TopTop
Begin typing your search above and press return to search.

വികലധാരണകള്‍, അല്‍പ്പജ്ഞാനം, അന്ധവിശ്വാസങ്ങള്‍, അശാസ്ത്രീയ തെറാപ്പികള്‍; സങ്കീര്‍ണമാണ് നമ്മുടെ മാനസികാരോഗ്യരംഗം

വികലധാരണകള്‍, അല്‍പ്പജ്ഞാനം, അന്ധവിശ്വാസങ്ങള്‍, അശാസ്ത്രീയ തെറാപ്പികള്‍; സങ്കീര്‍ണമാണ് നമ്മുടെ മാനസികാരോഗ്യരംഗം

വികലധാരണകളും അല്‍പ്പജ്ഞാനവും അന്ധവിശ്വാസങ്ങളും പലവിധ അശാസ്ത്രീയ തെറാപ്പികളുമായി മാനസികാരോഗ്യരംഗം സങ്കീര്‍ണമായിരിക്കുന്നു. യോഗ്യരും അയോഗ്യരുമായ മാനസികാരോഗ്യ സേവനദാതാക്കളുടെ ദുർവൃത്തിക്ക് പലരും ഇരയാകുന്നു. മാനസികാരോഗ്യ സേവന മേഖലയിലുണ്ടായ ചൂഷണങ്ങളെക്കുറിച്ച് ഈയടുത്ത് വെളിപ്പെടുത്തലുകള്‍ പുറത്തു വരികയും ചെയ്തതിന്റെ പശ്ചാത്തലത്തിൽ പൊതുവായ ചില കാര്യങ്ങൾ ഇവിടെ സൂചിപ്പിക്കുകയാണ്.

വ്യക്തിയുടെ ചിന്തയേയും പെരുമാറ്റത്തെയും വൈകാരികനിലയേയു എല്ലാം വികലമായി ബാധിക്കുന്ന ശാരീരിക രോഗങ്ങൾ തന്നെയാണ് മനോരോഗങ്ങൾ. പക്ഷെ മനോരോഗങ്ങൾ, ശാരീരികരോഗങ്ങളിൽ നിന്ന് വ്യത്യസ്തമായ രോഗാവസ്ഥകളാണെന്നുള്ള കാഴ്ച്ചപ്പാട് രൂഢമൂലമായി ആളുകളുടെ മനസിൽ വേരോടിയിട്ടുണ്ട്. ഭ്രാന്ത്, വട്ട്, മനോരോഗി ഇത്തരം വാക്കുകൾ കൊണ്ട് പക, അയിത്തം, പരിഹാസം മുതലായവ പ്രകടിപ്പിക്കൽ നമ്മുടെ ശീലത്തിന്റെ ഭാഗമാണ്. മനുഷ്യത്വവിരുദ്ധമായ ഇത്തരം പദങ്ങൾ ഒഴിവാക്കുകയും വിവേചനരഹിതമായി പരസ്‌പരം സംവേദിക്കുകയും ചെയ്യുന്ന ഒരു സാമൂഹ്യ ഉൾക്കാഴ്ച നമുക്ക് ആവശ്യമുണ്ട്. കാരണം മനുഷ്യന്റെ ചിന്തയേയും പെരുമാറ്റത്തെയും ബാധിക്കുന്ന അവസ്ഥയെ - (മനോരോഗത്തെ) പറ്റി സമൂഹത്തിലുള്ള തെറ്റിദ്ധാരണകളും, ഇത്തരം അവസ്ഥ അനുഭവിക്കുന്ന വ്യക്തിയെ മനോരോഗി എന്ന ചാപ്പ കുത്തലും ഇന്നും തുടരുകയാണ്. വ്യക്തിയുടെ പ്രകൃതത്തെ ദോഷകരമായി ബാധിക്കുന്ന രോഗത്തെക്കുറിച്ചു പറയേണ്ടുന്ന സന്ദർഭത്തിൽ, എങ്ങനെ മാനവികമായി ആശയവിനിമയം നടത്താനാകുമെന്ന അന്വേഷണം ആധുനിക സാമൂഹ്യവീക്ഷണത്തിന്റെ ഭാഗമാണ്.

മാനസികാരോഗ്യ സേവനദാതാക്കളെ ദിവ്യന്മാരായ ഏകാകികളും മനസിന്റെ രഹസ്യങ്ങൾ അനാവരണം ചെയ്യാൻ കഴിവുള്ള ഒറ്റയാന്മാരായ ബുദ്ധിജീവികളുമായി പെതുവേ ചിത്രീകരിക്കാറുണ്ട്. അതിരുകടന്ന അവകാശവാദങ്ങളും ആധികാരികതാ നാട്യങ്ങളുമായി വിശ്വാസവ്യാപാരം നടത്തുന്ന സേവന ദാതാക്കളുണ്ട്. മന്ത്രവാദികളെയും ആൾദൈവങ്ങളെയും അപേക്ഷിച്ച് ഒട്ടും മോശമല്ല അവരുടെയും സമീപനം. മനുഷ്യന്റെ ആന്തരിക സംഘർഷങ്ങളെ സാമാന്യവത്ക്കരിക്കാനോ, യുക്തിഭദ്രമായ പരിഹാരമാർഗ്ഗങ്ങങ്ങൾ കണ്ടെത്തുവാനോ കഴിയുന്നില്ല എന്നതുമൂലം, മാനസികാരോഗ്യ സ്വീകാരികൾ പലപ്പോഴും വിശ്വാസതട്ടിപ്പുകൾക്കും ചൂഷണങ്ങൾക്കും ഇരയാകുന്നു. മാനസികാരോഗ്യരംഗത്തെ പെരുമാറ്റ ചട്ടങ്ങളെക്കുറിച്ചും സ്വന്തം അവകാശത്തെക്കുറിച്ചും ധാരണകളുണ്ടാകുന്നത് കുരുക്കിൽ പെടാതിരിക്കാൻ സഹായിക്കും.

ആന്തരിക സംഘർഷങ്ങൾ അനുഭവിക്കുന്നവർക്ക് ഫലപ്രദമായ ഔഷധചികിത്സ ഇന്ന് ലഭ്യമാണ്. ഔഷധങ്ങൾ മസ്തിഷ്കത്തിലെ രാസവസ്തുക്കളുടെ അളവിലും പ്രവർത്തനത്തിലും മാറ്റങ്ങളുണ്ടാക്കുകയും സംഘർഷങ്ങളെ നിയന്ത്രണവിധേയമാക്കുകയും ചെയ്യുന്നുവെങ്കിലും, ഔഷധങ്ങൾ മാത്രം ആശ്രയിച്ചുകൊണ്ട് മാനസികാരോഗ്യസംരക്ഷണം സാധ്യമല്ല. മനുഷ്യനെയും അവന്റെ /അവളുടെ ചുറ്റുപാടിനെയും അവ തമ്മിലുള്ള ബന്ധങ്ങളെയും പരിഗണിച്ചുകൊണ്ടുള്ള സമീപനമാണ് നല്ലത്. ഓരോ വ്യക്തിയും നിരവധി ചരടുകൾ കൊണ്ട് പരസ്‌പരം ബന്ധിക്കപ്പെട്ടിരിക്കുന്നു. ജീവിക്കുന്ന സ്ഥലത്തെ സാമൂഹ്യ, സാമ്പത്തിക, സാംസ്‌കാരിക, രാഷ്ട്രീയ ചുറ്റുപാടുകൾ എല്ലാം ആന്തരിക നിലയെ സ്വാധീനിക്കുന്നുണ്ട്. ഒരു വ്യക്തി എന്ന നിലയ്ക്കുള്ള പരിഗണനയും അവരുടെ സവിശേഷ പരിതസ്ഥിതിയും മറ്റുള്ളവരുമായി ബന്ധപ്പെട്ടുള്ള ഘടകങ്ങളും ഉൾക്കൊള്ളുന്ന, സാമൂഹിക തലത്തിലേക്ക് ഇറങ്ങിച്ചെല്ലുന്ന സമീപനമാണ് മാനസികാരോഗ്യത്തിന് സഹായകമാവുക.

വ്യക്തിയുടെ പെരുമാറ്റത്തെ ബാധിക്കുന്ന ശാരീരിക രോഗങ്ങളെക്കുറിച്ചും അതിനുള്ള ചികിത്സകളെക്കുറിച്ചും സാമൂഹ്യമായി നിലനിൽക്കുന്ന അസ്‌പൃശ്യത, മാനസികാരോഗ്യസേവനം തേടുന്നത്തിൽ നിന്ന് വ്യക്തികളെ പിന്തിരിപ്പിക്കുന്നു. മനുഷ്യന്റെ ആന്തരിക സംഘർഷങ്ങളെക്കുറിച്ചു വിശദീകരിക്കാൻ ഉപയോഗിക്കുന്ന സാങ്കേതിക പദങ്ങളും അവയ്ക്കുള്ള വിവിധ തെറാപ്പികളും പലപ്പോഴും ലളിതകാര്യങ്ങൾ പോലും സങ്കീര്‍ണ മാക്കാറുണ്ട്. മാനസികാരോഗ്യസേവന മേഖല സാമൂഹ്യാടിസ്ഥാനത്തിൽ നിര്‍വഹിക്കേണ്ടതാണ്. സേവനദാതാക്കളായ മനോരോഗവിദഗ്ധര്‍, മന:ശാസ്ത്രജ്ഞര്‍, സോഷ്യൽ വർക്കർ എന്നിവരുടെ പരസ്‌പരസഹകരണം ആവശ്യമുണ്ട്. മനോരോഗവിദഗ്ധര്‍ മരുന്ന് നിർദേശിക്കുന്നു, സോഷ്യൽ വർക്കർ കുടുംബപരവും സാമൂഹ്യകവുമായ അവസ്ഥകൾ മനസിലാക്കി പരിഹരിക്കാൻ സഹായിക്കുന്നു. മനഃശാസ്ത്രജ്ഞര്‍ വിവിധ ഔഷധരഹിത പെരുമാറ്റ - സംസാര ചികിത്സകൾ ചെയ്യുന്നു. സംഘർഷങ്ങൾ അനുഭവിക്കുന്നവർക്ക് ഇപ്പോൾ നിര്‍ദേശിക്കാവുന്ന പരിഹാരങ്ങൾ വ്യക്തിതല സാമൂഹ്യബന്ധ - അവബോധ തെറാപ്പികളും മരുന്നുകളുമാണ്. എന്നാൽ സംഘർഷങ്ങൾ അനുഭവിക്കുന്നവരിൽ അധികപക്ഷവും വിവിധ വിശ്വാസ ചികിത്സകളിൽ അഭയം പ്രാപിക്കുന്നു. അവരിൽ ചിലർ മാനസികാരോഗ്യ സേവനദാതാക്കളുടെ അടുത്തെത്തുമ്പോൾ ദാതാക്കളുടെ സമീപനം എത്രമാത്രം ശാസ്ത്രീയവും നിരപേക്ഷവും ആയിരിക്കണം എന്നതിലാണ് സാംഗത്യം.

പെരുമാറ്റത്തിലും സ്വഭാവത്തിലും പന്തികേടുള്ള വ്യക്തിയുമായും കുടുംബാംഗങ്ങളുമായും സഹപ്രവർത്തകരുമായും നടത്തുന്ന വിശദമായ ആശയവിനിമയം വഴിയാണ് വ്യക്തിയുടെ ആന്തരികനിർണ്ണയം സാധ്യമാകുന്നത്. കാഴ്ചയിലും പെരുമാറ്റത്തിലും വ്യക്തിയുടെ അവസ്ഥ, ഇടപെടുന്ന രീതി, വികലചിന്തകളോ മിഥ്യാധാരണകളോ ബോധമോ പ്രകടിപ്പിക്കുന്നുണ്ടോ, വൈകാരികാവസ്ഥ സന്ദർഭോചിതമായി പ്രകടിപ്പിക്കാൻ കഴിയുന്നുണ്ടോ, വ്യക്തിയുടെ സാമാന്യബുദ്ധി, ജാഗ്രത, സ്ഥല, കാല, സാമൂഹ്യ, വ്യക്തി ബോധങ്ങൾ, ഉൾക്കാഴ്ചകൾ തുടങ്ങിയവയൊക്കെ മനസ്സിലാക്കിയാൽ മാത്രമേ ശാസ്ത്രീയമായ പരിഹാരമാർഗ്ഗങ്ങൾ നിർദ്ദേശിക്കാൻ മാനസികാരോഗ്യ സേവനദാതാക്കൾക്ക് കഴിയുകയുള്ളു.

മാനസികാരോഗ്യ സ്വീകാരി/കുടുംബാംഗങ്ങൾ എന്തെല്ലാം കാര്യങ്ങൾ വിദഗ്ദ്ധരോട് പങ്കുവെക്കേണ്ടിവരും?

വ്യക്തിയുടെ സ്വഭാവസവിശേഷതകൾ, ഏതെങ്കിലും രോഗങ്ങൾ വന്നിട്ടുണ്ടെങ്കിൽ അതിനെക്കുറിച്ചുള്ള വിവരങ്ങൾ, കുടുംബാംഗങ്ങളുടെ മാനസികാരോഗ്യത്തെക്കുറിച്ചുള്ള വിവരങ്ങൾ, അതവരെ നടത്തിയിട്ടുള്ള ചികിത്സയെക്കുറിച്ചുള്ള വിവരങ്ങൾ, പ്രധാനപ്പെട്ട രോഗലക്ഷണങ്ങളെ പറ്റി, സ്വഭാവ വ്യതിയാനത്തെപ്പറ്റിയുള്ള വിവരങ്ങൾ, ജോലിസ്ഥലത്തെ വിശേഷങ്ങൾ, വ്യക്തിയുടെ പ്രധാനപ്പെട്ട രോഗലക്ഷണങ്ങൾ... തുടങ്ങിയവയാണവ.

എല്ലാ ജീവിതപ്രശ്‍നങ്ങൾക്കും പരിഹാരമാർഗ്ഗങ്ങൾ ലഭ്യമാകണമെന്നില്ല. പക്ഷെ വസ്തുനിഷ്ഠമായ സമീപനമാണ് മാനസികാരോഗ്യ സേവനദാതാക്കളിൽ നിന്ന് പ്രതീക്ഷിക്കുന്നത്. മുൻവിധിയില്ലാത്തതും, സത്യസന്ധവുമായിരിക്കണം സമീപനം. വിമർശനബുദ്ധിയോടെ, പക്ഷപാതരഹിതമായി നിരീക്ഷിക്കുകയും, ജാതി - മത - പ്രാദേശിക - വ്യക്തിപര ചിന്തകൾ ഇല്ലാത്ത പെരുമാറ്റങ്ങളാണ് ആധുനിക സമൂഹം ആവശ്യപ്പെടുന്നത്.

സാധാരണ മനുഷ്യർ നിർദോഷമായ വിശ്വാസങ്ങളെയും ആചാരാനുഷ്ഠാനങ്ങങ്ങളെയും ആശ്രയിക്കുന്നതിനെ മാനസികാരോഗ്യ സേവന ദാതാക്കൾ പുച്ഛിക്കരുത്. എന്നാൽ സമൂഹത്തിന് ദോഷകരമായ ആചാരാനുഷ്ഠാനങ്ങളെ എതിർക്കേണ്ടതുമുണ്ട്.

പ്രായപൂർത്തിയായ ഒരാൾക്ക് സ്വന്തം ശരീരത്തെ ഏതുവിധത്തിൽ സംരക്ഷിക്കണമെന്ന് നിശ്ചയിക്കുന്നതിനുള്ള അവകാശമുണ്ട്. ഏതുവിധം വൈദ്യശുശ്രൂഷയും ആരോഗ്യസംരക്ഷണവും വേണ്ടതെന്നു തീരുമാനിക്കാനുള്ള അവകാശം വ്യക്തിക്കുണ്ട്. വ്യക്തിയുടെ സമ്മതമില്ലാതെ അവരെ ഒരു തെറാപ്പിക്കും വിധേയമാക്കാൻ പാടില്ല. ഇഷ്ടമില്ലാത്ത ചികിത്സാവിധി അവരിൽ അടിച്ചേൽപ്പിക്കുന്നതും തെറ്റാണ്.

സമ്മതം തേടൽ എന്നത് കുട്ടികളെയോ ബുദ്ധിമാന്ദ്യം ഉള്ളവരെയോ സ്ഥലകാലബോധം നഷ്ടപെട്ടവരെയോ സംബന്ധിച്ചിടത്തോളം ബാധകമല്ല. അവരുടെ ബന്ധുക്കളോ രക്ഷിതാക്കളോ ആണ് ചികിത്സയുടെ കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്.

മാനസിക അസ്വസ്ഥതയുടെ അടിസ്ഥാനവിവരങ്ങൾ ചികിത്സകൻ പറഞ്ഞുകൊടുക്കണം.

സമൂഹത്തിലെ കടുംപിടുത്തങ്ങളിൽ നിന്ന് വ്യതിചലിച്ചു നടക്കുന്നവരെ / വിമതരെ ഏതെങ്കിലും ഒരു മനോരോഗത്തിൽ മുദ്രകുത്തി നിർബന്ധിത ചികിത്സക്കിരയാക്കുന്നതും മനുഷ്യാവകാശലംഘനമാണ്.

മാനസികാരോഗ്യ സഹായികൾ /സേവനദാതാക്കൾ തങ്ങളുടെ സേവനം തേടിയെത്തുന്നവരുടെ വിവരങ്ങൾ ഗോപ്യമായി സൂക്ഷിക്കേണ്ടതാണ്. വ്യക്തിയുടെ സ്വകാര്യ ജീവിതത്തിലേക്ക് ആവശ്യമില്ലാതെ നുഴഞ്ഞുകയറരുത്. വ്യക്തിയുടെ താത്പര്യം കൂടി കണക്കിലെടുത്തുവേണം ഏതുതരം ചികിത്സയാണ് നൽകേണ്ടതെന്ന് നിശ്ചയിക്കാൻ.

സേവനദാതാക്കൾ ദേഹപരിശോധന നടത്തേണ്ടതിന്റെ ആവശ്യമില്ല. സേവനം തേടിവരുന്നവരെ ആശ്ലേഷിക്കുക, അനാവശ്യമായ ശാരീരിക സ്പര്‍ശനങ്ങൾ എന്നിവയും പാടില്ല.

വ്യക്തിസവിശേഷത പ്രകടിപ്പിക്കുന്നവരോടും പൊതുധാരണകളുമായി പൊരുത്തപ്പെടാത്തവരോടും സഹിഷ്ണുതയോടെ പെരുമാറണം; അവരെ തലയ്ക്ക് വെളിവില്ലാത്തവർ എന്ന് വിളിച്ചധിക്ഷേപിക്കരുത്.

വ്യത്യസ്തങ്ങളായ വിശ്വാസങ്ങളും മൂല്യങ്ങളും വച്ചുപുലർത്താനുള്ള വ്യക്തികളുടെ സ്വാതന്ത്ര്യത്തെ ഹനിക്കരുത്. മറ്റുള്ളവരുടെ അവകാശത്തിന് വിഘാതം സൃഷ്ടിക്കാതിരിക്കുന്നിടത്തോളം, ആ വ്യക്തിയെക്കുറിച്ച് യാതൊരുവിധ പ്രതികൂല പരാമർശങ്ങളും നടത്തുകയുമരുത്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

*കവര്‍ ഫോട്ടോ: ദി ഇന്‍ഡിപെന്‍ഡന്റ്


Next Story

Related Stories