ഒരേ വാര്‍ത്ത, ഒരേ റിപ്പോര്‍ട്ടര്‍, രണ്ട് തലക്കെട്ട്. അതിലെന്തിരിക്കുന്നു? ജേര്‍ണലിസത്തില്‍ ഇതൊക്കെ സ്വാഭാവികം മാത്രം. എന്നാല്‍ തലക്കെട്ട് കൊണ്ട് വാര്‍ത്തയുടെ അര്‍ത്ഥ ധ്വനി തന്നെ മാറിപ്പോയാലോ? പ്രത്യേകിച്ചും തിരുവനന്തപൂരം സ്വര്‍ണ്ണ കള്ളക്കടത്തും സ്വപ്ന സുരേഷും ശിവശങ്കറും ഒക്കെ പ്രതിപാദിക്കേണ്ടി വരുന്ന വാര്‍ത്തയില്‍? ആതിന് രാഷ്ട്രീയമായ പ്രാധാന്യം കൂടും. ഇനി ആരെങ്കിലും പക്ഷപാതിത്വവും വളച്ചൊടിക്കലും ഒക്കെ ആരോപിച്ചാലും തെറ്റ് പറയുന്നതെങ്ങനെ?
ജിജോ ജോണ്‍ പുത്തേഴത്ത് മലയാള മനോരമയില്‍ എഴുതിയ റിപ്പോര്‍ട്ടാണ് പ്രതിപാദ്യ വിഷയം.
മലയാള മനോരമ പത്രത്തിന്റെ തിരുവനന്തപുരം എഡിഷനില്‍ പതിനൊന്നാം പേജില്‍ പ്രസിദ്ധീകരിച്ച സ്വര്‍ണ്ണ കള്ളക്കടത്ത് വാര്‍ത്തയുടെ തലക്കെട്ട് ഇങ്ങനെ; "വിദേശ കറന്‍സി കടത്താന്‍ സ്വപ്ന ശിവശങ്കറിന്റെ സഹായം തേടി".
"ഭീകരബന്ധം ആരോപിക്കപ്പെടുന്ന സ്വര്‍ണ്ണക്കടത്ത് കേസിന് മുന്‍പ് വന്‍തോതില്‍ വിദേശ കറന്‍സി രാജ്യത്തിന് പുറത്തേക്ക് കടത്താനും പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന്റെ സഹായം പ്രതി സ്വപ്ന സുരേഷ് തേടിയതായി അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി." ഇതാണ് വാര്‍ത്ത.
ജൂണ്‍ മാസത്തെ വന്ദേ മാതരം ഫ്ലൈറ്റില്‍ 5 വിദേശികള്‍ക്ക് ദുബായിലേക്ക് ടിക്കറ്റ് ഉറപ്പിക്കാനാണ് സ്വപ്ന ശിവശങ്കറിന്റെ സഹായം തേടിയത്. സ്വപ്നയെ യു എ ഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥ എന്നു പരിചയ്പ്പെടുത്തിയാണ് ശിവശങ്കറിന്റെ ഇടപെടല്‍ എന്നും മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇതേ കാലത്ത് സ്വപ്ന ശിവശങ്കറിന്റെ തന്നെ കീഴിലുള്ള സ്പേസ് പാര്‍ക്കില്‍ ജോലി ചെയ്യുകയാണ് എന്നറിയാമായിരുന്നിട്ടും കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥയായി സ്വപ്നയെ പരിചയപ്പെടുത്തിയതിന്റെ കാരണം വ്യക്തമാക്കാന്‍ ശിവശങ്കറിന് കഴിഞ്ഞിട്ടില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.
ലോക് ഡൌണ്‍ കാലത്ത് സ്വപ്ന വിദേശ കറന്‍സി വിദേശത്തേക്ക് കടത്താന്‍ വന്ദേ മാതരം സര്‍വ്വീസുകള്‍ ഉപയോഗിച്ചു എന്ന മൊഴി അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചതായി കഴിഞ്ഞ ദിവസം വാര്‍ത്ത പുറത്തുവന്നിരുന്നു. കേരളത്തില്‍ കുടുങ്ങിയ യു എ ഇ പൌരന്മാരെ ദുബായില്‍ എത്തിക്കാന്‍ വേണ്ടിയാണ് സ്വപ്ന സഹായം തേടിയത് എന്നാണ് ശിവശങ്കറിന്റെ മൊഴി. അതേ സമയം സ്വപ്ന കയറ്റിവിട്ടവര് യു എ ഇ പൌരന്മാര് അല്ല എന്ന് അന്വേഷണത്തില്‍ വ്യക്തമായതായും റിപ്പോര്‍ട്ട് പറയുന്നു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കൂടുതല്‍ ചോദ്യം ചെയ്യല്‍ നടത്തുന്നതിലൂടെ ഈ കാര്യത്തിലുള്ള ദുരൂഹത തെളിയുമെന്നും റിപ്പോര്‍ട്ടര്‍ പറയുന്നു.
എന്തായാലും സൂചന, അഭ്യൂഹം തുടങ്ങിയ വാക്കുകള്‍ പൂര്‍ണ്ണമായും ഉപേക്ഷിച്ച് അത്യാവശ്യം ആധികാരികതയോടെ തന്നെയാണ് ലേഖകന്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. (പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത സ്രോതസ്സുകളെ ഉദ്ധരിക്കാതെ തന്നെ)
എന്നാല്‍ ഇതേ വാര്‍ത്തയുടെ ഓണ്‍ലൈന്‍ രൂപത്തിന് എന്താണ് സംഭവിച്ചതെന്ന് നോക്കുക.
തലക്കെട്ട് ഇങ്ങനെ-വിദേശകറൻസി കടത്ത്: സ്വപ്ന കയറ്റിവിട്ടവർ യുഎഇ പൗരന്മാരല്ല; ശിവശങ്കറിന്റെ സഹായം
തലക്കെട്ടിന്റെ അവസാന ഭാഗമായ 'ശിവശങ്കറിന്റെ സഹായം' എന്നതുകൊണ്ട് അര്‍ത്ഥമക്കുന്നത് എന്താണ്? ശിവശങ്കര്‍ സ്വപ്നയെ സഹായിച്ചു എന്നോ? അതോ വാര്‍ത്തയില്‍ പറയുന്നതുപോലെ സ്വപ്ന ശിവശങ്കറിന്റെ സഹായം തേടി എന്നോ?
എന്തു തന്നെയായാലും വായനക്കാര്‍ തീരുമാനിക്കട്ടെ എന്നാണ് എഡിറ്ററുടെ ഒരു ഇത്. സ്വര്‍ണ്ണക്കടത്തില്‍ മാത്രമല്ല വിദേശ കറന്‍സി കടത്തിലും സ്വപ്നയെ ശിവശങ്കര്‍ സഹായിച്ചു എന്നല്ലാതെ മേല്‍ തലക്കെട്ട് കൊണ്ട് മറ്റൊന്നും അര്‍ത്ഥമാക്കുന്നില്ല. അതേസമയം സഹായിച്ചു എന്നു ഉറപ്പിച്ച് പറയാന്‍ മനോരമയുടെ കയ്യില്‍ തെളിവുകളുമില്ല. അപ്പോ ഒരു കണ്കെട്ട് വിദ്യ. അത്രതന്നെ.
കഴിഞ്ഞ ദിവസം തലക്കെട്ടിലെ കളികള്‍ നടത്തിയത് പത്രമായിരുന്നു.
സ്വര്‍ണ്ണ നീക്കം 'ഈ വഴി' എന്നായിരുന്നു ആ തലക്കെട്ട്. സ്വര്‍ണ്ണക്കള്ളക്കടത്ത് തടയുന്നതിന്റെ ഭാഗമായി കേരളത്തിലേക്കും കേരളത്തിനുള്ളിലും സ്വര്‍ണ്ണ വ്യാപാരികള്‍ സ്വര്‍ണ്ണം കൊണ്ട് പോകുന്നതിന് ഇ-വേ ബില്‍ നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു എന്ന ഡയറക്ട് ന്യൂസിനായിരുന്നു ഇങ്ങനെയൊരു ട്വിസ്റ്റെഡ് ഹെഡ് ലൈന്‍.
ഒരു പ്രൊഡക്റ്റിനാല് നിരന്തരം പറ്റിക്കപ്പെട്ടാല്‍ ഉപഭോക്താവ് എത്ര നാള് കൂടെയുണ്ടാകുമെന്നാണ്?
കാലം മാറുകയാണ് വായനാ രീതികളും. ക്രോസ്സ് ചെക്ക് ചെയ്യാനും കുത്തിപ്പോക്കാനും സോഷ്യല്‍ മീഡിയ വാ പിളര്‍ന്ന് നില്‍പ്പുണ്ട്. കഴിഞ്ഞ കുറെ ആഴ്ചകളായി കേരളത്തിലെ പത്രങ്ങളുടെ പൂര്‍വ്വ ചരിത്രം കുത്തിപ്പൊക്കലിന് വിധേയമായിക്കൊണ്ടിരിക്കുന്നു എന്ന കാര്യം ഓര്‍ക്കുക.
ഒപ്പം കൈരളി ചാനലിന്റെ ചര്‍ച്ചയില്‍ വന്നിരുന്നു നമ്പി നാരായണന് പറഞ്ഞതും ഓര്‍ക്കുക.
"ഒരു കുപ്പി കള്ളും, ഒരു ചിക്കന്‍ കാലും... "