TopTop
Begin typing your search above and press return to search.

'ചാണക്യാ'നന്തര കാലത്തേക്ക് ഇന്ത്യൻ രാഷ്ട്രീയം ചുവടുവെയ്ക്കുമ്പോൾ, ഇനി വിനയത്തോടെ ജനങ്ങളെ നേരിടുകയേ നിവൃത്തിയുള്ളൂ-ഹരീഷ് ഖരെ എഴുതുന്നു

ചാണക്യാനന്തര കാലത്തേക്ക് ഇന്ത്യൻ രാഷ്ട്രീയം ചുവടുവെയ്ക്കുമ്പോൾ, ഇനി വിനയത്തോടെ ജനങ്ങളെ നേരിടുകയേ നിവൃത്തിയുള്ളൂ-ഹരീഷ് ഖരെ എഴുതുന്നു

രണ്ടായിരത്തി പത്തൊൻപതിന്റെ അവസാനത്തോടെ ഇന്ത്യയിൽ ഒരു സംസ്ഥാന സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുന്ന ദൃശ്യങ്ങൾ നമ്മൾ കാണുകയുണ്ടായി. മറ്റു പലയിടങ്ങളിലെയും പോലെ നിറപ്പകിട്ടാർന്ന തലപ്പാവുകളണിഞ്ഞ ബിജെപി നേതാക്കൾ ഈ ചടങ്ങില്‍ സന്നിഹിതരായിരുന്നില്ല. ഈ പുതുവര്‍ഷത്തിന്റെ ആരംഭം ഇതിനാലൊക്കെത്തന്നെ ഒരു 'ചാണക്യാനന്തര' രാഷ്ട്രീയത്തിലേക്കുള്ള ചുവടുവയ്പ്പായി മനസിലാക്കാവുന്നതാണ്. 2014-2019 വരെയുള്ള വർഷങ്ങൾ ഗുജറാത്തിൽ നിന്നും വന്നു ഡൽഹി ഭരിച്ച ഇന്ത്യൻ രാഷ്ട്രീയത്തിന്റെ അടിസ്ഥാന പ്രമാണങ്ങൾ മാറ്റിത്തീർക്കാനാഗ്രഹിച്ച അഭിനവ ചാണക്യന്മാരുടെ സുവർണ കാലഘട്ടമായിരുന്നു. പരുക്കൻ രാഷ്ട്രീയത്തിന്റെ കടുത്ത നടപടികൾ തങ്ങളുടെ മുഖമുദ്രയാക്കി പ്രകടിപ്പിച്ച ഇവരുടെ രാഷ്ട്രീയത്തിന് നാല് പ്രധാന സവിശേഷതകളാണുള്ളത്; ഒന്ന്: തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ആചാര്യന്മാരായിരുന്നു ഈ പുതിയ ചാണക്യന്മാർ, തിരഞ്ഞെടുപ്പു സമവാക്യങ്ങൾ രൂപീകരിക്കുന്നതിൽ ഇന്ത്യയിൽ തന്നെ ഏറ്റവും സമർത്ഥർ. പ്രതിപക്ഷത്തിന്റെ പദ്ധതികളെ തകർക്കുവാനും, നിമിഷ നേരങ്ങൾകൊണ്ട് മുന്നണികൾ രൂപപ്പെടുത്തി, പ്രതിപക്ഷ കക്ഷികളെ രാഷ്ട്രീയമായി ഒറ്റപ്പെടുത്തുവാനും വലിയ വൈദഗ്ദ്യമാണ് ഇവർ പ്രകടിപ്പിച്ചത്. ഇന്ത്യൻ സമൂഹത്തിന്റെ ജാതി, ഉപജാതി മത വിഭജനകളെ സംബന്ധിച്ച് അവര്‍ക്ക് മറ്റൊരു രാഷ്ട്രീയ പാർട്ടിക്കും ഇല്ലാത്തവണ്ണം വ്യക്തമായ ഉൾക്കാഴ്ചയുണ്ടെന്നാണ് നാം കണ്ടത്, ഇത്തരം വിഭാഗീയതകളുടെയും സമവാക്യങ്ങളുടെയും ഫലപ്രദമായ പ്രയോഗത്തിലൂടെ, തങ്ങളുടെ നിഷ്കരുണമായ രാഷ്ട്രീയ നീക്കങ്ങളിലൂടെ അനവധി സംസ്ഥാനങ്ങളിൽ ഭരണം സ്ഥാപിക്കുവാൻ അവർക്കു സാധിക്കുകയും ഇന്ത്യൻ രാഷ്ട്രീയത്തിൽ അജയ്യമായൊരു ശക്തി ആയി വളർന്നു വരുവാനും കഴിഞ്ഞു. തങ്ങളുടെ നയങ്ങൾക്കും പരിപാടികൾക്കും എതിർ നിൽക്കുന്ന രാഷ്ട്രീയ നേതാക്കൾക്കെതിരെ എന്ത് നടപടിയെടുക്കുവാനും ഈ സംഘത്തിന് യാതൊരു മടിയുമില്ല അതിനായി, ഭരണകൂടത്തിന്റെ അന്വേഷണ ഏജൻസികളെയും മറ്റു വിഭാഗങ്ങളെയും സ്വന്തം ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിനും ഈ സംഘം മടി കാണിച്ചില്ല. അഴിമതി വിമുക്ത ഇന്ത്യയെ രൂപീകരിക്കുക എന്ന മുദ്രാവാക്യത്തിന്റെ മറവിൽ ബി ജെ പി തങ്ങളുടെ രാഷ്ട്രീയ എതിരാളികൾക്ക് നേരെ നടത്തിയ ഒളിയുദ്ധത്തിൽ അന്വേഷണ അജൻസികളോടൊപ്പവും വിവിധ തലങ്ങളിലുള്ള ജുഡീഷ്വറി സംവിധാനങ്ങളും തങ്ങളുടെ ഭാഗം നിശബ്ദമായി നിർവഹിച്ചു. തങ്ങളുടെ കൂടെ നില്‍ക്കാത്തവരെ മര്യാദ പഠിപ്പിക്കാൻ ഏതറ്റം വരെയും പോകാൻ ഈ സംഘം തയ്യാറാണ്. അര്‍ദ്ധരാത്രി സി ബി ഐ ഓഫീസ് പൂട്ടി മുദ്രവയ്ക്കുവാനും, വ്യക്തമായ ആരോപണങ്ങളോ കുറ്റപത്രമോ ഇല്ലാതെ കോൺഗ്രസ് നേതാവ് പി ചിദംബരത്തെ നൂറോളം ദിവസം ജയിലിൽ വയ്ക്കുവാനും ഈ സംഘത്തിന് സാധിച്ചു. ബിജെപി വൃത്തങ്ങളിൽ അടുത്ത ഇര ആരായിരിക്കുമെന്ന തരത്തിലുള്ള കുശുകുശുപ്പുകൾ ഉയർന്നുകേൾക്കുന്നത് പതിവാണ്. ജഡ്‌ജിമാർ ഉൾപ്പെടെയുള്ള ഉന്നതോദ്യോഗസ്ഥരുടെ വിവരങ്ങൾ ശേഖരിച്ച ഫയലുകൾ ബിജെപി നേതാക്കളുടെ കയ്യിലുണ്ടായിരുന്നു. ആവശ്യമാകുന്നു ഘട്ടങ്ങളിൽ അവരെ ഭീഷണിപ്പെടുത്തുവാനും സ്വന്തം ആവശ്യങ്ങൾ നടത്തിയെടുക്കുവാനും അവർക്ക് ഇതിലൂടെ സാധിച്ചു. ബി ജെ പി യുടെ ആഗ്രഹങ്ങൾക്ക് "അരുത്" എന്ന് പറയാൻ സാധ്യതയുള്ള എല്ലാ ഏജൻസികളെയും- അതിപ്പോൾ തിരഞ്ഞെടുപ്പ് കമ്മിഷനാകട്ടെ, സംസ്ഥാന മുഖ്യമന്ത്രിമാരാകട്ടെ മറ്റേതൊരു ഭരണഘടനാ സ്ഥാപനമാകട്ടെ- ഇത്തരം ഭീഷണി രാഷ്ട്രീയം കൊണ്ട് കൃത്യമായി നിയന്ത്രിക്കുവാൻ ബിജെപി ക്കു സാധിച്ചു. അമേരിക്കൻ രഹസ്യാന്വേഷണ സംഘത്തിന്റെ സ്ഥാപകനായ ജെ. എഡ്ഗാർ ഹൂവർ, ബിജെപി സർക്കാർ സാങ്കേതിക വിദ്യയുടെയും സർക്കാർ ഏജൻസികളുടെയും സഹായത്തോടെ നടത്തികൊണ്ടിരിക്കുന്ന നിരീക്ഷണ പ്രവർത്തനങ്ങളെ പറ്റിയറിഞ്ഞാൽ തന്റെ ആശയങ്ങൾ പ്രാവർത്തികമാക്കാൻ തക്ക ശേഷിയുള്ള ഒരു ഭരണകൂടത്തെ കണ്ടതിൽ സന്തോഷിക്കുമായിരിക്കും. മൂന്ന്: ദേശയീയതയെ സംബന്ധിച്ച അടിസ്‌ഥാന തത്വങ്ങൾ തിരുത്തിയെഴുതി, ദേശീയതയുടെ അട്ടിപ്പേറവകാശികൾ തങ്ങളാണെന്ന് കാണിക്കാൻ ബിജെപി ക്കു സ്വന്തം പ്രചാരണപ്രവർത്തനങ്ങളിലൂടെ സാധിച്ചു, ദേശീയതയുടെ സർട്ടിഫിക്കറ്റ് വിതരണം തങ്ങളുടെ മാത്രം അവകാശമാക്കി അവർ മാറ്റിയെടുത്തു. സർക്കാരുമായി വിയോജിക്കുന്നവരെ മുഴുവൻ രാജ്യദ്രോഹികളെന്നു മുദ്രകുത്താനും അകറ്റി നിർത്തുവാനും ഇത്തരം പ്രചാരണപ്രവർത്തനങ്ങളിലൂടെ സാധിച്ചു. ദേശീയ വികാരത്തിന്റെ ഈ കുത്സിതമായ ഉപയോഗം, ഇത്തരം പ്രചരണങ്ങൾ മുസ്ലിങ്ങളുടെ നേരെ തിരിച്ചുവിടുവാനും വഴിവെച്ചു. നാലാമതും അവസാനത്തേതും: ഇന്ത്യ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിൽ വ്യാജ പ്രചാരങ്ങൾ നടത്തുവാൻ കെല്‍പ്പുള്ള ഒരു പ്രധാനമന്ത്രി ഈ സംഘത്തിനുണ്ടായി, രാജ്യത്തിന് വേണ്ടി മാത്രം ജോലിയെടുക്കുന്ന ഒരു ഫക്കിർ ആണ് താൻ എന്ന് വലിയൊരു വിഭാഗം ജനതക്ക് മുന്നിൽ സ്വയം അവതരിപ്പിക്കുവാൻ തന്റെ സംവേദന ശൈലികൊണ്ട് പ്രധാനമന്ത്രിക്ക് സാധിച്ചു. രാജ്യത്തിന് വേണ്ടി മാത്രം ജോലി ചെയ്യുന്ന വ്യക്തി എന്ന നിലയിൽ മറ്റൊരാളെയും ബഹുമാനിക്കേണ്ട കടമ തനിക്കില്ല എന്ന നിലയിലാണ് പ്രധാനമന്ത്രിയുടെ പ്രവർത്തനങ്ങൾ. ഇതിനാൽ തന്നെ രാജ്യത്തിന്റെ ഏതൊരു ഭാഗത്തു പോയും പ്രാദേശിക നേതാക്കളെ കുറിച്ച് പുലഭ്യം പറയാനോ, പ്രാദേശിക വികാരങ്ങളെ പുച്ഛിച്ചു തള്ളി ദേശീയ താല്പര്യത്തിന്റെയും, ദേശീയ വികാരത്തിന്റെയും പേരിൽ സ്വന്തം താല്പര്യങ്ങൾ അവതരിപ്പിക്കുവാനോ യാതൊരു മടിയും കൂടാതെ അദ്ദേഹത്തിന് സാധിക്കുന്നു. എന്ന് മാത്രമല്ല ഓരോ ഹിന്ദുവിന്റെയും ഉള്ളിൽ വർഗ്ഗീയവാദിയായ ഒരു മീററ്റ് എസ് പി ഉണ്ടെന്നു അദ്ദേഹം വിശ്വസിക്കുന്നു. ഭൂരിപക്ഷത്തിന്റെ മനുഷ്യത്വവിരുദ്ധമായ മുൻവിധികൾ തന്റെ പ്രസ്താവനകളിലൂടെ ഈ പ്രധാനമന്ത്രി പരിലാളിച്ചുകൊണ്ടേയിരിക്കുന്നു. ഈ നാല് സവിശേഷേതകളും കൂടി ചേർന്ന് വിചിത്രമായ ഒരു സമവാക്യത്തിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനെ ബി ജെ പി സമീപിച്ചത്. പ്രതിപക്ഷം ഏകദേശം മുഴുവനായും നിരസിക്കപ്പെട്ടു മുന്നൂറിലധികം സീറ്റുകളുമായി ബിജെപി ഇന്ത്യൻ രാഷ്ട്രീയത്തിൽ അജയ്യ ശക്തിയായി മാറി. പക്ഷെ അതെ നിമിഷം തന്നെ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഗതി മാറിത്തുടങ്ങി. ഗുജറാത്തിൽ നിന്നുള്ള ഈ പുതിയ സംഘത്തിന് ഇനിയും ഡൽഹി എന്ന രാഷ്ട്രീയ പാപങ്ങളുടെ തലസ്ഥാനത്ത് തങ്ങൾ അപരിചിചിതരാണെന്ന് അവകാശപ്പെട്ടുകൊണ്ടിരിക്കാൻ കഴിയുകയില്ല. തങ്ങളുടെ അഞ്ചു വർഷത്തെ ഭരണം കൊണ്ട് സ്വന്തം ഉപജാപങ്ങളും, അഴിമതി ശൃംഖലകളും ബിജെപി സൃഷ്ടിച്ചു കഴിഞ്ഞിരിക്കുന്നു. നാഗ്പൂരിൽ നിന്നുള്ള സംഘചാലകർ വരെ സംഘടനാ മന്ത്രിമാരുടെ ഇടയിൽ പടർന്നുകൊണ്ടിരിക്കുന്ന പ്രലോഭനങ്ങളുടെയും അപചയത്തെയും സംബന്ധിച്ച് ഏറെ ആശങ്കാകുലാരാണ്. രണ്ടായിരത്തി പത്തൊന്‍പത് അവസാനിച്ചതോടെ മേല്പറഞ്ഞ അവകാശവാദങ്ങളെല്ലാം ഓരോന്നായി തകർന്നു തുടങ്ങി. സർക്കാറിലുള്ള വിശ്വാസം ജനങ്ങൾക്ക് നഷ്ടപെട്ടുതുടങ്ങി. സർക്കാരിന്റെ രാഷ്ട്രീയ നിലപാടുകളിലൂടെയും നയങ്ങളിലൂടെയും ഉണ്ടായ അടിസ്ഥാനപരമായ കുഴപ്പങ്ങളെല്ലാം നഷ്ടപെട്ട ആ "70" വര്‍ഷങ്ങളുടെ പേരിൽ കൊണ്ടുകെട്ടാൻ ഇനിയും സാധിക്കുന്നതല്ല. ഇനിയും നാല് വര്ഷം ബാക്കിയുള്ള സർക്കാരിന് പ്രത്യയശാസ്ത്ര തീവ്രതയുടെ പേരിൽ കാട്ടിക്കൂട്ടുന്ന അക്രമങ്ങളെ നിയന്ത്രിക്കാനോ ന്യായീകരിക്കാനോ ഉള്ള സമയം ഇല്ലതന്നെ. നാല് വര്‍ഷം കൂടി സർക്കാർ നേതൃത്വം നൽകുന്ന കലാപങ്ങളിലൂടെയും സംഘര്‍ഷങ്ങളിലൂടെയും കടന്നു പോയി ദേശീയ താല്പര്യങ്ങൾ ബലികഴിച്ചുകൊണ്ട് കഴിഞ്ഞുകൂടാൻ ഈ രാജ്യത്തിന് സാധിക്കില്ല. മൂന്ന് നയപരമായ വ്യതിയാനങ്ങൾ നമ്മൾ ഇത് സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ സർക്കാർ അതിന്റെ നയങ്ങൾ വ്യക്തമാക്കികൊണ്ടിരിക്കുകയാണ്. ഒന്ന്: ന്യൂനപക്ഷ സമുദായങ്ങളെ സർക്കാർ തുടർച്ചയായി പ്രകോപിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അതിന്റെ ഭാഗമായി വിവാദമായ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നു. ഭരണഘടനയിലെ 370 -ാം വകുപ്പ് ഒഴിവാക്കുന്നതിന് ന്യായീകരണമായി പറഞ്ഞത് പോലെ പൗരത്വഭേദഗതി ബില്ലും ദേശീയതയുടെ പേരിലാണ് നടപ്പിലാക്കുന്നതെങ്കിലും തുടക്കം മുതലേ മതാധിഷ്‌ഠിതമായ വിഭജനങ്ങളുടെ ഭാഷയിലാണ് നടന്നുകൊണ്ടിരിക്കുന്നത്. പാകിസ്ഥാൻ എന്ന രാഷ്ട്രത്തിന്റെ രൂപീകരണം മുതലുള്ള ഘടനാപരമായ പ്രശ്നങ്ങളെ കാരണമാക്കിക്കൊണ്ട് ഇന്ത്യയുടെ ഭരണഘടനാ തത്വങ്ങളുടെ ലംഘനമാണ് ഈ സർക്കാർ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. പ്രതിപക്ഷം ആകെ തകർന്നുപോയതുകൊണ്ട് ഈ നടപടികളെ ജനങ്ങൾ തെരുവിൽ നേരിടുകയാണ്. പ്രതിരോധം ഒരു ജനകീയ മുദ്രാവാക്യമായിത്തീർന്നിരിക്കുന്നു. ഇന്ത്യ ഏതു സമയവും ഒരു ആഭ്യന്തരയുദ്ധത്തിലേക്ക് പ്രവേശിക്കാവുന്നതാണ്. രണ്ട്: മോദി ഭരണകൂടത്തിന്റെ വികലമായ സാമ്പത്തിക നയങ്ങൾ രാജ്യത്തിന്‍റെ സാമ്പത്തിക വ്യവസ്ഥയുടെ നട്ടെല്ലൊടിച്ചിരിക്കുകയാണ്. കടുത്ത സാമ്പത്തിക മാന്ദ്യവും, പിന്നോക്കാവസ്ഥയും ഇന്ത്യൻ സമൂഹത്തെ പിടിച്ചുലച്ചു കൊണ്ടിരിക്കുകയാണ്. എന്നാൽ സർക്കാരാകട്ടെ തങ്ങളുടെ ഉപയോഗശൂന്യമായ പഴഞ്ചൻ മുദ്രാവാക്യങ്ങളുമായി തന്നെ ഈ പ്രതിസന്ധികളെ നേരിട്ടുകൊണ്ടിരിക്കുകയാണ്. നാല് വര്‍ഷം കൂടി ശരിയായ നടപടികളുമായി സാമ്പത്തിക രംഗത്തെ നേരിടാതിരുന്നാൽ ഗുരുതരമായ സാമൂഹിക പ്രത്യാഘാതങ്ങളാണ് ഉണ്ടാകാൻപോകുന്നത്. മൂന്ന്: പാകിസ്താനെ ഒരു പാഠം പഠിപ്പിക്കുവാൻ എന്ന പേരിൽ സായുധ സേനകൾക്ക് ഇന്ത്യൻ രാഷ്ട്രീയത്തിൽ ആവശ്യത്തിൽ കൂടുതൽ സ്ഥാനം നൽകുന്ന പ്രവണത കൊണ്ടുവരികയാണ്. ഈ ഒരു കീഴ്വഴക്കം ഉടനെ പരിഹരിക്കുവാൻ സാധിക്കുന്നതല്ല, രാഷ്ട്രീയ നയങ്ങളിലുണ്ടായ ഈ പട്ടാളവത്കരണം നമ്മുടെ രാജ്യാതിർത്തികളിൽ സ്ഥിരമായ സംഘര്‍ഷങ്ങള്‍ക്ക് വഴിവെക്കാൻ സാധ്യതയുണ്ട്. രാഷ്ട്രീയവത്കരിക്കപ്പെടുന്ന ജനറൽമാരും കേണൽമാരും ദേശഭക്തർക്കു തന്നെ തിരിച്ചടിയാകാനിടയുണ്ട്. സർക്കാരിന്റെ പ്രവർത്തനങ്ങളിൽ പ്രകടമായ താളപ്പിഴകളും അനാസ്ഥയും വ്യക്തമാണ്. ചാണക്യന്റെ ഇന്ദ്രജാലം അവസാനിച്ചിരിക്കുന്നു. മഹരാഷ്ട്രയും ജാർഖണ്ഡും ഹരിയാനയും അതാണ് നമുക്ക് കാണിച്ചു തരുന്നത്. രഞ്ജൻ ഗോഗോയ് ഇന്ത്യൻ ചീഫ് ജസ്റ്റിസ് സ്ഥാനത്തു നിന്നും വിരമിച്ചു കഴിഞ്ഞിരിക്കുന്നു, ഭീഷണിക്കു വഴങ്ങുന്നവരല്ല എല്ലാ ന്യായാധിപന്മാരും. സർക്കാരിന്റെ ഏറ്റവും നല്ല വില്പനക്കാരനായ പ്രധാനമന്ത്രി, തങ്ങളുടെ നയങ്ങൾ വ്യക്തമായി മനസിലാക്കുന്നതിനായി ഒരാൾ ദൈവത്തിന്റെ പ്രസംഗം ശ്രദ്ധിക്കാൻ ആവശ്യപെടുന്ന അവസ്ഥയിലെത്തിയിരിക്കുന്നു. സർക്കാരിന് തങ്ങളുടെ ചാണക്യ ധാർഷ്ട്യത്തിനു പകരം വിനയത്തോടെ ജനങ്ങളെ നേരിടുകയേ നിവർത്തിയുള്ളൂ. ജനങ്ങളുടെ പ്രശ്നങ്ങൾ കേള്‍ക്കുന്നതിനുള്ള ശേഷി കൈക്കൊണ്ടില്ലെങ്കിൽ സ്വന്തം പിഴവുകളിൽ ഈ സർക്കാർ വീണു പോകും. രാഷ്ട്രമാകട്ടെ അതിനു വലിയ വില കൊടുക്കേണ്ടിവരും.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories