TopTop
Begin typing your search above and press return to search.

നരേന്ദ്ര മോദിയുടെ വാക്ചാതുരിക്ക് മങ്ങലേല്‍ക്കുമ്പോള്‍

നരേന്ദ്ര മോദിയുടെ വാക്ചാതുരിക്ക് മങ്ങലേല്‍ക്കുമ്പോള്‍

പ്രധാനമന്ത്രിയുടെ ആരാധകര്‍ നിസ്സംശയമായും ദശലക്ഷങ്ങള്‍ ആണെങ്കില്‍ ദോഷൈകദൃക്കുകള്‍ ലക്ഷങ്ങള്‍ മാത്രമാവും. ആരാധകരും, വിമര്‍ശകരും പക്ഷെ ഒരു കാര്യത്തില്‍ യോജിക്കും; സുള്‍ഫിക്കര്‍ അലി ഭൂട്ടോവിനെ മാറ്റി നിര്‍ത്തിയാല്‍ 1947-നു ശേഷം ദക്ഷിണേഷ്യ കണ്ട ഏറ്റവും വലിയ വാഗ്വിലാസക്കാരന്‍ നരേന്ദ്ര മോദിയാണ്.

തന്റെ കാലത്തിനു പറ്റിയ പ്രാസംഗികന്‍ ആയിരുന്നു ജവഹര്‍ലാല്‍ നെഹ്രു. വാക്കുകള്‍ കൊണ്ടുള്ള മായിക വലയത്തിനു പകരം പ്രചോദനം ആയിരുന്നു അദ്ദേഹത്തിന്റെ രീതി. ഇന്ദിര ഗാന്ധി തന്റെ അവസാന വര്‍ഷങ്ങളില്‍ പൊതു വേദികളില്‍ പ്രസംഗിക്കുന്നതിനുള്ള കഴിവുകള്‍ നേടി. പക്ഷെ ജനങ്ങളെ ഇളക്കി മറക്കുന്ന പ്രാസംഗിക ആയിരുന്നില്ല അവര്‍. അനുയായി വൃന്ദങ്ങളില്‍ അടല്‍ ബിഹാരി വാജ്‌പേയ് ശക്തനായ പ്രാസംഗികന്‍ ആയിരുന്നുവെങ്കില്‍ നരേന്ദ്ര മോദി തന്റെ 'ഭക്തരെ' അനുഗ്രഹീതമായ ഉന്മാദത്തില്‍ നിലനിര്‍ത്തകയും, പ്രത്യേകിച്ച് ആഭിമുഖ്യം ഇല്ലാത്തവരെ സ്വന്തം കൂടാരത്തില്‍ എത്തിക്കുകയും ചെയ്യുന്നതില്‍ അസാധാരണമായ കഴിവുള്ള വ്യക്തിയാണ്.

ഇന്ത്യന്‍ വിജയഗാഥയുടെ പകര്‍പ്പവാകാശം 2014-ഓടെ നരേന്ദ്ര മോദി പൂര്‍ണ്ണമായും കൈയടക്കിയെന്നു നമുക്ക് സമ്മതിക്കേണ്ടി വരും. മഴയത്തും, വെയിലത്തും അതില്‍ ഇപ്പോഴും ഒരു മാറ്റവുമില്ല. പ്രധാനമന്ത്രിയുടെ തന്നിഷ്ട പ്രകാരമുള്ള സന്ദേശങ്ങളെ ചെറുതായി പോലും ഖണ്ഡിക്കാന്‍ പ്രതിപക്ഷ നേതാക്കളുടെ കഴിവില്ലായ്മ വാക്ചാതുരിയുടെ യുദ്ധവേദിയില്‍ മോദിയുടെ ആധിപത്യം വെളിപ്പെടുത്തുന്നു. ദേശീയ ഭാവനകളുടെ മേലുള്ള ഈയൊരു മത്സരത്തില്‍ മോദിക്ക് ഏതെങ്കിലും തരത്തിലുള്ള വെല്ലുവിളി ഉയര്‍ത്തുന്നതില്‍ പ്രതിപക്ഷം ദയനീയ പരാജയമാണെന്നു നമ്മള്‍ കേഴുന്ന സ്ഥിതിയാണ്.

ഉദാഹരണമായി പൊതു പ്രാസംഗികന്‍ എന്ന നിലയില്‍ രാഹുല്‍ ഗാന്ധി തികഞ്ഞ പരാജയമാണെന്നു നമുക്ക് അറിയാം. അദ്ദേഹത്തിന്റെ സഹോദരി പ്രിയങ്ക, ഗൗരവമായ രാഷ്ട്രീയ വ്യക്തിത്വമെന്നതിനു പകരം, ഒരു ട്വീറ്റ്-ജങ്കി മാത്രമാണ്. മറ്റൊരു കോണ്‍ഗ്രസ്സ് നേതാവിനും വേദി ഉപയോഗിക്കാന്‍ അനുവാദവുമില്ല. മമതാ ദീദി പശ്ചിമ ബംഗാളില്‍ മാത്രമായി ഒതുങ്ങി. ഹിന്ദി ബെല്‍റ്റില്‍ പ്രധാനമന്ത്രിയുടെ താളത്തിനെ വെല്ലാന്‍ പറ്റിയ ആരുമില്ല. വാക്ചാതുരിയിലെ അപ്രമാദിത്വം ഇപ്രകാരം ഇളക്കമില്ലാതെ തുടരുമ്പോള്‍ പ്രതിപക്ഷ കക്ഷികള്‍ കര്‍ഷകരെ തെറ്റിദ്ധരിപ്പിച്ചുവെന്നു പ്രധാനമന്ത്രി പരിഭവം പറയുന്നത് അസ്വാഭാവികം മാത്രമല്ല ആകാംക്ഷയുളവാക്കുന്നതുമാണ്. ഭരണം നിയന്ത്രിക്കുന്ന താപ്പാനകളെ അലോസരപ്പെടുത്തുന്ന ഒന്നാണ് ഈ പരിഭവം.

കഴിഞ്ഞ ഞായറാഴ്ച ദേശവ്യാപകമായി ഒരിക്കല്‍കൂടി തന്റെ 'മന്‍ കി ബാത്ത്' പ്രധാനമന്ത്രി അടിച്ചേല്‍പ്പിച്ചപ്പോള്‍ കര്‍ഷകര്‍ അതിനെ പരിഹസിച്ച് പാത്രങ്ങള്‍ മുട്ടിയത് മോദിയുടെ വാചകകസര്‍ത്തിന്റെ വീര്യം കുറയുന്നതിന്റെ ലക്ഷണമായി താപ്പാനകള്‍ക്ക് കരുതേണ്ടി വരുമോ?. വിവാദമായ മൂന്നു കര്‍ഷക ബില്ലുകള്‍ക്ക് അംഗീകാരം നേടുന്നതിനുള്ള മോദിയുടെ ആവര്‍ത്തിച്ചുള്ള ശ്രമങ്ങള്‍ കര്‍ഷകര്‍ തള്ളിക്കളഞ്ഞുവെന്നു മാത്രമല്ല ഈ വിഷയത്തില്‍ മോദിയുമായുള്ള പൊതുജനാഭിപ്രായ യുദ്ധത്തില്‍ അവര്‍ സ്വന്തം നില ഭദ്രമാക്കി.

ബിജെപിയുടെ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയില്‍ 'കാര്‍ഷിക പരിഷ്‌ക്കാരങ്ങള്‍' നടപ്പിലാക്കും എന്നു രേഖപ്പെടുത്തിയതിനാല്‍ ഈ നിയമങ്ങള്‍ പാസ്സാക്കുവാനുള്ള ജനസമ്മതി സര്‍ക്കാര്‍ നേടിയെന്നു പറയുന്ന കൃഷി മന്ത്രി നരേന്ദ്ര സിംഗ് ടോമറിന്റെ വാദം തികച്ചും പരിഹാസ്യമാണ്. 2019-ലെ ലോകസഭ തെരഞ്ഞെടുപ്പ് ബാലാകോട്ടും, പാകിസ്ഥാനും, അതിദേശീയതയും മുസ്ലീം വിരോധവും മാത്രം ആയിരുന്നു. അതിനെ പറ്റി തര്‍ക്കം വേണ്ട. തെരഞ്ഞെടുപ്പില്‍ വിജയം വിമര്‍ശകരുടെയും, എതിരഭിപ്രായക്കാരുടെയും മേല്‍ കുതിര കയറാനുള്ള ലൈസന്‍സുമല്ല. സുതാര്യം, ഉത്തരവാദിത്തം, ന്യായം തുടങ്ങിയ കാര്യങ്ങളില്‍ നിന്നും 'ഭരണാധികാരിയെ' ഒഴിവാക്കുന്ന ഒറ്റ മൂലിയുമല്ല തെരഞ്ഞെടുപ്പു വിജയം.

പാര്‍ലമെന്ററി പ്രക്രിയയുടെ എല്ലാ കീഴ്‌വഴക്കങ്ങളും, ക്രമങ്ങളും ലംഘിച്ചു കൊണ്ട് ഒരു ഞായറാഴ്ച ഈ മൂന്നു നിയമങ്ങളും വായുവേഗത്തില്‍ പാസ്സാക്കിയതിനുള്ള തിടുക്കത്തിന്റെ ആവശ്യകത എന്തായിരുന്നുവെന്നു വിശദീകരിക്കുവാന്‍ ഏതെങ്കിലും കേന്ദ്ര മന്ത്രിക്കോ, ഉയര്‍ന്ന ഉദ്യോഗസ്ഥനോ കൊട്ടാരം ശേവുകക്കാരായ സാമ്പത്തിക ശാസ്ത്രജ്ഞര്‍ക്കോ ഇതുവരെ കഴിഞ്ഞിട്ടില്ല. എന്തൊരു വേഗത. അടല്‍ ബിഹാരി വാജ്‌പേയ് ജീവിച്ചിരുന്നുവെങ്കില്‍ അദ്ദേഹം തീര്‍ച്ചയായും ഇങ്ങനെ പറയുമായിരുന്നു; പരിപ്പില്‍ ചിലത് കറുത്തതാണ്.

സ്ഥിരം തന്ത്രങ്ങള്‍ ഇതുവരെ ഫലം കണ്ടില്ലെന്ന കാര്യമാണ് മോദി ദര്‍ബാറിനെ അലട്ടുന്ന പ്രധാന വിഷയം. പ്രക്ഷോഭത്തിലുള്ള കര്‍ഷകര്‍ക്ക് വിഘടന-വര്‍ഗീയ വാദിത്തിന്റെ നിറം കൊടുക്കാനുള്ള ശ്രമങ്ങള്‍ പരിഹാസ്യമായെന്നു മാത്രമല്ല നാണക്കേടിനും ഇടയാക്കി. മോദിയുടെ വാചക കസര്‍ത്തിന്റെ രഥ യാത്ര പതുക്കെയായി. ചരിത്രപരമായി ഒഴിവാക്കാനാവത്ത ചെറുത്തു നില്‍പ്പാണ് ഇപ്പോള്‍ അരങ്ങേറുന്നത്. ഏതൊരു വാഗ്വിലാസക്കാരനും ഒരു ചെറിയ ന്യൂനപക്ഷത്തിനെ മാത്രമാണ് വിശ്വസിപ്പിക്കാനാവുക. സ്വന്തം ശരികളുടെ ആത്മവിശ്വാസത്തിന്റെ പടച്ചട്ടയുടെ ബലത്തിലാണ് ഇക്കൂട്ടരുടെ നിലനില്‍പ്പ്. സ്വന്തം വാഗ്‌ധോരണിയുടെ ഉത്സാഹവും, മതിഭ്രമങ്ങളും ഉറപ്പിക്കുന്നതിന് താമസിയാതെ ഇക്കൂട്ടര്‍ക്ക് സര്‍ക്കാരിന്റെ സമ്മര്‍ദ്ദ ഉപകരണങ്ങളെ ആശ്രയിക്കേണ്ടി വരും.

വാഗ്‌ധോരണിയുടെ ബലത്തില്‍ ഉയരുന്ന സര്‍വാധിപതിയുടെ പാഠപുസ്തക ശൈലി ഇങ്ങനെ വിശദീകരിക്കാം. സര്‍വാധിപതി തന്റെ ആധിപത്യം ആദ്യം തെരുവില്‍ ഉറപ്പാക്കുന്നു. എതിരാളികളെ ഇല്ലായ്മയാണ് അതിന്റെ ആദ്യപടി. അക്രമി സംഘടങ്ങളുടെ അല്ലെങ്കില്‍ യൂണിഫോമിലുള്ള സേനയുടെ സഹായത്തോടെ നടത്തുന്നതാണ് ഈ പരിപാടി. സര്‍വാധിപതിയുടെ നിയമങ്ങള്‍ക്കും, നയങ്ങള്‍ക്കും എതിരായ എല്ലാ എതിര്‍പ്പുകളും ജുഡീഷ്യറിയുടെ സഹായത്തോടെ നിയമവിരുദ്ധമാക്കുന്നതാണ് രണ്ടാമത്തെ പടി. ഒരു തരത്തിലും നിയമം ചോദ്യം ചെയ്യാതെ അംഗീകരിക്കുന്നതിനുള്ള ലൈസന്‍സായി പാര്‍ലമെന്റിന്റെ അംഗീകാരത്തെ ഉയര്‍ത്തിക്കാട്ടുന്നതാണ് അടുത്ത പടി. എതിരാളികളെ രാക്ഷസീയമായി ചിത്രീകരിക്കുന്നതിനും, വിമര്‍ശനങ്ങളെ കുറ്റകരമാക്കുന്നതിനുമായി ഭരണകൂടത്തിന്റെ പ്രചാരണ സൗകര്യങ്ങള്‍ മുഴുവന്‍ ഉപയോഗപ്പെടുത്തുന്നതാണ് അവസാന പടി.

എല്ലാ സര്‍വാധിപതികളെയെും പോലെ മോദിയും ഒരു വഴിത്തിരിവില്‍ എത്തിയിരിക്കുകയാണ്. സ്വന്തം പ്രതിച്ഛായയെ പറ്റി സ്വയം കെട്ടിപ്പൊക്കിയ -നിശ്ചയദാര്‍ഢ്യം-എന്ന ഇമേജ് പ്രശ്‌നത്തെ കൂടുതല്‍ വഷളാക്കുന്നു. യുപിഎ-പോലെ ഐക്യവും യോജിപ്പുകളുമില്ലാത്ത ഒരു സഖ്യത്തിനെതിരായ തെരഞ്ഞെടുപ്പ് തന്ത്രം എന്ന നിലയില്‍ നിശ്ചയദാര്‍ഢ്യം ശരിയായിരുന്നു. പക്ഷെ കഴിഞ്ഞ എഴു വര്‍ഷത്തെ അനുഭവം കാണിക്കുന്നത് നിശ്ചയദാര്‍ഢ്യവുമായുള്ള ഈ പ്രണയം സല്‍ഭരണത്തിന്റെ മാത്രമല്ല സാധാരണഗതിയിലുള്ള രാഷ്ട്രീയത്തിന്റെയും ശത്രു ആണെന്നാണ്. സര്‍ക്കാര്‍ ഒരിഞ്ചു പോലും പുറകോട്ടു പോകരുതെന്നാണ് മോദി പടയാളികള്‍ വാദിക്കുന്നത്. നിശ്ചയദാര്‍ഢ്യമുള്ള ശക്തമായ സര്‍ക്കാര്‍ ഒരു തീരുമാനമെടുത്താല്‍ അതില്‍ നിന്നും പിന്നോട്ടു പോവുന്ന പ്രശ്‌നമില്ലെന്നാണ് മോദി വാഗ്‌ധോരണയില്‍ ഇപ്പോഴും അഭിരമിക്കുന്നവരുടെ വാദം.

നേരത്തെയുള്ള സ്ഥിരം ആരാധകര്‍ക്കു പുറമെ പുതിയ സാങ്കേതിക വിദഗ്ധ വരേണ്യരുടെ-ഉദ്യോഗസ്ഥ കയറ്റങ്ങളും, കോര്‍പറേറ്റ് ആര്‍ത്തിയും ചേര്‍ന്ന- ഒരു കൂട്ടവും ഇപ്പോള്‍ മോദി സര്‍വാധിപത്യ പദ്ധതിയുടെ ഭാഗമാണ്. സഹജമായ ജനാധിപത്യ വിരുദ്ധത പ്രകടപ്പിക്കുന്നതിനും ഇക്കൂട്ടര്‍ക്ക് മടിയില്ല. നേരത്തെ വളരെ പാടി പുകഴ്ത്തിയിരുന്ന 'ജനകൂട്ടത്തിന്റെ വിവേകം' ഇപ്പോള്‍ വഴി മാറിയിരിക്കുന്നു. അതിനു പകരം 'ദയവായി, വിഷയത്തെ രാഷ്ട്രീയവല്‍ക്കരിക്കരുത്, ദയവായി ഈ വിഷയത്തില്‍ രാഷ്ടീയം കളിക്കാതിരിക്കുക' എന്നിവയാണ് പുതിയ മന്ത്രങ്ങള്‍. ജനങ്ങളുടെ ജീവന്മരണ വിഷയങ്ങളില്‍ തീരുമാനം എടുക്കുന്നതിനുള്ള ലൈസന്‍സ് സ്വയം ഏറ്റെടുത്തതിനു ശേഷമാണ് ഈ ഉദീരണങ്ങള്‍. ഇതിനടിയില്‍ വികസനത്തിന്റെ വാചാടോപങ്ങളുടെ കൊടുങ്കാറ്റ് വിതക്കുന്ന പണി നേതാവ് സന്തോഷകരമായി നടപ്പിലാക്കുന്നു.

ഈ പുതിയ വരേണ്യര്‍ മോദി ഭാവനയെ ഏറ്റെടുത്തിരിക്കുന്നു. 'ശരിയായ' തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ ശേഷിയുള്ള, നിശ്ചയദാര്‍ഢ്യമുള്ള ഒരേയൊരു നേതാവ് മോദി മാത്രമാണെന്ന് അവര്‍ ആവര്‍ത്തിക്കുന്നു. വളരെ സൂക്ഷ്മതയോടെ വളര്‍ത്തിയെടുത്ത പൊങ്ങച്ചത്തിന്റെ വ്യക്തിത്വത്തെ സംബന്ധിച്ചിടത്തോളം ഇത് ഏറെ ആസ്വാദ്യകരമാണ്. ടെക്‌നോക്രാറ്റിക് വരേണ്യരും, കോര്‍പറേറ്റ് ഭീമന്മാരും, മാധ്യമങ്ങളും, രാഷ്ട്രീയ സംവിധാനവും ചേര്‍ന്ന ആര്‍പ്പു വിളികളുടെ ഉച്ചസ്ഥായിയില്‍ 'ശക്തനായ' ഏതൊരു നേതാവിനും ഉണ്ടാവുന്ന-ജനാധിപത്യം സമയം കൊല്ലുന്ന, മുഷിപ്പിക്കുന്ന ഭാരമാണെന്ന- തോന്നലിന്റെ ദശാസന്ധിയിലാണ് പ്രധാനമന്ത്രി. സംഭാഷണം, ചര്‍ച്ച, ഒത്തു തീര്‍പ്പുകള്‍ എന്നിവയാണ് ജനാധിപത്യത്തിന്റെ ഡിസൈന്‍. മെഗലോമാനിയയില്‍ പൂര്‍ണ്ണമായും മുങ്ങിക്കിടക്കുന്ന ഒരു വ്യക്തിത്വത്തിന് ഇക്കാര്യങ്ങള്‍ സ്വാഭാവികമായും ചതുര്‍ത്ഥിയാകും. ജനാധിപത്യത്തെ പറ്റി 'ഡല്‍ഹിയിലെ ചില ആളുകള്‍' തന്നോട് പ്രഭാഷണം നടത്തുന്നത് തനിക്ക് ഇഷ്ടപ്പെടുന്നില്ലെന്ന വാക്കുകള്‍ അദ്ദേഹം ഒരു മുനമ്പിലാണെന്ന സൂചന നല്‍കുന്നു. കര്‍ഷക സമരം ഒരു പക്ഷെ അദ്ദേഹത്തെ മുനമ്പില്‍ നിന്നും താഴെ ഇറക്കുമായിരിക്കും.


Next Story

Related Stories