TopTop
Begin typing your search above and press return to search.

രാമരാജ്യ റിപ്പബ്ലിക്കിലേക്കുള്ള വഴിയില്‍ തന്നെയായിരുന്നു ഇന്ത്യന്‍ മതേതരത്വത്തിന്റെ കഴിഞ്ഞ പതിറ്റാണ്ടുകൾ

രാമരാജ്യ റിപ്പബ്ലിക്കിലേക്കുള്ള വഴിയില്‍ തന്നെയായിരുന്നു ഇന്ത്യന്‍ മതേതരത്വത്തിന്റെ കഴിഞ്ഞ പതിറ്റാണ്ടുകൾ

ഓഗസ്റ്റ് അഞ്ച്, ജനുവരി 30 പോലെയും ഡിസംബര്‍ ആറ് പോലെയുമുളള ഒരു ദിവസമാണ്. ചിലര്‍ക്ക് രോമാഞ്ചം കൊള്ളാനും മറ്റ് പലര്‍ക്കും തിരിച്ചടിയുടെ ദിനമായി ഓര്‍മ്മിച്ചെടുക്കാനുള്ള ദിവസം. ഈ പട്ടികയില്‍ നവംബര്‍ ഒമ്പത് പോലുള്ള ദിവസങ്ങളെയും ചേര്‍ക്കാം. കാശ്മീരിനെ ഇന്ത്യയോട് ചേര്‍ക്കുമ്പോള്‍ നല്‍കിയ വാഗ്ദാനം പാലിക്കാന്‍ തയ്യാറല്ലെന്ന് പറഞ്ഞതും ഓഗസ്റ്റ് അഞ്ചിന് തന്നെ. അതും ക്ഷേത്ര നിര്‍മ്മാണവും രാഷ്ട്രീയമായി ചേര്‍ന്നുനില്‍ക്കുന്ന കാര്യമാണെന്ന് ആര്‍ക്ക് മനസ്സിലായിട്ടില്ലെങ്കിലും ഹിന്ദുത്വം മനസ്സിലാക്കിയിട്ടുണ്ട്. ക്ഷേത്രനിര്‍മ്മാണത്തിന് അവര്‍ ഓഗസ്റ്റ് അഞ്ച് തെരഞ്ഞെടുത്തത് വെറുതയല്ല. കാശ്മീരും അയോധ്യയിൽ പളളി പൊളിച്ച ഇടത്ത് ക്ഷേത്രവും ഹിന്ദുത്വത്തിന് ഒരേ പോലെ പ്രധാന്യമുള്ള വിഷയങ്ങളാണല്ലോ

ക്ഷേത്ര നിർമ്മാണം തുടങ്ങുന്നതോടെ, മറ്റൊരു റിപ്പബ്ലിക്കിന്റെ തുടക്കമാണ് അയോധ്യയില്‍ കുറിക്കപ്പെടുന്നതെന്ന വിലയിരുത്തലുകള്‍ ഏറെ വന്നിട്ടുണ്ട്. ആര്‍ എസ് എസ് ആഗ്രഹിക്കുന്ന റിപ്പബ്ലിക്കിന്റെ ശിലാസ്ഥാപനമാണ് അയോധ്യയിൽ നടക്കുന്നതെന്ന വിലയിരുത്തലാണ് പ്രധാനമായും ഉണ്ടായിട്ടുളളത്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ പ്രധാന സംഭവം എന്ന നിലയില്‍ അയോധ്യയിലെ ക്ഷേത്രത്തിന്റെ തറക്കല്ലിടല്‍ നിര്‍ണായകമെന്ന് പറയുമ്പോഴും അതിന്റെ വേരുകള്‍ എവിടെയൊക്കെ തിരയണം എന്ന അന്വേഷണത്തില്‍നിന്ന് ഇന്ത്യയിലെ ലിബറലുകള്‍ക്ക് ഇനിയും വിട്ടുനില്‍ക്കാന്‍ കഴിയുമോ?

ഇന്ത്യന്‍ ഭരണ സംവിധാനത്തിന്റെയും അതിന്റെ ഭാഗമായുള്ള പ്രസ്ഥാനങ്ങളുടെയും കേവല അവകാശവാദങ്ങള്‍ക്കപ്പുറം ഇന്ത്യന്‍ മതേതതരത്വം തന്നെ ഈ പുതിയ റിപ്പബ്ലിക്കിനെ സാധ്യമാക്കുന്നതില്‍ എത്ര പങ്ക് വഹിച്ചിട്ടുണ്ടെന്ന് പരിശോധനയ്ക്ക്, തോറ്റുനില്‍ക്കുന്ന ഈ ഘട്ടത്തിലെങ്കിലും മതേതരവാദികളും ലിബറലുകളും തയ്യാറാവേണ്ടതല്ലേ? ഇന്ത്യന്‍ മതേതതര്വത്തിന്റെ, യുറോപ്പില്‍നിന്ന് ഭിന്നമായ അസ്തിത്വത്തെക്കുറിച്ചുള്ള ഗൃഹാതുരത്വ സ്മരണകളില്‍ അഭയം തേടുകയാണ് ഓരോ തവണയും ഹിന്ദുത്വ ഭീഷണി അക്രമാസക്തമായ വേളയില്‍ ഇന്ത്യയുടെ സര്‍ക്കാറും അംഗീകൃത മതേതരത്വവും ചെയ്തുപോന്നത്. ഇന്ത്യയ്ക്ക് മതേതരമായിരിക്കാന്‍ കഴിഞ്ഞത് ഇവിടെയുളളത് ഹിന്ദു സമൂഹമായതുകൊണ്ടാണെന്ന വാദം ബിജെപിയ്ക്ക് നിരന്തരം ഉന്നയിക്കാന്‍ കഴിഞ്ഞതും ഇതു കൊണ്ട് തന്നെ. മതേതരത്വം പോലും ഹിന്ദുക്കളുടെ ഔദാര്യമെന്ന ഹിന്ദുത്വ വാദത്തെ ലിബറലുകളിൽ പലരും അംഗീകരിക്കുന്നതാണ്. ഹിന്ദു മതത്തിന്റെ സഹിഷ്ണുതയെക്കുറിച്ച് എത്ര പറഞ്ഞാലും മതിയാവാത്തവരാണ് അവർ.

ഭൂരിപക്ഷവാദവുമായി സന്ധി ചേർന്നു കൊണ്ടുള്ള ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിലെ മുഖ്യധാരയുടെ പ്രവര്‍ത്തനമാണ് ഇന്ത്യയില്‍ പിന്നീടുള്ള മതേതരത്വ പ്രയോഗങ്ങളില്‍ പ്രതിഫലിച്ചതെന്ന് വിലയിരുത്തലുകള്‍ ഏറെ ഉണ്ടായിട്ടുണ്ട്. ദേശീയ പ്രസ്ഥാനത്തിന്റെ കാലത്തും പിന്നീട് സ്വാതന്ത്ര്യത്തിന് ശേഷവും കോണ്‍ഗ്രസും അത് നിയന്ത്രിച്ച സര്‍ക്കാരുകളും പിന്തുടര്‍ന്നത് ഹിന്ദുയിസവുമായി ചേര്‍ന്നുനിന്നുകൊണ്ടുള്ള മതേതരത്വമായിരുന്നു എന്ന വിമര്‍ശനമാണ് പെറി ആന്റേഴ്‌സണെ പോലുള്ള വിമര്‍ശകര്‍ ഉന്നയിക്കുന്നത്. അതേസമയം തന്നെ നേരത്തെ സൂചിപ്പിച്ച പോലെ ഹിന്ദുയിസത്തിന്റെ സഹിഷ്ണുതയാണ് ഇതെന്നും അതിനൊരിക്കലും മതേതരത്വത്തിന്റെ ആശയങ്ങളെ തിരസ്‌ക്കരിക്കാന്‍ കഴിയുകയില്ലെന്ന് കരുതുന്നവരുമുണ്ട്.

സ്വതന്ത്ര ഇന്ത്യ അതിനെതിരെ ഉയര്‍ന്നുവന്ന എല്ലാ കലാപങ്ങളെയും രൂക്ഷമായി തന്നെ അടിച്ചമര്‍ത്തുകയോ, ഇപ്പോഴും അടിച്ചമര്‍ത്തിക്കൊണ്ടിരിക്കുകയോ ചെയ്യുന്ന രാജ്യമാണ്. അത് ഏത് ഭരണകൂടവും ചെയ്യുന്നതുമാണ്. അത് കാശ്മീരിലാകട്ടെ, പഞ്ചാബിലാകട്ടെ, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലാകട്ടെ, സൈനികമായി തന്നെ എല്ലാ രാഷ്ട്രീയവെല്ലുവിളികളും നേരിടുകയാണ് ഇന്ത്യ ചെയ്തത്. തെലുങ്കാനയില്‍ നടന്ന രാഷ്ട്രീയവെല്ലുവിളികളെയും ഇപ്പോഴും മധ്യ ഇന്ത്യയില്‍ മാവോയിസ്റ്റുകള്‍ നടത്തുന്ന ചെറുത്തുനില്‍പ്പുകളെയുമെല്ലാം നേരിട്ടതും നേരിട്ടുകൊണ്ടിരിക്കുന്നതും അങ്ങനെ തന്നെ.

എന്നാല്‍ മതേതര ഇന്ത്യ എങ്ങനെയൊക്കെയാണ് ഹിന്ദുത്വത്തിന്റെ ആക്രമണങ്ങളെ നേരിട്ടതെന്ന് നോക്കിയാല്‍ സ്‌റ്റേറ്റും ഭൂരിപക്ഷവാദവും തമ്മില്‍ നിലനില്‍ക്കുന്ന ബാന്ധവത്തിന്റെ അന്തര്‍ധാര മനസ്സിലാക്കാൻ സാധിക്കും. ബാബ്‌റി മസ്ജിദിനുള്ളില്‍ ഒരു സംഘം അതിക്രമിച്ചു കയറി വിഗ്രഹം സ്ഥാപിച്ചതു മുതല്‍ ഹിന്ദുത്വ ഭീകരര്‍ ആസൂത്രണം ചെയ്ത നിരവധി വര്‍ഗീയാക്രമണങ്ങളോടും ഇന്ത്യന്‍ സ്‌റ്റേറ്റിന്റെ പ്രതികരണം നോക്കിയാല്‍ ചില കാര്യങ്ങൾ മനസ്സിലാവും. 1949 ഡിസംബര്‍ 22-ന് പള്ളിക്കുളളില്‍ വിഗ്രഹം സ്ഥാപിച്ചതിന് ശേഷം ആ ക്രിമിനല്‍ പ്രവര്‍ത്തിയെ നേരിടുകയല്ല (ജവഹര്‍ലാല്‍ നെഹ്‌റു അങ്ങനെ ആവശ്യപ്പെട്ടിരുന്നുവത്രെ) ഇന്ത്യന്‍ ഭരണകൂടം പിന്നീട് ചെയ്തത്. ഒരിക്കല്‍ പോലും ഹിന്ദുത്വത്തിന്റെ താല്‍പര്യങ്ങള്‍ അയോധ്യയില്‍ നടപ്പിലാക്കപ്പെടരുതെന്ന ഉദ്ദേശം ഇന്ത്യന്‍ സ്‌റ്റേറ്റിനുണ്ടായിരുന്നില്ലെന്ന് അതിന്റെ ഓരോ സമയത്തെയും പ്രവർത്തനങ്ങളിൽ നിന്ന് വ്യക്തമാണ്.

ഹിന്ദുത്വത്തോട് സമ്മതപ്പെടുന്ന ഒരു ഭരണകൂട സംവിധാനം ഉണ്ടായിരുന്നില്ലെങ്കില്‍ ബാബ്‌റി മസ്ജിദ് പൊളിക്കപ്പെടില്ലായിരുന്നുവെന്ന യാഥാര്‍ത്ഥ്യത്തെ കക്ഷി രാഷ്ട്രീയ വിമര്‍ശനത്തിന്റെ അപ്പുറത്തേക്ക്, ഇന്ത്യന്‍ സംവിധാനത്തിന്റെ പരിമിതിയായി ഇനിയും മനസ്സിലാക്കാന്‍ മുഖ്യധാര കക്ഷികള്‍ തയ്യാറാകുന്നില്ല. പിന്നീട് കോടതിയും ഈ മെജോറിറ്റേറിയന്‍ നിലപാട് സ്വീകരിക്കുന്നതായാണ് കണ്ടത്. അങ്ങനെയാണ് പള്ളി പൊളിച്ച സ്ഥലത്ത് ക്ഷേത്ര നിര്‍മ്മാണത്തിന് കോടതി തന്നെ ഉത്തരവിടുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തുന്നത്.

ഇത് ബാബ്‌റി മസ്ജിദില്‍ തീരുന്ന ഒരു പ്രശ്‌നമല്ല. മറ്റൊരു ഉദാഹരണം നോക്കൂ. പശു സംരക്ഷണം. ഇന്ത്യൻ ഭരണഘടനയുടെ മാര്‍ഗനിര്‍ദ്ദേശ തത്വങ്ങളില്‍ പശു സംരക്ഷണം ഉള്‍പ്പെടുത്തിയത് തന്നെ വലിയ ചര്‍ച്ചകളെ തുടര്‍ന്നാണ്. എന്നാല്‍ അതിന് ശേഷം ദേശീയ തലത്തില്‍ പശുക്കളെ കൊല്ലുന്നത് തടയണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടക്കുന്നു. സ്വതന്ത്ര്യ ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി പാര്‍ലമെന്റ് വളയുന്നത് അന്നാണ്. ബിജെപിയുടെ പൂര്‍വരൂപം ഭാരതീയ ജനസംഘിന്റെ എം പി സ്വാമി രമേഷ് വരാനാദിന്റെ നേതൃത്വത്തില്‍ 1966 നവംബറില്‍ നടന്ന കലാപത്തെ തുടര്‍ന്ന് പോലീസ് വെടിവെപ്പ് ഉണ്ടാകുന്നു. നിരവധി പേര്‍ കൊല്ലപ്പെടുകയും ചെയ്യുന്നു. ഇതിനോട് ഇന്ദിരാ ഗാന്ധി സര്‍ക്കാര്‍ പ്രതികരിച്ചത് ആഭ്യന്തര മന്ത്രി ഗുല്‍സാരി ലാല്‍ നന്ദയെ നീക്കം ചെയ്തുകൊണ്ടായിരുന്നു. പിന്നീട് ഹിന്ദുത്വ വാദികളുടെ ആവശ്യം പഠിക്കാന്‍ എ കെ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഒരു കമ്മിറ്റിയെയും നിയമിച്ചുവെന്ന് മാത്രമല്ല, അതില്‍ ആര്‍എസ്എസ് തലവന്‍ എം എസ് ഗോള്‍വള്‍ക്കറെയും ഉള്‍പ്പെടുത്തുകയും ചെയ്തു. അതായത് ഹിന്ദുത്വ ആവശ്യങ്ങള്‍ -അത് അന്യമതക്കാരുടെ ദേവലായങ്ങള്‍ക്ക് മേലുള്ള അവകാശങ്ങളായാലും ബ്രാഹ്മണരുടെ വിശ്വാസം നിയമമാക്കണമെന്ന ആവശ്യമായാലും - ഇന്ത്യന്‍ ഭരണകൂടം അനുഭാവത്തോടെയാണ് പരിഗണിച്ചത് എന്ന് കാണാന്‍ കഴിയും. ഗുജറാത്ത് അടക്കമുള്ള വര്‍ഗീയ കലാപങ്ങളുടെ ചരിത്രവും ഇതു തന്നെയാണ് ബോധ്യമപ്പെടുത്തുക. കലാപം സാധ്യമാക്കിയവരെന്ന് കരുതുന്നവര്‍ ഇന്ന് എവിടെയാണ് ഇരിക്കുന്നതെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്.

കാശ്മീരിന്റെ കാര്യം നോക്കാം. കരാറിലൂടെയും പിന്നിട് നല്‍കിയ ഉറപ്പിലൂടെയുമാണ് ആ പ്രദേശം ഇന്ത്യയുടെ ഭാഗമായത്. ജനഹിത പരിശോധന അടക്കമുള്ള ഉറപ്പുകള്‍ നല്‍കാനുള്ള ആത്മവിശ്വാസവും അന്ന് ഇന്ത്യയ്ക്കുണ്ടായിരുന്നു. എന്നാല്‍ അന്ന് മുതല്‍ കാശ്മീരിന്റെ കാര്യത്തില്‍ വ്യത്യസ്ത നിലപാടായിരുന്നു ഹിന്ദുത്വ ശക്തികള്‍ക്ക്. ജനസംഘിന്റെ സ്ഥാപകന്‍ ശ്യാമ പ്രസാദ് മുഖര്‍ജിയുടെ നേതൃത്വത്തില്‍ കുത്തിത്തിരിപ്പ് ശ്രമങ്ങള്‍ കാര്യമായി നടത്തുകയും അത് വര്‍ഗീയ ഭിന്നതയിലേക്ക് നീങ്ങുമന്നെ ആശങ്കയും ഉണ്ടായി. അന്ന് ആ നീക്കങ്ങളെ നേരിടാന്‍ കഴിഞ്ഞെങ്കിലും ഘട്ടംഘട്ടമായി കാശ്മീരുമായി ഉണ്ടാക്കിയ കരാറിലെ ഉറപ്പുകള്‍ ലംഘിക്കുകയാണ് ഉണ്ടായത്. തെരഞ്ഞെടുപ്പ് അട്ടിമറിച്ചും 370 -ാം വകുപ്പ് ദുര്‍ബലപ്പെടുത്തിയും ഹിന്ദുത്വ ആഗ്രഹങ്ങള്‍ പതുക്കെ നടപ്പിലാക്കപ്പെട്ടു. ഒടുവില്‍ അവസരം വന്നപ്പോള്‍ കാശ്മീരിനെ പൂര്‍ണമായും കീഴടക്കുകയും ചെയ്തു.

ഉദാഹരണങ്ങള്‍ ഇനിയും കാണും. പളളി പൊളിച്ച സ്ഥലത്ത് സുപ്രീം കോടതിയുടെ അനുമതിയോടെ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ ക്ഷേത്രം നിര്‍മ്മിക്കുമ്പോള്‍ അത് പുതിയൊരു റിപ്പബ്ലിക്കിന്റെ തുടക്കമായിരിക്കാം. എന്നാൽ ഹിന്ദുത്വത്തിന്റെ ആ രാമരാജ്യ റിപ്പബ്ലിക്കിനുള്ള പദ്ധതികളുമായിട്ടായിരുന്നു ഇന്ത്യന്‍ മതേതര റിപ്പബ്ലിക്കിന്റെ ഇതുവരെയുള്ള പ്രയാണം എന്ന കാര്യവും യാഥാര്‍ത്ഥ്യബോധത്തോടെ തിരിച്ചറിയേണ്ടതുണ്ട്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories