TopTop
Begin typing your search above and press return to search.

കേരളം അപകടത്തിലേക്ക് പോയാൽ ഉത്തരവാദിത്തത്തിൻറെ വലിയ പങ്ക് ഏറ്റെടുക്കാൻ കോൺഗ്രസുകാർ തയ്യാറാവണം, പരിമിത വിഭവരായ നേതാക്കൾ കാണിച്ചുകൂട്ടുന്ന ദ്രോഹം ചെറുതല്ല

കേരളം അപകടത്തിലേക്ക് പോയാൽ ഉത്തരവാദിത്തത്തിൻറെ വലിയ പങ്ക് ഏറ്റെടുക്കാൻ കോൺഗ്രസുകാർ തയ്യാറാവണം, പരിമിത വിഭവരായ നേതാക്കൾ കാണിച്ചുകൂട്ടുന്ന ദ്രോഹം ചെറുതല്ല

സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണ് സമീപ ദിവസങ്ങളിൽ ഉണ്ടാകുന്നത്. തുടർച്ചയായി രണ്ട് ദിവസം രോഗികളുടെ എണ്ണം നൂറിലധികം വര്‍ധിച്ചു. സംസ്ഥാനത്ത് സാമൂഹ്യ വ്യാപനം നടന്നുവെന്ന് മുഖ്യമന്ത്രിയും സര്‍ക്കാരും ഇതുവരെ പറഞ്ഞിട്ടില്ല. ആ ഭീഷണി നിലനില്‍ക്കുന്നുവെന്നാണ് മുഖ്യമന്ത്രി കഴിഞ്ഞദിവസം പറഞ്ഞത്. കരുതല്‍ നടപടികളില്‍ അനാസ്ഥ കാണിച്ചാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന മുന്നറിയിപ്പാണ് ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥരും നല്‍കുന്നത്. ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് ചില വിദഗ്ദരാകട്ടെ കേരളത്തില്‍ സമൂഹ്യ വ്യാപനം ഇതിനകം നടന്നു കഴിഞ്ഞിട്ടുണ്ടാകുമെന്നും സംശയിക്കുന്നു. അതിന് ആധാരമായ തെളിവുകള്‍ അവര്‍ക്ക് അവതരിപ്പിക്കാന്‍ കഴിയുന്നില്ലെങ്കിലും ആശങ്ക നിലനില്‍ക്കുന്നു എന്നത് സത്യമാണ്.

ഈ സാഹചര്യത്തിലാണ് ദേശീയ തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ എടുത്ത തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ കേരളവും തയ്യാറാകുന്നത്. ലോക്ഡൗണില്‍നിന്ന് അണ്‍ലോക്കിങ്ങിലേക്ക് ഈ മാസം ആദ്യം മുതല്‍ ഇന്ത്യ കടന്നുവെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഈ മാസം ആദ്യം പ്രഖ്യാപിച്ചത്. കേന്ദ്ര സര്‍ക്കാര്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ 650 രോഗികള്‍ മാത്രമായിരുന്നു എങ്കില്‍ അതിപ്പോള്‍ 2.3 ലക്ഷം ആയിട്ടുണ്ട്. അപ്പോള്‍ എന്തിനായിരുന്നു ലോക്ഡൗണെന്നും എന്തു ന്യായത്തിന്റെ പേരിലാണ് ഇപ്പോള്‍ അതില്‍ അയവ് വരുത്തുന്നതെന്നുമുളള ചോദ്യമുണ്ട്. ആ ചോദ്യമല്ല ഇവിടെ ഉന്നയിക്കുന്നത്. കേരളത്തെ കുറിച്ചാണ്.

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാറിനെക്കാള്‍ ഫലപ്രദമായി കാര്യങ്ങള്‍ നടപ്പിലാക്കാന്‍ കേരളത്തിന് കഴിഞ്ഞിട്ടുണ്ടെന്ന് പൊതുവില്‍ അംഗീകരിക്കപ്പെട്ടിട്ടുള്ള വസ്തുതയാണ്. ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിച്ച ജനങ്ങളും സവിശേഷമായ രീതിയില്‍ കോവിഡ് വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട ആരോഗ്യ പ്രവര്‍ത്തകരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമെല്ലാം സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളോട് സഹകരിച്ചുകൊണ്ടാണ് ഇത് സാധ്യമായത്. അതായത് മെയ് പകുതി വരെ ഒരു രോഗിയും പുതുതായി ഇല്ലാത്ത സാഹചര്യം കേരളത്തിലുണ്ടായിരുന്നു. അവിടെ നിന്നാണ് കേരളം ഇപ്പോള്‍ ആശങ്കപ്പെടേണ്ട അവസ്ഥയിലേക്ക് എത്തിയത്. അത് വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും തങ്ങളുടെ നാട്ടിലേക്ക് ആളുകള്‍ തിരികെ എത്തിത്തുടങ്ങിയതോടെ ഉണ്ടായതാണ്, അത് ഒഴിവാക്കാനുമാകില്ല. എന്നാല്‍ ഈ ആശങ്കയുടെ ഘട്ടത്തിലാണ് കേരളത്തില്‍ ആരാധനാലയങ്ങള്‍ തുറക്കുന്നത്.

തീര്‍ച്ചയായും കേരളത്തില്‍ ആരാധനാലയങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത് കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയോടെയാണ്. ഇതിന് ശക്തമായ നിബന്ധനകള്‍ സംസ്ഥാനം മുന്നോട്ടു വെച്ചിട്ടുമുണ്ട്. എന്നിരുന്നാല്‍ പോലും എത്രത്തോളം ഈ നിബന്ധനകള്‍ പാലിക്കപ്പെടും എന്നതാണ് സംശയം. അതുകൊണ്ട് തന്നെ അപകടകരമായ സാഹചര്യത്തിലേക്കാണ് നമ്മൾ അറിഞ്ഞു കൊണ്ട് മുന്നേറുന്നത്.

ആരാധനാലയങ്ങള്‍ തുറക്കണം എന്ന് കേരളത്തില്‍ ശക്തമായി ആവശ്യപ്പെട്ടത് കേരളത്തിലെ ഏതെങ്കിലും മതമേധാവികളായിരുന്നില്ല. അത് കേരളത്തിലെ മതേതര കോണ്‍ഗ്രസ് നേതാക്കളായിരുന്നു. ജനങ്ങളുടെ അതിജീവനത്തിന് വേണ്ടി ആരാധനാലയങ്ങള്‍ അടച്ചിടുന്നതില്‍ കേരളത്തിലെ സംസ്ഥാനത്തെ വിശ്വാസികള്‍ക്ക് കഴിഞ്ഞ രണ്ട് മാസവും പ്രശ്‌നമൊന്നുമുണ്ടായിരുന്നില്ല. ഇതിനിടിയിലാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ആ ബുദ്ധി ഉദിച്ചത്. തങ്ങളുടെ തന്നെ കുഴപ്പം കൊണ്ട് കോവിഡ് കാലത്ത് അപ്രസക്തരായി പോയ പ്രതിപക്ഷം ജനവിശ്വാസം നേടിയെടുക്കാന്‍ കണ്ട കുറുക്കുവഴിയാണ് ആരാധാനലായങ്ങള്‍ തുറക്കണമെന്ന ആവശ്യം. മദ്യഷാപ്പ് തുറക്കാമെങ്കില്‍ എന്താണ് ആരാധാനലയങ്ങള്‍ തുറന്നാല്‍ എന്ന അസംബന്ധമായ സമീകരണ യുക്തികളിലൂടെ ജനവികാരം ഇളക്കി വിടാനാണ് അവര്‍ ശ്രമിച്ചത്. നേരത്തെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ നടത്താന്‍ സര്‍ക്കാര്‍ ശ്രമിച്ചപ്പോള്‍ അതിനെ എതിര്‍ത്തവരാണ് രണ്ട് ദിവസം കൊണ്ട് നിലപാട് മാറ്റി ആരാധനാലയങ്ങള്‍ക്ക് വേണ്ടി രംഗത്തെത്തിയത്.

ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഉന്നയിച്ചാല്‍ അത് രാഷ്ട്രീയ നേട്ടം ഉറപ്പുവരുത്തുമെന്ന് ശബരിമല അനുഭവമായിരിക്കാം കേരളത്തിലെ കോണ്‍ഗ്രസിലെ നേതാക്കളെ ഇത്തരം ഒരു അപകടകരമായ ഒരു തീരുമാനത്തിലേക്ക് നയിച്ചിട്ടുണ്ടാവുക. നാട്ടുകാര്‍ രോഗം പിടിച്ച് മരിച്ചാലും രാഷ്ട്രീയ നേട്ടമുണ്ടാക്കിയാല്‍ മതിയെന്ന ചിന്തയെയാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം ഇപ്പോള്‍ രാഷ്ട്രീയ പ്രവര്‍ത്തനമായി കാണുന്നത്. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് രാഷ്ട്രീയ എതിരാളികളെ മാത്രം നേരിട്ടാല്‍ പോരാത്തത് കൊണ്ട് പരസ്പരം മല്‍സരിച്ച് ആരാധനലായങ്ങളിലെ പ്രവേശനത്തിന് വേണ്ടി വാദിക്കുകയായിരുന്നു നേതാക്കളെല്ലാവരും. മുല്ലപ്പള്ളിയും ചെന്നിത്തലയും കെ. മുരളീധരനും പിന്നിലായി പോകാതിരിക്കാന്‍ പ്രസ്താവനകള്‍ ആവര്‍ത്തിച്ചു.

പക്ഷെ കേരളത്തിലെ വിശ്വാസികള്‍ കോണ്‍ഗ്രസ് നേതാക്കളെ പോലെ അല്‍പ്പബുദ്ധിയുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നവരല്ലെന്ന കാര്യം കൂടി ഇതിനകം തെളിയിക്കപ്പെട്ടിട്ടുണ്ട്. തല്‍ക്കാലം സര്‍ക്കാര്‍ അനുമതി ഉണ്ടെങ്കിലും തുറക്കേണ്ടെന്ന തിരുവനന്തപുരം പാളയം ജുമാ മസ്ജിദിന്റെ തീരുമാനം ഇതാണ് തെളിയിക്കുന്നത്. അപരിചിതരായ ആളുകള്‍ നിരവധി വരുമ്പോള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ കഴിയില്ലെന്ന് തോന്നുന്നത് കൊണ്ടാണ് അങ്ങേയറ്റം സാമൂഹ്യ ഉത്തരവാദിത്തോടെ അവിടുത്തെ കമ്മിറ്റി തീരുമാനം എടുത്തത്. മതവിശ്വാസത്തെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കാന്‍ പരിശ്രമിക്കുന്നവര്‍ക്ക് മാനവികതയുടെ അടിസ്ഥാനത്തിലുള്ള ആ തീരുമാനത്തിന്റെ അര്‍ത്ഥം മനസ്സിലായി കൊള്ളണമെന്നില്ല. എന്നാൽ അത് മനസ്സിലാക്കി, കേരളത്തിലെ മറ്റ് ആരാധാനലയങ്ങളോടും സാമൂഹ്യബാധ്യത മുൻനിർത്തി ആരാധനാലയങ്ങൾ തുറക്കരുതെന്ന ഒരു അപേക്ഷ സര്‍ക്കാരിന് മുന്നോട്ടുവെയ്ക്കാമായിരുന്നു. എന്നാൽ രാഷ്ട്രീയമായ തിരിച്ചടി ഭയന്നോ അവരും അതിന് തയ്യാറാകുന്നില്ല.

യഥാർത്ഥത്തിൽ, അതീവ ഗുരുതരമായ ഒരു സാഹചര്യത്തിലൂടെ കേരളം മുന്നോട്ട് പോകുമ്പോള്‍, ആരാധനാലയങ്ങള്‍ തിടുക്കപ്പെട്ട് തുറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കരുതായിരുന്നു. അതില്‍ പ്രതിപക്ഷത്തിന്റെ സമ്മര്‍ദ്ദത്തെ അവഗണിക്കണമായിരുന്നു. രണ്ട് മാസത്തിലേറെക്കാലം ആരാധനാലയങ്ങളില്‍നിന്ന് മാറിനിന്ന കേരളീയര്‍ക്ക് ആ തിരുമാനത്തിനൊപ്പം നില്‍ക്കുമായിരുന്നു. മദ്യഷാപ്പ് സമം ആരാധനാലയം എന്ന പ്രതിപക്ഷത്തിന്റെ സാമാന്യവല്‍ക്കരണം അവരെ സ്വാധീനിക്കാന്‍ സാധ്യതിയില്ലായിരുന്നു.

കേരളം ഇതുവരെ കോവിഡ് പ്രതിരോധത്തില്‍ നേടിയ മുന്‍കൈ അവസാനിപ്പിച്ചാലേ രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ കഴിയുവെന്നാണ് പ്രതിപക്ഷം മനസ്സിലാക്കിയിട്ടുള്ളത്. ആ അസ്തിത്വ പ്രതിസന്ധി ജനവിരുദ്ധമായ രാഷ്ട്രീയത്തിന്റെ ഭാഗമായി ഉണ്ടായതാണ്. ഇതാണ് ഇവര്‍ നേരത്തെയും ചെയ്തത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്നവരെ ഒരു നിയന്ത്രണവുമില്ലാതെ കയറ്റി വിടാന്‍ വേണ്ടി നടത്തിയ സമരങ്ങളുടെയും ലക്ഷ്യം അതുതന്നെയായിരുന്നു. ഇപ്പോള്‍ അവര്‍ ഏകദേശം വിജയിച്ച മട്ടാണ്. കേരളം കൂടുതല്‍ ഗുരുതരാവസ്ഥയില്‍ എത്തിയിരിക്കുന്നു. അപ്പോഴാണ് ആരാധനാലയങ്ങളും തുറക്കുന്നത്. ഐഎംഎ പോലുള്ള പ്രൊഫഷണല്‍ സംഘടനകളുള്‍പ്പെടെ ആരാധനാലയങ്ങള്‍ തുറന്നാല്‍ ഉണ്ടാകുന്ന ഭവിഷ്യത്തുകള്‍ വ്യക്തമാക്കി കഴിഞ്ഞു.

ജനനന്മ കണക്കാക്കി, ആരാധനാലയങ്ങളുടെ നടത്തിപ്പുകാര്‍ തങ്ങള്‍ ഇപ്പോള്‍ ക്ഷേത്രങ്ങളും പള്ളികളും തുറക്കുന്നില്ലെന്ന് പറയുക മാത്രമാണ് പോംവഴി. കേരളത്തെ വലിയൊരു അപകടത്തില്‍നിന്ന് രക്ഷിക്കാന്‍ ഇനി പാളയം ജുമാ മസ്ജിദിന്റെ നടത്തിപ്പുകാരുടെ മാതൃക കേരളത്തിലെ മറ്റ് ആരാധാനലയങ്ങളും സ്വീകരിക്കുമോ എന്നതാണ് അറിയേണ്ടത്. കേരളത്തെ സംബന്ധിച്ച് അത് പ്രധാനമാണ്. വൈറസിനെ മറികടക്കാനും രോഗത്തെ പോലും അധികാരത്തിലേക്കുള്ള ആയുധമാക്കാന്‍ ശ്രമിക്കുന്ന രാഷ്ട്രീയ വൈറസുകള്‍ക്കും പ്രതിരോധം പണിയാന്‍ അതുകൊണ്ട് മാത്രമേ സാധിക്കൂ.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories