TopTop
Begin typing your search above and press return to search.

ആടു മേയ്ക്കാൻ നാടുവിടുന്ന മുസ്ലിം ചെറുപ്പക്കാർ; സലഫിസം കേരളത്തിൽ വിളവ് കൊയ്യുന്നതിങ്ങനെ

ആടു മേയ്ക്കാൻ നാടുവിടുന്ന മുസ്ലിം ചെറുപ്പക്കാർ; സലഫിസം കേരളത്തിൽ വിളവ് കൊയ്യുന്നതിങ്ങനെ

ആഗോള ഇസ്ലാമിക ഭീകര സംഘടനകളിൽ ചേരാൻ കേരളത്തിൽ നിന്ന് നാടുവിട്ട മുസ്ലിം യുവാക്കളുടെ വാർത്തകൾ കുറച്ച് ദിവസമായി അന്തരീക്ഷത്തിൽ തങ്ങിനിൽപ്പുണ്ട്. ഇന്ത്യയിൽ നിന്ന് ഇസ്ലാമിക തീവ്രവാദ സംഘടനകളിൽ ചേർന്നവരിൽ ഏറിയ ഭാഗവും കേരളത്തിൽ നിന്നാണെന്ന വാർത്ത അൽപമല്ലാത്ത ഹൃദയസങ്കോചത്തോടും നടുക്കത്തോടും മാത്രമേ കേൾക്കാനാവൂ. എന്നു മുതലാണ് കേരളത്തിൽ ഇസ്ലാമിക തീവ്രവാദം പടർന്നു കയറിയത് എന്നു പരിശോധിക്കേണ്ടതുണ്ട്. പ്രവാചകന്റെ കാലം മുതലേ കേരളത്തിൽ ഇസ്ലാം പ്രചരിച്ചു തുടങ്ങിയിട്ടുണ്ട് എന്നത് വാമൊഴി ചരിത്രമാണെങ്കിലും, BC അഞ്ചാം നൂറ്റാണ്ട് മുതലേ അറബി കച്ചവട സംഘങ്ങളുമായി വാണിജ്യ ബന്ധങ്ങൾ പുലർത്തിപ്പോന്നിരുന്ന കേരളീയ മണ്ണിൽ ഏഴാം നൂറ്റാണ്ടിൽ തന്നെ ഇസ്ലാമിന്റെ കൊടിക്കൂറ പതിഞ്ഞിട്ടുണ്ട് എന്ന കാര്യം അതിശയോക്തിക്കതീതമായി സ്വീകാര്യമാണ്. അതായത് സഹസ്രാബ്ദങ്ങളുടെ ചരിത്ര വേരുകളുണ്ട് കേരളത്തിലെ ഇസ്ലാമിന്. എന്നാൽ ലോകത്തെ മൊത്തം മുസ്ലിംകളെ തന്നെ ഭയത്തിന്റെ പ്രതീകങ്ങളാക്കി തള്ളിവിട്ട് ഇസ്ലാമോഫോബിയ എന്ന വംശീയ വെറിയുടെ പുതിയ ആഗോള അധ്യായത്തിന് വിത്തുപാകിയ ഇസ്ലാമിക ഭീകരത കേരളത്തിൽ പുതിയ പ്രവണതയാണ്. വഹാബിസം: ഇസ്ലാമിക തീവ്രവാദത്തിന്റെ ആശയാടിത്തറ ഇസ്ലാമിക ഭീകരത ഒരു യാഥാർത്ഥ്യം തന്നെയാണ്. അത് ജൂത നിർമിത കെട്ടുകഥയോ അമേരിക്കൻ പ്രചോദിത വാർത്താകുറിപ്പുകൾ മാത്രമോ അല്ല. വ്യക്തമായ പ്രത്യയശാസ്ത്ര അടിത്തറകളുണ്ട് അതിന്. ആധുനിക സൗദി രാഷ്ട്രത്തിന്റെ ശൈശവ രൂപം നാമ്പിട്ട പതിനെട്ടാം നൂറ്റാണ്ടിലേക്ക് സഞ്ചരിക്കണം അതിന്റെ ചരിത്രപരമായ വേരുകൾ തേടിയെടുക്കാൻ. ഇന്നത്തെ സൗദി അറേബ്യയുടെ നജ്ദ് പ്രവിശ്യയിൽ പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മുഹമ്മദ് ബ്നു അബ്ദുൽ വഹാബിലാണ് അതിന്റെ പ്രത്യയശാസ്ത്ര ബീജാവാപമിരിക്കുന്നത്. അതായത് തീവ്ര ഇസ്ലാമിക ധാരയുടെ ചരിത്രം രണ്ട് നൂറ്റാണ്ടപ്പുറത്തു നിന്നാണ് തുടങ്ങുന്നത്. അതിന്റെ താത്വികാചാര്യൻ ഇബ്നു അബ്ദുൾ വഹാബും. അറബ് ഗോത്രങ്ങൾക്കിടയിൽ തന്റെ അക്രാമക ഇസ്ലാമിക രാഷ്ട്രീയ പ്രത്യയശാസ്ത്രം ഉപയോഗിച്ച് വാർത്തെടുത്ത ജനക്കൂട്ടത്തെ ഒരു രാഷ്ട്ര സ്വത്വമായി പരിവർത്തിപ്പിക്കാനായിരുന്നു മുഹമ്മദ് ബ്നു അബ്ദുൾ വഹാബ് ശ്രമിച്ചത്. അതിനു വേണ്ടി അധികാര പ്രമത്തരായ ഗോത്രത്തലവൻമാർക്കിടയിൽ നിന്ന് അഗ്രഗണ്യനായ മുഹമ്മദ് ബ്നു സൗദിനെ കൂട്ടുപിടിച്ച് ഒരു രാഷ്ട്രത്തിനു രൂപം നൽകലായിരുന്നു അയാളുടെ ആദ്യ ദൗത്യം. അങ്ങനെ സൗദ് വംശത്തിന് തങ്ങളുടെ രാഷ്ട്ര മോഹം പൂവണിഞ്ഞപ്പോൾ മുഹമ്മദ് ബ്നു അബ്ദുൾ വഹാബിന് തന്റെ മതകീയ അഭിലാഷം യാഥാർത്ഥ്യമാവുകയും ചെയ്തു. പിന്നീട് സൗദ് വംശത്തിന്റെ സൈനിക പടയോട്ടത്തെ നയിച്ചത് ഇബ്നു അബ്ദുൾ വഹാബിന്റെ കിരാത ആശയങ്ങളായിരുന്നു. ചരിത്ര സ്മാരകങ്ങളെ ശിർക്കിന്റെ (ബഹുദൈവാരാധനയുടെ) അടയാളങ്ങളായി കണ്ട് തട്ടിത്തകർത്തും ശിയാക്കൾ ഉൾപ്പടെയുള്ള മറ്റു ഇസ്ലാമിക ആവാന്തര വിഭാഗങ്ങളെ ഉന്മൂലനം ചെയ്തുമായിരുന്നു സൗദി അറേബ്യ എന്ന രാഷ്ട്രം ചരിത്രത്തിൽ വളർന്നു വന്നത്. പലവിധ മാറ്റങ്ങളിൽ കടന്നു പോയ സൗദി അറേബ്യ ഇന്നും ഇബ്നു അബ്ദുൾ വഹാബിന്റെ ആശയങ്ങളുടെ, വഹാബിസത്തിന്റെ (സലഫിസത്തിന്റെ) കയറ്റുമതിക്കാരായി നിലകൊള്ളുന്നു. വലിയ പ്രത്യയശാസ്ത്ര ശാഠ്യങ്ങളില്ലാത്ത, ഭരണകാര്യങ്ങൾ മാത്രം ശ്രദ്ധിച്ച് സുഖലോലുപതയിൽ മുന്നോട്ടു നീങ്ങുന്ന അധികാര വർഗം മാത്രമാണ് സൗദിയുടെ ഭരണകർത്താക്കളായ സൗദ് വംശമെങ്കിലും, ഉത്ഭവം മുതൽ ഇന്ന് വരെ ആ രാഷ്ട്രത്തിന്റെ നയകാര്യങ്ങൾ തീരുമാനിക്കുന്നതിൽ മതകാര്യങ്ങളുടെ (ശരീഅത്ത് ) ചുമതലക്കാരായ വഹാബി-സലഫിസ്റ്റു പണ്ഡിതർക്കായിരുന്നു മേൽക്കൈ. അതായത് രാഷ്ട്ര രൂപീകരണം തൊട്ട് ഇന്നുവരെ സൗദിയുടെ ആത്മാവായി നിലകൊള്ളുന്നത് സലഫി ആദർശങ്ങളാണ്. ലോകത്ത് ഇന്നു വളർന്നു വന്ന മുഴുവൻ ഇസ്ലാമിക തീവ്രവാദ പ്രസ്ഥാനങ്ങളും സൗദി അറേബ്യ കയറ്റുമതി ചെയ്ത വഹാബിസത്തിന്റെ ഉൽപ്പന്നങ്ങളാണ്. ആശയാടിത്തറ മാത്രമല്ല, സലഫിസ്റ്റു നിയന്ത്രിത സൗദി ഭരണകൂടത്തിൽ നിന്നു ഇസ്ലാമിക പ്രബോധനത്തിന്റെ പേരിൽ ഒഴുക്കിയ സാമ്പത്തിക പിൻബലവും പല ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളെ ലോകത്ത് വളർത്തുകയായിരുന്നു. ഇപ്പോൾ കേരളം ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ മുസ്ലിം ചെറുപ്പക്കാരെ തീവ്രവാദത്തിലേക്ക് റിക്രൂട്ട് ചെയ്യുന്ന സംസ്ഥാനമായി മാറിയിരിക്കുന്നു എന്ന് കേൾക്കുമ്പോൾ കേരളത്തിലെ വഹാബി സലഫി ചലനങ്ങളെയും അത് മുസ്ലിംകളിൽ വരുത്തിയ പരിവർത്തനപരമായ മാറ്റങ്ങളെയും ചരിത്രപരമായി വിലയിരുത്താൻ നാം നിർബന്ധിതരാണ്. പ്രവാചക കാലം മുതൽക്കുള്ള ഇസ്ലാമിക പാരമ്പര്യം അവകാശപ്പെടുന്ന കേരളീയ മുസ്ലിംകളിൽ എന്നു മുതലാണ് തീവ്രവാദ ആശയത്തിനു വശംവദരാകുന്ന ഒരു വിഭാഗം വളർന്നു വന്നതെന്നാണ് പരിശോധിക്കപ്പെടേണ്ടത്. ഇരുപതാം നൂറ്റാണ്ട്; വഹാബിസത്തിന് കേരളം വിളനിലമാകുന്നതിങ്ങനെ? സാംസ്‌കാരിക ഇസ്ലാമില്‍ നിന്ന് രാഷ്ട്രീയ ഇസ്ലാമിലേക്കുള്ള വഴിപിരിയലാണ് ഇരുപതാം നൂറ്റാണ്ടിന്റെ പൂര്‍വ്വാര്‍ധത്തിൽ കേരള മുസ്ലിംകളില്‍ സലഫി-വഹാബി ആശയങ്ങൾ കടന്നു കയറിയപ്പോൾ സംഭവിച്ചത്. പാരമ്പര്യവാദികളായ മുസ്ലിം സമൂഹം പുലര്‍ത്തിയിരുന്ന കേരളീയ പൊതു സാംസ്‌കാരികതയോടുള്ള കൂറ് ചോദ്യം ചെയ്തുകൊണ്ടാണ് വഹാബിസം കേരളത്തിൽ പ്രചരിച്ചത്. 1920 ലാണ് കേരളത്തിൽ ഐക്യസംഘമെന്ന പേരിൽ ആദ്യ സലഫി -വഹാബി പ്രസ്ഥാനം സ്ഥാപിതമാവുന്നത്. വക്കം മൗലവി, കെ എം മൗലവി, ഹമദാനി തങ്ങൾ തുടങ്ങിയവർ ഉൾപ്പെടുന്ന മുസ്ലിം മത പരിഷ്കരണ വാദികളായിരുന്നു അതിന്റെ സ്ഥാപകർ. വിദ്യാഭാസപരമായി പിന്നോക്കമായിരുന്ന മുസ്ലിം സമുദായത്തെ വിദ്യാഭ്യാസപരമായി പരിഷ്കരിക്കുന്നതോടൊപ്പം മതാചാരങ്ങളുടെ നവീകരണമായിരുന്നു ഇവരുടെ മുഖ്യ ലക്ഷ്യം. അതിനാൽ തന്നെ പരിഷ്‌കരണ ശ്രമങ്ങളുടെ ആധുനിക ചലനങ്ങള്‍ ഇവരുടെ പ്രവർത്തനങ്ങളിലും കാഴ്ച്ചപ്പാടുകളിലും പ്രകടമായിരുന്നു. ഇന്ന് ഇവർ നേത്യത്വം കൊടുത്ത് വളർത്തിയ മുജാഹിദ് - സലഫി സംഘടന കേരളത്തിൽ നിന്ന് മുസ്ലിം യുവാക്കളെ തീവ്രവാദത്തിലേക്ക് കയറ്റി അയക്കുന്ന ഭീകര പ്രത്യയശാസ്ത്രത്തിന്റെ വിളനിലമായി മാറിയിരിക്കുന്നുവെന്ന വസ്തുനിഷ്ടമായ യാഥാർത്ഥ്യത്തെ മുൻനിർത്തി ഒരു നൂറ്റാണ്ടിനിടക്ക് ഇവരിൽ സംഭവിച്ച പരിവർത്തനങ്ങളെ ചരിത്രപരമായ കാര്യകാരണങ്ങൾ വിശകലനം ചെയ്ത് അന്വേഷിക്കേണ്ടതുണ്ട്. പരിഷ്കർത്താക്കളായി രംഗപ്രവേശനം ചെയ്ത നേതാക്കളുടെ പ്രസ്ഥാനം തീവ്രമതാശയങ്ങളുടെ വേദിയായി ഇന്ന് മാറുമ്പോൾ, ആദ്യകാലത്ത് ആധുനികതയുടെ നവാംശങ്ങൾ പകർന്ന് ജനശ്രദ്ധ നേടിയ പ്രസ്ഥാനത്തിന്റെ അന്തർധാരയെ സജീവമാക്കിയ പ്രത്യയശാസ്ത്രം ഏതാണെന്നു മനസ്സിലാക്കേണ്ടതുണ്ട്. വിദ്യാഭ്യാസപരമായ ഉത്ബുദ്ധതക്കും മതപരമായ നവീകരണത്തിനുമായി മുന്നിട്ടിറങ്ങിയ ഐക്യസംഘ നേതാക്കൾ പെട്ടെന്ന് ഒരു ദിനം വെളിപാടുണ്ടായി മുസ്ലിംകളെ പുരോഗമന പാതയിലേക്കു നയിക്കാൻ മുന്നിട്ടു വന്നവരായിരുന്നില്ല. ഹിംസാത്മക മതപരിഷ്കരണ ശ്രമഫലമായി ഒരു രാഷ്ട്ര സ്വത്വത്തിന്റെ രൂപീകരണത്തിനു വഴിതെളിച്ച ഇബ്നു അബ്ദുൾ വഹാബിന്റെ മതപരിഷ്കരണ രാഷ്ട്രീയ ചിന്തകളിൽ ആകൃഷ്ടരായി ഈജിപ്തിൽ ഇസ്ലാമിന്റെ നവീകരണത്തിനും ആധുനികവൽക്കരണത്തിനു ശ്രമിച്ച ജമാലുദ്ദീൻ അഫ്ഗാനി, മുഹമ്മദ് ഇബ്നു അബ്ദു, റഷീദു രിളാ തുടങ്ങിയ ആധുനിക ഇസ്ലാമിസ്റ്റു നേതാക്കളിൽ നിന്നു പ്രചോദനം ഉൾക്കൊണ്ടായിരുന്നു കേരളത്തിലെ ഐക്യസംഘ പ്രസ്ഥാനം പ്രവർത്തനമാരംഭിച്ചത്. ജമാലുദ്ദീന്‍ അഫ്ഗാനിയുടെ നേതൃത്വത്തിൽ ഈജിപ്തിൽ വളർന്നു വന്ന മുസ്ലിം നവീകരണ രാഷ്ട്രീയ ചിന്തകരുടെ പ്രധാന ലക്ഷ്യം ഇസ്ലാമിന്റെ ആധുനികവല്‍ക്കരണത്തിലൂടെ ഇസ്ലാമിനെ ഒരു കൊളോണിയല്‍ വിരുദ്ധ വിമോചന ശക്തിയായി പരിവർത്തിപ്പിച്ച് ഒരു ആഗോള ഇസ്ലാമിക സമൂഹത്തെ അഥവാ പാന്‍ ഇസ്ലാമിസത്തെ വളര്‍ത്തിയെടുക്കുക എന്നതായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വിവിധ സാംസ്കാരിക സ്വാംശീകരണത്തോടെ വളർന്നു വന്ന മുസ്ലിം സമൂഹത്തെ ഏകശിലാത്മക ഇസ്ലാമിക സ്വത്വം നൽകി ഏകീകരിക്കുക എന്നതായിരുന്നു പരിഷ്കരണ ശ്രമങ്ങളുടെ കാതലായ ലക്ഷ്യം. പ്രാദേശിക വൈവിധ്യങ്ങൾ പ്രതിഫലിക്കുന്ന, പാരമ്പര്യമായി നിലനിന്നു പോകുന്ന വിവിധ ദേശക്കാരായ മുസ്ലിംകളുടെ ആഘോഷ - ആചാര വൈവിധ്യങ്ങളെ വിശ്വാസത്തില്‍ നിന്നും തുടച്ചുമാറ്റി ആധുനിക ജ്ഞാനശാസ്ത്രത്തിന്റെ വെളിച്ചത്തിൽ അവയെ അപരിഷ്കൃത രീതിയായി വ്യാഖ്യാനിക്കുന്നതിനു ഇവർ ശ്രമിച്ചു. ഇതിനായി പ്രാദേശികമായി കൈവന്ന അനുഷ്ടാന കലകളടക്കമുള്ള സാംസ്‌കാരിക വൈവിധ്യങ്ങളെ ജ്ഞാനോദയാനന്തര യുക്തിചിന്ത മുര്‍നിര്‍ത്തി എതിർത്തു തോൽപിക്കാൻ ഇവർക്കു കഴിഞ്ഞു. 1920 കളില്‍ വക്കം മൗലവിയടക്കമുള്ളവര്‍ ഉയര്‍ത്തിപ്പിടിച്ച കേരള മുസ്ലിംകളിലെ പരിഷ്‌കരണ ശ്രമങ്ങള്‍ക്ക് ഈജിപ്ഷ്യന്‍ സലഫിസവുമായായിരുന്നു ബന്ധം. ഈ പരിഷ്കരണ മനോഭാവം കേരള മുസ്ലിംകളിൽ ഭൗതിക വിദ്യാഭ്യാസപരമായ നല്ല മാറ്റങ്ങൾക്ക് തിരികൊളുത്തിയെങ്കിലും വിശ്വാസപരമായ വൈവിധ്യങ്ങളെ ചോദ്യം ചെയ്ത് പാരമ്പര്യ മൂല്യങ്ങളെ ഉന്മൂലനം ചെയ്യുന്നതിലാണ് കലാശിച്ചത്. പിന്നീട് ഗൾഫ് കുടിയേറ്റ കാലങ്ങളിൽ സലഫിസത്തിന്റെ അറു പിന്തിരിപ്പൻ ആശയങ്ങളുടെ ഉറവിടമായ സൗദി അറേബ്യയിൽ നിന്നു തീവ്ര ആശയങ്ങൾ കേരളത്തിലേക്ക് പടർന്നു കയറിയപ്പോൾ ഐക്യസംഘം തുടങ്ങി വെച്ച നവീകരണ ധാരയുടെ പ്രകടമായ ആധുനിക ഭാവങ്ങളും പൂർണ്ണമായും വിസ്മൃതിയിലേക്കാണ്ടു പോവുകയാണുണ്ടായത്. അപ്പോഴത്തേക്കും ഉത്തരാധുനികതയുടെ പിറവിയോടെ അനുഷ്ഠാന കലകളുടെ മൂല്യങ്ങളെ ഉയർത്തിപ്പിടിക്കുന്ന പുതിയ പ്രവണതകൾ അക്കാദമിക രംഗത്ത് സജീവമായപ്പോൾ മുസ്ലിം നവീകരണം എന്ന പേരിൽ അവയെല്ലാം മുച്ചൂടും എതിർത്ത കേരളത്തിലെ സലഫി പ്രസ്ഥാനക്കാർ ബൗദ്ധികമായും പ്രതിസന്ധിയിലാവുകയാണുണ്ടായത്. പ്രാദേശിക സംസ്കാരിക വൈവിധ്യങ്ങളെ തട്ടിനശിപ്പിച്ച് ആഗോളതലത്തിൽ തങ്ങൾ സ്വപ്നം കാണുന്ന ഏകശിലാത്മക ഇസ്ലാമിക സ്വത്വ രൂപീകരണത്തിന്റെ ഭാഗമായി കേരളത്തിൽ സലഫി പ്രസ്ഥാനങ്ങൾ ആദ്യം കൈക്കൊണ്ട നയം, കേരളീയ തനിമ ഉൾക്കൊണ്ട് കൊണ്ട് മുസ്ലിംകള്‍ രൂപം നല്‍കിയ അറബി-മലയാളം ഭാഷയെ നിഷ്‌കരുണം അകറ്റിനിര്‍ത്തി മലയാള ഭാഷയെ മാത്രം മുസ്ലിം സമുദായത്തില്‍ വളര്‍ത്തിയെടുക്കാനുള്ള ഒരു യജ്ഞമായിരുന്നു. ഇത് മലയാളത്തോടുള്ള അതിസ്നേഹം മൂലമായിരുന്നില്ല. പ്രാദേശിക സാംസ്‌കാരിക മൂല്യങ്ങളെ ചേര്‍ത്തു പിടിക്കുന്ന, പാരമ്പര്യമായി കൈമാറി വന്ന ധാരാളം സാഹിത്യ സൃഷ്ടികള്‍ വിരചിതമായിരുന്നത് അന്നത്തെ കേരളീയ മുസ്ലിം വൈജ്ഞാനിക രംഗത്ത് പ്രധാന ഭാഷാ മാധ്യമമായി വര്‍ത്തിച്ചിരുന്ന അറബി മലയാളം ഭാഷയിലായിരുന്നു. എകദൈവ വിശ്വാസത്തെ കളങ്കം വരുത്തുന്ന പുരാണ വാറോലകള്‍ എന്ന പേരിലായിരുന്നു മുജാഹിദുകളും സലഫി പ്രസ്ഥാനങ്ങളുടെ മറ്റൊരു വകഭേദമായ ജമാഅത്തെ ഇസ്ലാമിക്കാരും അറബി-മലയാളം ഭാഷയെ അവജ്ഞാ പൂര്‍വ്വം തള്ളിയത്. തൗഹീദ് ശരിയായി കൊണ്ടുനടക്കുന്നവര്‍ തങ്ങളാണെന്നും കേരള സുന്നികള്‍/പാരമ്പര്യ മുസ്ലിംകള്‍ കൊണ്ടാടുന്ന ആഘോഷങ്ങളും ആചാരങ്ങളും ശിർക്കിന്റെ (ബഹുദൈവാരാധന) പര്യായങ്ങളാണെന്നും അവയെ നിർമ്മാർജ്ജനം ചെയ്ത് മുസ്ലിംകളെ നവീകരിക്കുക എന്ന ഉത്തരവാദിത്തമാണ് തങ്ങൾ നിർവഹിക്കുന്നതെന്നും പ്രഖ്യാപിച്ചാണ് ഇവർ മത പരിഷ്കർത്താക്കളായി തങ്ങളെ സ്വയം അടയാളപ്പെടുത്തിയത്. ഈ സലഫി -മുജാഹിദു പ്രസ്ഥാനക്കാരില്‍ നിന്നാണ് ഇന്ന് ആടുമേയ്ക്കാനായി ദൈവവിരുദ്ധ രാജ്യത്ത് നിന്ന് പലായനം ചെയ്യുന്ന വിശുദ്ധ ഭക്തര്‍ പിറവി കൊണ്ടിരിക്കുന്നതെങ്കിൽ അതിൽ അസ്വാഭാവികതയില്ല. മതത്തില്‍ അമിതമായ (ജ്ഞാനോദയാനന്തര) യുക്തിപ്രയോഗം നടത്തി ജൈവിക ചോദന അറുത്തുമാറ്റിയ സലഫി - ഇസ്ലാമിസ്റ്റുകൾ ദൈവിക നിലപാടിന്റെ പരുക്കന്‍ അവതരണത്തിലേക്ക് എത്തിപ്പെട്ടിരിക്കുന്നതിന്റെ പരിണതികളാണ് പ്രമാദമായ പീസ് സ്‌കൂള്‍ വിവാദം മുതൽ കേരളം നെടുവീർപ്പോടു കേട്ടു തുടങ്ങിയ ഇടതടവില്ലാതെ കേരളം വിട്ട് സിറിയയില്‍ അഭയം പ്രാപിക്കുന്ന സലഫി പ്രചോദിത അനുയായി വൃന്ദങ്ങളുടെ കദന കഥകള്‍ വരെ. സാംസ്‌കാരിക ഉള്‍ച്ചേര്‍ക്കലുകളില്‍ പടര്‍ന്നുവന്ന, പാരമ്പര്യമായി കൈമാറിപ്പോന്ന ജൈവിക പ്രചോദിതമായ ആചാരാഘോഷങ്ങളുടെ മൂല്യപ്രാധാന്യത്തെ ചോദ്യം ചെയ്തും നവീകരണവാദികളായി സ്വയം അവതരിച്ചും കേരളത്തില്‍ തിടം വെച്ച സലഫി പ്രസ്ഥാനങ്ങളെ (ജമാഅത്ത് ഇസ്ലാമി ഉള്‍പ്പടെയുള്ള സമാന്തര ധാരകളും) ആധുനികതയുടെ ചില ധനാത്മക മൂല്യങ്ങളുടെ മറവിൽ പരിഷ്കർത്താക്കളായി വാഴ്ത്തപ്പെട്ടെങ്കിലും കേവലം ഒരു നൂറ്റാണ്ടപ്പുറമുള്ള അതിന്റെ പൂര്‍വ്വ സ്ഥിതിയില്‍ നിന്ന് പത്തു നൂറ്റാണ്ടുകളുടെ പരിണാമ ക്രിയകള്‍ക്ക് ഇന്ന് അത് വിധേയമാകുമ്പോൾ അതിന്റെ അന്തർധാരയിൽ പ്രവർത്തിച്ച വഹാബിസ ആശയത്തെ അത്യാധികം ഗൗരവത്തോടു കൂടി തന്നെ കാണേണ്ടതുണ്ട്. ബഹുസ്വര സമൂഹത്തോട് ഇഴകിച്ചേര്‍ന്നതിന്റെ ഫലമായി രൂപം കൊണ്ട സങ്കര സാംസ്‌കാരിക രൂപങ്ങളെ തളളിപ്പറയുന്ന വഹാബിസം കേരള മുസ്ലിംകളില്‍ കൂടുതല്‍ വേരൂന്നുന്നത് കേരളത്തിന്റെ സാംസ്‌കാരിക വൈവിധ്യ ഭൂമിയില്‍ മത വര്‍ഗീയതയുടെയും വെറുപ്പുല്‍പാദനത്തിന്റെയും ഭീകര ദൃശ്യങ്ങള്‍ക്ക് ജന്മം നല്‍കുന്നതിലാകും പര്യവസാനിക്കുക. ഇത് ചെന്നെത്തുന്നത് ഇന്ത്യയെ ഹിന്ദുത്വ - ഇസ്ലാമിസ്റ്റു തീവ്രവാദി ദ്വന്ദ്വങ്ങളുടെ കയ്യിലേക്കെറിഞ്ഞു കൊടുക്കുന്നതിലുമായിരിക്കും. മുജാഹിദ് - സലഫി മതമൗലികവാദങ്ങളെ ചെറുക്കുവാന്‍ മുസ്ലിംകൾ തന്നെയാണ് രംഗത്തു വരേണ്ടത്. അജ്ഞരായ മുസ്ലിം ചെറുപ്പക്കാരെ ഖുർആനിന്റെയും പ്രവാചക വചനങ്ങളുടെയും അക്ഷര വായനകളിലൂടെ മസ്തിഷ്കപ്രക്ഷാളനം ചെയ്ത് തീവ്രവാദികളാക്കി വിദേശത്തേക്കു പറഞ്ഞു വിടുന്ന ആശയങ്ങളെ ചെറുത്ത് തോൽപ്പിക്കാൻ വിശ്വാസപരമായ പോരാട്ടം തന്നെയാണ് അനിവാര്യമായത്. അതിന് മുന്നോട്ടു വരേണ്ടത് മുഖ്യധാരാ മുസ്ലിംകളാണ്. അവർക്കു മാത്രമേ അത് കഴിയൂ.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories