TopTop
Begin typing your search above and press return to search.

ജനിതക ഘടനയില്‍ അഭിരമിക്കുന്നത് പൊള്ളയായ ദേശീയത, കമലാ ഹാരിസിന്റെ ഇന്ത്യയോടുള്ള സമീപനത്തെ സ്വാധീനിക്കുക നമ്മുടെ സമ്പദ് വ്യവസ്ഥ-ശേഖര്‍ ഗുപ്ത എഴുതുന്നു

ജനിതക ഘടനയില്‍ അഭിരമിക്കുന്നത് പൊള്ളയായ ദേശീയത, കമലാ ഹാരിസിന്റെ ഇന്ത്യയോടുള്ള സമീപനത്തെ സ്വാധീനിക്കുക നമ്മുടെ സമ്പദ് വ്യവസ്ഥ-ശേഖര്‍ ഗുപ്ത എഴുതുന്നു
കമല ഹാരിസിനെ വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്കു ജോ ബിഡനും സംഘവും തിരഞ്ഞെടുത്തത് ഇന്ത്യയില്‍ വലിയ ആവേശത്തിനു വഴി തെളിച്ചിരിക്കുകയാണ്. അവര്‍ പകുതി ഇന്ത്യക്കാരിയാണ്, പകുതി ജമൈക്കനും. ഇപ്പോള്‍ മൊത്തത്തില്‍ ഒരു അമേരിക്കക്കാരിയും. ചോദ്യമിതാണ്, ഇന്ത്യക്കാരിയാണെന്നുള്ളതു കൊണ്ട് അവര്‍ ഇന്ത്യയെ കൂടുതല്‍ പിന്തുണക്കുമോ? അതോ താന്‍ അമേരിക്കക്കാരെക്കാൾ കൂടുതൽ അമേരിക്കന്‍ ആണെന്ന് തെളിയിക്കാന്‍ ഇന്ത്യയോട് ...

ഇത് പോലുള്ള മികച്ച ഫീച്ചറുകള്‍, ലേഖനങ്ങള്‍, അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍, അഭിമുഖങ്ങള്‍ എന്നിവ സാധ്യമാവണമെങ്കില്‍ നിങ്ങളുടെ പിന്തുണ കൂടിയേ തീരൂ. അഴിമുഖം പ്ലസിന്റെ വരിക്കാരാകൂ.

നിര്‍ഭയ മാധ്യമപ്രവര്‍ത്തനത്തെ പിന്തുണയ്ക്കൂ

Support Azhimukham >


കമല ഹാരിസിനെ വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്കു ജോ ബിഡനും സംഘവും തിരഞ്ഞെടുത്തത് ഇന്ത്യയില്‍ വലിയ ആവേശത്തിനു വഴി തെളിച്ചിരിക്കുകയാണ്. അവര്‍ പകുതി ഇന്ത്യക്കാരിയാണ്, പകുതി ജമൈക്കനും. ഇപ്പോള്‍ മൊത്തത്തില്‍ ഒരു അമേരിക്കക്കാരിയും. ചോദ്യമിതാണ്, ഇന്ത്യക്കാരിയാണെന്നുള്ളതു കൊണ്ട് അവര്‍ ഇന്ത്യയെ കൂടുതല്‍ പിന്തുണക്കുമോ? അതോ താന്‍ അമേരിക്കക്കാരെക്കാൾ കൂടുതൽ അമേരിക്കന്‍ ആണെന്ന് തെളിയിക്കാന്‍ ഇന്ത്യയോട് ശത്രുതാപരമായ നിലപാട് സ്വീകരിക്കുമോ? ഈ ആഴ്ച നമ്മള്‍ ചര്‍ച്ച ചെയ്യാന്‍ പോകുന്നത് ഈ പൊള്ളയായ വാദങ്ങളാണ്

ഇത്തരത്തില്‍ ആഗോളവത്കൃത ജനിതക മിശ്രിതമുള്ള ആരെങ്കിലും പ്രശസ്തമാകുമ്പോഴെല്ലാം, നമ്മള്‍ ഇന്ത്യക്കാര്‍ അത് നമ്മളുടെ മിടുക്കായി കണ്ട് അഭിമാനിക്കാറുണ്ട്, പ്രത്യേകിച്ചും മറ്റേയാള്‍ ഒരു ചെറിയ രാജ്യത്ത് നിന്നുമാണ് വരുന്നതെങ്കില്‍. മുന്‍പ് സുനിത വില്യംസ്, ഇപ്പോള്‍ കമലാ ഹാരിസ്. അതൊരു ഇന്ത്യക്കാരനാണെങ്കില്‍ അയാള്‍ ഏതു തലമുറയില്‍ പെടുന്ന ആളും ആയിക്കൊള്ളട്ടെ അയാള്‍ ശക്തനും, സമ്പന്നനും, പ്രശസ്തനും ആണെങ്കില്‍ അയാള്‍ നമ്മുടെ സ്വന്തം ആളുതന്നെയാണ് നമുക്ക്.

മോണ്ടെക് സിംഗ് അലുവാലിയ ഒരിക്കല്‍ പറയുകയുണ്ടായി ഒരു ക്രിക്കറ്റ് കളിയില്‍ ബാറ്റു ചെയ്യുന്നതിനും ബോള്‍ ചെയ്യാനുമൊക്കെയായി കളിക്കളത്തില്‍ എല്ലായ്പ്പോഴും ആളുകള്‍ ഉണ്ടാകും എന്നാല്‍ ചിലപ്പോള്‍ ചില സാഹചര്യങ്ങളില്‍ കാണികളുടെ കൂട്ടത്തില്‍ നിന്നും ചിലര്‍ ആരെങ്കിലും ഒരു സെഞ്ച്വറി അടിക്കുമ്പോള്‍ മൈതാനത്തേക്കു ചാടി വീഴും. നമ്മള്‍, ഇന്ത്യക്കാര്‍ പലപ്പോഴും അങ്ങനെയാണ്.

1968ല്‍ ഹർ ഗോവിന്ദ് ഖൊറാന വൈദ്യ ശാസ്ത്രത്തില്‍ നോബല്‍ സമ്മാനം നേടിയപ്പോള്‍ ഞാന്‍ പാനിപ്പത്തിലെ സനാതന ധര്‍മ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ഒന്‍പതാം ക്ലാസില്‍ പഠിക്കുകയായിരുന്നു. വാര്‍ത്തയറിഞ്ഞതും അദ്ദേഹം ഇന്ത്യക്കാരനാണെന്ന് പറഞ്ഞു ഞങ്ങള്‍ ബഹളം കൂട്ടാന്‍ തുടങ്ങി. അന്നത്തെ ദിവസം ഞങ്ങളുടെ സയന്‍സ് അദ്ധ്യാപകന്‍ വളരെ സന്തോഷത്തോടെ ഞങ്ങളുടെ ക്ലാസ്സിലേക്ക് പറയുകയുണ്ടായി, നോബല്‍ സമ്മാന ജേതാവ് ഖൊറാന തന്‍റെ സഹപാഠി മാത്രമായിരുന്നില്ല അവര്‍ രണ്ടുപേരില്‍ ഏറ്റവും മിടുക്കന്‍ താന്‍ ആയിരുന്നുവെന്ന്. ചില കുടുംബ പ്രശ്നങ്ങള്‍ കാരണം അദ്ദേഹത്തിനു തുടര്‍ന്ന് പഠിക്കുന്നതിന് അമേരിക്കയിലേക്ക് പോകാന്‍ കഴിഞ്ഞില്ല, അതെ സമയം ഖൊറാന 1966 ആയപ്പോഴേക്കും അമേരിക്കന്‍ പൗരത്വം സ്വീകരിച്ചു കഴിഞ്ഞിരുന്നു.

നമ്മള്‍ ഇന്ത്യക്കാര്‍ക്ക് ഒരു വലിയ ജീന്‍ പൂള്‍ ഉണ്ട് അത് ലോകത്തിന്‍റെ പലയിടങ്ങളിലായി ചിതറി കിടക്കുന്നു. അതൊരു മഹത്തായ കാര്യമാണ്. പക്ഷേ, നമ്മളപ്പോള്‍ വിദേശികള്‍ ആയി മാറുന്നു. റിഷി സുനാക്കിനെയും പ്രീതി പട്ടേലിനെയും ബ്രിട്ടൻ ആദ്യം ഇന്ത്യക്കാരായി കാണണോ? അപ്പോള്‍ അമേരിക്കയില്‍ ബോബി ജിൻഡാൽ, നിക്കി ഹേലി, നിഷ ബിശ്വാൾ, റിച്ചാർഡ് വർമ്മ എന്നിവരെയോ? എന്നിരുന്നാലും ലണ്ടനിലെ മേയര്‍ സാദിഖ് ഖാൻ ഒരു പാകിസ്ഥാനിയാണെന്ന് നാം അടിയുറച്ചു വിശ്വസിക്കുന്നു.

വിദേശിയായ ഒരു ഇന്ത്യന്‍ വ്യക്തിത്വം തന്‍റെ മാതൃ രാജ്യത്തിന്‍റെ ചിന്തകളും വിശ്വാസങ്ങളും മറ്റും വെച്ചു പുലര്‍ത്തണമെന്ന നമ്മുടെ മുന്‍വിധി ഒരര്‍ഥത്തില്‍ ഒരു ചെറിയ ദേശീയത സങ്കല്പമാണ്. ആണവ ശക്തികളായ വന്‍ രാജ്യങ്ങള്‍ പോലും അത്തരം ചിന്തകള്‍ കൊണ്ട് നടക്കുന്നു എന്നത് ദൗര്‍ഭാഗ്യകരമാണ്.

പല പാകിസ്ഥാനികളും ഇന്ത്യക്കാരും കരുതുന്നത് ഇലാന്‍ ഒമർ മുസ്ലീം ആയതിനാൽ കശ്മീർ പാകിസ്ഥാനിലേക്ക് പോകണമെന്നാണ് ആഗ്രഹിക്കുന്നത് എന്നാണ്. അതേപോലെ ബരാക് ഒബാമയുടെ മധ്യനാമമായ ഹുസൈന് പ്രത്യേക പ്രാധാന്യം നൽകുക. നമ്മുടെ ബാറ്റ്സ്മാന്മാരെ പുറത്താക്കിയാല്‍ മോയിൻ അലിയെയോ അല്ലെങ്കിൽ മോണ്ടി പനേസറിനെയോ'ഗദ്ദർ' അഥവാ രാജ്യദ്രോഹി എന്ന് വിളിക്കുക. തീർച്ചയായും, ചാൾസ് ശോഭരാജ് ഫ്രഞ്ചുകാരനാകാൻ നമ്മള്‍ ആഗ്രഹിക്കുന്നു!

ആരാണ് ഇന്ത്യന്‍ അനുകൂലികൾ അല്ലെങ്കിൽ ഇന്ത്യ വിരുദ്ധർ എന്നുള്ള ഈ മനോഭാവം അമേരിക്കക്കാരായ പൊതു വ്യക്തിത്വങ്ങളില്‍ എത്തുമ്പോള്‍ കൂടുതല്‍ പ്രകടമാണ്. ഇക്കാരണത്താല്‍ അമേരിക്കന്‍ പ്രസിഡണ്ട് ആയ ജോണ്‍ എഫ് കെന്നഡി നമ്മുടെ ഉറ്റ ചങ്ങാതി ആകുമ്പോള്‍ അയാള്‍ക്ക്‌ ശേഷം അധികാരം ഏറ്റ റിച്ചാര്‍ഡ്‌ നിക്സന്‍ നമ്മുടെ ശത്രുവാകുന്നു. അങ്ങനെയാണെങ്കില്‍ ബില്‍ ക്ലിന്‍റണ്‍ ഇതില്‍ ഏതു വിഭാഗത്തില്‍ പെടും? ഇക്കാര്യം ഉടനെ തന്നെ നമുക്ക് വീണ്ടും പരിഗണിക്കാം.

1980 കളുടെ അവസാനം മുതൽ 1990 കളുടെ ആരംഭം വരെ, യുഎസുമായുള്ള ഇന്ത്യയുടെ ബന്ധം വളരെ അകലെയായിരുന്നപ്പോൾ, ന്യൂയോർക്ക് കോൺഗ്രസുകാരൻ സ്റ്റീഫൻ സോളാർസ് ഇന്ത്യയുമായുള്ള മികച്ച ബന്ധത്തിന്‍റെ യഥാർത്ഥ ചാമ്പ്യനായി. അദ്ദേഹത്തെ ഉടൻ തന്നെ ഇന്ത്യയുടെ ഒരു സുഹൃത്ത് അല്ലെങ്കിൽ ഇന്ത്യയ്ക്ക് അനുകൂലമായി പ്രവര്‍ത്തിക്കുന്ന ഒരു വ്യക്തിയായി നമ്മള്‍ അംഗീകരിച്ചു. ഇതിനു കാരണം ഇദ്ദേഹത്തിന് ഇന്ത്യക്കാരായ കുടിയേറ്റക്കാരുടെ ഭാഗത്തു നിന്നും ലഭിക്കുന്ന വോട്ടുകള്‍ ആകാം അതല്ലെങ്കില്‍ അദ്ദേഹത്തിന്‍റെ ജൂതമതത്തിനോടുള്ള വിശ്വാസമാകാം (ഇസ്രയേലുമായി ഇന്ത്യയും തിരിച്ചു ഇസ്രയേലും പണ്ട് മുതല്‍ക്കെ സൗഹൃദത്തിലാണ്).

ഇതേപോലെ തന്നെ മറ്റു പലരെയും പലപ്പോഴും പാകിസ്ഥാന്‍ അനുകൂലികള്‍ എന്നും വിളിച്ചിട്ടുണ്ട്. അപ്പോഴാണ് അന്തരിച്ച പ്രൊഫ. സ്റ്റീഫൻ പി. കോഹന്‍ പറയുന്നത്, " നിങ്ങള്‍ സ്റ്റീഫന്‍ സോളാര്‍സിനെ ഇന്ത്യന്‍ അനുകൂലിയെന്നോ മറ്റാരെയെങ്കിലും ഇന്ത്യന്‍ വിരുദ്ധര്‍ എന്നോ വിളിക്കുമ്പോള്‍ നിങ്ങള്‍ ശരിക്കും അവിടെ തെറ്റ് പറ്റുകയാണ്, കാരണം "ഇവര്‍ ഇത് രണ്ടുമല്ല" പിന്നെയോ "ഇവര്‍ നല്ല ഒന്നാംതരം അമേരിക്കന്‍ അനുകൂലികളാണ്". ഒരാള്‍ ഇന്ത്യയുമായി മികച്ച ബന്ധം സ്ഥാപിക്കുനത് നല്ലതാണു എന്ന് വിശ്വസിക്കുന്നു മറ്റെയാള്‍ അത് പാകിസ്ഥാനുമായി വേണം എന്ന് ആഗ്രഹിക്കുന്നു. അതാണ്‌ വ്യത്യാസം.

ഇത് തന്നയാണ് കമലാ ഹാരിസിന്‍റെ കാര്യത്തിലും നമ്മള്‍ ചിന്തിക്കേണ്ടത്. അവരുടെ മസാല ദോശ ഉണ്ടാക്കുന്നതിനുള്ള കഴിവോ, ഇഡലി - സാമ്പാറിനോടുള്ള പ്രിയമോ, ട്വിറ്ററില്‍ കാണുന്നത് പോലെയുള്ള തമിഴ് ബ്രാഹ്മിന്‍ ബന്ധങ്ങളോ, ചെന്നൈയിലെ മൈലാപ്പൂരിലെയും ബസന്ത് നഗറിലെയും ആളുകള്‍ അവരുടെ പേരു പറഞ്ഞു തല്ലു കൂടുന്നതിനെ കുറിച്ചുള്ള വാര്‍ത്തകളും വിവരങ്ങളും എല്ലാം ആസ്വദിക്കുന്നതില്‍ തെറ്റില്ല. പക്ഷേ അവരുടെ ഇന്ത്യയോടുള്ള സമീപനം ഇതിനെയൊക്കെ ആശ്രയിച്ചിരിക്കും എന്നു കരുതുന്നിടത്താണ് കുഴപ്പം.

ജനാധിപത്യത്തിന്‍റെ മറ്റൊരു സവിശേഷത എന്തെന്നു വെച്ചാല്‍ നേതാക്കന്‍മാര്‍ സമൂഹം അറിയപ്പെടുന്ന ഒരു സ്ഥാനത്തേക്ക് എത്തപ്പെടുമ്പോഴേക്കും അവരെ കുറിച്ചുള്ള ഒട്ടു മിക്ക വിവരങ്ങളും പൊതു സമൂഹത്തിനു മുന്‍പില്‍ ലഭ്യമായി തുടങ്ങും. അതുകൊണ്ട് തന്നെ ചോദ്യങ്ങളുമായി ആര്‍ക്കും അവരുടെ കുടുംബാംഗങ്ങളുടെ പിറകെ പോകേണ്ട ആവശ്യം വരുന്നില്ല. എന്തായിരിക്കും ഇന്ത്യയോടുള്ള അവരുടെ സമീപനത്തെ സ്വാധീനിക്കുന്ന മുഖ്യ ഘടകം? അവരുടെ ജന്മ ദേശമോ അതോ മനുഷ്യാവകാശങ്ങളോടുള്ള അവരുടെ പ്രതിബദ്ധതയോ? ലിബറൽ, മനുഷ്യാവകാശ വിഷയങ്ങളിൽ അവർ സംസാരിക്കുകയും എഴുതുകയും പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്. അതേ സമയം, അവര്‍ കാലിഫോർണിയയിലെ അറ്റോർണി ജനറലായിരുന്നു, കുറ്റവാളികളോട് യാതൊരു ദാക്ഷണ്യവും കാണിച്ചിട്ടില്ലാത്ത കണിശക്കാരിയായ ഒരാള്‍, എന്നാല്‍ കുറ്റവാളികളില്‍ പലരും കറുത്ത വര്‍ഗ്ഗക്കാരുമായിരുന്നു.

ഇനിയിപ്പോള്‍ ഹാരിസിനെ ഒരു അമേരിക്കക്കാരിയായി കണ്ടു കൊണ്ട് മാത്രമേ നമുക്കീ ചര്‍ച്ച മുന്നോട്ട് കൊണ്ടു പോകാനാകു. ബില്‍ ക്ലിന്‍റന്‍റെ വിഷയവും ഇടക്കൊന്നു പരിശോധിക്കാം. അദ്ദേഹം ഇന്ത്യയുടെ കാര്യത്തില്‍ ഒരു മികച്ച പ്രസിഡണ്ട് ആയിരുന്നോ? അതോ നേരെ തിരിച്ചാണോ? രണ്ടും ആയിരുന്നു എന്നുള്ളതാണ് ശരി. അമേരിക്കന്‍ പ്രസിഡണ്ടുമാരുടെ കൂട്ടത്തില്‍ ആദ്യ പകുതിയില്‍ അദ്ദേഹം തികച്ചും ഇന്ത്യയുടെ വിഷയത്തില്‍ മോശക്കാരനായിരുന്നു. എന്നാല്‍ രണ്ടാമത് അധികാരത്തില്‍ വന്നപ്പോള്‍ ഇന്ത്യയുമായി കൂടുതല്‍ മെച്ചപ്പെട്ട ബന്ധങ്ങള്‍ ഉണ്ടാക്കിയെടുത്തു.

ആദ്യ ഘട്ടത്തില്‍ അദ്ദേഹം അധികാരത്തില്‍ ആയിരുന്നപ്പോള്‍ ബെര്‍ളിന്‍ മതില്‍ തകര്‍ക്കപ്പെടുകയും അതിന്‍റെ കോലാഹലങ്ങളും ആയിരുന്നു പ്രശ്നം. ആ സമയത്ത് ഇന്ത്യയില്‍ രൂക്ഷമായ സാമ്പത്തികവും രാഷ്ട്രീയവുമായ പ്രശ്നങ്ങള്‍ നടന്നു കൊണ്ടിരിക്കുകയായിരുന്നു. 1989 - 1991 കാലയളവില്‍ ഇന്ത്യ നാലാമത് പ്രധാന മന്ത്രി നരസിംഹ റാവുവിന്‍റെ ഭരണത്തിന്‍ കീഴില്‍ ആയിരുന്നു. 1991ല്‍ രാജ്യം കൈവശമുണ്ടായിരുന്ന സ്വര്‍ണ നിക്ഷേപങ്ങളൊക്കെ പണയം വെച്ചു ഐ എം എഫ് (ഇന്‍റര്‍നാഷണല്‍ മോണിട്ടറി ഫണ്ട്‌) ന് മുന്‍പില്‍ വായ്പയ്ക്ക് വേണ്ടി യാചിച്ചു നില്‍ക്കുക ആയിരുന്നു.അതേ സമയം തന്നെയാണ് പഞ്ചാബ് കലാപവും കശ്മീര്‍ പ്രശ്നവും അതിന്‍റ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തി നിന്നിരുന്നത്. എത്ര ബലം പ്രയോഗിച്ചാലും കലാപകാരികളെ അടിച്ചമര്‍ത്തും എന്ന് തന്നെയായിരുന്നു നരസിംഹ റാവു സര്‍ക്കാരിന്‍റെ തീരുമാനം. ഇക്കാരണത്താല്‍ പാശ്ചാത്യ മനുഷ്യാവകാശ സംഘടനകളില്‍ നിന്നും രാജ്യം ഒരുപാട് വിമര്‍ശനങ്ങള്‍ നേരിട്ട് കൊണ്ടിരുന്നു.

ഈ പ്രശ്നത്തില്‍ ക്ലിന്‍റന്‍റെ ഭരണകൂടവും ഇടപ്പെട്ടിരുന്നു. ആ സമയത്താണ് കശ്മീര്‍ ഇന്ത്യയിലേക്ക്‌ കൂട്ടിചേര്‍ക്കപ്പെടണം എന്ന ഇന്ത്യയുടെ ആവശ്യത്തെ പോലും പലരും ചോദ്യം ചെയ്യാന്‍ തുടങ്ങിയത്. ഇതേസമയത്ത് തന്നെ ഇന്ത്യയുടെ ആണവ പരീക്ഷണങ്ങളുടെ മേല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള ശ്രമങ്ങള്‍ മറ്റൊരു വശത്ത്‌. 1995ല്‍ നരസിംഹ റാവോ സര്‍ക്കാര്‍ അണുപരീക്ഷണം നടത്തുന്നതിനു തയ്യാറായി നില്‍ക്കുക ആയ്യിരുന്നു എന്നുള്ള വിശ്വാസമാണ് ബില്‍ ക്ലിന്‍റണെയും മറ്റുള്ളവരെയും ഇത്തരം ശ്രമങ്ങളിലേക്ക് നയിച്ചത്. പക്ഷേ ഇന്ത്യ ഒടുവില്‍ 1998 ല്‍ വാജ്പേയിയുടെ നേതൃത്വത്തില്‍ അണുപരീക്ഷണം നടത്തിയതും ക്ലിന്‍റന്‍റെ സാന്നിധ്യത്തില്‍ വെച്ചു തന്നെയായിരുന്നു.

ഇന്ത്യ യു എസ് ബന്ധങ്ങളില്‍ ഇത് പിന്നെ എങ്ങനെ സാധ്യമായി എന്ന് ജസ്വന്ത് സിംഗ്, സ്ട്രോബ് ടാൽബോട്ട് എന്നിങ്ങനെ രണ്ടുദ്യോഗസ്ഥന്‍മാര്‍ പില്‍ക്കാലത്ത് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയെ ഭീഷണിപ്പെടുത്തി തടഞ്ഞതു മുതൽ ഉത്തരവാദിത്തമുള്ള ആണവായുധ ക്ലബ്ബിലേക്ക് ഇപ്പോൾ മാറ്റുന്നതു വരെ എല്ലാം ക്ലിന്‍റന്‍റെ കീഴിലാണ് സംഭവിച്ചത് .

1999ല്‍ ബില്‍ ക്ലിന്‍റണ്‍ പാകിസ്ഥാന്‍ സന്ദര്‍ശിക്കുകയും അവിടെ ചിലവഴിച്ച വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ പാകിസ്താനി ജനതയെ അതിര്‍ത്തിയില്‍ വീണ്ടും വീണ്ടും സംഘര്‍ഷങ്ങള്‍ ഉണ്ടാക്കാനും അതിര്‍ത്തികള്‍ വീണ്ടും വീണ്ടും ലംഘിക്കുകയും സാധ്യമല്ല എന്ന് ഓര്‍മ്മപ്പെടുത്തുകയും ചെയ്തു. ഇത് അദ്ദേഹത്തിന്‍റെ രണ്ടാം വരവില്‍ ആണെന്ന് ഓര്‍ക്കണം.

എന്താണ് ക്ലിന്‍റന്‍റെ ഈ ബോധോദയത്തിനു കാരണം? അദ്ദേഹം ബുദ്ധനെ പോലെ ഏതെങ്കിലും ബോധി വൃക്ഷത്തിന്‍റെ ചുവട്ടില്‍ പോയിരുന്നോ? അതായിരുന്നോ ഈ മാനസാന്തരത്തിനു കാരണം. ശരിക്കും മാറിയത് ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി ആയിരുന്നു. അതിലൂടെ ലോക രാജ്യങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്ന ഇന്ത്യയുടെ സ്ഥാനവും. നരസിംഹ റാവുവും മന്‍നോഹന്‍ സിംഗും ചേര്‍ന്ന് നടത്തിയ സാമ്പത്തിക പരിഷ്കരണങ്ങള്‍ ഫലം കണ്ടു തുടങ്ങിയിരുന്നു. അതിലൂടെ വറ്റാത്ത ആശങ്കയിൽ നിന്ന്, ആഗോള അവസരമായി ഇന്ത്യ മാറിയിരുന്നു. വാസ്തവത്തില്‍ ഇന്ത്യയാണ് മാറിയത് ക്ലിന്‍റണ്‍ ആയിരുന്നില്ല. ക്ലിന്‍റണ്‍ അപ്പോഴും അമേരിക്കക്ക് ശരിയെന്തോ അതാണ്‌ ചെയ്തുകൊണ്ടിരുന്നത്.

ഇതാണ് നമ്മള്‍ ഉള്‍ക്കൊള്ളേണ്ട പാഠം. ഇന്ത്യക്ക് ലോക രാജ്യങ്ങളുടെ ഇടയില്‍ അര്‍ഹിക്കുന്ന ബഹുമതി ലഭിക്കണമെങ്കില്‍ അതിനു ശ്രദ്ധ ചെലുത്തെണ്ടത് രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയിലും ആന്തരിക സമന്വയത്തിലും ബാഹ്യ സുരക്ഷയിലുമാണ്. ഈ കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഈ മൂന്ന് വിഷയത്തിലും ഇന്ത്യ താഴേക്ക് പൊയ്ക്കഴിഞ്ഞു. മോദിയുടെ ആരാധകര്‍ ഇതിനെ എതിര്‍ത്തെന്നു വരാം. പക്ഷേ അവര്‍ പോലും രാജ്യത്തിന്‍റെ സാമ്പത്തിക രംഗം കഴിഞ്ഞ മൂന്ന് വര്‍ഷക്കാലമായി നിയന്ത്രണം വിട്ടു താഴേക്കു പതിക്കുകയാണെന് സമ്മതിക്കും. അടുത്ത ജനുവരിയില്‍ കമലാ ഹാരിസിന്‍റെ ഇന്ത്യയെ കുറിച്ചുള്ള വീക്ഷണത്തെ സ്വാധീനിക്കുന്നത് ഇക്കാര്യങ്ങള്‍ ആയിരിക്കും അല്ലാതെ അവരുടെ ജനിതക ഘടന ആയിരിക്കില്ല അതും തിരഞ്ഞെടുപ്പിന് ശേഷം ജോ ബിന്‍ അധികാരത്തില്‍ വന്നാല്‍ മാത്രം.

(അഴിമുഖത്തിന്റെ കണ്ടന്‍റ് പാര്‍ട്ണര്‍ ആയ ദി പ്രിന്‍റ് പ്രസിദ്ധീകരിച്ച കോളം ഐ പി എസ് എം എഫിന്റെ അനുവാദത്തോടെ പ്രസിദ്ധീകരിക്കുന്നത്)ശേഖര്‍ ഗുപ്ത

ശേഖര്‍ ഗുപ്ത

'ദി പ്രിന്‍റ് 'സ്ഥാപകന്‍, കോളമിസ്റ്റ്

Next Story

Related Stories