TopTop
Begin typing your search above and press return to search.

പിണറായിയെ തിരുത്തുന്ന മോഹനന്‍ മാസ്റ്റര്‍, ജില്ലാ സെക്രട്ടറിയെ തിരുത്തുന്ന സംസ്ഥാന നേതൃത്വം; സിപിഎമ്മിന്റെ പരിഭ്രാന്തിക്ക് പിന്നില്‍

പിണറായിയെ തിരുത്തുന്ന മോഹനന്‍ മാസ്റ്റര്‍, ജില്ലാ സെക്രട്ടറിയെ തിരുത്തുന്ന സംസ്ഥാന നേതൃത്വം; സിപിഎമ്മിന്റെ പരിഭ്രാന്തിക്ക് പിന്നില്‍

ആരാണീ അലനും താഹയും? അവർ യഥാർത്ഥത്തിൽ മാവോയിസ്റ്റുകളാണോ? ഞങ്ങൾ ഡി വൈ എഫ് ഐക്കാർ ആണ്, മാവോയിസ്റ്റുകളാണെന്നു പറയുന്ന മുഖ്യമന്ത്രി തെളിവുകൾ നിരത്തട്ടെ എന്ന് അലനും താഹയും. "ഞങ്ങൾ എവിടെയെങ്കിലും ബോംബ് വെച്ചോ, ആരെയങ്കിലും കൊന്നോ?" എന്ന അവരുടെ ചോദ്യം ഏറെ പ്രസക്തമാണ്. ആ ചോദ്യത്തിന്റെ കുന്തമുന നീളുന്നത്, പക്ഷെ കേരളത്തിന്റെ ആദരണീയനായ മുഖ്യമന്ത്രി സഖാവ് പിണറായി വിജയൻ കുറച്ചു ദിവസങ്ങൾക്കു മുൻപ് നടത്തിയ "ആർക്കാണ് അറിയാത്തതു അവർ മാവോയിസ്റ്റുകൾ ആണെന്ന" പുച്ഛം നിറഞ്ഞ പ്രസ്താവനയിലേക്കു തന്നെയാണ്.

അലൻ ഷുഹൈബിനും താഹ ഫൈസലിനും പ്രത്യേകിച്ചൊരു ആമുഖം ആവശ്യമുണ്ടെന്നു തോന്നുന്നില്ല. പ്രത്യേകിച്ചും പ്രബുദ്ധ കേരളം, സാക്ഷര കേരളം എന്നൊക്കെ അവകാശപ്പെടുന്ന, ദൈവങ്ങളെക്കൊണ്ട് (രാഷ്ട്രീയ ദൈവങ്ങളും ഇതിൽ പെടും) പൊറുതിമുട്ടിയ ദൈവത്തിന്റെ സ്വന്തം നാടെന്നു പരസ്യപ്പെടുത്തുന്ന, ഇട്ടാവട്ടത്തിൽ കിടക്കുന്ന കേരളത്തിൽ മാവോയിസ്റ്റ് ലഘുലേഖകളുമായി വിദ്യാർത്ഥികളായ രണ്ടു യുവാക്കൾ (രാഷ്ട്രീയ കണക്കു പുസ്തകത്തിലെ നാല്പതും അൻപതും കഴിഞ്ഞ യുവാക്കളല്ല, കൗമാരം വിട്ടു യൗവ്വനത്തിലെക്കു കാലൂന്നുവർ ആണ് ഈ കഥയിലെ രണ്ടു പേരും) പിടിക്കപ്പെട്ടു എന്ന പോലീസ് ഭാഷ്യത്തിൽ തുടങ്ങുന്ന ഒരു കഥ. യു എ പി എ കരിനിയമമെന്നു ഘോരം ഘോരം നാടിളക്കി നടുക്കുന്ന ഒരു പാർട്ടിയും അതിന്റെ മുഖ്യനും ഭരിക്കുന്ന അതേ നാട്ടിൽ തന്നെ അതേ കരിനിയമം നടപ്പാക്കപ്പെടുന്നു. അവർ കൂടി അംഗങ്ങൾ ആയുള്ള ഒരു പാർട്ടിയും ആ ഭരിക്കുന്ന സർക്കാരും ഏറ്റെടുത്ത രീതി എത്രമേൽ അപഹാസ്യമാണെന്നു വ്യക്തമാക്കുന്നതായിരുന്നു ഇക്കഴിഞ്ഞ ദിവസങ്ങളിൽ കോഴിക്കോട് അരങ്ങേറിയ രാഷ്ട്രീയ നാടകങ്ങൾ.

അതേ, അലൻ - താഹ പ്രശ്നത്തിൽ ഇപ്പോൾ അരങ്ങേറിക്കൊണ്ടിരിക്കുന്ന ഓരോ സംഭവ വികാസങ്ങളെയും നാടകം എന്നു തന്നെ വിശേഷിപ്പിക്കേണ്ടിവരും എന്നതിൽ തികഞ്ഞ സങ്കടം ഉണ്ട്. സി പി എം പോളിറ്റ് ബ്യുറോ മെംബർ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ മാവോയിസ്റ്റുകൾ എന്നു തീർപ്പു കല്പിച്ചവരെക്കുറിച്ചാണ് ഇക്കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ സഖാവ് അലനും താഹക്കുമെതിരെ പാർട്ടി അന്വേഷണം പൂർത്തിയായിട്ടില്ലെന്നും, അവർ ചെറിയ കുട്ടികൾ ആണെന്നും മാവോയിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ട്ടരായ അവരെ തിരുത്തി തിരികെ കൊണ്ടുവരുമെന്നുമൊക്കെ പത്രസമ്മേളനം നടത്തി പറഞ്ഞത്. കൂട്ടത്തിൽ ഒരു കാര്യം കൂടി മാന്യദേഹം പറയുകയുണ്ടായി. (അത് പിന്നീട് തിരുത്തിയതിനാൽ ഇവിടെ കുറിക്കുന്നില്ല) എങ്കിലും പാർട്ടി അന്വേഷണം പൂർത്തിയാവാത്ത ആളുകളെക്കുറിച്ചു മുഖ്യമന്ത്രി പറഞ്ഞതോ അതോ ജില്ലാ സെക്രട്ടറി വിശദീകരിക്കാൻ ശ്രമിച്ചു കുഴപ്പത്തിലായതോ ശരിയെന്നു കൃത്യമായി ഇനിയെങ്ങികിലും ഒന്ന് വിശദീകരിച്ചാൽ വളരെ നല്ലത്. കോടതിയിൽ നിന്നും പോലീസ് വാഹനത്തിലേക്ക് കയറ്റുമ്പോൾ അലനും താഹയും ചോദിച്ച അതേ തെളിവ് തന്നെയാണ് പൊതുസമൂഹവും തേടുന്നത്. അല്ലെങ്കിൽ ചുരുങ്ങിയ പക്ഷം ആ രണ്ടു കുട്ടികളെയും സാംബന്ധിച്ച കേസ് എൻ ഐ എ ക്കു കൈമാറുന്നതിന് മുൻപ് താങ്കൾ നടത്തി വന്നിരുന്ന ഉരുണ്ടുകളിയുടെ അർഥം എന്തെന്നെങ്കിലും പറയേണ്ടതുണ്ട്. ഒരു ജില്ലാ സെക്രട്ടറിയും ആരുടേയും കുടികിടപ്പുകാരനല്ലെന്നു പറഞ്ഞ എ കെ ഗോപാലന്റെ പാർട്ടിയാണ് ഇതെന്ന് മറക്കരുത് എന്നൊരു അപേക്ഷയുണ്ട്.

ഇന്നലത്തെ പത്രസമ്മേളനം തന്നെ ഒരു പക്ഷെ അനാവശ്യം ആയിരുന്നു എന്നു താങ്കൾക്കു വഴിയേ മനസ്സിലായതുപോലെയായിരുന്നു പിന്നീട് വന്ന തിരുത്ത്‌. തിരുത്തൊക്കെ കൊള്ളാം. ഒരു ജില്ലാ സെക്രട്ടറി എന്ന നിലയിൽ തെറ്റ് പറഞ്ഞിട്ടുണ്ടെങ്കിൽ ആ സ്ഥാനത്തു തുടരാൻ ആഗ്രഹിക്കുന്ന പക്ഷം തിരുത്തിയേ തീരു. പക്ഷെ തലേ ദിവസം ചാനലുകാരോട് പൗരത്വ പ്രശ്നം ചർച്ച ചെയ്യുന്നതിനിടയിൽ ഇതൊക്കെയാണോ ആനക്കാര്യം എന്നു ചോദിച്ച താങ്കൾക്ക് ഒരു അച്ചടിച്ച പ്രസ്താവന നൽകി മുഖം രക്ഷപ്പെടുത്താൻ പാടില്ലായിരുന്നോ ?

പ്രിയ മോഹനൻ മാഷേ, അലൻ - താഹ വിഷയത്തിൽ കോഴിക്കോട് പാർട്ടിക്കുള്ളിൽ പുകയുന്ന അസ്വാരസ്യം അത്ര രഹസ്യമൊന്നുമല്ല. പ്രതിപക്ഷ നേതാവും മുസ്ലിം ലീഗ് നേതാവ് എം കെ മുനീറും അലന്റെയും താഹയുടെയും വീട് സന്ദർശിച്ചു ആ കുടുംബങ്ങളോട് ഐക്യധാര്‍ഡ്യം പ്രഖ്യാപിച്ചു എന്നതിനേക്കാൾ താങ്കളെ അസ്വസ്ഥനാകുന്നത് കോഴിക്കോട് കോർപറേഷൻ ഭരണം എങ്ങനെ നിലനിർത്താം എന്ന യുക്തി തന്നെയാണ് എന്നു പറഞ്ഞാൽ താങ്കൾ നിഷേധിക്കാൻ ഇടയില്ലെന്നു തോന്നുന്നു. പാർട്ടിയിൽ വിശവാസം അർപ്പിച്ച ആ രണ്ടു കുഞ്ഞാടുകളുടെ ഭവന സന്ദർശനം വഴി മറ്റു രണ്ടു നേതാക്കൾ രാഷ്ട്രീയ നേട്ടം കൊയ്യാൻ ഒരുങ്ങുന്നു എന്ന ഭയം തന്നെയാണ് താങ്കളെ തിരക്ക് പിടിച്ച പത്രസമ്മേളനത്തിലേക്കു നയിച്ചതെന്നതും താങ്കളുടെ വാക്കുളളിൽ നിന്നു തന്നെ വായിച്ചെടുക്കാൻ കഴിയും.

പ്രിയ സഖാവെ, യു എ പി എ ക്കെതിര് എന്നു പറയുകയും സൗകര്യം പോലെ അത് ചിലരുടെ തലയിൽ കെട്ടിവെക്കുകയും ചെയ്യുന്ന ഈ കൂർമ്മബുദ്ധിയൊന്നും ഏറെക്കാലം വേവില്ല. നിങ്ങളുടെ നിലപാടുകൾ ഇതിനകം തന്നെ വ്യക്തമായിക്കഴിഞ്ഞതാണ്. താങ്കൾ തന്നെ പറഞ്ഞത് പോലെ എൻ ഐ എ കുറ്റവിമുക്തരാക്കി വരുന്ന രണ്ടു യുവ രക്തങ്ങൾക്കു വേണ്ടിയുള്ള കാത്തിരിപ്പാണെന്ന് കരുതാൻ നിർവാഹമില്ലാതെ പോകുന്നതിൽ ക്ഷമിക്കണം. കാരണം ഏതൊരു വിപ്ലവ പാർട്ടിയും അധികാരത്തിലെത്തുമ്പോൾ അവർ അന്നു വരെ പറഞ്ഞു നടന്ന കാര്യങ്ങൾ മറക്കും. പാർട്ടിക്കും പ്രസ്ഥാനത്തിനും വേണ്ടി ചോര ചിന്തിയവരെ മറക്കും. അല്ലെങ്കിലും വിപ്ലവാനന്തര വസന്തം നീളുന്നത് വാണിജ്യ ഇടനാഴികളിലേക്കും അവിടെ വിരിക്കേണ്ട ചുവപ്പു പരവതാനികളിലേക്കും ആണല്ലോ. ഇവിടെ മാവോയിസത്തെയും മാവോയിസ്റ്റുകളെയും പ്രകീർത്തിക്കുന്നില്ല. ഇനിയും സാധ്യമാകാത്ത സായുധ വിപ്ലവം സ്വപ്നം കണ്ടു നടക്കുകയാണല്ലോ അവർ. എന്നിരുന്നാലും നിങ്ങളുടെ പാർട്ടി ഓഫിസുകളിൽ നിന്നും എത്ര പെട്ടെന്നാണ് പണ്ട് പാടിപുകഴ്ത്തിയ വിപ്ലവ നക്ഷത്രങ്ങളുടെ ചിത്രങ്ങൾ മാഞ്ഞുപോയതെന്നു ഒരു തിര നോട്ടം നടത്തുന്നത് നന്നായിരിക്കും.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories