TopTop
Begin typing your search above and press return to search.

ജെ.കെ റൗളിംഗിനെ കാണും, അരുന്ധതി റോയിയെ കാണില്ല, ബിൽ ഗേറ്റ്സിനെ കാണും നിറപറ കർണ്ണനെ അറിയില്ല; ലിങ്കനെക്കുറിച്ച് പറയുന്നവര്‍ അംബേദ്കറെ കുറിച്ച് മിണ്ടില്ല; മോട്ടിവേഷണൽ ട്രയിനർമാർ പറയാതെ പോകുന്നത്

ജെ.കെ റൗളിംഗിനെ കാണും, അരുന്ധതി റോയിയെ കാണില്ല, ബിൽ ഗേറ്റ്സിനെ കാണും നിറപറ കർണ്ണനെ അറിയില്ല; ലിങ്കനെക്കുറിച്ച് പറയുന്നവര്‍ അംബേദ്കറെ കുറിച്ച് മിണ്ടില്ല; മോട്ടിവേഷണൽ ട്രയിനർമാർ പറയാതെ പോകുന്നത്

കേരളത്തിലെ മതസംഘടനകളുടെയും, രാഷ്ട്രീയ പാർട്ടികളുടെയും പ്രസംഗങ്ങളെയും, കലാലയങ്ങളിലെ അക്കാദമിക് ആയിട്ടുള്ള പരിപാടികളും മാറ്റിവെച്ചുകഴിഞ്ഞാലുള്ള പ്രസംഗങ്ങളെയും, പരിശീലന/ പഠന പരിപാടികളെയും മൂന്നു വിഭാഗത്തിൽ പെടുത്താമെന്നു തോന്നുന്നു. ഒന്നാമത്തേത് സാംസ്‌കാരിക പ്രഭാഷണമാണ്. പ്രശസ്തരായ എഴുത്തുകാർ, ചിന്തകർ, സാമൂഹികപ്രവർത്തകർ മുതലായവർ, ഏതെങ്കിലും സാമൂഹിക ചടങ്ങുകളോടനുബന്ധിച്ചോ, ശില്പശാലയിലോ നൽകുന്ന പ്രഭാഷണങ്ങൾ ആണിവ. സമകാലീന വിഷയങ്ങളോ, ഏതെങ്കിലും സാഹിത്യ, സാമൂഹിക, ശാസ്ത്ര വിഷയങ്ങൾ ബന്ധിപ്പിച്ചുള്ളതായിരിക്കാം ഈ സാംസ്‌കാരിക പ്രഭാഷണങ്ങൾ. രണ്ടാമത്തെ വിഭാഗം ഏതെങ്കിലും പ്രത്യേക വിഷയത്തിൽ ഊന്നിക്കൊണ്ടുള്ള പരിശീലന പരിപാടികളാണ്. മിക്കവാറും സ്ഥാപനങ്ങൾ തങ്ങളുടെ ജോലിക്കാരുടെ നൈപുണ്യവും (hard skills) അറിവും വർധിപ്പിക്കാൻ നൽകുന്ന പരിശീലന പരിപാടികൾ ആണിവ. ഒരു പ്രത്യക വിഷയത്തിൽ പ്രഗത്ഭ്യമുള്ള വ്യക്തിയായിരിക്കും അത് നയിക്കുന്നത്. മൂന്നാമത്തെ വിഭാഗമാണ് ഇവിടെ ചർച്ച ചെയ്യുന്ന പ്രചോദനാത്മക പരിശീലന പരിപാടികൾ. (ഈ മൂന്നു വിഭാഗവും തമ്മിൽ, കൃത്യമായ വേർതിരിവൊന്നുമില്ല; മാത്രവുമല്ല പലരും ഇതിൽ ഒന്നിലധികം മേഖലയിൽ ക്ലാസ് എടുക്കുന്നവരും, പ്രസംഗിക്കുന്നവരുമാണ്).

ലോകത്താകമാനം വമ്പൻ വ്യവസായമായി വളർന്നിരിക്കുന്ന മേഖലയാണ് മോട്ടിവേഷണൽ ട്രെയിനിങ്. വ്യക്തികളെ പ്രചോദിപ്പിച്ച് ജീവിതത്തിൽ മെച്ചപ്പെട്ട മാറ്റങ്ങൾ വരുത്തുക എന്നതാണ് പൊതുവിൽ ഇത്തരം പരിശീലനങ്ങൾ ലക്‌ഷ്യം വെക്കുന്നത്. തങ്ങളുടെ ജോലിക്കാരുടെ ടീം വർക്കും ഉത്പാദനക്ഷമതയും വർധിപ്പിക്കാൻ ചെറുതും വലുതുമായ കമ്പനികൾ ഇത്തരം പരിശീലന പരിപാടികൾ നടത്താറുണ്ട്. പ്രാദേശിക ക്ലബ്ബുകൾ തുടങ്ങി ജൂനിയർ ചേംബർ, ലയൺസ്‌ തുടങ്ങിയ അന്താരാഷ്ട്ര സാമൂഹിക സംഘടനകളും നാട്ടിൻപുറത്തെ സർക്കാർ സ്കൂളുകൾ മുതൽ രാജ്യത്തെ മികച്ച ബിസിനസ് സ്കൂളുകൾ വരെ ഇത്തരം പരിശീലന പരിപാടികൾ നടത്തിവരുന്നു.

ഇത്തരത്തിലുള്ള പരിശീലന പരിപാടികൾ മിക്കവാറും ഔദ്യോഗിക ജോലിയിലും സാമൂഹിക ജീവിതത്തിലും ആവശ്യമായ (അനൗദ്യോഗിക) നൈപുണ്യങ്ങൾ (സോഫ്റ്റ് സ്‌കിൽസ്) പഠിപ്പിക്കാൻ ഉദ്ദേശിച്ചുള്ളവയാണ്. ആശയവിനിമയ പാടവമാണ് അതിൽ മുഖ്യം. ജീവിതവിജയം, ലക്ഷ്യബോധം, ടീം വർക്, ഓർമശക്തി, മാർക്കറ്റിംഗ്, പേരന്റിംഗ്, പഠന മികവ്, വിദ്യാഭ്യാസ തൊഴിൽ സാധ്യതകൾ തുടങ്ങിയ വിഷയങ്ങളാണ് മിക്കവാറും പരിശീലനങ്ങളുടെ വിഷയങ്ങളായി വരിക. സ്വതന്ത്രമായി പ്രവർത്തിക്കുന്ന പരിശീലകർ തുടങ്ങി, സ്വന്തമായി പരിശീലന സ്ഥാപനം നടത്തുന്നവരും, ഏതെങ്കിലും സ്ഥാപനത്തിന്റെ ഭാഗമായി പരിശീലനം നടത്തുന്നവരും ഉണ്ട്. സ്വന്തം പ്രയത്നത്താൽ പരിശീലകരായവരും, പ്രത്യേക പരിശീലനവും സര്‍ട്ടിഫിക്കേഷനും കിട്ടി പരിശീലകരായവരും ഈ രംഗത്ത് നിരവധിയുണ്ട്. വ്യത്യസ്തത ചിന്തകൾ പാകിക്കൊണ്ട് വ്യക്തികളുടെ ജീവിതത്തിൽ മാറ്റങ്ങൾ വരുത്താൻ ഇത്തരം പ്രചോദനാത്മക പരിശീലങ്ങങ്ങൾക്ക് ഒരു പരിധിവരെ സാധിക്കുമെന്നതിൽ സംശയമില്ല. പക്ഷെ ഒന്ന് ആഴത്തിൽ പരിശോധിക്കുമ്പോൾ, മാറ്റം വരുത്തേണ്ടതായ നിരവധി കാര്യങ്ങൾ ഇത്തരത്തിലുള്ള മോട്ടിവേഷണൽ പരിശീലന മേഖലയിൽ ഉണ്ടെന്നതാണ് വാസ്തവം.

പല മോട്ടിവേഷണൽ സ്പീക്കർമരും വിജയം എന്നുപറയുന്ന എന്ന ഒരു ആശയത്തെ മുൻനിർത്തിയാണ് സംസാരിക്കുന്നത്. ജീവിതത്തിൽ വിജയം വരിക്കാൻ ആവശ്യമായിട്ടുള്ള ടിപ്സ്, വിജയം വരിച്ചതെന്നു പൊതുവെ കരുതപ്പെടുന്നവരുടെ ജീവതവുമായി ബന്ധപ്പെടുത്തി അവതരിപ്പിക്കുകയാണ് ഇവർ ചെയ്യന്നത്. പക്ഷേ മിക്കവാറും പരിശീലകർ സമ്പത്ത് പ്രശസ്തി തുടങ്ങിയവ ചുറ്റിപ്പറ്റിയാണ് വിജയത്തെ വ്യാഖാനിക്കുന്നത്. അതുകൊണ്ടുതന്നെ അവതരിപ്പിക്കപെടുന്ന മാതൃക കഥാപാത്രങ്ങൾ അത്തരത്തിൽ ഉള്ളവയാണ്. ഉദാഹരണത്തിന് ഇന്ന് ഇന്ത്യയിൽ ആണെങ്കിൽ അംബാനി; വിദേശത്തുനിന്നാണെങ്കിൽ മൈക്രോസോഫ്റ്റിന്റെ ബിൽ ഗേറ്റ്സ്, ആമസോണിന്റെ ജെഫ് ബോസ്, വഴിവിളക്കിന് കീഴിലിരുന്നു പഠിച്ച എബ്രഹാം ലിങ്കൺ തുടങ്ങിയ പേരുകൾ കേൾക്കാതെ ഒരു മോട്ടിവേഷൻ ട്രെയിനിങ് പങ്കെടുക്കാൻ സാധിക്കില്ല. ഈ ലോക്ഡൗൺ കാലത്ത് 14 വെബ്ബിനാർ ട്രെയിനിങ്ങുകളിൽ പങ്കെടുത്ത ഒരാൾ പറഞ്ഞത്, അതിൽ പത്തു സെഷനുകളിലും വിഖ്യാത എഴുത്തുകാരി ജെ.കെ. റൗളിംഗിനെ ഉദാഹരണമായി പറഞ്ഞു എന്നാണ്. അപൂർവങ്ങളിൽ അപൂർവ്വങ്ങളായി വിജയം നേടിയ വ്യക്തികളുടെ ജീവിതങ്ങൾ, സാധാരണമായ ജീവിതം നയിക്കുന്നവന്റെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കാം എന്നത് ചിന്തനീയമാണ്.

വിജയം എന്നുള്ളത് ഓരോരുത്തരും ആപേക്ഷികമായാണ് നിർവചിക്കുന്നത്. പലപ്പോഴും വിജയം നേടിയ ആളുകളുടെ ജീവിതാനുഭവങ്ങളുടെ നിയമപരവും ധാർമികവും അല്ലാത്ത കാര്യങ്ങൾ പലപ്പോഴും തമസ്കരിച്ചു കളയുകയാണ് പതിവ്. അവിഹിത മാർഗ്ഗത്തിലൂടെ സമ്പത്തുണ്ടാക്കിയവരും മാതൃക കഥാപത്രങ്ങൾ ആയി അവതരിപ്പിക്കപ്പെടുകയാണ്. സമ്പത്തുണ്ടാക്കാനുള്ള നെട്ടോട്ടത്തിൽ, രാജ്യത്തിൻറെ നിയമങ്ങൾ ലംഘിക്കുന്നതും, അനീതിയുടെയും മറ്റുള്ളവരെ പറ്റിച്ചും പണം ഉണ്ടാക്കുന്നതും പലപ്പോഴും സാധൂകരിക്കപ്പെടുന്നു. അല്ലെങ്കിൽ സമ്പന്നനാവാനുള്ള ലക്ഷ്യത്തിൽ, വഴിയിൽ പാലിക്കേണ്ട മര്യാദകൾ തുടങ്ങിയവ മനഃപൂർവം മറന്നുകളയുന്നു. ഒരാൾ വിജയിക്കുമ്പോൾ സമൂഹത്തിലെ മറ്റുള്ളവർക്ക് അത് എങ്ങനെ ബാധിക്കും എന്ന ചോദ്യം പ്രസക്തമാണ്; പക്ഷെ അതൊന്നും ഇത്തരം പരിശീലനത്തിൽ ഉണ്ടാകാറില്ല. ജീവിതത്തെ, വിജയിച്ചവർ പരാജയപ്പെട്ടവർ എന്ന ദ്വന്ദത്തിൽ മാത്രം നിർത്തിക്കൊണ്ട് ചർച്ച ചെയ്യുന്നത് അതിനിടയിൽ പെട്ടുപോകുന്ന ഭൂരിഭാഗം ആൾക്കാരുടെ ജീവിതത്തിൻറെ യാഥാർത്ഥ്യത്തെ മൂടി കളയുന്നതു കൂടിയാണ്.

ഒരു വ്യക്തിയുടെ ജീവിതത്തിന്റെ വിജയം, അവർ ജീവിക്കുന്ന രാജ്യത്തിൻറെയും സമൂഹത്തിന്റെയും സാമൂഹിക, സാമ്പത്തിക പശ്ചാത്തലം, കുടുംബപശ്ചാത്തലം, രാഷ്ട്രീയ അവസ്ഥകൾ തുടങ്ങിയ കാര്യങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. ഈ വ്യത്യസ്തതകളെ പൂർണമായും ഉൾക്കൊള്ളാതെ, പലപ്പോഴും അനുവാചകരുടെ ജീവിതപരിസരവുമായി ബന്ധമില്ലാത്ത സമൂഹങ്ങളിൽ വിജയിച്ചവരുടെ കഥകളാണ് മിക്കവാറും ഉദാഹരണങ്ങൾ. അമേരിക്കയിൽ ബിസിനസ് നടത്തി വിജയം വരിച്ച കഥകൾ പറയുമ്പോൾ അത് കേരള പശ്ചാത്തലത്തിൽ എത്രമാത്രം സാധ്യമാണ് എന്നത് പ്രസക്തമാണ്. പലപ്പോഴും നമ്മുടെ ചുറ്റുപാടുമുള്ള മനുഷ്യജീവിതത്തോട് പടവെട്ടി വിജയം വരിച്ചവരുടെ കഥകൾ ഇത്തരം പരിശീലനങ്ങൾ പരിമിതമായേ കേൾക്കാറുള്ളൂ. ജെ.കെ. റൗളിംഗിനു പകരം അരുന്ധതി റോയിയോ, ബിൽ ഗേറ്റ്സിന് പകരം നിറപറ കർണ്ണനെയോ, എബ്രഹാം ലിങ്കനു പകരം ഡോ. ബി.ആര്‍ അംബേദ്കറെയോ അവതരിപ്പിക്കുമ്പോൾ അത് കുറച്ചുകൂടി പ്രാദേശികമായി മനസിലാക്കാൻ എളുപ്പമായിരിക്കും, നമ്മുടെ ജീവിത പരിസരവുമായി പെട്ടന്ന് ബന്ധപ്പെടുത്താവുന്നതായിരിക്കും. മലയാളത്തിലെ നോവലുകളും കഥകളും കവിതകളും കോർത്തിണക്കിയുള്ള പരിശീലന പരിപാടികള്‍ വളരെ വിരളമായേ കണ്ടിട്ടുള്ളൂ. ഇത്തരം പരിശീലന പരിപാടികൾ പലപ്പോഴും ആളുകളെ പ്രചോദിപ്പിക്കുന്ന ഉദ്ധരണികൾ നിരവധിയായി ഉപയോഗിക്കാറുണ്ട്. പക്ഷേ അവയെല്ലാം തന്നെ ലോകപ്രശസ്തരായ വിദേശികളായ വ്യക്തികളുടെയോ എഴുത്തുകാരുടെയോ ആയിരിക്കും. ഉദാഹരണത്തിന് ശ്രീനാരായണഗുരുവിന്റെ സൂക്തങ്ങളോ, ടി പദ്മനാഭന്റെ കഥയിലെ കഥാപാത്രങ്ങളോ വേറെ ഏതെങ്കിലും എഴുത്തുകാരുടെ രചനകളോ വളരെ അപൂർവ്വമായേ ഇത്തരം പരിപാടികളിൽ റെഫർ ചെയ്ത കേൾക്കാറുള്ളു.

നമുക്ക് ലഭ്യമാകുന്ന അറിവിനെ നിയന്ത്രിക്കുന്ന ഒരു അറിവിന്റെ രാഷ്ട്രീയം ലോകത്തു നിലനിൽക്കുന്നുണ്ട്. അതായത് അറിവ് ഉത്പ്പാദിപ്പിക്കപ്പെടുന്നതിലും വിശകലനം ചെയ്യുന്നതിലും അധികാരശക്തികൾ ഇടപെടുന്നുണ്ട്. സാമ്പത്തികവും സാങ്കേതികവും അക്കാദമികവും വിപണനത്തിലുമുള്ള മേൽക്കൈ അറിവിനെ ഉത്പ്പാദിപ്പിക്കുന്നതിലും, വിപണനം ചെയ്യുന്നതിലും സ്വാധീനം ചെലുത്തുന്നണ്ട്. സാങ്കേതികവിദ്യയുടെ കുത്തക മാത്രമല്ല, അറിവിൻറെ ഉല്പാദനവും ഗവേഷണവും പ്രസാധനവും വിപണനവും കേന്ദ്രീകരിച്ചിരിക്കുന്നത് അമേരിക്കയിലും യൂറോപ്പിലുമാണ്. അതുകൊണ്ടുതന്നെ മോട്ടിവേഷണൽ സംബന്ധിയായ പുസ്തകങ്ങൾ ഭൂരിഭാഗവും വരുന്നത് ഈ രാജ്യങ്ങളിൽ നിന്നു൦, അതുതന്നെ മുഖ്യമായും അമേരിക്കയിൽ നിന്നുമാണ്. ആ പുസ്തകങ്ങളിൽ മിക്കവാറുമുള്ള ഉദാഹരണങ്ങൾ ആ രാജ്യത്തെ അറിയപ്പെടുന്ന വ്യക്തികളുടെ ആയിരിക്കും. മോട്ടിവേഷണൽ ട്രെയിനിംഗ് നടത്തുവാൻ ആഗ്രഹിക്കുന്ന ആളുകൾ ആളുകൾ പലപ്പോഴും ആശ്രയിക്കുന്നത് ഇത്തരത്തിലുള്ള പുസ്തകങ്ങളെയും വീഡിയോകളെയുമാണ്. അതുകൊണ്ടു തന്നെയാണ് പലപ്പോഴും, കേരളത്തിലെ നടക്കുന്ന പരിശീലങ്ങളിൽ പോലും അനുവാചകരെ പ്രചോദിപ്പിക്കാൻ വിദേശത്തു നിന്നുള്ളവരുടെ അനുഭവങ്ങൾ കൊണ്ടുവരുന്നത്.

അതുപോലെതന്നെ എന്നെ ഒരു വ്യക്തിയുടെ ജീവിതത്തെ സ്വാധീനിക്കുന്ന നിർണായകമാണ് വ്യക്തിയുടെ സാമൂഹിക സ്ഥാനം. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ ജനിച്ച സ്ഥലം, മാതാപിതാക്കളുടേയും അവരുടെ പൂർവികരുടെ വിദ്യാഭ്യാസവും ജോലിയും, മതവിശ്വാസങ്ങൾ, കുടുംബത്തിന്റെയും, ബന്ധുക്കളുടെ സാമ്പത്തികവും സാമൂഹികവുമായ അവസ്ഥ തുടങ്ങിയ കാര്യങ്ങളൊക്കെ ഒരു വ്യക്തിയുടെ ജീവിതം വിജയത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. സമ്പത്തുള്ള സവർണ്ണ കുടുംബത്തിൽ, വിദ്യാസമ്പന്നരായ മാതാപിതാക്കൾക്ക് ജനിച്ച ഒരു വ്യക്തിയും, വാഹന സൗകര്യം ഇല്ലാത്ത ഒരു ഗ്രാമത്തിൽ കൂലിപ്പണിക്കാരായ, പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള അവര്‍ണ സമുദായക്കാരായ മാതാപിതാക്കൾക്ക് ജനിച്ച ഒരു വ്യക്തിയും തമ്മിൽ ജീവിത വിജയം നേടുന്നതിൽ നിർണായകമായ അന്തരമുണ്ട്. ഈ രണ്ട് കൂട്ടരിൽ ബിസിനസ്സ് തുടങ്ങിയാൽ, ഒന്നാമത്തെ ആളുടെ സാമൂഹിക മൂലധനം ബിസിനസ്സ് ജയിക്കാനുള്ള സാധ്യത വർധിപ്പിക്കുന്നു. അതുപോലെതന്നെ പഠിച്ച് ഉന്നത ജോലി കരസ്ഥമാക്കാനായിട്ടുള്ള സാധ്യതയും. രണ്ടാമത്തെയാൾക്ക് ഇതൊന്നും സാധ്യമല്ല എന്നർത്ഥമില്ല. മറിച്ച് രണ്ടാമത്തെയാൾ തീർച്ചയായും ഒന്നാമത്തെയാളെക്കാള്‍ കൂടുതൽ കഷ്ടപ്പെട്ടാൽ മാത്രമേ, കൂടുതല്‍ പ്രതിബന്ധങ്ങള്‍ മറികടന്നാല്‍ മാത്രമേ, ഒന്നാമത്തെ ആളുടെ അത്രയും 'ജീവിത വിജയ'ത്തിലേക്ക് എത്താൻ സാധിക്കൂ. പക്ഷേ പല മോട്ടിവേഷണൽ ട്രെയിനിങ്ങും നിലനിൽക്കുന്ന സാഹചര്യങ്ങളിലെ അസമത്വങ്ങള്‍ ഉള്‍പ്പെടെ നമ്മുടെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കും എന്ന യാതാര്‍ത്ഥ്യം പരിഗണിക്കാതെ, ഏത് അവസ്ഥയിലുള്ള ആൾക്കും ഏതു തരത്തിലുള്ള വിജയവും അനായാസം നേടിയെടുക്കാൻ എന്നുപറയുന്ന ഒരു രീതിയാണ് പലപ്പോഴും പിന്തുടർന്ന് കണ്ടിട്ടുള്ളത്. ഒരു മോട്ടിവേഷണൽ പരിശീലനം കഴിയുമ്പോഴേക്കും, ഈ ലോകം ഇപ്പോൾ മാറ്റിമറിക്കും, എനിക്ക് എല്ലാ നേടാം എന്ന പ്രതീക്ഷയും ധൈര്യവുമായി പുറത്തേക്കിറങ്ങും; തുടർന്നുള്ള ദിവസങ്ങളിൽ അനുദിന ജീവിതത്തിലെ പ്രശ്നങ്ങൾ നേരിട്ട് കഴിയുമ്പോൾ ശശി, വീണ്ടും ശശിയാകുന്ന അവസ്ഥയിലേക്ക് തിരിച്ചെത്തുന്നു.

പലപ്പോഴും ഒരു അപ്പൊളിറ്റിക്കൽ നിലപാടാണ് പരിശീലകർ സ്വീകരിക്കുന്നത്. പൊളിറ്റിക്കൽ എന്നത് കക്ഷി രാഷ്ട്രീയം എന്ന അർഥത്തിലല്ല; മറിച്ച് സമൂഹത്തിലെ അധികാര ഇടപെടലുകൾ എങ്ങനെയാണ് ഒരു വ്യക്തിയുടെ ജീവിതത്തെ സ്വാധീനിക്കുന്നതെന്ന സാമാന്യമായ വിശകലനങ്ങളാണ്. അതുപോലെ തന്നെ വ്യത്യസ്ത രാഷ്ട്രീയ ചിന്താഗതികൾ, സാമ്പത്തിക ക്രമങ്ങൾ തുടങ്ങിയവയൊക്കെ എങ്ങനെ നമ്മുടെ ജീവിതത്തെ നിർണ്ണയിക്കുന്നു എന്ന വസ്തുത പരിശീലകർ പരിഗണിക്കുന്ന കാര്യമേയല്ല. വ്യക്തികളുടെ ജീവിത പശ്ചാത്തലവും ചരിത്രവും സാമൂഹികസ്ഥാനവും ജാതി, മത, ലിംഗ സ്ഥാനങ്ങളും നിർവചിക്കുന്ന നമ്മുടെ ജീവിതത്തെ, എല്ലാവര്‍ക്കും എല്ലായ്പ്പോഴും ജയിക്കാം എന്ന ഒരു അയഥാര്‍ത്ഥ്യ സങ്കല്പത്തെ അടിച്ചേൽപ്പിക്കാനുള്ള ശ്രമമാണ് പല പരിശീലകരും നടത്തുന്നത്.

ചരിത്രത്തിന്റെ രാഷ്ട്രീയ൦ മനസിലാക്കേണ്ടതും ഇത്തരം പരിപാടികളിൽ പ്രസക്തമാണ്. ചരിത്രം എന്നും വിജയിച്ച പുരുഷന്റെ പട പാട്ടുകളാണ് പാടുന്നത്. പക്ഷേ കഴിഞ്ഞ രണ്ട് മൂന്ന് ദശകങ്ങളായി നടന്നു കൊണ്ടിരിക്കുന്ന ചരിത്രത്തിന്റെ പുനർവായനയിലും തമസ്കരിക്കപ്പെട്ടവരുടെ ഉയർത്തെഴുന്നേല്‍പ്പ് പ്രകടമായി നടക്കുന്നുണ്ട്. മോട്ടിവേഷണൽ പരിശീലകർ നിരവധി തവണ ഉപയോഗിക്കുന്ന ഉദാഹരണമാണ് തോമസ് ആൽവ എഡിസൺ. പ്രശസ്തമായ പല കണ്ടുപിടുത്തങ്ങൾ നടത്തിയതിനൊപ്പം തന്നെ അദ്ദേഹത്തിന്റെ ഇഷ്ടമല്ലാത്ത സ്വഭാവരീതികളും ചരിത്രത്തിന്റെ പുനർവായനയിൽ കണ്ടെത്തിയിട്ടുണ്ട്. ഒരുകാലത്ത് എഡിസന്റെ ജോലിക്കാരനായിരുന്നു നിക്കോളാസ് ടെസ്ലയ്ക്ക്, അദ്ദേഹം വാഗ്ദാനം ചെയ്ത പണം കൊടുക്കാതിരുന്നതും, വാർ ഓഫ് കറന്റ്‌സ് എന്ന പേരിൽ അറിയപ്പെടുന്നതുമായിട്ടുള്ള കിടമത്സരവും മറ്റും ചരിത്രത്തിന്റെ പുതുവായനയിൽ തിരിച്ചറിയുന്ന കാര്യങ്ങളാണ്. അതായത് ചരിത്ര വായന കൊണ്ടുവരുന്ന പുതിയ അറിവുകൾ, വിജയത്തിലേക്കുള്ള വഴിയിൽ ആളുകൾ ചെയ്തു കൂടിയിട്ടുള്ള തെറ്റുകുറ്റങ്ങളുടെ വസ്തുതകൾ കൂടി പുറത്തേക്ക് കൊണ്ടുവന്നു. അതുകൊണ്ട് തന്നെ ഒരാൾ അയാൾ ചെയ്ത ശരികേടുകളും പൊതുസമൂഹത്തിനു മുമ്പാകെ ഉണ്ടാകുന്ന അവസ്ഥയുണ്ട്.

ട്രെയിനിംഗില്‍ പറയപ്പെടുന്ന തമാശകളും പലപ്പോഴും അപമാനവീകരണം ഇടയാക്കുന്നതാണ്. ഉദാഹരണത്തിന് സ്ത്രീകളെയും ചില പേരുകളും, വ്യക്തികളുടെ നിറങ്ങളെയും അടിസ്ഥാനമാക്കിയുള്ള ഫലിതങ്ങൾ പലപ്പോഴും ഇത്തരം പരിശീലന പരിപാടികളിൽ കേൾക്കാറുണ്ട്. ആളുകൾ ആസ്വദിച്ചു പോകുന്ന പോകുന്ന ഇത്തരം കാര്യങ്ങള്‍ ജീവിതത്തിന്റെ പ്രത്യേകമായ അവകാശങ്ങൾ ഒന്നും ആസ്വദിക്കാൻ ഇടയില്ലാത്ത ജനവിഭാഗങ്ങളുടെ ചെലവിലാണ് നടക്കുന്നത്. ഇതിലൊക്കെ ഒരു മനുഷ്യാവകാശലംഘനം കൂടി അറിയാതെ നടന്നുപോകുന്നുണ്ട്.

പലപ്പോഴും സ്വന്തം ജീവിതവുമായി ബന്ധമില്ലാത്ത കാര്യങ്ങളാണ് ഇത്തരം പരിശീലനത്തിൽ പ്രതിപാദിക്കുന്നത്. പരിശീലകൻ പറയുന്ന കാര്യങ്ങൾ അയാൾ എത്രമാത്രം സ്വന്തം ജീവിതത്തിൽ പ്രാവർത്തികമാക്കിട്ടുണ്ട്; അത്തരത്തിലുള്ള അനുഭവങ്ങൾ പങ്കുവയ്ക്കുവാൻ പറ്റുന്നുണ്ടോ എന്നുള്ളത് പരിശീലകരെയും, പരിശീലന പരിപാടിയുടെ കൂടെയും വിശ്വാസ്യതയുടെ മാനദണ്ഡമാണ്. പലപ്പോഴും ഞാൻ, എൻറെ അനുഭവം എന്നുള്ള ഒരു ലേബലിൽ പരിശീലകർക്ക് അനുവാചകന്റെ മുമ്പിൽ അവതരിപ്പിക്കാൻ പറ്റുമ്പോഴാണീ പറയുന്ന കാര്യങ്ങൾ വിശ്വസനീയമാകുന്നത്. വിദേശ രാജ്യങ്ങളിലും മറ്റും പരിശീലകർ അനുവാചകരുടെ മുമ്പിൽ പറയുന്ന കാര്യങ്ങൾ പലപ്പോഴും തങ്ങളുടെ ജീവിതത്തിലോ, ജോലിസ്ഥലത്തും ചെയ്തു പരീക്ഷിച്ച കാര്യമാണ്. യു ക്യാൻ വിൻ എന്ന പ്രശസ്ത പുസ്തകത്തിൻറെ രചയിതാവും പ്രശസ്ത മോട്ടിവേഷണൽ സ്പീക്കറുമായ ശിവ ഖേര 2006-ലോ മറ്റോ കൊച്ചിയിൽ മൂന്ന് ദിവസത്തെ റസിഡൻഷ്യൽ പരിപാടി നടത്തിയിരുന്നു. അന്ന് അദ്ദേഹം പറഞ്ഞ ഒരു കാര്യം പ്രസക്തമാണ്. ഞാൻ എന്റെ സ്വന്തമായ ജീവിതത്തിലോ ബിസിനസിലോ പരീക്ഷിച്ചറിഞ്ഞ കാര്യങ്ങളാണ് മറ്റുള്ളവർക്ക് പറഞ്ഞുകൊടുക്കുന്നത്. ഓർമ്മശക്തിയെ കുറിച്ച് ക്ലാസ്സ് എടുക്കാൻ വന്ന പരിശീലകൻ പരിപാടി കഴിഞ്ഞ് തിരിച്ചു പോയപ്പോൾ കുട എടുക്കാൻ മറന്നുപോയതും, കുടുംബ ബന്ധങ്ങളെ കുറിച്ച് ക്ലാസ്സെടുത്ത പരിശീലകൻ വീട്ടിൽ ചെന്ന പാടെ ഭാര്യയുമായി വഴക്ക് കൂടി കേസിൽ അകപ്പെട്ട കഥയും ഇതോടൊപ്പം ചേർത്തു വായിക്കേണ്ടതാണ്.

മനുഷ്യൻറെ അനുദിനജീവിതത്തിൽ ഉപയോഗപ്രദമാകുന്ന ഹാർഡ് സ്കിൽസ് കൂടി വിഷയങ്ങളിൽ ഉൾപ്പെടുത്തുക എന്നുള്ളത് ആവശ്യമാണ്. കേരളത്തിൽ ഒരു ദിവസം ശരാശരി 13 പേർ വാഹനാപകടങ്ങളിൽ മരിക്കുന്നുണ്ട്. കേരളത്തിലെ ആത്മഹത്യ നിരക്ക് വളരെ ഉയർന്നതാണ്. ആത്മഹത്യ പ്രവണതയുള്ള ഒരു സുഹൃത്തിനെ എങ്ങനെ സഹായിക്കാം, അപകടം ഇല്ലാതെ എങ്ങനെ വണ്ടി ഡ്രൈവ് ചെയ്യാം എന്നിങ്ങനെ നിത്യജീവിതത്തെ മെച്ചപ്പെടുത്താവുന്ന വിഷയങ്ങളെക്കുറിച്ച് ഒരു പരിശീലന പരിപാടി നടത്തുവാൻ ആവശ്യപ്പെട്ടാൽ, അവ നടത്തുവാൻ പ്രാപ്തിയുള്ള പരിശീലകർ വളരെ കുറവാണ്. ഒരു ഇന്റർവ്യൂവിൽ എങ്ങനെ ഉത്തരങ്ങൾ പറയണമെന്ന് ക്ലാസ്സെടുക്കാൻ തയ്യാറായ കുറെ പരിശീലകരെ കാണാം. പക്ഷെ അത് ഒന്ന് അവതരിപ്പിച്ചു കാണിക്കാൻ പറഞ്ഞാൽ മിക്കവാറും വെള്ളം കുടിക്കും.

ഇത്തരത്തിലുള്ള വിമർശനങ്ങളെല്ലാം നിലനിൽക്കുമ്പോൾ പോലും സാമൂഹിക മാറ്റത്തിനും വ്യക്തിത്വ വളർച്ചയ്ക്കും, സാമ്പത്തിക അഭിവൃദ്ധിക്കും സാധ്യതകളുള്ളതാണ് ഈ പരിശീലന മേഖല. നിരവധി പരിശീലകർ കേരളത്തിൽ തന്നെയുണ്ട്. അതോടൊപ്പം തന്നെ വാളെടുത്തവരെല്ലാം വെളിച്ചപ്പാട് ആകുന്ന അവസ്ഥയുമുണ്ട്. ആഴത്തിലുള്ളതും പരന്നതുമായ വായന, വിദ്യാഭ്യാസ൦, അനുഭവപരിചയം, ആത്മാർത്ഥത, വാക്കും പ്രവർത്തിയും തമ്മിലുള്ള പൊരുത്തം, മാനുഷിക ബന്ധങ്ങൾ, അടിയുറച്ച മൂല്യബോധം തുടങ്ങിയ ഗുണങ്ങൾ ഒരു പരിശീലകന് ആവശ്യമാണ്. സമകാലീന ലോകത്ത് സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ചുള്ള ധാരണയും ചരിത്ര ബോധവും അറിവിനെ വിമർശനാത്മകമായി കാണാനുള്ള കഴിവും ആവശ്യമാണ്. ഏതെങ്കിലും പുസ്തകത്തിലെ വിവരങ്ങളോ, മറ്റു പരിശീലന പരിപാടികളിലെ സ്ലൈഡുകളും കഥകളും മറ്റും ഉപജീവിച്ചോ, ഗൂഗിളിൽ തിരഞ്ഞു കിട്ടുന്ന വിവരങ്ങളോ വെച്ച് മാത്രമാണ് കുറെയധികം പേർ പരിശീലനം നടത്താൻ ഇറങ്ങിയിരിക്കുന്നത്. സ്വയം ആർജ്ജിച്ച അറിവും അനുഭവും പലർക്കും കുറവാണ്. സ്വന്തം നാടിന്റെ അവസ്ഥയെ മനസിലാക്കിക്കൊണ്ട്, അനുവാചകന്റെ സാമൂഹിക അവസ്ഥയെ തിരിച്ചറിഞ്ഞ് കാര്യങ്ങളെ അവതരിപ്പിക്കാനായി ബോധ്യവും ആവശ്യമാണ്. ചോദ്യങ്ങളെ നേരിടുവാനും, അവയെ വിശകലനം ചെയ്തു മറുപടി നൽകാനുള്ള ക്ഷമയും എളിമയും വേറൊരു ഘടകമാണ്. മുന്നോട്ടുള്ള യാത്രയിൽ പരിശീലന മേഖല കുറച്ചുകൂടി ജീവിതത്തിൻറെ സമസ്ത മേഖലയും സ്വാധീനിക്കുവാൻ സഹായകരമാകുന്ന രീതിയിലേക്ക് മാറും എന്നു പ്രതീക്ഷിക്കുന്നു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories