TopTop
Begin typing your search above and press return to search.

ഇസ്ലാമിക തീവ്രവാദ വിവാദം: സിപിഎം ലക്ഷ്യം മധ്യവര്‍ഗ ഹിന്ദു വിഭാഗത്തെ തിരികെ പിടിക്കൽ

ഇസ്ലാമിക തീവ്രവാദ വിവാദം: സിപിഎം ലക്ഷ്യം മധ്യവര്‍ഗ ഹിന്ദു വിഭാഗത്തെ തിരികെ പിടിക്കൽ

മാവോയിസ്റ്റുകള്‍ക്ക് പിന്തുണ നല്‍കുന്നത് ഇസ്ലാമിക തീവ്രവാദികളാണെന്ന സിപിഎം നേതാക്കളുടെ പ്രസ്താവനയ്ക്ക് പിന്നില്‍ പാര്‍ട്ടിയില്‍നിന്ന് അകന്നുപോയ ഹിന്ദു മധ്യവര്‍ഗ വിഭാഗങ്ങളെ തിരികെ പിടിക്കുകയെന്ന ലക്ഷ്യമാണെന്ന് സൂചന. കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്റെ പ്രസ്താവന ചര്‍ച്ചയാക്കാന്‍ സിപിഎം നേതാക്കള്‍ തീരുമാനിച്ചതിന് പിന്നില്‍ ഈ ഒരു ലക്ഷ്യം കൂടി ഉണ്ടെന്നാണ് വ്യക്തമാകുന്നത്. ഇങ്ങനെ ചെയ്യുന്നത് ന്യൂനപക്ഷങ്ങളുടെ ഇടയില്‍നിന്ന് തിരിച്ചടിയുണ്ടാക്കുമെന്നും പാര്‍ട്ടി കരുതുന്നില്ല. കഴിഞ്ഞവര്‍ഷം ശബരിമല കലാപത്തോടെ, നേരത്തെ ഇടതുപക്ഷത്തോടൊപ്പമുണ്ടായിരുന്ന ഒരു വിഭാഗം ഹിന്ദുക്കള്‍ കോണ്‍ഗ്രസിലേക്കും ബിജെപിയിലേക്കും മാറിയെന്നാണ് സിപിഎമ്മിന്റെ കണക്കുകൂട്ടല്‍. ഇതാണ് കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിച്ചത്. ശബരിമലയിലെ അവ്യക്തമായ സുപ്രീം കോടതി വിധി മറ്റൊരു വലിയ പ്രതിസന്ധിയില്‍നിന്ന് സിപിഎമ്മിനെ രക്ഷിക്കുകയും ചെയ്തിരിക്കുന്നു. വിധിയിലെ അവ്യക്തത എന്ന വാദം ഉയര്‍ത്തി കഴിഞ്ഞ തവണത്തെ നിലപാടില്‍നിന്ന് പിന്നാക്കം പോകാന്‍ പാര്‍ട്ടിക്കും സര്‍ക്കാരിനും സാധിച്ചു. കഴിഞ്ഞ തവണ ആർഎസ്എസ്സുകാരാണ് യുവതികളെ ശബരിമലയിൽ തടഞ്ഞതെങ്കിൽ ഇത്തവണ സർക്കാർ തന്നെ ആ ഉത്തരവാദിത്തം പൊലീസിനെ ഏൽപ്പിച്ചിരിക്കയാണ്. ഈ നിലാപാട് മാറ്റത്തോടൊപ്പം ഇസ്ലാമിക തീവ്രവാദ-മാവോയിസ്റ്റ് സഖ്യമെന്ന പ്രചാരണം പാർട്ടിയിൽനിന്ന് അകന്നുപോയ ഹിന്ദുവിഭാഗങ്ങളെ തിരികെയെത്തിക്കുമെന്ന പ്രതീക്ഷയിലാണ് സിപിഎം നേതാക്കൾ.

ഇനി വേണ്ടത് അകന്നു പോയ മധ്യ വര്‍ഗ ഹിന്ദു വോട്ടുകള്‍ തിരികെ പിടിക്കുകയെന്നതാണ്. അതിന് പറ്റിയ വിഷയമാണ് മാവോയിസവും ഇസ്ലാമിക തീവ്രവാദവുമെന്നാണ് കണക്കുകൂട്ടല്‍. ഇങ്ങനെ ചെയ്യുന്നതിനെ ഇസ്ലാം വിരുദ്ധമായി അവതരിപ്പിക്കാന്‍ ശ്രമം നടക്കുന്നുണ്ടെങ്കിലും മുസ്ലീം വോട്ടര്‍മാര്‍ക്കിടയില്‍ അതിന് കാര്യമായ സ്വാധീനം ചെലുത്താനും കഴിയില്ലെന്നാണ് സിപിഎമ്മിന്റെ കണക്കൂകൂട്ടല്‍. ദേശീയ തലത്തില്‍ ഹിന്ദുത്വ മുന്നേറ്റം നടക്കുമ്പോള്‍ അതിനെതിരെ ഇപ്പോഴും നിലപാടെടുക്കുന്നത് ഇടതുപാര്‍ട്ടികള്‍ മാത്രമാണെന്നും അതുകൊണ്ട് തന്നെ രാഷ്ട്രീയാവസ്ഥ കണക്കിലെടുത്ത് വോട്ട് ചെയ്യുന്ന മുസ്ലീങ്ങള്‍ തങ്ങളെ കൈയൊഴിയില്ലെന്ന് മാത്രമല്ല, കൂടുതല്‍ പേര്‍ അടുക്കാനും സാധ്യതയുണ്ടെന്നുമാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. അയോധ്യ വിധി വന്നതിന് ശേഷം സിപിഎം മാത്രമാണ് കോടതി വിധിയെ വിമര്‍ശിച്ച് രംഗത്തുവന്ന പാര്‍ട്ടി. മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് എഴുതിയ ലേഖനത്തില്‍ സുപ്രീം കോടതി പോലും ഹിന്ദുത്വ ആശയങ്ങളുടെ സ്വാധീനത്തില്‍പെട്ടെന്നാണ് എഴുതിയത്. അതേസമയം കോണ്‍ഗ്രസ് ആവട്ടെ അയോധ്യവിധിയെ സ്വാഗതം ചെയ്യുകയും രാമക്ഷേത്രനിര്‍മ്മാണത്തിന് അനുകൂലവുമാണെന്ന നിലപാടാണ് സ്വീകരിച്ചത്. ഇതുകൊണ്ടൊക്കെ തന്നെ മുസ്ലീം തീവ്രവാദത്തെകുറിച്ച് പറയുമ്പോള്‍ അത് മുസ്ലീങ്ങള്‍ക്ക് എതിരാണെന്ന വാദം കേരളത്തില്‍ വിലപോകില്ലെന്നുമാണ് സിപിഎമ്മിന്റെ പ്രതീക്ഷ. ഗ്രോ വാസുവിനെ പോലെ തുടക്കകാലം മുതല്‍ നക്‌സലൈറ്റ് പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്ന നേതാക്കള്‍ ഇപ്പോള്‍ എസ്ഡിപിഐയുമായി സഹകരിക്കുന്നുവെന്നതാണ് ഇസ്ലാമിസ്റ്റ് മാവോയിസ്റ്റ് ബന്ധത്തിന്റെ തെളിവായി സിപിഎം ഉയര്‍ത്തിക്കാട്ടുന്നത്. എസ്ഡിപിഐയുടെ തൊഴിലാളി സംഘടനയുടെ നേതാവാണ് ഗ്രോ വാസു. മനുഷ്യവാകാശ പ്രവര്‍ത്തകരില്‍ ചിലരുടെ നിലപാടും ഇതിന് 'തെളിവായി' സിപിഎം ഉപയോഗിക്കും. സിപിഎമ്മിന്റെ ഇസ്ലാമിക തീവ്രവാദ വിരുദ്ധ നിലപാടിനെ തങ്ങള്‍ക്ക് അനുകൂലമാക്കാനുളള നീക്കമാണ് ബിജെപി നടത്തുന്നത്. ആദ്യം സിപിഎമ്മിന്റെ പ്രസ്താവനയെ സ്വാഗതം ചെയ്യുകയാണ് ബിജെപി നേതാക്കള്‍ ചെയ്തത്. ഇത് കോണ്‍ഗ്രസുകാരെയും സന്തോഷിപ്പിച്ചു. എന്നാല്‍ ഇസ്ലാം തീവ്രവാദത്തിനെതിരായ വികാരത്തിന്റെ ഗുണഭോക്താക്കള്‍ സിപിഎം ആകുന്നത് ബിജെപിയ്ക്ക് ദോഷം ചെയ്യുമെന്ന തോന്നല്‍ ചില ബിജെപി നേതാക്കള്‍ക്കുമുണ്ട്. ആദ്യം സിപിഎമ്മിന്റെ പ്രസ്തവനകള്‍ സ്വാഗതം ചെയ്ത ബിജെപി നേതാക്കളില്‍ ചിലര്‍ പിന്നീട് നിലപാടില്‍ മാറ്റം വരുത്തിയത് ഇതിന്റെ കൂടെ കണക്കുകൂട്ടലുകളുടെ അടിസ്ഥാനത്തിലാണ്. എന്‍ഡിഎഫിനും എസ്ഡിപിഐയ്ക്കുമെതിരായ സിപിഎം നിലപാടിൽ ആത്മാര്‍ത്ഥതയില്ലെന്ന കെ സുരേന്ദ്രന്റെ പ്രസ്താവന ഇതിന്റെ ഭാഗമാണ്. ശബരിമല കലാപത്തോടെ നഷ്ടമായ ഹിന്ദുവോട്ടുകള്‍, തിരിച്ചുപിടിക്കാന്‍ സിപിഎം നടത്തുന്ന നീക്കത്തെ തിരിച്ചറിഞ്ഞ് എതിര്‍ക്കുകയും തുറന്നുകാട്ടുകയും ചെയ്യണമെന്നതാണ് ബിജെപിയിലെ ഒരു വിഭാഗം കരുതുന്നത്. അതിനനുസരിച്ചുള്ള പ്രതികരണമായിരിക്കും ഇനി ബിജെപി നേതാക്കളില്‍നിന്നുണ്ടാവാന്‍ സാധ്യത. മോഹനന്റെയും മറ്റ് സിപിഎം നേതാക്കളുടെയും മാവോയിസ്റ്റ്- ഇസ്ലാമിക തീവ്രവാദ പ്രസ്താവനയെ പിന്‍പറ്റിയതുകൊണ്ട് പാര്‍ട്ടിക്ക് പ്രത്യേകിച്ച് നേട്ടമൊന്നുമുണ്ടാകില്ലെന്നും അത് സിപിഎമ്മിന് മാത്രമാണ് ഗുണം ചെയ്യുകയെന്നതുമാണ് ബിജെപി നേതാക്കളില്‍ ചിലരുടെ അഭിപ്രായം അതേസമയം കക്ഷിരാഷ്ട്രീയ കളികളില്‍ ഗുണം ചെയ്‌തേക്കുമെങ്കിലും കേരളത്തില്‍ ഇസ്ലാമിക തീവ്രവാദത്തിന്റെ ഭീഷണിയെ പര്‍വതീകരിച്ച് അവതരിപ്പിക്കുന്നത് ഹിന്ദുത്വ തീവ്രവാദത്തെ സഹായിക്കുക മാത്രമെ ചെയ്യുവെന്ന് കരുതുന്നവര്‍ സിപിഎമ്മിലുണ്ട്. ഹിന്ദുത്വ തീവ്രവാദത്തെ ശക്തമായി എതിര്‍ക്കേണ്ട സമയത്ത് മുസ്ലീം സമുദായത്തെ പ്രതിരോധത്തിലാക്കുന്ന, പ്രത്യേകിച്ച് തെളിവുകളൊന്നുമില്ലാത്ത പ്രസ്തവന നടത്തുന്നത് വഴി, കേരളത്തിലെ ഏറ്റവും വലിയ ഹിന്ദു പാര്‍ട്ടിയാണെന്ന് അധിക്ഷേപത്തിന് വീണ്ടും വഴിയൊരുക്കുകയാണ് പാര്‍ട്ടി ചെയ്യുന്നതെന്നും ചില പാര്‍ട്ടി സഹയാത്രികര്‍ക്ക് തന്നെ അഭിപ്രായമുണ്ട്. എന്നാല്‍ തല്‍ക്കാലം ഇത്തരം നിലപാടുകള്‍ക്ക് സി പി എം ചെവികൊടുക്കാതിരിക്കാനാണ് സാധ്യത. അതുകൊണ്ട് തന്നെ ഇസ്ലാമിക തീവ്രവാദ മാവോയിസ്റ്റ് ബന്ധം സംബന്ധിച്ച ചര്‍ച്ച സിപിഎം സജീവമാക്കി നിലനിര്‍ത്തിയേക്കും.


Next Story

Related Stories