TopTop
Begin typing your search above and press return to search.

ഭരണഘടനാ മുല്യങ്ങളെ കുറിച്ച് പറഞ്ഞാൽ പോര, ജഡ്ജിമാർ സ്വയം അത് ഉൾക്കൊള്ളണം-ജസ്റ്റീസ് മുരളീധറിൻ്റെ വിടവാങ്ങൽ പ്രസംഗത്തിന്റെ പൂർണ രൂപം

ഭരണഘടനാ മുല്യങ്ങളെ കുറിച്ച് പറഞ്ഞാൽ പോര, ജഡ്ജിമാർ സ്വയം അത് ഉൾക്കൊള്ളണം-ജസ്റ്റീസ് മുരളീധറിൻ്റെ വിടവാങ്ങൽ പ്രസംഗത്തിന്റെ പൂർണ രൂപം

ചീഫ് ജസ്റ്റീസ്, എന്റെ സഹപ്രവര്‍ത്തകരെ, ഇവിടെ സന്നിഹിതരായിട്ടുള്ള മറ്റുള്ളവരെ,

ഞാന്‍ ആദ്യം ഒരു പ്രസംഗം തയ്യാറാക്കിയിട്ടുണ്ട്. ആറ് പേജോളം വരുന്നത്. ഞാന്‍ ഇവിടെ എത്താന്‍ ഇടയാക്കിയ എല്ലാവര്‍ക്കും നന്ദി പറഞ്ഞുകൊണ്ടുള്ള പ്രസംഗം. അവരില്‍ എന്റെ അമ്മയുണ്ട്, സഹോദരിയുണ്ട്, മരുമകളുണ്ട്, ഭാര്യ സഹോദരന്മാരും സഹോദരിമാരുമുണ്ട്. അമ്മാവന്‍മാരും ആന്റിമാരും കസിന്‍സും മറ്റ് ബന്ധുക്കളും സുഹൃത്തുക്കളും സര്‍വോപരി ഉഷയും. ഇവരെല്ലാവരും അങ്ങേയറ്റം അടുത്ത ബന്ധം പുലര്‍ത്തുകയും എന്നെ പിന്തുണയ്ക്കുകയും ചെയ്തു. എന്റെ ജീവിതത്തെ സജീവമാക്കിയതിനും മുന്നോട്ട് നയിച്ചതിനും എല്ലാവരോടും പല രീതിയില്‍ ഞാന്‍ കടപ്പെട്ടിരിക്കുന്നുവെന്ന് പറയട്ടെ.
ഇവിടെ ഇല്ലാതെ പോയവരും എന്നാല്‍ എന്റെ ജീവിതത്തില്‍ ഒരിക്കലും അവസാനിക്കാത്ത സ്വാധീനം ചെലുത്തുകയും ചെയ്തവരാണ് അച്ഛന്‍ ശ്രീനിവാസന്‍, എന്റെ അമ്മാവന്‍ വിശ്വനാഥന്‍, എന്റെ ഭാര്യയുടെ അമ്മ ഇന്ദിരാ രാമനാഥന്‍ എന്നിവര്‍.
1987 ല്‍ അന്ന് രാജ്യത്തെ അഡീഷണല്‍ സോളിസിറ്റര്‍ ജനറലായിരുന്ന ജി രാമസ്വാമി എന്നെ അദ്ദേഹത്തിന്റെ ജൂനിയറായി സ്വീകരിച്ചു. ഞാന്‍ ചെന്നെയില്‍നിന്ന് ഡല്‍ഹിയിലെത്തി. അദ്ദേഹത്തോടൊപ്പമുള്ള രണ്ട് വര്‍ഷം വലിയ പഠനാനുഭവങ്ങളാണ് എനിക്ക് തന്നത്. അദ്ദേഹത്തിന്റെ കൂര്‍മ ബുദ്ധിയും തമാശയും വാദിക്കാനുള്ള കഴിവും നിയമത്തിന്റെ എല്ലാ മേഖലകളിലുമുള്ള വ്യൂല്‍പത്തിയും എനിക്ക് നിയമത്തെ സംബന്ധിച്ചും കോടതിയെ സംബന്ധിച്ചുള്ള അറിവുണ്ടാക്കുന്നതില്‍ വലിയ സഹായമായി. എല്ലാ കാലവും ഞാന്‍ അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു. അദ്ദേഹത്തെ കുറിച്ച് ഓര്‍ക്കാത്ത ഒരു ദിവസം പോലും എന്റെ ജീവിതത്തിലില്ല.
പ്രൊഫസര്‍ ലോതിക സര്‍ക്കാറിനെ ഞാനും ഉഷയും മാം എന്നായിരുന്നു വിളിച്ചിരുന്നത്. അവരുടെ അവസാന നാല് വര്‍ഷം ഞങ്ങളോടൊപ്പമാണ് ചെലവഴിച്ചതെന്നത് അങ്ങേയറ്റം ചാരിതാര്‍ത്ഥ്യം ഉണ്ടാക്കുന്നതാണ്. ധാര്‍മ്മിക ജീവിതത്തിന്റെ പ്രതീകമായിരുന്ന അവര്‍ എന്നും ഒരു പ്രചോദനമാണ്
2020 ഫെബ്രുവരി 20 ന് ഉച്ചഭക്ഷണത്തിന് പിരിയുന്നതിന് തൊട്ടുമുമ്പ്, എന്നെ സ്ഥലംമാറ്റാനുള്ള നിര്‍ദ്ദേശം അടങ്ങിയ കത്ത് എനിക്ക് ലഭിച്ചു. അന്ന് രാവിലെയായിരുന്നു ഞങ്ങളുടെ വളര്‍ത്തുനായ ലബ്രോഡര്‍ സാഖി ചത്തത്. പതിനൊന്ന് വര്‍ഷത്തോളം കുടുംബത്തിന് അങ്ങേയറ്റം സ്‌നേഹം തന്നതായിരുന്നു അത്. മാഡം കാരണമാണ് സാഖി വിട്ടിലെത്തിയത്. ഒരു വലിയ സാനിധ്യമായി അത് അവസാനം വരെയുണ്ടായി.
എനിക്ക് ഇവിടുത്തെ പല ജഡ്ജിമാരോടും നല്ല അടുപ്പമുണ്ടെന്ന് ആത്മവിശ്വാസത്തോടെ പറയാന്‍ കഴിയും. വേദിയിലും സദസ്സിലുമായി നിരവധി ജഡ്ജിമാരുണ്ട്. ഇന്ത്യയുടെ മറ്റ് പ്രദേശങ്ങളിലെ ജഡ്ജിമാരുമുണ്ട്. നീതിനിര്‍വഹണത്തിന്റെ വൈഷമ്യം പിടിച്ച മേഖലകളിലൂടെ മുന്നോട്ടുപോകാന്‍ അവര്‍ എന്നെ സഹായിച്ചിട്ടുണ്ട്. അവരുടെ പേരുകള്‍ പറായാതിരിക്കുന്നത് സമയ ദൗര്‍ലഭ്യം കാരണമാണ്.
ഓരോ ജഡ്ജിക്കും ഒരു ഡസന്‍ ജീവനക്കാരെങ്കിലും ഉണ്ട്. അവരില്ലാതെ ജഡ്ജിമാരുടെ പ്രവര്‍ത്തനങ്ങള്‍ സാധ്യമല്ല. 1200 ഓളം ജീവനക്കാരാണ് ഈ കോടതിയിലുള്ളത്. എനിക്ക് ജഡ്ജിയായി ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞെങ്കില്‍ അതിന് കാരണം ഇവരാണ്. മോനിക വാദ്വ, ദിനേഷ് നയാല്‍, രാജേഷ് മല്‍ഹോത്ര രാജ് ധാസ് ജി, തരുണ്‍ റാണ, ദേവേന്ദര്‍ സിംങ് മേത്ത, ഗോപാല്‍ പ്രസാദ്, ജഗ്ദീഷ് സഞ്ജയ് കുമാര്‍, മാരി മുത്തു,ദീപ് ചന്ദ് റാം താര, എന്റെ സാരഥി, ഇന്ദര്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും നന്ദി. കഴിഞ്ഞ വര്‍ഷങ്ങളില്‍ നിരവധി ഗവേഷകരും ഇന്റേണ്‍ഷിപ്പിനെത്തിയവരുമുണ്ട്. അവര്‍ക്കും ഇപ്പോള്‍ കൂടെയുളള രോഹിണി, അവി, ഓയിന്‍ഡ്രില എന്നിവര്‍ക്കും നന്ദി.
സ്വന്തം ആളെന്ന നിലയില്‍ എന്ന സ്വീകരിച്ചതിന് ഞാന്‍ ഡല്‍ഹി ഹൈക്കോടതി ബാറിനോട് നന്ദി പറയുന്നു. മുതിര്‍ന്നവരും പുതിയവരും ഉള്‍പ്പെടുന്ന നിങ്ങളില്‍നിന്ന് കഴിഞ്ഞ 14 വര്‍ഷം കിട്ടിയ നിരുപാധികമായ സ്‌നേഹത്തെ എങ്ങനെയാണ് വിവരിക്കേണ്ടതെന്ന് എനിക്ക് അറിയില്ല. നിങ്ങള്‍ അത് തിരിച്ചറിയുന്നുണ്ടാവില്ല, പക്ഷെ ചേര്‍ത്ത് പിടിച്ച് നിങ്ങള്‍ മുന്നോട്ടുപോകാന്‍ എന്നെ സഹായിച്ചു. നിങ്ങള്‍ക്ക് നന്ദി പറഞ്ഞാല്‍ തീരില്ല.
ഭീതിയില്ലാതെ പ്രവര്‍ത്തിക്കുന്നവരും നല്ല ധാരണയും കൃത്യമായി കാര്യങ്ങള്‍ അവതരിപ്പിക്കാനും കഴിയുന്ന യുവ അഭിഭാഷകരോടാണ് എനിക്ക് പറയാനുള്ളത്. ഇവിടുത്തെ ബാറിന്റെ ഭാവി നിങ്ങളുടെ കൈയിലാണ്. വിവിധ ഭാഗങ്ങളില്‍നിന്ന് വിവിധ സംസ്‌കാരങ്ങളും വിവിധ ഭാഷകളും സംസാരിക്കുന്ന അഭിഭാഷകരുടെ ഒരു കൂട്ടമാണ് ഇവിടെ ഉള്ളത്. കിഴക്കുനിന്നും വടക്ക് കിഴക്കുനിന്നും തെക്കുനിന്നും മധ്യഭാഗത്തുനിന്നും പടിഞ്ഞാറുനിന്നും വടക്കുനിന്നും ഉള്ളവര്‍. ഇവിടെ വിവിധ സംസ്‌ക്കാരങ്ങളും ഭാഷകളും ഭക്ഷ്യരീതികളും സാഹോദര്യത്താലും സ്‌നേഹത്താലും നമ്മെ ചേര്‍ത്തുനിര്‍ത്തുന്നു. അതാണ് ഈ കോടതിയുടെ യഥാര്‍ത്ഥ ശക്തി. വര്‍ഗ ജാതി സാമൂദായിക ഘടകങ്ങള്‍ ഇതിന് മാറ്റം വരുത്തിയിട്ടില്ല. ഒരിക്കലും അങ്ങനെ ഉണ്ടാകില്ലെന്ന് പറയാനും ഞാന്‍ ധൈര്യപെടുന്നു. ആ ഉറപ്പാണ് നമ്മള്‍ സ്വയം നല്‍കേണ്ടത്. സാഹോദര്യമാണ് പ്രധാനം. സാഹോദര്യമില്ലാതെയുള്ള സ്വാതന്ത്ര്യവും സമത്വവും ഉപരതിലത്തിലടിച്ച പെയിന്റുപോലെയാവുമെന്ന ബാലാസഹേബ് അംബേദ്ക്കര്‍ പറഞ്ഞത് അതുകൊണ്ടാണ്
എനിക്ക് കഴിഞ്ഞ വര്‍ഷങ്ങളില്‍ മനസ്സിലായ കാര്യം അഭിഭാഷകരും ന്യായാധിപന്മാരും ഭരണഘടന മൂല്യങ്ങളെക്കുറിച്ച് പറഞ്ഞതുകൊണ്ട് മാത്രം കാര്യമായില്ലെന്നതാണ്. അത് സ്വയം ഉള്‍ക്കൊള്ളുകയും വേണമെന്നാണ്. സമത്വം, വിവേചനമില്ലായ്മ, അന്തസ്സ് ബഹുസ്വരത എന്നീ ഭരണഘടനാ മൂല്യങ്ങള്‍ വ്യക്തിതലത്തിലും ഔദ്യോഗിക തലത്തിലും നിരന്തരം നടപ്പിലാക്കേണ്ടതാണ്.
എങ്ങനെയാണ് ബാറും കോടതിയും മാത്രമല്ല, ബാര്‍ അസോസിയേഷനും കോടതിയിലെ കടകളിലും വിവിധ ജാതി ഭാഷ മത വിഭാഗത്തില്‍പെട്ടവര്‍ ഇടപഴകുന്നതെന്നത് കോടതിയുടെ അന്തരീക്ഷം എത്രത്തോളം ജനാധിപത്യവല്‍ക്കരിക്കപ്പെട്ടതാണെന്ന് ബോധ്യപ്പെടുത്തും.
നിയമത്തില്‍ ഗ്രാഹ്യമുണ്ടായിരിക്കയും അങ്ങേയറ്റം പ്രൊഫഷണലായിരിക്കുകയും ചെയ്യുകയെന്നത് സഹപ്രവര്‍ത്തകരുടെ ബഹുമാനം നേടാന്‍ സഹായിക്കും. അതിശയോക്തികളില്ലതാതെ വസ്തുതകള്‍ മാത്രം ഉള്‍ക്കൊള്ളിച്ചുള്ള അപേക്ഷകള്‍ കിട്ടുന്നതാണ് ഒരു ജഡ്ജിയെന്ന നിലയില്‍ എനിക്ക് സൗകര്യം. കേസുമായി ബന്ധപ്പെട്ട നിയമത്തിലെ അഗാധമായ വായന കൃത്യമായ ധാരണകളിലെത്താന്‍ സഹായിക്കും. ഹര്‍ജി അഭിഭാഷക സ്വയം തയ്യാറാക്കുകയും പിന്നിട് വാദിക്കുകയും ചെയ്യുമ്പോള്‍ ക്ലിഷ്ടത ഉണ്ടാവില്ല. നിങ്ങളുടെ ആഭിമുഖ്യം വളരെ പ്രധാനപ്പെട്ട കാര്യമാണ്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി സുപ്രീം കോടതി ലീഗല്‍ സര്‍വീസ് കമ്മിറ്റിയിലുള്ളതുകൊണ്ടാണ് മനുഷ്യാവകാശങ്ങളോടും നിയമങ്ങളോടും ദാരിദ്ര്യവുമായി ബന്ധപ്പെട്ട വിഷയങ്ങളിലും എനിക്ക് കൂടുതല്‍ താല്‍പര്യവും ആഭിമുഖ്യവും ഉണ്ടാകാന്‍ കാരണം. അത് വ്യക്തിപരമായി വളരെ ആശ്വാസകരമായ സംഗതിയാണ്
ഇനി ചില ശ്ലഥ ചിന്തകള്‍. നീതി നിര്‍വഹണം നടക്കുന്നത് മാധ്യസ്ഥതയുടെയും ധ്യാനപൂര്‍ണവുമായ ഒരു പ്രതലത്തില്‍ വെച്ചാണ്.ഇതില്‍ ആദ്യത്തേത് നീതിനിര്‍വഹണത്തിന്റെ പ്രധാന ഉത്തരാവാദിത്തമാണ്. പ്രശ്‌ന പരിഹാരം എന്നത്. രണ്ടാമത്തെതില്‍ എന്നെ സംബന്ധിച്ച് രണ്ട് കാര്യങ്ങളുണ്ട്. ലോകത്തിലെ ഏറ്റവും ദരിദ്രനായ മനുഷ്യനെ ഓര്‍ക്കേണ്ടതിനെക്കുറിച്ച് ഗാന്ധി പറഞ്ഞതും ഭരണഘടന ധാര്‍മ്മികതെയക്കുറിച്ച് ഗ്രോറ്റെയുടെ തത്വത്തിന് അംബേദ്ക്കര്‍ നല്‍കിയ വ്യാഖ്യാനവും. നീതിനിര്‍വഹണത്തിന്റെതായ മേഖലയില്‍ എന്റെ നീതിയെക്കുറിച്ചുള്ള സങ്കല്‍പങ്ങള്‍ ഈ തത്വങ്ങളാല്‍ മുന്നോട്ടുകൊണ്ടുപോകുകയാണെങ്കില്‍ അത് നീതിയെ സംബന്ധിച്ച ഭരണഘടന ദര്‍ശനത്തിന് അനുസൃതമായിരിക്കുമെന്നാണ ഞാന്‍ കരുതുന്നത്. ഈ അര്‍ത്ഥത്തില്‍ കോടതികള്‍ എന്നത് നിയമം വ്യാഖ്യാനിക്കപ്പെടുന്ന സ്ഥലം മാത്രമല്ല. മറിച്ച് ഭരണഘടന മുല്യങ്ങള്‍ പരീക്ഷിക്കപ്പെടുന്ന സ്ഥലങ്ങള്‍ കൂടിയാണ്.
ജഡ്ജിമാര്‍ ദൈവികമായ പ്രവര്‍ത്തിയാണ് ചെയ്യുന്നതെന്ന വാദത്തോട് ഞാന്‍ യോജിക്കുന്നില്ല. എന്നെ സംബന്ധിച്ച് ലോര്‍ഡ്ഷിപ്പ് എന്നും ഹോണറബിള്‍ എന്നുപോലുമുള്ള വിളികള്‍ വേണ്ടെന്ന് പറയുന്നത് വെറുതെയല്ല. നമ്മള്‍ എത്ര നിസ്സാരരും തെറ്റുപറ്റാന്‍ ഇടയുള്ളവരുമാണെന്നും ബോധ്യപെടാനാണങ്ങനെ ചെയ്യുന്നതിലൂടെ ഉദ്ദേശിക്കുന്നത്.
പക്ഷഭേദമില്ലാതിരിക്കുകയെന്നതും നിര്‍മമരാകുന്നതും തമ്മില്‍ വ്യത്യാസമുണ്ട്. അവ പരസ്പര വിരുദ്ധമല്ല. ഒരു ജഡ്ജിയെ സംബന്ധിച്ച് പക്ഷഭേദമില്ലാതിരിക്കുകയെന്നത് വിട്ടുവീഴ്ച ചെയ്യാനാകാത്ത കാര്യമാണ്. ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണത്. നിര്‍മമരാകുകയെന്നത് സംബന്ധിച്ച് പറയുകയാണെങ്കില്‍ ഏത് ജഡ്ജിയും ഒരു ദുര്‍ബലനായ പരാതിക്കാരനെ ശക്തനായ പരാതിക്കാരനില്‍നിന്ന് മാറ്റിനിർത്തി തിരിച്ചറിയാന്‍ കഴിയണം. ദുര്‍ബലനോട് ആഭിമുഖ്യം കാണിച്ചുകൊണ്ട് സമത്വമുണ്ടാക്കാന്‍ കഴിയണം
നീതി നിര്‍വഹണം എന്നത് എളുപ്പമുള്ള ജോലിയല്ല. നീതി തേടിയെത്തുന്ന പരാതിക്കാരുടെ നിരാശകളും ആകാംക്ഷകളും എല്ലാം ഉണ്ടാക്കുന്ന നെഗറ്റീവ് വികാരങ്ങളെ അതിന് നേരിടണം. നെഗറ്റീവ് എനര്‍ജിയെ എതിരിടുന്നതാവണം പല ജഡ്ജിമാരുടെയും രോഗാവസ്ഥയ്ക്ക് കാരണം. ഓരോ കേസിന് ശേഷവും ശാന്തത കൈവരിക്കുകയെന്നത് വലിയ വെല്ലുവിളിയാണ്.
നീതി നിര്‍വഹണം ആവേശകരവുമാണ്. നിങ്ങളില്‍നിന്ന് വ്യത്യസ്തരായ മനുഷ്യരുടെ മനസ്സിനെ അറിയാനും അത് നിങ്ങളെ നിര്‍ബന്ധിതരാക്കും. അത് പലപ്പോഴും വിനയാന്വിതരാക്കുകയും ചെയ്യും
14 വര്‍ഷത്തിന് ശേഷം ഇപ്പോള് കാര്യങ്ങള്‍ക്ക് ഒരു വ്യക്തത വന്നില്ലേ എന്ന് ഒരാള്‍ എന്നോട് ചോദിച്ചു. കറപ്പും വെളുപ്പും തിരിച്ചറിഞ്ഞില്ലേ എന്ന്. ജഡ്ജിമാര്‍ സമ്മര്‍ദ്ദത്തിനടിമകളാണോ? എന്നോട് ചോദിച്ചു, അവര്‍ അത് വിധേയരാകുന്നില്ലെങ്കില്‍ ഇല്ല എന്നായിരുന്നു എന്റെ ഉത്തരം
14 വര്‍ഷം മുമ്പ് ഞാന്‍ പ്രവര്‍ത്തനം തുടങ്ങിയതില്‍ നിന്ന് ഏത് രീതിയിലാണ് ഹൈക്കോടതി മാറിയത്? ജഡ്ജിമാരുടെ എണ്ണത്തില്‍ കാര്യമായി വര്‍ധനയുണ്ടായില്ല. ഒന്നു രണ്ട് അവസരങ്ങളില്‍ അത് 40 ആയി. പിന്നീട് വീണ്ടും 33 ആകും. കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം കൂടി. കെട്ടിടങ്ങള്‍ വലുതായി. പേപ്പര്‍ രഹിതമായി, കോടതിയുടെ പ്രവര്‍ത്തനം മാറി. കൂടുതല്‍ സചേതനമായ അഭിഭാഷകരുണ്ടായി. നീതിതേടിയെത്തുന്നവന് സഹായകരമായ രീതിയില്‍ കോടതി നടപടികള്‍ മാറണം,സുതാര്യത വേണം എന്നിവയാണ് മറ്റ് കാര്യങ്ങള്‍. നിയമ വിദ്യാഭ്യസത്തിന്റെയും പരിശീലനത്തിന്റെയും കാര്യത്തിലും കൂടുതല്‍ മികവുണ്ടാകണം.
അഭിഭാഷകര്‍ക്കും ന്യായാധിപര്‍ക്കും പൊതുവായി ഉണ്ടാകേണ്ട ചില കാര്യങ്ങളുണ്ട്. ബുദ്ധിപരമായ ഉത്തേജനം ഉണ്ടാക്കുകയെന്നതാണത്. നിയമ നിയമേതര പുസ്തകങ്ങള്‍ വായിക്കാന്‍ അഭിഭാഷകനായിരുന്നപ്പോള്‍ ഉള്ള സമയം പോലുമില്ലെന്ന് തിരിച്ചറിയുന്നത് ജഡ്ജിയായി കഴിയുമ്പോഴാണ്. ചര്‍ച്ച ചെയ്യാനും സംവദിക്കാനും അഭിഭാഷകര്‍ക്കും ജഡ്ജിമാര്‍ക്കും ഒരു വേദിയുണ്ടാകുന്നത് നല്ലതാണ്. ജുഡിഷ്യല്‍ അക്കാദമികള്‍ ജഡ്ജിമാര്‍ക്ക് ഇതിന്റെ അവസരം ഉണ്ടാക്കുന്നുണ്ട്. ഞങ്ങളില്‍ ചിലരുടെ അപേക്ഷ പരിഗണിച്ച് കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് നാഷണല്‍ ജൂഡിഷ്യല്‍ അക്കാദമി 'നിയമ പക്രിയയുടെ മുന്നേറ്റത്തില്‍ ഹൈക്കോടതിയുടെ പങ്ക്' എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചിരുന്നു. അഭിഭാഷകര്‍ക്കും സ്റ്റഡി സര്‍ക്കിളും ചര്‍ച്ചാഗ്രൂപ്പുകളും നല്ലതാണ്. സുപ്രീം കോടതിയില്‍ അഭിഭാഷകനായിരിക്കെ ഞാന്‍ ആരംഭിച്ച ഫ്രൈഡെ മീറ്റിംങ് ഗ്രൂപ്പ എന്റെ സുഹൃത്ത് ശേഷാഗിരി റാവു വീണ്ടും ആരംഭിക്കുകയും ഗംഭീരമായി നടത്തികൊണ്ടുപോകുകയും ചെയ്യുന്നുണ്ട്.
നിയമ സംവിധാനവുമായി ബന്ധപ്പെട്ട സിനിമകള്‍ നല്ല വിനിമയ ഉപകരണങ്ങളാണ്. അഭിഭാഷകനെന്ന നിലയില്‍ സഹപ്രവര്‍ത്തകര്‍ക്ക് വേണ്ടി സിനിമ പ്രദര്‍ശിച്ചതിന്റെ അനുഭവത്തില്‍നിന്നാണ് ഇത് പറയുന്നത്. ഹൈക്കോടതിയുടെ ലീഗല്‍ സര്‍വീസ് സൊസൈറ്റിയിലെ അഭിഭാഷകര്‍ക്കു വേണ്ടിയും ഞാന്‍ അത് ചെയ്തിരുന്നു. മള്‍ട്ടി മീഡിയ ഓഡിയോ വിഷ്വല്‍ ഉപകരണങ്ങള്‍ എന്നിവയും അധ്യയനത്തിന് നല്ലതാണ്. അതാണ് നാഷണല്‍ ലോ സ്‌കൂളുകളില്‍ പഠിപ്പിച്ചപ്പോള്‍ എനിക്ക് തോന്നിയത്.
നിയമത്തിന്റെയും നിയമവൃത്തിയുടെയും കോടതിയുടെയും ഭാവിയാണ് എനിക്ക് താല്‍പര്യമുള്ള ഒരു വിഷയം. ഇലക്ട്രോണിക്ക് തെളിവു് ശേഖരവും സംരക്ഷണവും സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിന് നിയോഗിച്ച അഞ്ചംഗ കമ്മിറ്റിയില്‍ ഞാനും ഉണ്ടായിരുന്നു 2018 ല്‍ ഞങ്ങള്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഈ വിഷയം വളരെ പ്രധാനപ്പെട്ടതാണെന്ന് ഞങ്ങള്‍ക്ക് ബോധ്യപ്പെടുകയും ചെയ്തു.
ഒരു ജഡ്ജിയെന്ന നിലയില്‍ എന്നെ മുന്നോട്ട് നയിക്കുന്നതെന്താണ്.? രണ്ടോ മൂന്നോ ദശാബ്ദമായുള്ള നിയമ തര്‍ക്കം പരിഹരിക്കാന്‍ കഴിയുകയോ 80 വയസ്സായ ഒരാള്‍ക്ക് പെന്‍ഷന്‍ ആനുകൂല്യം ലഭ്യമാക്കാന്‍ കഴിയുകയോ മരിച്ചുപോയ ഒരു ബസ് കണ്ടക്ടറുടെയോ സിആര്‍പിഎഫ് ജവാന്റെയോ ബന്ധുക്കള്‍ക്ക് വിരമിക്കല്‍ ആനുകൂല്യം ലഭ്യമാക്കുകയോ അല്ലെങ്കില്‍ തെറ്റായ ശിക്ഷ വിധി തിരുത്തുകയോ അല്ലെങ്കില്‍ തെറ്റായി ഒരാളെ കുറ്റവിമുക്തനാക്കിയത് തിരുത്തുകയോ ഒക്കെ ആവാം എന്നെ മുന്നോട്ടു കൊണ്ടുപോകുന്നത്. എല്ലാ കോടതിയിലും നീതിക്കുവേണ്ടിയുള്ള കരച്ചില്‍ ശക്തമാണ്. നീതി നടപ്പിലാക്കുന്നതിന് ഒന്നും മതിയാവുന്നില്ലെന്നതാണ് എനിക്ക് തോന്നുന്നത്.
ഈ കോടതിയിലെ ജഡ്ജി എന്ന നിലയില്‍ ഏറ്റവും പ്രധാനപ്പെട്ട നിമിഷം ജൂലൈ 2, 2009 ആയിരുന്നു. അന്നായിരുന്നു ചീഫ് ജസ്റ്റീസ് എ പി ഷായോടൊപ്പം നാസ് ഫൗണ്ടേഷന്‍ കേസില്‍ വിധി പറഞ്ഞത്. സ്വവര്‍ഗ രതി മനുഷ്യന്റെ സ്വകാര്യതയാണെന്നും ക്രിമിനല്‍ കുറ്റമല്ലെന്നും വിധിച്ചപ്പോള്‍ പലരിലും ഉണ്ടായ ആശ്വാസം വളരെ വ്യക്തമായി കാണാമായിരുന്നു. ചിലര്‍ വികാരം കൊണ്ട് പൊട്ടിക്കരഞ്ഞു. ഒരിക്കലും തിരുത്താന്‍ പറ്റാത്തത് സംഭവിച്ചിരിക്കുന്നുവെന്നാണ് അന്ന് തോന്നിയത്.


ഇനി എന്റെ സ്ഥലം മാറ്റത്തെയും ഫെബ്രുവരി 26 ന് എന്താണ് സംഭവിച്ചത് എന്നതിനെപറ്റിയും പറയാം;
എന്താണ് സംഭവിച്ചതെന്നതിനെക്കുറിച്ച് വ്യക്തത വരുത്തേണ്ടത് ആവശ്യമാണെന്ന് എനിക്ക് തോന്നുന്നു
ഒരു ഹൈക്കോടതി ജഡ്ജിയെ സ്ഥലം മാറ്റുന്നത് സംബന്ധിച്ച ശുപാര്‍ശകള്‍ മാത്രമാണ് സുപ്രീം കോടതിയിലെ അഞ്ചംഗ കൊളിജിയം നല്‍കുന്നത്. ആ ഘട്ടത്തില്‍ ജഡ്ജിക്ക് സ്ഥലമാറ്റം ഉണ്ടായിട്ടില്ല. ഇത് സംബന്ധിച്ച് ഉത്തരവ് വരുമ്പോള്‍ മാത്രമാണ് സ്ഥലമാറ്റം പ്രാവര്‍ത്തികമാകുന്നത്.
ഫെബ്രുവരി 17 -ാം തീയതി ചീഫ് ജസ്റ്റീസ് ഒരു കത്ത് മുഖേനെ ഇക്കാര്യം അറിയിച്ചിരുന്നു. ഞാന്‍ കത്തുകിട്ടിയെന്ന് വിവരം അറിയച്ചു. എന്നാല്‍ അതിന് ശേഷം ഞാന്‍ എന്താണ് അതുകൊണ്ട് ഉദ്ദേശിച്ചതെന്ന് ചോദിച്ച് വീണ്ടും കത്തു കിട്ടി. ഡല്‍ഹിയില്‍നിന്ന് സ്ഥലം മാറ്റചെയ്യപ്പെടുകയാണെങ്കില്‍ പഞ്ചാബ് ഹരിയാന ഹൈക്കോടതിയിലേക്ക് പോകുന്നതിന് എനിക്ക് പ്രശ്‌നങ്ങളില്ലെന്ന് അറിയിച്ചു. ഞാന്‍ ആ നിര്‍ദ്ദേശത്തെ എതിര്‍ക്കുന്നില്ലെന്ന ഞാന്‍ ചീഫ് ജസ്റ്റീസിനെ അറിയിച്ചു. 20 ഫെബ്രുവരിയില്‍ പ്രിൻ്റിലെ മനേഷ് ചിബ്ബാറിലൂടെ എന്റെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട ഒരു റിപ്പോര്‍ട്ട് പുറത്തുവരുന്നു. എന്നെ നേരത്തെ അറിയിച്ച വിവരങ്ങളായിരുന്നു അതിലും ഉണ്ടായിരുന്നത്.
2020 ഫെബ്രുവരി 26 നായിരുന്നു ജീവിതത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ തൊഴില്‍ ദിനം. പുലര്‍ച്ച 12.30 ന് തുടങ്ങിയതാണ്. ജസ്റ്റീസ് ബംബാനിയുമായി ചേര്‍ന്ന എന്റെ വീട്ടില്‍ തന്നെയാണ് കോടതി ചേര്‍ന്നത്. രാഹുല്‍ റോയ് നല്‍കിയ പൊതു താല്‍പര്യ ഹര്‍ജിയായിരുന്നു പരിഗണിച്ചിരുന്നത്. ഞാന്‍ ജസ്റ്റീസ്സ് സിസ്താനിയെ വിളിച്ച് എന്ത് ചെയ്യണെമന്ന് ചോദിക്കുന്നു. ചീഫ് ജസ്റ്റീസ് ലീവായിരുന്നു. സിസ്താനി അദ്ദേഹവും ലീവാണെന്ന കാര്യം അറിയിക്കുന്നു. എന്നോട് കേസ് എടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു. ബഞ്ച് പുറപ്പെടുവിച്ച ഉത്തരവില്‍ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ഫലത്തില്‍ ചീഫ് ജസ്റ്റീസിന്റെ ബഞ്ച് എന്ന നിലയില്‍ അന്ന് വൈകിട്ട് ഞാനും ജസ്റ്റീസ് തല്‍വാദ് സിംങ്ങും പുതിയൊരു പൊതുതാല്‍പര്യ ഹര്‍ജി കൂടി പരിഗണിച്ചു. വിദ്വേഷ പ്രസംഗത്തിന് കേസെടുക്കുന്നത് സംബന്ധിച്ചായിരുന്നു. പൊതുതാല്‍പര്യ ഹര്‍ജി. ഉത്തരവ് പാസ്സാക്കി കഴിഞ്ഞ ഉടന്‍ ആ കേസ് യഥാര്‍ത്ഥത്തില്‍ ചീഫ് ജസ്റ്റസിന്റെതായി കഴിയുകയാണ് ചെയ്യുക.
26 ഫെബ്രുവരി അര്‍ദ്ധരാത്രിയോടെ പുറത്തിറങ്ങിയ നോട്ടിഫിക്കേഷന്‍ രണ്ട് കാര്യങ്ങളാണ് ചെയ്തത്. ഒന്ന് എന്നെ പഞ്ചാബ് ഹരിയാന ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റി. രണ്ടാമത് അതെന്നെ ഒരിക്കലും സ്ഥലം മാറ്റാന്‍ കഴിയാത്ത മറ്റൊരു പദവിയിലേക്ക് നിയമിച്ചു. ആ പദവിയില്‍ ഞാന്‍ അഭിമാനിക്കുന്നു. രാജ്യത്തെ ഏറ്റവും മികച്ച ഹൈക്കോടതി എന്ന് പറയാവുന്ന ഡല്‍ഹി ഹൈക്കോടതിയിലെ മുന്‍ ജഡ്ജിയായാണ് ഞാന്‍ നിയമിക്കപ്പെട്ടത്.


Next Story

Related Stories