TopTop
Begin typing your search above and press return to search.

'പാപ'ത്തില്‍ നിന്ന് 'സമൂഹനന്മ'യിലേക്ക്; സ്വയംഭോഗത്തെക്കുറിച്ചുളള സങ്കല്‍പ്പങ്ങള്‍ ലോക്ഡൗണ്‍ മാറ്റിമറിക്കുമ്പോള്‍

പാപത്തില്‍ നിന്ന് സമൂഹനന്മയിലേക്ക്; സ്വയംഭോഗത്തെക്കുറിച്ചുളള സങ്കല്‍പ്പങ്ങള്‍ ലോക്ഡൗണ്‍ മാറ്റിമറിക്കുമ്പോള്‍

ന്യൂയോര്‍ക് നഗരത്തിലെ ആരോഗ്യവകുപ്പ് കൊറോണ കാലത്തെ ആരോഗ്യ പരിരക്ഷാ മാര്‍ഗ്ഗങ്ങളിലൊന്നായി സ്വയംഭോഗത്തെ നിര്‍ദ്ദേശിക്കുമ്പോള്‍ ചരിത്രത്തിലെ രസകരമായ ഒരു വിരോധാഭാസത്തിനാണ് നമ്മള്‍ സാക്ഷ്യം വഹിക്കുന്നത്. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പാണ് സ്വയംഭോഗത്തിന്റെ ഗുണഫലങ്ങളെ സംബന്ധിച്ചു പ്രസ്താവനകളിറക്കിയതിന് ന്യൂയോര്‍ക് ആരോഗ്യ വകുപ്പിലെ ഒരു ഉദ്യോഗസ്ഥയ്ക്ക് യാഥാസ്ഥിതിക ക്രിസ്ത്യന്‍ ഗ്രൂപ്പുകളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് ജോലി നഷ്ടപെട്ടത്.

ജോസിലിന്‍ എല്‍ഡേഴ്‌സ് എന്നായിരുന്നു പുറത്താക്കപ്പെട്ട ഉദ്യോഗസ്ഥയുടെ പേര്. പുറത്താക്കിയതാകട്ടെ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റായ ബില്‍ ക്ലിന്റണും (സ്വന്തം ഓഫീസില്‍ സെക്രട്ടറിയായ മോണിക്ക ലെവിന്‍സ്‌കിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ ക്ലിന്റണ്‍ ഇംപീച്ച് ചെയ്യപ്പടുന്നതിനു മുന്‍പായിരുന്നു ഈ സംഭവം).

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍, സ്വയംഭോഗത്തെ കടുത്ത പാപവും സാമൂഹിക പ്രശ്‌നവുമായി കണ്ടിരുന്ന പല ക്രിസ്ത്യന്‍ രാജ്യങ്ങളും തങ്ങളുടെ നിലപാടുകളില്‍ വലിയ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടിരിക്കുകയാണ്.സ്വയംഭോഗത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ട് അമേരിക്ക ഇറക്കിയ ഉത്തരവിന് പിന്നാലെ അയര്‍ലന്‍ഡ്, കൊളംബിയ പോലുള്ള കാത്തലിക് രാജ്യങ്ങളും കൊറോണകാലത്ത് സുരക്ഷിതമായ ലൈംഗിക ക്രിയ എന്ന രീതിയില്‍ സ്വയംഭോഗത്തെ നിര്‌ദേശിക്കുന്നുണ്ട്.

ഭരണകൂടങ്ങള്‍ പൊതുവെ മറച്ചുവയ്ക്കുകയോ, സംസാരിക്കുവാന്‍ മടിക്കുകയോ ചെയുന്ന പലകാര്യങ്ങളെ സംബന്ധിച്ചും, ഉദാഹരണത്തിന് സ്വയഭോഗം, ലൈംഗിക വിനോദ ഉപകരണങ്ങള്‍, പോണോഗ്രാഫി തുടങ്ങിയവയെയൊക്കെ പ്രോത്സാഹിപ്പിക്കുന്ന ഒരു നിലപാടിലേക്കെത്താന്‍ ലോക്ക്ഡൗണ്‍ കാരണമായെന്ന് സെക്‌സ് വെല്‍നെസ്സ് അണ്‍ബൗണ്ട് എന്ന കമ്പനിയുടെ സി.ഇ.ഒ ആയ പോള്‍ റൗഡ്രിഗ്സ്സ് പറയുന്നു.

ആരോഗ്യത്തെ സംബന്ധിച്ച് നമ്മുടെ നിലവിലുള്ള കാഴ്ചപ്പാടുകളില്‍ കൊറോണ വൈറസ് കാലം മാറ്റം വരുത്തുമെന്നാണ് ഇപ്പോള്‍ 86 വയസുള്ള ഡോ. എല്‍ഡേഴ്സ് പറയുന്നത്. "ലൈംഗികാരോഗ്യത്തെ കുറിച്ച് നമ്മള്‍ എങ്ങനെയാണ് നമ്മുടെ കുട്ടികളെ ബോധവത്ക്കരിക്കുന്നത് എന്ന കാര്യത്തില്‍ ഈ കാലഘട്ടം മാറ്റങ്ങള്‍ വരുത്തും", അടുത്തിടെ ഫോബ്സ് മാഗസിന് നല്‍കിയ ഒരു അഭിമുഖത്തില്‍ അവര്‍ പറഞ്ഞു.

കൊറോണകാലത്തെ സുരക്ഷിതമായ ലൈംഗിക ബന്ധത്തെ സംബന്ധിച്ച നിര്‍ദേശങ്ങളൊന്നും ഇന്ത്യന്‍ സര്‍ക്കാര്‍ പുറത്തിറക്കിയിട്ടില്ലെങ്കിലും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഭാഗമായ ദേശീയ ഹെല്‍ത്ത് പോര്‍ട്ടല്‍ സുരക്ഷിതമായ ലൈംഗിക ബന്ധത്തെയും ലൈംഗിക വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെയും കുറിച്ച് പറയന്നുണ്ട് (സ്വയംഭോഗത്തെ കുറിച്ചോ സുരക്ഷിതമായ മറ്റു ലൈംഗികക്രിയകളെ സംബന്ധിച്ചോ യാതൊരു പരാമര്‍ശവുമില്ല). ലൈംഗിക വിദ്യാഭ്യാസം ഭാരതീയ മൂല്യങ്ങള്‍ക്ക് വിരുദ്ധമായതിനാല്‍ സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ നിന്നുമൊഴിവാക്കിയ മുന്‍കാല സര്‍ക്കാര്‍ നടപടികളുമായി താരതമ്യം ചെയ്യുമ്പോള്‍ ഈയൊരു നിര്‍ദേശം തന്നെ ഏറെ പുരോഗമനപരമാണെന്നു പറയേണ്ടി വരും

ഭൂരിപക്ഷം ഇന്ത്യക്കാര്‍ക്കും ആത്മപരിപാലനം എന്നാല്‍ സര്‍ക്കാര്‍ പറയുന്നത് പോലെ യോഗയില്‍ മാത്രം ഒതുങ്ങുന്നില്ല എന്നതാണ് സത്യം.ആദ്യ ഘട്ട ലോക്ക്ഡൗണിന്റെ ഭാഗമായി മാര്‍ച്ചില്‍ ലൈംഗിക വീഡിയോ കാണുന്നവരുടെ എണ്ണത്തില്‍ 95 ശതമാനം വര്ധനവാണുണ്ടായതെന്നു പ്രശസ്ത ലൈംഗിക വീഡിയോ സൈറ്റ് ആയ പോണ്‍ഹബ്ബ് രേഖപ്പെടുത്തുകയുണ്ടായി.

പുരുഷലൈംഗികതയുടെയും ആസ്വാദനത്തിന്റെയും ഒരു പ്രത്യേക രൂപമാണ് പോണ്‍ വീഡിയോ ആസ്വാദനം, ഒട്ടുമിക്ക പുരുഷന്മാരും സ്വയംഭോഗം ചെയ്യുന്നതിനായി പോണ്‍ സിനിമകള്‍ കാണാറുണ്ടെന്നുള്ളതാണ് യാഥാര്‍ഥ്യം. ലോക്ക്ഡൗണ്‍ തുടങ്ങിയതില്‍ പിന്നെ സ്വയംഭോഗത്തെ സംബന്ധിച്ച അന്വേഷണങ്ങളുടെ എണ്ണത്തില്‍ വലിയ വര്‍ധനയുണ്ടായിട്ടുണ്ടെന്നു പ്രമുഖ സെക്‌സോളജിസ്റ്റുകള്‍ സാക്ഷ്യപ്പെടുത്തുന്നു.

പുരുഷന്മാരുടെ സ്വയംഭോഗത്തെ സംബന്ധിച്ചും സ്വയംഭോഗത്തിന്റെ മാനസിക, ശാരീരിക അനന്തരഫലങ്ങളെ സംബന്ധിച്ചുമുള്ള നിരവധി പഠനങ്ങളിലേക്കും അത്ര പ്രശസ്തമല്ലാതിരുന്ന ഗവേഷണ റിപ്പോര്‍ട്ടുകളും ലോക്ക്ഡൗണ്‍ കാലത്തു ശ്രദ്ധ ലഭിക്കുകയുണ്ടായി. അമേരിക്കയില്‍ നിന്നുള്ള അന്താരാഷ്ട്ര തലത്തില്‍ അറിയപ്പെടുന്ന പ്രശസ്ത സെക്‌സ് തെറാപ്പിസ്റ്റും എഴുത്തുകാരനുമായ ലൗറെന്‍സ് ഐ സ്‌കാന്‍ക് 1998-ല്‍ നടത്തിയ ഒരു പഠനം ഈയടുത്ത് സാമൂഹിക മാധ്യമങ്ങളിലൂടെ നിരവധി പേരുടെ ശ്രദ്ധ പിടിച്ചുപറ്റുകയുണ്ടായി. ജേര്‍ണല്‍ ഓഫ് സെക്‌സ് ആന്‍ഡ് മാരിറ്റല്‍ തെറാപ്പി എന്ന പ്രസിദ്ധീകരണത്തില്‍ വന്ന ലേഖനപ്രകാരം, ആകെ പുരുഷന്മാരില്‍ 10 ശതമാനം പേരാണ് കമിഴ്ന്ന് കിടന്നു കൊണ്ട് സ്വയംഭോഗം ചെയ്യുന്നത്. അവർ 'ശരിയായ' രീതിയില്‍ സ്വയംഭോഗം ചെയ്യാൻ പഠിക്കുന്നത് വരെ, യോനിയില്‍ ലിംഗം പ്രവേശിപ്പിച്ചുള്ള ലൈംഗിക ക്രിയ ചെയ്യാന്‍ സാധിക്കാതെ വരികയും പുരുഷവന്ധ്യതയ്ക്കു കാരണമാകുകയും ചെയ്യുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നു.

ചെന്നൈ കേന്ദ്രമാക്കി മെട്രോ മെയില്‍ ക്ലിനിക് എന്ന സ്ഥാപനം നടത്തുന്ന ഡോ. കാര്‍ത്തിക് ഗുണശേഖരന്‍ യൂട്യൂബില്‍ അപ്ലോഡ് ചെയ്ത പ്രോണ്‍ മാസ്റ്റര്‍ബേഷന്‍ ട്രീറ്റ്മെന്റ് ( കമിഴ്ന്നുകിടന്നു കൊണ്ടുള്ള സ്വയംഭോഗം കൊണ്ടുണ്ടാകുന്ന രോഗങ്ങള്‍ക്കുള്ള ചികിത്സ) എന്ന തമിഴ് വീഡിയോ വെറും രണ്ടു മാസത്തെ സമയംകൊണ്ട് 1,14000 പേര് കാണുകയും 706 കമെന്റുകള്‍ ലഭിക്കുകയും ചെയ്തു.

ജര്‍മനിയിലെ യൂണിവേഴ്സിറ്റി ക്ലിനിക് ഓഫ് എസ്സനിലെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് മെഡിക്കല്‍ സൈക്കോളജിയിലുള്ള ഗവേഷകര്‍ 2004 ല്‍ നടത്തിയ 'ന്യൂറോഇമ്യൂണോമോഡുലേഷന്‍' എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച മറ്റൊരു പഠനവും ലോക്ക്ഡൗണ്‍ കാലത്ത് സമൂഹമാധ്യമങ്ങളിലൂടെ ഏറെ പ്രചാരം ലഭിച്ചവയാണ്. രതിമൂര്‍ച്ചയും പുരുഷ ശരീരത്തിലെ രോഗപ്രതിരോധ ശേഷിയും തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് ഈ പഠനം. സ്വയംഭോഗം ചെയ്യുന്നത് ശരീരത്തില്‍ ലിയുകോസൈറ്റ്സ് എന്ന വെളുത്ത രക്തകോശങ്ങളും പ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന കോശങ്ങളും വര്‍ധിക്കാനിടയാക്കുമെന്ന് ഈ പഠനം അവകാശപ്പെടുന്നു.

പ്രാക്ടോ എന്ന ഓണ്‍ലൈന്‍ ആരോഗ്യ പ്ലാറ്റ്ഫോം നല്‍കിയ കണക്കുകള്‍ പ്രകാരം ഇന്ത്യക്കാരില്‍ നിന്നും ഒരു മണിക്കൂറില്‍ സ്വയംഭോഗത്തെ സംബന്ധിച്ച് ഏകദേശം 1000 ചോദ്യങ്ങളാണ് അവരുടെ വെബ്സൈറ്റില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്.

സ്വയംഭോഗം ആരോഗ്യത്തെ ബാധിക്കുമോ, സ്വയംഭോഗം അന്ധതയുണ്ടാക്കുമോ, സ്വയംഭോഗം ഉദ്ധാരണശേഷിയെ ബാധിക്കുമോ, സ്വയംഭോഗം ബധിരതയ്ക്കു കാരണമാകുമോ തുടങ്ങിയവയാണ് ഇങ്ങനെ ഉന്നയിക്കപ്പെടുന്ന സംശയങ്ങളില്‍ പ്രധാനം. 21 മുതല്‍ 30 വയസ്സിനടയ്ക്കു പ്രായം വരുന്നവരാണ് ഓണ്‍ലൈന്‍ പോര്‍ട്ടലുകളില്‍ നിന്നും ലൈംഗികോപദേശം സ്വീകരിക്കുന്നവരില്‍ 70 ശതമാനം പേരും. 31 മുതല്‍ 40 വയസ്സിനിടയിലുള്ളവരാണ് സംശയങ്ങളുന്നയിക്കുന്നവരില്‍ ബാക്കിയുള്ളവര്‍. സ്വയംഭോഗത്തെ കുറിച്ചുള്ള അറിവില്ലായ്മയും അതില്‍നിന്നുടലെടുക്കുന്ന മാനസിക സംഘര്‍ഷവും മുകളില്‍ പറഞ്ഞ പല ചോദ്യങ്ങളിലും വ്യക്തമാണ്. ലോകാരോഗ്യ സംഘടനയുള്‍പ്പടയുള്ള ആരോഗ്യ സ്ഥാപനങ്ങളും വിദഗ്ധരും സ്വയംഭോഗത്തെ തീര്‍ത്തും ആരോഗ്യപരമായ ഒരു ലൈംഗികക്രിയയായി വിലയിരുത്തിയതിനുശേഷവും ജനങ്ങള്‍ക്കിടയില്‍ ഇത്തരം തെറ്റിദ്ധാരണകളും ആശങ്കകളും പ്രബലമാണ്.

എന്തുകൊണ്ടാണ് സ്വയംഭോഗത്തെ സംബന്ധിച്ച് ഇത്രയും വലിയ ആശങ്കകള്‍ നിലനില്‍ക്കുന്നത് എന്ന് മനസിലാകുന്നതിനായി നാം ലൈംഗികതയില്‍ മതത്തിനും മരുന്നിനുമുള്ള സ്ഥാനത്തെക്കുറിച്ചു മനസിലാക്കേണ്ടതുണ്ട്. മതവും സദാചാരവും നിഷ്‌ക്കളങ്കമായ ഒരു ലൈംഗികക്രിയയെ എത്ര കണ്ട് നിയന്ത്രിച്ചിരുന്നുവെന്നും നിയന്ത്രിച്ചുകൊണ്ടിരിക്കുന്നുണ്ടെന്നും മനസിലാക്കിയാല്‍ മാത്രമേ നമുക്ക് മേല്‍പ്പറഞ്ഞ ആശങ്കകളുടെയെല്ലാം കാരണങ്ങള്‍ മനസിലാക്കാനാകൂ.

അടുത്ത ഭാഗം: സ്വയംഭോഗം; ഭീതിയുടെ ചരിത്രം

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


സംഗീത് സെബാസ്റ്റ്യന്‍

സംഗീത് സെബാസ്റ്റ്യന്‍

ന്യൂഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ലൈംഗികത, മതം, ആണത്തം എന്നിവയുമായി ബന്ധപ്പെട്ട് സാംസ്‌കാരിക മനോഭാവങ്ങള്‍ ഉരുത്തിരിയുന്നത് നിരീക്ഷിക്കുന്നു. മതം, പോണോഗ്രഫി, സ്വയംഭോഗം എന്നിവയുമായി ബന്ധപ്പെട്ട പുസ്തകത്തിന്റെ പണിപ്പുരയിലാണ്.

Next Story

Related Stories