TopTop
Begin typing your search above and press return to search.

വരും വര്‍ഷങ്ങളില്‍ കോവിഡ്-19നെക്കാള്‍ കൂടുതല്‍ മരണങ്ങള്‍ ഹൃദയാഘാതവും കാന്‍സറും പക്ഷാഘാതവും മൂലമുണ്ടാവും: ഇതാണ് കാരണങ്ങള്‍

വരും വര്‍ഷങ്ങളില്‍ കോവിഡ്-19നെക്കാള്‍ കൂടുതല്‍ മരണങ്ങള്‍ ഹൃദയാഘാതവും കാന്‍സറും പക്ഷാഘാതവും മൂലമുണ്ടാവും: ഇതാണ് കാരണങ്ങള്‍

ഭ്രാന്തമായ അല്ലെങ്കില്‍ ക്ഷിപ്രമായ ഒരു വികാരത്തിന്റെ പേരില്‍ ഒരു അടച്ചുപൂട്ടല്‍ നടപ്പിലാക്കാനാവില്ല. അതൊരിക്കലും അടിച്ചേല്‍പ്പിക്കാനാവില്ല. അതിന്റെ പിന്നില്‍ ഒരു തീരുമാനം ഉണ്ടാവണം; തീരുമാനങ്ങള്‍ തെളിവുകളുടെ അടിസ്ഥാനത്തിലുള്ളതാവണം. ഇപ്പോള്‍ നാലാം ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്ന ഇന്ത്യയിലെ അടച്ചുപൂട്ടല്‍ ഒരു പ്രഹസനമാണ്. മാര്‍ച്ച് 25നാണ് അത് നടപ്പിലാക്കിയത്. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം അന്ന് 434 രോഗികളും മൊത്തം ഒമ്പത് മരണങ്ങളുമാണ് ഉണ്ടായിരുന്നത്. ഇറ്റലിയില്‍ അതേ ദിവസം 63,927 രോഗികളും 6077 മരണങ്ങളും യുഎസില്‍ 42,164 രോഗികളും 571 മരണങ്ങളുമുണ്ടായിരുന്നു.

ഇപ്പോള്‍ മേയ് 17 ആവുമ്പോള്‍, ഇന്ത്യയിലെ മൊത്തം രോഗികളുടെ എണ്ണം ഒരു ലക്ഷം കിവഞ്ഞു. 3000ത്തിലധികം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തുകഴിഞ്ഞിട്ടുണ്ട്. അടച്ചുപൂട്ടല്‍ ഒരു പ്രയോജനവും ചെയ്തില്ല എന്ന് വ്യക്തമാണ്. അത് പ്രഖ്യാപിച്ച സമയം തികച്ചും അനവസരത്തിലുള്ളതായിരുന്നു. രോഗികളുടെ എണ്ണം വര്‍ദ്ധിക്കാന്‍ തുടങ്ങുന്നതിന് വളരെ മുമ്പ് തന്നെ നിര്‍ദ്ദയമായ നടപടികള്‍ അടിച്ചേല്‍പ്പിച്ചു. 80 ശതമാനത്തിലേറെ ജനങ്ങള്‍ക്ക് ചെറിയ ലക്ഷണങ്ങളോ അല്ലെങ്കില്‍ ലക്ഷണങ്ങള്‍ തന്നെയോ ഇല്ല എന്നാണ് കോവിഡ്-19ന്റെ എല്ലാ കണക്കുകളും സൂചിപ്പിക്കുന്നതെന്ന് പൊതുജനങ്ങള്‍ക്ക് ഉറപ്പു നല്‍കാനുള്ള ഒരു ശ്രമവും സര്‍ക്കാരിന്റെയോ മാധ്യമങ്ങളുടെയോ ഭാഗത്ത് നിന്നും ഉണ്ടായില്ല. രോഗബാധിതരായ ഭൂരിപക്ഷം പേരും തങ്ങള്‍ക്ക് പ്രത്യേകിച്ച് ഒരു കേടുപാടും കൂടാതെ രോഗത്തെ കുടഞ്ഞെറിഞ്ഞ് കളയും. യുവാക്കള്‍ (മിക്ക ഇന്ത്യക്കാരും) അല്ലെങ്കില്‍ അന്യരോഗങ്ങളൊന്നും ഇല്ലാത്തവരെ സംബന്ധിച്ചിടത്തോളം ഇത് പ്രത്യേകിച്ചും ശരിയാണ്.

നേരത്തേതിനെക്കാള്‍ ഇപ്പോള്‍ കൂടുതല്‍ പരിശോധനകള്‍ കൂടുന്നു എന്ന ലളിതമായ കാരണത്താലാണ് ഓരോ ദിവസവും രോഗബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നത്. ഭാഗ്യവശാല്‍, ദിവസവും മരിക്കുന്നവരുടെ എണ്ണം നൂറിനെ ചുറ്റിപ്പറ്റി നില്‍ക്കുകയും ഒരുപാട് ഉയരുകയും ചെയ്യുന്നില്ല. വിവിധ കാരണങ്ങളാല്‍ ഒരു ദിവസം 20,000 ഏറെ ഇന്ത്യക്കാര്‍ മരിക്കുന്നുണ്ട്. പക്ഷെ അത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള സമയമല്ല ഇത്. മറിച്ച് നമ്മുടെ മൂക്കിന് കീഴെ സംഭവിക്കുന്ന കാര്യങ്ങളില്‍ ശ്രദ്ധ ഊന്നേണ്ടിയിരിക്കുന്നു.

ദശലക്ഷക്കണക്കിന് ആളുകള്‍ കുടിയിറക്കപ്പെട്ടു. ലക്ഷക്കണക്കിന് വ്യവസായങ്ങള്‍ തകര്‍ന്നു തരിപ്പണമായി. എല്ലാ സ്‌കൂളുകളും അടച്ചുപൂട്ടപ്പെട്ടു. ഭക്ഷണശാലകളും ഹോട്ടലുകളും അടച്ചുപൂട്ടി. തൊഴിലും ഒരുതരത്തിലുള്ള ജീവനോപാധികളും ഇല്ലാതെ ദശലക്ഷങ്ങള്‍ ബുദ്ധിമുട്ടുന്നു. ദരിദ്രര്‍ മുമ്പൊരിക്കലുമില്ലാത്ത തരത്തിലുള്ള ആഘാതത്തിന് വിധേയരായി. വലിയ താമസമില്ലാതെ ഇടത്തരക്കാരും തകര്‍ന്നടിയാന്‍ തുടങ്ങും. സങ്കല്‍പാതീതമായ പ്രതികൂല മാനസിക ആഘാതങ്ങള്‍ മൂലം കോടിക്കണക്കിന് കുട്ടികള്‍ നട്ടംതിരിയുന്നു. കൂടുതലും റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകുന്ന ഗാര്‍ഹീക, ശിശു പീഢനങ്ങള്‍ ഗണ്യമായി വര്‍ദ്ധിച്ചിരിക്കണം. ഇതൊക്കെ എല്ലാവര്‍ക്കും അറിയാവുന്ന കാര്യങ്ങളാണ്.

രോഗബാധിതരുടെ എണ്ണം മൂര്‍ദ്ധന്യത്തില്‍ എത്തുന്ന സമയവും ആവശ്യമെങ്കില്‍ നടപ്പിലാക്കപ്പെടേണ്ട അടച്ചുപൂട്ടലും ഒരേ സമയത്താവേണ്ടിയിരുന്നു എന്ന വസ്തുതയെ തങ്ങളുടെ തൊഴിലില്‍ പ്രാവീണ്യമുള്ള എല്ലാ പൊതുജനാരോഗ്യ ഡോക്ടര്‍മാരും പിന്താങ്ങും; അത് ഒരിക്കലും വളരെ നേരത്തെയോ വളരെ താമസിച്ചോ നടപ്പിലാക്കാന്‍ പാടില്ല. രോഗബാധ അതിന്റെ മൂര്‍ദ്ധന്യത്തിലെത്തുന്ന സമയത്താണ് അത് നടപ്പിലാക്കേണ്ടത്. അടച്ചുപൂട്ടല്‍ നടപ്പിലാക്കിയിട്ടും ഇന്ത്യയില്‍ സജീവ രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടില്ല എന്ന് താഴെ കൊടുത്തിരിക്കുന്ന ഗ്രാഫ് വ്യക്തമാക്കുന്നുണ്ട്. മാര്‍ച്ച് പകുതിക്ക് ശേഷം രോഗബാധിതരുടെ എണ്ണത്തില്‍ ക്രമാനുഗതമായ വര്‍ദ്ധന ഉണ്ടായിട്ടുണ്ട്; എന്തായിരിക്കും ഇതിനുള്ള കാരണം? കാരണം ലളിതമാണ്. അസമയത്ത് പ്രഖ്യാപിച്ച അടച്ചുപൂട്ടല്‍.

ശ്വസന വ്യവസ്ഥയെ ബാധിക്കുന്ന വൈറസാണ് അടിസ്ഥാനപരമായി സാര്‍സ്-കോവ്-2. ഇനി ചില ഗൂഢാലോചന സിദ്ധാന്തക്കാര്‍ സൂചിപ്പിക്കുന്നത് പോലെ മനുഷ്യനിര്‍മ്മിതമാണ് ഈ വൈറസെങ്കില്‍ തന്നെയും സാര്‍സ്-കോവ്-1നും മറ്റ് കൊറോണ വൈറസുകള്‍ക്കും സമാനമായ ഒന്നാണിത്. ഫ്‌ളൂ വൈറസ് പോലെ ശ്വസന വ്യവസ്ഥയെ ബാധിക്കുന്ന മറ്റ് വൈറസുകള്‍ക്ക് സമാനവുമാണിത്. ശ്വസന വ്യവസ്ഥയെ ബാധിക്കുന്ന എല്ലാ വൈറസുകള്‍ക്കും പ്രത്യേകിച്ചും ഫ്‌ളൂ വൈറസിന് ഒരു ക്രമമുണ്ട്. അത് ശൈത്യകാലത്ത് പ്രത്യക്ഷപ്പെടുകയും 6-8 ആഴ്ചകള്‍ മനുഷ്യരെ ബാധിച്ച ശേഷം പിന്‍വാങ്ങുകയും ചെയ്യും. ഈ പ്രക്രിയയ്ക്കിടയില്‍ വലിയ ഒച്ചപ്പാടും നിലവിളിയുമൊന്നുമില്ലാതെ യുഎസില്‍ മാത്രം 30,000 മുതല്‍ 60,000 പേരെയും ആഗോളതലത്തില്‍ കുറച്ച് കൂടുതല്‍ ആയിരങ്ങളെയും ഈ വൈറസ് കൊന്നൊടുക്കുന്നു.

സ്‌പെയിനിലും ഇറ്റലിയിലും കോവിഡ്-19 സംഹാരതാണ്ഡവമാടിയെങ്കിലും പ്രതീക്ഷച്ചത് പോലെ പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണം കുറയുകയാണ്. മിക്കവാറും എല്ലാ രാജ്യങ്ങള്‍ക്കും ഇതേ ക്രമം തന്നെയാവും ഉണ്ടാവുക: പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണത്തില്‍ പെട്ടെന്നുണ്ടാവുന്ന വര്‍ദ്ധനയും പിന്നീട് നാല് മുതല്‍ ആറുവരെയുള്ള ആഴ്ചകളില്‍ എണ്ണം കുറയുകയും ചെയ്യുക. ഇതാണ് ഫ്‌ളൂവിന്റെ സ്വഭാവിക ചരിത്രം.

എന്നാല്‍ അടച്ചുപൂട്ടല്‍ നടപ്പിലാക്കുന്ന നിമിഷം, രോഗത്തിന്റെ സ്വാഭാവിക വ്യാപനത്തില്‍ നിങ്ങള്‍ ഇടപെടുന്നു. മിക്കപ്പോഴും രോഗവ്യാപനത്തിന്റെ വക്രരേഖ നേര്‍രേഖയായി മാറുന്നു. എന്നാല്‍ രോഗബാധ/മരണം സംഭവിക്കുമെന്നും എന്നാല്‍ അതിന്റെ ഇടവേള കൂട്ടുക അല്ലെങ്കില്‍ താമസിപ്പിക്കുക എന്ന് മാത്രമേ ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നുള്ളൂ. ആശുപത്രിയിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള, അതായത് കിടക്കകളുടെയും വെന്റിലേറ്ററുകളുടെയും എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനുള്ള സമയം ലഭ്യമാക്കുക എന്നതാണ് വക്രരേഖ നേര്‍രേഖയാക്കുന്നതിന് പിന്നിലുള്ള യുക്തി. വൈറസ് പരിശോധനയ്ക്കും രോഗബാധാനന്തര പരിശോധനയ്ക്കുമുള്ള (ആന്റിബോഡി പരിശോധന) ശേഷി വര്‍ദ്ധിപ്പിക്കുക എന്നതും ഇതിന്റെ ലക്ഷ്യമാണ്. മാര്‍ച്ച് മധ്യം മുതലുള്ള അടച്ചുപൂട്ടലിന് ശേഷവും നിരന്തരമായി വര്‍ദ്ധിക്കുകയായിരുന്നു; യൂറോപ്പിലാവട്ടെ, കര്‍ക്കശമായ അടച്ചുപൂട്ടലിന്റെ നിരര്‍ത്ഥകത തിരിച്ചറിയുകയും ഇപ്പോള്‍ ഇളവുകള്‍ നല്‍കാന്‍ തയ്യാറെടുക്കുകയുമാണ്.

എന്നാല്‍, പൂര്‍ണമായും വ്യത്യസ്ത സാഹചര്യമായിരുന്നു ഇന്ത്യയില്‍ നിലനിന്നിരുന്നത്. രോഗബാധിതരുടെ എണ്ണം ഗണനീയമായ രീതിയില്‍ കുറവായിരുന്നു. മരിച്ചവരുടെ എണ്ണവും. ഇതിന് പ്രധാനമായും രണ്ട് കാരണങ്ങളാണ് ഉണ്ടായിരുന്നത്: ജനസംഖ്യയില്‍ യുവാക്കള്‍ക്കുള്ള മേല്‍ക്കൈയും വുഹാന്‍, യൂറോപ്പ്, യുഎസ് എന്നിവിടങ്ങളെക്കാള്‍ വളരെ ഉയര്‍ന്ന താപനിലയും. വിദഗ്ധര്‍ അവര്‍ ആഗ്രഹിക്കുന്നതൊക്കെ പറഞ്ഞോട്ടെ. പക്ഷെ, 35 ഡിഗ്രിയെക്കാള്‍ ഉയര്‍ന്ന താപനിലയില്‍ ഈ വൈറസ് തളരും. ഇന്ത്യയിലെ രോഗബാധിതരുടെ എണ്ണക്കുറവ് തന്നെ മതിയായ തെളിവാണ്. അടച്ചുപൂട്ടല്‍ ഒരു വലിയ രക്ഷകനായിരുന്നു എന്ന് ചിലര്‍ വാദിച്ചേക്കാം. പക്ഷെ അത് സത്യമല്ല. ഈ ഗ്രഹത്തിലെ ഏറ്റവും കര്‍ക്കശമായ അടച്ചുപൂട്ടലിന് ശേഷവും പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. പക്ഷെ അവരുടെ വര്‍ദ്ധനയുടെ നിരക്ക് കുറവാണ്. മിക്ക ആശുപത്രികളും ഒഴിഞ്ഞു കിടക്കുകയും അവരുടെ ആരോഗ്യ ജീവനക്കാര്‍ വെറുതെ കുത്തിയിരിക്കുകയുമാണ്. കോര്‍പ്പറേറ്റുകള്‍ ഇതിനകം തന്നെ ഡോക്ടര്‍മാരുടെ ശമ്പളത്തില്‍ ഗണ്യമായ വെട്ടിക്കുറവ് പ്രഖ്യാപിച്ചു കഴിഞ്ഞു.

പ്രതീക്ഷിച്ചത് പോലെ തന്നെ മിക്ക മേഖലകളിലും ആരോഗ്യ മന്ത്രാലത്തെ കാണാനേയില്ല. ഉദ്യോഗസ്ഥ മേധാവികളും അവരുടെ അനുചരന്മാരും അന്യഗ്രഹ ജീവികളെ പോലെയാണ് പെരുമാറുന്നത്. അല്ലെങ്കില്‍ അവര്‍ ആശയക്കുഴപ്പത്തിലാണ്. ശ്വസന വ്യവസ്ഥയെ ബാധിക്കുന്ന പുതിയൊരു തരം വൈറസ് ആഗമനം ജനുവരി പത്തിന് ഒരു അയല്‍രാജ്യം പ്രഖ്യാപിക്കുന്നു. പക്ഷെ, മേയ് 17ന് ആയിട്ടും നമുക്ക് സ്ഥിരീകരിക്കപ്പെട്ട ഒരു ആന്റിബോഡി പരിശോധനയില്ല. അത്രത്തോളമാണ് നമ്മുടെ തയ്യാറെടുപ്പ് അല്ലെങ്കില്‍ പ്രതികരണം. ചന്ദ്രനില്‍ മനുഷ്യരില്ലാത്ത ഉപഗ്രഹം ഇറക്കാന്‍ ശ്രമിക്കുന്ന ഒരു രാജ്യത്തിന് ദീര്‍ഘമായ അഞ്ച് മാസങ്ങളുണ്ടായിട്ടും ഒരു ആന്റിബോഡി പരിശോധന നടത്താനുള്ള ശാസ്ത്രീയ ബൗദ്ധീകത ഇല്ലെന്നത് ക്രൂരമായ ഒരു തമാശയാണ്. പക്ഷെ ആരും അത് പരിഗണിക്കുന്നത് പോലുമില്ല എന്നതാണ് കൂടുതല്‍ ശോചനീയം. തങ്ങള്‍ക്കിടയില്‍ തന്നെ സ്രവ പരിശോധന നടത്തണമെന്ന് അലമുറയിട്ടിരുന്ന ആരോഗ്യ ജീവനക്കാര്‍ പോലും ഇപ്പോള്‍ കനത്ത നിശബ്ദതയിലേക്ക് ആഴ്ന്ന് പോയിരിക്കുന്നു.

കോവിഡ്-19ന്റെ യഥാര്‍ത്ഥ മരണനിരക്ക്

രോഗബാധയുടെ സംഭവങ്ങളെ കുറിച്ച് നാം അറിഞ്ഞിരിക്കുക എന്നത് അനുപേക്ഷണീയമാണ്. ഉദാഹരണത്തിന്, കാലിഫോര്‍ണിയയിലെ സാന്റ ക്ലാരയില്‍ അവര്‍ 3300 ആളുകളെ പരിശോധിച്ചപ്പോള്‍ രണ്ടര മുതല്‍ നാല് ശതമാനം വരെയുള്ളവര്‍ക്ക് രോഗാനന്തര ബാധ അല്ലെങ്കില്‍ കോവിഡ്-19 ആന്റിബോഡികള്‍ ഉള്ളതായി കണ്ടെത്തി. സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയാണ് പഠനം സംഘടിപ്പിച്ചത്. സാന്റ ക്ലാരയിലെ 50,000 മുതല്‍ 80,000 വരെയുള്ള ജനങ്ങള്‍ക്ക് രോഗബാധയുണ്ടായെങ്കിലും വെറും ആയിരം പേര്‍ക്ക് മാത്രമേ പിസിആര്‍ പരിശോധനയില്‍ കോവിഡ്-19 സ്ഥിരീകരിച്ചുള്ളു എന്നുള്ളതാണ് ലളിതമായ കണക്ക്. അതായത്, പിസിആര്‍ കണക്കുകളെക്കാള്‍ 50 മുതല്‍ 85 ശതമാനം വരെ അധികമാണ് കോവിഡ്-19ന്റെ യഥാര്‍ത്ഥ സാന്നിധ്യം എന്നതാണ് ഇതിന്റെ അന്തിമ വിശകലനം. ഇന്ത്യയിലെ കണക്കുകള്‍ പരിശോധിച്ചാല്‍, മരണനിരക്ക് 3.2 ശതമാനം. പക്ഷെ സാന്റ ക്ലാര കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ നമ്മള്‍ കണക്ക് കൂട്ടി നോക്കുമ്പോള്‍ കോവിഡ്-19 മരണനിരക്ക് 0.04 ശതമാനത്തില്‍ താഴെയാണെന്ന് വരുന്നു.

ന്യൂയോര്‍ക്കില്‍ 3,000 പേരെ ആന്റിബോഡി പരിശോധനയ്ക്ക് വിധേയരാക്കിയപ്പോള്‍, 14 ശതമാനം പേര്‍ രോഗബാധിതരാണെന്ന് കണ്ടെത്തി; എന്നാല്‍ യഥാര്‍ത്ഥത്തില്‍ ന്യൂയോര്‍ക്ക് നഗരത്തില്‍ താമസിക്കുന്ന 21 ശതമാനം പേര്‍ക്ക് രോഗബാധയുണ്ടായിരുന്നു . ഏകദേശം 27 ലക്ഷം പേര്‍ക്ക് രോഗബാധ ഉണ്ട് എന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഈ അറിവുവച്ചുകൊണ്ട് രോഗബാധിതരുടെ മരണനിരക്ക് 0.5 ശതമാനം മാത്രമാണെന്ന് ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്ര്യൂ കൗമോ പ്രഖ്യാപിച്ചു എന്നതാണ് ശുഭവാര്‍ത്ത. ഗുരുതരമായി രോഗം ബാധിച്ച പലരെയും വെന്റിലേറ്ററുകളുടെ സഹായത്തോടെ ചികിത്സിച്ച് ഭേദമാക്കി എന്ന അറിവ് വച്ചുകൊണ്ട് ഈ കണക്കുകള്‍ ഇനിയും പരിഷ്‌കരിക്കേണ്ടി വരും.

ജനങ്ങളുടെ മരണങ്ങളുടെ യഥാര്‍ത്ഥ അനുപാതം പറയുന്നതിന് പകരം, വൈറസിന്റെ അപകടങ്ങളെ കുറിച്ച് മാധ്യമങ്ങള്‍ നിറുത്താതെ അലറിവിളിച്ചുകൊണ്ടിരിക്കുന്നു. ഈ ശമനമില്ലാത്ത പ്രചാരണം നിമിത്തം അടച്ചുപൂട്ടലുകളില്‍ ഇളവ് നല്‍കുന്നതിനെ കുറിച്ച് ജനങ്ങളോട് അവരുടെ അഭിപ്രായം ആരാഞ്ഞാല്‍, 6-8 ആഴ്ചകള്‍ കൂടി അത് ദീര്‍ഘിപ്പിക്കണമെന്ന് ഗണ്യമായ ഒരു വിഭാഗം പറയുമെന്ന് എനിക്കുറപ്പാണ്. ഭയം മൂലം ജനങ്ങള്‍ മരവിച്ചുപോയിരിക്കുന്നു. ഭയം മൂലം അവരുടെ മനസ് കൈവിട്ടു പോയിരിക്കുന്നു. അവരുടെ ആശങ്ക അല്ലെങ്കില്‍ കുറച്ചുകൂടി തെളിച്ചു പറഞ്ഞാല്‍ അവരുടെ ഭീതി ശമിപ്പിക്കണമെങ്കില്‍ എന്തെങ്കിലും അത്ഭുതപ്രവര്‍ത്തി തന്നെ വേണ്ടി വരും.

മിക്ക ഡോക്ടര്‍മാരും ഭീതിയിലായതിനാല്‍, രോഗികളില്‍ നിന്നും ആറടി അകലത്തിന് പകരം 12 അടി അകലം സൂക്ഷിക്കാന്‍ അവര്‍ താല്‍പര്യപ്പെടുന്നു. ഇത് സവിശേഷ കാലമാണ്. ഒരു ആശുപത്രിയില്‍ ഒന്നോ രണ്ടോ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചാല്‍ കണ്ണടച്ച് തുറക്കും മുമ്പ് ആ ആശുപത്രി അടച്ചുപൂട്ടാന്‍ രാഷ്ട്രീയക്കാരും അവരുടെ ഉദ്യോഗസ്ഥരും തയ്യാറായി നില്‍ക്കുകയാണ്. രോഗബാധിതരില്‍ വെറും 0.5 ശതമാനത്തില്‍ താഴെ ആളുകളെ മാത്രം കൊന്നൊടുക്കുന്ന കോവിഡ്-19ന്റെ ഒരു കേസ് സ്ഥിരീകരിക്കുമ്പോള്‍ തന്നെ ആശുപത്രി അടച്ചുപൂട്ടുക എന്നത് പരിഹാസ്യമാണെന്ന് മാത്രമല്ല, ഭീതിജനകവുമാണ്, ദ പ്ലേഗ് എന്ന കൃതിയില്‍ നല്ലവരും ചീത്തയുമായ ആളുകളെ കുറിച്ച് ആല്‍ബേര്‍ കമ്മു എഴുതിയിട്ടുണ്ട്. എന്നാല്‍ ഒരു ആശുപത്രി പരിസരത്ത് ഒരു രോഗിയെ കണ്ടതിന്റ പേരില്‍ മാത്രം ആ ആശുപത്രി അടച്ചുപൂട്ടാന്‍ മഹാത്മാവിന്റെ രാജ്യം തയ്യാറാവും എന്ന് അദ്ദേഹം സങ്കല്‍പിച്ചിട്ടു കൂടിയുണ്ടാവില്ല. ആശുപത്രികളില്‍ അല്ലെങ്കില്‍ മറ്റെവിടെയാണ് ഈ വൈറസിന്റെ സാന്നിധ്യം കണ്ടെത്തുമെന്ന് നിങ്ങള്‍ പ്രതീക്ഷിക്കുന്നത്? ചികിത്സയ്ക്കായാണ് ആളുകള്‍ ആശുപത്രികളില്‍ പോകുന്നത്. എന്നാല്‍ ആശുപത്രികള്‍ അടച്ചുപൂട്ടിക്കൊണ്ട് നിങ്ങള്‍ ആളുകളെ ഭീതിയുടെ മുള്‍മുനയില്‍ നിറുത്തുന്നു. നെഞ്ചു വേദന അല്ലെങ്കില്‍ പക്ഷാഘാതം ബാധിച്ച ആയിരക്കണക്കിന് രോഗികള്‍ ആശുപത്രിയില്‍ പോകാന്‍ ഭയപ്പെടുന്നതില്‍ ഒരു അത്ഭുതത്തിനും വകയില്ല.

എന്റെ വാക്കുകള്‍ അടിവരയിട്ട് സൂക്ഷിച്ചോളൂ. അടുത്ത രണ്ട് മുതല്‍ നാല് വര്‍ഷങ്ങള്‍ക്കിടയില്‍ കോവിഡ്-19നെക്കാള്‍ കൂടുതല്‍ മരണങ്ങള്‍ ഹൃദയാഘാതവും കാന്‍സറും പക്ഷാഘാതവും മൂലമുണ്ടാവും. വിചിത്രവും അസാധ്യവുമായ ഒരു സാഹചര്യമാണ് രാജ്യത്ത് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ജോഹന്നാസ്ബര്‍ഗില്‍ വച്ച് ഗാന്ധിജി ന്യൂമോണിയ പ്ലേഗ് ബാധിച്ച രോഗികളെ ചികിത്സിച്ചിരുന്നുവെന്ന് എത്ര പേര്‍ക്ക് അറിയാം? ന്യൂമോണിയ പ്ലേഗ് എല്ലാക്കാലത്തും ഒരു കാലന്‍ തന്നെയായിരുന്നു. എന്നിട്ടും രോഗികളെ പരിശോധിക്കാനും ചികിത്സിക്കാനുമുള്ള ധൈര്യം 1904ല്‍ ഗാന്ധിജി പ്രദര്‍ശിപ്പിച്ചു. ടെലിവിഷനിലും ട്വിറ്ററിലും സന്ദേശങ്ങള്‍ നല്‍കുന്നതിലേക്ക് മാത്രം ചുരുങ്ങിപ്പോയ ഒരു നേതൃത്വമാണ് ഇന്ന് ഇന്ത്യയിലുള്ളത്. ഏതെങ്കിലും നേതാവ് ജനങ്ങളുമായി ഇടപഴകുകയോ (നിര്‍ദ്ദീഷ്ട അകലത്തില്‍ നിന്നുകൊണ്ടെങ്കിലും) അല്ലെങ്കില്‍ ഒരു ആശുപത്രിയെങ്കിലും സന്ദര്‍ശിക്കുകയോ ചെയ്തതായി എനിക്ക് അറിവില്ല. പകരം, നാമമാത്രമായ സാരാംശങ്ങളും അതിലും ചെറിയ (സാധ്യമെങ്കില്‍) സമാശ്വാസങ്ങളോടും കുടിയ അന്തഃസാരശൂന്യമായ ശബ്ദശകലങ്ങള്‍ മാത്രം. ജാതി, വിശ്വാസം, മതം, രാഷ്ട്രീയ ചായ്വ് എന്നിവയോടൊന്നും ഈ വൈറസിന് ഒരു ബഹുമാനവുമില്ല. അതിനെ കൈകാര്യം ചെയ്യണമെങ്കില്‍ നമ്മുടെ ബൗദ്ധീക അലസത വെടിയണമെന്നും സത്യം അറിയണമെന്നും അത് നമ്മോട് ആവശ്യപ്പെടുന്നു. പക്ഷെ നമ്മള്‍ അത് ചെയ്തില്ലെങ്കില്‍ പിന്നെ അത് ഒന്നിനും പുല്ലുവില പോലും കല്‍പിക്കില്ല.

സ്വീഡന്‍ അടച്ചുപൂട്ടലില്ല. സ്‌കൂളുകളും ഭക്ഷണശാലകളും തുറന്ന് പ്രവര്‍ത്തിക്കുന്നു. മറ്റുള്ളവരില്‍ നിന്നും സുരക്ഷിതമായ അകലം പാലിക്കാനും സാമാന്യബുദ്ധി പ്രയോഗിക്കാനും ജനങ്ങളോട് നിര്‍ദ്ദേശിച്ചിരിക്കുന്നു. അടുത്ത രണ്ടാഴ്ചയ്ക്കുള്ള സമൂഹ പ്രതിരോധശേഷി ഉണ്ടാവുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നു. മാത്രമല്ല, മറ്റ് യൂറോപ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് അവരുടെ മരണനിരക്ക് വളരെ കുറവാണ്. അയല്‍രാജ്യങ്ങളെക്കാള്‍ കൂടുതലാണ് അവരുടെ മരണനിരക്കെങ്കിലും ശീതകാലം അവസാനിക്കുന്നതിന് മുമ്പ് അത് തുല്യമാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സ്വാധീനശേഷിയുള്ള മാധ്യമ സ്രോതസുകള്‍ കടുത്ത സംഘടിത വിമര്‍ശനങ്ങള്‍ അഴിച്ചുവിടുമ്പോഴും സ്വീഡിഷ് മാതൃകയ്ക്ക് സ്വകാര്യ അഭിനന്ദനങ്ങളും ലഭിക്കുന്നുണ്ട്. എന്നാല്‍, അടച്ചുപൂട്ടല്‍ നടപ്പിലാക്കിയില്ലായിരുന്നെങ്കില്‍ യുഎസില്‍ ഇരുപത് ലക്ഷം പേരും യുകെയില്‍ അഞ്ച് ലക്ഷം പേരും മരിക്കുമായിരുന്നു എന്ന പ്രചുര പ്രചാരം നേടിയ ഇമ്പീരിയല്‍ കോളേജില്‍ നിന്നുള്ള ഫെര്‍ഗൂസന്‍ മാതൃക സദയം അംഗീകരിക്കാന്‍ സ്വീഡന്‍കാര്‍ തയ്യാറല്ല. ഒരു ചങ്ങാതി അവലോകനം ചെയ്ത ഈ പ്രബന്ധം ഫെര്‍ഗൂസനോ ഇമ്പീരിയല്‍ കോളേജോ എവിടെയും പ്രസിദ്ധീകരിച്ചില്ല എന്നത് ശ്രദ്ധേയമാണ്. ബ്രിട്ടണെ നയവ്യതിയാനത്തിന് പ്രേരിപ്പിച്ച ഒരു രേഖ അവരുടെ പക്കല്‍ ഉണ്ടാവണം. മരണങ്ങള്‍ 20,000 ത്തോളം ആയിരിക്കുമെന്നും അതില്‍ മൂന്ന് രണ്ടും സംഭവങ്ങളുടെ സാധാരണ വികാസങ്ങളില്‍ നിന്നുണ്ടാവുന്ന മരണങ്ങളായിരിക്കുമെന്നും ഇതേ ഫെര്‍ഗൂസന്‍ തന്നെ പാര്‍ലമെന്റിന് മുന്നില്‍ മൊഴി നല്‍കി. സ്വീഡന്‍ ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളിലെ ഏകദേശം അമ്പത് ശതമാനം മരണങ്ങളും വൃദ്ധ സദനങ്ങളിലായിരുന്നു എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്. പ്രധാനമായും ആരുടെ സംരക്ഷണത്തിനാണോ അടച്ചുപൂട്ടല്‍ നടപ്പിലാക്കിയത് അവരാണ് ഏറ്റവും കൂടുതല്‍ അവഗണിക്കപ്പെട്ടത് എന്ന ദുഃഖകരമായ യാഥാര്‍ത്ഥ്യം വലിയ വിരോധാഭാസമായി നില്‍ക്കുന്നു. ഈ ദുഃഖകരമായ അവസ്ഥ അംഗീകരിച്ച സ്വീഡന്‍ ഇപ്പോള്‍ ഭേദഗതികള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്.

ഡോക്ടര്‍മാരെ തടയുന്നു, ആശുപ്ത്രികള്‍ അടച്ചുപൂട്ടുന്നു

നമ്മള്‍ അത്ര കണ്ട് ഭയചകിതരായതിനാല്‍, നോയിഡയില്‍ നിന്നും ഹരിയാനയില്‍ നിന്നും ഡല്‍ഹിയെ ഭദ്രമായി അടച്ചുപൂട്ടി. കഴിഞ്ഞ ദിവസം രണ്ട് ആഞ്ചിയോപ്ലാസ്റ്റികള്‍ നടത്താന്‍ ഞാന്‍ നിര്‍ബന്ധിതനായി. ഏത് നിലവാരം വച്ചുള്ള നടപടിക്രമങ്ങളായാലും രണ്ടും ജിവന്‍രക്ഷാ പ്രവര്‍ത്തികളാണ്. രണ്ട് രോഗികളുടെയും നടപടിക്രമങ്ങള്‍ വിജയകരമായിരുന്നു. ഇരുവരും എത്രയും പെട്ടെന്ന് തന്നെ ആശുപത്രി വിടും എന്നാണ് പ്രതീക്ഷിക്കുന്നത്. തന്റെ ശരീരത്തില്‍ ഒരു ഗൗരതരമായ ചികിത്സാ പദ്ധതി നടപ്പിലാക്കിയ ഡോക്ടര്‍ ആശുപത്രി വിടുന്നതിന് മുമ്പ് തന്നെ പരിശോധിക്കുമെന്ന് ഏതൊരു രോഗിയും പ്രതീക്ഷിക്കും. ഈ രണ്ട് പേരും അങ്ങനെ തന്നെ കരുതി. എന്നാല്‍, അത് സംഭവിച്ചില്ല. ആശുപത്രിയിലേക്കുള്ള യാത്രയില്‍ വച്ച് എന്നില്‍ വലിയ ഞടുക്കം സൃഷ്ടിച്ചുകൊണ്ട് അതിര്‍ത്തിയില്‍ വച്ച് എന്നെ തടഞ്ഞു. ആശുപത്രി ഡല്‍ഹിയിലെ ദ്വാരകയിലാണ്. ഞാന്‍ താമസിക്കുന്നതാകട്ടെ സാങ്കേതികമായി ഹരിയാന മേഖലയിലും. അപ്പോള്‍ അതാണ് ചങ്ങാതിമാരെ; സമയം മെനക്കെടുത്തുന്ന പരിപാടിയാണെന്ന് അറിയാമായിരുന്നതിനാല്‍ പോലീസുകാരനുമായി തര്‍ക്കിക്കാന്‍ ഞാന്‍ പുറപ്പെട്ടില്ല. അയാള്‍ക്ക് മുകളില്‍ നിന്നും ഉത്തരവുകള്‍ ലഭിച്ചിട്ടുണ്ട്. കൗതുകകരമായ ഒരു സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഒരു മഹാമാരി ഈ ഗ്രഹത്തെ മുഴുവന്‍ ചുറ്റിവരിഞ്ഞിരിക്കുന്നു. ഈ രാജ്യത്ത് ഒരു മഹാമാരി പൊട്ടിവിരിയുന്നു. പക്ഷെ, രോഗികളെ ചികിത്സിക്കാന്‍ ഡോക്ടര്‍മാരെ ഉന്നതാധികാരികള്‍ അനുവദിക്കുന്നില്ല. ഇങ്ങനെയൊന്നിനെ കുറിച്ച് ജോര്‍ജ്ജ് ഓര്‍വല്‍ ചിന്തിച്ചിട്ടു കൂടി ഉണ്ടാവില്ല.

ഇന്ത്യയില്‍, ഈ മഹാമാരിയുടെ എല്ലാ ഘട്ടത്തിലും നമുക്ക് അടിപതറി. നമുക്ക് പിസിആര്‍ പരിശോധന ഫലം സമയത്തിന് ലഭിക്കുന്നില്ല. ഇപ്പോള്‍ പോലും നമുക്ക് സാധുവായ ഒരു ശ്രവ പരിശോധന സംവിധാനമില്ല. ഈ മഹാമാരിയുടെ സമയത്ത് നടത്താന്‍ ശ്രമിച്ച ഇടപെടലുകളെ കുറിച്ചുള്ള ആകസ്മിക വിവരങ്ങള്‍ നമ്മുടെ പക്കലില്ല. ഒരു ശാസ്ത്രീയ തെളിവുകളുമില്ലാതെ അസമയത്താണ് എല്ലാ അടച്ചുപൂട്ടലുകളും അടിച്ചേല്‍പ്പിച്ചത്. പുതിയ കേസുകള്‍ എപ്പോള്‍ അതിന്റെ മൂര്‍ദ്ധന്യത്തിലെത്തും എന്നതിനെ കുറിച്ച് നമുക്ക് ഒരു ധാരണയുമില്ല. ഇപ്പോഴും നമുക്ക് വൈറസിന്റെ ജനിതകഘടന എന്നാണെന്ന് അറിയില്ല. ഏറ്റവും നിര്‍ണായകമായി രോഗബാധ നിരക്കിനെ കുറിച്ച് നമുക്ക് ഒരു സൂചനയുമില്ല. വരുന്ന ആറ് മുതല്‍ എട്ട് മാസത്തിനുള്ളില്‍ സാക്ഷാത്കരിക്കപ്പെടാന്‍ സാധ്യതയുള്ള പ്രതിരോധ വാക്‌സിന് വേണ്ടി നമ്മള്‍ ശ്വാസമടക്കിപ്പിടിച്ച് കാത്തിരിക്കുന്നു. അതുവരെ നമ്മള്‍ വെളിച്ചം കണ്ണിലടിച്ച മാന്‍പേടയുടെ അവസ്ഥയിലാണ്. നമ്മുടെ അങ്കലാപ്പ് വലിച്ചെറിയുന്നതിനായി ഈ വൈറസിനെ കുറിച്ച് കൂടുതല്‍ വായിക്കുകയും വ്യക്തവരുത്തുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്. ദിവസം മുഴുവന്‍ ടിവി കാണുന്നത് കൊണ്ടു മാത്രമായില്ല. പ്രത്യേകിച്ചും ആരോഗ്യ മന്ത്രാലയത്തിന്റെ ചടങ്ങുകള്‍. ആശുപത്രികള്‍ അടച്ചിടുകയും അതിര്‍ത്തികള്‍ അടച്ചുപൂട്ടുകയും വകതിരിവില്ലാതെ അടച്ചുപൂട്ടല്‍ ദീര്‍ഘിപ്പിക്കുകയും ചെയ്യുന്നത് കൊണ്ട് രോഗവ്യാപനത്തെ നേരിയ രീതിയില്‍ പോലും തടയാനാവില്ല എന്ന് തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

അതിര്‍ത്തികളും ആശുപത്രികളും അടച്ചുപൂട്ടുന്നത് ഇന്നൊരു പ്രവണതയായി മാറിയിട്ടുണ്ട്. നിങ്ങള്‍ ഒരു മഹാമാരിയുടെ വരവ് പ്രഖ്യാപിക്കുകയും നിറം പിടിപ്പിച്ച മേഖലകള്‍ സൃഷ്ടിക്കുകയും നിങ്ങളുടെ മുന്നിലും പിന്നിലും ചുറ്റും വൈറസ് പതിയിരിക്കുകയാണെന്ന് വിശ്രമമില്ലാതെ ഉദ്ഘാഷിക്കുകയും രോഗബാധിച്ചാല്‍ നിങ്ങളൊരു വസന്ത ബാധിച്ച കോഴിയാണെന്ന് സാധാരണ മനുഷ്യനെ സ്ഥിരമായി ഓര്‍മ്മിപ്പിക്കുകയും അതേ സമയം തന്നെ ആശുപത്രിയില്‍ പോകുന്നതില്‍ നിന്നും ഡോക്ടര്‍മാരെ തടയുകയും ചെയ്യുന്നു. അവിശ്വസനീയ ഇന്ത്യ. തെളിവിന്റെ അംശം പോലുമില്ലാതെ ഒരു അടച്ചുപൂട്ടല്‍ അടിച്ചേല്‍പ്പിക്കാന്‍ എളുപ്പമാണ്. പക്ഷെ എന്ത് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാവും അത് എടുത്തുകളയുക?

ഇപ്പോഴത്തെ നിലയില്‍, രോഗവ്യാപനത്തിന്റെ വക്രതയില്‍ യാതൊരു തരത്തിലുള്ള പ്രഭാവവും ഉണ്ടായിട്ടില്ല. ഓരോ പുതിയ ദിവസവും രോഗബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നു. വീടുകളില്‍ അടച്ചിരുന്ന സമയത്ത് ഭൂരിപക്ഷം ആളുകള്‍ക്കും രോഗപ്രതിരോധ ശേഷി വികസിച്ചിരിക്കാന്‍ സാധ്യതയില്ലാത്തതിനാല്‍ തന്നെ, അടച്ചുപൂട്ടല്‍ എടുത്തുകളയുന്നതോടെ വൈറസ് അലറിക്കുതിച്ച് തിരികെ എത്തും. പ്രായമായവര്‍ക്കാവും ഏറ്റവും ദുരിതങ്ങള്‍ അനുഭവിക്കേണ്ടി വരിക. അമ്പരപ്പിക്കുന്ന അളവിലുള്ള സയവും സമ്പത്തും ജീവനും പാഴാക്കി എന്ന വസ്തുത കോടിക്കണക്കിന് ആളുകളെ ബാധിച്ച ദുരവസ്ഥയ്ക്ക് ആക്കം കൂട്ടും. ദേശീയതലത്തില്‍ ഔദ്ധ്യോഗിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടിട്ടും ഡല്‍ഹിയുടെ ഗുരുഗ്രാം/നോയിഡ അതില്‍ത്തി കടക്കുന്നതില്‍ നിന്നും ഡോക്ടര്‍മാരെ തടയുന്നത് വിചിത്രമാണെന്ന് മാത്രമല്ല ശുദ്ധ മണ്ടത്തരവുമാണ്. കോവിഡ്-19നെക്കാള്‍ കൂടുതല്‍ ശ്രദ്ധയും പരിചരണവും ആവശ്യപ്പെടുന്ന ഗുരുതരമായ നൂറുകണക്കിന് മറ്റ് രോഗങ്ങളുണ്ടെന്ന വസ്തുത അടച്ചുപൂട്ടാനുള്ള ഉത്സാഹത്തിനിടയില്‍ പാദസേവകരായ ഉദ്യോഗസ്ഥര്‍ മറന്നുപോയി. ഒരു രോഗബാധിതനെ കണ്ടെത്തിയാലുടന്‍ ആശുപത്രി അടച്ചുപൂട്ടുന്നതിനാല്‍, തങ്ങള്‍ പരിശീലിച്ച പാഠങ്ങള്‍ നടപ്പില്‍വരുത്തുന്നതില്‍ നിന്നും ആശുപത്രികള്‍ ഒഴിഞ്ഞുമാറുന്നു. ഈ വൈറസ് ബാധിക്കുന്നത് ഒരു മരണപത്രമല്ലെന്ന് ദയവായി ഓര്‍ക്കുക; ഭൂരിപക്ഷം ആളുകള്‍ക്കും (80-90%) സൂക്ഷ്മമോ ചെറുതോ ആയ ലക്ഷണങ്ങള്‍ മാത്രമേ ഉണ്ടാകൂ. രോഗബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്തോറും സമൂഹത്തിന്റെ പ്രതിരോധശേഷിയും വികസിച്ചുവരും.

ക്യാച്ച് 22ലെ അതേ അവസ്ഥയാണ് ഇവിടെയും; നിങ്ങളുടെ ഗോലികള്‍ നഷ്ടമായെങ്കില്‍ നിങ്ങള്‍ക്ക് പറക്കാനാവില്ല; പക്ഷെ, നിങ്ങളുടെ കൈവശമില്ലാതിരുന്ന ഗോലികളാണ് നഷ്ടപ്പെട്ടതെന്ന് നിങ്ങള്‍ തിരിച്ചറിയുന്ന നിമിഷം, നിങ്ങളുടെ ശത്രുമേഖലയിലേക്ക് സന്തോഷപൂര്‍വം പറക്കും, ജോണ്‍ യോസാറിന്‍. ഇത് ഇന്നത്തെ ഇന്ത്യയിലേക്ക് പറിച്ചു നടുക; ഒരു ഡോക്ടര്‍ എന്ന നിലയില്‍ നിങ്ങള്‍ക്ക് കോവിഡ്-19നും മറ്റ് അസുഖങ്ങള്‍ക്കും ചികിത്സിക്കേണ്ടി വരും. പക്ഷെ നിങ്ങള്‍ക്കോ അല്ലെങ്കില്‍ ആശുപത്രിയിലെ ഒരു രോഗിക്കോ രോഗബാധയുണ്ടെന്ന് കണ്ടെത്തിയാല്‍ ആശുപത്രി (നിങ്ങളെ ഉള്‍പ്പെടെ) അടച്ചുപൂട്ടും. പ്രശംസനീയമായ പ്രവൃത്തി. ഇങ്ങനെയാണെങ്കില്‍ ന്യൂയോര്‍ക്ക് നഗരത്തിലേയും ലണ്ടനിലേയും മാഡ്രിഡിലേയും പാരീസിലെയും മാഞ്ചസ്റ്ററിലെയും ബര്‍ലിനിലെയും എത്ര ആശുപത്രികള്‍ അടച്ചുപൂട്ടേണ്ടി വരുമായിരുന്നു എന്ന് ഞാന്‍ അത്ഭുതപ്പെടുന്നു. ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് സാധിക്കുമായിരുന്നെങ്കില്‍ നിരവധി ആശുപത്രികള്‍ അടച്ചുപൂട്ടപ്പെടുമായിരുന്നു.(ദി വയറുമായുള്ള കണ്ടന്‍റ് പാര്‍ട്ണര്‍ഷിപ്പിന്റെ ഭാഗമായി ഐ പി എസ് എം എഫിന്റെ അനുവാദത്തോടെ പ്രസിദ്ധീകരിക്കുന്നത് )


Next Story

Related Stories