TopTop
Begin typing your search above and press return to search.

മാണിയുടെ ഇടത് ബന്ധം നീണ്ടുനിന്നത് 20 മാസം, 40 ആണ്ടിന് ശേഷം മകൻ ജോസ് ആ റിക്കോർഡ് തിരുത്തുമോ?

മാണിയുടെ ഇടത് ബന്ധം നീണ്ടുനിന്നത് 20 മാസം, 40  ആണ്ടിന് ശേഷം മകൻ ജോസ് ആ റിക്കോർഡ് തിരുത്തുമോ?

അച്ഛന്‍ കരിങ്ങോഴക്കല്‍ മാണി മാണി എന്ന കേരള രാഷ്ട്രീയത്തിലെ തന്ത്രജ്ഞന്‍ മരിച്ച് ഒന്നര വര്‍ഷത്തിന് ശേഷം മകന്‍ ജോസ് കെ മാണി അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും നിര്‍ണായകമായ തീരുമാനമെടുത്തിരിക്കുന്നു. 40 വര്‍ഷം മുമ്പ് അച്ഛന്‍ മാണി ഇങ്ങനെയൊരു തീരുമാനമെടുത്തിരുന്നു. എന്നാല്‍ അത് വിജയിച്ചുവെന്ന് പൂര്‍ണമായി പറയാന്‍ കഴിയില്ല. അച്ഛന്‍ മാണിക്ക് കഴിയാതെ പോയത് മകന്‍ മാണിക്ക് കഴിയുമോ എന്ന ചോദ്യത്തിനുള്ള ഉത്തരം ഇനിയുള്ള നാളുകളിലെ മുന്നണി രാഷ്ട്രീയം വ്യക്തമാക്കി തരും.

കേരളത്തില്‍ ഇപ്പോള്‍ നിലവിലുള്ള മുന്നണി സംവിധാനം നിലവില്‍ വന്നത് 1980ലായിരുന്നു. അടിയന്തരാവസ്ഥ കാലത്തെ പ്രക്ഷുബ്ദതയ്ക്ക് ശേഷം. കോണ്‍ഗ്രസ് ബന്ധമെല്ലാം ഉപേക്ഷിച്ച് സിപിഐ ഇടത് ഐക്യത്തിന് വേണ്ടി രാഷ്ട്രീയ നിലപാടെടുത്ത കാലം. അന്ന് രൂപികരിച്ച ഇടതുമുന്നണിയില്‍ കേരളത്തിലെ ഏറ്റവും വലിയ കമ്മ്യൂണിസ്റ്റ് വിരുദ്ധരെന്ന പറയാവുന്ന രണ്ട് ഗ്രൂപ്പുകള്‍ ഉണ്ടായിരുന്നു. എ കെ ആന്റണിയുടെ കോണ്‍ഗ്രസും പിന്നെ കേരള കോണ്‍ഗ്രസ് മാണിയും. അതിനു പുറമേ ബാലകൃഷ്ണപ്പിള്ളയും അഖിലേന്ത്യാ മുസ്ലീം ലീഗും ചേര്‍ന്നതായിരുന്നു മുന്നണി. തെരഞ്ഞെടുപ്പില്‍ ആന്റണിയുടെ കോണ്‍ഗ്രസ് യു, സിപിഐയെക്കാള്‍ സീറ്റ് നേടി മുന്നണിയിലെ രണ്ടാമനായി. സിപിഎമ്മിന് 35ഉം, സിപിഐയ്ക്ക് 17 ഉം കോൺഗ്രസ് യുവിന് 21ഉം സീറ്റുകളാണ് ഉണ്ടായിരുന്നത്. കേരള കോണ്‍ഗ്രസിന് എട്ട് സീറ്റുകള്‍ കിട്ടി. നായനാര്‍ മന്ത്രിസഭയില്‍ അങ്ങനെ കെ.എം മാണി അംഗമായി.

പക്ഷെ മാണിയുടെയും ആന്റണി ഗ്രുപ്പിന്റെയും സഹായത്തോടെയുള്ള മുന്നണി നിലനിന്നില്ല. 20 മാസത്തിന് ശേഷം ആന്റണി പിന്തുണ പിന്‍വലിച്ചു. പിന്നാലെ മാണിയും പിളളയും പോയി. അങ്ങനെ എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും സ്വഭാവം മാറി.

അന്ന് മാണിക്ക് കഴിയാതിരുന്ന ഒരു ബന്ധത്തിനാണ് മകന്‍ ജോസ് കെ മാണി ഇപ്പോള്‍ ശ്രമിക്കുന്നത്. അതില്‍ അദ്ദേഹം വിജയിക്കുമോ? തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ തീരുമാനമാണ് അദ്ദേഹം എടുത്തിരിക്കുന്നത് എന്ന കാര്യത്തിൽ സംശയമില്ല

കോയമ്പത്തൂരില്‍നിന്ന് മാനേജ്‌മെന്റ് വിദ്യാഭ്യാസവും കഴിഞ്ഞ് കേരളത്തില്‍ തിരിച്ചെത്തി ജോസ് കെ മാണി നടത്തിയ രാഷ്ട്രീയ പ്രവേശനം തന്നെ കേരള കോണ്‍ഗ്രസില്‍ വലിയ ചലനമാണ് സൃഷ്ടിച്ചത്. അന്നുവരെ കെ എം മാണിയുടെ വിശ്വസ്തനും പിന്‍ഗാമിയുമെന്ന് കരുതിയിരുന്നത് പി സി തോമസിനെയായിരുന്നു. കേരള കോണ്‍ഗ്രസ് രൂപീകരിക്കപ്പെടുന്നതിന് മുമ്പ് തന്നെ മരിച്ചുവെങ്കിലും പാര്‍ട്ടിയുടെ 'സ്ഥാപക'നെന്ന് പാര്‍ട്ടിക്കാര്‍ വിശ്വസിക്കുന്ന പിടി ചാക്കോയുടെ മകനോട് അത്ര വല്‍സല്യമായിരുന്നു അന്നൊക്കെ മാണിക്ക്. എന്നാല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി മകന്‍ എത്തിയതോടെ അത് മാറി. അങ്ങനെ പാര്‍ട്ടിയിലെ പ്രബലനായ നേതാവിനെ അകറ്റിയായിരുന്നു ജോസ് കെ മാണിയുടെ പ്രവേശനം. ആദ്യ അങ്കം പാളി. മൂവാറ്റുപുഴയില്‍ പി സി തോമസിനോട് തോറ്റു കൊണ്ടായിരുന്നു ജോസിന്റെ തുടക്കം. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരുന്നു തോമസ് എങ്കിലും ആ വിജയത്തില്‍ കേരള കോണ്‍ഗ്രസുകാരുടെ സഹായം ഉണ്ടായിരുന്നുവെന്നാണ് പലരും കരുതുന്നത്. പിന്നീട് പക്ഷെ ജോസിനെ എല്ലാ തെരഞ്ഞെടുപ്പിലും വിജയിപ്പിക്കാന്‍ അച്ഛന്‍ മാണിക്ക് കഴിഞ്ഞു. അതും സുരേഷ് കുറുപ്പിനെ പോലുള്ള പ്രബലനെ എതിരിട്ടുകൊണ്ട്. 2009 ലും 2014 ലും കോട്ടയത്തുനിന്ന് വിജയിച്ച് ലോക്സഭയിലെത്തി.

2011-ലെ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ അവസാന കാലത്ത് മാണിക്ക് തന്നെയും ഇടതുമുന്നണിയിലേക്ക് പോകാൻ മോഹമുദിച്ചിരുന്നുവെന്നായിരുന്നു പുറത്തുവന്ന വാര്‍ത്തകള്‍. സിപിഎമ്മിന്റെ പ്ലീനത്തിലേക്കുള്ള സെമിനാറില്‍ പോലും കെ എം മാണി വിശിഷ്ടാതിഥിയായി ക്ഷണിക്കപ്പെട്ടു. ഉമ്മന്‍ ചാണ്ടിയുടെ ജനസമ്പര്‍ക്കമല്ല, മാണിയുടെ കാരുണ്യ ലോട്ടറിയാണ് മികച്ചതെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. മാണി സാറിനെക്കുറിച്ചുള്ള സ്തുതികള്‍ സിപിഎം നേതാക്കള്‍ പല രീതിയില്‍ ആലപിച്ചു. എന്നാല്‍ മുന്നണി മാറി, മുഖ്യമന്ത്രി വരെ ആയേക്കാമെന്ന മാണിയുടെ മോഹം അട്ടിമറിച്ചത് ബാര്‍ കോഴ ആരോപണമായിരുന്നു. ആ സാധ്യത അട്ടിമറിച്ചതുകൊണ്ടാകണം, ബാര്‍ കോഴ എന്നു പറയുമ്പോള്‍ കേരള കോണ്‍ഗ്രസിലെ ജോസ് പക്ഷക്കാര്‍ ഇപ്പോഴും ഉമ്മന്‍ ചാണ്ടിയെ നോക്കുന്നത്. കോണ്‍ഗ്രസിലെ ചിലരാണ് അതിന് പിന്നിലെന്ന് ഇന്നും ജോസ് കെ മാണി സങ്കടം പറഞ്ഞു. ഇടതുമുന്നണിയിലേക്ക് പോകാനൊത്തില്ലെങ്കിലും മാണി മുന്നണി വിട്ടു; 2016 ല്‍. അക്കാര്യവും ഇന്ന് ജോസ് എടുത്തുതന്നെ പറഞ്ഞു. പിന്നില്‍നിന്ന് കുത്തലായിരുന്നു പ്രശ്‌നം. കുറച്ചുകാലം മുന്നണിയില്ലാതെ കഴിഞ്ഞു. പിന്നീട് രാജ്യസഭ സീറ്റുമായി കോണ്‍ഗ്രസ് നേതാക്കള്‍ ചെന്നപ്പോള്‍ പിന്നില്‍ കുത്തിയ വേദന മറന്ന് മാണിയും മകന്‍ ജോസും തിരിച്ച് യുഡിഎഫിലെത്തി. ലോക്‌സഭയിലെക്ക് തിരഞ്ഞെടുക്കപ്പെട്ട മകന്റെ പ്രകടനത്തിലുളള വിശ്വാസം കൊണ്ടോ എന്തോ മാണി രാജ്യസഭയിലേക്കും ജോസിനെ തന്നെ നിര്‍ദ്ദേശിച്ചു. ജോസ് വീണ്ടും മല്‍സരിക്കുന്നത് നല്ലതിനാവില്ലെന്ന് രാഷ്ട്രീയ കുശാഗ്ര ബുദ്ധിയുള്ള അച്ഛന്‍ മാണിക്ക് തോന്നിക്കാണും. കേരള കോണ്‍ഗ്രസ് യുഡിഎഫിലും ജോസ് രാജ്യസഭയിലുമെത്തി. അങ്ങനെ കിട്ടിയ രാജ്യസഭ സ്ഥാനമാണ് ഇന്ന് ജോസ് രാജിവെച്ചത്.

അച്ഛന്‍ മരിച്ചാല്‍ പൈതൃകാവകാശമായി കിട്ടേണ്ട നേതാവ് പദവിയിലേക്ക് പിജെ ജോസഫ് നോട്ടമയച്ചതോടെ അദ്ദേഹവുമായി തെറ്റി. ജോസഫുമായി പിരിയാന്‍ കോട്ടയത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഒരു കാരണവുമായി. മാണിയല്ല, ജോസ് എന്ന് കരുതുന്ന കോണ്‍ഗ്രസിലെ നേതാക്കള്‍ ജോസഫിനൊപ്പം നിന്നു. സിപിഐയുടെ എതിര്‍പ്പ് അവഗണിച്ചും അനുനയിപ്പിച്ചും സിപിഎം ജോസിനെ കൂടെ നിര്‍ത്താന്‍ തീരുമാനിച്ചു. അങ്ങനെ നാല് പതിറ്റാണ്ടിന് ശേഷം കേരള കോണ്‍ഗ്രസിലെ മാണി വിഭാഗക്കാര്‍ ഇടതുപക്ഷമായി. മുന്നണി പ്രവേശനത്തിന് മുന്നെ ഒരു മാനിഫെസ്റ്റോ തയ്യാറാക്കി ഇടതുപക്ഷത്തിന് നല്‍കുകയും ചെയ്തിട്ടാണ് ജോസ് പക്ഷം അങ്ങോട്ടേക്ക് വരുന്നത്. അതുകൊണ്ട് തന്നെ ഈ മാറ്റം രാഷ്ട്രീയ ആദര്‍ശങ്ങളുടെ അടിസ്ഥാനത്തിലാണെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. ഒരിക്കല്‍ 20 മാസം മാത്രം അച്ഛന് നിലനിര്‍ത്താന്‍ പറ്റിയ ബന്ധം മകന് വിജയിപ്പിച്ചെടുക്കാന്‍ കഴിയുമോ? തള്ളിക്കളയാന്‍ പറ്റില്ല. കാലത്തോടൊപ്പം രാഷ്ട്രീയവും ഈ നാല് പതിറ്റാണ്ടില്‍ ഏറെ മാറിയിട്ടുണ്ടല്ലോ.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories