TopTop
Begin typing your search above and press return to search.

ബോധ്യം വന്ന കാനം രാജേന്ദ്രനും 'പിണറായി ഭക്തനാ'യ കുന്നുമ്മല്‍ സുരേന്ദ്രനും; സ്പ്രിംഗ്ലറാനന്തര കേരള രാഷ്ട്രീയം ഇങ്ങനെയൊക്കെ പിഴച്ചു കൊണ്ടിരിക്കും

ബോധ്യം വന്ന കാനം രാജേന്ദ്രനും

സ്‌പ്രിംഗ്ലർ വിവാദം കോടതി കയറിക്കഴിഞ്ഞതിനാൽ തീർപ്പും അവിടെ നിന്നു തന്നെ ഉണ്ടാവേണ്ടതാണ്. എന്നാൽ വിഷയത്തിൽ രാഷ്ട്രീയം കലർന്നിട്ടുള്ളതിനാൽ കോടതി എന്തു പറയും എന്നതൊക്കെ പ്രതിപക്ഷ പാർട്ടികൾക്കും മാധ്യമങ്ങൾക്കുമൊക്കെ രണ്ടാമത്തെ കാര്യം മാത്രമാകുന്നു. ആദ്യ പരിഗണന വിവാദത്തെ എത്രകണ്ട് പൊലിപ്പിച്ചെടുക്കാം എന്നതു തന്നെ. ഇടതു മുന്നണിയിലെ രണ്ടാം കക്ഷിയായ സിപിഐയുടെ മുഖപത്രമായ 'ജനയുഗം', ഡാറ്റാ സുരക്ഷ സംബന്ധിച്ച് എഡിറ്റോറിയൽ പരാമർശം നടത്തിയപ്പോൾ പ്രതിപക്ഷ പാർട്ടി നേതാക്കൾ മാത്രമല്ല നമ്മുടെ ചില മാധ്യമങ്ങളും ആവേശക്കൊടുമുടി കയറിയതും അതുകൊണ്ടു തന്നെയായിരുന്നു. മാവോയിസ്റ്റുകളെ വെടിവെച്ചു കൊന്നതിനെ എതിർത്തും കുറ്റാരോപിതനായ എൻസിപി നേതാവ് തോമസ് ചാണ്ടിയെ മന്ത്രിയായി തുടരാൻ അനുവദിക്കുന്നതിന് എതിരെയും രംഗത്ത് വന്ന കാനം രാജേന്ദ്രനും പ്രകാശ് ബാബുവും ഒക്കെ മൗനം തുടർന്നപ്പോൾ നിരാശപൂണ്ടവർ സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ എന്തോ പറഞ്ഞെന്നും കേരളത്തിലെ സിപിഐ നേതൃത്വം ഉടൻ പ്രതികരിക്കുമെന്നും വലിയ വായിൽ ബഹളം വെക്കുകയുണ്ടായി. ഇന്നലെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ എകെജി സെന്ററിൽ എത്തി സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി സംസാരിച്ചതോടെ ആവേശം വീണ്ടും അലയടിച്ചു, എന്നാൽ ഉത്സാഹ കമ്മിറ്റിക്കാരുടെ പ്രതീക്ഷയത്രയും തല്ലിക്കെടുന്നതായി പാർട്ടി മുഖപത്രത്തിൽ കാനം രാജേന്ദ്രൻ എഴുതിയ ലേഖനം.

'യുഡിഎഫ് - ബിജെപി നിലപാടുകൾ കേരള താൽപ്പര്യം സംരക്ഷിക്കുന്നതല്ല' എന്ന തലക്കെട്ടിൽ കാനം എഴുതിയ ലേഖനത്തിൽ സ്‌പ്രിംഗ്ലറെ കുറിച്ച് യാതൊരു പരാമര്‍ശവുമില്ല. അതേ സമയം കോവിഡ് -19 പോലുള്ള ഒരു മഹാമാരിക്കെതിരെ പടപൊരുതുന്ന ഇടതു സർക്കാരിനെ ദുര്‍ബലപ്പെടുത്താനാണ് യുഡിഎഫും ബിജെപി യും ശ്രമിക്കുന്നതെന്ന ശക്തമായ വിമർശനമാണ് തന്റെ ലേഖനത്തിലൂടെ കാനം മുന്നോട്ടുവെക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ പരസ്യമായി രംഗത്തുവന്ന മുസ്ലിം ലീഗിലെ കെ.എം ഷാജി എംഎൽഎ യെ തിരുത്താൻ തയ്യാറാവാതെ അയാൾക്ക് പിന്തുണയും പിൻബലവും നൽകുകയായിരുന്നു പ്രതിപക്ഷ നേതാവടക്കമുള്ളവർ എന്ന ആക്ഷേപവും ഉയർത്തുന്നുണ്ട്‌ കാനം. കാനത്തിന്റെ ലേഖത്തിൽ നിന്നും പ്രസക്തമായ ഭാഗങ്ങൾ:

"ആരോഗ്യം ഒരു സാമൂഹിക സാമ്പത്തിക രാഷ്ട്രീയ പ്രശ്നം തന്നെയാണ്. അതുകൊണ്ടുതന്നെയാണ് ആരോഗ്യം മൗലിക അവകാശമാണെന്നും പറയുന്നത്. ജനങ്ങളുടെ ആരോഗ്യ നിലവാരം ഉയർത്താൻ ഉതകുന്ന നയങ്ങളും പരിപാടികളും ഉണ്ടാവണം. പ്രതീകാത്മക പ്രവർത്തനങ്ങളും പ്രകടനപരതയുമല്ല നാടിനിപ്പോൾവേണ്ടത്. സ്വന്തം ജനതയെ കൈവിടാതെ ക്രിയാത്മകമായ ഇടപെടലുകൾ തീർക്കുന്ന ഭരണകൂടത്തെയാണ് ജനം കാത്തിരുന്നത്. അതാണ് കേരളത്തിലെ എൽഡിഎഫ് സർക്കാർ ഇപ്പോൾ കാഴ്ചവെക്കുന്നത്. ദുരിതവും ദുരന്തവും ചുറ്റിലും നിറയുമ്പോൾ വാക്കുകൊണ്ടും പ്രവൃത്തി കൊണ്ടും സാന്ത്വനവും ശക്തിയും പകർന്നു നൽകുന്ന ഭരണകൂടത്തെയാണ് ജനങ്ങൾക്കു വേണ്ടത്. അത്തരമൊരു പ്രവർത്തനം കേരളസർക്കാർ കാഴ്ചവെക്കുമ്പോൾ യുഡിഎഫിനും ബിജെപിക്കും ഉറക്കം നഷ്ടപ്പെടുക സ്വാഭാവികം മാത്രമാണ്. എതിർപ്പുകളുമായി രംഗത്തിറങ്ങാനാണ് ഈ മഹാമാരിക്കാലത്തെല്ലാം പ്രതിപക്ഷ നേതാവടക്കമുള്ളവരും ബിജെപി നേതാക്കൻമാരും പരിശ്രമിച്ചത്. ദുരന്തസമയത്ത് ഫ്രലപ്രദമായി പ്രവർത്തിക്കുന്ന സർക്കാരിനൊപ്പം നിൽക്കുക എന്നാൽ ജനങ്ങൾക്കൊപ്പം നിൽക്കുക എന്നാണ്. അതാണ് കേരളത്തിനുവേണ്ടത് എന്ന് കേരളത്തിലെ ജനങ്ങൾക്കറിയാം. പക്ഷേ ആരു മരിച്ചാലും സർക്കാരിന്റെ കണ്ണീരുകണ്ടാൽ മതിയെന്ന ദുഷ്ടലാക്കാണ് പ്രതിപക്ഷത്തിനും ബിജെപിക്കുമുള്ളത്."

സ്‌പ്രിംഗ്ലർ വിവാദത്തിൽ പ്രതിപക്ഷ പാർട്ടികളുടെയും ചില മാധ്യമങ്ങളുടെയും പ്രതീക്ഷക്കു മങ്ങലേൽപ്പിക്കുന്നതായി കോറോണക്കാലത്തെ ഇടതു സർക്കാരിന്റെ നേട്ടങ്ങൾ അക്കമിട്ടു നിരത്തുന്നതിനൊപ്പം യുഡിഎഫിനെയും ബിജെപിയെയും കണക്കിന് പ്രഹരിക്കുക കൂടി ചെയ്യുന്ന കാനത്തിന്റെ ഈ ലേഖനം എന്നു പറയാതെ വയ്യ.

