TopTop
Begin typing your search above and press return to search.

അമിത് ഷാ, ശോഭ കരന്തലജെ, ഇപ്പോള്‍ മനേകാ ഗാന്ധിയും; മലപ്പുറത്തെ പാക്കിസ്ഥാനും ക്രിമിനല്‍ ദേശവുമാക്കുന്ന സംഘപരിവാര്‍ വിദ്വേഷ നുണ തുടരുന്നു

അമിത് ഷാ, ശോഭ കരന്തലജെ, ഇപ്പോള്‍ മനേകാ ഗാന്ധിയും; മലപ്പുറത്തെ പാക്കിസ്ഥാനും ക്രിമിനല്‍ ദേശവുമാക്കുന്ന സംഘപരിവാര്‍ വിദ്വേഷ നുണ തുടരുന്നു

മനേകാ ഗാന്ധിക്ക് മൃഗങ്ങളോടുള്ള സ്നേഹവും കരുതലുമൊക്കെ പുതിയ കാര്യമൊന്നുമല്ല. അതുകൊണ്ടു തന്നെ സ്‌ഫോടക വസ്തു നിറച്ച പൈനാപ്പിൾ കടിച്ചു ആന ചെരിഞ്ഞതിൽ അവർ സഹതപിക്കുകയും രോക്ഷം കൊള്ളുകയുമൊക്കെ ചെയ്യുന്നത് തികച്ചും സ്വാഭാവികം. സത്യത്തിൽ 'മൃഗ സ്‌നേഹി' ലേബൽ പേറുന്ന മനേകാ ഗാന്ധിയെ മാത്രമല്ല ആ പാവം ആനയുടെ ദാരുണ മരണം നടുക്കിയതും അതിനെതിരെ പ്രതികരിക്കാൻ ഇടയാക്കിയതും. ഒരു പക്ഷെ കൃഷി നശിപ്പിക്കാനെത്തുന്ന കാട്ടു പന്നിയെയോ മറ്റോ അപായപ്പെടുത്താൻ ഒരുക്കിയ കെണിയാവാം ആനയുടെ അത്യന്തം ദാരുണമായ അന്ത്യത്തിന് ഇടയാക്കിയത്. എന്നാൽ ഇത്തരം നിർദോഷം എന്നു തോന്നിക്കാവുന്ന വാദങ്ങൾ കൊണ്ട് ന്യായീകരിക്കാൻ പോന്ന ഒന്നല്ല ആ കൊലപാതകം. ആനയുടെ ദാരുണ കൊലപാതകത്തിന് ഉത്തരവാദികൾ ആര് തന്നെയായാലും അവർ ശിക്ഷിക്കപ്പെടുക തന്നെ ചെയ്യും എന്ന കാര്യത്തിൽ തർക്കമില്ല. കാരണം അത്രയ്ക്ക് കർക്കശമാണ് നമ്മുടെ വന നിയമം.

എന്നാൽ താൻ ഏറെക്കാലമായി എടുത്തണിഞ്ഞിട്ടുള്ള 'മൃഗ സ്‌നേഹി ' ലേബലിന്റെ ബലത്തിൽ മുൻ കേന്ദ്ര മന്ത്രിയും നിലവിൽ എം പി യുമായ മനേകാ ഗാന്ധി ചീറ്റിയ വർഗീയ വിഷത്തിനു എന്താണ് പ്രതിവിധി? സ്ഫോടക വസ്തു നിറച്ച പഴം കഴിച്ചു ആന കൊല്ലപ്പെടാൻ ഇടയാക്കിയ സംഭവം പാലക്കാട് ജില്ലയിലാണ് ഉണ്ടായതെങ്കിലും പ്രസ്തുത സംഭവം മലപ്പുറം ജില്ലയുടെ തലയിൽ കെട്ടിവെക്കുക വഴി മനേകാ ഗാന്ധി തന്റെ ഉള്ളിൽ കുടികൊള്ളുന്ന വർഗീയ വിഷത്തിന്റെ അളവ് എത്രകണ്ട് വലുതാണെന്ന് വ്യക്തമാക്കിയിരിക്കുന്നു. സംഭവം നടന്നത് പാലക്കാടു ജില്ലയിലാണെന്നും മലപ്പുറത്തല്ലെന്നും വ്യക്തമാക്കപ്പെട്ടിട്ടും തന്റെ പ്രസ്താവന തിരുത്താൻ തയ്യാറാവാത്തതിൽ നിന്നും അവരുടെ ഇസ്ലാമോഫോബിയ മാത്രമല്ല വെളിപ്പെടുന്നത്. പുറത്തു വരുന്ന ഇസ്ലാമോഫോബിയക്കൊപ്പം മൃഗ സ്നേഹം പ്രസംഗിക്കുന്ന അവർ ഉള്ളിന്റെ ഉള്ളിൽ എത്രകണ്ട് മനുഷ്യ വിരോധി കൂടി ആണെന്ന സത്യവും ഇതോടെ വെളിപ്പെട്ടിരിക്കുന്നു.

മലപ്പുറം ജില്ലക്കാർ ക്രിമിനൽ സ്വഭാവം ഉള്ളവരാണെന്ന മനേകാ ഗാന്ധിയുടെ പ്രസ്താവന പരിശോധിച്ചാൽ വ്യക്തമാകുന്നത് കാലങ്ങളായി സംഘ പരിവാർ സംഘടനകൾ നടത്തിവരുന്ന പ്രചാര വേലയിൽ അവരും കണ്ണിചേർന്നിരിക്കുന്നു എന്നു തന്നെയാണ്. ചരിത്രത്തെ വളച്ചൊടിച്ചും കൃത്രിമ ചരിത്രം രചിച്ചുമാണ് സംഘപരിവാർ കേരളത്തിലെ മലപ്പുറം എന്ന ഒരു ദേശത്തെ ക്രിമിനലുകളും, ഇസ്‌ലാമിക ഭീകരവാദികളും, ദേശ വിരുദ്ധരായ മുസ്ലിമുകളും വസിക്കുന്ന നാടായി എന്നും ചിത്രീകരിക്കാൻ ശ്രമിച്ചു പോന്നിട്ടുള്ളത്. ടിപ്പുവിന്റെ പടയോട്ടവും, ഇസ്ലാമിലേക്കുള്ള മത പരിവർത്തനവും 1921 ലെ മലബാർ ലഹളയും 1947 ൽ നടന്ന അങ്ങാടിപ്പുറം നരസിംഹൻ വധവും മാത്രമല്ല ഇന്ത്യ വിഭജിക്കപ്പെട്ടപ്പോൾ പാക്കിസ്ഥാനായി മാറിയ പ്രദേശങ്ങളിൽ കുടുങ്ങിപ്പോയി പിന്നീട് തിരിച്ചുവന്ന മലയാളികളിൽ ഭൂരിഭാഗം പേരും മലപ്പുറം ജില്ലക്കാർ ആയിരുന്നുവെന്നതും സംഘപരിവാർ പണ്ടെന്നപോലെ ഇന്നും തങ്ങളുടെ മലപ്പുറം വിരുദ്ധ, മുസ്ലിം വിരുദ്ധ പ്രചാരവേലക്കു ഉപയോഗിക്കുന്നുണ്ട്. നരസിംഹൻ എന്ന ഉണ്ണീൻ ഹാജിയുടെ വധം ഒരു ഒറ്റപ്പെട്ട സംഭവം ആയിരുന്നുവെന്നും ടിപ്പുവിന്റെ പടയോട്ടം പാലക്കാടു വെച്ച് തന്നെ അവസാനിച്ചിരുന്നുവെന്നതും 1921 ലേതു പ്രധാനമായും ബ്രിട്ടീഷ് വിരുദ്ധമായിരുന്നുവെന്നും അതോടൊപ്പം ജന്മി വ്യവസ്ഥക്കെതിരെയുള്ള കാർഷിക കലാപവും ഉയർന്നുവരികയായിരുന്നുവെന്നുമുള്ള ചരിത്ര പണ്ഡിതന്മാരുടെ കണ്ടെത്തലുകളെ പാടെ അവഗണിച്ചു കൊണ്ടുള്ളതാണ് സംഘ കേന്ദ്രങ്ങളുടെ മലപ്പുറം ചരിതം. പിന്നീട് മലപ്പുറം ജില്ലയുടെ രൂപീകരണത്തോടുകൂടി ജില്ലയിൽ അധിവസിക്കുന്നവരിൽ ഭൂരിഭാഗവും മുസ്ലീങ്ങളാകയാൽ 'മാപ്പിള ജില്ല' എന്നൊരു പരിഹാസ പേരുകൂടി നല്കീ, അവർ.

രാഹുല്‍ ഗാന്ധി വയനാട്ടിൽ മത്സരിച്ച വേളയിൽ മലപ്പുറത്തെ മിനി പാകിസ്ഥാൻ എന്നു വിശേഷിപ്പിച്ചത് അമിത് ഷാ ആയിരുന്നു. കേരളത്തിലെ അടക്കം മുഴുവൻ സംഘി നാവുകളും അതേറ്റുപാടി. പിന്നീട് സാധുക്കളായ ഹിന്ദുക്കൾക്ക് മാപ്പിളമാർ കുടിവെള്ളം നിഷേധിക്കുന്നു എന്നൊരു കള്ളക്കഥ മെനഞ്ഞു കർണാടകയിലെ ഉഡുപ്പിയിൽ നിന്നുള്ള ബി ജെ പി എം പി ശോഭ കരാന്തലജെ. കേരളത്തിലെ ബി ജെ പി നേതാവ് ശോഭ സുരേന്ദ്രൻ അടക്കമുള്ളവർ അതും ഏറ്റുപാടി. ഇപ്പോൾ ഇതാ മലപ്പുറം വിരുദ്ധ നുണയുമായി മനേകാ സഞ്ജയ് ഗാന്ധിയും അവരുടെ വഴിയേ...an

മനേകാ ഗാന്ധിയുടെ മലപ്പുറം വിരുദ്ധ നുണക്കു പിന്നിൽ ചില ഗൂഢ രാഷ്ട്രീയ ലക്ഷ്യങ്ങൾ കാണുന്നവരുണ്ട്. അതിൽ പ്രധാനം തന്നെയും മകൻ വരുൺ ഗാന്ധിയെയും തീർത്തും അവഗണിക്കുന്ന മോദിയുടെയും അമിത് ഷായുടെയും പ്രീതി തിരിച്ചുപിടിക്കുക എന്നതാണ്. ഇതിനെ പാടെ തള്ളിക്കളയാനാവില്ല. കാരണം അമ്മയും മകനും ഇപ്പോൾ പാർട്ടിയിൽ കാര്യമായ റോളൊന്നുമില്ല.

പക്ഷെ മാഡം മനേകാ സഞ്ജയ് ഗാന്ധി, പാർട്ടി ബോസ്സുമാരുടെ പ്രീതി പിടിച്ചു പറ്റാൻ വേണ്ടിയാണെങ്കിൽ പോലും ഇത്തരം നട്ടാൽ കുരുക്കാത്ത നുണകൾ പറയുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന നിങ്ങളെ പോലുള്ളവർ കുറച്ചുകാലം മലപ്പുറത്ത് വന്നു താമസിക്കണം. അപ്പോൾ അനുഭവബോധ്യമാകും മലപ്പുറത്തെ, നിങ്ങളിപ്പോൾ ക്രിമിനലുകൾ എന്നു വിളിച്ചു ആക്ഷേപിക്കുന്ന മനുഷ്യരുടെ സ്നേഹവും ദയയും കാരുണ്യവുമൊക്കെ. മലപ്പുറത്തിന്റെ ഓരോ മുക്കും മൂലയും തൊട്ടറിഞ്ഞ , അവിടുത്തെ മനുഷ്യരുടെ സ്നേഹവും കരുതലും അനുഭവിച്ചറിഞ്ഞ അമുസ്ലീമായ ഒരു പത്രപ്രവർത്തകൻ എന്ന നിലയിൽ ഞാൻ താങ്കളെ ക്ഷണിക്കുകയാണ്. മാഡം, താങ്കൾ ഒരിക്കലെങ്കിലും മലപ്പുറത്ത് വന്നു കാര്യങ്ങൾ ശരിയാം വണ്ണം മനസ്സിലാക്കണം .


Next Story

Related Stories