TopTop
Begin typing your search above and press return to search.

'52 കൊല്ലമായി ഞാന്‍ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയിട്ട്, പക്ഷേ, ജീവിതത്തില്‍ ഇങ്ങനെയൊരു അനുഭവം ആദ്യമാണ്', രാജ്മോഹന്‍ ഉണ്ണിത്താന്‍ സംസാരിക്കുന്നു

52 കൊല്ലമായി ഞാന്‍ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയിട്ട്, പക്ഷേ, ജീവിതത്തില്‍ ഇങ്ങനെയൊരു അനുഭവം ആദ്യമാണ്, രാജ്മോഹന്‍ ഉണ്ണിത്താന്‍ സംസാരിക്കുന്നു

കേരളത്തെയും കര്‍ണാടകത്തെയും ബന്ധിപ്പിക്കുന്ന അതിര്‍ത്തികള്‍ മണ്ണിട്ട് അടച്ച കര്‍ണാടക സര്‍ക്കാരിന്റെ നടപടിക്കെതിരെ കാസര്‍ഗോഡ്‌ എംപി രാജ്മോഹന്‍ ഉണ്ണിത്താന്‍ നല്‍കിയ ഹര്‍ജി നാളെ, ചൊവ്വാഴ്ച, സുപ്രീം കോടതി പരിഗണിക്കും എന്നാണ് കരുതുന്നത്. ആംബുലന്‍സുകള്‍ ഉള്‍പ്പെടെയുള്ള അവശ്യ സര്‍വ്വീസുകളും അവശ്യ വസ്തുക്കള്‍ ഉള്‍പ്പടെ ചരക്കുകളും കൊണ്ട് പോകാന്‍ റോഡുകള്‍ തുറക്കാന്‍ കര്‍ണാടക സര്‍ക്കാരിനോട് നിര്‍ദേശിക്കണം എന്നാണ് ഉണ്ണിത്താന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചു വന്ന ഉണ്ണിത്താനോട് ഈ മാസം 17 വരെ ക്വാറന്റൈനില്‍ തുടരണമെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിരിക്കുന്നത്. കൊറോണ പടര്‍ന്നു പിടിക്കുകയും ഇതിനെ നേരിടാന്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കുകയും ചെയ്ത കാലത്ത് മലയാളികള്‍ എങ്ങനെ ജീവിക്കുന്നു എന്ന ഈ

പരമ്പര

യില്‍ തന്റെ ദൈനംദിന ജീവിതത്തില്‍ ഉണ്ടായിട്ടുള്ള മാറ്റങ്ങളും രാഷ്ട്രീയ പ്രശ്നങ്ങളും രാജ്മോഹന്‍ ഉണ്ണിത്താന്‍ പങ്കുവയ്ക്കുന്നു.

ഞാന്‍ 52 വര്‍ഷമായി രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചിട്ട്. ഞാനൊരു കോണ്‍ഗ്രസ് പ്രവര്‍ത്തകനായി അംഗത്വം എടുക്കുന്നത് 1968-ലാണ്. ഇക്കാലയളവിലെ രാഷ്ട്രീയ പ്രവര്‍ത്തനത്തിനിടയില്‍ ജീവിതത്തില്‍ ഇങ്ങനെയൊരു അനുഭവം ആദ്യമായിട്ടാണ്. കാരണം പ്രഭാതം ആരംഭിച്ച് കഴിഞ്ഞാല്‍ അര്‍ദ്ധരാത്രിവരെ രാഷ്ട്രീയ പ്രവര്‍ത്തനവുമായി സഞ്ചരിച്ചുകൊണ്ടിരുന്ന ഒരാളാണ് ഞാന്‍. 1978ല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായതിന് ശേഷം എന്റെ ജില്ലയില്‍ നിന്ന് പ്രവര്‍ത്തനം സംസ്ഥാന തലത്തിലേക്ക് വ്യാപിപ്പിക്കുകയും പിന്നെ കേരളത്തിലെ മുഴുവന്‍ ജില്ലകളിലും ബ്ലോക്കുകളിലും പഞ്ചായത്തുകളിലുമായി സഞ്ചരിച്ചു കൊണ്ടിരിക്കുകയായിരുന്നു. കേരളതത്തിലെ ഓരോ പഞ്ചായത്തിലും ആറും ഏഴും പ്രാവശ്യം ഞാന്‍ സഞ്ചരിച്ചിട്ടുണ്ട്. കാസര്‍ഗോട്ട് നിന്ന് ആറോ ഏഴോ തവണ പദയാത്രയായി ഞാന്‍ തിരുവനന്തപുരത്ത് വന്നിട്ടുണ്ട്. മുല്ലപ്പള്ളി രാമചന്ദ്രനോടൊപ്പവും രമേശ് ചെന്നിത്തലയോടൊപ്പവും ടി.എച്ച് മുസ്തഫയോടൊപ്പവും എ.കെ ആന്റണിയോടൊപ്പവും ഒക്കെ. അങ്ങനെ നിരവധി നേതാക്കന്‍മാരൊടൊപ്പം പദയാത്രയായും ജീപ്പ് ജാഥയായിട്ടൊക്കെ സഞ്ചരിച്ചിട്ടുണ്ട്.

ചുരുക്കി പറഞ്ഞാല്‍, അര്‍ദ്ധരാത്രിയില്‍ അസമയത്താണ് പലപ്പോഴും കിടന്നുറങ്ങുന്നത്. കൊച്ചുവെളുപ്പാന്‍ കാലത്ത് എഴുന്നേറ്റ് ജനങ്ങളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്ന രാഷ്ട്രീയ പ്രവര്‍ത്തകനെന്നുള്ള നിലയ്ക്ക് എന്റെ ജീവിതത്തിലെ ആദ്യത്തെ അനുഭവമാണ് ഈ ലോക്ക്ഡൗണ്‍. പ്രത്യേകിച്ച് കഴിഞ്ഞ ഒരു വര്‍ഷക്കാലമായി കാസര്‍ഗോട്ട് എം.പിയായതിന് ശേഷം എനിക്ക് എല്ലാ ദിവസങ്ങളും ശിവരാത്രിയാണ്. പലപ്പോയും കാറിലിരുന്നും സ്‌റ്റേജിലിരുന്നുമൊക്കെ ഉറങ്ങേണ്ട സ്ഥിതിയാണ്. ജനങ്ങളുമായി ബന്ധപ്പെടുന്ന ഒരു പൊതുപ്രവര്‍ത്തകനെന്ന നിലയ്ക്ക് എനിക്കിപ്പോള്‍ കിട്ടിയിരിക്കുന്ന ഒരു അനുഭവം എന്ന് പറയുന്നത്, ഒരു ഏകാന്തവാസമാണ്. 'ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരില്‍' എന്നല്ലേ.. ഇത്തരം ഒരു ബന്ധനം എനിക്ക് ഒരിക്കലും അനുഭവിക്കേണ്ടതായിട്ട് വന്നിട്ടില്ല. അതു കൊണ്ട് ഈ ക്വാറന്റൈന്‍ കാലം ജീവിതത്തില്‍ ഒരു പ്രത്യേക അനുഭവവും അനുഭൂതിയുമാണ്.

ചുറ്റുപാടില്‍ വന്ന മാറ്റങ്ങള്‍

ഇപ്പോള്‍ ആളുകള്‍ക്ക് ജാഗ്രതയേക്കാള്‍ കൂടുതല്‍ ഭയമാണ്. ഞാന്‍ പാര്‍ലമെന്റ് സമ്മേളനം കഴിഞ്ഞ് മടങ്ങി വന്നതാണ്, ക്വാറന്റൈനില്‍ പോകേണ്ട യാതൊരു ആവശ്യവുമില്ല, പക്ഷെ, ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരമാണ് ഞാന്‍ ഹൗസ് ക്വാറന്റൈനില്‍ പോകാന്‍ തയ്യാറായത്. 20-ആം തീയതി ആരംഭിച്ച ക്വാറന്റൈന്‍ ഇന്നലെ ആയപ്പോള്‍ 14 ദിവസം പൂര്‍ത്തിയായി. ഇപ്പോള്‍ വീണ്ടും ഹൈറിസ്‌ക് വിഭാഗത്തില്‍പ്പെടുത്തി എന്നോട് ഈ മാസം 17 വരെ ക്വാറന്റൈനില്‍ തുടരണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ഞാന്‍ ആദ്യത്തെ മൂന്നു നാലു ദിവസം, ഇവിടെ വരുന്നതിന് മുന്‍പ്, പുറത്തേക്കൊക്കെ ഇറങ്ങി നടന്ന് പോകുമായിരുന്നു. ഞാന്‍ നടക്കുന്ന വഴികള്‍ എല്ലാം വിജനമാണ്. അതിരാവിലെയാണ് നടക്കാന്‍ പോകുന്നത്. നടക്കുമ്പോള്‍ ബഹുജന സമ്പര്‍ക്കമോ അല്ലെങ്കില്‍ ബന്ധമോ ആ സമയത്ത് ഉണ്ടായിട്ടില്ല. പക്ഷെ, ജാഗ്രതയേക്കാള്‍ കൂടുതല്‍ ആളുകള്‍ ഭയപ്പെടുന്നു. ക്വറന്റൈന്‍ വന്നതിന് ശേഷം, എന്റെ വീട്ടില്‍ ഞാന്‍ സ്റ്റിക്കര്‍ എഴുതി ഒട്ടിച്ചതിന് ശേഷം, മാധ്യമങ്ങളിലൂടെയും ചാനലുകളിലൂടെയും സോഷ്യല്‍ മീഡിയകളിലുടെയും ആളുകള്‍ക്ക് മനസ്സിലായി ഞാന്‍ ഹൗസ് ക്വാറന്റൈനിലാണെന്ന്. അതിന് ശേഷം ഞാന്‍ പുറത്ത് എവിടെ എങ്കിലും ഇറങ്ങിയാല്‍ അപ്പോള്‍ തന്നെ ആളുകള്‍ വിളിക്കുകയും, പലരും പറയുകയും ഒക്കെ ചെയ്യും, എം.പി പുറത്തുണ്ട് എന്നൊക്കെ... അപ്പോള്‍ ആളുകള്‍ക്ക് ഭയമാണ്.

ജാഗ്രതയേക്കാള്‍ കൂടുതല്‍ ഭയം

പണ്ട് പകര്‍ച്ചവ്യാധികളില്‍ മാരകമായി കണ്ടിരുന്നത് കുഷ്ഠരോഗമാണ്. കുഷ്ഠരോഗത്തെ സംബന്ധിച്ച് ഒരുപാട് സിനിമകളൊക്കെ വന്നിട്ടില്ലേ. അശ്വമേധം അടക്കം പലതും... അപ്പോള്‍, രോഗിയെ സ്‌നേഹിക്കുക രോഗത്തെ വെറുക്കുക എന്നുള്ളതല്ല, രോഗിയേയും രോഗത്തെയും വെറുക്കുന്ന ഒരു സമീപനം കോവിഡ്-19ന് ശേഷമുണ്ട്. അത് എല്ലാവര്‍ക്കും അവരോടുള്ള സ്‌നേഹക്കൂടുതല്‍ കൊണ്ടാണ്. ഈ രോഗം പടരാതിരിക്കണമെന്ന ആഗ്രഹം കൊണ്ട് ഈ രോഗിയെ അവര്‍ ഭയപ്പെടുന്നു എന്നു മാത്രമല്ല, രോഗിയെ ഒറ്റപ്പെടുത്താനുള്ള ഒരു പ്രവണത പല മേഖലകളിലൂടെയും ഞാന്‍ കാണുന്നു. അപ്പോള്‍, സമൂഹത്തില്‍ ജാഗ്രതയേക്കാള്‍ കൂടുതല്‍ അവര്‍ക്ക് ഭയമാണ്. ഭയം അവരെ, ഇത്തരം ആളുകളെ അകറ്റി നിര്‍ത്താന്‍ പ്രേരിപ്പിക്കുന്നു, മാത്രമല്ല, ഇത്തരം ആളുകള്‍ അകലം പാലിക്കണമെന്ന് അവര്‍ ആഗ്രഹിക്കുന്നു.

ലോക്ക്ഡൗണ്‍ പിന്‍വലിക്കുക എന്നത് അചിന്തനീയം

ലോക്ക്ഡൗണ്‍ പിന്‍വലിക്കുക എന്നത് എന്നെ സംബന്ധിച്ച് ഇപ്പോള്‍ ചിന്തിക്കാന്‍ കഴിയാത്ത ഒരു കാര്യമാണ്. എനിക്ക് ലോകത്തിന്റെ നാനാഭാഗത്ത് നിന്നും ടെലഫോണ്‍ കോളുകള്‍ വരുന്നുണ്ട്. അത് ഷാര്‍ജയില്‍ നിന്നുണ്ട്, നൈഫില്‍ നിന്നുണ്ട്, ദുബൈയില്‍ നിന്നുണ്ട്... മിഡില്‍ ഈസ്റ്റിലെ മിക്കവാറും, ഖത്തര്‍, കുവൈത്ത്, ഒമാന്‍ അടക്കമുള്ള എല്ലാ രാജ്യങ്ങളില്‍ നിന്നും ടെലഫോണ്‍ കോളുകള്‍ വരുന്നുണ്ട്. അതിനേക്കാള്‍ ഉപരി ജോര്‍ദാനില്‍ നിന്നുള്ളവരുണ്ട്, ഇറ്റലിയില്‍ നിന്നും അമേരിക്കയില്‍ നിന്നുമുണ്ട്, എന്റെ ഇളയ മകന്‍ ലണ്ടനിലുണ്ട്. അവിടന്നും ഒരുപാട് കോളുകള്‍ വരാറുണ്ട്. കാനഡയും റഷ്യയും കരീബിയന്‍ രാജ്യങ്ങളില്‍ നിന്നുമടക്കം ഒരു പാട് കോളുകളാണ് വരുന്നത്. അവിടെയൊക്കെ മലയാളികള്‍ ഒരുപാട് പേര്‍ക്ക് രോഗം സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ടെന്നാണ് അവര്‍ പറയുന്നത്. പക്ഷെ, ഇവിടെയൊന്നും യാതൊരുവിധ സംവിധാനങ്ങളുമില്ല. ചില രാജ്യങ്ങളില്‍ മലയാളികള്‍ പുറത്തിറങ്ങുമ്പോള്‍ നാട്ടുകാര്‍ അവരെ ആക്രമിക്കുകയാണ്. വീടുകളിലേക്ക് തന്നെ അടിച്ചു കയറ്റുകയാണ്. അവര്‍ക്കവിടെ പരിചയക്കാരോ പ്രതിരോധമോ ചികിത്സയൊ ലഭ്യമാവുന്നില്ല. മാത്രമല്ല, ആഹാരം വാങ്ങാനോ ഭക്ഷണ സാധനങ്ങള്‍ വാങ്ങാനോ പുറത്തിറങ്ങാന്‍ പോലും പ്രദേശവാസികള്‍ അവരെ സമ്മതിക്കുന്നില്ല. ഭയാനകമായ ഒരു അന്തരീക്ഷമാണ് ലോകമാസകലം. അപ്പോള്‍, ഈ ലോക്ക്ഡൗണ്‍ പിന്‍വലിക്കുകയും ജനജീവിതം സാധാരണഗതിയിലോ നിയന്ത്രണവിധേയമോ ആവുകയും ചെയ്താല്‍, എല്ലാ മലയാളികളും കൂടണയാനുള്ള വ്യഗ്രതയിലാണ്. അവര്‍ എല്ലാം കൂടി നാട്ടിലേക്ക് വന്നണഞ്ഞാല്‍ ഉണ്ടാകാവുന്ന ഒരു അപകടസാധ്യത വളരെ വലുതാണ്. പക്ഷെ, അത്തരം ആളുകളെ അന്യനാട്ടില്‍ കഴിയാന്‍ അനുവദിച്ചു കൂട. അവര്‍ നമ്മുടെ നാട്ടിലേക്ക് മടങ്ങി വരണം. അവരെ കൊണ്ടുവരണം. കൊണ്ടു വരുന്ന അവരെ എയര്‍പോര്‍ട്ടില്‍ നിന്ന് തന്നെ ക്വാറന്റൈന് വിധേയമാക്കുകയും സൂഷ്മ നിരീക്ഷണത്തിലാക്കി അവര്‍ക്ക് രോഗമുണ്ടെങ്കില്‍ അത് പടരാതെ നോക്കണം. ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നത് വളരെ സൂക്ഷിച്ച് വേണം. അതിന് ശേഷമുള്ള കുറെ നാളുകള്‍ സാമൂഹ്യവ്യാപനത്തിന് സാധ്യത വളരെ ഏറെയുള്ള നാളുകളാണ്. കരുതലോടെ, ജാഗ്രതയോടെ പ്രവര്‍ത്തിച്ചില്ലെങ്കില്‍ നമ്മള്‍ കടുത്ത വില നല്‍കേണ്ടി വരും ഭാവിയില്‍.

സുപ്രിം കോടതിയെ സമീപിച്ചത് ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍

മൗലികാവകാശങ്ങള്‍ സസ്പെന്‍ഡ് ചെയ്യുകയും മാധ്യമ സ്വാന്ത്ര്യത്തിന് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്ത് 1977-ല്‍ ഇന്ദിരാ ഗാന്ധി ഇന്ത്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ പോലും ഇന്ത്യന്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 21 ഒരു കാരണവശാലും വിലക്കാന്‍ പാടില്ലെന്ന് സുപ്രിം കോടതി വിധിച്ചിരുന്നു. സഞ്ചാരസ്വാതന്ത്ര്യം, ആഹാരത്തിനുള്ള അവകാശം, ആരോഗ്യ ശുശ്രൂഷയ്ക്കുള്ള അവകാശം എന്നിവ തടയാന്‍ പാടില്ലെന്ന് അടിയന്തിരാവസ്ഥ കാലത്ത് പോലും പറഞ്ഞിട്ടുണ്ട്. ഇവിടെ നമ്മള്‍ മനസ്സിലാക്കേണ്ട ഒരു കാര്യം, കര്‍ണാടകയും കേരളവും ഇന്നര്‍ലൈന്‍ പെര്‍മിറ്റുള്ള - ഇതര സംസ്ഥാനക്കാര്‍ക്ക് പ്രവേശിക്കാന്‍ പ്രത്യേക അനുമതിപത്രം നല്‍കുന്ന സംവിധാനം - (ഐ.എല്‍.പി) സംസ്ഥാനങ്ങളല്ല. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പലയിടത്തും ഐ.എല്‍.പി സംവിധാനമുണ്ട്. അപ്പോള്‍ ഒരു സ്‌റ്റേറ്റില്‍ നിന്നും മറ്റൊരു സ്‌റ്റേറ്റിലേക്ക് പോവണമെങ്കില്‍ അനുവാദം വേണ്ടി വരും. ഇവിടെ അതില്ല. ഇന്ത്യ ഫെഡറല്‍ സംവിധാനം നിലനില്‍ക്കുന്ന ഒരു രാജ്യമാണ്. ഇന്ത്യയില്‍ ഒരുപാട് നാഷണല്‍ ഹൈവേകളുണ്ട്. ആ ഹൈവേകളില്‍ പ്രധാനപ്പെട്ട രണ്ട് ഹൈവേകളാണ് കേരളത്തിലൂടെ കടന്ന് പോകുന്ന കന്യാകുമാരി മുതല്‍ സേലം വരെയുള്ള എന്‍.എച്ച് 47-ഉം കൊച്ചിയില്‍ നിന്നും ബോംബൈയിലേക്ക് പോകുന്ന എന്‍.എച്ച് 17-ഉം. എന്‍.എച്ച് 17ആണ് പല സംസ്ഥാനങ്ങളുമായി കണക്ട് ചെയ്ത് എന്‍.എച്ച് 66 ആയി രൂപാന്തരപ്പെടുത്തിയിട്ടുള്ളത്. അപ്പോള്‍ നാഷണല്‍ ഹൈവെ എന്ന് പറയുന്നത് നാഷണല്‍ അഥോറിറ്റിയുടെ കീഴിലുള്ളതാണ്. അതിന്‍മേല്‍ ഏതെങ്കിലും ഒരു സംസ്ഥാനത്തിന് യാതൊരുവിധ അവകാശങ്ങളുമില്ല. അതുകൊണ്ടാണ് നാഷണല്‍ ഹൈവെ അടച്ച നടപടി ഭരണഘടനാ ലംഘനമാണെന്ന് പറയുന്നത്. കേരളം ഒരു കണ്‍സ്യൂമര്‍ സംസ്ഥാനമാണ്, അരിയും പച്ചക്കറിയും മുതല്‍ എല്ലാം അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്ന ഒരു ഉപഭോക്തൃ സംസ്ഥാനം. കേരളത്തിലേക്ക് വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ചരക്കുകള്‍ റോഡു വഴി വരണമെങ്കില്‍ കര്‍ണാടകയുടെ ഏതെങ്കിലും ഒരു ഭാഗം കടന്നല്ലാതെ എത്താനാവില്ല. അപ്പോള്‍ അടിയന്തരാവസ്ഥാ കാലത്ത് പോലും ലംഘിക്കപ്പെടാത്ത ഒരു അവകാശം കര്‍ണാടക സര്‍ക്കാര്‍ നിഷേധിച്ചിരിക്കുന്നു. കേരളത്തിന്റെ അതിര്‍ത്തികള്‍ മൊത്തം അടച്ചു കൊണ്ട് ചരക്കു ഗതാഗതം സ്തംഭിപ്പിച്ചത് ഭരണഘടനാ വിരുദ്ധമാണ്.

ആര്‍ട്ടിക്കിള്‍ 21-ല്‍ പറയുന്ന മറ്റൊരു കാര്യം ആരോഗ്യ ശുശ്രൂഷയ്ക്കുള്ള അവകാശമാണ്. അതാണ് ഇപ്പോള്‍ കര്‍ണാടക ഗവണ്‍മെന്റ് തടഞ്ഞത്. കാസര്‍ഗോഡ് ജില്ല എല്ലാ അര്‍ത്ഥത്തിലും പിന്നാക്കം നില്‍ക്കുന്ന ഒരു ജില്ലയാണ്. ഇവിടത്തെ താലൂക്ക്, ജില്ലാ ആശുപത്രികളുടെ പരിതാപകരമായ അവസ്ഥയെ കുറിച്ച് പ്രഭാകരന്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുള്ളതാണ്. ഇന്നും കാസര്‍ഗോട്ടെ ജനങ്ങള്‍ മുഴുവന്‍ ആശ്രയിക്കുന്നത് മംഗലാപുരത്തെ ആശുപത്രികളാണ്. മാരകമായ രോഗങ്ങള്‍ പടര്‍ന്ന് പിടിച്ച ഒരുപാട് പേര്‍ കാസര്‍ഗോട്ടുണ്ട്. ഇവര്‍ എല്ലാം മംഗലാപുരത്തെ ആശുപത്രികളാണ് വര്‍ഷങ്ങളായി ആശ്രയിക്കുന്നത്. കര്‍ണാടക സര്‍ക്കാര്‍ റോഡുകള്‍ അടച്ചത് മൂലം, രോഗികളെ കടത്തി വിടാത്തത് കൊണ്ട് ഇന്നും (ഏപ്രില്‍ അഞ്ചിന്) രണ്ട് പേര്‍ മരിച്ചു. ഇതോടെ മൊത്തം ഒമ്പത് പേര്‍ ചികിത്സ ലഭിക്കാതെ മരിച്ചു. ഒരു സ്ത്രീയുടെ പ്രസവം ആംബുലന്‍സില്‍ നടത്തേണ്ട ഗതികേടുണ്ടായി. റോഡ് അടച്ചതുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതയില്‍ വന്ന കേസില്‍ കര്‍ണാടക സര്‍ക്കാര്‍ വളരെ നിഷേധാത്മകമായ നിലപാടാണ് സ്വീകരിച്ചത്. അപ്പോള്‍ മനുഷ്യന്റെ ജീവനും ആഹാരത്തിനുമുള്ള അവകാശം നിഷേധിച്ചതിന്റെ പേരിലാണ് ഞാന്‍ സുപ്രീം കോടതിയെ സമീപിച്ചത്. സുപ്രീം കോടതിയിലെ എന്റെ ഹര്ജി‍യാണ് കേരള ഹൈക്കോടയിലെ വിധിയായി വന്നത്. എന്നിട്ടും അതിനോട് നിഷേധാത്മകമായ സമീപനമാണ് കര്‍ണാടക മുഖ്യമന്ത്രി സ്വീകരിച്ചത്. അവര്‍ അപ്പീലുമായി സുപ്രീം കോടതിയില്‍ വന്നിട്ടുണ്ട്. ചൊവ്വാഴ്ച ഇതില്‍ അന്തിമ വിധി പറയും.

എന്തായാലും കേരളത്തിന് നീതി കിട്ടും എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഇത് രണ്ട് സംസ്ഥാനങ്ങള്‍ തമ്മിലുള്ള ഒരു യുദ്ധമായിട്ട് ഞാന്‍ കരുതുന്നില്ല. രണ്ടു സംസ്ഥാനത്തെ ഭരണാധികാരികള്‍ തമ്മിലുള്ള ഒരു പോരാട്ടവുമല്ല, സുപ്രീം കോടതിയുടെ വിധി എന്തായാലും ആരും ജയിക്കുന്നുമില്ല, ആരും തോല്‍ക്കുന്നുമില്ല. കാസര്‍ഗോട്ട് നിന്നുള്ള പാര്‍ലമെന്റ് അംഗം എന്നുള്ള നിലയ്ക്ക് അവിടത്തെ ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കാന്‍ എനിക്ക് ബാധ്യത ഉള്ളതുകൊണ്ടും, കാസര്‍ഗോട്ടെയും കേരളത്തിലെയും ജനങ്ങള്‍ക്ക് ആഹാരം അഭംഗുരം ലഭിക്കണമെന്നുള്ളത് കൊണ്ടുമാണ് ഞാന്‍ സുപ്രീം കോടതിയെ സമീപിച്ചത്.

(തയാറാക്കിയത്: മെഹ്ന സിദ്ദിഖ് കാപ്പന്‍)

Also Read:

കൊറോണക്കാലത്തെ മലയാളി ജീവിതം

Next Story

Related Stories