TopTop
Begin typing your search above and press return to search.

ചൈന പയറ്റുന്നത് സമ്മര്‍ദ്ദ നയതന്ത്രമാണെങ്കില്‍ പോലും യുദ്ധഭീഷണി ഒരു യാഥാര്‍ത്ഥ്യമാണെന്ന് ഇന്ത്യ മനസ്സിലാക്കണം; ശേഖർ ഗുപ്ത എഴുതുന്നു

ചൈന പയറ്റുന്നത് സമ്മര്‍ദ്ദ നയതന്ത്രമാണെങ്കില്‍ പോലും യുദ്ധഭീഷണി ഒരു യാഥാര്‍ത്ഥ്യമാണെന്ന് ഇന്ത്യ മനസ്സിലാക്കണം; ശേഖർ ഗുപ്ത എഴുതുന്നു

ലഡാക്കില്‍ ചൈന എന്തുകൊണ്ടാണ് യുദ്ധസമാനമായ സാഹചര്യം സൃഷ്ടിക്കുകയും സേനാശക്തി വര്‍ദ്ധിപ്പിക്കുകയും ചെയ്തത്? അവര്‍ക്ക് ഇന്ത്യയില്‍ നിന്നും എന്താണ് വേണ്ടത്? ഇതിനെ കുറിച്ചുള്ള നമ്മുടെ ധാരണയുടെ അടിസ്ഥാനത്തിലായിരിക്കണം ഇന്ത്യ എങ്ങനെ പ്രതികരിക്കണമെന്ന് ചിന്തിക്കാന്‍.

ചരിത്രസംസ്‌കാര പഠനക്കാരുടെയും ഭൗമ തന്ത്രജ്ഞരുടെയും സൈനിക ആസൂത്രകരുടെയും ഒരു വ്യവസായത്തെ ഇത് ഉത്തേജിപ്പിച്ചിട്ടുണ്ട് എന്ന കാര്യത്തില്‍ അത്ഭുതത്തിന് അവകാശമില്ല. കൂടാതെ, സന്‍ സൂവിന്റെ അല്ലെങ്കില്‍ കൗടില്യന്റെത് എന്നതാണെന്ന് പറഞ്ഞ് ചില അസാധാരണ വാക്കുകളും ഈ ഘട്ടത്തില്‍ നമ്മള്‍ കേള്‍ക്കാനിടയായി. ഒരു ഹിന്ദി സിനിമയിലെ ഐറ്റം നമ്പരുകളില്‍ ക്ലാസ്വിറ്റ്‌സോ മക്കിവാലിയോ കടന്നു വരുന്നത് പോലെ. ഇത്രയും പുരാതനമായിരുന്ന രണ്ട് പേരുടെ കാര്യത്തില്‍ നിങ്ങള്‍ക്ക് എന്തും പറയാം, കണ്‍ഫ്യൂഷ്യസിന്റെയോ ബുദ്ധന്റെയോ പേരില്‍ ഇന്ന് പ്രചരിപ്പിക്കപ്പെടുന്നത് പോലെ. അതിന്റെയൊന്നും വസ്തുത പരിശോധിക്കാന്‍ ആര്‍ക്കും സാധിക്കുകയുമില്ല.

രണ്ട് സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പ് പാരമ്പര്യമായി ലഭിച്ച തന്ത്രപരമായ വിവേകമാണ് ഇപ്പോഴത്തെ വന്‍ശക്തികളും പിന്തുടരുന്നതെന്ന ആദ്യത്തെ അനുമാനം പരിശോധിച്ചാല്‍ തന്നെ അതൊരു ഒഴിഞ്ഞുമാറലായി തീരുന്നു. അല്ലെങ്കില്‍ മറ്റൊരു വന്‍ശക്തിയുടെ കാര്യം ആലോചിച്ച് നോക്കൂ. ഓ, ഇപ്പോഴും ഇന്ത്യക്കാര്‍ തങ്ങളുടെ ചതുരംഗ മാനസികവസ്ഥയില്‍ പിടിച്ച് നില്‍ക്കുമ്പോള്‍ ചൈന കൂടുതല്‍ അമൂര്‍ത്ത തന്ത്ര വിനോദമായ 'ഗോ' പയറ്റുന്നു.

ചതുരംഗത്തില്‍ എതിര്‍ രാജാവാണ് നിങ്ങളുടെ ലക്ഷ്യം. എന്നാല്‍ ഗോയില്‍ അങ്ങനെയൊരു പ്രശ്‌നമില്ല. എതിരാളി അയാളുടെ മുട്ടില്‍ വീഴുന്നതിന് മുമ്പ് അയാളെ ശ്വാസം മുട്ടിക്കുന്നതിനായി നിരവധി കുരുക്കുകളും തടസങ്ങളും സൃഷ്ടിക്കുന്നതിലാണ് അതിന്റെ കലയിരിക്കുന്നത്.

എന്നാല്‍ കൗതുകരമായ ചില ആലോചനകളുണ്ട്, പ്രത്യേകിച്ച് ലോകത്തെമ്പാടും വിജ്ഞാനം വിളമ്പുന്ന വിശുദ്ധ വസ്തുവായി വാട്ട്‌സ്ആപ്പ് മാറുന്ന കാലഘട്ടത്തില്‍ പ്രത്യേകിച്ചും. ഒരു വെട്ടുകിളി വന്നപ്പോള്‍ രോഗങ്ങളെ കുറിച്ച് പഠിക്കുന്നവരും വൈറസിനെ കുറിച്ച് പഠിക്കുന്നവരുമെല്ലാം ഒറ്റരാത്രി കൊണ്ട് എല്ലാ കീടങ്ങളെ കുറിച്ചും പഠിക്കുന്നവരായത് പോലെയും സുശാന്ത് സിംഗ് രാജ്പുത് മരിച്ചപ്പോള്‍ എല്ലാവരും മന:ശാസ്ത്രജ്ഞര്‍ ആയത് പോലെയും ഇപ്പോള്‍ എല്ലാവരും മികച്ച തന്ത്രജ്ഞരായി മാറിയിരിക്കുന്നു.

സാംസ്‌കാരിക വാര്‍പ്പുമാതൃകകള്‍ നമ്മുടെ ചിന്താശക്തിയെ കവര്‍ന്നെടുക്കുന്നതില്‍ രണ്ട് വിപത്തുകളുണ്ട്. അത്തരത്തിലുള്ള പൊതുവല്‍ക്കരണങ്ങളിലൂടെ വിശദീകരിക്കാവാനാവാത്ത വിധത്തിലുള്ള പുതിയ സങ്കീര്‍ണതകള്‍ നിറഞ്ഞു നില്‍ക്കുന്ന വ്യവസ്ഥതികളാണ് ഇന്ത്യയുടെതും ചൈനയുടെതും. അത് നമ്മുടെ ചിന്താശേഷിയ്ക്ക് തടയിടും.

നമ്മള്‍ ഇത്തരത്തിലുള്ള സാംസ്‌കാരിക, വംശീയ കെണികളില്‍ വീഴുന്നിടത്തോളം, നമ്മുടെ മനസിലുള്ള മൂടല്‍മഞ്ഞ് കൂടുതല്‍ കട്ടിപ്രാപിക്കുകയേ ഉള്ളൂ (ക്ലോസ്വിറ്റിസിന്റെ ആരാധകര്‍ ക്ഷമിക്കുക). പക്ഷെ ഇന്നിന്റെ യാഥാര്‍ത്ഥ്യങ്ങളിലേക്ക് നിങ്ങള്‍ ശ്രദ്ധ മാറ്റുകയാണെങ്കില്‍ സാധ്യമായ ചില ഉത്തരങ്ങള്‍ നിങ്ങള്‍ക്ക് കണ്ടെത്താന്‍ സാധിച്ചേക്കും.

അപ്പോള്‍, എന്തിനാണ് ലഡാക്കില്‍ ചൈന? അവര്‍ക്ക് എന്താണ് വേണ്ടത്?

20 വര്‍ഷങ്ങള്‍ പിന്നിലേക്ക് മടങ്ങുകയും പാകിസ്ഥാനെ ഇന്ത്യ എങ്ങനെയാണ് കൈകാര്യം ചെയ്തതെന്ന് ആലോചിക്കുകയും ചെയ്യുക. ഇന്ത്യ കണ്ടെത്തിയ ആ തന്ത്രപരമായ സങ്കല്‍പത്തെ കുറിച്ച് ഓര്‍ക്കുകയും ചെയ്യുക: സമ്മര്‍ദ്ദ നയതന്ത്രം.

ജസ്വന്ത് സിംഗ് അല്ലെങ്കില്‍ അന്തരിച്ച ബ്രിജേഷ് മിശ്ര, അത്യുജ്ജ്വലമായ ഈ രണ്ട് വാക്ക് പ്രയോഗം കണ്ടുപിടിച്ചത് ആരാണെന്ന് കൃത്യമായി എനിക്ക് പറയാന്‍ സാധിക്കില്ല. നമ്മുടെ പാര്‍ലമെന്റിന് നേരെ ഭീകരാക്രമണം നടന്നതിന് ശേഷം 2001 ഡിസംബറില്‍ ഇന്ത്യ നടത്തിയ ഓപറേഷന്‍ പരാക്രം വിശദീകരിക്കുന്നതിന് വേണ്ടി അവരില്‍ ഒരാളാണ് അത് ചെയ്തത്. അതിര്‍ത്തിയില്‍ മുഴുവന്‍ പൂര്‍ണതോതില്‍ ഇന്ത്യന്‍ സേനയെ വിന്യസിക്കുന്നതിലേക്ക്, അതായത് ആയുധങ്ങളും വെടിക്കോപ്പുകളും ഉള്‍പ്പെടെ ഒരു യുദ്ധത്തിന് സമാനമായതെല്ലാം വിന്യസിക്കുകയാണ് ചെയ്തത്. കിഴക്കന്‍മേഖലയില്‍, യഥാര്‍ത്ഥ നിയന്ത്രണരേഖയിലേക്ക് നോക്കുമ്പോഴും നിങ്ങള്‍ക്ക് അങ്ങനെ തോന്നുന്നില്ലേ?

ഏതെങ്കിലും പൗരാണിക തന്ത്രത്തിനു പുറകെ പോകുന്നതിനു പകരം, നമ്മുടെ പുസ്തകത്തില്‍ നിന്നും ഒരു താള്‍ ചൈനക്കാര്‍ കീറിയെടുത്തത് പോലെ അത് തോന്നുന്നില്ലേ? അങ്ങനെയാണെങ്കില്‍ എന്തെങ്കിലും തിരിച്ച് അവര്‍ പ്രതീക്ഷിക്കുന്നുണ്ടോ?

അത് ലഡാക്കിലെ കുറച്ച് ഭൂപ്രദേശമാകാന്‍ സാധ്യതയില്ല. അത്തരത്തില്‍ സാഹസികമായ ഒരു നീക്കത്തിന് വളരെ കുറഞ്ഞ പ്രതിഫലമായിരിക്കും അത്. ചൈന-പാകിസ്ഥാന്‍ ഇടനാഴി അംഗീകരിക്കലോ അല്ലെങ്കില്‍ അക്‌സായി ചിന്‍ ഔദ്യോഗികമായി വിട്ടുകൊടുക്കലോ ആവുകില്ല അത്. കാരണം അത് വളരെ വലിയ അളവിലുള്ളതാവും. അത് ഒരിക്കലും സംഭവിക്കില്ല. അപ്പോള്‍ 14,000 അടിക്ക് മുകളിലുള്ള ഒരു പ്രദേശത്തേക്കുള്ള അവരുടെ കടന്നുകയറ്റത്തില്‍ നിന്നും ചൈന തിരിച്ചെന്താവും പ്രതീക്ഷിക്കുന്നുണ്ടാവുക?

ചൈന സമ്മര്‍ദ്ദ നയതന്ത്രത്തിന്റെ കളി തന്നെയാണ് കളിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് തല്‍ക്കാലത്തേക്ക് നമുക്ക് അനുമാനിക്കാം: നിങ്ങളുടെ സ്ഥലത്ത് ന്നിന്നു പിന്തിരിയണമെങ്കില്‍ നല്ല കുട്ടികളാവൂ, പറയുന്നത് ചെയ്യൂ, വേണ്ടത് ചെയ്തു തരൂ എന്നതാണത്. അല്ലെങ്കില്‍ ഈ മൂന്നിന്റെയും ഒരു സമ്മിശ്രം. ഇതെങ്ങനെയാവും? ഇവിടെ നിന്നും അങ്ങോട്ട് ഈ കളി എങ്ങനെ മുന്നേറും? ഇന്ത്യ പ്രതികരിക്കേണ്ട ഏറ്റവും നല്ല വഴി എന്തായിരിക്കും?

ഏറ്റവും സമകാലികവും രേഖപ്പെടുത്തപ്പെട്ട പരാമര്‍ശങ്ങളും ബദലുകളുമുള്ളതുമായ മാര്‍ഗ്ഗം പൗരാണിക വിവേകങ്ങളെ അല്ലെങ്കില്‍ മന്ത്രങ്ങളെക്കാള്‍ യാഥാര്‍ത്ഥ്യബോധമുള്ളതായിരിക്കും. സമ്മര്‍ദ്ദ നയതന്ത്രം കൊണ്ട് ഇന്ത്യ എന്താണ് നേടിയത്? അതിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ എന്തൊക്കെയായിരുന്നു? പാകിസ്ഥാനികള്‍ അതിനോട് എങ്ങനെയാണ് പ്രതികരിച്ചത്?

ആ ബദല്‍ ഉപയോഗിക്കുന്നതിന്റെ സാഹസികതയെ ഞാന്‍ അഭിനന്ദിക്കുന്നു. തീര്‍ച്ചയായും പാകിസ്ഥാനല്ല ഇന്ത്യ. ഒരിക്കലും. അതിനെ 'ഹരിത ഭൂമി' എന്നോ 'പീത ഭൂമി' എന്നോ അല്ലെങ്കില്‍ മറ്റെന്ത് പേരിട്ട് വിളിച്ചാലും നമ്മളും യുദ്ധം കളിക്കുകയാണ്.

സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി ഭീകരവാദത്തെ ഉപയോഗിക്കുന്നത് നിറുത്തണമെന്ന് പാകിസ്ഥാന്‍ ഉറപ്പുനല്‍കണമെന്ന് നമ്മള്‍ ആഗ്രഹിച്ചു. പാര്‍ലമെന്റ് ആക്രമണം കഴിഞ്ഞ് ഒരു മാസത്തിനുള്ളില്‍ മുഷറഫ് നടത്തിയ അഭിസംബോധനയില്‍ അതേ പ്രതിജ്ഞ ആവര്‍ത്തിച്ചതോടെ നമ്മള്‍ അത് നേടിയെടുത്തു. 'അവര്‍ക്ക് ഞങ്ങളിവിടെ അഭയം നല്‍കിയിരിക്കുകയാണ് എന്ന് തോന്നുമെന്നതിനാല്‍,' ദാവൂദ് ഇബ്രാഹിം ഉള്‍പ്പെടെ പാകിസ്ഥാനില്‍ ഉണ്ടെന്ന് ഇന്ത്യ അകാശപ്പെടുന്ന ഭീകരവാദികളായ 24 പേര്‍ പാകിസ്ഥാനില്‍ ഉണ്ടെന്ന് സമ്മതിക്കാന്‍ വരെ യഥാര്‍ത്ഥത്തില്‍ അദ്ദേഹം തയ്യാറായി.

എന്നാല്‍ കൂടുതല്‍ കര്‍ശനവും യുദ്ധസമാനവുമായ സാഹചര്യം തുടരണമെന്ന് ഇന്ത്യ ആഗ്രഹിച്ചു. ജമ്മുവിന് സമീപമുള്ള കാലുചക് കന്റോണ്‍മെന്റിലെ ഇന്ത്യന്‍ സൈനികരുടെ കുടംബങ്ങള്‍ക്ക് നേരെ ഭീകരവാദികളുടെ ആക്രമണം നടന്നത് ഉള്‍പ്പെടെയുള്ള ഒന്നുരണ്ട് സമയങ്ങളില്‍ ഈ നിലപാട് പാളിപ്പോയി. പക്ഷെ, ഭാഗികമായി പാകിസ്ഥാന്റെ മേലുള്ള വിദേശ സമ്മര്‍ദ്ദങ്ങളുടെ പേരിലും കൂടുതലും ഒരു യുദ്ധം ഇന്ത്യ ആഗ്രഹിക്കാതിരുന്നതിനാലും വിലക്കുകള്‍ നിലനിന്നു.

അനിയന്ത്രിതമായി ഈ സംഘര്‍ഷാവസ്ഥ ഉയര്‍ത്തുന്നതിന്റെ അപകടാവസ്ഥയെ കുറിച്ച് ഇന്ത്യയുടെ നിര്‍ണായക കഥാപാത്രങ്ങളായ ജസ്വന്ത് സിംഗിനോടും ബ്രജേഷ് മിശ്രയോടും അടല്‍ ബിഹാരി വജ്‌പേയോടും ഞാന്‍ ആരാഞ്ഞിരുന്നു. നമ്മള്‍ തന്നെ വിശ്വസിക്കുന്ന വിധത്തിലേക്ക് ഭീഷണി വളര്‍ന്നാല്‍ മാത്രമേ സമ്മര്‍ദ്ദ നയതന്ത്രം ഫലപ്രദമാകൂ എന്ന് എന്‍ഡിടിവില്‍ അന്നത്തെ വാക്ക് ആന്റ് ദ ടോക് ഷോയില്‍ മിശ്ര എനിക്ക് ഉത്തരം നല്‍കി. ശക്തിയുള്ളവര്‍ ഒരു നയതന്ത്രത്തെ യുദ്ധത്തിന്റെ വക്കോളമെത്തിക്കുന്നതാണ് അത്. കിഴക്കന്‍ മേഖലയിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ വീക്ഷിച്ചാലും അത് തന്നെയല്ലെ തോന്നുന്നത്?

ആ നയത്തില്‍ നിന്നും ഇന്ത്യ ആവോളം നേടിയെടുത്തിട്ടുണ്ട്. അത് കഴിഞ്ഞുള്ള നിരവധി വര്‍ഷങ്ങളില്‍ സമാധാനം നടപ്പിലാക്കാന്‍ നമുക്ക് സാധിച്ചിട്ടുണ്ട്. പാകിസ്ഥാന്‍ അതിന്റെ വാക്കുകള്‍ എല്ലാക്കാലത്തേക്കും സൂക്ഷിക്കുമെന്ന് ആരും വിശ്വസിച്ചിരുന്നുമില്ല. പക്ഷെ ഇരുകക്ഷികളും ചെയ്ത ശരിയും തെറ്റും എന്താണെന്ന് നമ്മള്‍ അടിവരയിടുക കൂടി ചെയ്തിരുന്നു.

ഒരു തുടക്കം സൃഷ്ടിക്കുന്ന പ്രകമ്പനത്തില്‍ ഇന്ത്യ അതിമനോഹരമായി വിജയിച്ചുവെങ്കിലും എപ്പോഴാണ് വിജയം പ്രഖ്യാപിക്കേണ്ടത് എന്ന തന്ത്രം മനസിലാക്കാതെ പോയി. മുഷ്‌റഫ് ചെയ്ത പ്രസംഗത്തിന്റെ ദിവസം അതാകാമായിരുന്നു. കളിയില്‍ ആദ്യം തന്നെ കണ്ണുചിമ്മിപ്പോയി എന്ന തെറ്റ് പാകിസ്ഥാന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്. പക്ഷെ അന്ന് ഇന്ത്യ വിജയം പ്രഖ്യാപിച്ചിരുന്നെങ്കില്‍, പിന്നീട് ഉണ്ടാക്കിയ നേട്ടങ്ങള്‍ ഏറെക്കുറെ തതുല്യമായിരുന്നെങ്കില്‍ പോലും, അതിഭീമമായ ചിലവും തേയ്മാനവും അനിശ്ചിതത്വവും ഒഴിവാക്കാന്‍ സാധിക്കുമായിരുന്നു. അത് സമ്മര്‍ദ നയതന്ത്രത്തിന്റെ വ്യക്തമായ ഒരു വിജയമായി മാറുകയും ചെയ്‌തേനെ. എന്നാല്‍ നമ്മുടെ പ്രതീക്ഷകള്‍ ഏകദേശം പരമാവധിയായിരുന്നു.

മറുവശത്ത്, സമയത്തിന്റെ ഗുണം കൊണ്ട് പാകിസ്ഥന്‍ ശേഷി വീണ്ടെടുക്കുകയും ഇന്ത്യയെ ക്ഷീണിപ്പിക്കുന്ന തരത്തില്‍ അവര്‍ പ്രതിരോധം തീര്‍ക്കുകയും ചെയ്തു. അവര്‍ അതില്‍ വിജയിക്കുക കൂടി ചെയ്തു. ഇതിനിടയില്‍ തുടര്‍ന്നു വന്നിരുന്ന സംഘര്‍ഷം നിറഞ്ഞ അവസ്ഥ, അഞ്ച് ദിവസം നീണ്ടു നില്‍ക്കുന്ന ഒരു ടെസ്റ്റു കളി പോലെ അവര്‍ നിരര്‍ത്ഥകവുമാക്കി.

ഇതേ സമവാക്യത്തിന്റെ മറുവശത്ത് നില്‍ക്കുമ്പോള്‍ ഇന്ത്യ പഠിക്കേണ്ട പാഠങ്ങള്‍ ഇതൊക്കെയാണ്.

1. ഒരിക്കലും കണ്ണുചിമ്മരുത്. ന്യായയുക്തമാവുകയും തിരശ്ശീലയ്ക്ക് പിന്നില്‍ എന്താണെന്ന് തുറന്ന മനസോടെ അറിയുകയും ചെയ്യുക.

2. എതിരാളികളുടെ ആഗ്രഹം എന്താണെന്ന് നിങ്ങള്‍ സമയമെടുത്ത് ചിന്തിക്കുക. ഏറ്റവും ചുരുങ്ങിയതോ ഏറ്റവും വിശാലമാതോ ആണോ എതിരാളിക്ക് വേണ്ടത് എന്ന് ചിന്തിക്കുക. സാധ്യമാവുന്ന നല്ല ഒത്തുതീര്‍പ്പുകളുടെ മേഖല എവിടെയാണെന്ന് കണ്ടെത്തുക.

3. ഒരു ദീര്‍ഘ പോരാട്ടത്തിന് തയ്യാറെടുക്കുക. സമ്മര്‍ദ്ദത്തിനാണ് ചൈന ശ്രമിക്കുന്നതെന്നും അവരുടെ പ്രതീക്ഷകള്‍ യാഥാര്‍ത്ഥ്യരഹിതമാണെന്നും നിങ്ങള്‍ക്ക് തോന്നുകയാണെങ്കില്‍, നിങ്ങള്‍ പൂര്‍ണ സജ്ജമായി യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ തയ്യാറെടുപ്പുകള്‍ നടത്തുന്നത് വരെ അവര്‍ അവിടെ തുടരട്ടെ. അവരെ കാത്തിരുത്തി മുഷിപ്പിക്കുക.

4. അവസാനമായി, രണ്ട് സാഹചര്യങ്ങള്‍ ഒരിക്കലും സമാനമായിരിക്കില്ല എന്ന് ഓര്‍ക്കുക. പ്രണയത്തിലാവട്ടെ കായികമത്സരത്തിലാവട്ടെ അല്ലെങ്കില്‍ യുദ്ധത്തിലാവട്ടെ, രണ്ട് കളികള്‍ ഒരിക്കലും ഒരേ രീതിയില്‍ കളിക്കപ്പെടുന്നില്ല. അതുകൊണ്ടുതന്നെ കായികമായ ഏറ്റുമുട്ടലിന് തയ്യാറായി ഇരിക്കുക. ബ്രജേഷ് മിശ്രയുടെ വാക്കുകള്‍ ഓര്‍ക്കുക: സമ്മര്‍ദ്ദ നയതന്ത്രം വിജയിക്കണമെങ്കില്‍, നമ്മള്‍ പോലും വിശ്വസിക്കുന്ന തരത്തില്‍ യാഥാര്‍ത്ഥ്യമുള്ളതായിരിക്കണം യുദ്ധ ഭീഷണി. അതുപോലെ തന്നെ, യുദ്ധ ഭീഷണി യഥാര്‍ത്ഥമാണെന്ന് നമ്മള്‍ തന്നെ വിശ്വസിച്ചാല്‍ മാത്രമേ മറുഭാഗത്ത് അതിനെ പ്രതിരോധിക്കാനും സാധിക്കൂ.

(ദി പ്രിന്റുമായുള്ള കണ്ടന്റ് ഷെയറിംഗ് പാര്‍ട്ടണര്‍ഷിപ്പിന്റെ ഭാഗമായി ഐപിഎസ്എം ഫൌണ്ടേഷന്റെ അനുമതിയോടെ പ്രസിദ്ധീകരിക്കുന്നത്)


ശേഖര്‍ ഗുപ്ത

ശേഖര്‍ ഗുപ്ത

'ദി പ്രിന്‍റ് 'സ്ഥാപകന്‍, കോളമിസ്റ്റ്

Next Story

Related Stories