എന്നാൽ ഇതിനേക്കാൾ ഏറെ രസകരമായ മറ്റു ചിലതു സ്‌പ്രിംഗ്ലർ വിവാദവുമായി ബന്ധപ്പെട്ടു കേരളത്തിലെ കോൺഗ്രസിലും ബിജെപിയിലും സംഭവിക്കുന്നുണ്ട് . ഇരു പാർട്ടികളുടെയും നിത്യശാപമായ ഗ്രൂപ്പ് വൈരം സ്‌പ്രിംഗ്‌ളറിന്റെ മറവിൽ തലപൊക്കുന്നു എന്നതു തന്നെയാണത്. സ്‌പ്രിംഗ്‌ളറിൽ വിജിലൻസ് അന്വേഷണം വേണമെന്ന ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രനെ തള്ളി, സിബിഐ അന്വേഷണം എന്ന ആവശ്യവുമായി എം.ടി രമേശും എ.എൻ രാധാകൃഷ്ണനും രംഗത്ത് വന്നു കഴിഞ്ഞു. പ്രസിഡന്റ് പദം മോഹിച്ചു കിട്ടാതെ പോയവരാണ് ഇരുവരും . സുരേന്ദ്രൻ എപ്പോൾ പത്രസമ്മേളനം നടത്തിയാലും കൊച്ചിയിൽ സമാന്തര പത്രസമ്മേളനം നടത്തുന്നത് അടുത്ത കാലത്തായി രാധാകൃഷ്ണജി ശീലമാക്കിയിട്ടുണ്ടെന്നും കേൾക്കുന്നു. സുരേന്ദ്രൻ പിണറായി ഭക്തനാണെന്നും അതുകൊണ്ടാണ് ലോക്ഡൌൺ കാലത്തെ സുരേന്ദ്രന്റെ തിരുവനന്തപുരം യാത്രയെ പിണറായി ന്യായീകരിച്ചതെന്നും ഒക്കെയുള്ള പ്രചാരണവും നടക്കുന്നുണ്ട്.

കോൺഗ്രസിലും സ്ഥിതി മറ്റൊന്നല്ല. സ്‌പ്രിംഗ്‌ളറിൽ പിടി മുറുക്കി ചെന്നിത്തല കളിക്കുമ്പോഴും പാർട്ടിയിലെ 'എ' വിഭാഗത്തിൽ നിന്നോ കെ.സി വേണുഗോപാൽ ഗ്രൂപ്പിൽ നിന്നോ ഉള്ള പിന്തുണയൊന്നും ലഭിക്കുന്നതായി കാണുന്നില്ല. കോവിഡിനെക്കാൾ വലിയ പ്രശ്നമായി സ്പ്രിംഗ്‌ളറെ ചെന്നിത്തല അവതരിപ്പിക്കുമ്പോഴും കേന്ദ്ര നേതൃത്വവും ഇക്കാര്യം പരിഗണയിച്ച മട്ടില്ല. എന്നാൽ ചെന്നിത്തലയാവട്ടെ ഇതൊന്നും കണ്ട മട്ട് കാണിക്കുന്നുമില്ല. എന്തായാലും ശബരീനാഥനും ഷാഫിയും ബലരാമനുമൊക്കെ കൂടെയുണ്ടല്ലോ എന്ന ആശ്വാസം തന്നെയാവണം കാരണം. ആ ആശ്വാസം ചെന്നിത്തലയെ പൊറുപ്പിക്കട്ടെഎന്നും എംടി രമേശിനെയും എ.എൻ രാധാകൃഷ്ണനെയുമൊക്കെ വീണ്ടും ജയിക്കാൻ കുന്നുമ്മൽ സുരേന്ദ്രന് കഴിയട്ടെ എന്നും ആശംസിച്ചുകൊണ്ട് തല്ക്കാലം നിറുത്തുന്നു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories