TopTop
Begin typing your search above and press return to search.

ശേഖര്‍ ഗുപ്ത എഴുതുന്നു: അർണാബിന്റെ റിപ്പബ്ലിക് ടിവിയും മറ്റ് ചാനലുകളും തമ്മിലുള്ള തെരുവ് യുദ്ധത്തിനിടയില്‍ സ്വയം നാശത്തിന്റെ ബട്ടണ്‍ അമര്‍ത്തുന്ന മാധ്യമങ്ങള്‍

ശേഖര്‍ ഗുപ്ത എഴുതുന്നു: അർണാബിന്റെ റിപ്പബ്ലിക് ടിവിയും മറ്റ് ചാനലുകളും തമ്മിലുള്ള തെരുവ് യുദ്ധത്തിനിടയില്‍ സ്വയം നാശത്തിന്റെ ബട്ടണ്‍ അമര്‍ത്തുന്ന മാധ്യമങ്ങള്‍
ടെലിവിഷൻ വാർത്താ ചാനലുകളുടെ തെരുവു തല്ല് കണ്ടാണ് ഈ കോളമെഴുതാനിരിക്കുന്നത്. കൃത്യമായി പറഞ്ഞാൽ, അർണാബ് ഗോസ്വാമിയും അദ്ദേഹത്തിന്റെ റിപ്പബ്ലിക് ചാനലും ഒരു വശത്തും, മറ്റ് നിരവധി ചാനലുകൾ മറുവശത്തുമായാണ് ഈ കൂട്ടത്തല്ല് നടക്കുന്നത്.ചാനലുകൾക്കും അവയുടെ 'മഹാരഥന്മാരായ' അവതാരകർക്കും, അവരുടെ പിന്നാലെ പായുന്ന വലിയ ജനക്കൂട്ടത്തെക്കാൾ മുഴുത്ത അഹന്തകൾക്കും ഏതെങ്കിലുമൊരു കാര്യത്തിൽ ഒരുമിക്കാൻ കഴിയുന്നുവെന്നത് ഒരു...

ഇത് പോലുള്ള മികച്ച ഫീച്ചറുകള്‍, ലേഖനങ്ങള്‍, അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍, അഭിമുഖങ്ങള്‍ എന്നിവ സാധ്യമാവണമെങ്കില്‍ നിങ്ങളുടെ പിന്തുണ കൂടിയേ തീരൂ. അഴിമുഖം പ്ലസിന്റെ വരിക്കാരാകൂ.

നിര്‍ഭയ മാധ്യമപ്രവര്‍ത്തനത്തെ പിന്തുണയ്ക്കൂ

Support Azhimukham >

ടെലിവിഷൻ വാർത്താ ചാനലുകളുടെ തെരുവു തല്ല് കണ്ടാണ് ഈ കോളമെഴുതാനിരിക്കുന്നത്. കൃത്യമായി പറഞ്ഞാൽ, അർണാബ് ഗോസ്വാമിയും അദ്ദേഹത്തിന്റെ റിപ്പബ്ലിക് ചാനലും ഒരു വശത്തും, മറ്റ് നിരവധി ചാനലുകൾ മറുവശത്തുമായാണ് ഈ കൂട്ടത്തല്ല് നടക്കുന്നത്.

ചാനലുകൾക്കും അവയുടെ 'മഹാരഥന്മാരായ' അവതാരകർക്കും, അവരുടെ പിന്നാലെ പായുന്ന വലിയ ജനക്കൂട്ടത്തെക്കാൾ മുഴുത്ത അഹന്തകൾക്കും ഏതെങ്കിലുമൊരു കാര്യത്തിൽ ഒരുമിക്കാൻ കഴിയുന്നുവെന്നത് ഒരു നിലയ്ക്ക് നോക്കിയാൽ മനോഹരമായ വിരോധാഭാസം തന്നെയാണ്. അർണാബ് ഭിന്നിപ്പിക്കുന്നവനാണെന്ന് നമുക്കറിയാം. പക്ഷെ, അയാളാണ്
പൊതുഭീഷണിയെ
ങ്കില്‍ തമ്മിൽക്കണ്ടൂടാത്ത വിരോധികളെ ഒരുമിപ്പിക്കാനും അയാള്‍ക്ക് കഴിയുമെന്ന് ഇപ്പോൾ നമ്മൾ മനസ്സിലാക്കുന്നു.

ആദ്യമേ പറയട്ടെ, സത്യം പറയുന്നവരും നുണ പറയുന്നവരും ആരൊക്കെയാണെന്നാണ് ഞാൻ കരുതുന്നതെന്ന് പ്രസ്താവിക്കാനൊന്നും എനിക്ക് താൽപര്യമില്ല. എല്ലാവരും ഭിന്നിപ്പിക്കപ്പെട്ട ഇക്കാലത്ത് അത് വെറും സമയനഷ്ടം മാത്രമാണ്. ഒരു വ്യക്തിയെയോ നേതാവിനെയോ നിങ്ങൾ വിശ്വസിക്കാൻ തുടങ്ങിയാൽ അയാൾ പിന്നീട് പറയുന്നതെല്ലാം നിങ്ങൾ വിശ്വസിക്കുന്നു. അപ്പുറത്ത് നിൽക്കുന്നവർ പറയുന്നതെല്ലാം നിങ്ങൾക്ക് തെറ്റായി മാറുകയും ചെയ്യുന്നു.

ഡൊണാൾഡ് ട്രംപ് മുതൽ നരോന്ദ്ര മോദി വരെയുള്ളവരുടെ കാര്യത്തിലും അർണാബ് ഗോസ്വാമി മുതൽ രാവിഷ് കുമാർ വരെയുള്ളവരുടെ കാര്യത്തിലുമെല്ലാം ഈ പ്രതിഭാസം ആധിപത്യം നേടിയിരിക്കുന്നു. മറ്റൊരു കാരണം കൂടി പറയാനുണ്ട്: സ്കൂൾ കട്ടികൾ പറയാറുള്ളതുപോലെ 'എന്റെ അച്ഛന് ആനയുണ്ടല്ലോ' എന്നതാണ് മനോഭാവം. ഈ സ്വയംപ്രഖ്യാപിത പ്രപഞ്ചവിധാതാക്കൾ തല്ലുകൂടിക്കൊണ്ടിരിക്കട്ടെ. പക്ഷെ നമുക്ക് അത്രയ്ക്കങ്ങ് നിസ്സംഗരായിരിക്കാൻ പറ്റുന്നില്ല എന്നതാണ് പ്രശ്നം.

എന്തുകൊണ്ട് നമുക്ക് നിസ്സംഗരായിരിക്കാൻ പറ്റുകയില്ല എന്നത് വിശദീകരിക്കാൻ ഞാനൊരു കഥ പറാം. ഹോളിവുഡിൽ വൻ യുദ്ധചരിത്ര സിനിമകൾ നിർമിക്കപ്പെട്ടിരുന്ന കാലത്ത് നടന്നതെന്ന തരത്തിൽ പ്രചരിക്കുന്ന ഒരു ഐതിഹ്യകഥയാണ്. ഒരു സംവിധായകൻ സിനിമയുടെ യുദ്ധരംഗങ്ങൾക്കായി എക്സ്ട്രാ നടീനടൻമാരെ തയ്യാറാക്കി നിർത്തി. ഹോളിവുഡിൽ അപൂർവമായ അത്രയുമാളുകളുണ്ടായിരുന്നു. ഏറ്റവും യാഥാർത്ഥമെന്ന് തോന്നുംവിധം യുദ്ധരംഗങ്ങൾ ചിത്രീകരിച്ച സിനിമയുടെ സംവിധായകനെന്ന നിലയിൽ പേരെടുക്കാനായിരുന്നു അദ്ദേഹത്തിന്റെ പദ്ധതി. സംഗതി സംഭവമായിട്ടുണ്ടെന്ന് ചിത്രത്തിന്റെ നിർമാതാവും പറഞ്ഞു. പക്ഷെ, ഇത്രയുമാളുകൾക്ക് താൻ പണം കൊടുക്കില്ല. സംവിധായകന് പരാതിയുണ്ടായില്ല. അവസാനത്തെ യുദ്ധരംഗത്തിൽ എല്ലാവരുടെയും കൈയിൽ ശരിക്കുള്ള തോക്കുകൾ കൊടുക്കാനാണ് പരിപാടി. അവർ പരസ്പരം വെടിവെച്ച് ചത്തോളും. കൂലി വാങ്ങാൻ ആരും വരില്ല! സംഭവം 'റിയലിസ്റ്റിക്
'
ആകുകയും ചെയ്യും.

ഈ സംഭവവും നമ്മുടെ വാർത്താ ചാനലുകളിലെ സ്ഥിതിയും തമ്മിൽ എന്തെങ്കിലും സാമ്യം നിങ്ങൾക്ക് തോന്നുന്നുണ്ടോ? നമ്മളെല്ലാം ഈ ഭ്രാന്തമായ യുദ്ധത്തിനകത്ത് ശരിക്കുള്ള ആയുധങ്ങളുമായി പെട്ടുപോയിരിക്കുകയാണ്. പരസ്പരം തെറി വിളിച്ചും മറ്റും അടരാടുകയാണ്.

നമ്മെക്കാൾ മുമ്പ് ഒരു വാർത്ത കണ്ടെത്തിയ എതിരാളിയെ പ്രതിരോധിക്കാനുള്ള മികച്ച മാർഗം അവരെ ഇകഴ്ത്തുകയോ, പ്രസ്തുത വാർത്ത വ്യാജമെന്ന് പ്രചരിപ്പിക്കുകയോ, മറ്റു വാർത്തകളിൽ നിന്നും കൊളുത്തിയെടുത്തതാണെന്ന് പറയുകയോ, ഊതിപ്പെരുപ്പിച്ച വാർത്തയാണെന്ന് പറയുകയോ ഒക്കെ ചെയ്യുന്നതാണെന്ന് കണ്ടെത്തിയ കാലം മുതൽക്ക് ഇത്തരം പരിപാടികൾ തുടരുന്നതാണ്. മേൽപ്പറഞ്ഞതിനൊന്നും സാധിച്ചില്ലെങ്കിൽ ആ വാർത്ത മോഷ്ടിക്കുകയും അത് തങ്ങളുടെ എക്സ്ക്ലൂസിവ് ആണെന്ന് പറയുകയും ചെയ്യുക എന്ന രീതിയുമുണ്ട്. ആരെങ്കിലും ബ്രേക്ക് ചെയ്ത ഒരു വാർത്തയുടെ ഫോളോ അപ്പ് സ്റ്റോറികൾ ചെയ്യുകയെന്ന ആശയം വളരെ പഴകിയ ഇടപാടായോ, പാഴ്ജന്മങ്ങളുടെ പരിപാടിയായോ മാറി.

നമ്മൾ സംസാരിക്കുന്നത് ടെലിവിഷൻ മാധ്യമങ്ങളെക്കുറിച്ച് മാത്രമല്ല. ഈ വൈറസ് കോവിഡ് പോലത്തെ പകർച്ചവ്യാധിയാണ്. ആരും മാസ്കും സാനിറ്റൈസറും ഉപയോഗിക്കുന്നില്ല എന്നതാണ് പ്രശ്നം. ടെലിവിഷന്റെ കാര്യത്തിൽ, അത് ഏറ്റവും എളുപ്പത്തിൽ ശ്രദ്ധയിൽ പെടുന്ന ഒരു മാധ്യമമാണെന്നു മാത്രമേയുള്ളൂ. സ്റ്റുഡിയോകളുടെയും ന്യൂസ് റൂമുകളുടെയും ആക്രമണപരതയും, വ്യാജമായ റേറ്റിങ് അവകാശവാദങ്ങളും, എക്സ്ക്ലൂസിവുകളും സൂപ്പർ എക്സ്ക്ലൂസിവുകളും, ഏറ്റവും പുതിയ 'എക്സ്പ്ലൊസീവ് എക്സ്ക്ലുസി'വുകളും തറയിൽ തട്ടിത്തൂവാനൊരുങ്ങി നിൽക്കുകയായിരുന്നു.

കഴിഞ്ഞ രണ്ടാഴ്ചക്കിടയിൽ എതിർ ചാനലുകളുടെ റിപ്പോർട്ടർമാരും കാമറാമാൻമാരും മുഷ്ടിയുദ്ധം നടത്തുന്നത് രാജ്യം മുഴുക്കെ കണ്ടു. ശത്രു ചാനലുകളുടെ റിപ്പോർട്ടർമാരെ വ്യക്തിപരമായി ലക്ഷ്യം വെച്ച് അപകടകരമായ പ്രചാരണം സ്റ്റുഡിയോ അവതാരകർ നടത്തി. തങ്ങൾ ലക്ഷ്യം വെക്കുന്നവർ സ്ത്രീകളാണെന്നതോ ഒന്നും അവർക്ക് വിഷയമായില്ല. ഹൃദയഭൂമിയിലെ ഉൾനാടൻ ഗ്രാമങ്ങളിലെ ആൾക്കൂട്ടത്തെ ആകർഷിക്കുക എന്നത് മാത്രം ലക്ഷ്യമാക്കിയായിരുന്നു അവതരണമെന്ന് തോന്നും.

നിങ്ങളെന്തിനാണ് ഇതിലിത്ര ബേജാറാകുന്നതെന്ന് നിങ്ങൾ ചോദിച്ചേക്കാം. നിങ്ങൾ തന്നെ പറഞ്ഞ കഥയിലെപ്പോലെ അവർ പരസ്പരം വെടിവെച്ച് തീരട്ടെയെന്ന് കരുതാമല്ലോ. നിങ്ങൾക്ക് അത് ഒരു ആൽമരത്തിൽ കേറിയിരുന്ന്, കരിമ്പ് തിന്നുകൊണ്ടോ ചോളം കൊറിച്ചുകൊണ്ടോ ആസ്വദിക്കാമായിരുന്നല്ലോ. നല്ല ചോദ്യം, എനിക്ക് ഉത്തരമുണ്ട്.

കുറെ മാധ്യമജീവനക്കാർ അടികൂടുന്നു, നമുക്കത് നിന്ന് ആസ്വദിക്കാം എന്നത് സങ്കുചിതമായ ഒരു കാഴ്ചപ്പാടിൽ ശരിയാണ്. വാർത്താമാധ്യമം എന്നത് ഒരു സ്ഥാപനമാണ്. ഒന്നോ രണ്ടോ മണിക്കൂർ കൊണ്ട് അവസാനിക്കുന്ന ഒരു ഷോയല്ല അത് എന്നതാണ് ഒന്നാമതായി കാണേണ്ട കാര്യം. രണ്ടാമതായി, മാധ്യമസ്ഥാപനങ്ങളുടെ സ്ഥിതി നോക്കിയാൽ ഞങ്ങളെല്ലാവരും ഒരേപോലെ ഉപയോഗിച്ചു തള്ളപ്പെടേണ്ടവരാണെന്ന് കാണാം. നിരവധിയായ ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷനുകൾ, സൊസൈറ്റികൾ, ക്ലബ്ബുകൾ, മാധ്യമപ്രവർത്തകർ നടത്തുന്ന ഹൌസിങ് സഹകരണ സംഘങ്ങൾ തുടങ്ങി നിരവധിയായ മാധ്യമസ്ഥാപനങ്ങളുണ്ട്. ഈ യുദ്ധം വലിയൊരു സഹോദരവധങ്ങളിലേക്കാണ് എത്തുക.

മൂന്നാമതായി, ആരൊക്കെയാണ് ഞങ്ങൾക്ക് ആയുധങ്ങൾ നൽകിയിരിക്കുന്നതെന്ന് നോക്കാം. ഈ ചോരപ്പടത്തിന്റെ നിർമാതാക്കൾ മാധ്യമ ഉടമകളാണ്. അവർ വെറും വിപണി സാമ്പത്തിക ശാസ്ത്രത്തിനാൽ മുമ്പോട്ടു പോകുന്നവരല്ല. കൂട്ടത്തിൽ അത്തരം ചിലരുണ്ടാകാം ബഹുമാനിക്കപ്പെടേണ്ടവരായി. പക്ഷെ പൊതുവിൽ മാധ്യമങ്ങളുടെ ശേഷി മറ്റു പല മാർഗങ്ങളിലൂടെയും പണമുണ്ടാക്കാമെന്നതാണ്.

ഇക്കാരണത്താലാണ് വൻ സമ്പന്നരായ, മറ്റു മേഖലകളിൽ താൽപര്യങ്ങളുള്ള ആളുകൾ മാധ്യമ കമ്പനികളെ വിലയ്ക്കു വാങ്ങുന്നത്. വളരെ ചുരുങ്ങിയ വിലയ്ക്ക് വാങ്ങാം. കിട്ടുന്നത് വലിയ ബഹുമാന്യതയാണ്. സ്ഥാപനത്തിന്റെ വാർഷിക പരിപാടികളിൽ പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിയെയും വിളിച്ചുവരുത്തി നേരിൽക്കാണാം. സോഫയിൽ അവരുടെ തൊട്ടടുത്ത് ഞെളിഞ്ഞിരിക്കാം. നിങ്ങൾ ചെയ്യുന്ന മറ്റ് ബിസിനസ്സുകൾക്ക് ഗുണം ചെയ്യുന്ന വിധത്തിൽ ബ്യൂറോക്രാറ്റുകളുടെയും ജഡ്ജിമാരുടെയും മന്ത്രിമാരുടെയും ശ്രദ്ധയിൽ അത് പതിയുന്നു.

അതിവേഗത്തിൽ നിങ്ങൾക്ക് പരോക്ഷമായ മൂല്യവർധനയുണ്ടാകുന്നു. അത് നിങ്ങളുടെ മാധ്യമസ്ഥാപനത്തിന്റെ സാമ്പത്തികത്തെക്കാൾ വലിയ മൂല്യമാണ്. ഇതിനു പിന്നാലെ പലതും സംഭവിക്കാം. ഷോപ്പിങ് മാളിനു വേണ്ടി ഒരു ഭൂമിയുടെ ഭൂപതിവ് ചട്ടത്തിൽ ഇളവു വരുത്താം. ഒരു ഡാം നിർമാണ കരാർ ഒപ്പിച്ചെടുക്കാം. ഒന്നോ രണ്ടോ മൈനിങ് ലൈസൻസ് സംഘടിപ്പിക്കാം. ഇതെല്ലാം യഥാർത്ഥമായ ഉദാഹരണങ്ങളാണ്.

മറ്റൊരുതരം മാധ്യമ ഉടമകളുണ്ട്. അവർ മുതിർന്ന മാധ്യമപ്രവർത്തകരാണ്. അവർ സ്വയം കാണുന്നത് രാഷ്ട്രീയത്തിൽ കളികൾ നടത്തുന്നവരായാണ്. അധികാരക്കളിയിലാണ് അവരുടെ താൽപര്യം. അവർ അതിവേഗത്തിൽ ഒരുപക്ഷം, എപ്പോഴും വിജയിക്കുന്ന ഒരു പക്ഷം പിടിക്കുന്നു. റേറ്റിങ്ങിൽ തരികിട കാണിച്ചതിന്റെ പേരിൽ ഒരു ടെലിവിഷൻ ചാനൽ പൊലീസിനാലും എതിരാളികളായ മാധ്യമങ്ങളാലും സമ്മർദ്ദത്തിലാകുമ്പോൾ ഭരിക്കുന്ന പാർട്ടിയുടെ ദേശീയ പ്രസിഡണ്ട് നിങ്ങളുടെ രക്ഷയ്ക്ക് എത്തുന്നു. കേന്ദ്ര വിവരവിനിമയ മന്ത്രി പോലും നിങ്ങൾക്കു വേണ്ടി രംഗത്തു വരുന്നു. എന്താണ് അപകടത്തിലാകുന്നതെന്ന് ആർക്കും കാണാവുന്നതേയുള്ളൂ.
വ്യവസ്ഥാപിതമായതിന്റെ ഭാഗമാകുകയെന്നത് ഇന്ന് മാധ്യമരംഗത്ത് കൂടിവരുന്ന ഒരു പ്രവണതയായിട്ടുണ്ട്. സ്ഥാപനങ്ങളെ ചോദ്യം ചെയ്യുകയെന്ന പഴയ മൂല്യങ്ങളെ ഈ പ്രവണത കവച്ചു വെച്ചിരിക്കുന്നു. മാധ്യമപ്രവർത്തകരെ മാത്രം കുറ്റം പറയാനാകില്ലെന്നുമുണ്ട്. കാരണം, സ്ഥാപനങ്ങളെ ചോദ്യം ചെയ്യുന്നതിന് മുൻകാലങ്ങളിലെ അതേ അനന്തരഫലങ്ങളല്ല ഇപ്പോൾ നേരിടേണ്ടി വരിക. മുൻകാലത്ത് തനിക്കെതിരായ വാർത്തയിൽ അസന്തുഷ്ടി പ്രകടിപ്പിച്ച് ഒരു മന്ത്രി ഫോൺ ചെയ്തെന്നോ ചീത്ത വിളിച്ചെന്നോ വരും. ചില അഭിമുഖങ്ങൾ നിഷേധിക്കപ്പെട്ടെന്നും വരാം. ഇന്നു പക്ഷെ, ഒരു മാധ്യമപ്രവർത്തകനെന്ന നിലയിൽ ലഭിക്കേണ്ടുന്ന എല്ലാ സൌകര്യവും നിഷേധിക്കപ്പെട്ടേക്കാം. ചില അന്വേഷണ ഏജൻസികളുടെ സന്ദർശനം പ്രതീക്ഷിക്കാം. കൂട്ടത്തിൽ നിന്നും മാറി നിൽക്കുന്ന 'കറുത്ത ചെമ്മരിയാടിനെ' വേട്ടയാടുമ്പോൾ മറ്റുള്ളവർ ആർപ്പ് വിളിക്കാൻ കൂടെച്ചേരുമെന്നും അധികാരികൾക്ക് അറിയാം.

സാമ്പത്തിക താൽപര്യങ്ങളാലോ അധികാര താൽപര്യങ്ങളാലോ പ്രചോദിതരായ മാധ്യമ ഉടമകളാണ് (എഡിറ്റർമാരായ ഉടമകളെയും ചേർത്താണ് പറയുന്നത്) തങ്ങളുടെ മാധ്യമപ്രവർത്തകരുടെ കൈവശം യഥാർത്ഥ ആയുധങ്ങൾ കൊടുത്ത് മരിക്കാൻ വിടുന്നതെങ്കിൽ, സർക്കാരുകളാണ് അതിന്റെയെല്ലാം നേട്ടം കൊയ്യുന്ന കൂട്ടർ.

വാർത്താ മാധ്യമങ്ങൾ ദുർബലമാകുമ്പോൾ, പ്രത്യേകിച്ചും സാമ്പത്തികത്തകർച്ചയുടെയും പിരിച്ചുവിടലുകളുടെയും ശമ്പളം കുറയ്ക്കലിന്റെയുമെല്ലാം ഈ സന്ദർഭത്തിൽ, കൂടുതൽ ഉടമകളും മാധ്യമപ്രവർത്തകരും താന്താങ്ങളുടെ മൂല്യം അളന്നുനോക്കാൻ തുടങ്ങുന്നു. തങ്ങളെ പ്രശ്നത്തിൽ നിന്നും കരകയറ്റാനായി അവർ സർക്കാരിൽ അഭയം പ്രാപിക്കുന്നു. ഇത് നമ്മളെ സ്ഥാപനപരമായ തകർച്ചയിലേക്ക് നയിക്കുന്നു.

പിന്നീട് നാം ഈയൊരു ദൌർഭാഗ്യകരമായ സാഹചര്യത്തെ നേരിടുന്നു. സുപ്രീംകോടതി മുതൽ കേന്ദ്ര സർക്കാർ വരെയുള്ളവർ മാധ്യമങ്ങളെ നിയമങ്ങളുടെ ചട്ടക്കൂടിലേക്ക് കൂടുതൽ അകപ്പെടുത്താൻ ആഗ്രഹിക്കുന്നു. ക്ഷീണിതരായ ജനങ്ങൾ, സാധാരണക്കാരായ ജനങ്ങൾ, നമ്മെ നോക്കി അടക്കിച്ചിരിക്കുന്നു. കേന്ദ്ര സർക്കാർ ആദ്യമേ കണക്കിലെടുക്കുക പ്രശ്നക്കാരായ പുതിയ ഡിജിറ്റൽ മാധ്യമങ്ങളെയാണെന്നത് തീർച്ചയാണ്. സുപ്രീംകോടതിയിൽ സമുന്നതരായ അംഗങ്ങളെ ഉൾക്കൊള്ളുന്ന ഒരു സമിതിയെ നിയോഗിക്കുന്ന കാര്യം നാം സംസാരിക്കുന്നു. കാരണം, സ്വയം നിയന്ത്രണം പ്രയോഗത്തിൽ വരുന്നില്ല. എങ്ങനെയാണത് സാധിക്കുക? മാധ്യമങ്ങൾ തമ്മിൽത്തല്ലിക്കൊണ്ടിരിക്കുമ്പോൾ.

ഒരു അധികാരകേന്ദ്രത്തിന് കടന്നുകേറാൻ ഉചിതമായ സന്ദർഭമൊരുങ്ങിയിരിക്കുന്നു. നാല് ദശകങ്ങൾക്കിടയിൽ വീണുകിട്ടിയ ഈയൊരവസരത്തെ ഇന്ത്യയുടെ ശക്തമായ ഭരണകൂടം എന്തിന് ഉപയോഗിക്കാതിരിക്കണം? കലാപങ്ങളെ നിയന്ത്രിക്കുക തുടങ്ങിയ സദുദ്ദേശങ്ങളെക്കുറിച്ചുള്ള സുവിശേഷങ്ങൾ ഇനി കേൾക്കാം. എന്താണിനി നമുക്ക് ചെയ്യാനാവുക? എല്ലാ നിയമങ്ങളും ചിട്ടപ്പെടുത്തിക്കഴിഞ്ഞു. നിങ്ങളുടെ സ്വന്തം സ്ഥാപനങ്ങൾ ഭിന്നിപ്പിക്കപ്പെടുകയോ വിട്ടുവീഴ്ചയ്ക്ക് വഴങ്ങുകയോ ചെയ്തു കഴിഞ്ഞു. കൂടാതെ, നിങ്ങളെല്ലാവരും ഈ ചോരവീഴ്ത്തലിൽ പങ്കാളികളായിക്കഴിഞ്ഞു.

നമ്മുടെ തൊഴിൽരംഗം സ്വയംനശീകരണ ബട്ടൺ അമർത്തിയിരിക്കുകയാണ്. നമുക്ക് കേൾക്കാൻ മുതിർന്നവരുടെ ശബ്ദങ്ങളില്ല. പ്രണാബ് മുഖർജിയില്ല. ഭീഷ്മ പിതാമഹന്മാരില്ല. വിസിലടിക്കാൻ റഫറിമാരില്ല.


ശേഖര്‍ ഗുപ്ത

ശേഖര്‍ ഗുപ്ത

'ദി പ്രിന്‍റ് 'സ്ഥാപകന്‍, കോളമിസ്റ്റ്

Next Story

Related Stories