TopTop
Begin typing your search above and press return to search.

100 ദിവസങ്ങള്‍! വെല്ലുവിളിയെ ഏറ്റവും ശക്തമായി നേരിട്ട ജനതയെന്നതാവും ചരിത്രം കേരളത്തെ വിളിക്കുക

100 ദിവസങ്ങള്‍! വെല്ലുവിളിയെ ഏറ്റവും ശക്തമായി നേരിട്ട ജനതയെന്നതാവും ചരിത്രം കേരളത്തെ വിളിക്കുക

100 ദിവസങ്ങള്‍. ഏറ്റവും ഭീകരമായ ഒരു വെല്ലുവിളിയെ ഏറ്റവും ഫലപ്രദമായി നേരിട്ട ജനതയേതെന്ന ചോദ്യത്തിന് ചരിത്രം കാണിച്ചുകൊടുക്കുന്ന സ്ഥലമെന്ന നിലയില്‍ കൂടിയാവും കേരളം ഭാവിയില്‍ ചിലപ്പോള്‍ അറിയപ്പെടുക. ഇന്നേക്ക് നൂറു ദിവസം മുമ്പാണ് കേരളത്തില്‍ കൊറോണ രോഗം കണ്ടെത്തിയത്. ആ ജനുവരി 30-ല്‍ നിന്ന് ഇപ്പോൾ ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്നുള്ള മലയാളികളെ കൂടി ആത്മവിശ്വസത്തോടെ നാട്ടിലേക്ക് ക്ഷണിക്കാന്‍ കേരളത്തിന് കരുത്തായതില്‍ പ്രധാനം ഈ നാടിൻ്റെ ചരിത്രം കൂടിയാണ്. ആരോഗ്യ രംഗത്ത് നൂറ്റാണ്ടുമുമ്പ് തന്നെ ഉണ്ടായ ഉണര്‍വ്. ജനകീയാധികാരത്തെ ഉറപ്പിച്ച് നിര്‍ത്താന്‍ ശ്രമിച്ച രാഷ്ട്രീയം മൂലമുണ്ടായ സാമൂഹ്യബോധം, ഇച്ഛാശക്തിയോടെ ജനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഭരണകൂടം... എല്ലാം കൂടിയായപ്പോള്‍ കേരളം കോവിഡിനെ നേരിടുന്നതില്‍ ഒരു മാതൃകയായി വാഴ്ത്തപ്പെട്ടു.

ഇന്നലെ വൈകിട്ട് വരെയുള്ള കണക്കുകള്‍ പ്രകാരം കേരളത്തില്‍ ഇപ്പോഴുള്ളത് 25 രോഗികള്‍ മാത്രമാണ്. രോഗം ഭേദമാകുന്നവരുടെ എണ്ണം ദിവസവും കൂടുന്നു. ഈ മാസം അഞ്ച് ദിവസമാണ് പുതിയ രോഗികള്‍ ഇല്ലാതിരുന്നത്. ലോക്ഡൗണിന്റെ മൂന്നാം ഘട്ടം അവസാനിക്കുമ്പോഴും ഇന്ത്യയുടെ മറ്റിടങ്ങളില്‍ രോഗ വ്യാപനത്തിന്റെ തോത് ക്രമാതീതമായി ഉയരുമ്പോഴാണ് കേരളം വൈറസിനെ വരുതിയില്‍ നിര്‍ത്തിയിരിക്കുന്നതെന്നതാണ് പ്രത്യേകം ശ്രദ്ധേയമായ കാര്യം. ജനുവരി 30-നാണ് ചൈനയിലെ വുഹാന്‍ സര്‍വകലാശാലയില്‍ പഠിക്കുകയായിരുന്ന വിദ്യാര്‍ഥിക്ക് കൊറോണ വൈറസ് ബാധിച്ചതായി കണ്ടെത്തിയത്. ഇതിന് മുമ്പെ തന്നെ കേരളം തയ്യാറെടുപ്പുകള്‍ തുടങ്ങിയിരുന്നു. ഇതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങളും മുന്നൊരുക്കങ്ങളും സജീവമാക്കി. അന്ന് ഐസിഎംആറിന്റെയോ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെയോ മുന്നറിയിപ്പുകളോ, പ്രോട്ടോക്കോളോ ഉണ്ടായിരുന്നില്ല. കേരള സര്‍ക്കാര്‍ പുറത്തുനിന്ന് വരുന്നവരെ കര്‍ശനമായി പരിശോധിച്ചു. വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ശനമാക്കി. കാര്യമായ പ്രശ്‌നങ്ങളില്ലാതെ കൊറോണയെ അതിജീവിക്കാന്‍ കഴിയുമെന്ന് തോന്നിയപ്പോഴാണ് പത്തനംതിട്ടയില്‍ ഇറ്റലിയില്‍നിന്നെത്തിയ കുടുംബത്തിന്റെ അനാസ്ഥ വലിയ ആശങ്ക ഉണ്ടാക്കിയത്. അവര്‍ ബന്ധപ്പെട്ടവരെയും മറ്റു കണ്ടെത്തി സംസ്ഥാനത്തെ സംവിധാനം ഉജ്ജ്വമാക്കി. കാസര്‍കോടും പത്തനംതിട്ടയിലും എറണാകുളത്തും രോഗികളായി തുടങ്ങിയതോടെ കേരളം രോഗപ്പകര്‍ച്ചയുടെ മറ്റൊരു ഘട്ടത്തിലെത്തി. ആള്‍ക്കൂട്ടത്തെ നിരോധിച്ചും നിയന്ത്രിച്ചും, മാളുകളും സിനിമാശാലകളും അടച്ചും കേരളം ഇന്ത്യയ്ക്ക് മുമ്പെ നടന്നു. രാജ്യം അടച്ചിടാന്‍ തീരുമാനിക്കുന്നതിന് ഒരു ദിവസം മുമ്പ് തന്നെ കേരളം ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ആരോഗ്യ പ്രശ്‌നത്തെ സാമൂഹ്യ ഉത്തരവാദിത്തമായി കണ്ട് നേരിട്ടുവെന്നതാണ് കേരളത്തിന്റെ നേട്ടത്തിന്റെ പിന്നില്‍ എന്നു കാണാം. നാല് മണിക്കൂറിറിൻ്റെ മാത്രം ഇടവേള നൽകി ലോക്ഡൌൺ പ്രഖ്യാപിച്ച് ജനങ്ങളെ ദുരിതക്കയത്തിലേക്ക് തള്ളിയിട്ട കേന്ദ്ര സര്‍ക്കാരിന്റെ രീതിക്ക് പകരം, എല്ലാവര്‍ക്കും ഭക്ഷണം എത്തിക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമുണ്ടാക്കിയാണ് കേരളം, ലോക്ഡൗണ്‍ കാലത്ത് വിശന്നിരിക്കേണ്ടിവരുമായിരുന്ന ആളുകളെ കൂടെ നിര്‍ത്തിയത്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നിയന്ത്രണത്തിലുള്ള തദ്ദേശ സ്ഥാപനങ്ങള്‍ അത്തരം പ്രവര്‍ത്തനങ്ങളില്‍ മത്സരിച്ച് വ്യാപരിച്ചു. കുടിയേറ്റ തൊഴിലാളികളുടെ ആശങ്കകള്‍ക്ക് ഇതുകൊണ്ടൊന്നും പരിഹാരമായിട്ടില്ലെങ്കിലും വലിയ അല്ലലില്ലാതെ ലോക്ഡൗണ്‍ കാലത്ത് ജീവിച്ചുകൊണ്ടിരിക്കുന്ന ജനത കൂടിയായി കേരളം.

It"s day100 of our #COVID19 fight. India"s first case was reported on Jan30. Kerala has shown great courage & resolve. Fought 2 waves; & is ready if there"s another one. Years from now, we should be able to look back & take pride in how we responded to this. -CM @vijayanpinarayi pic.twitter.com/FQcJNb1BoM
— CMO Kerala (@CMOKerala) May 8, 2020

ഇതുവരെ ഉണ്ടാക്കിയ നേട്ടം കേരളത്തെ ചില കാര്യങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്. കേരളത്തിന്റെ ആരോഗ്യ മേഖലയെ ശ്ക്തിപ്പെടുത്തേണ്ടതിനെക്കുറിച്ച് തന്നെയാണ് അത്. ആരോഗ്യ മേഖലയെ ശക്തിപ്പെടുത്തുകയെന്നത് സ്വകാര്യമേഖലയില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികള്‍ ഉണ്ടാവുകയെന്നതല്ലെന്ന കാര്യമാണ് കൊറോണക്കാലം നമ്മെ പഠിപ്പിക്കുന്നത്. ഈ പകര്‍ച്ചവ്യാധിക്കാലത്ത് കാഴ്ചക്കാരന്റെ റോളുമാത്രമാണ് സ്വകാര്യമേഖലയ്ക്ക് ഉണ്ടായിരുന്നത്. കേരളത്തില്‍ 80-കള്‍ക്ക് ശേഷം ശക്തിപ്പെടാന്‍ തുടങ്ങിയ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികള്‍ സാധാരണക്കാരുടെ ജീവിതത്തില്‍ എന്ത് മാറ്റമാണ് ഉണ്ടാക്കുന്നതെന്നതാണ് ചോദ്യം. പകര്‍ച്ചവ്യാധികളുടെ ഒരു പ്രദേശമായി നമ്മുടെ നാട് മാറുന്നുവെന്നതും അഭിമുഖീകരിക്കേണ്ട ഒരു പ്രശ്‌നമാണ്. ഇതിനെ ഇല്ലാതാക്കാന്‍ കഴിയുന്ന രീതിയിലേക്ക് കേരളത്തിന്റെ ആരോഗ്യപരിപാലനം കൂടുതല്‍ മാറേണ്ടതുണ്ട്. അതിനാവശ്യം പൊതു ആരോഗ്യമേഖലയെ ശക്തിപ്പെടുത്തുകയെന്നതാണ്. കാസര്‍കോട് ഒരു കുട്ടിക്ക് അടിയന്തര ശ‌സ്ത്രക്രിയ ആവശ്യമുണ്ടെങ്കില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കേണ്ട അവസ്ഥാണ് കേരളത്തിലെന്ന കാര്യം ഇപ്പോഴുണ്ടായ നേട്ടങ്ങള്‍ക്കിടയിലും മറക്കാന്‍ കഴിയുന്നതല്ല. ആ കുട്ടിയെ വളരെ വേഗത്തില്‍ ആംബുലന്‍സ് ഡ്രൈവറുടെ സഹായത്തില്‍ കൊച്ചിയിലെ അമൃതയിലോ, ലേക്ഷോര്‍ ആശുപത്രിയിലോ എത്തിക്കാന്‍ കഴിഞ്ഞുവെന്നതില്‍ അഭിരമിക്കുന്നതിനപ്പുറം കണ്ണൂരോ കോഴിക്കോടോ പൊതുമേഖലയില്‍ അത്തരം സവിശേഷ ചികില്‍സ ലഭ്യമാക്കുകയെന്നതാണ് കേരളം നേടിയെടുക്കേണ്ട വിജയം. ആരോഗ്യം വ്യക്തിയുടെതല്ല, സമൂഹത്തിന്റെ ഉത്തരവാദിത്തമാകുന്നതാണ് നീതിപൂര്‍വമായ സമൂഹത്തിന്റെ അടയാളം. കേരളത്തിന്റെ കോവിഡ് കാലത്തെ നേട്ടത്തെക്കുറിച്ച് എഴുതിയ എഡിറ്റോറിയലില്‍ ദി ഹിന്ദു പത്രം സൂചിപ്പിച്ചത് വളരെ പ്രസക്തമാണ്. കേരളത്തിന്റെ വിജയം എന്നത് പതിറ്റാണ്ടുകളായുള്ള സാമൂഹ്യ വിപ്ലവത്തിന്റെയും വികസനത്തിന്റെയും ഫലമായി ഉണ്ടായതാണ്. അതുകൊണ്ടാണ് മറ്റ് സംസ്ഥാനങ്ങള്‍ വൈറസിനെ നേരിടുന്നതില്‍ കേരളത്തിന്റെ മാതൃക അനുകരിച്ചാലും കേരളത്തിന്റെ അളവില്‍ വിജയം കൈവരിക്കാന്‍ കഴിയാതെ പോകുന്നതെന്നാണ് പത്രം ശരിയായി വിലയിരുത്തിയത്. ഈ വിജയം കേരളത്തിലെ പൊതു ആരോഗ്യ രംഗത്തെ കൂടുതല്‍ മികച്ചതാക്കി, ഏറ്റവും ദരിദ്രനും മികച്ച ചികിത്സ ലഭ്യമാകുന്ന ഒരു അവസ്ഥയിലേക്കാണ് കേരളം ഇനി ആത്മവിശ്വാസത്തോടെ നടക്കേണ്ടത്.(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Next Story

Related Stories