TopTop
Begin typing your search above and press return to search.

ജോലിയുണ്ടായിട്ടും ജോലി ചെയ്യാനില്ലാത്തവരുടെ ലോകം

ജോലിയുണ്ടായിട്ടും ജോലി ചെയ്യാനില്ലാത്തവരുടെ ലോകം

നമ്മളിവിടെ സംസാരിക്കുന്നതു ബുദ്ധിമുട്ടേറിയതോ ദുരിതം ഉള്ളതോ ആയ ജോലികളെകുറിച്ചല്ല. അത് മറ്റൊരു ചര്‍ച്ചയ്ക്കു ഉതകുന്ന വിഷയമാണ് - ഉദാഹരണത്തിന് ഖനികളിലോ എണ്ണ ഖനനത്തിലോ ജോലി ചെയ്യുന്ന മനുഷ്യരുടെ കഥ പോലെ. ഇത് ഒരേ സമയം കടുപ്പം ഉള്ളതും അതേസമയം പ്രധാനപ്പെട്ടതും ആയ ജോലികളാണ്. ഈ ജോലികള്‍ ഫലരഹിതവും അല്ല. എന്നാല്‍ ഇവിടെ പറയുന്നത് മറ്റൊരു കൂട്ടം ജോലികളെ കുറിച്ചാണ്. ഓഫീസുകളിലെ ഇരുണ്ട കോണുകളിലിരുന്നു തങ്ങള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലേക്ക് യാതൊന്നും സംഭാവന ചെയ്യുന്നില്ലെന്ന പൂര്‍ണ ബോധ്യത്തോടെ ചില മനുഷ്യര്‍ ചെയ്യുന്ന ജോലികളെ കുറിച്ചാണ്.

ഇതാണ് നമ്മുടെ വിഷയം. യന്ത്രവത്കരണത്തോടെ തൊഴില്‍ സമയത്തിന്റെ ദൈര്‍ഘ്യം സ്വാഭാവികമായും കുറയേണ്ടതാണ്. ഇന്ന് പല തൊഴിലുകളും, പ്രത്യേകിച്ച് ഉല്പാദന സാങ്കേതിക രംഗങ്ങളില്‍, യന്ത്രവത്കരിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. അതുകൊണ്ട് തന്നെ ആഴ്ചയില്‍ 40 മണിക്കൂര്‍ ജോലി എന്നത് പഴങ്കഥയായി മാറുമെന്ന് സ്വാഭാവികമായും കരുതാവുന്നതാണ്. യഥാര്‍ത്ഥത്തില്‍ നമ്മള്‍ ഈ കാലഘട്ടത്തില്‍ ആഴ്ചയില്‍ 30 മണിക്കൂറോ അതില്‍ താഴെയോ മാത്രമേ ജോലി ചെയ്യേണ്ടതായുള്ളു. പക്ഷെ അത് സംഭവിച്ചിട്ടില്ല, എന്തുകൊണ്ടാണ് ഇത് സംഭവിക്കാത്തത്?ഇതിനു സാധ്യമായ ഒരൊറ്റ ഉത്തരമേ ഉള്ളു. നമ്മള്‍ ആവശ്യമില്ലാത്തതായ കൂടുതല്‍ തൊഴിലുകള്‍ സൃഷ്ടിച്ചിരിക്കുന്നു. അതെ, നമ്മള്‍ മനുഷ്യരുടെ ജീവിതവൃത്തിക്ക് ആവശ്യമായ എന്നാല്‍ അതതു സ്ഥാപനത്തിനോ സംരംഭത്തിനോ യാതൊരു വരവും ലഭിക്കാത്ത ഉപയോഗശൂന്യമായ ജോലികള്‍ സൃഷ്ടിച്ചിരിക്കുന്നു.

പുതിയ തൊഴിലവസരങ്ങള്‍ക്കു വേണ്ടിയുള്ള മുറവിളി എല്ലാ കാലത്തും ഉണ്ടാകാറുണ്ട്. എല്ലാ സര്‍ക്കാരുകളും പുതിയ തൊഴില്‍ അവസരങ്ങള്‍ ഉണ്ടാക്കാന്‍ സാധിച്ചോ എന്നതിന്റെ പേരില്‍ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. തൊഴിലവസരങ്ങള്‍ വര്‍ധിച്ചുവെന്ന് കാണിക്കാന്‍ ഒരോ വകുപ്പുകളും നിര്‍ബന്ധിതരാക്കപ്പെടുന്നുണ്ട്. തെരഞ്ഞെടുപ്പ് കാലത്തു അവര്‍ അത്തരം വാഗ്ദാനങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്യുന്നു. പക്ഷെ ഉപയോഗമുള്ള തൊഴിലുകള്‍ ഉണ്ടാക്കാന്‍ നമുക്കായിട്ടുണ്ടോ എന്നതാണ് യഥാര്‍ത്ഥ ചോദ്യം. അതോ എല്ലാവരും ഓഫീസുകളിലേക്ക് പോകുന്നുണ്ട് എന്ന വസ്തുതയില്‍ നാം സംതൃപ്തരായി കഴിയുകയാണോ? ജോലി ചെയ്യുക എന്നാല്‍ സ്വന്തം ഓഫീസില്‍ ക്യൂബിക്കിളുകളില്‍ തങ്ങള്‍ക്കു പ്രിയപ്പെട്ട ഓണ്‍ലൈന്‍ ഗെയിമുകള്‍ കളിക്കുക എന്നതാണോ അര്‍ഥം?

എന്റെ മനസിലേക്കു ആദ്യം വരുന്നത് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് മേഖലയാണ്. ഫലപ്രദമായ വിവര സമ്പാദനത്തില്‍ ഏര്‍പ്പെടുന്നു എന്ന നാട്യത്തില്‍ ജോലി ചെയ്യുന്ന ഒരുപാടു യുവ പ്രൊഫഷണലുകള്‍ (അവരെ അങ്ങനെ വിളിക്കാമെങ്കില്‍) ഈ മേഖലയിലുണ്ട്. അവരില്‍ പലരും തങ്ങള്‍ ചെയ്യുന്ന ജോലികള്‍ക്കു തക്ക യോഗ്യതയുള്ളവര്‍ അല്ലെങ്കില്‍ കൂടി കമ്പനികള്‍ ഇവരെ കുറഞ്ഞ വേതനം നല്‍കി ജോലിക്കെടുക്കുകയാണ് പക്ഷെ കുറഞ്ഞ ശമ്പളം നല്‍കുമ്പോള്‍ ലഭിക്കുന്നത് കുറഞ്ഞ നിലവാരമാണ്. ഇത്തരത്തില്‍ നമുക്ക് ചുറ്റും ഒരുപാട് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് തൊഴിലാളികളെ കാണാന്‍ സാധിക്കും. സങ്കടകരമെന്ന് പറയട്ടെ, പലരും ഇത്തരം കോഴ്സുകള്‍ വളരെ നല്ലതാണെന്നു കരുതി തിരഞ്ഞെടുക്കുന്നു. ഉയര്‍ന്ന ഫീസ് കൊടുത്തു അവ പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ ഇത്തരത്തിലുള്ള ഡെഡ് എന്റ്റ് ജോലികളെ കുറിച്ച് അവര്‍ ബോധവാന്മാരാകുകയുള്ളു.

മറ്റൊരു ഉദാഹരണമായി പറയാന്‍ സാധിക്കുന്നത് ഹ്യൂമന്‍ റിസോഴ്‌സ് കണ്‍സള്‍ട്ടന്റുകളെ കുറിച്ചാണ്. ഇതില്‍ പലരും പലതരം തൊഴിലുകള്‍ പരീക്ഷിച്ചു തോല്‍വി സമ്മതിച്ച ശേഷം എച് ആര്‍ കണ്‍സള്‍ട്ടന്‍റുകളായിഎത്തുന്നവരാണ്- മറ്റുള്ളവരുടെ തൊഴില്‍ യോഗ്യത തീരുമാനിക്കുന്ന തൊഴിലാളികളായി! പലപ്പോഴും ടെക് സ്റ്റാര്‍ട്ട് അപ്പുകള്‍ ഈ അബദ്ധം കാട്ടുന്നതായി കാണാം .പരിചയ സമ്പന്നരല്ലാത്ത നിക്ഷേപകര്‍ ആരംഭിക്കുന്ന സ്റ്റാര്‍ട്ട് ആപ്പുകള്‍ പലപ്പോഴും ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റുകളുടെ മോഹന വാഗ്ദാനങ്ങളില്‍ പെട്ടുപോകുകയാണ്. വന്‍തുകകള്‍ ഫീസിനത്തില്‍ വാങ്ങിക്കുന്ന ഇത്തരം ഏജന്‍സികള്‍ ചുരുങ്ങിയ കാലം കൊണ്ട് സ്ഥാപനത്തിനുള്ളില്‍ അനാവശ്യ വിഭജനങ്ങള്‍ സൃഷ്ടിക്കുകയും, തൊഴിലാളികളുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തി, സ്ഥാപനത്തിന്റെ പ്രവര്‍ത്തനശേഷിയെ കാര്യമായി ബാധിച്ചതിനു ശേഷമാണു പിന്മാറുക.

പ്രശസ്ത നരവംശശാസ്ത്രജ്ഞന്‍ ഡേവിഡ് ഗാര്‍ബേര്‍ ഇത്തരം ജോലികളെ അസംബന്ധ ജോലികള്‍( ബുള്‍ ഷിറ്റ് ജോബ്‌സ്) എന്നാണ് വിളിക്കുന്നത് , ഭരണനിര്‍വ്വാഹകര്‍, ടെലി മാര്‍ക്കറ്റിങ് ജോലി ചെയ്യുന്നവര്‍, ക്ലര്‍ക്കുകള്‍, ഒരു വലിയ ശതമാനം കോര്‍പ്പറേറ്റ് അഭിഭാഷകര്‍ തുടങ്ങി ഒട്ടനവധി പേര്‍ ചെയ്തുവരുന്നത് ഇത്തരം അസംബന്ധ ജോലികളാണ് എന്നദ്ദേഹം കരുതുന്നു. തങ്ങളുടെ ജോലിയുടെ പ്രാധാന്യത്തെ പറ്റിയോ നിലനില്പിനെപ്പറ്റിയോ അവര്‍ക്കു പോലും പലപ്പോഴും സാധൂകരണം നല്കാന്‍ സാധിച്ചെന്നു വരില്ല, അങ്ങനെയിരിക്കെ അവര്‍ക്കു ചെയ്യാന്‍ സാധിക്കുന്നത് തങ്ങളുടെ ജോലികള്‍ ആരും നിരീക്ഷിക്കുന്നില്ല എന്നുറപ്പു വരുത്തുക മാത്രമാണ്.വന്‍കിട കോര്‍പ്പറേറ്റ് കമ്പനികളിലെ മധ്യ ലെവല്‍ മാനേജിങ് പലപ്പോഴും ഇത്തരം അസംബന്ധ ജോലികളുടെ കേന്ദ്രമാണ്. പരിചയസമ്പന്നരായ മാനേജര്‍മാര്‍ പ്രോജക്ടുകളുടെ തലപ്പത്തിരിക്കുകയും, സാങ്കേതികവിദ്യയില്‍ മുന്നില്‍ നില്‍ക്കുന്ന പുതു തലമുറ ദൈനംദിന കാര്യങ്ങള്‍ നിര്‍വഹിക്കുകയും ചെയ്യുമ്പോള്‍, സാങ്കേതിക മാറ്റങ്ങള്‍ക്കനുസരിച്ച് പൊരുത്തപ്പെടാത്ത മധ്യ നിര മാനേജര്‍മാര്‍ ഒറ്റപെട്ടു പോകുന്നു. കമ്പനിക്ക് വേണ്ടി ഉപയോഗപ്രദമായ പദ്ധതികളോ നയങ്ങളോ ആവിഷ്‌കരിക്കാന്‍ അപ്രാപ്തരായ ഈ കൂട്ടം എല്ലാ മീറ്റിംഗുകളിലും സ്ഥിരം സാന്നിധ്യമായിരിക്കുകയും തങ്ങളുടെ പഴഞ്ചന്‍ ആശയങ്ങള്‍ മറ്റുള്ളവരുടെ തലയില്‍ കെട്ടിവെച്ചുകൊണ്ട് സ്വന്തം സ്ഥാനം ഉറപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു.

ഇതേ ഇനത്തില്‍ വരുന്ന മറ്റൊരു വിഭാഗമാണ് 'ബ്രാന്‍ഡ് മാനേജര്‍മാര്‍ ' വലിയ വിദ്യാഭ്യാസ യോഗ്യതയുള്ളവരും തൊഴിലിനെ കുറിച്ച് മികച്ച ധാരണയുള്ളവരുമായ ബ്രാന്‍ഡ് മാനേജര്‍മാര്‍ നിരവധി കണ്ടേക്കാം. പക്ഷെ ഞാന്‍ കണ്ടിട്ടുള്ള മിക്കവാറും ബ്രാന്‍ഡ് മാനേജര്‍മാരും ചടങ്ങുകള്‍ സംഘടിപ്പിക്കുക, ബ്രാന്‍ഡിന്റെ വികസനത്തിനെക്കുറിച്ച് അടിസ്ഥാന ധാരണയില്ലാത്ത ചില നിര്‍ദേശങ്ങള്‍ നല്‍കുക എന്നതിനപ്പുറമുള്ള കഴിവുകള്‍ പ്രകടിപ്പിക്കുന്നവരല്ല. എന്നിരുന്നാലും ഇന്ന് എല്ലാ കമ്പനികള്‍ക്കും സ്വന്തമായി ബ്രാന്‍ഡ് മാനേജര്‍ എന്നൊരു തസ്തികയുണ്ടുതാനും .ഇതിനു സമാനമായ മറ്റൊരു തസ്തികയാണ് ഓണ്‍ലൈന്‍ ബ്രാന്‍ഡ് മാനേജര്‍മാര്‍, ഇന്ന് മിക്കവാറും എല്ലാ കമ്പനികള്‍ക്കും സ്വന്തമായി ഓണ്‍ലൈന്‍ ബ്രാന്‍ഡ് മാനേജര്മാരുണ്ട് , സാമൂഹിക മാധ്യമങ്ങളെ കുറിച്ചും വിര്‍ച്യുല്‍ ലോകത്തെ കുറിച്ചും വ്യക്തമായ ധാരണയുണ്ട് എന്നവകാശപെട്ടു വലിയ തുകകളാണ് ഇത്തരം മാനേജ്‌മെന്റ് സംഘങ്ങള്‍ ഈടാക്കുന്നത്.

ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് എന്നാല്‍ ട്വിറ്ററില്‍ ചിന്തകള്‍ പങ്കുവെയ്ജ്ക്കുന്നതോ ഇന്‍സ്റ്റാഗ്രാമില്‍ ഫോട്ടോകള്‍ ഷെയര്‍ ചെയ്യുന്നതോ അല്ല. മറിച്ചു , തങ്ങള്‍ ലക്ഷ്യം വയ്ക്കുന്ന ഉപഭോക്തൃ സമൂഹത്തിന്റെ അഭിരുചികളെയും ചിന്തകളെയും ലക്ഷ്യംവയ്ക്കുന്ന ശക്തമായ അതേസമയം ഇടിച്ചു കയറുന്നു എന്ന തോന്നലുളവാക്കാത്ത പരസ്യതന്ത്രങ്ങള്‍ ആവിഷ്‌കരിക്കുകയാണ് വേണ്ടത്. എന്നാല്‍ നിലവിലുള്ള മിക്കവാറും ഓണ്‍ലൈന്‍ മാനേജര്‍മാരാകട്ടെ പെട്ടെന്നുള്ള കാര്യസാധ്യത്തിനായി സ്ഥിരമായ,പ്രയോജനപ്രദമായ പരസ്യതന്ത്രങ്ങള്‍ക്ക് പകരം എളുപ്പ പണികള്‍ക്ക് പോകുന്നു. ഇതിന്റെ ഫലമായി കമ്പനിയ്ക്ക് ഗുണത്തേക്കാളേറെ ദോഷം സംഭവിക്കുന്നു. ഈ പറഞ്ഞതിനര്‍ത്ഥം ഇത്തരം തൊഴിലുകള്‍ ചെയ്യുന്നവരൊക്കെയും അവരുടെ ജീവിതത്തിലോ തൊഴിലുകളിലോ സന്തുഷ്ടരാണ് എന്നല്ല. മറിച്ച് തങ്ങളുടെ തൊഴിലിന്റെ നിരര്‍ത്ഥകതയെ കുറിച്ച അവര്‍ക്ക് ബോധ്യമുണ്ട്. തങ്ങളുടെ ജോലികള്‍ നാളെ ഇല്ലാതായാല്‍ സ്ഥാപനത്തിനോ ലോകത്തിനോ തന്നെ മാറ്റങ്ങളൊന്നും സംഭവിക്കാന്‍ പോകുന്നില്ല എന്നത് ഹൃദയഭേദകമായ ഒരു തിരിച്ചറിവാണ്. അത്തരം തിരിച്ചറിവുകള്‍ അവരുടെ ആത്മവിശ്വാസത്തെയും ദൈനദിന ജീവിതത്തെയും ബാധിക്കുകയും ചെയ്യുന്നു.

യന്ത്രവത്കരണം തങ്ങളുടെ ജോലികള്‍ നഷ്ടപ്പെടുത്തും എന്ന ഭീതിയിലാണ് ആളുകള്‍. എന്റെ അഭിപ്രായത്തില്‍ യന്ത്രവത്കരണം അനാവശ്യജോലികളെയാണ് എടുത്തുമാറ്റാന്‍ പോകുന്നത്. അത്തരം യന്ത്രവത്കരണത്തിലൂടെ നാം ലാഭിക്കുന്ന സമയത്തെ നമുക്ക് ഒരു ജീവിതത്തിനായി ഉപയോഗിക്കാം. ഒരാഴ്ചയില്‍ നാല്പത് മണിക്കൂര്‍ എന്ന കണക്കിന് നാല്‍പതു വര്‍ഷം ജോലി ചെയ്താല്‍ മാത്രമേ അതിനെ ജീവിതം എന്ന് വിളിക്കാവൂ എന്ന് നിര്‍ബന്ധം ഒന്നുമില്ലല്ലോ.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


ഡാര്‍ലിംഗ്ടണ്‍ ഹെക്ടര്

ഡാര്‍ലിംഗ്ടണ്‍ ഹെക്ടര്

മാധ്യമ പ്രവര്‍ത്തകന്‍

Next Story

Related Stories