TopTop
Begin typing your search above and press return to search.

കേരളസമൂഹം തറയിലിരുന്ന് സദ്യയുണ്ടത് കസേരയില്ലാഞ്ഞിട്ടാണ്; തറവാട് സിനിമകളുടെ അകങ്ങളിലേക്ക് ഒരു നോട്ടം

കേരളസമൂഹം തറയിലിരുന്ന് സദ്യയുണ്ടത് കസേരയില്ലാഞ്ഞിട്ടാണ്; തറവാട് സിനിമകളുടെ അകങ്ങളിലേക്ക് ഒരു നോട്ടം

വില്യംലോഗന്‍ താന്‍ കണ്ട പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളത്തിലെ നായര്‍ വീടുകളിലെ ഗൃഹോപകരണങ്ങളെക്കുറിച്ച് ഇങ്ങനെയാണ് എഴുതിയത്: "എല്ലാ വീടുകളിലും ഗൃഹോപകരണങ്ങള്‍ എത്രയും ലഘുവാണ്. ഒരു കിണ്ടി, ലോഹം കൊണ്ടുള്ള ഏതാനും പ്ലേറ്റുകളും ചെറിയ സോസറുകളും പല വലുപ്പത്തിലുമായിട്ടു ലോഹംകൊണ്ടുള്ള ഏതാനും കലങ്ങള്‍, ഒരു വെങ്കല്‍ കോളാമ്പി, ഒരു വെറ്റിലത്തട്ടം, ഏതാനും പായകള്‍, ഒരു കത്തി, ഒന്നോ രണ്ടോ കട്ടില്‍, നെല്ലിടാന്‍ മരംകൊണ്ടുള്ള പത്തായം..."

കേരളീയഭൂതകാലത്തെക്കുറിച്ചുള്ള പൊതുബോധവും ചരിത്രവും, പഴയകാലം മഹനീയമായിരുന്നുവെന്നും പണ്ടുകാലത്തെ കുടുംബ, സാമൂഹിക ജീവിതമൊക്കെ വളരെ അര്‍ഥപൂര്‍ണമായിരുന്നുവെന്നും ആധുനികത അതിനെ നശിപ്പിച്ചുവെന്നും പറയാറുണ്ട്. ഈ ചരിത്രബോധത്തെ ചോദ്യംചെയ്യുന്ന വിധത്തില്‍, പഴയകാലത്തെ സമ്പന്നവീടുകളില്‍ പോലും കാര്യമായി ഗാര്‍ഹികോപകരണങ്ങളില്ലായിരുന്നുവെന്ന വസ്തുതയിലേക്കാണ് ലോഗന്റെ മുകളിലെ വിവരണം. വിരല്‍ചൂണ്ടുന്നത്. കേരളത്തിലെ സമ്പന്നവീടുകള്‍ പോലും പലതരം പരിമിതികള്‍ക്കകത്താണ് കഴിഞ്ഞുകൂടിയിരുന്നതെന്ന പ്രശ്നം കേരളചരിത്രത്തില്‍ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. കേരളത്തിലെ വീടുകളുടെ അവസ്ഥയെ വിപുലമായി വിശകലനം ചെയ്യുന്ന പി.കെ.ബാലകൃഷ്ണന്‍, നായന്മാരെപ്പോലുള്ളവരുടെയും കീഴാളരുടെയും വീടുകളുടെ അവസ്ഥ താരതമ്യം ചെയ്ത് വലിയതോതിലുള്ള വിഭവപരമായ ദാരിദ്ര്യത്തിനകത്താണ് കേരളത്തിലെ വീടുകള്‍ കഴിഞ്ഞിരുന്നതെന്ന് വാദിക്കുന്നു.

കേരളത്തില്‍ പലയിടത്തും വീടിന് ഒടിടാനും തടിയുപയോഗിക്കാനും മേല്‍ജാതിക്കാരുടെ അനുമതിവേണ്ടിയിരുന്നുവെന്നും കേരളത്തിലെ വിഭവങ്ങളെ വേണ്ട വിധത്തില്‍ ഉപയോഗപ്പെടുത്തി നിര്‍മാണങ്ങള്‍ നടത്താന്‍ തൊഴിലാളികളെ ജാതിപരമായി വര്‍ഗ്ഗീകരിച്ച വ്യവസ്ഥയ്ക്കു സാധിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. തടികൊണ്ട് ഉപകരണങ്ങള്‍ നിര്‍മ്മിക്കേണ്ട ആശാരിമാര്‍ ജാതിപരമായി പതിത്വം ഉള്ളവരായതിനാല്‍ അയിത്തവും തീണ്ടലും പാലിച്ചുകൊണ്ട് ‍ തങ്ങളുടെ തൊഴിലിനെ വിദഗ്ധതൊഴിലായി മാറ്റിത്തീര്‍ക്കുവാനുള്ള അഭ്യാസശേഷിയും നൈപുണ്യവും നേടുന്നതിന് പരിധികളുണ്ടാകുന്നു. ‍പരിമിതമായ തോതിലുള്ള ചില ഉപകരണങ്ങള്‍ മാത്രം നിര്‍മിക്കുവാനേ കഴിഞ്ഞിരുന്നുള്ളുവെന്നര്‍ത്ഥം.

കേരളത്തില്‍ കാര്‍ഷികമേഖലയില്‍ മൃഗങ്ങളെ ഉപയോഗിച്ചുള്ള കൃഷിയൊക്കെ വന്നത് കൊളോണിയല്‍ ഇടപെടലിലൂടെയായിരുന്നുവെന്ന് ചരിത്രം പറയുന്നു. അടിമകളെ മൃഗങ്ങളാക്കി ഉപയോഗിച്ച ജാതിവ്യവസ്ഥയില്‍ കാര്‍ഷിക ഉല്പാദനത്തില്‍ സാങ്കേതികവിദ്യയെ സാധ്യമാക്കുന്നതിനോ വലിയ തോതിലുള്ള ഉല്പാദനം നടത്തുന്നതിനോ സാധിച്ചിരുന്നില്ല. ജാതിവ്യവസ്ഥയുടെ വിലങ്ങുകളാണ് കേരളത്തിലെ ഉല്പാദനവ്യവസ്ഥയെയും ഗൃഹോപകരണങ്ങളെയും പരിമിതവൃത്തത്തിലൊതുക്കിയതെന്നാണ് ഇത് പറയുന്നത്.

ആധുനികത സംഭവിക്കുന്നതോടെ ആശാരിപ്പണി ജാതിയുടെ പരിമിതികള്‍ ലംഘിച്ചുപോവുകയും ധാരാളം വസ്തുക്കള്‍ നിര്‍മിക്കുന്ന തരത്തില്‍ വളരുകയും ചെയ്യുന്നു. തടിവ്യവസായവും മറ്റും വളരുന്നതോടെ അത് കൂടുതല്‍ വളരുന്നു. ഇങ്ങനെ നോക്കുമ്പോള്‍ ആഘോഷിക്കപ്പെടുന്ന കേരളീയതയായ തറയിലിരുന്നുള്ള ഇലയിലെ സദ്യയുണ്ണലും മറ്റും പരിസ്ഥിതിപരമായി രൂപം കൊണ്ടതല്ലെന്നും മറിച്ച് പാത്രങ്ങളില്ലാത്ത, ജാതിവ്യവസ്ഥയിലെ വിഭവപരമായ പരിമിതിയില്‍ നിന്നും സംഭവിച്ചതാണെന്നുമാണ് മനസ്സിലാക്കേണ്ടത്.

ഗൃഹോപകരണങ്ങളില്ലായ്മ വീട്ടിലെ എല്ലാക്കാര്യങ്ങളെയും ബാധിച്ചിരുന്നുവെന്ന് പഴയകാല വീടുകളിലെ അടുക്കളകള്‍ സാക്ഷ്യപ്പെടുത്തുന്നു. റബര്‍ ശാസ്ത്രജ്ഞയായിരുന്ന എല്‍. തങ്കമ്മ ആ പ്രശ്നം ഇങ്ങനെ രേഖപ്പെടുത്തുന്നു: "അന്നൊന്നും അടുപ്പുകള്‍ ഉയര്‍ന്ന തട്ടിലല്ല. താഴെ തറന്നിരപ്പില്‍ത്തന്നെ... കുനിഞ്ഞു നിന്ന് പാചകം മുഴുവന്‍ നടത്തി കുനിഞ്ഞുനിന്നുതന്നെ ആഹാരം വിളമ്പി പാത്രങ്ങള്‍ എടുത്ത് അടുക്കളയില്‍നിന്നു പുറത്ത് ഇടനാഴിയിലെത്തി നിരന്നിരിക്കുന്ന മക്കള്‍ക്ക് തറയില്‍വച്ചുകൊടുത്ത് ഊട്ടി ഇങ്ങനെ കുനിഞ്ഞും നിവര്‍ന്നും ഒരുദിവസം എണ്ണമറ്റ തവണയാകുമ്പോള്‍ നടുവേദന മാറാതെ പിടികൂടും" (ഒരു ഗവേഷകയുടെ അന്വേഷണപഥങ്ങള്‍). ഇന്നു നാം മികച്ച നിര്‍മിതികളായി കാണുന്ന, പരിസ്ഥിതിപരമായ മൂല്യമുള്ളതായി പറയുന്ന വീടുകളെന്നത് മനുഷ്യരുടെ അധ്വാനത്തെ ഇരട്ടിപ്പിക്കുന്ന ഒന്നായിരുന്നുവെന്നാണിത് പറയുന്നത്. വേണ്ടത്ര ഗൃഹോപകണങ്ങള്‍ ഉണ്ടാക്കി അതിനനുസരിച്ച് പാചകാദികാര്യങ്ങള്‍ ലഘൂകരിക്കാന്‍ അന്ന് ആരും ശ്രമിച്ചില്ല. മറിച്ച് സ്ത്രീകളുടെയും മറ്റും കായികാധ്വാനത്തെ അമിതമായി ചൂഷണം ചെയ്ത് അവ നിലനിന്നുപോന്നു. ഈ പ്രശ്നവും മുകളില്‍പ്പറഞ്ഞ ഗൃഹോപകരണങ്ങളുടെ ഇല്ലായ്മയും വ്യക്തമാക്കുന്നത് സാങ്കേതികവിദ്യയെ സാധ്യമാക്കണം എന്ന ചിന്തയില്ലാത്ത സമൂഹമായിരുന്നു പഴയകാല കേരളമെന്നാണ്. കേരളീയ പഴയമയെ ആദര്‍ശവല്കരിക്കുന്ന മലയാളസിനിമകള്‍ ഇത്തരം ജാതിപരമായ യുക്തികളെ സവിശേഷം ഉന്നയിക്കുന്നത് പ്രകടമായിത്തന്നെ കാണാം.

സിനിമയിലെ സവര്‍ണ്ണത്തറവാടുകള്‍‍

കേരളീയമായ വാസ്തുവിദ്യയുടെ ഉദാത്തമാതൃകയായി പറയുന്ന സവര്‍ണ്ണ തറവാടുകളുടെ ആഘോഷമായിരുന്നു തൊണ്ണൂറുകളിലിറങ്ങിയ ദേവാസുരം പോലുള്ള മോഹന്‍ലാല്‍ സിനിമകള്‍. ജാതിഹിന്ദുത്വത്തെ ഉന്നയിച്ച ഇത്തരം സിനിമകളിലെ ജനപ്രിയമായ ഒന്നായിരുന്നു 1997ല്‍ പുറത്തുവന്ന ആറാംതമ്പുരാന്‍ എന്ന സിനിമ. ഇന്ത്യയില്‍ സംഘപരിവാരത്തിന്റെ ഹിന്ദുത്വവാദത്തിന് വലിയ പ്രചാരം നല്കിയ തൊണ്ണൂറുകളിലാണ് ഇത്തരം നിരവധി സിനിമകള്‍ ഇറങ്ങുന്നതെന്ന് പല നിരൂപകരും ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. കീഴാള- സംവരണവിരുദ്ധത ഊട്ടിയുറപ്പിച്ചുകൊണ്ടുള്ള ഇത്തരം സിനിമകള്‍ നവ ബ്രാഹ്മണ്യത്തിന്റെ വാഴ്ത്തുപാട്ടായും അക്രമോത്സുക ഹിന്ദുത്വയുടെ പ്രത്യയശാസ്ത്രമായും പ്രവര്‍ത്തിച്ചിരുന്നതായും ചൂണ്ടിക്കാട്ടപ്പെടുന്നു. ഇത്തരം സിനിമകളെല്ലാം ആഢ്യത്തറവാടുകളെ നിരന്തരം ദൃശ്യവത്ക്കരിക്കുകയും കാരണവകേന്ദ്രീകൃതമായ ഫ്യൂഡല്‍ഗാര്‍ഹികതയെ കാല്പനികചാരുതയോടെ ദൃശ്യവത്ക്കരിക്കുകയും ചെയ്യുന്നു. കേരളീയതയുടെ ഉദാത്തരൂപമായ തറവാടുകള്‍ ആധുനികതയുടെ ജാതിവിരുദ്ധമായ പ്രവര്‍ത്തനങ്ങളാല്‍ പ്രതിസന്ധി നേരിടുന്നതും തറവാട്ടിലെ ഒരാണ്‍തരി അതിനെതിരേ പ്രവര്‍ത്തിക്കുന്നതുമായിരിക്കും ഈ സിനിമകളിലെ ഇതിവൃത്തം. ഇത്തരമൊരു കഥയാണ് ആറാംതമ്പുരാനും പറയുന്നത്.

മുംബൈയിലെ ഒരു ഗുണ്ടയായ ജഗന്നാഥന്‍ തന്റെ നാട്ടിലെ വലിയ കൊട്ടാരം വില്‍ക്കാനായി നാട്ടിലെത്തുന്നു. ആ കൊട്ടാരത്തില്‍ ചില താല്‍പ്പര്യങ്ങളുള്ള ആലളാണ് കുളപ്പുള്ളി അപ്പന്‍ തമ്പുരാനും. ജഗന്നാഥന്‍ കൊട്ടാരം വില്‍ക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകുമ്പോള്‍ കാര്യമറിഞ്ഞ അപ്പന്‍ തമ്പുരാന്‍ ശക്തമായി ചെറുക്കുന്നു. ഇതിനിടെ കൊട്ടാരത്തിന്റെ നടത്തിപ്പുകാരനായ കൃഷ്ണവര്‍മ്മയുടെ മകളായ ഉണ്ണിമായയുമായി പ്രേമം രൂപപ്പെടുന്നു. ഇതിന്നിടെ നാട്ടിലെ മുടങ്ങിക്കിടന്ന ക്ഷേത്രോത്സവം നടത്താനും ജഗന്നാഥനും കൂട്ടരും തീരുമാനിക്കുന്നു. അതും അപ്പന്‍തമ്പുരാന്‍ എതിര്‍ക്കുന്നു. ഒടുവില്‍ ഉത്സവം നടക്കുകയും കൊട്ടാരം ജഗന്റെ പേരിലാവുകയും ചെയ്യുന്നു.

ഏതാണ്ട് മൂന്ന് ആഢ്യത്തറവാടുകളുടെ കഥ പറയുന്ന സിനിമയിൽ വലിയ കെട്ടായിട്ടാണ് തറവാടുകൾ കാണിക്കുന്നതെങ്കിലും അവയിൽ കസേരയുടെ ഉപയോഗം തീരെയില്ലെന്നുള്ളത് പ്രകടമായിക്കാണാം. മനോഹരമായ കെട്ടിടമായിട്ടാണ് കണിമംഗലം തറവാട് കാണിക്കുന്നത്. അകത്ത് ധാരാളം മുറികളും വരാന്തകളും തട്ടുകളും കോവണികളുമുള്ളതായി കാണുന്നു. തറവാടിനോടു ചേര്‍ന്നു വലിയ കുളവും തറവാടിന്റെ നടുവില്‍ വിശാലമായ നടുമുറ്റവും ഉള്ളതായി ദൃശ്യവത്ക്കരിക്കുന്നു. ഇങ്ങനെയുള്ള തറവാട്ടില്‍ എത്രമാത്രം വീട്ടുപകരണങ്ങളുണ്ടെന്നത് ശ്രദ്ധിക്കണം. ഒരു മുറിയില്‍ കട്ടിലും മറ്റൊരു മുറിയില്‍ ആട്ടുകട്ടിലും ഒരുരംഗത്ത് ചാരുകസേരയും കാണാം. സെറ്റിയോ സോഫയോ കസേരകളോ ഇവിടെങ്ങും കാണുന്നില്ല എന്നതാണ് തറവാടിന്റെ കാഴ്ചയെ പ്രശ്നവത്ക്കരിക്കുന്ന കാര്യം. സാമ്പത്തികമായി തറവാടു തകര്‍ച്ചയിലാണെങ്കിലും അതിന്റെ ദൃശ്യവത്ക്കരണം അങ്ങനെയല്ലെന്നാണ്. ആവശ്യത്തിനു ഭംഗി കെട്ടിടത്തിനു നല്കിയിട്ടുണ്ട്. മനോഹരമായ ദീപവിതാനവും രാത്രിയിലെ നിലവിളക്കുപ്രഭയും കെട്ടിടത്തിന് കൊട്ടാരത്തിന്റെ കെട്ടും മട്ടും നല്കുന്നു.

അരഭിത്തി എന്ന ഇരിപ്പിടം

ജഗന്നാഥന്റെ തറവാട്ടിൽ കസേരയില്ലന്നു പറയാം. എല്ലാക്കാര്യങ്ങളും തറയിലിരുന്നോ അരഭിത്തിയിലിരുന്നോ ചെയ്യുന്നതായിട്ടാണ് കാണിക്കുന്നത്. മിക്കതും നിന്നുകൊണ്ടാവും ചെയ്യുക. അതിഥികളത്തുന്ന പൂമുഖത്ത് കസേരയില്ലെന്നു മാത്രമല്ല അവിടെ തരിശായിട്ടാണ് ഇട്ടിരിക്കുന്നത്. പൂമുഖത്തിനോടുചേര്‍ന്ന അകം മുറിയിലാണ് മിക്കപ്പോഴും അതിഥികളെത്തുന്നത്. അവിടെയും കസേരയും മറ്റുമില്ല. തറയിലിരുന്നോ നിന്നുകൊണ്ടോ ആണവിടെ ആളുകള്‍‍ സംസാരിക്കുകയോ കാര്യങ്ങള്‍ ചെയ്യുകയോ ചെയ്യുന്നത്. പ്രശ്നംവയ്ക്കുമ്പോള്‍ കണിയാന്‍ തറയിലിരിക്കുകയും ബാക്കിയുള്ളവര്‍ ചുറ്റും കൈകെട്ടി നില്കുകയും ചെയ്യും. കാര്യസ്ഥന്മാരോ മറ്റോ വരുമ്പോള്‍ തറയിലില്‍ പായിട്ടിരുന്ന് സംസാരിക്കും. പാട്ടുപാടുന്നതും എല്ലാരും തറയിലിരുന്നാവും. തറകഴിഞ്ഞാല്‍ ആളുകളുപയോഗിക്കുന്ന ഇടം അരഭിത്തികളാണ്. മിക്കയിടത്തും പല രൂപത്തില്‍ അരഭിത്തികള്‍ കാണും. അവിടെയിരുന്നോ ചാരിനിന്നോ ആളുകള്‍ പെരുമാറും. ഉണ്ണിമായയുടെയും സംഘത്തിന്റെയും തിരുവാതിര ജഗന്നാഥനും നയന്‍താരയും കാണുന്നത് മുറ്റത്തെ കെട്ടിലെ ഭിത്തിയിലിരുന്നാണ്. കുളത്തിലെ രംഗങ്ങളാവുമ്പോള്‍ പടികളിലിരുന്നാണ് സംസാരവും മറ്റും. ഗാര്‍ഹികോപകരണമായ കട്ടിലാണ് ആകെ ഉപയോഗിച്ചുകാണുന്ന ദൃശ്യം. ജഗന്നാഥനും നയന്‍താരയും ഏറെസമയം രാത്രി സംസാരിക്കുന്നത് കട്ടിലിലിരുന്നാണ്. കട്ടിലൊഴിച്ചാല്‍ മറ്റൊരു ഉപകരണവും ഇരിക്കാന്‍ ഇവിടെ ഉപയോഗിക്കുന്നില്ലെന്നു കാണാം, കൃഷ്ണവര്‍മ്മ ഒരു രംഗത്ത് ചാരുകസേര ഉപയോഗിക്കുന്നതൊഴിച്ചാല്‍.

സിനിമയിലെ മറ്റൊരു തറവാടായ അപ്പൻ തമ്പുരാന്റെ കെട്ടിലും ഇങ്ങനെയാണ്. ഏറെ സമയവും സിനിമ കാണിക്കുന്നത് ആ വീടിന്റെ പുമുഖവും മറ്റുമാണ്. അവിടെ കസേര മിക്കപ്പോഴുമില്ല. തമ്പുരാന്‍ പൂമുഖത്തെ അരഭിത്തിയിലിരുന്നും ബാക്കിയുള്ളവര്‍ സൗകര്യംപോലെ നിന്നും സംസാരിക്കും. പൂമുഖത്ത് കേസര വരുന്നത് പോലീസ് ഉദ്യോഗസ്ഥൻ വരുമ്പോഴാണ്. എന്നാല്‍ ഉദ്യോഗസ്ഥര്‍ വരുന്ന ഒരു രംഗം ആ തറവാട്ടിലെ അകം മുറിയില്‍ എല്ലാരും കസേരയിലിരുന്നാണെന്നു കാണാം. ഇനി മറ്റൊരു തറവാടായ പൂജാരിമാരുടെ വീട്ടിലും ഇതേ അവസ്ഥ തന്നെ. ജഗന്നാഥനും കൂട്ടരും സംസാരിക്കാന്‍ പോകുമ്പോള്‍ കാരണവര്‍ മാത്രം കസേരയിലിരിക്കുന്നതും ബാക്കിയുള്ളവര്‍ അരഭിത്തിയിലിരുന്നും ചിലര്‍ നിന്നും കാര്യങ്ങള്‍ ശ്രദ്ധിക്കുന്നു. ഇങ്ങനെ നോക്കുമ്പോള്‍ നില്‍പ്പാണ് കേരളീയ തറവാടുകളുടെ ദൈനംദിനചര്യകളെ നിര്‍ണയിക്കുന്ന പ്രധാനപ്പെട്ട ശരീരഭാഷയെന്നു പറയാം. അധികാരമുള്ളവര്‍ അപൂര്‍വ്വമായി ഇരിക്കണമെന്നാണ് നിയമം. അധികാരത്തിന്റെയും വിനയത്തിന്റെയും ശരീരഭാഷകളെ രൂപപ്പെടുത്തുന്നതാണ് ഈ നില്‍പ്പം ഇരിപ്പും എന്നു വ്യക്തം. ലിംഗപരമായ വ്യത്യാസവും ഇവിടെ ശ്രദ്ധിക്കണം. സ്ത്രീകളാവട്ടെ എപ്പോഴും അകത്തുനിന്ന് പുറത്തേക്കു വരുന്ന മട്ടിലാണ് ആഖ്യാനം പ്രവര്‍ത്തിക്കുന്നത്. അവരുടെ ഇടം പ്രധാനമായും അടുക്കളയിലെ നില്‍പ്പാണ്. പ്രായമുള്ളവരാണെങ്കില്‍ കട്ടിലില്‍ വിശ്രമിക്കുന്ന മട്ടിലാവും. പൂമുഖത്തൊക്കെ അധികം നില്‍ക്കാനധികാരമില്ലാത്തവരായിട്ടാണ് സ്ത്രീകളെ ഈ സിനിമകള്‍ ദൃശ്യവത്ക്കരിക്കുന്നത്. കാരണവര്‍ പോലുള്ള അധികാരികള്‍ക്ക് ഇരിക്കാവുന്ന കസേരകള്‍ സ്ത്രീകള്‍ക്കന്യമാണെന്ന് ഇവ ഉറപ്പിക്കുന്നു.

ആധുനികതയുടെ കസേരകള്‍

സിനിമയിലെ തറവാടിതരസ്ഥലങ്ങളിലേക്കു നോക്കുമ്പോഴാണ് വ്യത്യാസം വ്യക്തമാകുന്നത്. തറവാടുകളല്ലാത്ത ആധുനിക ഇടങ്ങളായി ഇതില്‍ വരുന്നത് സര്‍ക്കാര്‍ ഗസ്റ്റുഹൗസും ഓഫീസുകളും കോടതികളുമാണ്. അവിടെല്ലാം കസേരയും മേശയും മറ്റുപകരണങ്ങളും ഉണ്ട്. എല്ലാരും അവിടങ്ങളിലിരുന്ന് സംസാരിക്കുകയും ചെയ്യുന്നു. തറവാട്ടിലെത്തുമ്പോള്‍ നില്‍ക്കാന്‍ വിധിക്കപ്പെടുന്നവരും ആധുനികമായ ഒരിടത്ത് കസേരയിലിരുന്ന് കാര്യങ്ങള്‍ ചെയ്യുന്നു. രണ്ടിടങ്ങളിലെ വ്യത്യസ്തമായ കസേരകളുടെ ഇല്ലായ്മയും സാന്നിധ്യവും സിനിമാക്കാഴ്ചയുടെ കേവലമായ ഭംഗിക്കപ്പുറം മുമ്പുപറഞ്ഞ കേരളചരിത്രത്തിലെ ജാതിവ്യവസ്ഥ, കസേര പോലുള്ള നിര്‍മ്മാണവസ്തുക്കളെ ഇല്ലാതാക്കിയതിന്റെ ചരിത്രപരമായ പ്രശ്നമാണെന്നു വ്യക്തമാകുന്നു. അധികം ഗാർഹികോപകരണങ്ങൾ നമ്മുടെ വലിയ വീടുകളിൽ പോലും ഇല്ലായിരുന്നുവെന്ന പ്രശ്നമാണ് ഇത് ദൃശ്യവത്കരിക്കുന്നത്.

ആധുനികത കടന്നുവന്ന ഇരുപതാം നൂറ്റാണ്ടിന്റെ ആദിമദശകങ്ങളിലും ഗാര്‍ഹികോപകരണങ്ങള്‍ കുറവായിരുന്നു. ഇന്നും രാജകൊട്ടാരങ്ങളുടെ മ്യൂസിയങ്ങളിലൊക്കെ വച്ചിരിക്കുന്ന വസ്തുക്കള്‍ ഏതാനും വാളുകളിലും കുതിരവണ്ടികളിലും ഒതുങ്ങും എന്നു കാണാം. വിളക്കുകളും പാത്രങ്ങളുമൊക്കെ ഏറെയും വിദേശത്തുനിന്ന് വന്നതായിരിക്കും. ചുരുക്കത്തില്‍ ഉല്പാദന- കൈത്തൊഴില്‍ മേഖലയെ 'മുരടിപ്പിച്ച' ജാതി, സമൂഹത്തെയും വീട്ടന്തരീക്ഷത്തെയും ഉപകരണ ശൂന്യതകൊണ്ടാണ് നിര്‍വചിച്ചതെന്നു വ്യക്തം. മനുഷ്യര്‍ തമ്മില്‍ ശ്രേണീകൃതമായി വിന്യസിക്കപ്പെടുന്ന ജാതിയില്‍ സാങ്കേതികവിദ്യയുടെ വ്യാപനമോ ആശയപ്രചരണമോ നടക്കുന്നില്ല. ജാതിപരമായി ഉച്ചനീചത്വം പ്രകടിപ്പിക്കാനും അയിത്തവും തീണ്ടലും പാലിക്കാനും‍ നല്ലത് അധികാരിക്കോ കാരണവർക്കോ മാത്രം ഒരു കസേര ഉണ്ടാകുന്ന വ്യവസ്ഥയാണ്. ബാക്കിയുള്ളവർ അവരവരുടെ ജാതിനിലയനുസരിച്ച് കൃത്യമായ അകലത്തില്‍ ഓച്ചാനിച്ചു നിന്നോളും. രണ്ടു പ്രശ്നങ്ങളാണ് ഇവിടെ കാണുന്നത്. ഒന്ന്, പ്രകൃതിവിഭവങ്ങളെ വേണ്ടവിധം സംസ്കരിച്ച് ഉല്പന്നങ്ങളാക്കുന്നതിനുള്ള സാങ്കേതികവിദ്യയെയും അതിന്റെ വ്യവസ്ഥയെയും ജാതി ഇല്ലാതാക്കുന്നു. രണ്ട്, പരിമിതമായ ഉല്പാദനവിതരണത്തിലൂടെ ശ്രേണീകൃതമായ വ്യവസ്ഥയുടെ മുകള്‍ത്തട്ടിലുള്ളവര്‍ക്ക് പരിമിതമായി മാത്രം ഉപകരണങ്ങളെ ലഭ്യമാക്കി ജാതിയുടെ തീണ്ടാപ്പാടകലങ്ങളെ സംരക്ഷിക്കുക. ജാതിയെങ്ങനെയാണ് വീടിന്റെ സ്ഥലപരതയെയും വീട്ടിലെ ഉപകരണങ്ങളെയും നിർവചിച്ചതെന്ന പ്രശ്നം വ്യക്തമായി നമ്മുടെ സിനിമകൾ പറയുന്നുണ്ടെന്ന് ഇത്തരം സിനിമാക്കാഴ്ചകള്‍ വ്യക്തമാക്കുന്നു.

തറവാട് സിനിമകള്‍ കേരളീയഭൂതകാലത്തിന്റെ ജാതിഹിന്ദുപ്രത്യയശാസ്ത്രത്തെ ഉത്പാദിപ്പിച്ചത് ചില മതപരമായ ചിഹ്നങ്ങളെ ആവര്‍ത്തിക്കുന്നതിലൂടെ മാത്രമായിരുന്നില്ല, മറിച്ച് ജാതിയുടെ ഉത്പാദനയുക്തിയെത്തന്നെ ആവിഷ്കരിക്കുന്നതിലൂടെയായിരുന്നു. അതിലൂടെ ജാതിയെന്നത് ഇന്നും തുടരുന്ന, തുടരേണ്ട ആചാരലോകമാണെന്ന് സൂക്ഷ്മമായി പറഞ്ഞുവച്ചു. ആധുനികതാ- ശാസ്ത്രവിരുദ്ധമായ സമൂഹത്തിന്റെ പുനരുത്പാദനമാണതിലൂടെ ലക്ഷ്യം വച്ചതെന്നും വ്യക്തം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories