TopTop
Begin typing your search above and press return to search.

കാട്ടുകള്ളന്‍മാരും അടിയന്തരാവസ്ഥയും പണി നഷ്ടപ്പെട്ട പത്രാധിപരും രണ്ട് പത്രക്കാരും കൂടി തുടങ്ങിയ കലാകൗമുദിയും-പി സുജാതന്‍ എം എസ് മണിയെ ഓര്‍ക്കുന്നു

കാട്ടുകള്ളന്‍മാരും അടിയന്തരാവസ്ഥയും പണി നഷ്ടപ്പെട്ട പത്രാധിപരും രണ്ട് പത്രക്കാരും കൂടി തുടങ്ങിയ കലാകൗമുദിയും-പി സുജാതന്‍ എം എസ് മണിയെ ഓര്‍ക്കുന്നു

1947ലാണ് കലാകൗമുദി ആരംഭിക്കുന്നത്. കേരളത്തില്‍ അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന് തുടക്കം കുറിച്ച ഒരു കാലം കൂടിയാണ് അത്. രാഷ്ട്രീയക്കാരുടെ ഒത്താശയോടെ കിഴക്കന്‍ പര്‍വതങ്ങളിലെ കാടുകളില്‍ നിന്നും തടികള്‍ കൂട്ടത്തോടെ വെട്ടിനശിപ്പിക്കുന്ന പ്രക്രിയ കേരളത്തില്‍ പുതിയൊരു സാമ്പത്തിക ശക്തി ഉയര്‍ന്നു വരാന്‍ കാരണമായി. കൂപ്പു മുതലാളിമാരും തടിവ്യവസായിമാരും ചേര്‍ന്ന് കല്ലായി പുഴയുടെ തീരങ്ങളിലും മീനച്ചിലാറിന്റെ ഓരങ്ങളിലും ആലുവപ്പുഴയുടെ തീരങ്ങളിലും ഒക്കെയായി പുതിയ തടിമില്ലുകളും അതിനെ ഉപജീവിക്കുന്ന സാമ്പത്തിക ശക്തിയും അതിനെ സഹായിക്കുന്ന ചില രാഷ്ട്രീയ ശക്തികളും വളര്‍ന്നുവന്നു. കൂപ്പ് മുതലാളിമാര്‍ എന്ന പ്രയോഗം തന്നെ ആരംഭിച്ചത് അങ്ങനെയാണ്. കിഴക്കന്‍ മലനിരകളില്‍ നിന്നും തടികള്‍ കൂട്ടത്തോടെ മോഷ്ടിച്ച് ഈ പുഴകളിലൂടെ കടത്തുകയും പുഴകളുടെ ഇരുകരകളിലുമുള്ള മില്ലുകളില്‍ ഇത് അറുത്ത് ഉരുപ്പടിയാക്കി വിദേശത്തേക്കും സ്വദേശത്തേക്കും ഫര്‍ണിച്ചറും മറ്റുമൊക്കെയായി വിറ്റിരുന്നു. അതൊരു സമാന്തര വ്യവസമായി വളര്‍ന്നു. അന്നത്തെ ഭരണകൂടത്തിന്റെ ഒത്താശ ഇതിനുണ്ടായിരുന്നു. അന്ന് ആഭ്യന്തരമന്ത്രിയായിരുന്നത് കെ കരുണാകരനും വനംവകുപ്പ് മന്ത്രിയായിരുന്നത് കരുണാകരന്റെ വിശ്വസ്ഥനായ കെ ജി അടിയോടിയുമായിരുന്നു. അച്യുത മേനോന്‍ സര്‍ക്കാരായിരുന്നു നിലനിന്നിരുന്നത്. കേരള കൗമുദിയിലെ പ്രധാനപ്പെട്ട ഒരു ലേഖകനും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനും ഇതേപ്പറ്റി അന്വേഷിക്കുകയും സെക്രട്ടേറിയറ്റില്‍ നിന്നും നിക്ഷിപ്ത വനങ്ങളുടെ കണക്ക് ശേഖരിക്കുകയും കേരളത്തിലെ യഥാര്‍ത്ഥ വനവിസ്തൃതിയെപ്പറ്റി അന്വേഷിക്കുകയും ചെയ്തു. കേരളത്തിലെ വനപ്രദേശങ്ങള്‍ മുഴുവന്‍ സഞ്ചരിച്ച് ഇവര്‍ രണ്ട് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കി. കേരള രാഷ്ട്രീയത്തില്‍ ഉള്‍ക്കിടിലമുണ്ടാക്കിയ റിപ്പോര്‍ട്ടുകളായിരുന്നു ഇത്. വനംമന്ത്രിയുടെയും അദ്ദേഹത്തിന്റെ സംരക്ഷകനായ ആഭ്യന്തരമന്ത്രിയുടെയും ഒത്താശയോടെ വ്യാപകമായ വനംകൊള്ള നടക്കുന്നുവെന്നായിരുന്നു റിപ്പോര്‍ട്ട്. ആ റിപ്പോര്‍ട്ട് വന്നതോടെ പത്രത്തിനെതിരെ സര്‍ക്കാര്‍ കേസ് കൊടുത്തു. ഔദ്യോഗിക രഹസ്യനിയമ പ്രകാരമായിരുന്നു കേസ്. ഔദ്യോഗിക രഹസ്യങ്ങള്‍ ചോര്‍ത്തി ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തിയെന്നതായിരുന്നു കേസ്. സ്വതന്ത്ര ഇന്ത്യയില്‍ ഒരു സ്വതന്ത്ര പത്രത്തിനെതിരെ ഒരു സര്‍ക്കാര്‍ നല്‍കിയ ആദ്യ കേസ് ആയിരുന്നു ഇത്. ഈ കേസില്‍ ഒരു അനീതിയുണ്ടായിരുന്നു. മനുഷ്യന്റെ അറിയാനുള്ള മൗലിക അവകാശത്തെ ചോദ്യം ചെയ്യുന്നതാണ് കേസെന്നാണ് പത്ര ഉടമകള്‍ കോടതിയില്‍ വാദിച്ചത്. എന്നാല്‍ പത്രത്തിന് ജയിക്കാനുള്ള സാധ്യതകള്‍ വിദൂരമായിരുന്നു. ഇന്നത്തെ യുഡിഎഫ് കണ്‍വീനറുടെ സ്ഥാനത്ത് അന്ന് ലെയ്‌സണ്‍ കമ്മിറ്റി കണ്‍വീനറായിരുന്നു ഉണ്ടായിരുന്നത്. കെപിസിസി പ്രസിഡന്റ് കൂടിയായിരുന്ന എകെ ആന്റണിക്കായിരുന്നു ഈ ചുമതല. അന്ന് കോണ്‍ഗ്രസിന്റെ പിന്തുണയോടെയാണല്ലോ സിപിഐ ഭരിച്ചിരുന്നത്? താരതമ്യേന ചെറുപ്പക്കാരനായിരുന്നെങ്കിലും മുഖ്യമന്ത്രിയായ സി അച്യുത മേനോനെ പോലും തിരുത്താനുള്ള ശേഷി ഈ പദവി ആന്റണിക്ക് നല്‍കിയിരുന്നു. കേരള കൗമുദി പത്രത്തിനെതിരായ കേസ് പിന്‍വലിക്കണമെന്ന് ലെയ്‌സണ്‍ കമ്മിറ്റിയില്‍ ആന്റണി പ്രമേയം പാസാക്കി. കെപിസിസിയുടെ നിലപാടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഈ കേസില്‍ നിന്നും പിന്മാറുകയും ചെയ്തു. കേസ് പിന്‍വലിച്ചെങ്കിലും കേരള കൗമുദിയെ പോലീസ് റെയ്ഡ് വഴിയെല്ലാം സര്‍ക്കാര്‍ നിരന്തരം ഉപദ്രവിച്ചിരുന്നു. ആ സാഹചര്യത്തില്‍ പത്രാധിപര്‍ കെ സുകുമാരന് വളരെ കടുത്ത ഒരു തീരുമാനമെടുക്കേണ്ടി വന്നു. തടിക്കേസ് റിപ്പോര്‍ട്ട് ചെയ്ത രണ്ട് ലേഖകന്മാരെയും അവര്‍ക്ക് ഒത്താശ ചെയ്തുകൊടുത്ത അദ്ദേഹത്തിന്റെ മകനായ എംഎസ് മണിയെയും പത്രത്തില്‍ നിന്നും പുറത്താക്കാനായിരുന്നു ഈ തീരുമാനം. ഇതോടെ ഇവര്‍ക്ക് മൂന്ന് പേര്‍ക്കും ജോലിയില്ലാതായി. ജോലിയില്ലാതായതോടെ ഇവരില്‍ ഒരാളുടെ വീടിന്റെ മട്ടുപ്പാവില്‍ കൂടിച്ചേര്‍ന്ന് ചര്‍ച്ച ചെയ്ത് രൂപീകരിച്ചതാണ് കലാകൗമുദി. വനംകൊള്ളയെക്കുറിച്ചുള്ള അവരുടെ റിപ്പോര്‍ട്ടുകള്‍ എല്ലാം സമാഹരിച്ച് കേസിന്റെ പശ്ചാത്തലവും വിശദീരിച്ച് എന്താണ് വനത്തില്‍ നടക്കുന്നതെന്നതിന്റെ പൂര്‍ണവിവരങ്ങളും ചേര്‍ത്ത് 'കാട്ടുകള്ളന്മാര്‍' എന്നൊരു പുസ്തകം പുറത്തിറക്കുകയാണ് ഇവര്‍ ചെയ്തത്.

മലയാള പത്രപ്രവര്‍ത്തനത്തില്‍ പാരിസ്ഥിതിക പത്രപ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത് 'കാട്ടുകള്ളന്മാര്‍' എന്ന ലേഖന പരമ്പരയായിരുന്നു. 'വനം ജീവജാലങ്ങളുടെ ഹൃദയമാണ്' തുടങ്ങിയ പ്രയോഗങ്ങളൊക്കെ ഈ പരമ്പരയിലാണ് പ്രയോഗിക്കപ്പെട്ടത്. പ്രകൃതി എന്ന വാക്കിന് പകരം പരിസ്ഥിതി എന്ന വാക്ക് പ്രയോഗിച്ചതും ഇതിലാണ്. ഇതോടെ വനസ്‌നേഹികള്‍ എന്നൊരു വിഭാഗം കേരളത്തിലുണ്ടാകുകയും വനത്തെക്കുറിച്ച് കവിതകള്‍ പിറക്കാന്‍ തുടങ്ങുകയും ചെയ്തു. മരക്കവികള്‍ രൂപപ്പെട്ടു. മരം എന്ന പേരില്‍ എന്‍ പി മുഹമ്മദ് ഒരു നോവല്‍ തന്നെ എഴുതി. 'കാടെവിടെ മക്കളെ, നാടെവിടെ മക്കളെ കാട്ടുപൂഞ്ചോലയുടെ കുളിരെവിടെ മക്കളെ...' ഡോ. കെ അയ്യപ്പപ്പണിക്കര്‍ ഒരു കവിതയെഴുതി. അതെല്ലാം ഈ റിപ്പോര്‍ട്ടുകളുടെ സ്വാധീനമായിരുന്നു. സുഗതകുമാരിയെ ഒരു സ്ഥിരം വനസ്‌നേഹിയും വനക്കവിയുമാക്കി മാറ്റി. അങ്ങനെ മലയാള ജേണലിസത്തിന്റെ ചരിത്രത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ക്കും 'കാട്ടുകള്ളന്മാര്‍' എന്ന ലേഖന പരമ്പര കാരണമായി. പാരിസ്ഥിതിക പത്രപ്രവര്‍ത്തനം, അന്വേഷണാത്മക പത്രപ്രവര്‍ത്തനം എന്നിവയും പ്രകൃതി സ്‌നേഹം എന്ന പ്രതിഭാസവും ആരംഭിച്ചു. അതിന്റെ സ്വാധീനം തുടര്‍ന്നതുകൊണ്ടാണ് 1980-81 കാലത്ത് സൈലന്റ് വാലി സമരം ശക്തമാകാനും അവിടെ അണക്കെട്ട് നിര്‍മ്മിക്കുവാനുള്ള തീരുമാനത്തില്‍ നിന്നും പിന്മാറി ദേശീയ ഉദ്യാനം പ്രഖ്യാപിക്കാനും ഇന്ദിരാ ഗാന്ധി സര്‍ക്കാര്‍ നിര്‍ബന്ധിതരായത്. പത്രാധിപര്‍ക്കും രണ്ട് റിപ്പോര്‍ട്ടര്‍മാര്‍ക്കും ജോലി നഷ്ടപ്പെട്ടെങ്കിലും അത് കലാകൗമുദി വാരികയുടെ പിറവിക്ക് കാരണമായി. കലാകൗമുദി ആരംഭിച്ചതോടെ മലയാള പത്രപ്രവര്‍ത്തനത്തില്‍ പുതിയൊരു ശൈലിയും രൂപപ്പെട്ടു. ഫീച്ചര്‍ ജേണലിസം എന്ന മാനുഷിക പത്രപ്രവര്‍ത്തനവും ഇവിടെ ആരംഭിച്ചു. ഉദാഹരണത്തിന് മുന്‍ മന്ത്രിമാര്‍ എങ്ങനെ ജീവിക്കുന്നു, നാടകം ജീവിതമാക്കിയവര്‍ തുടങ്ങിയ പംക്തികള്‍ വന്നു. കേരളത്തിലെ നാടക കലാകാരന്മാരുടെ ജീവിതത്തെക്കുറിച്ചുള്ള കഥകളായിരുന്നു അത്. കെപിഎസ് സി സുലോചന മുതല്‍ തോപ്പില്‍ ഭാസി വരെയുള്ളവരുടെ ജീവിതം ഇതില്‍ വിവരിക്കപ്പെട്ടു. ഏതെങ്കിലും കാലത്ത് കുറച്ചുനാള്‍ മന്ത്രിയായിരിക്കുകയും പിന്നീട് രാഷ്ട്രീയത്തിലെവിടെയും കാണാതാകുകയും ചെയ്ത നിരവധി പേരുണ്ടായിരുന്നു. എ എ റഹീം മുതല്‍ കാന്തലോട്ട് കുഞ്ഞമ്പുവും കെ എം ജോര്‍ജ്ജും വരെയുള്ളവര്‍. അവര്‍ ഇപ്പോള്‍ എങ്ങനെ ജീവിക്കുന്നുവെന്ന് കലകൗമുദിയില്‍ പംക്തികള്‍ വന്നു. മലയാള പത്രപ്രവര്‍ത്തനത്തില്‍ വലിയൊരു സ്വാധീനമാണ് ഇതുണ്ടാക്കിയത്. പിന്നാമ്പുറം പോലുള്ള പംക്തികള്‍ മനോരമ ആരംഭിച്ചതിന് പിന്നില്‍ കലാകൗമുദിയിലെ ഇത്തരം പംക്തികളായിരുന്നു. അങ്ങനെ ഒരു ട്രെന്‍ഡ് സെറ്റിംഗ് രീതിയിലേക്ക് കലാകൗമുദി വളര്‍ന്നു. അടിയന്തരാവസ്ഥ കാലത്ത് ഒ വി വിജയന് പ്രത്യക്ഷത്തില്‍ രാഷ്ട്രീയ വിമര്‍ശനം നടത്താനാകാതെ വന്നു. കാര്‍ട്ടൂണിനെ ദര്‍ശനാത്മക മുഖമുള്ളതാക്കി മാറ്റി അദ്ദേഹം. അങ്ങനെ കലാകൗമുദിയില്‍ 'ഇത്തിരി ദര്‍ശനം ഇത്തിരി നേരംപോക്ക്' എന്ന കാര്‍ട്ടൂണ്‍ പംക്തി അദ്ദേഹം ആരംഭിച്ചു. അതിലൂടെ അദ്ദേഹം ഇന്ദിരാഗാന്ധി സര്‍ക്കാരിനെയും അവരുടെ നയങ്ങളെയും പരിഹസിക്കാന്‍ തുടങ്ങി. ഒരു സ്ത്രീ രൂപത്തിന് പിന്നാലെ അവരുടെ സാരിത്തുമ്പില്‍ പിടിച്ചുകൊണ്ട് സ്വന്തം തലയറുത്ത് പിന്നാലെ നീങ്ങുന്ന ഇന്ത്യന്‍ ബുദ്ധിജീവികളെക്കുറിച്ച് വിജയന്‍ ഇതില്‍ വരച്ചു. ഈ സ്ത്രീ ഇന്ദിരാഗാന്ധിയാണെന്ന് ജനം ഊഹിച്ച് മനസിലാക്കി. മുട്ടയ്ക്ക് അടയിരിക്കുന്ന കോഴിയും മുട്ടയും തമ്മിലുള്ള സംഭാഷമായിരുന്നു മറ്റൊന്ന്. നീ പഠിക്കണം വളരണം രാഷ്ട്രീയത്തില്‍ വലിയവനാകണം എന്നാണ് തള്ളക്കോഴി ആവശ്യപ്പെടുന്നത്. എന്നാല്‍ വിരിയാതെയും വളരാതെയും നേതാവാകും ഞാന്‍ യൂത്ത് കോണ്‍ഗ്രസില്‍ ചേരുമെന്നാണ് മുട്ടയുടെ മറുപടി. തള്ളക്കോഴി ഇന്ദിരാഗാന്ധിയാണെന്നും മുട്ട സഞ്ജീവ് ഗാന്ധിയാണെന്നും ജനം മനസിലാക്കി. ഇതെല്ലാം കലാകൗമുദിയിലൂടെയാണ് പുറത്തുവന്നത്. അന്നത്തെ സെന്‍സര്‍ഷിപ്പിനെ മറികടക്കാനായിരുന്നു വിജയന്‍ ഇത്തരം കാര്‍ട്ടൂണുകള്‍ വരച്ചത്. അതിന് നേതൃത്വം നല്‍കിയത് എംഎസ് മണിയും. എഴുത്തുകാര്‍ക്കും പത്രാധിപന്മാര്‍ക്കും ധൈര്യം പകരുകയും പുതിയ പംക്തികള്‍ ആവിഷ്‌കരിക്കാനുള്ള വേദി ഒരുക്കുകയും ചെയ്തു. എങ്ങനെയും പുതിയ കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ ഏത് വിധത്തിലും പുതിയ കാര്യങ്ങള്‍ എഴുതാനും അദ്ദേഹം എഴുത്തുകാര്‍ക്കും പത്രാധിപന്മാര്‍ക്കും സ്വാതന്ത്ര്യം നല്‍കി. എഴുത്തുകാര്‍ക്കെല്ലാം ഒരു പൂക്കാലം. ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കവിതകള്‍ മാതൃഭൂമി തുടര്‍ച്ചയായി നിരസിച്ചിരുന്ന കാലമായിരുന്നു അത്. എന്നാല്‍ ഇതാ ഒരു പുതിയ കവിയെന്ന് പറഞ്ഞ് കേരളത്തില്‍ ആരുമറിയാത്ത ചുള്ളിക്കാടിനെ കലാകൗമുദിയിലൂടെ എം എസ് മണി പരിചയപ്പെടുത്തി. അതൊരു പത്രാധിപരുടെ ധൈര്യമായിരുന്നു. അത്തരത്തില്‍ ഒരുപാട് എഴുത്തുകാര്‍ വന്നു. പിന്നീട് നടനായ നെടുമുടി വേണു, സംവിധായകനും തിരക്കഥാകൃത്തുമായ കള്ളിക്കാട് രാമചന്ദ്രന്‍, യാത്രാവിവരണം എഴുതുന്ന ചിന്ത രവി തുടങ്ങിയവരൊക്കെ അന്ന് കലാകൗമുദിയിലെ സ്ഥിരം എഴുത്തുകാരായിരുന്നു. പുതിയ ചിന്താധാരയെ ഉള്‍ക്കൊള്ളുന്ന വാരികയായി മാറി. എണ്‍പതുകളുടെ അവസാനം വരെയും കോളേജ് വിദ്യാര്‍ത്ഥികളുടെ ഒരു ഫാഷന്‍ കൂടിയായിരുന്നു കലാകൗമുദി. കലാകൗമുദി എന്ന പേര് പുറത്തുകാണുന്ന വിധത്തില്‍ വാരിക പോക്കറ്റില്‍ തിരുകിവയ്ക്കുന്നത് വിദ്യാര്‍ത്ഥികളുടെ ഒരു രീതിയായിരുന്നു. എം സുകുമാരന്റെ ശേഷക്രിയ, എം മുകുന്ദന്റെ സീത, സി രാധാകൃഷ്ണന്റെ സ്പന്ദമാപിനികളേ വിട, എംടിയുടെ രണ്ടാമൂഴം തുടങ്ങിയ നോവലുകളെല്ലാം അന്ന് കലാകൗമുദിയില്‍ പ്രസിദ്ധീകരിച്ചു. എംഎസ് മണിയും എന്‍ആര്‍എസ് ബാബുവും എസ് ജയചന്ദ്രനും ഉള്‍പ്പെട്ട ത്രയങ്ങളായിരുന്നു കലാകൗമുദിയുടെ നട്ടെല്ല്. പിന്നീട് കേരള കൗമുദിയില്‍ തിരികെയെത്തി പത്രപ്രവര്‍ത്തനത്തില്‍ നൂതനമായ ശൈലി ആവിഷ്‌കരിക്കാനും അദ്ദേഹത്തിന് സാധിച്ചു. രചനാ ശൈലിയിലാണ് ഇവര്‍ പ്രധാനമായും മാറ്റം വരുത്തിയത്. വാക്കുകളിലെ ബിംബവല്‍ക്കരണവും മറ്റും ഇവര്‍ ആവിഷ്‌കരിച്ചു. ടെലിവിഷന് മുമ്പ് തന്നെ ദൃശ്യഭാഷയെ വാര്‍ത്തകളില്‍ കൊണ്ടുവന്നു. ആദ്യമായി അവരല്ല ഇത് കൊണ്ടുവന്നത്. ഉദാഹരണത്തിന് 1966ല്‍ വള്ളത്തോള്‍ മരിച്ചപ്പോള്‍ അന്ന് അത് ജനയുഗത്തിന് വേണ്ടി റിപ്പോര്‍ട്ട് ചെയ്ത വൈക്കം ചന്ദ്രശേഖരന്‍ നായര്‍ എഴുതിയത് 'കത്തുന്ന എഴുതിരി നിലവിളക്കിന് കീഴില്‍ ചുട്ടികുത്താനെന്ന വിധം വള്ളത്തോള്‍ നീണ്ടു നിവര്‍ന്നു കിടന്നു|' എന്നായിരുന്നു. ചെറുതുരുത്തിയില്‍ പോയി റിപ്പോര്‍ട്ട് ചെയ്ത ആ ചരമ വാര്‍ത്ത ഇവിടുത്തെ പ്രഖ്യാപിത രീതികള്‍ക്കെല്ലാം വിഭിന്നമായിരുന്നു. പിന്നീട് വൈക്കം തന്നെ ഉപേക്ഷിച്ച ആ ശൈലിയാണ് എംഎസ് മണിയും കലാകൗമുദിയും പിന്തുടര്‍ന്നത്. ഖസാക്കിന്റെ ഇതിഹാസത്തിന്റെ ഭാഷാ ശൈലി റിപ്പോര്‍ട്ടുകളിലും കൊണ്ടുവന്നു. ഒരുപാട് പേര്‍ 'അശാന്തിയുടെ മൂടല്‍ മഞ്ഞ്' എന്നെഴുതി റിപ്പോര്‍ട്ടുകള്‍ ആരംഭിച്ചു. ഇപ്പോഴത്തെ കലാകൗമുദി ആ ഒരു നിലവാരത്തിലേക്കൊന്നും എത്തുന്നില്ലെങ്കിലും ഇരുപത് വര്‍ഷം മുമ്പ് വരെ ഈ നിലവാരം നിലനിര്‍ത്തിയിരുന്നു. അര്‍ത്ഥവത്തായ നേതൃത്വം നല്‍കിയ പത്രാധിപരാണ് എംഎസ് മണി. 21-ാം വയസ്സില്‍ ഡല്‍ഹിയില്‍ റിപ്പോര്‍ട്ടറായി എത്തിയപ്പോള്‍ ഡല്‍ഹിയുടെ രാഷ്ട്രീയ, സാമൂഹിക അന്തരീക്ഷം വളരെ രസകരമായിരുന്നു. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രു എന്നയാള്‍ ഒരു അപ്രമാദിയെപ്പോലെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നില്‍ക്കുന്നു. വികെ കൃഷ്ണ മേനോനെ പോലെ ഒരു ബുദ്ധിശാലി ഇന്ത്യന്‍ പ്രതിരോധമന്ത്രിയാണ്. മലയാളി സമൂഹത്തിന് ഒരു ആത്മീയാചാര്യനായി അദ്ദേഹം നില്‍നില്‍ക്കുകയാണ്. അക്കാലത്താണ് എംഎസ് മണി ഡല്‍ഹിയിലെത്തുന്നത്. എടത്തട്ട നാരായണന്‍, ഓംപ്രകാശ് മിശ്ര, എം ഛലപതി റാവു, ജി പി രാമചന്ദ്രന്‍ എന്നിവരാണ് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍. ഇവരൊക്കെ ചേര്‍ന്ന് ഒരു കമ്മ്യൂണിസ്റ്റ് ആഭിമുഖ്യമുള്ള പത്രപ്രവര്‍ത്തകരുടെ കൂട്ടം ഡല്‍ഹിയില്‍ വളര്‍ന്നുവന്നു. 1960ല്‍ ചൈന അതിര്‍ത്തിയില്‍ യുഎസ്എസ്ആറിന്റെ സൈന്യം ആക്രമണം നടത്തിയത് ഇടതുപക്ഷ ചിന്തകര്‍ക്ക് ഒരു ഞെട്ടലായിരുന്നു. പേട്രിയോട്ട് പത്രത്തിലൂടെ ഒ പി മിശ്രയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഒരു കമ്മ്യൂണിസ്റ്റ് രാഷ്ട്രം മറ്റൊരു കമ്മ്യൂണിസ്റ്റ് സഹോദര രാഷ്ട്രത്തെ ആക്രമിക്കുന്നു. ഇത് കമ്മ്യൂണിസ്റ്റ് മാനവികതയ്ക്ക് ആഗോള സാഹോദര്യത്തിനും എതിരല്ലേയെന്ന ചോദ്യം ഉയര്‍ത്തി. സോവിയറ്റ് യൂണിയന്റെ നയതന്ത്ര പ്രതിനിധി പേട്രിയോട്ട് പത്രത്തിന്റെ പത്രാധിപരെ നേരിട്ട് കണ്ട് റിപ്പോര്‍ട്ട് പിന്‍വലിച്ച് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ഒ പി മിശ്രയുടെ കൈവശം ഇതിന്റെയെല്ലാം തെളിവുകളുണ്ടായിരുന്നു. അവര്‍ മാപ്പു പറയാന്‍ തയ്യാറായില്ലെന്ന് മാത്രമല്ല, തെളിവുകളെല്ലാം നിരത്തി ലിങ്ക്‌സ് വാരികയില്‍ മറ്റൊരു റിപ്പോര്‍ട്ട് കൂടി നല്‍കുകയും ചെയ്തു. ഇത്തരം പത്രപ്രവര്‍ത്തകരുമായുള്ള അടുപ്പവും കാര്‍ട്ടൂണിസ്റ്റ് ശങ്കറുമായുള്ള അടുപ്പവുമെല്ലാം വി കെ മാധവന്‍കുട്ടി, ബിആര്‍പി ഭാസ്‌കര്‍, ജിപി രാമചന്ദ്രന്‍ തുടങ്ങിവര്‍ക്കൊപ്പം എംഎസ് മണിയെ പത്രപ്രവര്‍ത്തനത്തില്‍ ആധുനികതയുടെ സന്ദേശം പ്രചരിപ്പിക്കുന്നതിലൊരാളാക്കി. അതേസമയം ഒ വി വിജയനും കാക്കനാടനും എം മുകന്ദനും സാഹിത്യത്തിലേക്ക് ആധുനികതയുടെ സന്ദേശം പ്രചരിപ്പിച്ചു. കോണ്‍ഗ്രസ് ഒരു പ്രതിസന്ധി നേരിടുമ്പോഴാണ് എംഎസ് മണി തിരുവനന്തപുരത്തേക്ക് മടങ്ങിയെത്തിയത്. ഇടതുപക്ഷ ചിന്തകര്‍ക്കിടയിലും ഒരു ആശയക്കുഴപ്പമുണ്ടായിരുന്നു. യുഎസ്എസ്ആറിന്റെ സൈന്യം ചൈന അതിര്‍ത്തിയില്‍ ആക്രമണം നടത്തിയതുമായി ബന്ധപ്പെട്ടായിരുന്നു. 64ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിളര്‍പ്പിലേക്ക് അത് നയിച്ചു. കോണ്‍ഗ്രസിനോടുള്ള സമീപനം സ്വീകരിക്കുന്നതിലെ ആശയക്കുഴപ്പമായിരുന്നെന്നും പറയപ്പെടുന്നുണ്ട്. എന്തായാലും റഷ്യന്‍ പക്ഷപാതികളും ചൈനീസ് പക്ഷപാതികളുമായി ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകള്‍ പിളര്‍ന്നു. മണിയുടെ മനസിലും ഒരു ആശയക്കുഴപ്പമുണ്ടായിരുന്നു. ഡല്‍ഹിയില്‍ നിന്നും ലഭിച്ച അനുഭവങ്ങള്‍ കേരള കൗമുദിയെ ഒരു നവമാധ്യമ പ്രവര്‍ത്തനത്തിന്റെ പാതയില്‍ നയിക്കാനായിരുന്നു അദ്ദേഹത്തിന്റെ നിയോഗം. 69ല്‍ ആശയ പോരാട്ടത്തിന് പകരം വ്യക്തിപൂജ ആരംഭിച്ചതോടെ കോണ്‍ഗ്രസിലും പിളര്‍പ്പുണ്ടായി. ഈ സാഹചര്യത്തിലാണ് എംഎസ് മണി കേരളത്തിലെത്തുന്നത്. കോണ്‍ഗ്രസില്‍ നിന്നും വികെ കൃഷ്ണ മേനോന്‍ പടിയിറങ്ങിയതും അക്കാലത്തതാണ്. ഇടതുപക്ഷത്തിന്റെ പിന്തുണയോടെ തിരുവനന്തപുരത്തുനിന്നും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കാനും അവസാനമായി പാര്‍ലമെന്റിലെത്തിക്കാനും ചുക്കാന്‍ പിടിച്ചതും എം എസ് മണിയാണ്. ആ തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ കണ്‍വീനര്‍ അദ്ദേഹമായിരുന്നു. ഈ സംഘാടനമികവ് കണക്കിലെടുത്ത് ഒട്ടനവധി തവണ തിരുവനന്തപുരത്ത് മത്സരിക്കാന്‍ ഇടതുപക്ഷം അദ്ദേഹത്തെ നിര്‍ബന്ധിച്ചിട്ടുണ്ട്. എന്നാല്‍ കക്ഷിരാഷ്ട്രീയത്തിന് വേണ്ടി എഴുന്നേറ്റ് നില്‍ക്കുന്നതല്ല തന്റെ വഴിയെന്ന നിലപാടാണ് അദ്ദേഹം മരണം വരെയും സ്വീകരിച്ചത്. മാത്രമല്ല, സ്വന്തം ചിത്രം തന്റെ പത്രത്തില്‍ അച്ചടിച്ച് വരരുതെന്ന നിര്‍ബന്ധവും അദ്ദേഹത്തിനുണ്ടായിരുന്നു. തനിക്ക് ഒരു അവാര്‍ഡ് ലഭിക്കുന്നതിന്റെ വാര്‍ത്തയും ചിത്രവും പോലും തന്റെ നേതൃത്വത്തിലുള്ള പത്രത്തില്‍ വരുന്നത് അസ്വാഭാവികമായി അദ്ദേഹം കരുതിയിരുന്നു. പിന്നീട് സഹോദരന്‍ എംഎസ് മധുസൂദനനുമായി പത്ര ഉടമസ്ഥതയെ ചൊല്ലിയുണ്ടായ നിയമ പോരാട്ടം അദ്ദേഹത്തിന്റെ ശ്രദ്ധയും സമയവും നശിപ്പിച്ചത് കേരളകൗമുദിക്കും മലയാള പത്രപ്രവര്‍ത്തനത്തിനും തന്നെയാണ് നഷ്ടമായത്. രണ്ട് പതിറ്റാണ്ടോളം നീളം നിയമപോരാട്ടം മൂലം പത്രത്തിന്റെ രൂപീകരണത്തിലും അതിന്റെ വളര്‍ച്ചയിലും ശ്രദ്ധിക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. അല്ലായിരുന്നെങ്കില്‍ കേരളത്തിലെ ഒന്നാം നമ്പര്‍ ദിനപ്പത്രമാകാന്‍ കേരള കൗമുദിക്ക് സാധിക്കുമായിരുന്നു. അത് സര്‍ക്കുലേഷനിലല്ല, പകരം നിലവാരത്തിലായിരിക്കുമെന്ന് മാത്രം. (പി സുജാതനുമായി അരുണ്‍ ടി വിജയന്‍ സംസാരിച്ച് തയ്യാറാക്കിയത്)


Next Story

Related Stories