൃക മുന്നിൽ ഉള്ളപ്പോഴാണ് അവശന്റെയും ആർത്തന്റെയും പോക്കറ്റ് കൊള്ളയടിക്കുന്ന ഈ ഏർപ്പാട് എന്നുകൂടി ഓര്‍ക്കേണ്ടതുണ്ട്.

ലോക് ഡൗൺ ദുരിതങ്ങൾക്കിടയിൽ ഇപ്പോൾ ഇതാ നടുക്കുന്ന ഒരു ദുരന്തവും. മഹാരാഷ്ട്രയിലെ ജൽനയിൽ നിന്നും മധ്യപ്രദേശിലേക്കു പുറപ്പെട്ട 16 കുടിയേറ്റ തൊഴിലാളികളാണ് മഹാരാഷ്ട്രയിലെ തന്നെ ദുസ്സവലിൽ ഒരു ഗുഡ്സ് ട്രെയിൻ കയറി ചതഞ്ഞരഞ്ഞു മരിച്ചത്. ദുസ്സവലിൽ നിന്നും മധ്യപ്രദേശിലേക്കു സ്പെഷ്യൽ ട്രെയിൻ ഉണ്ടെന്നു കേട്ട് 150 കിലോമീറ്റർ ദൂരം കാൽനടയായി എത്തിയവരാണ് ഇഴ ജന്തുക്കളെ ഭയന്ന് റെയിൽ പാളത്തിൽ കിടാനുറങ്ങവേ ഗുഡ്സ് ട്രെയിനിനടിയിൽ പെട്ട് മരിച്ചത്. ഉത്തരവാദിത്തപ്പെട്ട സർക്കാർ സംവിധാനങ്ങൾ വാഹനം ഏർപ്പെടുത്താതിരുന്നതിനാലാണ് ഈ ഹതഭാഗ്യര്‍ക്കും അവർക്കൊപ്പം ഉണ്ടായിരുന്ന മറ്റു കുടിയേറ്റ തൊഴിലാളികൾക്കും കാൽനടയായി 150 കിലോമീറ്റർ താണ്ടേണ്ടിവന്നത്. ലോക് ഡൗൺ പ്രഖ്യാപനത്തിനു ശേഷം കുടിയേറ്റ തൊഴിലാളികൾ കാൽനടയായി സ്വന്തം നാടുകളിലേക്ക് പലായനം ചെയ്യുന്ന കാഴ്ച ഇന്ത്യയിൽ ഇത് ആദ്യമായല്ല. കോവിഡിനെ പ്രതിരോധിക്കാനും മരണത്തെ പിടിച്ചുകെട്ടാനും വേണ്ടിയാണ് സംസ്ഥാന അതിര്‍ത്തികൾ അടച്ചതെന്നു പറയുമ്പോഴും ഡൽഹിയിലും ഗുജറാത്തിലും മധ്യപ്രദേശിലും മഹാരാഷ്ട്രയിലും തമിഴ്‍നാട്ടിലുമൊക്കെ രോഗബാധിതരുടെ എണ്ണം പെരുകുകയും മരണ സംഖ്യ ഉയരുകയുമാണ്. മധ്യപ്രദേശിലെ ഉജ്ജയിൻ മരണനിരക്കിന്റെ കാര്യത്തിൽ ഇറ്റലിയേക്കാൾ മുന്നിലാണെന്നാണ് മാധ്യമ റിപ്പോർട്ടുകൾ പറയുന്നത്. അവിടെ കോവിഡ് സ്ഥിരീകരിച്ച 220 പേരിൽ 62 പേര് ഇതിനകം മരിച്ചു കഴിഞ്ഞുവെന്നും മരണ നിരക്ക് 19.54 ശതമാനം ആണെന്നും റിപ്പോർട്ടുകൾ പറയുന്നു.

കൃത്യ സമയത്തു ലോക് ഡൗൺ പ്രഖ്യാപിക്കുക വഴി കൊറോണയെ പിടിച്ചു കെട്ടിയെന്നു വലിയ വായിൽ അവകാശപ്പെടുമ്പോഴും യഥാർത്ഥ ഇന്ത്യൻ അവസ്ഥ എത്രമേൽ ഭീതിതവും ദാരുണവുമായാണെന്നു അനുദിനം വ്യക്തമായിക്കൊണ്ടിരിക്കുന്നു. പക്ഷെ അപ്പോഴും വീമ്പു പറച്ചിലിനും വാഴ്ത്തുപാട്ടുകൾക്കും ഒരു കുറവുമില്ല എന്നത് അത്ഭുതം തന്നെ. പ്രശംസിക്കുന്നതും അഭിന്ദിക്കുന്നതുമൊക്കെ നല്ലതു തന്നെ. അർഹിക്കുന്നവർക്ക് അതൊക്കെ നൽകുന്നതിനെ ആരും തെറ്റുപറയില്ല. എന്നാൽ ഉത്തരവാദിത്വങ്ങൾ വേണ്ട രീതിയിൽ നിറവേറ്റാത്ത ഒരു സർക്കാരിനെയും അതിനെ നയിക്കുന്നവരെയും പ്രശംസകൾ കൊണ്ടു മൂടുന്നത് കാണുമ്പോൾ അത്ഭുതം മാത്രമല്ല അതിലേറെ പുച്ഛവും തോന്നുന്നു. കോവിഡ്-19 നെതിരായ പോരാട്ടത്തെ കേവലം ലോക് ഡൗൺ നീട്ടിക്കൊണ്ടുപോകലിലേക്കു ചുരുക്കിക്കെട്ടിയ നമ്മുടെ കേന്ദ്ര സർക്കാർ പ്രവാസി ഇന്ത്യക്കാരെ തിരികെ കൊണ്ടുവരുന്ന കടമയും തികഞ്ഞ ലാഘവത്തോടുകൂടി നിർവഹിക്കുമ്പോഴാണ് അഭിനന്ദനങ്ങളുടെ ഈ പെരുമഴ. ചില കേന്ദ്ര മന്ത്രിമാരുടെയും സംഘിക്കൂട്ടങ്ങളുടെയും വക തള്ളുകളും അകമ്പടിയായുണ്ട്. യാഥാർഥ്യ ബോധത്തോടെ കാര്യങ്ങളെ സമീപിക്കുന്ന ആരെയും ലജ്ജിപ്പിക്കാൻ പോന്നതാണ് ഇതൊക്കെ എന്ന് അവർ എന്നാണാവോ തിരിച്ചറിയുക? അതിഗുരുതരമായ പ്രതിസന്ധിയിലേക്കാണ് നമ്മുടെ രാജ്യം നീങ്ങുന്നതെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ നൽകുന്ന മുന്നറിയിപ്പ്. നോട്ടു നിരോധനത്തിലൂടെ ദുരിതക്കയത്തിലേക്കു വലിച്ചെറിയപ്പെട്ട സാധാരണക്കാരായ ജനങ്ങൾ തന്നെയാണ് അനന്തമായി നീളുന്ന ഈ ലോക് ഡൗണിന്റെയും ബലിയാടുകൾ. അല്ലെങ്കിലും കോടിക്കണക്കിനു രൂപയുടെ കടങ്ങൾ എഴുതിത്തള്ളി അതി സമ്പന്നരെയും വൻകിടകോര്‍പ്പറേറ്റുകളെയും സഹായിക്കാൻ കച്ചകെട്ടി ഇറങ്ങിയിട്ടുള്ള ഒരു ഭരകൂടത്തിൽ നിന്നും അതിനെ നയിക്കുന്നവരിൽ നിന്നും എന്ത് സഹായവും പരിഗണനയും നീതിയുമാണ് ഈ രാജ്യത്തെ സാധാരണക്കാരും പട്ടിണിപ്പാവങ്ങളും പ്രതീക്ഷിക്കേണ്ടത്? പ്രശസ്ത മാധ്യമ പ്രവർത്തകൻ ശേഖർ ഗുപ്ത ' ദി പ്രിന്റ് ' ൽ എഴുതിയതുപോലെ 'അവർ കേക്ക് തിന്നട്ടെ ' എന്ന മറുപടി തന്നെയാവും നമ്മുടെ നാട്ടിലെ പട്ടിണിപ്പാവങ്ങൾ കേൾക്കേണ്ടി വരിക. അപ്പോഴും പാത്രം കൊട്ടികളും ടോർച്ചടിക്കാരും ഗോമൂത്ര വിതരണക്കാരും സ്തുതി ഗീതങ്ങൾ ആലപിച്ചുകൊണ്ടേയിരിക്കും. ഒരു പക്ഷെ ആകാശത്തു നിന്ന് വീണ്ടും പുഷ്പ വൃഷ്ടിയും ഉണ്ടായേക്കാം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories