Top

ആഹാരമെന്ന അധികാരം, പദവി, വിശ്വാസം - മലയാളിത്തത്തിന്റെ സഞ്ചാര വഴികള്‍ - 3

ആഹാരമെന്ന അധികാരം, പദവി, വിശ്വാസം - മലയാളിത്തത്തിന്റെ സഞ്ചാര വഴികള്‍ - 3

മലയാളിത്തത്തിന്റെ സഞ്ചാര വഴികള്‍ -3

(മലയാളിയുടെ സ്വത്വ രൂപീകരണത്തില്‍ പിന്നിട്ട കാലത്തിന്റെ കൈമുദ്രകളിലൂടെ കടന്നുപോകുമ്പോള്‍ ഭക്ഷണം സവിശേഷമായ ഒരു ഖണ്ഡമാകുന്നു. മലയാളികളുടെ ഭക്ഷണശീലത്തിന്റെ ഒരു ദിങ്മാത്ര ദൃശ്യം കഴിഞ്ഞ ഭാഗത്തില്‍ നാം കണ്ടു. കഴിഞ്ഞ നൂറ്റാണ്ടുകളില്‍ ഭക്ഷണം ജനതയ്ക്കുമേലുള്ള അധികാരമാകുന്നതും അവരെ അകറ്റി നിര്‍ത്തുന്നതും അവരുടെ വിശ്വാസങ്ങളും പദവികളും നിര്‍വചിക്കുന്നതും എപ്രകാരമാണെന്ന പരിശോധനയാണിവിടെ- ആദ്യരണ്ടു ഭാഗങ്ങള്‍ ഇവിടെ വായിക്കാം- (
അരിയാഹാരം കഴിക്കുന്ന മലയാളി - മലയാളിത്തത്തിന്റെ സഞ്ചാരവഴികള്‍- 2
), (മലയാളി മുണ്ടുടുക്കാന്‍ തുടങ്ങിയത് എന്നാണ്?- മലയാളിത്തത്തിന്റെ സഞ്ചാരവഴികള്‍- 1)

അറബിക്കടലിനും സഹ്യപര്‍വത പംങ്തികള്‍ക്കും മധ്യ ചെറുകീറുപോലെ തെക്കുവടക്കു നീണ്ടു കിടക്കുന്ന കേരളം പല നാട്ടുരാജ്യങ്ങളുടെ സംഘാതമായിട്ടാണ് രൂപം കൊണ്ടത്. അന്യോന്യം അംബാശിവര്‍ നീട്ടിവിട്ട കണ്ണേറ്റമുള്ള നാട് എന്നൊക്കെ കവികള്‍ വാഴ്ത്തിയ ഇടം. ഭൂപ്രകൃതിയുടെ വൈവിധ്യങ്ങളും കാലാവസ്ഥയിലെ വൈജാത്യങ്ങളുമാണ് മലയാളികളുടെ കരുത്ത്. ദൗര്‍ബല്യവും അത് തന്നെ. ഇന്നാട്ടിലെ കൃഷിരീതികളെ അവ നിര്‍ണയിച്ചു. കഠിനമായി പ്രയത്നിക്കുന്നവരായിരുന്നു തദ്ദേശീയ കര്‍ഷകര്‍. ഏത് മൊട്ടക്കുന്നും കായലും പാടങ്ങളും നല്ല കൃഷിയിടങ്ങളാക്കാന്‍ അവര്‍ ഏറെ മുന്‍പു മുതല്‍ തന്നെ കഠിനമായി പ്രയത്നിച്ചു. കടലിലെ ജലനിരപ്പിനും ഉയരെയുള്ള ജലാശയങ്ങളില്‍ വരെ ചിറ കെട്ടി നിര്‍ത്തി അവര്‍ കൃഷിയിറക്കി. ഇവിടത്തെ തന്നെ അയിരുകളില്‍ നിന്നും ശുദ്ധി ചെയ്തെടുത്ത ഇരുമ്പുകൊണ്ട് അതിനായവര്‍ കൃഷിയുപകരണങ്ങള്‍ ഉണ്ടാക്കി. പച്ചിലയും ചാണകവും ചാരവുമൊക്കെ അവര്‍ വളങ്ങളായി ഉപയോഗിച്ചു.

എതിരുകളോട് ഏറ്റുമുട്ടി ഏറ്റുമുട്ടി ചിരകാലം കൊണ്ടുവളര്‍ത്തിയെടുത്ത പ്രതിരോധം കൊണ്ടവര്‍ വിപുലമായ പ്രയുക്തജ്ഞാനം നേടി. കാര്യമായ അക്ഷരാഭ്യാസങ്ങളൊന്നുമില്ലാതിരുന്ന, വേര്‍തിരുവുകളും വിവേചനങ്ങളും കൊടികുത്തി വാണിരുന്ന ഫ്യൂഡല്‍ ക്രമങ്ങളായിരുന്നിട്ടുപോലും അസൂയാവഹമായ ജീവിതജ്ഞാനം അവര്‍ക്കേറി. ചുറ്റും വേലിവെച്ച് ഉറപ്പുള്ള വയല്‍വരമ്പുകള്‍ നിര്‍മിച്ച് വിതയ്ക്കും മുന്‍പ് ആറു തവണ നിലമുഴണമെന്നും കാളയെ തല്ലരുതെന്നും അവയെ പാടി ഉത്തേജിപ്പിക്കണമെന്നുമൊക്കെയുള്ള അറിവുകള്‍ കൃഷീവല സമൂഹം ജിവിത സമരങ്ങളിലൂടെ നേടിയെടുത്തു. ഇങ്ങനെ പണിയെടുത്തിരുന്നവര്‍ക്കായി ഭക്ഷണവും അറിവും ഒക്കെ തുല്യമായി വീതിയ്ക്കപ്പെടുന്ന, പങ്കുവെയ്ക്കപ്പെടുന്ന സമൂഹത്തെ സൃഷ്ടിച്ചെടുക്കാനായി നൂറ് കണക്കിനു വര്‍ഷങ്ങളിലെ സമരങ്ങളും പോരാട്ടങ്ങളും വേണ്ടി വന്നുവെന്ന് മാത്രം. ജനായത്തത്തിന്റെ ഇക്കാലത്തും ഇക്കാര്യത്തില്‍ ഏറെ മുന്നേറാനുണ്ട്.
ഫ്യൂഡല്‍ ക്രമത്തില്‍ ഏറ്റവും അധികം ആസുര വിവേചനങ്ങള്‍ ദൃശ്യമായ ഇടങ്ങളിലൊന്ന് ഭക്ഷണമായിരുന്നു. വേര്‍തിരിവിന്റെ വലിയ പ്രത്യയശാസ്ത്രം അത് നിര്‍മിച്ചു. ഉന്നത ജാതിക്കാരന്‍ താഴ്ന്നവരെ കാണുന്നതു പോലും മഹാപാപമായും പാതകമായും കരുതിയിരുന്ന സാമൂഹ്യവ്യവസ്ഥ. ജാതിമേന്മ പന്തിമേന്മയായും ജാതിക്കിഴിവ് പന്തിക്കിഴിവായും പഴയ കേരളീയ സമൂഹത്തെ പലതായി പകുത്ത് നിര്‍ത്തി. അന്യോന്യം തൊട്ടുണ്ണാതിരിക്കുക, പന്തി പങ്കിടാതിരിക്കുക എന്നത് ആഭിജാത്യത്തിന്റെ കൊടിയടയാളമായി സമുദായങ്ങള്‍ കണ്ടു. ജാതി വിട്ട് ആരെങ്കിലും ഭക്ഷണം കഴിച്ചാല്‍ ആ ആളെ കുടുംബത്തോടെ ഭ്രഷ്ടരാക്കുകയായിരുന്നു പതിവ്. നമ്പൂതിരി തൊട്ട് ഓരോ ജാതി വിഭാഗങ്ങളിലും പരശതം ഉപജാതി വിഭാഗങ്ങളുണ്ടായിരുന്നു. ഇത്തരം ഉപജാതി വിഭാഗങ്ങള്‍ തമ്മില്‍ വാക്കിലോ പെരുമാറ്റത്തിലോ സമത്വവമോ ഭക്ഷണം പങ്കിടലോ, വിവാഹമോ അന്യോന്യമുള്ള മറ്റ് ചങ്ങാത്തങ്ങളോ ഒന്നുമുണ്ടാക്കാനാവുമായിരുന്നില്ല.
ജാതി ശ്രേണിയില്‍ ഏറ്റവും മുകളില്‍ നിന്നിരുന്നത് നമ്പൂതിരിമാരായാരുന്നു. ഈ നമ്പൂതിരി സമുദായത്തില്‍ തന്നെ ഏറ്റവും അഭിജാതര്‍ തമ്പ്രാക്കളായിരുന്നു. താഴെയുള്ളത് എളയതുമാരും. എളയതും മൂത്തതും ഒരേ പന്തിയില്‍ ഇരുന്ന് ഉണ്ണുകയില്ല. എളയതൊരുമിച്ച് നമ്പൂതിരി ഉണ്ണില്ലെന്നതുപോകട്ടെ എളയതുമാരുടെ വീടുകളില്‍ വെച്ചുണ്ണുക പോലുമില്ല. എന്നാല്‍ മൂത്തതുമാരുടെ ഭവനങ്ങളില്‍ നമ്പൂതിരിക്ക് വെച്ചുണ്ണലാവാം. നമ്പൂതിരി ഭവനങ്ങളില്‍ അമ്പലവാസികള്‍ക്കൊപ്പം മൂത്തതിന് ഭക്ഷണം നല്‍കുമെങ്കിലും ഉണ്ടുകഴിഞ്ഞാല്‍ ഇല തനിയെ എടുക്കണം. ഇത്തരം പരശതം ദുരാചാരങ്ങള്‍ ഭക്ഷണവും ജാതിയുമായി ബന്ധപ്പെടുത്തി കേരളക്കരയില്‍ നിലവിലുണ്ടായിരുന്നു.
നമ്പൂതിരിമാരിലെ സ്ത്രീകള്‍ക്ക് സമാനമായ ആഭിജാത്യമുള്ള കുടുംബങ്ങളില്‍ നിന്നുള്ള വരന്മാരെ ലഭിക്കാതെ വരുമ്പോള്‍ ആഭിജാത്യം കുറഞ്ഞ കുടുംബങ്ങളില്‍ നിന്നുള്ളവരെ വിവാഹം കഴിച്ചിരുന്നു. ആ ആത്തേമാര് തന്റെ വീടുകളിലേക്ക് പിന്നീട് എന്തെങ്കിലും കാരണവശാല്‍ വന്നാല്‍ നേരത്തെ ഉണ്ടായിരുന്നതുപോലെ ഒരു മിച്ചുള്ള സഹകരണത്തിന് സഹോദരങ്ങള്‍ പോലും തയാറാകുമായിരുന്നില്ല. ജാതിയില്‍ കിഴിഞ്ഞവരോടുള്ള തരത്തിലാവും പെരുമാറ്റം. ഒരു മിച്ച് ഭക്ഷണം കഴിക്കലൊന്നുമുണ്ടാവില്ല. രണ്ടു തരത്തിലുള്ള ബ്രാഹ്മണന്മാര്‍ ഒരു സദസ്സിലിരുന്നാല്‍ ഭക്ഷണ സമയത്ത് പലക കൊണ്ടോ, വസ്ത്രം കൊണ്ടോ, എന്തിന് ഒരു വര കൊണ്ടെങ്കിലുമോ വേര്‍ തിരിവ് സൃഷ്ടിച്ചിരുന്നു. വേര്‍തിരിവ് എന്നത് അന്നത്തെ സമൂഹത്തിന്റെ സ്വഭാവമായിരുന്നു. സമൂഹത്തിന്റെ താഴെ തട്ടിലേക്ക് എത്തുമ്പോള്‍ അത്തരം വേര്‍തിരിവ് ഭീതിദമാം വണ്ണം ദൃശ്യമാകുമായിരുന്നു. ഭക്ഷണത്തില്‍ അഞ്ചു തരത്തിലുള്ള സസ്യങ്ങളുടെ ഉപയോഗം ബ്രാഹ്മണര്‍ക്ക് നിഷിദ്ധമായിരുന്നു. നെല്ലി, കരിഞ്ചണം, ചുരയ്ക്ക, വെള്ളുള്ളി, ഉള്ളി എന്നിവയായിരുന്നു അത്.
നായന്മാരില്‍ 18 ഓളം മുഖ്യ ഉപജാതികള്‍ ഉണ്ടായിരുന്നു. ഇവരൊന്നും അന്യോന്യം തൊട്ടുണ്ണുകയോ പന്തി പങ്കിടുകയോ ചെയ്തിരുന്നില്ല. ഇവരില്‍ ചില ഉപജാതികള്‍ക്ക് ഭര്‍ത്താവിന്റെ വീട്ടില്‍ വെച്ച ഭക്ഷണം ഭാര്യയ്ക്ക് നിഷിദ്ധമായിരുന്നു. ഈഴവരടക്കമുള്ള മറ്റ് ജാതിക്കാരിലുമുണ്ടായിരുന്നു ഇത്തരത്തില്‍ തൊട്ടുണ്ണാത്ത ഉപജാതികള്‍.ഭ്രഷ്ട് കല്‍പ്പിക്കുകയെന്നാല്‍ അക്ഷരാര്‍ഥത്തില്‍ കരവിലക്ക് തന്നെ. ഇത്തരക്കാര്‍ക്ക് ജീവിതം സുഖകരമായി മുന്നോട്ടുകൊണ്ടുപോകുന്നതിന് ഉപയുക്തമായതൊന്നും സമൂഹത്തില്‍ നിന്നും ലഭിക്കില്ല. എല്ലാവരും ത്യജിച്ച് പുറത്ത് നിര്‍ത്തും. വിലക്കുകളുടെ നീണ്ട ശൃംഖല നാട്ടില്‍ നിന്നും ഓടിപ്പോയാല്‍ പോലും അവസാനിക്കില്ല.
പന്തിയിലെ വകഭേദങ്ങള്‍; കപ്പലില്‍ വച്ച് വെള്ളം കുടിച്ചാല്‍ പോലും ജാതിഭ്രഷ്ട്
പന്തിയ്ക്കു വകഭേദങ്ങളുണ്ടായിരുന്നു. സ്ഥാനികള്‍ക്കും പ്രമാണികള്‍ക്കും വിശേഷപ്പെട്ട സ്ഥാനത്ത് വിശേഷപ്പെട്ട രീതിയില്‍ വിശേഷപ്പെട്ട ചടങ്ങുകളോടെയായിരുന്നു ഭക്ഷണം ഒരുക്കിയിരുന്നത്. ആദ്യം ഇലവെയ്ക്കുന്നതിന് വലിപ്പചെറുപ്പങ്ങളുണ്ടായിരുന്നു. അത് തെറ്റിച്ചാല്‍ ശിക്ഷ കഠിനമായിരുന്നു. ജാതി വിട്ട് ഭക്ഷണം കഴിക്കുമായിരുന്നില്ല. അത്തരത്തില്‍ ക്ഷണിക്കപ്പെട്ടാല്‍ തന്നെ പ്രത്യേകം വെയ്പുകാരും വിളമ്പുകാരും വേണ്ടിയിരുന്നു താനും.
പൊതുവില്‍ രണ്ടു നേരം ഭക്ഷണം കഴിയ്ക്കുന്ന ശീലക്കാരായിരുന്നു സാധാരണ ആളുകള്‍. നന്നെ പുലര്‍ന്നുള്ള ഭക്ഷണവും അത്താഴമെന്ന നേരം ഇരുട്ടിയുള്ള ഭക്ഷണവും. പാലത്തേക്ക്, പകലത്തേക്ക് എന്നിങ്ങനെയാണത് വിശേഷിപ്പിക്കപ്പെട്ടിരുന്നത്. കുലീന നായര്‍ ഭവനങ്ങളിലൊഴികെയുള്ള നായര്‍ വീടുകളിലും ഈഴവര്‍ തൊട്ടുതാഴേയ്ക്കുള്ളവരിലും നിത്യഭക്ഷണത്തിന്റെ അവസ്ഥ വളരെ മോശമായിരുന്നു. അത്യപൂര്‍വമായി മാത്രമേ ചോറ് കഴിക്കാന്‍ കഴിയുമായിരുന്നുള്ളു. സാധ്യമായെങ്കില്‍ തന്നെ ഏറ്റവും മോശമായ അരിയുടെ ചോറും. ചാമ, തിന, മുളനെല്ല്, കുവരക്, മുതിര, പയര്‍ ഇവകൊണ്ടുള്ള കഞ്ഞിയോ കാടിയോ പുഴുക്കോ ആയിരുന്നു സാധാരണ ഭക്ഷണം. അടിക്കടിയുണ്ടായിക്കൊണ്ടിരുന്ന പ്രകൃതിക്ഷോഭങ്ങളും തുടര്‍ന്നുവന്ന ക്ഷമാകാലങ്ങളും ജനങ്ങളെ വല്ലാതെ ഭീതിപ്പെടുത്തിക്കൊണ്ടിരുന്നു. 1853ല്‍ കൊടിയ ക്ഷമാത്തെ തുടര്‍ന്ന് ബംഗാളില്‍ നിന്നും തിരുവിതാകൂറിലേക്ക് അരി ഇറക്കുമതി ചെയ്യേണ്ടിവന്നിരുന്നു. കൊടിയ പട്ടിണികൊണ്ട് കുറച്ചു ഭക്ഷണ സാധനങ്ങള്‍ക്കായി സ്വന്തം കുട്ടികളെ വിറ്റിരുന്ന മാതാപാതിക്കള്‍ വരെ അക്കാലത്തുണ്ടായിരുന്നു. ചാക്കിലായിരുന്നില്ല, വയ്ക്കോലുകൊണ്ടുണ്ടാക്കിയിരുന്ന മൂടയിലായിരുന്നു അക്കാലത്ത് അരി സൂക്ഷിച്ചിരുന്നത്.
ഇല്ലങ്ങളിലേയും പ്രഭു ഭവനങ്ങളിലേയും സ്ഥിതി ഇതായിരുന്നില്ല. അവിടങ്ങളിലൊക്കെ സമൃദ്ധിയുടെ വിളയാട്ടമായിരുന്നു. സുഖഭക്ഷണവും കഴിച്ച് നാലും കൂട്ടി മുറുക്കിത്തുപ്പി അവര്‍ നാളുകള്‍ കഴിച്ചു. ജാതി നോക്കി സുഭിക്ഷ ഭക്ഷണത്തിനുള്ള സാധനങ്ങള്‍ നല്‍കലും ഊട്ടും ഒക്കെയുണ്ടായിരുന്നു. ഏറെ കേള്‍വികേട്ടതായിരുന്നു ബ്രാഹ്മണസദ്യയും കോവിലകങ്ങളിലെ കളഭസദ്യയും ക്ഷേത്രങ്ങളിലെ ഊട്ടുകളുമൊക്കെ. ഇത്തരക്കാര്‍ക്ക് സുഖമായും സുഭിക്ഷമമായും കഴിയുന്നതിന് അരിയും കോപ്പും പുത്തനും നല്‍കുകയെന്ന രീതി നിലനിന്നിരുന്നു. മറ്റു ചിലര്‍ക്ക് അരിയും കോപ്പും ഭക്ഷണവും ആണ് നല്‍കേണ്ടിയിരുന്നത്. ഇവിടെ സദ്യ ഒരുക്കിയിരുന്ന കലവറക്കാരനോട് നാട്ടിലെ ഏതെങ്കിലും സാധാരണക്കാരന്‍ പട്ടിണി മൂത്ത് അരിയോ ചാമയോ വായ്പവാങ്ങിയാല്‍ കലവറക്കാരന് കടുത്ത ദണ്ഡനമോ കൈ വെട്ടിതൂക്കലോ ഒക്കെ ശിക്ഷ അനുഭവിക്കേണ്ടിവന്നിരുന്നു. ഊട്ടുപുരയില്‍ ഉണ്ടാകുന്ന അരിനൂറുങ്ങും തവിടും അരിക്കാടിയും കഞ്ഞിയും ഒക്കെ പുറത്താര്‍ക്കും കൊടുക്കാതെ എടുത്ത് സൂക്ഷിച്ച് പശുക്കള്‍ക്ക് കൊടുക്കണം. ഏതെങ്കിലും സാധാരണക്കാരന് എടുത്തുകൊടുത്തുപോയാല്‍ ശിക്ഷ ഉറപ്പ്.
പന്തല്‍ നിര്‍മ്മാണം മുതല്‍ പപ്പടം കാച്ചുന്നതുവരെയുള്ള ആഘോഷങ്ങളുടെ ഒരുക്കങ്ങളില്‍ സവര്‍ണ്ണര്‍ക്കും സവര്‍ണ്ണപ്രമാണിമാര്‍ക്കും അവര്‍ണര്‍ക്കും അവര്‍ണപ്രമാണിമാര്‍ക്കും മാനദണ്ഡങ്ങള്‍ പലതായിരുന്നു. പന്തിപ്പുരയും കല്യാണപ്പന്തലും നിര്‍മിക്കാനുള്ള അവകാശം എല്ലാവര്‍ക്കും ഒരുപോലെയല്ല. സ്ഥാനികള്‍ക്കും പ്രമാണികള്‍ക്കും മാടമ്പികള്‍ക്കും പ്രത്യേക ആഡംബര അവകാശങ്ങളുണ്ട്. മറ്റുള്ളവര്‍ക്കതില്ല. അവര്‍ണ്ണ പ്രധാനികളായ ഈഴവര്‍ക്കും മറ്റും ഓലക്കീറോ മടലോ കെട്ടിമേഞ്ഞ തട്ടുപന്തലേ ആകാവൂ. സദ്യയില്‍ കാച്ചിയ പപ്പടം, ശര്‍ക്കര, ഉപ്പേരി, പഞ്ചസാര തുടങ്ങിയവയൊന്നും വിളമ്പാന്‍ അവര്‍ക്ക് അവകാശമില്ല. വാദ്യഘോഷങ്ങള്‍ പാടില്ല. ആറുകാലുള്ള പന്തലിടാനും ചതുര്‍വിധ വിഭവങ്ങളോടെ സദ്യനടത്താനും രാജാവിന് മുന്‍കൂര്‍ പണം കെട്ടിവെച്ച് അവകാശത്തിട്ടൂരം നേടിയിരിക്കേണ്ടതുണ്ട്. ഇത്തരത്തില്‍ അനുമതി നേടാതെ ആഘോഷം നടത്തിയാല്‍ അഴിമതിയായിട്ടാണ് കണക്കാക്കിയിരുന്നത്. ശിക്ഷയുറപ്പ്.
ബ്രാഹ്മണര്‍, ക്ഷത്രിയര്‍, അമ്പലവാസികള്‍ തുടങ്ങിയവരെല്ലാം സസ്യഭുക്കുകളായിരുന്നു. നായര്‍ തൊട്ട് താഴേയ്ക്കുള്ളവര്‍ മിശ്രഭുക്കുകളും. മത്സ്യവും മാംസവും ആകാം. നായന്മാരും മറ്റും നല്ല നായാട്ടുകാര്‍ ആയിരുന്നതിനാല്‍ കാട്ടുമൃഗങ്ങളുടെ മാസം അവര്‍ യഥേഷ്ടം ഭക്ഷിച്ചിരുന്നു. എന്തും ഭ്രഷ്ടാവാതെ ഭക്ഷിക്കുകയെന്നതായിരുന്നു ഏറ്റവും പ്രധാനം. കപ്പലില്‍ ജോലിക്ക് പോകുന്നവര്‍ അവിടെ വെച്ച് വെള്ളം കുടിച്ചാല്‍ പോലും ജാതി ഭ്രഷ്ട് ഉണ്ടാകുമായിരുന്നു. ഇതൊഴിവാക്കാനായി രാവിലേയും വൈകുന്നേരവും ആളുകളെ മാറിമാറിയാണ് കപ്പലില്‍ ജോലിക്ക് നിയോഗിച്ചിരുന്നത്.
സവര്‍ണ്ണ സദ്യയും അവര്‍ണ്ണ സദ്യയും വ്യത്യസ്തങ്ങളായിരുന്നു. സവര്‍ണ്ണ സദ്യകള്‍ വിഭവ സമൃദ്ധങ്ങളായിരുന്നു. എന്നാല്‍ അവര്‍ണ്ണര്‍ക്ക് ആ സമൃദ്ധി സാധ്യമാവുമായിരുന്നില്ല. തിരുവിതാംകൂര്‍ രാജാവിന്റെ ഭക്ഷണത്തിന് പതിവായി 15 തരം കറികളുണ്ടായിരുന്നു.സവര്‍ണ്ണരില്‍ നായന്മാരും മറ്റും മാസപ്രീയരയാരുന്നുവെങ്കിലും വിവാഹം തുടങ്ങിയ അടിയന്തരങ്ങളിലെ സദ്യകളില്‍ അവ വിളമ്പുന്നത് പാപമായിട്ടാണവരും കരുതിയിരുന്നത്. എന്നാല്‍ ഈഴവര്‍ മുതലിങ്ങോട്ടുള്ള അവര്‍ണ്ണര്‍ സദ്യകളില്‍ മത്സ്യ മാംസാദികള്‍ വിളമ്പിയിരുന്നു. തെങ്ങിന്‍ കള്ളും ചാരായവും ഒക്കെ വിഭവങ്ങളില്‍ ചേര്‍ത്ത് അവയെ സമൃദ്ധമാക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നാരായണഗുരുവിന്റെ കാലത്തെ നവീകരണ പ്രവര്‍ത്തനങ്ങളെ തുടര്‍ന്നാണ് മത്സ്യ മാംസാദികള്‍ ഇവരുടെ സദ്യവട്ടത്തില്‍ നിന്നും പുറത്താവുന്നത്. നാരായണ ഗുരുവിന്റെ നവീകരണ ഉദ്യമങ്ങളില്‍ പ്രധാനമായിരുന്നു ഭക്ഷണ നവീകരണ ശ്രമം. 1888ല്‍ അരുവിപ്പുറത്ത് വാവൂട്ടുയോഗം സംഘടിപ്പിച്ചതിന്റെ ലക്ഷ്യങ്ങളിലൊന്നും അതായിരുന്നു.
മാംസാഹാരം നായന്മാര്‍ മുതല്‍ താഴോട്ടുള്ളവര്‍ ഉപയോഗിച്ചിരുന്നുവെങ്കിലും ഗോമാംസം നിഷിദ്ധമായിരുന്നു. ബ്രാഹ്മണനെ ഭൂദേവനായും ഗോഹത്യയെ ബ്രാഹ്മണഹത്യയായിട്ടാണ് കണക്കാക്കിയിരുന്നത്. ഗോവധം ഉത്തരേന്ത്യയില്‍ ഇക്കാലത്തും വലിയ പ്രശ്നമായി തുടരുന്നുണ്ട്. കേരളത്തിലെ രാജാക്കന്മാര്‍ കിരീടധാരണം നടത്തുന്ന സമയത്തെ പ്രധാന പ്രതിജ്ഞകളിലൊന്ന് പശുക്കളേയും ബ്രാഹ്മണരേയും രക്ഷിക്കാമെന്നാതാണ്. വാസ്‌കോഡഗാമ കൊച്ചി രാജാവുമായി ഉണ്ടാക്കിയ ആദ്യ കരാറുകളിലൊന്ന് ഗോഹത്യ നടത്തരുതെന്നുള്ളതായിരുന്നു. ഇതിനു വിരുദ്ധമായി രഹസ്യമായി കപ്പലില്‍ ഗോമാസം എത്തിച്ച മൂന്നുപേരെ ഗാമ രാജാവിനെ ഏല്‍പ്പിക്കുകയും അവരെ കഴുവേറ്റുകയും ചെയ്തുവെന്നത് ചരിത്രം.
അതേസമയം, ഗോരസങ്ങളിലൊന്ന് ആഢ്യന്മാരുടെ ഭക്ഷണത്തിന് ഒഴിവാക്കാന്‍ ആവുമായിരുന്നില്ല. അവര്‍ണ്ണര്‍ക്കു പശുക്കളെ മേയ്ക്കാനല്ലാതെ പോറ്റാനോ കറക്കാനോ അവകാശമുണ്ടായിരുന്നില്ല. പശുവിനെ കറക്കുന്നതും പാലും പാലുത്പന്നങ്ങള്‍ കൈകാര്യം ചെയ്യുന്നതും സവര്‍ണ്ണര്‍ തന്നെയാവണമെന്നതായിരുന്നു വിധി. പശു ലക്ഷ്മിയാണ്. പശു പ്രസവിച്ചാല്‍ അന്തര്‍ജ്ജനം പ്രസവിയ്ക്കുന്ന സമയത്ത് ആചരിക്കുന്ന പത്തു പുലയും ആചരിക്കേണ്ടതുണ്ട്. ഏതെങ്കിലും ഒരു അവര്‍ണ്ണന്‍ പശുവിനെ കറന്നാല്‍ അതിനുള്ള ശിക്ഷ അനുഭവിക്കേണ്ടതായിട്ടുണ്ട്. കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ 'എന്റെ സ്മരണകള്‍' എന്ന പുസ്തകത്തില്‍ പഴയ തിരുവിതാകൂറിലെ ഇത്തരം ഒരു വിധിയെ കുറിച്ച് പറയുന്നുണ്ട്. കൊല്ലവര്‍ഷം 928ലെ വിധി:
'നാളതു കുടിയക്കോണത്തു കുടിയിരിക്കും ഈഴം ശങ്കരന്‍ ശങ്കരന്‍ പേരില്‍ ടിയാന്‍ പചുവുക്കെട്ടി കറന്ന പിഴയ്ക്കു 30 പണം ഉത്തിരിപ്പാട്'' കൊച്ചി രാജ്യത്തെ കഥയും വ്യത്യസ്തമായിരുന്നില്ല. പശുക്കളുടെ പ്രസവത്തിലെ ആദ്യം കറക്കുന്ന പാല്‍ ദേവന് വഴിപാടായി കൊടുക്കണമെന്നത് നിര്‍ബന്ധമായിരുന്നു. ഈഴവന്‍ കറന്ന പാല് തൊടാതെ കറക്കുകയാണെന്നിരിക്കിലും വഴിപാടിനെന്നല്ല ബ്രാഹ്മണര്‍ക്കുപോലും ഉപയോഗിക്കാന്‍ ആവുമായിരുന്നില്ല. പശു അവര്‍ണ്ണരുടെ തൊഴുത്തില്‍ നിന്ന കാലത്തും കറക്കുന്നതിനുള്ള അവകാശം സവര്‍ണ്ണര്‍ക്കു തന്നെയായിരുന്നു. പശുക്കളെ ആര്‍ക്കും വളര്‍ത്താനാവുമായിരുന്നു. അതു പ്രസവിച്ചുപോയാല്‍ ഈഴവര്‍ അടക്കമുള്ള പിന്നോക്കക്കാര്‍ക്ക് കറന്നെടുക്കാന്‍ അവകാശമുണ്ടായിരുന്നില്ല. അടുത്തള്ള നായര്‍ പ്രമാണിയെ അത് ഏല്‍പ്പിച്ചേക്കണം. കറവ തീരുമ്പോള്‍ അറിയിക്കും. അപ്പോള്‍ വീണ്ടും കൊണ്ടുപോന്നേക്കണം. ഇതായിരുന്ന രീതി. കെ.സി. കുട്ടന്‍ എഴുതിയ 'രണ്ട് സമുദായപരിഷ്‌ക്കര്‍ത്താക്കള്‍' എന്ന പുസ്തകത്തില്‍ പറയുന്നത് കാണുക:'കൊടുക്കുമ്പോഴും വാങ്ങുമ്പോഴും ഓരോ ഊണു കിട്ടിയെന്ന് വരാം. ഇതാണ് പ്രതിഫലം. വിപരീതമായി നിന്നുപോയാല്‍ പശുവിന്റെ ഉടമസ്ഥനെ മരത്തില്‍ കെട്ടി അടിയ്ക്കും. സ്വന്തമാളുകള്‍ ചെന്ന് വെറ്റിലപാക്കുവെച്ച് ക്ഷമാപ്രാര്‍ഥന ചെയ്ത് പശുവിനെ കൊടുത്ത് അയാളെ മരത്തില്‍ നിന്ന് അഴിപ്പിച്ചുവിടുവിക്കണം'' ചേര്‍ത്തലയ്ക്കടുത്ത് തണ്ണീര്‍മുക്കത്ത് ഉഴുതുമ്മേല്‍ കിട്ടന്‍ എന്നയാളുടെ നേതൃത്വത്തില്‍ 1880നോടടുത്ത് കറവയിലെ സവര്‍ണ്ണകോയ്മയ്ക്കെതിരെ പ്രതിഷേധവും കേസും വരെ ഉണ്ടായി.
ഭക്ഷിക്കരുതാത്ത് ഭക്ഷിച്ചാല്‍ ആഢ്യനാണെങ്കിലും ഭ്രഷ്ട് ഉറപ്പായിരുന്നു. തൃശൂരിനടുത്തുള്ള കങ്കോത്ത് തറവാട്ടിലെ രാമുണ്ണി മേനോന്‍ ഇംഗ്ളണ്ടില്‍ പോയി പഠിച്ചു മടങ്ങിയെത്തിയപ്പോള്‍ ഇത് നേരിടേണ്ടി വന്നു. കൊച്ചിയിലെ രാമവര്‍മ്മ മഹാരാജാവാണ് അദ്ദേഹത്തെ ഭ്രഷ്ട് കല്പിച്ചത്. തെറ്റേറ്റുപറഞ്ഞ് ശുദ്ധി വരുത്താന്‍ തയാറാകാതിരുന്ന രാമുണ്ണി മേനോനു നേരെ ക്ഷേത്ര വിരോധം എന്ന നടപടിയും വന്നു. എന്നാല്‍ അവയെ തൃണവല്‍ഗണിച്ച് അദ്ദേഹം ബ്രിട്ടീഷ് കോയ്മ നിലനിന്ന കൊച്ചിയില്‍ തന്നെ താമസിച്ചുവെന്നത് വേറെ കാര്യം.
ഓരോ ജാതിക്കാരനും ഉണ്ടായിരുന്നു ഓരോ പലഹാരങ്ങള്‍. ഓട്ടടയും ചുട്ടടയുംകൊഴുക്കട്ടയും നമ്പൂതിരിമാരുടെ ആഢ്യപലഹാരങ്ങളായിരുന്നു. പുട്ടും ഉണ്ടയുമൊക്കെ ഈഴവരുടെ വകയാണെന്ന വിശ്വാസം പണ്ടു കാലത്തുണ്ടായിരുന്നു. ജാതിയില്‍ കുറഞ്ഞവരുടെ ഭക്ഷണമായ പുട്ടിനെ നമ്പൂതിരിമാര്‍ കണ്ട്യപ്പമെന്നും കുമ്പംതൂറിയെന്നുമൊക്കെ കളിയാക്കി വിളിച്ചു.
വല്ലാത്തൊരു ധര്‍മ്മശാസ്ത്രമായിരുന്നു പഴയ കാലത്ത് കേരളത്തില്‍ നിലനിന്നിരുന്നത്. പൂര്‍വജന്മപുണ്യത്താലും ഈശ്വരാനുഗ്രഹത്താലുമാണ് ഓരോരുത്തരും സമ്പന്നരും ഉന്നത കുലജാതരമായി ജനിക്കുന്നതെന്നായിരുന്നു വിശ്വാസം. ബ്രാഹ്മണര്‍ ദൈവത്താല്‍ തെരഞ്ഞെടുക്കപ്പെട്ട ജനതയാണ്. അവരെ ഊട്ടുന്നത് പുണ്യമാണ്. നിത്യസദ്യകളും മുറജപങ്ങളും നടത്തി ബ്രാഹ്മണരെ മൃഷ്ടാന്നഭോജനം നല്‍കി തൃപ്തരാക്കിയാല്‍ പുണ്യം കിട്ടും. ഇതൊക്കെ ജാതീയമായ അധിശത്വം ഉറപ്പിക്കാനുള്ള വിശ്വാസധാരകളായി അധീശവര്‍ഗങ്ങള്‍ സമൂഹമനസ്സില്‍ എഴുതിവെച്ചു. പ്രധാന ഭക്ഷണങ്ങളെല്ലാം ഉന്നതജാതീയര്‍ക്കുമാത്രമാക്കി നിശ്ചയിക്കപ്പെട്ടു. കദളിപ്പഴം നമ്പൂതിരിയ്ക്കു മാത്രം അവകാശപ്പെട്ടതായിരുന്നു. നമ്പൂതിരിമാരും സ്ഥാനി നായന്മാരും ഉള്ളി വര്‍ജ്ജിക്കുകയും ചെയ്തു. ഭാര്യ ഭര്‍ത്താക്കന്മാര്‍ ഒരുമിച്ചിരുന്ന ഭക്ഷണം കഴിച്ചിരുന്നില്ല. ബ്രാഹ്മണര്‍ കുളികഴിഞ്ഞാല്‍ വിജാതീയ ഭാര്യമാരെയോ അതിലുള്ള മക്കളേയോ തൊടുന്നതിനു മുന്‍പ് തന്നെ ഭക്ഷണം കഴിയ്ക്കും. എങ്ങനും തൊട്ടുപോയാലോ വീണ്ടും മുങ്ങിക്കുളിച്ച് ശുദ്ധിവരുത്തിയിട്ടേ ഭക്ഷണം കഴിക്കൂ. ഭര്‍ത്താവു കഴിച്ചതിന്റെ ബാക്കിയാണ് ഭാര്യയ്ക്കു ലഭിയ്ക്കുന്ന പവിത്രമായ അന്നം. ഭര്‍ത്താവിനും കുട്ടികള്‍ക്കും ഭക്ഷണം കൊടുത്തതിനുശേഷം മാത്രമായിരുന്നു ഭാര്യയുടെ ഭക്ഷണം.
അങ്ങാടികള്‍ അവര്‍ണ്ണനു വിലക്കപ്പെട്ട ഇടങ്ങളായിരുന്നു. സാധനങ്ങള്‍ നോക്കി വാങ്ങാനോ സ്വന്തം മടിത്തുമ്പിലെ കാശിനു കിട്ടുന്ന സാധനമേതെന്ന് തെരയാനോ അവര്‍ണ്ണനു സാധിക്കുമായിരുന്നില്ല. ക്ഷാമ കാലങ്ങളില്‍ മാത്രമായിരുന്നു കര്‍ശന ഉപാധികളോടെ അവര്‍ണ്ണരെ അങ്ങാടികളില്‍ പ്രവേശിപ്പിച്ചിരുന്നത്. കൊച്ചി രാജ്യത്തിന്റെ ചരിത്രകാരനായ കെ.പി. പത്മനാഭ മേനോന്‍ എഴുതുന്നത് കാണുക:
''ഒരു പുലയന് നഗരത്തില്‍ നിന്നും എന്തെങ്കിലും ആവശ്യമുണ്ടായാല്‍ അവന്‍ നഗരത്തിനു പുറത്തുനിന്നും ഉച്ചത്തില്‍ നിലവിളിച്ച് പറയും. ആവശ്യപ്പെടുന്ന സാധനത്തിന്റെ വില ഒരു സ്ഥലത്ത് വെച്ച് ദൂരെ മാറി നില്‍ക്കും. കച്ചവടക്കാരന്‍ വന്നു പണമെടുത്ത് സാധനം അവിടെ വച്ചിട്ടു മാറും. ആ പുലയന്‍ അതിനെ എടുത്തുകൊണ്ടുപോവുകയും ചെയ്യും'' ഇതായിരുന്നു അവര്‍ണ്ണരുടെ പൊതു സ്ഥിതി.
ആഹാരത്തെ സമൂഹ്യ പദവി നിശ്ചയ്ക്കുന്നതിനും അധികാരം ഉറപ്പിക്കുന്നതിനും ഒക്കെയുള്ള ഉപാധികളായി അധീശ വര്‍ഗങ്ങള്‍ ഉപയോഗിച്ചു. ഫ്യൂഡല്‍ സാമൂഹ്യ ക്രമത്തിലേതില്‍ നിന്നും ഏറെ മാറ്റങ്ങള്‍ സമകാലീക സമൂഹത്തില്‍ സംഭവിച്ചിട്ടുണ്ടെങ്കിലും ഭക്ഷണം വലിയ പ്രശ്നമായി സമൂഹത്തിന്റെ പല കോണുകളിലും ഇപ്പോഴും നിലനില്‍ക്കുന്നു. ആദിവാസികളിലും പ്രാന്തവല്‍കൃത ജനവിഭാഗങ്ങളിലും പിന്നോക്കക്കാരിലും ഒക്കെ പല തരത്തിലുള്ള വിവേചനങ്ങളും മാറ്റി നിര്‍ത്തലുകളും പണ്ടത്തത്ര ഭീതിദമായിട്ടല്ലെങ്കിലും നിലനില്‍ക്കുന്നുണ്ട്. സത്യാനന്തര കാലത്തെ സാംസ്‌കാരിക പശ്ചാത്തലത്തില്‍ സമചീനമായ മനസ്സോടെ ഇവയെ സമീപിക്കുക എന്നത് വലിയ വെല്ലുവിളികള്‍ നിറഞ്ഞ ഒന്നാണ്.
(അടുത്ത ഭാഗം: അന്യോന്യം കാണാത്ത, അഭിജാത്യത്തിന്റെ പാര്‍പ്പിടങ്ങള്‍)
അവലംബം:
1. Social Mobility in Kerala: Modernity and Identity in Conflict, by Filippo Osella Caroline Osella, Pluto Press
2. പത്തൊന്‍പതാം നൂറ്റാണ്ടിലെ കേരളം - പി. ഭാസ്‌ക്കരനുണ്ണി, കേരള സാഹിത്യ അക്കാദമി, തൃശൂര്‍
3. മലയാള സംസ്‌ക്കാരം കാഴ്ചയും കാഴ്ചപ്പാടും - ഡോ. എന്‍. അജിത് കുമാര്‍, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം
4. കേരള സംസ്‌കാരം-എ. ശ്രീധര മേനോന്‍, എന്‍ബിഎസ്, കോട്ടയം
5. കേരളത്തിന്റെ സാംസ്‌കാരിക ചരിത്രം - പി.കെ. ഗോപാലകൃഷ്ണന്‍, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം


Next Story

Related Stories