TopTop
Begin typing your search above and press return to search.

മംഗലാപുരത്തെ മെഡിക്കൽ കോളേജുകള്‍ എല്ലാ വർഷവും കണ്ണൂർ പ്രസ് ക്ലബ്ബിൽ വന്ന് പത്ര സമ്മേളനം നടത്തുന്നതെന്തിനാണെന്നറിയാമോ യെദിയൂരപ്പയ്ക്ക്?

മംഗലാപുരത്തെ മെഡിക്കൽ കോളേജുകള്‍ എല്ലാ വർഷവും കണ്ണൂർ പ്രസ് ക്ലബ്ബിൽ വന്ന് പത്ര സമ്മേളനം നടത്തുന്നതെന്തിനാണെന്നറിയാമോ യെദിയൂരപ്പയ്ക്ക്?

അതിര്‍ത്തിയില്‍ ആംബുലൻസുകൾ തടഞ്ഞു അത്യാസന്നരായ രോഗികളെ മരണത്തിലേക്ക് തള്ളിവിടുന്ന കർണാടകത്തിലെ യെദിയൂരപ്പ എന്ന മുഖ്യമന്ത്രിയെ എന്ത് വിളിക്കണം? കണ്ണിൽ ചോരയില്ലാത്തവൻ എന്നു തുടങ്ങി ഒട്ടേറെ പേരുകൾ ഉണ്ട് ഇത്തരക്കാർക്കെങ്കിലും മരണത്തിന്റെ വ്യാപാരി അല്ലെങ്കിൽ ലോകമെമ്പാടും മരണം വിതച്ചുകൊണ്ടിരിക്കുന്ന കൊറോണയെക്കാൾ വലിയ കൊറോണ അഥവാ സൂപ്പർ കൊറോണ എന്നൊക്കെയുള്ള വിശേഷണങ്ങളാണ് ഈ ബി ജെ പി മുഖ്യന് കൂടുതൽ അനുയോജ്യമാവുക എന്നു തോന്നുന്നു. യെദിയൂരപ്പ സർക്കാരിന്റെ കണ്ണിൽ ചോരയില്ലാത്ത ചികിത്സ മുടക്കൽ ഏർപ്പാടിൽ രണ്ടു ദിവസത്തിനിടയിൽ പൊലിഞ്ഞതു ഒന്നും രണ്ടുമല്ല അഞ്ചു ജീവനുകളാണ്. തന്റെ കടുത്ത നിലപാടിലൂടെ യെദിയൂരപ്പ മരണത്തിലേക്ക് തള്ളിവിട്ട ഈ ഹതഭാഗ്യരുടെ മേൽ ചുമത്തപ്പെട്ട കുറ്റം അവർ തൊട്ടു അയൽ സംസ്ഥാനമായ കേരളത്തിൽ നിന്നുള്ളവർ ആണെന്നത് മാത്രമാണെന്നു വരുമ്പോൾ കേരളത്തോടും ഇവിടുത്തെ ജനങ്ങളോടുമുള്ള കർണാടക മുഖ്യന്റെ ശത്രുത മനോഭാവം എത്രകണ്ട് വലുതാണെന്ന് വ്യക്തമാക്കുന്നുണ്ട്. നാളിതുവരെ കർണാടകത്തിലെ ഒരു ഭരണാധികാരിയും സ്വീകരിച്ചിട്ടില്ലാത്ത ഒരു നിലപാടാണ് ചികിത്സയുടെ കാര്യത്തിലും ചരക്കു നീക്കത്തിന്റെ കാര്യത്തിലും യെദിയൂരപ്പ എടുത്തിട്ടുള്ളത് എന്നതുകൊണ്ടു തന്നെ ഇതിനു പിന്നിലെ സങ്കുചിത രാഷ്ട്രീയവും തികച്ചും വ്യക്തമാണ്.

കേരളത്തിൽ നിന്നും കൊറോണ കടന്നുവരാതിരിക്കാനാണ് അതിര്‍ത്തി ഗ്രാമങ്ങളിൽ നിന്നും വിദഗ്ദ്ധ ചികിത്സക്കായി അതീവ ഗുരുതരാവസ്ഥയിലായ രോഗികളുമായി വരുന്ന ആംബുലന്‍സുകൾ തടയുന്നതെന്നാണ് കർണാടക സർക്കാർ നൽകുന്ന വിശദീകരണം. പതിറ്റാണ്ടുകളായി കാസർകോട് ജില്ലയിൽ പെട്ട (പ്രത്യേകിച്ചും കര്‍ണ്ണാടകത്തോട് ചേർന്നു കിടക്കുന്ന പ്രദേശങ്ങളിൽ നിന്നുള്ള) ബഹുഭൂരിപക്ഷം ആളുകളും ചികിത്സാ ആവശ്യങ്ങൾക്കായി ആശ്രയിക്കുന്നത് മംഗലാപുരത്തെ (മംഗലൂരു) ആശുപത്രികളെയാണെന്നതും ഇത്തരക്കാർ നൽകുന്ന പണം കൊണ്ടു കൂടിയാണ് അവിടുത്തെ ആശുപത്രികൾ വളർന്നു വലുതായതെന്നുമുള്ള വസ്തുത സൗകര്യപൂർവം വിസ്മരിക്കുകയാണ് കർണാടകം. ഇക്കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ചികിത്സ നിഷേധത്തെ തുടർന്നു മരണമടഞ്ഞ അഞ്ചു പേരും നേരത്തെ തന്നെ മംഗലാപുരത്തെ ആശുപത്രികളിൽ ചികിത്സ നടത്തി വന്നിരുന്നവരാണെന്നതും ഇവരാരും കൊറോണക്കുള്ള ചികിത്സക്കായല്ല മംഗലാപുരത്തേക്ക് എത്താൻ ശ്രമിച്ചതെന്നും ഉള്ള വസ്തുതയും കർണാടക സർക്കാർ സൗകര്യപൂർവം മറച്ചുവെക്കുന്നു. കർണാടകം എന്തൊക്കെ തൊടുന്യായങ്ങൾ പറഞ്ഞാലും ആംബുലന്‍സ് തടഞ്ഞതിനെ തുടർന്നു ചികിത്സ കിട്ടാതെ മരിച്ച അഞ്ചു പേരിൽ ഒരാൾ കർണാടക സ്വദേശിനി ഫാത്തിമ ആണെന്നത് യെദിയൂരപ്പ എന്ന ഭരണാധികാരിയുടെയും അയാളുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെയും തനിനിറം വ്യക്തമാക്കുന്നുണ്ട്. കർണാടകയിലെ ബണ്ടുവാൾ സ്വദേശിനിയായ ഫാത്തിമ എന്ന എഴുപതുകാരി തലപ്പാടി ചെക്ക് പോസ്റ്റിൽ നിന്നും കഷ്ട്ടിച്ചു ഒന്നര കിലോമീറ്റര്‍ മാത്രം ദൂരെയുള്ള മഞ്ചേശ്വരം ഉദ്യാവർ മൗലാനാ റോഡിലുള്ള ബന്ധു വീട്ടിൽ ആയിരുന്ന വേളയിലാണ് അസുഖം മൂർച്ഛിച്ചതും അവരെ ഉടനെ തന്നെ ആംബുലൻസിൽ മംഗലാപുരത്തെത്തിക്കാൻ ശ്രമം നടന്നതും. കർണാടക സ്വദേശിനി ആണെന്ന് പറഞ്ഞിട്ടും കടത്തിവിടാൻ പോലീസ് തയ്യാറായില്ല എന്നാണ് ഡ്രൈവർ പറയുന്നത്. കർണാടക സ്വദേശിനി ആണെങ്കിലും ഫാത്തിമയുടെ മതം ഒരു പ്രശ്നമായോ എന്ന സംശയം ഉയർത്തുന്നതാണ് പോലീസിന്റെ നടപടി. കേരള അതിർത്തിയിൽ നിന്നുള്ള രോഗികളെ മംഗലാപുരത്തെ ആശുപത്രികളിൽ പ്രവേശിപ്പിക്കില്ല എന്ന് യെഡിയൂരപ്പയുടെ അറിവിലേക്ക് ഒരു കാര്യം. 1993 ൽ പരിയാരം മെഡിക്കൽ കോളേജ് സ്ഥാപിതമായതിനു പിന്നാലെ മംഗലാപുരത്തെ ഒട്ടു മിക്ക മെഡിക്കൽ കോളേജുകളും ഉത്തര മലബാറിൽ നിന്നുള്ള രോഗികളെ ആകര്‍ഷിക്കുന്നതിനു വേണ്ടി കണ്ണൂർ പ്രസ് ക്ലബ്ബിൽ എല്ലാ വർഷവും പത്ര സമ്മേളനം നടത്തുകയും രോഗികൾക്ക് ആകർഷകമായ കിഴിവുകളും പാക്കേജുകളും പ്രഖ്യാപിച്ചു പോരുകയും ചെയ്യുന്ന കാര്യം താങ്കൾക്ക് അറിയുമോ? ഇത് കൂടാതെ പത്രപ്രവർത്തകരെ മംഗലാപുരത്തെത്തിച്ചു സൗജന്യ മെഡിക്കൽ ചെക്ക് അപ്പ്‌ നടത്തുകയും അവർക്കും കുടുംബങ്ങൾക്കും ചികിത്സ ഇളവ് ഉറപ്പു വരുത്തുന്ന പാസുകൾ വിതരണം ചെയ്യുകയും ചെയ്തിരുന്നുവെന്നും. മംഗലാപുരത്തെ ചില ഹോസ്പിറ്റലുകൾ ഈ പതിവ് ഇപ്പോഴും തുടരുന്നുണ്ടെന്നും നാട് ഭരിക്കുന്ന താങ്കൾ അറിഞ്ഞിരിക്കേണ്ട കാര്യമാണ്. യെദിയൂരപ്പ അവരുകളോട് ഒരു ചോദ്യം കൂടി. കേരളത്തോടും കേരളത്തിലെ ജനങ്ങളോടും ഇത്ര വലിയ അയിത്തം കൽപ്പിക്കുന്ന താങ്കൾ എന്തിനാണ് രാഷ്ട്രീയ പ്രതിസന്ധി നേരിടുന്ന വേളകളിൽ തളിപ്പറമ്പിലെ രാജ രാജേശ്വര ക്ഷേത്രത്തിലേക്കും അതിനടുത്തു തന്നെയുള്ള മാടായിക്കാവിലേക്കും തിരുവനന്തപുരത്തെ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലേക്കുമൊക്കെ വാലും ചുരുട്ടി വിനീത വിധേയനായി ഓടിയെത്തുന്നത്? താങ്കളുടെ സംസ്ഥാനത്തും നൂറുക്കണക്കിന് ക്ഷേത്രങ്ങളുണ്ടല്ലോ. എന്തേ അവിടത്തെ ദൈവങ്ങൾക്കൊന്നും ശക്തി പോരെന്നുണ്ടോ? കേരളത്തിലെ പ്രതിഷ്ഠകൾക്കു ശക്തി കൽപ്പിക്കുന്ന താങ്കൾ തീർച്ചയായും ഇവിടുത്തെ ജനങ്ങളെ പൂവിട്ടു പൂജിക്കുകയൊന്നും വേണ്ട. മറിച്ച് അവരെ മനുഷ്യരായി കാണാനെങ്കിലും ശ്രമിക്കണം. ഫെഡറൽ സംവിധാനം അട്ടിമറിച്ചു നിയമങ്ങൾ കാറ്റിൽ പറത്തി ദേശീയ പാതകൾ മണ്ണ് കൂമ്പാരങ്ങൾ കൊണ്ട് അടച്ച യെദിയൂരപ്പയുടെ നടപടി തിരുത്തിക്കണം എന്ന് കാണിച്ചു കേരള മുഖ്യമന്ത്രി പ്രധാനമന്ത്രിയെയും കേന്ദ്ര ആഭ്യന്തര മന്ത്രിയേയുമൊക്കെ ബന്ധപ്പെടുകയും അവർ പ്രശ്‌നത്തിൽ ഇടപെടാം എന്ന് ഉറപ്പു നൽകിയെന്ന് പറയുകയും ചെയ്യുമ്പോഴും യെദിയൂരപ്പ ഒന്നും അറിഞ്ഞ മട്ടില്ല. ഏറെ വിചിത്രമായ ഒരു കാര്യം കേരളത്തിലെ സംഘികൾ ഇതുവരെ ഇതേക്കുറിച്ചു ഒരക്ഷരം ഉരിയാടുന്നില്ല എന്നതാണ്. സൂര്യന് താഴെയുള്ള സകലമാന വിഷയങ്ങളിലും അഭിപ്രായം പറയുന്ന ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ പോലും ഇക്കാര്യത്തിൽ ക മാ ന്നു ഒരക്ഷരം മിണ്ടിയിട്ടില്ല. ശോഭ സുരേന്ദ്രനാവട്ടെ ഏറെ കൊതിച്ചുപോയ സംസ്ഥാന അധ്യക്ഷ പദവി നഷ്ട്ടപെട്ടതിനു ശേഷം തികഞ്ഞ മൗനവ്രതത്തിൽ തന്നെയാണ്. ആകെ വായ തുറന്ന കേരളത്തിൽ നിന്നുള്ള കേന്ദ്ര മന്ത്രി വി മുരളീധരൻ പറഞ്ഞതാവട്ടെ മംഗലാപുരത്തെ ആശുപത്രികൾ തിങ്ങിനിറഞ്ഞിരിക്കുകയാണെന്നും അതുകൊണ്ടാണ് അതിർത്തി ഗ്രാമങ്ങളിൽ നിന്നുള്ള രോഗികളെ മംഗലാപുരത്തേക്ക് പ്രവേശിക്കുന്നതിൽ നിന്നും വിലക്കിയിരിക്കുന്നത് എന്നുമാണ്. നല്ല തൊടു ന്യായം തന്നെ. അല്ലെങ്കിലും ബി ജെ പി ഭരിക്കുന്ന യു പി യിലേക്ക് പലായനം ചെയ്തു തിരികെയെത്തിയ തൊഴിലാളികളെ യോഗി ആദിത്യ നാഥിന്റെ ആൾക്കാർ നിരത്തി നിറുത്തിയും ഇരുത്തിയുമൊക്കെ സാനിറ്റൈസറിൽ കുളിപ്പിക്കുന്ന ഈ വേളയിൽ ഇവരൊക്കെ എന്തോന്ന് മിണ്ടാൻ.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories