TopTop
Begin typing your search above and press return to search.

കൊറോണ കാലത്തെ ഈ തുള്ളല്‍ പനി, കാരണം ഇതാണ്

കൊറോണ കാലത്തെ ഈ തുള്ളല്‍ പനി, കാരണം ഇതാണ്

ഓരോരുത്തരും ഓരോരോ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നു. യുദ്ധക്കളത്തിലെ കബന്ധങ്ങൾ കണ്ടു മനസ്സുമടുത്ത അശോകൻ എന്ന ചക്രവർത്തി മുതൽ ശ്രീ ബുദ്ധൻ എന്ന് പിന്നീട് അറിയപ്പെട്ട സിദ്ധാർത്ഥ രാജകുമാരനിലോ, ' റ്റു ബി ഓർ നോട് റ്റു ബി ' എന്ന ആശങ്കയിൽ ഉഴറി നടന്ന ഹാംലെറ്റ് രാജകുമാരനിലോ ഒടുങ്ങുന്നില്ല അസ്വാസ്ഥ്യങ്ങളുടെ ഈ ചരിതം. ഗ്രീക്ക് കഥാപാത്രം സിസിഫസും അദ്ദഹത്തിന്റെ തന്നെ അവതാരം എന്നു തോന്നിപ്പിക്കാവുന്ന നമ്മുടെ നാറാണത്തു ഭ്രാന്തനും ഒക്കെ ഒന്നല്ലെങ്കിൽ മറ്റൊരു കാരണം കൊണ്ട് സ്വാസ്ഥ്യം നഷ്ടപ്പെട്ടവർ തന്നെ. പുരാണം ആയാലും ചരിത്രമായാലും ഇപ്പറഞ്ഞ കഥാപാത്രങ്ങൾക്ക് പുനർജനി ഉണ്ടെങ്കിൽ ഇപ്പറഞ്ഞവരെയൊക്കെ തോൽപ്പിക്കാൻ പോന്ന ഒരു അവതാരം ഇതാ ഇപ്പോൾ നമ്മുടെ കേരളക്കരയിലും വല്ലാതെ സ്വാസ്ഥ്യം കെട്ട് നടക്കുന്നുണ്ട്. അത് മറ്റാരുമല്ല , സാക്ഷാൽ രമേശ് ചെന്നിത്തല തന്നെ. പറഞ്ഞുവരുമ്പോൾ ആളൊരു മുൻ മന്ത്രിയും മുൻ കെ പി സി പ്രസിഡന്റും നിലവിൽ കേരള നിയസഭയിൽ പ്രതിപക്ഷ നേതാവും ആണ്. കോൺഗ്രസ്സുകാർ കൂട്ടമായും അല്ലാതെയും കുറുവടി സേനയിൽ ചേരുന്ന ഇക്കാലത്തും ചിലരൊക്കെ അദ്ദേഹത്തെ ഇപ്പോഴും സ്നേഹപൂർവം ചെന്നിത്തല ഗാന്ധി എന്നും വിളിച്ചു പോരുന്നുണ്ട്. പക്ഷെ അദ്ദേഹം അടുത്തകാലത്തായി വല്ലാത്തൊരു അസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നുണ്ട്. ചില നേരങ്ങളിൽ ഒരു തരം ഉറഞ്ഞു തുള്ളൽ. ഏതാണ്ട് കോമരത്തിന്റെ ഉറയൽ പോലെ എന്തോ ഒന്ന്. നായർ കുലത്തിൽ പിറന്നവർ കോമരം ആയത് കെട്ടില്ലല്ലോ. അപ്പോൾ പിന്നെ കാര്യമായ മറ്റെന്തെങ്കിലും അസുഖം തന്നെയാവണം. ലക്ഷണം കണ്ടിട്ട് നിപയോ കൊറോണയോ ഒന്നുമല്ലെന്ന് തോന്നുന്നു. ഇനിയിപ്പോൾ തുള്ളൽ പനിയാണോ അതോ മറ്റു വല്ലതുമോ എന്നു ചോദിക്കാമെന്ന് വെച്ചാൽ മോഹനൻ വൈദ്യർ കട പൂട്ടിപ്പോയില്ലേ. എന്തിനു വെറുതെ മോഹനൻ വൈദ്യരെ മാത്രം പറയുന്നു. ഹഗ്ഗിങ് പുണ്യവതി മുതൽ സകല മാന ആൾ ദൈവങ്ങളും, തലയിൽ കൈവെച്ചു പ്രാർത്ഥന നടത്തി രോഗം ഭേദമാക്കുന്നവരും ഒക്കെ കട പൂട്ടി കഴിഞ്ഞു. ഇനിയിപ്പോൾ മാടമ്പള്ളിയിലെ യക്ഷിയെ തളക്കാൻ വന്ന സണ്ണി ഡോക്ടറോട് ചോദിക്കാമെന്ന് വെച്ചാൽ, അതിൽ എന്ത് കാര്യം ഒരു സിനിമ അതിലെ ഒരു കഥാപാത്രം അത്രയൊക്കെയല്ലേയുള്ളു അത്? അല്ലെങ്കിൽ തന്നെ പോപ്പ് വാണരുളുന്ന വത്തിക്കാനിൽ തന്നെ കാര്യങ്ങൾ ആകെ കുഴഞ്ഞു മറിഞ്ഞു കിടക്കുകയാണത്രെ. മുഴുവൻ പള്ളികളും അടച്ചു പൂട്ടിയിരിക്കുന്നു.ദുരിതങ്ങൾക്കും ദുരന്തങ്ങൾക്കും ശേഷം പുതിയ ദൈവിക വെളിപാടുകൾ പ്രതീക്ഷിക്കാം എന്നു മാത്രം കരുതിയാൽ മതി. എന്ന് കരുതി തുള്ളൽ രോഗം പിടിപെട്ടവർക്കു ചികിത്സ വേണ്ടെന്നു പറയുന്നത് ഒട്ടും ശരിയല്ലല്ലോ. അതുകൊണ്ടു തന്നെ ആത്മീയവും മുറി വൈദ്യവും ആയ ഡോക്ടർമാർക്ക് നിത്യ ശാന്തി നേർന്നു കൊണ്ട് തന്നെ പറയട്ടെ നമ്മുടെ രമേശ് ചെന്നിത്തല ജിയെ പിടികൂടിയ രോഗം അതീവ ഗുരുതരം ആയ എന്തോ ഒന്നു തന്നെയാണ് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അല്ലെങ്കിൽ പിന്നെ എന്തിനാണ് ഇടയ്ക്കിടെ ഇങ്ങനെ മാറ്റിയും മറിച്ചും പറയുന്നതും ഉറഞ്ഞു തുള്ളുന്നതും. അപ്പോൾ പിന്നെ എന്തോ വലിയ ഒരു പ്രശ്നം അദ്ദേഹത്തെ വേട്ടയാടുന്നുണ്ട്. അത് അമ്മയെ വശീകരിച്ചു രാജാവായ പിതൃ സഹോദരനെയും ഒപ്പം അമ്മയെയും ഓർത്തു സ്വയം നീറുന്ന ഹാംലെറ്റിന്റെ പ്രശ്നമല്ല. മലമുകളിലേക്ക് കല്ല് ഉരുട്ടി താഴേക്ക് ഉരുട്ടി വിടാൻ വിധിക്കപ്പെട്ട സിസിഫസ്സിന്റെ ഗതികേടുമല്ല. ഇനിയിപ്പോൾ നമ്മുടെ രമേശ് ജിയെ പിടികൂടിയ അസുഖം എന്തെന്ന് കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളിയോട് ചോദിച്ചിട്ടു വലിയ കാര്യം ഉണ്ടെന്നു തോന്നുന്നില്ല. രണ്ടാൾ രണ്ടു മനസ്സ് എന്നത് അടുത്തിടെ തന്നെ അവർ തെളിയിച്ചു കഴിഞ്ഞതല്ലേ. പൗരത്വ ഭേദഗതി നിയമ പ്രശ്നത്തിൽ യോജിച്ച സമരം എന്നു രമേശ് ജി , എന്ത് പൊക്കണക്കേടാ പറയുന്നതെന്ന് പുതിയ കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ജി. രണ്ടു പേരും ഇന്ദിരാജിയുടെ പഴയ ഓമനകൾ, അതോടൊപ്പം കരുണാകർജിയുടെയും. എന്നു കരുതി സയാമീസ് ഇരട്ടകളല്ല, തെക്കും വടക്കും എന്ന വ്യത്യാസങ്ങൾ ഇപ്പോഴും നിലനിൽക്കുന്നു. ഇനിയിപ്പോൾ അനിൽ അക്കര എന്ന എം എൽ എ യോട് ചോദിച്ചാൽ കോർപ്പറേഷൻ - ജില്ലാ പഞ്ചായത്ത് എണ്ണം പോലും തിട്ടമില്ലാത്ത രീതിയിൽ ആണയാൾ കഴിഞ്ഞ ദിവസം ഉമ്മണി വലിയ ഒരു വാർത്ത ചാനലിൽ ഇരുന്നു സമരിക്കുന്നതു കണ്ടത്. കവികളും മറ്റുമായി ചിലർകൂടിയുണ്ട് ,കൂട്ടത്തിൽ എ കെ ജി യുടെ പഴയ കോണകം തപ്പി നടന്ന ഒരാളും അയാളെയും വെട്ടി യൂത്ത് കോൺഗ്രസ് നേതൃ പദവിയിൽ എത്തിയ മറ്റൊരാളും. ഇരുവരും പാലക്കാട് ബെൽറ്റിൽ നിന്നാണെങ്കിലും രായിരനെല്ലുരിലെ നാറാണത്തു ഭ്രാന്തൻ മലയെക്കുറിച്ചു കേട്ട് പരിചയം ഉണ്ടെങ്കിലും മങ്കരയിലെ കൊളക്കോഴിയെക്കുറിച്ചു അറിയാത്ത അവരോടും ചോദിച്ചിട്ടു കാര്യമില്ല. അതൊക്കെ വെറുതെ സമയം മെനക്കെടുത്തലാണ്. അപ്പോൾ പിന്നെ എന്താ ഒരു മാർഗം? ഒരു പാട് കാലം രാഷ്ട്രീയം എഴുതിയ പഴയ പേന ഉന്തുകാരോട് ചോദിച്ചാലോ? കാരണം വിഷയം രാഷ്ട്രീയം തന്നെയാണല്ലോ! അവരിൽ പലരും തിരിച്ചറിഞ്ഞ ഒരൊറ്റ കാര്യം മാത്രം ഇവിടെ പ്രധാന രോഗ ലക്ഷണമായി നിർണയിക്കേണ്ടതുണ്ട്. അത് എല്ലാം ഒത്തൊരുക്കിക്കൊണ്ടു വരുമ്പോൾ എല്ലാം നഷ്ടപ്പെടാൻ പോകുന്നുന്നു എന്ന ഭീതിയിൽ നിന്നുണ്ടാവുന്ന വല്ലാത്തൊരു ഉന്മാദം എന്നത്രെ അതിനെ വിശേഷിപ്പിക്കുക. അല്ലെങ്കിലും പ്രതിപക്ഷ നേതാവ് എന്ന പദവിയെ മറന്നു, എന്തിനും ഏതിനും സർക്കാരിനെ വിമർശിക്കുന്ന ഒരു നേതാവിനെ സമൂഹം എങ്ങനെ വീക്ഷിക്കും എന്ന തിരിച്ചറിവില്ലാതെ, ആ സ്ഥാനത്തിരിക്കുന്ന ഒരാൾ ആടി തിമിർക്കുന്ന കോമരം കാണുമ്പോൾ ഇപ്പറഞ്ഞത് തന്നെയാണ് ശരിയെന്നു തോന്നുന്നു. തെറ്റുണ്ടെങ്കിൽ പ്രിയ രമേശ് ജിക്കും തിരുത്താം. അവർ പറഞ്ഞ കാര്യങ്ങൾ വരെ ലളിതമാണ് വല്ലാത്തൊരു ഭയം താങ്കളെ പിടികൂടിയിരിക്കുന്നു. അല്ലെങ്കിൽ പിന്നെ എന്തിനാണ് ഉത്തരവാദപ്പെട്ട ഒരു പ്രതിപക്ഷ നേതാവ് സ്വന്തം കടമ മറന്നു വേണ്ടാ പണി ചെയ്യുന്നത്. പ്രതിപക്ഷം നിയസഭയിൽ വലിയ പ്രതിക്ഷേധം ഉയർത്തിയ ഓഖി വിഷയമായാലും ലൈഫ് പ്രൊജക്റ്റ് ആയാലും ഇപ്പോൾ കൊറോണ ആയാലും എന്തിലും എവിടെയും കയറി വെറുതെ ഉടക്കുണ്ടാക്കുന്ന വല്ലാത്തൊരു ശൈലി കാണുമ്പോൾ ആ ഭീതി കുറച്ചുകൂടി തെളിഞ്ഞു വരുന്നുണ്ട്. കെ കരുണാകരനെ പുകച്ചു പുറത്തു ചാടിച്ചു പകരം എ കെ ആന്റണിയെ വാഴിച്ചു അധികം വൈകാതെ തന്നെ താൻ ഏറെ മോഹിച്ച മുഖ്യമന്ത്രി പദം കൈവരിച്ച ഉമ്മൻ ചാണ്ടിക്ക് പഠിച്ച, പിന്നീട് അയാളെ ഒതുക്കാൻ ശ്രമിച്ചപ്പോൾ മുഖ്യമന്ത്രി പദം കൈവിട്ടു പോയ ഒരു നിരാശ കാമുകൻ. ഒടുവിൽ ഉമ്മൻ ചാണ്ടിയെ വെട്ടി ഒരു വഴിക്കാക്കിയപ്പോഴും ആ കസ്സേര ഒരു വിദൂര സ്വപനം ആക്കി തീർക്കുന്ന പുതിയ ഭീഷണികൾ. വിരണ്ടേ പറ്റൂ. കാരണം ആ കസ്സേരക്കുവേണ്ടി പിടിമുറുക്കുന്നവർ ചില്ലറക്കാരല്ല. ഒരാൾ കരുണാകര പുത്രൻ കെ മുരളീധരൻ . ഇടയ്ക്കു പാർട്ടി വിട്ടുപോയെങ്കിലും വീണ്ടും പാർട്ടിയിൽ തിരിച്ചെത്തി എന്ന് മാത്രമല്ല എൻ എസ് എസ്സിന്റെ മാനസ പുത്രൻ. മറ്റൊരാൾ രാഹുൽ ബ്രിഗേഡിലൂടെ എ ഐ സി സി യുടെ തലപ്പത്തേക്കു എത്തിയ കെ സി വേണുഗോപാൽ. എന്തൊക്കെയോ പ്രതീക്ഷിച്ചു കേരളത്തിൽ കോൺഗ്രസ് തലപ്പെത്തിയ മുല്ലപ്പള്ളിയെ തല്ക്കാലം മാറ്റി നിര്‍ത്തിയാലും ഈ രണ്ടു വടക്കൻമാരെ, അവർക്കു എൻ എസ് എസ് നേതൃത്വവുമായുള്ള ബന്ധം നമ്മുടെ രമേശ് ജിയെ വല്ലാതെ അസ്വസ്ഥനാക്കുന്നുണ്ട്. അല്ലെങ്കിലും പണ്ട് തെക്കൻ ജില്ലക്കാർ വടക്കൻ ജില്ലക്കാരെ കുടിവെള്ളത്തിൽ പോലും വിശ്വസിക്കരുതെന്നും വടക്കൻ ജില്ലക്കാർ തെക്കനെ തരിമ്പും നമ്പിക്കൂടെന്നും പറയുന്ന ഒരു കാലം ഉണ്ടായിരുന്നു. അന്നും എന്നെ പോലുള്ള വടക്കൻ ജില്ലകളിൽ നിന്നുള്ളവരും തെക്കൻ പ്രദേശങ്ങളിൽ നിന്നുള്ളവരും പഴയ ബോംബെ തെരുവുകളിൽ ഒരൊറ്റ തെറിയേ കേട്ടിട്ടുള്ളു: തൂ മദ്രാസി. ഡൽഹിയിലെ മല്ലു വിളിപോലെ അത്ര സുഖകരം ആയിരുന്നില്ല അതെന്നറിയാൻ രമേശ് ജിയോ കൂട്ടരോ സ്ഥിരം ഡൽഹി യാത്രയും അവിടുത്തെ സ്ഥിരം വാസവും അടുത്തൂണും അല്ലാതെ മറാത്തികളുടെ ഹുങ്ക് എന്തെന്ന് അറിഞ്ഞിട്ടുണ്ടോ ഒരിക്കലെങ്കിലും? അതേ മറാത്തി ബാന്ധവം ആണ് മഹാരാഷ്ട്രയിലെ പുതിയ കോൺഗ്രസ് സംവിധാനം. എത്രകാലം എന്ന് ആർക്കറിയാം. അല്ലെങ്കിൽ പിന്നെ എന്തിനാണ് സ്ഥിരം ബഹിഷ്കരണം എന്നൊരു ഏർപ്പാട് ? രാഹുൽ ഗാന്ധി എ ഐ സി സി അധ്യക്ഷ പദവി ഒഴിഞ്ഞപ്പോൾ ഒരു നേതാവില്ലാത്ത പാർട്ടിയായി കോൺഗ്രസ് മാറിയെങ്കിൽ ഇന്നിപ്പോൾ ആത്മാവ്‌ കൂടി നഷ്ട്ടപ്പെട്ട ഒന്നായി ആ പാർട്ടി മാറിയിരിക്കുന്നു. കുറ്റം ആ പാർട്ടിയിലെ അടങ്ങാത്ത അധികാര മോഹം തന്നെയെന്നു ആർക്കാണ് അറിയാത്തത്? അപ്പോൾ പിന്നെ രമേശ് ജി, താങ്കളുടെ തുള്ളൽ പനിയുടെ, അഥവാ ബഹിഷ്കരണ തുടർക്കഥകൾക്കു പിന്നിൽ കേവലം സ്വാർഥ മോഹം മാത്രമാണെന്ന് കരുതേണ്ടി വരും. അടിയന്തരാവസ്ഥകാലത്തു താങ്കളുടെ പാർട്ടി ചെയ്തു കൂട്ടിയ കൊടും പാതകങ്ങൾ, കേരളത്തിലേതടക്കം ആരും മറന്നിട്ടില്ല. എന്നാൽ ഇന്ദിര ഗാന്ധിയുടെ വധത്തെ തുടർന്നുണ്ടായ സിഖ് വിരുദ്ധ കലാപം പറഞ്ഞു വരുന്ന ഗോദ്ര കലാപകാരുടെ ( ഇപ്പോൾ ഡൽഹി കലാപത്തിന് വിത്ത് വിതച്ചവർ ) ആ പാർട്ടിയെ ലക്‌ഷ്യം വെച്ച് നീങ്ങുന്നവരുടെ കൂട്ടത്തിൽ ഒരിക്കലും താങ്കൾ ഉണ്ടാവാൻ ഇടയില്ലെന്നു കരുതാൻ ആണ് ഇഷ്ട്ടം. അങ്ങനെ കരുതാൻ ബലവത്താകേണ്ടത് പ്രതിപക്ഷ നേതാവ് എന്ന നിലയിലുള്ള താങ്കളുടെ ഉത്തരവാദിത്വ പൂര്‍ണ്ണതയോടെയുള്ള നേതൃ പാടവം ആണ്. വെറും വെറുതെ ബഹളം വെക്കുന്നവരെ അല്ല, സ്വാർത്ഥ താൽപര്യങ്ങൾക്കു വേണ്ടി നിലനിൽക്കുന്നവരെയല്ല മനുഷ്യരുടെ നന്മക്കുവേണ്ടി (പ്രത്യേകിച്ചും കേരളം അടക്കം അഭിമുഖീകരിക്കുന്ന കൊറോണ കാലത്ത്) നില കൊള്ളുന്ന പ്രതിപക്ഷ നേതാവിനെയും ജനം ഉൾക്കൊള്ളും എന്നതും മനസ്സിലാകുക .താങ്കൾ കഴിഞ്ഞ ദിവസ്സം ആരോഗ്യ മന്ത്രി ക്ക് എതിരെ ചൊരിഞ്ഞ അനഭിലഷണീയമായ വാക്കുകൾ ഉത്തരവാദപ്പെട്ട ഒരു പൊതു പ്രവര്‍ത്തകന് യോജിച്ചതായിരുന്നില്ല. ഭരണം നിലനിറുത്താൻ ചൈനയിൽ നിന്നും ഇറ്റലിയിൽ നിന്നും അവരാരും കൊറോണ ഇറക്കുമതി ചെയ്യുന്നില്ല. എന്നിട്ടും ആർക്കോ വേണ്ടി എന്തൊക്കൊയോ പുലമ്പുന്ന ഈ രീതി താങ്കൾ പ്രതിപക്ഷ നേതാവായതിനു ശേഷം തുടരുന്ന വിഡ്ഢിത്തങ്ങളുടെ ഘോഷയാത്രയിൽ പെടുത്താമെന്നല്ലാതെ മറ്റെന്തു പൊളിറ്റിക്കൽ മൈലേജ് ആണ് ഉണ്ടാക്കി തരുക. കാര്യം ശരിയാണ് ഉപ തെരഞ്ഞെടുപ്പുകളും തദ്ദേശ തിരഞ്ഞെടുപ്പും അതിനും ശേഷം നിയമസഭ തിരഞ്ഞെടുപ്പും നടക്കേണ്ടതുണ്ട്. പ്രളയ കാലത്തു അത് മനുഷ്യ നിർമ്മിതം എന്ന് വിലയിരുത്തിയതുപോലെ വീണ്ടും മുഖം തിരിഞ്ഞു നിന്നാൽ ജനം മനസ്സിലാക്കും.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


സാജു കൊമ്പന്‍

സാജു കൊമ്പന്‍

മാനേജിംഗ് എഡിറ്റര്‍

Next Story

Related Stories