TopTop
Begin typing your search above and press return to search.

മുസ്ലീങ്ങള്‍ ആക്രമിക്കപ്പെടുമ്പോഴും ഹിന്ദു/ഹിന്ദുത്വ പ്രീണനത്തിന് ലിബറലുകള്‍ നടത്തുന്ന ഒതളങ്ങ വർത്തമാനങ്ങൾ

മുസ്ലീങ്ങള്‍ ആക്രമിക്കപ്പെടുമ്പോഴും ഹിന്ദു/ഹിന്ദുത്വ പ്രീണനത്തിന് ലിബറലുകള്‍ നടത്തുന്ന ഒതളങ്ങ വർത്തമാനങ്ങൾ

ചരിത്രം അവസാനിച്ചിരിക്കുന്നു, ഇനി ലിബറല്‍ ആശയങ്ങള്‍ക്ക് ബദലില്ലെന്ന് 1989 ല്‍ പറഞ്ഞ ഫ്രാന്‍സിസ് ഫുക്കുയാമയും അരവിന്ദ് കേജ്‌റിവാളുള്‍പ്പെടെയുള്ള നമ്മുടെ നാട്ടിലെ ലിബറലുകളെന്ന് വിശേഷിപ്പിക്കുന്നവരും തമ്മില്‍ എന്താണ് ബന്ധം? ലിബറലുകളുടെ സൗകര്യം അവര്‍ സ്റ്റാറ്റസ്കോയില്‍ ഏറിയും കുറഞ്ഞും തൃപ്തിപ്പെടുമെന്നുള്ളതാണ്. എന്നുമാത്രമല്ല, ആ തൃപ്തിപ്പെടല്‍ പ്രായോഗികതയുടെ കേമത്തരമായി അവതരിപ്പിക്കുകയും ചെയ്യും അവരും അവരെ പിന്തുണയ്ക്കുന്നവരും. പക്ഷെ ലിബറലുകള്‍ എന്ന് പൊതുവില്‍ വിവക്ഷിക്കപ്പെടുന്നവര്‍ മാത്രമല്ല, ചില മുഖ്യധാര മാര്‍ക്‌സിസ്റ്റുകളും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുമെന്നതാണ് ഏറെ പ്രധാനപ്പെട്ട വസ്തുത. സ്റ്റാറ്റസ്കോയില്‍ തൃപ്തിപ്പെടുകയും അതിനെ ഇടപെട്ട് പരിഷ്‌ക്കരിച്ചുകളയാമെന്നും കരുതുന്നവര്‍ എല്ലാം ഒടുവില്‍ സംവിധാനത്തെ കൂടുതല്‍ വലത്തോട്ട്, കൂടുതല്‍ ജനവിരുദ്ധമായി ഉറപ്പിച്ചുനിര്‍ത്തുകയാണ് ചെയ്യുന്നത് എന്നതാണ് വാസ്തവം.

പൗരത്വ നിയമ ഭേദഗതിക്ക് ശേഷം നടക്കുന്ന ജനകീയ പ്രക്ഷോഭത്തോടും ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി സ്വീകരിച്ച നിലപാടുകളുമാണ് ഇപ്പോള്‍ ഇക്കാര്യങ്ങള്‍ പറയാന്‍ കാരണം. ആം ആദ്മിയെക്കുറിച്ച് മാത്രം പറഞ്ഞിട്ട് കാര്യമില്ല, കേരളത്തിലെ സിപിഎമ്മിനെ കുറിച്ചും പറയണം. ഫാസിസം മറയില്ലാതെ അട്ടഹസിക്കുമ്പോഴും, അതിനെതിരെ മുഖം തിരിച്ചുനിന്ന് നടത്തിയ രാഷ്ട്രീയം പോരാട്ടമാണ് കേജ്‌റിവാളിന്റെത്. അത്തരത്തിലുള്ള പോരാട്ടമേ വിജയിക്കൂ എന്നാണ് ലിബറല്‍ ഡെമോക്രാറ്റുകളുടെ സൈദ്ധാന്തികരടക്കം ഇപ്പോള്‍ ആവേശം കൊള്ളുന്നത്. ഇവിടെ മാര്‍ക്‌സിസ്റ്റുകള്‍ ഭരിക്കുന്ന കേരളത്തില്‍ സിപിഎമ്മിന്റെ ആശങ്ക പൗരത്വ വിരുദ്ധ സമരത്തില്‍ പങ്കെടുക്കണമോ അതിന് നേതൃത്വം കൊടുക്കണൊ എന്നതല്ല, (തീര്‍ച്ചയായും അത് അവര്‍ ഗംഭീരമായി ചെയ്യുന്നുണ്ട്) മറിച്ച് അങ്ങനെ ചെയ്യുമ്പോള്‍ ഹിന്ദു കോപം ബാധിക്കുമോ എന്നതാണ്. ശബരിമലയില്‍ അങ്ങനെ ഹിന്ദു കോപിച്ചതിന്റെ ക്ഷീണം മാറിയിട്ടില്ല, അതുകൊണ്ട് ഇനിയും അത്തരം രീതികളിലൂടെ കടുന്നുപോകില്ലെന്ന വാശിയാണ് സിപിഎമ്മിന്. ഈ പേടിയാണ് അവരെ നയിച്ചുകൊണ്ടെയിരിക്കുന്നതെന്ന് വേണം കരുതാന്‍.

പ്രായോഗിക രാഷ്ട്രീയത്തിന്റെ തമ്പുരാനായാണ് കേജ്‌റിവാള്‍ ഇപ്പോള്‍ വിശേഷിപ്പിക്കപ്പെടുന്നത്. പൂര്‍ണമായും ശരിയാണ് അത്. ഹിന്ദുത്വ രാഷ്ട്രീയം വിദ്വേഷം ചീറ്റിക്കൊണ്ടിരിക്കുമ്പോള്‍ പിടിച്ചുനില്‍ക്കാന്‍ മാത്രമല്ല, തെരഞ്ഞെടുപ്പില്‍ അവരെ നിലംപരിശാക്കാന്‍ കൂടി സാധിച്ചത് ഈ പ്രായോഗിക ബുദ്ധിമൂലമാണെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ പറയുന്നത്. അമിത് ഷായ്ക്ക് അദ്ദേഹത്തിന്റെ വിദ്വേഷ രാഷ്ട്രീയത്തിന്റെ ഫലം കൊയ്യാന്‍ കഴിയാതെ പോയത് ഈ പ്രായോഗിക നിലപാട് മൂലമാണെന്നും അവര്‍ പറയുന്നു.
എന്താണ് ഈ പ്രായോഗിക നിലപാടിന്റെ പ്രയോജനം? തെരെഞ്ഞെടുപ്പില്‍ വലിയ ഭൂരിപക്ഷത്തില്‍ വിജയിച്ചു. അതിനുമപ്പുറം എന്താണതിന്റെ രാഷ്ട്രീയ നേട്ടം. നേരത്തെ സൂചിപ്പിച്ച പ്രായോഗിക നിലപാടിന്റെ കൂടി ഫലമാണ് ഡല്‍ഹിയില്‍ മുസ്ലീങ്ങള്‍ക്കെതിരെ ഹിന്ദുത്വ ഭീകരര്‍ അഴിച്ചുവിട്ടപ്പോള്‍ മൗനിയായി സൈഡില്‍നിന്ന് കേജ്‌റിവാളിന് കാഴ്ച കാണേണ്ടിവന്നത്. ഒന്നര ദിവസത്തോളമാണ് കേജ്‌റിവാള്‍ മിണ്ടാതിരുന്നത്. ആക്രമണത്തില്‍ ഇരയായവരെ കാണാനോ, മറ്റ് നടപടികള്‍ എടുക്കാനോ അദ്ദേഹത്തിന് ഇന്നലെ വരെ സാധിച്ചുമില്ല. ഇപ്പോഴായിരുന്നു ഡല്‍ഹിയിലെ തെരഞ്ഞെടുപ്പ് എന്ന് കരുതുക. പ്രായോഗിക ബോധം കാരണം മുസ്ലീം വിരുദ്ധ കലാപത്തെക്കുറിച്ച് മിണ്ടാതെ വോട്ടു തേടിയെനെ കേജ്‌റിവാള്‍.

ഇത്രയും ഗംഭീരമായ പ്രായോഗികത എങ്ങനെയാണ് ഇന്ത്യന്‍ മുസ്ലീമിന്റെ അതിജീവനം സാധ്യമാക്കുകയെന്ന് മാത്രം ചോദിക്കരുത്. ഹിന്ദു വോട്ട് ഏകീകരികിക്കപ്പടുമെന്ന ഭയം ലിബറല്‍ മതേതര രാഷ്ട്രീയക്കാര്‍ക്ക് ഉണ്ടെങ്കില്‍ അതിന്റെ കാരണം തിരയേണ്ടത് ഇക്കാലമാത്രയും തങ്ങള്‍ പ്രാക്ടീസ് ചെയ്ത രാഷ്ട്രീയത്തിലാണ്. ഫാസിസത്തെ തോല്‍പ്പിക്കാന്‍ തങ്ങളുടെ രാഷ്ട്രീയാശയത്തിന് കരുത്തില്ല, അതുകൊണ്ട് ഇപ്പോള്‍ സ്വീകരിക്കുന്ന മെജോറിറ്റേറിയന്‍ നിലപാടിനെ ഞങ്ങള്‍ സ്വയം മതേതരത്വമാണെന്നാണ് വിളിക്കുന്നതെന്ന മട്ടിലാണ് കേജ്‌റിവാള്‍ അനുകൂലികളുടെ നിലപാട്. ഹിന്ദുത്വം സൃഷ്ടിക്കുന്ന രാഷ്ട്രീയാശയത്തിന്റെതായ ഒരു പ്രതലത്തിലേക്ക് സ്വയം ചുരുങ്ങി, അതിന്റെ വ്യാകരണങ്ങള്‍ പരിശീലിച്ച് ആര് എങ്ങനെ വിജയിച്ചാലും അത് ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളുടെയും ദളിതരുടെയും അതിജീവനശ്രമങ്ങള്‍ക്ക് അടിസ്ഥാനപരമായി എന്ത് കരുത്താണ് നല്‍കുകയെന്നതാണ് പ്രധാനം. ബഹുസ്വര സമൂഹത്തിന്റെ നിലനില്‍പ്പുമായി ബന്ധപ്പെട്ട് അതുമാത്രമാണ് പ്രശ്‌നം. മുസ്ലീങ്ങളുടെ, ദളിതരുടെ അവകാശങ്ങളെക്കുറിച്ച് പറഞ്ഞാല്‍ അപ്പുറത്ത് ഹിന്ദു വോട്ടുകള്‍ ധ്രുവീകരിക്കപ്പെടുന്നുണ്ടെങ്കില്‍ ഈ സംവിധാനം ജാതി മത ബോധ സങ്കുചിത്വത്തില്‍നിന്ന് ജനാധിപത്യത്തിലേക്ക് വികസിച്ചിട്ടില്ലയെന്നെങ്കിലും സമ്മതിക്കണം. ഒന്നാം നമ്പര്‍ ജനാധിപത്യത്തിന്റെ മേനി പറച്ചിലുകള്‍ക്ക് ഒരു ഇടവേളയെങ്കിലും നല്‍കണം.

ഹിന്ദുത്വത്തെ നേരിടാന്‍ അവര്‍ ഉണ്ടാക്കിയെടുത്ത രാഷ്ട്രീയ മൂല്യബോധങ്ങള്‍ക്കകത്ത് മെരുങ്ങി നിന്നുവേണം പൊരുതാന്‍ എന്ന പാഠമാണ് ആം ആ്ദ്മി ലിബറലുകള്‍ നല്‍കുന്നത്. ഈ രാഷ്ട്രീയത്തിന്റെ പരിമിതിയാണ് ഡല്‍ഹി കത്തുമ്പോള്‍ അവരില്‍ കാണുന്ന നിസഹായത തെളിയിക്കുന്നത്.

ഇത് ആം ആദ്മിയുടെ മാത്രം പ്രശ്‌നമാണെന്ന് കരുതരുത്. കേരളത്തിലും ഇത് മറ്റൊരു രീതിയില്‍ നടക്കുന്നുണ്ട്. അതിജീവനത്തിനായി വെപ്രാളപെടുന്ന ഒരു സമുദായത്തോട് നിങ്ങള്‍ മതേതരത്വത്തിന്റെ നല്ല പാഠങ്ങള്‍ പഠിച്ചതിന് ശേഷം മാത്രം തെരുവിലറങ്ങിയാല്‍ മതിയെന്ന ഉപദേശമാണ് ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങള്‍ക്കിടയില്‍ സമീപകാലത്ത് കേരളത്തില്‍ ആവര്‍ത്തിക്കുന്ന പ്രധാനപ്പെട്ട മുഖ്യഇനം. പൗരത്വ നിയമ ഭേദഗതി അടക്കമുളള ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ പ്രയോഗങ്ങളുടെ മുഖ്യ ഇര മുസ്ലീങ്ങളായാലും, അങ്ങനെ പറയരുതെന്ന വാശി കേരളത്തിലെ സിപിഎമ്മിന് ഉണ്ടെന്ന് തോന്നുന്നു. കേരളത്തിലെ സിഎഎ വിരുദ്ധ സമരങ്ങളിലെല്ലാം സിപിഎമ്മിന്റെ രാഷ്ട്രീയ ആശങ്ക മുസ്ലീം സ്വത്വ പ്രകടനം മതേതരത്വത്തിന് ബാധ്യതയാകുമോ എന്നതാണ്. യഥാര്‍ത്ഥത്തില്‍ ഇത് ഒരു ബാലന്‍സിങ് ആക്ടാണ്. ശബരിമല പോലെ പൗരത്വ നിയമവും തെരഞ്ഞെടുപ്പില്‍ ഹിന്ദു ധ്രുവീകരണം തങ്ങള്‍ക്കെതിരെ ഉണ്ടാക്കുമോ എന്ന ആശങ്ക. അങ്ങനെ സംഭവിക്കാതിരിക്കാന്‍ വേണ്ടിയാണ് ഏത് സമയവും തീവ്രവാദികള്‍ക്ക് നുഴഞ്ഞുകയറാന്‍ കഴിയുന്ന ഒരു സമരം കൂടിയാണ് പൗരത്വത്തിനെതിരായ സമരമെന്ന് ഓര്‍മ്മപെടുത്തല്‍ മുഖ്യമന്ത്രി പിണറായി വിജയനും കൂട്ടരും നടത്തുന്നത്. യഥാര്‍ത്ഥത്തില്‍ അത് ഹിന്ദു വോട്ടര്‍മാരെ നോക്കിയാണ്, അരവിന്ദ് കേജ്‌റിവാളിനെ പോലെ പിണറായി വിജയനും സംസാരിച്ചുകൊണ്ടിരിക്കുന്നത്. അവരെ അനുനയിപ്പിച്ച് നിര്‍ത്താനുളള ശ്രമമാണ് ഈ പ്രസംഗങ്ങളെല്ലാം. ഒടുവില്‍ ഹൈക്കോടതി മുന്‍ ജഡ്ജി കെമാല്‍ പാഷയ്‌ക്കെതിരായ പരമര്‍ശങ്ങള്‍ വരെ നീളുന്നു ഈ ശ്രമങ്ങള്‍.
ഈ ലിബറല്‍ സ്വഭാവമുള്ള അസ്‌കിത സിവില്‍ സൊസൈറ്റിയ്ക്കും ഉണ്ടെന്നതാണ് ഏറെ ശ്രദ്ധേയം. മാധ്യമങ്ങള്‍ ഡല്‍ഹി ആക്രമണത്തിന്റെ വാര്‍ത്ത കൊടുക്കുന്നതില്‍ കാണിക്കുന്ന അങ്ങേയറ്റത്തെ ബാലന്‍സിംങ് ആര്‍ക്ക് വേണ്ടിയാണ്. അവരും ഹിന്ദുവിഭാഗത്തെയാണ് അഭിസംബോധന ചെയ്യുന്നത്. അതുകൊണ്ടാണ് രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമായി അത് ചിത്രീകരിക്കപ്പെടുന്നത്. ആക്രമിക്കപ്പെടുന്നതും ഇരകളാക്കപ്പെടുന്നതും മുസ്ലീങ്ങളാകുമ്പോള്‍ മാധ്യമങ്ങള്‍ ആക്ടീവ് വോയ്‌സ് ഉപയോഗിക്കാന്‍ മറന്നുപോകുന്നതിനെക്കുറിച്ച് പ്രമുഖ മാധ്യമ പ്രവര്‍ത്തകനും കാരവന്‍ എഡിറ്ററുമായ വിനോദ് കെ ജോസ് പറയുന്നത് ശ്രദ്ധിക്കേണ്ടതാണ്.

ഹിന്ദുത്വത്തിന്റെതെന്ന പോലെ ദേശീയതയുടെയും തടവറയിലാണ് പല ലിബറലുകളും. എന്തൊക്കെ അഭിപ്രായ വ്യത്യാസമുണ്ടായാലും ട്രംപ് ഡല്‍ഹിയില്‍ ഉള്ള സമയത്ത് പൗരത്വ നിയമത്തിനെതിരെ പുതിയ സമരങ്ങള്‍ പാടില്ലെന്ന് യോഗേന്ദ്ര യാദവ് സമരക്കാര്‍ക്ക് നല്‍കുന്ന ഉപദേശം ഇതിന്റെ ഭാഗമായി കാണേണ്ടതാണ്. ഫാസിസം തെരുവുകളില്‍ അട്ടഹസിക്കുമ്പോഴും ഹിന്ദുക്കളെ അഭിസംബോധന ചെയ്ത് നടത്തുന്ന വര്‍ത്തമാനങ്ങളാല്‍ സമൃദ്ധമാണ് മുഖ്യധാര രാഷ്ട്രീയം. അത് അങ്ങ് ഡല്‍ഹിയിലായാലും ഇവിടെ കേരളത്തിലായാലും. ആഗ്രഹചിന്തകളിലൂടെ ഫാസിസം ഇല്ലാതായതായി ചരിത്രത്തിലില്ല.


എന്‍ കെ ഭൂപേഷ്

എന്‍ കെ ഭൂപേഷ്

കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍

Next Story

Related Stories