TopTop
Begin typing your search above and press return to search.

കാഞ്ച ഐലയ്യ എഴുതുന്നു: മതത്തിനുള്ളിലെ ജാതി കാണാത്തത് ആർഎസ്എസ്സുകാർ മാത്രമല്ല, കോൺഗ്രസുകാരും കമ്മ്യൂണിസ്റ്റുകാരും കൂടിയാണ്

കാഞ്ച ഐലയ്യ എഴുതുന്നു:  മതത്തിനുള്ളിലെ ജാതി കാണാത്തത് ആർഎസ്എസ്സുകാർ മാത്രമല്ല, കോൺഗ്രസുകാരും കമ്മ്യൂണിസ്റ്റുകാരും കൂടിയാണ്

ബുധനാഴ്ച നടന്ന റാം മന്ദിര്‍ ഭൂമി പൂജയില്‍ പങ്കെടുത്തിരുന്നവരില്‍ പ്രമുഖര്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി, ആര്‍ എസ് എസ് തലവന്‍ മോഹന്‍ ഭാഗവത്, ഉത്തര്‍ പ്രദേശ്‌ മുഖ്യ മന്ത്രി യോഗി ആദിത്യനാഥ്, ഗവര്‍ണര്‍ ആനന്ദിബന്‍ പട്ടേല്‍ എന്നിവരായിരുന്നു. ചടങ്ങില്‍ പങ്കെടുത്ത ഏക വനിത എന്നത് പോലെ ആ ചടങ്ങില്‍ പങ്കെടുത്ത ഏക ശൂദ്ര വ്യക്തിത്വവും കൂടിയായിരുന്നു പട്ടേല്‍. പൂജയില്‍ പങ്കെടുത്ത പുരോഹിതന്‍മാരില്‍ ഒരു ശൂദ്ര സന്യാസി പോലും ഉണ്ടായിരുന്നില്ല. ശൂദ്രര്‍ എന്ന് മാത്രമല്ല മറ്റു പിന്നോക്ക ജാതികളില്‍ നിന്നും ആരും തന്നെ ചടങ്ങില്‍ പങ്കെടുത്തിരുന്നില്ല.

പൂജയില്‍ പങ്കെടുത്ത എല്ലാവരുടെയും പേരു പറയാന്‍ സാധ്യമല്ലത്തതിനാല്‍ എത്ര മുന്‍ ജാതിക്കാര്‍ പങ്കെടുത്തു പിന്‍ ജാതിക്കാര്‍ പങ്കെടുത്തു എന്നു പറയുക സാധ്യമല്ല. എന്നാലും ഒന്നുറപ്പാണ് ശൂദ്രന്മാര്‍ക്ക് കാലാ കാലങ്ങളായി ഹിന്ദു മതത്തിനുള്ളില്‍ പോലും യാതൊരു സ്ഥാനവും ലഭിച്ചിട്ടില്ല എന്ന് മാത്രമല്ല ഹൈന്ദവ വേദ പഠനത്തിനോ, ആത്മീയതക്കോ ഉള്ള അവകാശം പോലും ഇവര്‍ക്ക് നിഷേധിക്കപ്പെട്ടിരുന്നു. 1992ല്‍ ബാബറി മസ്ജിദ് തകര്‍ക്കുന്നതിനും അതിനെ തുടര്‍ന്ന് 1999, 2014, 2019 എന്നീ വര്‍ഷങ്ങളില്‍ ബി ജെ പി ഗവണ്‍മെന്‍റ് രൂപികരിക്കപ്പെടുന്നതിൽ അസംഖ്യം ശൂദ്ര ജനതയ അതിനു പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നു. ഒരു പക്ഷെ ശൂദ്രന്മാരായ മനുഷ്യരുടെ സഹായമില്ലായിരുന്നെങ്കില്‍ ഇവര്‍ക്കിതൊന്നും സാധ്യമേ ആകുമായിരുന്നില്ല. ഇപ്പോള്‍ ഈ കൊറോണ കാലത്തും അയോധ്യയിലും മറ്റു പല സ്ഥലങ്ങളിലുമായുള്ള അമ്പലങ്ങളിലും പള്ളികളിലുമെല്ലാം ഭക്ഷണമെത്തിക്കുന്നത് പോലും ഇവരാണ്. എങ്കിലും ഇവരുടെ ഈ അധ്വാനത്തിന് മത പുരോഹിതന്‍മാരുടെ കണ്ണുകളില്‍ യാതൊരു വിലയുമില്ല. ഈ കാരണം കൊണ്ട് തന്നെ ഇവര്‍ ഹിന്ദുക്കള്‍ ആയിരുന്നിട്ടു കൂടി ഇവര്‍ക്ക് പൗരോഹിത്യത്തിനോ മറ്റു മത പഠനങ്ങള്‍ക്കോ അര്‍ഹതയില്ല. ഇതു തികച്ചും ജാതിയെ മാത്രം മുന്‍ നിര്‍ത്തിയുള്ള ഒരു വിവേചനമാണ്.

ഇന്ത്യയുടെ വിശുദ്ധ മത ഗ്രന്ഥം ആയ രാമായണത്തില്‍ പോലും ഈ വര്‍ണ വ്യവസ്ഥയെ - ബ്രാഹ്മണന്‍, ക്ഷത്രിയന്‍, വൈശ്യന്‍, ശൂദ്രന്‍ എന്നിങ്ങനെയുള്ള - കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. രാമന്‍ ക്ഷത്രിയ കുല ജാതനായ രാജാവും അദ്ദേഹത്തിന്‍റെ ഗുരു വസിഷ്ഠന്‍ ഒരു ബ്രാഹ്മണനുമാണ്. വൈശ്യരുടെ സമൂഹത്തിലെ സ്ഥാനം ഇക്കാലത്ത് എന്തായിരുന്നു എന്ന് നമുക്കറിയില്ല. പ്രധാനമായും ഇവര്‍ കന്നുകാലികളെ മേയ്ക്കുകയോ, വില്ക്കുകയോ, വാങ്ങുകയോ ഒക്കെ ആയിരുന്നിരിക്കണം. ഇതേസമയം ശൂദ്രന്‍മാരാകട്ടെ ബ്രാഹ്മണര്‍ അടക്കമുള്ള ഉന്നത ജാതികളായ മനുഷ്യര്‍ പല തരം തൊഴിലുകള്‍ക്കായി ഉപയോഗിച്ചിരുന്ന അടിമ വേലക്കാരും ആയിരുന്നു. ആ സമയത്താകട്ടെ ഈ നാലു ജാതികളെയും ഉള്‍കൊള്ളുന്ന ഹിന്ദു മതം എന്നൊരു മതം തന്നെ ഉണ്ടായിരുന്നില്ല. ആര്‍ എസ് എസ്, ബി ജെ പി പോലെയുള്ള സംഘ പരിവാര്‍ പ്രസ്ഥാനങ്ങള്‍ പറയുന്നത് ശൂദ്രരും, താണ ജാതിക്കാരും അടക്കം എല്ലാ ഹിന്ദുക്കളും ഒന്നാണെന്നാണ്. അങ്ങനെയെങ്കില്‍ അവരുടെ ആത്മീയ അവകാശങ്ങളുടെ കാര്യം എന്താണ്? രാമന്‍ എല്ലാവരുടെയും ദൈവമാണെങ്കില്‍ നരേന്ദ്ര മോദി പറയുന്നത് പോലെ ഗാന്ധിയുടെ സ്വപ്നമായിരുന്ന രാമ രാജ്യം വരുന്നതിലേക്കായി ലക്ഷോപലക്ഷം വരുന്ന ശൂദ്രരെയും ദളിതരെയും ആ രാജ്യത്തില്‍ ഉള്‍കൊള്ളിക്കുക എന്നത് അത്യാവശ്യമാണ്. അവരെ ഹിന്ദുക്കള്‍ എന്ന് വിളിക്കുമ്പോഴും റാം മന്ദിര്‍ പ്രസ്ഥാനത്തിന്‍റെ ഭാഗമാക്കാന്‍ ക്ഷണിക്കുമ്പോഴും ജാതി അടിസ്ഥാനത്തിലുള്ള ഈ വേര്‍തിരിവുകളെ പിന്നെയും വെച്ചു പുലര്‍ത്തുന്നത് എങ്ങനെ ശരിയാകും?

യഥാര്‍ഥത്തില്‍ ആര്‍ എസ് എസ് ഗാന്ധിയുടെ ഈ ആത്മീയ ഏകത്വ വാദത്തോട് യോജിക്കുന്നവരാണോ? റാം മന്ദിര്‍ ഭൂമി പൂജ വേളയില്‍ നരേന്ദ്ര മോദി തന്‍റെ പ്രസംഗത്തില്‍ പറഞ്ഞത് രാമന്‍ പൂര്‍ണ അര്‍ത്ഥത്തില്‍ സമത്വം എന്ന ആശയത്തില്‍ വിശ്വസിച്ചിരുന്നുവെന്നും രാജ്യത്തിന്‍റെ വികസന സങ്കല്‍പങ്ങള്‍ക്ക് പൂര്‍ണ മാതൃക ആക്കാവുന്ന ഒരാള്‍ ആണെന്നുമാണ്. വാസ്തവത്തില്‍, രാമന്‍റെ സങ്കല്‍പ്പത്തില്‍ സ്ത്രീയും പുരുഷനും ഒരേ പദവി ആണെന്ന് കൂടി അദ്ദേഹം പറയുകയുണ്ടായി. ഈ നിരീക്ഷണം വാസ്തവത്തില്‍ ആര്‍ എസ് എസും അതിന്‍റെ പോഷക സംഘടനകളുമെല്ലാം തുടക്കം മുതല്‍ക്കേ (1925 ലാണ് ആര്‍ എസ് എസ് സ്ഥാപിതമാകുന്നത്) പിന്തുടര്‍ന്ന് പോരുന്ന പാരമ്പര്യ വാദത്തിന് വിരുദ്ധമായ ഒരാശയമാണ്. ആര്‍ എസ് എസ് ഒരിക്കല്‍ പോലും ജാതി സമത്വത്തെ കുറിച്ചോ ലിംഗ സമത്വത്തെ കുറിച്ചോ പറഞ്ഞിട്ടില്ല. പക്ഷെ ഇതില്‍ കുറ്റപ്പെടുത്തേണ്ടത് ആര്‍ എസ് എസിനെയും ബി ജെ പി യെയും മാത്രമല്ല. കോണ്‍ഗ്രസ്സിലെ ബുദ്ധി ജീവികള്‍ പോലും 'മതേതരത്വം' എന്ന വാക്കിന്‍റെ മറവില്‍ മതത്തിന്‍റെയുള്ളില്‍ നില നില്‍ക്കുന്ന ഇത്തരം ഉച്ചനീചത്വങ്ങളെ ചോദ്യം ചെയ്യാന്‍ മിനക്കെടുകയുണ്ടയില്ല. അതെല്ലാം മതതിനുള്ളിലെ കാര്യം എന്ന നിരുത്തരവാദപരമായ സമീപനമാണിവര്‍ സ്വീകരിച്ചത്. ഇക്കാരണത്താല്‍ അധികാരത്തിലിരുന്നപ്പോള്‍ ഹിന്ദു മതത്തിനുള്ളിലെയും പൊതു സമൂഹത്തിനുള്ളിലും നില നില്‍ക്കുന്ന ജാതി വ്യവസ്ഥയെ ഉന്മൂലനം ചെയ്യുന്നതിനായുള്ള യാതൊരു ശ്രമങ്ങളും ഇവര്‍ കൈക്കൊണ്ടില്ല.

കമ്മ്യൂണിസ്റ്റ് ബുദ്ധിജീവികളും ഇതില്‍ നിന്ന് വ്യത്യസ്ഥമല്ല. മതത്തിലും അത് വഴി ദൈവത്തിലും വിശ്വസിക്കുന്നില്ല എന്നൊരു കപട തത്വശാസ്ത്രത്തിന്‍റെ മറവില്‍ ഇവരും ജാതി വ്യവസ്ഥയെ കാണാതെ പോവുകയാണ്. ഇത് ശരിക്കും ജാതി എന്നൊരു യാഥാര്‍ത്ഥ്യത്തില്‍ നിന്നും കൈ കഴുകി രക്ഷപ്പെടുന്നതിനുള്ള കാപട്യമാണ്. കേരളം, പശ്ചിമ ബംഗാള്‍ എന്നുള്ള സ്ഥലങ്ങളില്‍ പോലും ഇതിലെ നേതാക്കള്‍ ഹൈന്ദവ മതാരാധനയുമായി ബന്ധപ്പെട്ട ചടങ്ങുകളിലും മറ്റും യഥേഷ്ടം പങ്കെടുക്കാറുള്ള കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. ഇവര്‍ ഇന്ത്യ നേരിടുന്ന രണ്ടു വലിയ പ്രശ്നങ്ങളെ കാണാതെ പോകുന്നു - മതവും അതിനുള്ളിലെ ജാതിയും.

ഈ ചോദ്യങ്ങള്‍ പലതും പലപ്പോഴും കാര്യമായ വിചിന്തനങ്ങള്‍ക്ക് വഴി തെളിക്കാറില്ല കാരണം ഈ രാജ്യത്തെ എല്ലാ പാര്‍ട്ടി പ്രസ്ഥാനങ്ങളുടെയും തലപ്പത്തുള്ളത് അഞ്ച് വിഭാഗക്കാരാണ്.- ബ്രാഹ്മണര്‍, ബനിയകള്‍, ക്ഷത്രിയര്‍, കായസ്ഥര്‍, ഖാത്രികള്‍. ഇവരായിരിക്കും മിക്കപ്പോഴും ചര്‍ച്ചക്കായുള്ള വിഷയങ്ങള്‍ പോലും തീരുമാനിക്കുന്നത്. മുന്‍പ് ഈ അഞ്ചു വിഭാഗക്കര്‍ക്കിടയിലും സംസ്കൃത വിദ്യാഭ്യാസം സിദ്ധിച്ച ഒരു കൂട്ടം മുന്‍ നിരക്കാര്‍ ഉണ്ടായിരുന്നു എന്നാല്‍ ഇന്നത്‌ ഇംഗ്ലീഷ് വിദ്യാഭ്യാസം ലഭിച്ചവരായി മാറിയിരിക്കുന്നു. ഇക്കാരണത്താല്‍ മതത്തിന്‍റെ വിഷയം വന്നു കഴിയുമ്പോള്‍ ജാതി എന്നൊരു പ്രശ്നത്തെ ഉയര്‍ത്തി കാട്ടാന്‍ ഇവര്‍ക്കിടയില്‍ ആരും തന്നെ ഇല്ലാതെ പോകുന്നു. ഈ പ്രശ്നം രാജ്യത്തിന്‍റെ മുഖ്യ ധാരയിലേക്ക് വരാത്ത പക്ഷം ഈ അവസ്ഥക്ക് മാറ്റമുണ്ടാവുകയില്ല. കീഴ് ജാതിക്കാരായ ജാട്ടുകള്‍, യാദവര്‍, ഗുജ്ജര്‍, പട്ടേലുമാര്‍ തുടങ്ങിയ വിഭാഗക്കാര്‍ക്കിടയില്‍ മേല്‍ ജാതികളിലേതു പോലെ ഇംഗ്ലീഷ് വിദ്യാഭ്യാസം സിദ്ധിച്ച ഒരു വര്‍ഗത്തെ കാണാന്‍ സാധിക്കുക ബുദ്ധിമുട്ടാണ്. പക്ഷേ അവര്‍ക്കിടയില്‍ നിന്നും വോട്ട് നേടി അധികാരത്തില്‍ വരുന്ന രാഷ്ട്രീയക്കാര്‍ ഏറെയാണ്‌. എന്നാല്‍ ഇവരുടെ കൈവശം തങ്ങളുടെ സമൂഹത്തെ പരിവര്‍ത്തനം ചെയ്യിപ്പിക്കുന്നതിനാവശ്യമായ ആശയങ്ങളോ പ്രത്യയ ശാസ്ത്രങ്ങളോയില്ല. ഇതൊരു വലിയ പ്രശനം തന്നെയാണ് കാരണം സമൂഹത്തിലെ ഉന്നത വര്‍ഗ്ഗത്തിനോട്, ഇംഗ്ലീഷില്‍ ആശയ വിനിമയം നടത്താന്‍ ഇവര്‍ക്ക് സാധിക്കാതെ പോകുന്നു.

ആര്‍ എസ് എസ് നേതാക്കന്‍മാര്‍ മുസ്ലീ സമുദായത്തിനുള്ളിലുള്ള അസമത്വങ്ങളെക്കുറിച്ചും, പ്രത്യേകിച്ച് ലിംഗപരമായി നില നില്‍ക്കുന്ന അസമത്വങ്ങളെ കുറിച്ച് കിട്ടാവുന്ന വേദികളില്‍ എല്ലാം ശബ്ദം ഉയര്‍ത്താറുണ്ട്. എന്നാല്‍ മുസ്ലീം സമുദായത്തില്‍ ഉള്‍പ്പെടുന്ന നേതാക്കന്‍മാര്‍ ഇങ്ങനെയുള്ള പ്രതികരണങ്ങള്‍ നടത്തുന്നത് ചുരുക്കമാണ്. ദളിത്‌ വിഭാഗത്തിനാണെങ്കില്‍ ഇത് ചോദ്യം ചെയ്യാന്‍ ആവശ്യമായ ബൗദ്ധിക ശക്തി കൈവന്നിട്ടില്ല. അതിനു കാരണം നൂറ്റാണ്ടുകളായി അവര്‍ നേരിട്ട് കൊണ്ടിരുന്ന ചൂഷണമാണ്. അവര്‍ക്ക് അര്‍ഹതപെട്ട വിദ്യാഭ്യാസം ഉന്നത ജാതിക്കാര്‍ നിഷേധിച്ചു എന്നതാണ് ഇതിനു കാരണം. പേര്‍ഷ്യനും ഉര്‍ദുവും ഇതേപോലെ സമൂഹത്തിലെ ഉന്നതരായ ആളുകള്‍ മാത്രം കൈകാര്യം ചെയ്തിരുന്ന ഭാഷയായിരുന്നു. ദളിതന്‍മാര്‍ സമൂഹത്തിലെ നിര്‍മാണ, സേവന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ട് സമൂഹത്തിലെ മുഖ്യധാരയില്‍ നിന്നും പിന്മാറി പിന്നാംപുറങ്ങളില്‍ എവിടെയോ ഒതുങ്ങി കൂടുന്നു. പണ്ടവര്‍ അനുസരിച്ചിരുന്നത് ബ്രാഹ്മണരെ ആയിരുന്നുവെങ്കില്‍ ഇന്നത്‌ ആര്‍ എസ് എസ്സിനെയും, ബി ജെ പി യേയും ആണ്. രാജ്യത്തിന്‍റെ നെടും തൂണുകള്‍ ആയ വളരെ പ്രധാനപ്പെട്ട ഒരു ജനവിഭാഗമായ ദളിതരുടെ സങ്കടകരമായ ഒരു അവസ്ഥയാണിത്‌.

റാം മന്ദിറും സമത്വവും

റാം മന്ദിര്‍ രാജ്യത്തെ മറ്റേതെങ്കിലും ഒരു അമ്പലം പോലെയല്ല. ഒരു ചരിത്ര പ്രാധാന്യമുള്ള ക്ഷേത്രമായിട്ടാണ് ഇത് ഉയര്‍ന്നു വരുന്നത്. റോമിലെ വത്തിക്കാന്‍ പോലെയോ, സൗദി അറേബ്യയിലെ മക്ക പോലെയോ ആയി മാറിയേക്കാവുന്ന ഒരു ക്ഷേത്രമായിരിക്കാം ഇത്. ഇപ്പോള്‍ പണി കഴിപ്പിക്കാന്‍ ഉദ്ദേശിച്ചിരിക്കുന്ന ക്ഷേത്രത്തിലെ രാമന്‍റെ സ്തൂപം നീതി എന്ന ആശയത്തെയാകും പ്രതിഫലിപ്പിക്കുക എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം. ഇത് സത്യമാണെങ്കില്‍ ഹിന്ദു മതത്തിനുള്ളിലുള്ള ജാതീയതക്കും അസമത്വത്തിനും ഇതൊരു പരിഹാരമാകും എന്ന് കരുതാമോ? എന്ത് കൊണ്ടാകാം നീതി എന്ന ആശയത്തെ ഉയര്‍ത്തി പിടിക്കുന്ന ഈ അമ്പലത്തിലെ പൂജാദി കര്‍മങ്ങളില്‍ ഒരു ശൂദ്ര സന്യാസിക്കു പോലും സ്ഥാനമില്ലാതെ പോകുന്നത്? ഇപ്പോള്‍ ഇവിടെ പൂജാദി കര്‍മങ്ങള്‍ നടത്തുന്ന സന്യാസിമാരുടെ ഈ വിഷയത്തിലുള്ള മൗനം എന്താണ് സൂചിപ്പിക്കുന്നത്? ക്ഷേത്രത്തിലെ എല്ലാ കാര്യങ്ങളിലെയും അവസാന വാക്ക് ക്ഷേത്ര പുരോഹിതന്‍മാര്‍ക്കാണ്. ഏതു മതത്തിലും പൗരോഹിത്യം എന്നത് മഹത്തായ ഒരു അംഗീകാരം ആണ്.ആ അംഗീകാരം ദളിതര്‍ക്കിന്നും അന്യമാണ്. അയോധ്യയില്‍ ഇനി തുറക്കാന്‍ പോകുന്ന വേദ പഠന ശാലകളിലും കോളേജുകളിലും ദളിതര്‍ക്ക് പ്രവേശനം ഉണ്ടാകും എന്ന് ആര്‍ എസ് എസ്സിനോ, ബി ജെ പിക്കോ ഉറപ്പു തരാന്‍ സാധിക്കുമോ? പക്ഷേ നമ്മുടെ മുഖ്യധാരാ മാധ്യമങ്ങള്‍ ഒന്നും തന്നെ ഈ വിഷയത്തെ ചര്‍ച്ചക്ക് സ്വീകരിക്കുക പോലുമില്ല. കാരണം ഈ മാധ്യമങ്ങളില്‍ പലതിന്‍റെയും യജമാനന്‍മാര്‍ നാം മുന്‍പ് പറഞ്ഞ മേല്‍ ജാതിക്കാരായ പ്രഭുക്കന്‍മാര്‍ ആയിരിക്കും. അവര്‍ക്ക് ഈ അടുത്ത കാലത്ത് അമേരിക്കയില്‍ കറുത്ത വര്‍ഗക്കാര്‍ നടത്തിയത് പോലെയുള്ളോരു പ്രക്ഷോഭം ഉയര്‍ന്നു വരുന്നതിനുള്ള യാതൊരു സാധ്യതയും ഇല്ല എന്നും അറിയാം. അങ്ങനെയൊരു പ്രക്ഷോഭം സാധ്യമാകണം എങ്കില്‍ ഇന്ത്യയിലെ ദളിത് സമൂഹത്തിനുള്ളില്‍ നിന്നും ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ നല്ലൊരു വിഭാഗം ആളുകള്‍ ഉയര്‍ന്നു വരേണം. പക്ഷേ അതെങ്ങനെ സാധ്യമാകും? !


Next Story

Related Stories