TopTop
Begin typing your search above and press return to search.

തല്‍ക്കാലം കേന്ദ്രം പതിച്ചു നല്കിയ കിരീടമണിഞ്ഞ് ആനന്ദതുലിതരാവാം, അപ്പോഴും നമ്മുടെ കപട പ്രതിച്ഛായ മേല്‍ തറച്ച കൂരമ്പായി ദേവികയുടെ മരണം നിലനില്‍ക്കും, അതില്‍ നിന്നും ചോര ഇറ്റ് വീണു കൊണ്ടേയിരിക്കും

തല്‍ക്കാലം കേന്ദ്രം പതിച്ചു നല്കിയ കിരീടമണിഞ്ഞ് ആനന്ദതുലിതരാവാം, അപ്പോഴും നമ്മുടെ കപട പ്രതിച്ഛായ മേല്‍ തറച്ച കൂരമ്പായി ദേവികയുടെ മരണം നിലനില്‍ക്കും, അതില്‍ നിന്നും ചോര ഇറ്റ് വീണു കൊണ്ടേയിരിക്കും

ജൂണ്‍ 2നു കേരളം ഉണര്‍ന്നത് ഒരു മരണ വാര്‍ത്തയുടെ ഞെട്ടലോടെയാണ്. മലപ്പുറം വളാഞ്ചേരി മങ്കേരി കുളത്തിങ്ങല്‍ വീട്ടില്‍ ബാലകൃഷ്ണന്‍-ഷീബ ദമ്പതികളുടെ മകള്‍ ദേവികയെ(14) ആണ് തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ വീടിന് സമീപമുള്ള ആളൊഴിഞ്ഞ വീടിന്റെ മുറ്റത്ത് കണ്ടെത്തിയത്. തിരുന്നലം കോളനിയിലെ ദളിത് കുടുംബത്തില്‍ നിന്നുള്ള പെണ്‍കുട്ടിയാണ് ഇരിമ്പിളിയം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ ദേവിക.

ദേവിക ജീവനൊടുക്കാന്‍ തീരുമാനമെടുത്ത ദിവസത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ടായിരുന്നു. വേനലവധിക്ക് ശേഷം സ്കൂള്‍ തുറക്കേണ്ട ദിവസമായിരുന്നു അന്ന്. എന്നാല്‍ ലോകമാകെയും സംസ്ഥാനത്തും കോവിഡ് മഹാമാരി പടര്‍ന്ന് പിടിച്ച സാഹചര്യത്തില്‍ സ്കൂളില്‍ പോയുള്ള പഠനം സാധ്യമല്ലാതായ അസാധാരണ സാഹചര്യത്തില്‍ അകപ്പെട്ട് കിടക്കുകയായിരുന്നു വിദ്യാഭ്യാസ മേഖലയാകെ.

എന്തായാലും സാമൂഹിക അകലം പാലിച്ചുകൊണ്ടുള്ള അധ്യയനം മാത്രമേ സാധ്യമാവുകയുള്ളൂ എന്ന പശ്ചാത്തലത്തില്‍ ഫസ്റ്റ് ബെല്‍ എന്ന പേരില്‍ ഓണ്‍ലൈന്‍ പഠന പദ്ധതി പ്രഖ്യാപിച്ച് നിലവിലുള്ള സാഹചര്യത്തെ അതിജീവിക്കാന്‍ സംസ്ഥാന സര്‍ക്കാരും വിദ്യാഭ്യാസ വകുപ്പും തീരുമാനിച്ചു. അങ്ങനെ ആട്ടും പാട്ടും കരച്ചിലുകളും പതം പറച്ചിലുകളുമൊക്കെ ചേര്‍ന്ന് ബഹളമയമായ പ്രവേശനോത്സവ പരിപാടികള്‍ ഇല്ലാതെ ഓണ്‍ലൈന്‍ ക്ലാസുകള്‍ സമാരംഭിച്ചു. വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലെ വിക്ടേഴ്സ് ചാനലിലൂടെ അദ്ധ്യാപകര്‍ കുട്ടികള്‍ക്ക് പാഠങ്ങള്‍ പറഞ്ഞുകൊടുക്കുന്ന ഫസ്റ്റ് ബെല്‍ എന്ന പദ്ധതിക്ക് തുടക്കമായി. അതേ 'ഫസ്റ്റ് ബെല്‍' ആണ് ദേവിക എന്ന വിദ്യാര്‍ത്ഥിയുടെ മരണ മണിയായി മാറിയത് എന്നതാണ് വേദനിപ്പിക്കുന്ന യാഥാര്‍ഥ്യം. ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത മനോവിഷമത്തിലാണ് മകള്‍ ജീവനൊടുക്കിയത് എന്ന പിതാവിന്റെ വെളിപ്പെടുത്തല്‍ ആദ്യം അവിശ്വസനീയതയോടെയും പിന്നീട് ഞെട്ടിപ്പിക്കുന്ന സാമൂഹ്യ യാഥാര്‍ഥ്യത്തിന്റെ തുറന്നു കാട്ടലുമായാണ് കേരള സമൂഹം ഏറ്റെടുത്തത്. വീട്ടിലെ ടി.വി പ്രവര്‍ത്തിക്കാത്തതും സ്മാര്‍ട് ഫോണ്‍ ഇല്ലാത്തതും കുട്ടിയെ മാനസികമായി തളര്‍ത്തിയിരുന്നു. കൂലിപ്പണിക്കാരനായ അച്ഛന് രോഗത്തെ തുടര്‍ന്ന് കുറച്ച് നാളുകളായി പണിക്കുപോകാന്‍ കഴിഞ്ഞിരുന്നില്ല. പഠിക്കാന്‍ മിടുക്കിയായിരുന്ന ദേവിക പഠനം തടസപ്പെടുമോയെന്ന് ആശങ്കപ്പെട്ടിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞത് മാധ്യമങ്ങളിലൂടെ നമ്മള്‍ കേട്ടു.

Also Read: അവളെ ആത്മഹത്യ ചെയ്യിച്ച അരക്ഷിത അപമാനബോധത്തിൽ ഒരു സമൂഹത്തിനു മുഴുവൻ പങ്കുണ്ട്തുടര്‍ന്നുള്ള ദിവസങ്ങളില്‍ രാഷ്ട്രീയ-സാമൂഹ്യ കേരളത്തിലെ ചൂടേറിയ ചര്‍ച്ചാ വിഷയമായി ദേവികയുടെ മരണം. രാഷ്ട്രീയ നേതാക്കള്‍, വിദ്യാഭ്യാസ വിദഗ്ധര്‍, ഐ ടി വിദഗ്ധര്‍, ദളിത് സാമൂഹ്യ പ്രവര്‍ത്തകര്‍ തുടങ്ങി വലിയൊരു വിഭാഗം ചര്‍ച്ചയുടെ മുന്‍നിരയില്‍ സജീവമായി. കോവിഡ് പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ സമ്പ്രദായം ഓണ്‍ലൈനിലേക്ക് കൂട് മാറുമ്പോള്‍ അതില്‍ നിന്നെങ്ങനെയാണ് ഒരു വിഭാഗം കുട്ടികള്‍ ഒഴിവാക്കപ്പെട്ടുന്നത് എന്ന വിഷയം നമ്മുടെ സാമൂഹ്യ യാഥാര്‍ത്ഥ്യത്തെ തുറന്നു കാണിക്കുന്ന ഒന്നായി. ആധുനിക സാങ്കേതിക വിദ്യയുടെ വികാസത്തെ കുറിച്ച് വാ തോരാതെ വാഴ്ത്തുമ്പോഴും ഡിജിറ്റല്‍ ഡിവൈഡ് ഒരു ഇന്ത്യന്‍/കേരള യാഥാര്‍ത്ഥ്യമാണ് എന്നത് സംശയലേശമന്യേ തുറന്നു കാട്ടപ്പെട്ടു. ഭരണകൂടം അംഗീകരിച്ചില്ലെങ്കിലും.

കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചു പ്രതിപക്ഷ യുവജന-വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രക്ഷോഭ രംഗത്തിറങ്ങി. നമുക്ക് തികച്ചും അപരിചിതമായ സാമൂഹ്യ സാഹര്യമാണ് കോവിഡ് ഉണ്ടാക്കിയിരിക്കുന്നതെന്നും ദേവികയുടെ മരണം ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതിനാലാണ് എന്ന പ്രചരണം രാഷ്ട്രീയ ദുഷ്ട ലക്കോടെയുള്ളതാണ് എന്നും സര്‍ക്കാരും സി പി എം നേതാക്കളും ആവര്‍ത്തിച്ചു. സാമൂഹിക സമ്മര്‍ദങ്ങള്‍ക്ക് ഒടുവില്‍ ഓണ്‍ ലൈന്‍ ക്ലാസ് രണ്ടാഴ്ച കാലം ട്രയല്‍ അടിസ്ഥാനത്തില്‍ ചെയ്യാനും എല്ലാ വിദ്യാര്‍ഥികള്‍ക്കും ക്ലാസില്‍ പങ്കെടുക്കാനുള്ള ഭൌതിക സാഹചര്യങ്ങള്‍ യുദ്ധകാല അടിസ്ഥാനത്തില്‍ ഒരുക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു.

Also Read: 'ജാതി കോളനികള്‍ ഇപ്പോഴുമുള്ള നാടാണ് കേരളം, ഓണ്‍ലൈന്‍ വിദ്യാഭ്യാസം പ്രിവിലേജ്ഡ് ആയവര്‍ക്ക് മാത്രം ലഭ്യമാകുന്ന ഒന്നായി മാറരുത്'പിന്നീട് കേരളം കണ്ടത് നിരവധി സാമൂഹ്യ സംഘടനകളുടെയും രാഷ്ട്രീയ യുവജന സംഘടനകളുടെയും ഇടപെടല്‍ ആയിരുന്നു. ടിവിയില്ലാത്ത വീടുകളില്‍ അതെത്തിക്കാന്‍ നിരവധി പേര്‍ രംഗത്തുവന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പ്രവര്‍ത്തനങ്ങളെ ഏകോപിച്ചു. അയല്‍ക്കൂട്ട കേന്ദ്രങ്ങളും വായനശാലകളുമൊക്കെ സാമൂഹ്യ അകലം പാലിച്ച് കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാനുള്ള കേന്ദ്രങ്ങളായി. സംസ്ഥാന ഗവണ്‍മെന്‍റ് കേന്ദ്ര മാനവ ശേഷി മന്ത്രാലയത്തിന് നല്കിയ റിപ്പോര്‍ട്ട് പ്രകാരം ജൂണ്‍ 16 ആയപ്പോഴേക്കും വെറും 47 കുട്ടികള്‍ മാത്രമാണ് ഓണ്‍ലൈന്‍ ക്ലാസിന് പുറത്ത്. മെയില്‍ നടത്തിയ പഠനം പ്രകാരം ആകെയുള്ള 41.6 ലക്ഷം കുട്ടികളില്‍ 2.61 ലക്ഷം കുട്ടികള്‍ക്കാണ് ഓണ്‍ലൈന്‍ സൌകര്യം പ്രാപ്യമല്ലാതിരുന്നത്. അതാണ് ജൂണ്‍ 16 ആയപ്പോഴേക്കും 47 മാത്രമായി ചുരുങ്ങിയത്. കണക്കിന്റെ കളികളോ അതോ യാഥാര്‍ത്ഥ്യമോ എന്നത് ഒരു അന്വേഷണ വിഷയമാണ്. എന്നാല്‍ വിക്റ്റേഴ്സ് ചാനലിന്റെ യൂ ടൂബിന് 16 ലക്ഷം വരിക്കാര്‍ ഉണ്ടെന്നത് ഒരു യാഥാര്‍ഥ്യമാണ്.

ഇന്ന് ഈ കുറിപ്പ് എഴുതാനുള്ള പ്രേരണ രണ്ടു കാര്യങ്ങളാണ്. ഒന്നു കേരളത്തിന്റെ ഡിജിറ്റല്‍ വിദ്യാഭ്യാസ മികവിനെ കേന്ദ്ര ഗവണ്‍മെന്‍റ് അംഗീകരിച്ചു എന്നു തന്റെ പ്രതിദിന വാര്‍ത്താ സമ്മേളനത്തിനിടെ ഇന്നലെ മുഖ്യമന്ത്രി അറിയിച്ച കാര്യമാണ്. ഈ വാര്‍ത്ത വളരെ ചെറിയ ഒരു റിപ്പോര്‍ട്ട് ആയി അകത്തെ പേജിലാണ് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്തിര്‍ക്കുന്നത്. എല്ലാ നമ്മുടെ ഒന്നാം നംബര്‍ നേട്ടങ്ങളെയും മുഖ പേജില്‍ അവതരിപ്പിച്ചു ആഘോഷിക്കാറുള്ള ദേശാഭിമാനി ഇതെന്തേ ചവിട്ടിയൊതുക്കിയത് എന്ന കാര്യം തല്‍ക്കാലം ദോഷൈകദൃക്കുകള്‍ക്ക് വിടുന്നു.

ദേശാഭിമാനി വാര്‍ത്ത ഇങ്ങനെ, "കേരളം നടപ്പാക്കിയ ഡിജിറ്റല്‍ വിദ്യാഭ്യാസ രീതി ദേശീയ തലത്തില്‍ മാതൃകയെന്ന് മാനവ വിഭവ ശേഷി മന്ത്രാലയം. ഇന്ത്യയിലെ വിദൂര വിദ്യാഭ്യാസ മുന്നേറ്റങ്ങളെ കുറിച്ച് പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് കേരളത്തെ രാജ്യത്തിന് ഏറ്റവും നല്ല മാതൃകയായി അവതരിപ്പിക്കുന്നത്. ഡിജിറ്റല്‍ ക്ലാസ് റൂം, ഐ സി ടി ലാബ്, ഓണ്‍ലൈന്‍ പ്രവേശനം, കമ്പ്യൂട്ടര്‍ അധിഷ്ടിത പഠനം, സാമൂഹ്യ പങ്കാളിത്തം തുടങ്ങി എം എച്ച് ആര്‍ ഡി നിര്‍ദ്ദേശിച്ച 16 മാനദണ്ഡങ്ങളില്‍ 15ഉം കേരളം നേടിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു." ഇതേ വാര്‍ത്ത മലയാള മനോരമയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സാമാന്യം വിശദമായ ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്ര നാഥ് ഈ കാര്യം വിശദീകരിക്കുന്നുണ്ട്. "ഡിജിറ്റൽ വിദ്യാഭ്യാസം കേരളം ഒന്നാമത്" എന്ന പോസ്റ്റ് താഴെ വായിക്കാം; "ഇന്ത്യയിലെ വിദൂര വിദ്യാഭ്യാസ മുന്നേറ്റങ്ങളെ (2020) സംബന്ധിച്ച് എം.എച്ച്.ആർ.ഡി. പുറത്തിറക്കിയ റിപ്പോര്‍ട്ടിൽ കേരളം രാജ്യത്തിന് ഏറ്റവും നല്ല മാതൃകയായി അവതരിപ്പിക്കുന്നു. കോവിഡ് 19 ന്‍റെ വ്യാപനത്തെത്തുടര്‍ന്ന് രാജ്യമാകെ വിദ്യാലയങ്ങൾ അടച്ചിടാൻ നിര്‍ബന്ധിതമായപ്പോൾ വിവിധ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും നടത്തിയ ഡിജിറ്റൽ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് - 'ഇന്ത്യ റിപ്പോര്‍ട്ട് ഡിജിറ്റൽ എഡ്യൂക്കേഷൻ' എന്ന പേരിൽ എം.എച്ച്.ആർ.ഡി. പുറത്തിറക്കിയ റിപ്പോര്‍ട്ടിൽ കേരളത്തിൽ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്‍റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ നേതൃത്വത്തിൽ എസ്.സി.ഇ.ആർ.ടി., കൈറ്റ്, എസ്.എസ്.കെ., എസ്.ഐ.ഇ.റ്റി. തുടങ്ങിയ വിവിധ വകുപ്പുകളുടെ ഏകോപനത്തിൽ നടത്തിയ പ്രവര്‍ത്തനങ്ങളെ സമഗ്രമായും കൃത്യമായും വ്യക്തമായും അവതരിപ്പിക്കുന്നു. അധ്യയന വര്‍ഷമാരംഭിച്ച 2020 ജൂണ്‍ ഒന്നിന് തന്നെ ഓണ്‍ലൈൻ ക്ലാസുകൾ ആരംഭിച്ചതും പൊതുസമൂഹത്തിന്‍റെ സഹകരണത്തോടെ 'ഡിജിറ്റൽ ഡിവൈഡ് ' ഇല്ലാതാക്കി എല്ലാവര്‍ക്കും പ്രാപ്യത ലഭ്യമാക്കിയതും കന്നട, തമിഴ്, എന്നീ ന്യൂനപക്ഷ ഭാഷാവിഷയങ്ങൾ ഉള്‍പ്പെടെ ഒന്നു മുതൽ 12 ക്ലാസു വരെയുള്ള എല്ലാ വിഭാഗം കുട്ടികള്‍ക്കും ഡിജിറ്റൽ ക്ലാസ് ഒരുക്കിയതും അത് കാണാൻ പൊതുസമൂഹത്തിനുള്‍പ്പെടെ ഒന്നിലേറെ തവണ അവസരം ഒരുക്കിയതും ദിവസവും 9 മണിക്കൂർ വിക്ടേഴ്സ് ചാനൽ വഴി നടത്തി വരുന്ന പ്രക്ഷേപണവും 'അക്ഷരവൃക്ഷം' എന്ന പേരിൽ കുട്ടികളുടെ സര്‍ഗരചനകൾ സ്വരൂപിച്ച് എസ്.സി.ഇ.ആർ.ടി. പ്രസിദ്ധീകരിച്ചതും, 'അവധിക്കാല സന്തോഷങ്ങളിലൂടെ' കുട്ടികള്‍ക്ക് സമ്മര്‍ദ്ദമൊഴിവാക്കാനും ഉല്ലസിക്കാനും നടത്തിയ പരിപാടികളും 'ദിക്ഷ' പ്രോജക്ടിന്‍റെ ഭാഗമായി പാഠപുസ്തകങ്ങളിൽ ക്യു.ആർ. കോഡ് സന്നിവേശിപ്പിച്ചതും പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കായി അവതരിപ്പിച്ച 'വൈറ്റ്ബോര്‍ഡ്' പദ്ധതിയുമെല്ലാം റിപ്പോര്‍ട്ടിൽ സവിസ്തരം പ്രതിപാദിക്കുന്നു. ഡിജിറ്റൽ ക്ലാസ് റൂം, ഐ.സി.ടി. ലാബ്, ഓണ്‍ലൈൻ പ്രവേശനം, കമ്പ്യൂട്ടർ അധിഷ്ഠിത പഠനം, സമൂഹ പങ്കാളിത്തം തുടങ്ങി എം.എച്ച്.ആർ.ഡി. നിര്‍ദ്ദേശിച്ച 16 മാനദണ്ഡങ്ങളിൽ 15 ഉം കേരളം നേടിയിട്ടുണ്ട് എന്ന് റിപ്പോര്‍ട്ടിൽ സൂചിപ്പിക്കുന്നു. ഡിജിറ്റൽ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിൽ കേരളം നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് കിട്ടിയ സ്വീകാര്യതയാണ് ഡിജിറ്റൽ റിപ്പോര്‍ട്ടിൽ കേരളത്തിന് ലഭിച്ച അംഗീകാരം. ഇതിനായി നേതൃത്വം നല്‍കിയ പൊതുവിദ്യാഭ്യാസ വകുപ്പിനേയും വിവിധ വകുപ്പു മേധാവികളെയും അഭിനന്ദിക്കുന്നു."

Also Read: 'ടി.വിയിൽ നിന്ന് മുഖം മറച്ചിരിയ്ക്കുന്ന കുട്ടി ഒരു പ്രതീകമാണ്; തങ്കു പൂച്ചയ്ക്കും മിട്ടു പൂച്ചയ്ക്കും ആരു മണി കെട്ടും'; ഫസ്റ്റ് ബെൽ ക്ലാസുകളെക്കുറിച്ച് ഒരു വിയോജനക്കുറിപ്പ്

വിദ്യാഭ്യാസ വകുപ്പിന്റെ നേട്ടങ്ങളില്‍ ആഹ്ളാദിക്കാനുള്ള ന്യായമായ അവകാശം മന്ത്രിക്കുണ്ട്. ഒപ്പം കേരളം പൊതുവിദ്യാഭ്യാസ മേഖലയില്‍ നടത്തുന്ന നിരവധിയായ ഇടപെടലുകളുടെ ഫലം കൂടിയാണത് എന്നത് മറച്ചുവെക്കാന്‍ കഴിയാത്ത സത്യമാണ്. പ്രത്യേകിച്ചും കഴിഞ്ഞ 4 വര്‍ഷക്കാലം പൊതു വിദ്യാഭ്യാസ മേഖലയുടെ സുവര്‍ണ്ണ കാലമാണ് എന്നടയാളപ്പെടുത്തിയാലും തെറ്റില്ല.

അതിനിടയില്‍ വിദ്യാഭ്യാസ മന്ത്രിക്ക് സംഭവിച്ച ഗുരുതരമായ ഒരു വസ്തുതാ പിശക് ഇവിടെ ചൂണ്ടിക്കാണിക്കട്ടെ. കേന്ദ്ര മാനവ ശേഷി മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം കേരളമല്ല ഹിമാചല്‍ പ്രദേശാന് ഒന്നാമത്. 16ല്‍ 16ല്‍ മാനദണ്ഡങ്ങളും പൂര്‍ത്തീകരിച്ചാണ് ഹിമാചല്‍ പ്രദേശ് ഈ നേട്ടം കൈവരിച്ചത്. കേരളത്തിന് രണ്ടാം സ്ഥാനമാണ്. ഈ സ്ഥാനത്ത് കേരളത്തിനൊപ്പം ഗുജറാത്തുമുണ്ട്. മൊബൈല്‍ ആപ്ലിക്കേഷന്‍റെ കാര്യത്തിലാണ് കേരളം പിന്നോക്കം പോയത് എന്നാണ് റിപ്പോര്‍ട്ടില്‍ പ്രസിദ്ധീകരിച്ച ടേബിളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. (ആപ്പിനെ കുറിച്ച് ഇവിടെ ഒരക്ഷരം മിണ്ടരുത്-ലെ കേരള സര്‍ക്കാര്‍) Also Read: ട്രയല്‍ കഴിഞ്ഞ് കേരളം ഇന്ന് 'ഓണ്‍ലൈന്‍ സ്കൂളി'ലേക്ക്; ഒരുക്കങ്ങള്‍ പൂര്‍ണമെന്ന് വിദ്യാഭ്യാസ വകുപ്പ്; അവകാശവാദങ്ങളില്‍ സംശയം പ്രകടിപ്പിച്ച് വിദ്യാഭ്യാസ പ്രവര്‍ത്തകര്‍എന്തായാലും റിപ്പോര്‍ട്ട് ഒരു കാര്യം അര്‍ഥശങ്കയ്ക്കിടയില്ലാതെ വ്യക്തമാക്കുന്നുണ്ട്. സാമൂഹ്യ ജീവിതം ആകെ സ്തംഭിച്ച അവസ്ഥയിലും കൊറോണയോടൊപ്പം അതിജീവിക്കുക എന്ന തത്വത്തിന്റെ പ്രയോഗവത്ക്കരണത്തില്‍ കേരളം ഏറെ മുന്നോട്ട് പോയിട്ടുണ്ട് എന്നതാണു അത്. എസ് എസ് എല്‍ സി പരീക്ഷയും കീം എക്സാമും ഒക്കെ ഉദാഹരണം. തുടക്കത്തില്‍ ഉള്ള പാളിച്ചകള്‍ തിരുത്തി ഏറെക്കുറെ ശാന്തമായി ഓണ്‍ലൈന്‍ ക്ലാസുകളും ഇപ്പോള്‍ നടക്കുന്നുണ്ട്. അതിന്റെ കൌതുക കരവും രസകരവുമായ ഉദാഹരണങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലുകളാണ് ഇപ്പൊഴും. ഇന്നലെ കൂടി കൊച്ചു പെണ്‍കുട്ടി സായി ശ്വേത ടീച്ചറെ അനുകരിച്ച് 'മിട്ടു പൂച്ച, തങ്കു പൂച്ച' കഥ പറയുന്നതിന്റെ വീഡിയോ കണ്ടതെ ഉള്ളൂ. ഓണ്‍ ലൈന്‍ ക്ലാസുകളിലൂടെ നേട്ടമുണ്ടാക്കിയത് വിക്ടേഴ്സ് ചാനലാണ്. നിലവില്‍ 16 ലക്ഷമാണ് ചാനലിന്റെ യൂ ടൂബ് വരിക്കാര്‍. കഴിഞ്ഞ രണ്ട് ദശാബ്ദമായി പ്രവര്‍ത്തിക്കുന്ന മുഖ്യധാര ചാനലായ ഏഷ്യാനെറ്റിന് 45 ലക്ഷവും മനോരമയ്ക്ക് 40 ലക്ഷവും വരിക്കാര്‍ മാത്രമേയുള്ളൂ എന്നറിയുമ്പോഴാണ് വിക്ടെഴ്സിന്‍റെ ഈ നേട്ടം ശ്രദ്ധേയയമാകുന്നത്. യൂ ടൂബിലൂടെ 15 ലക്ഷം രൂപ പരസ്യ വരുമാനമായി ലഭിച്ചു എന്നതും ശുഭ സൂചനയായി കാണാവുന്നതാണ്. സ്വന്തം കാലില്‍ നില്‍ക്കുന്ന ഒരു സുസ്ഥിര മാതൃകയായി ഈ വിദ്യാഭ്യാസ ചാനലിനെ വളര്‍ത്തിയെടുക്കാന്‍ സാധിക്കും എന്ന കാര്യത്തില്‍ സംശയമില്ല. "പൊതുസമൂഹത്തിന്‍റെ സഹകരണത്തോടെ 'ഡിജിറ്റൽ ഡിവൈഡ് ' ഇല്ലാതാക്കി എല്ലാവര്‍ക്കും പ്രാപ്യത ലഭ്യമാക്കി" എന്ന മന്ത്രിയുടെ മറ്റൊരു അവകാശവാദമാണ് പരിശോധിക്കപ്പെടേണ്ട മറ്റൊന്ന്. നിലവില്‍ അതിനെ ഖണ്ഡിക്കാനുള്ള തെളിവുകള്‍ ലഭ്യമല്ലെങ്കിലും കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് ദി ഹിന്ദുവും അഴിമുഖവുമടക്കമുള്ള മാധ്യമങ്ങള്‍ അട്ടപ്പാടിയില്‍ ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത വിദ്യാര്‍ത്ഥികള്‍ വീടിന് മുന്നില്‍ സമരം ചെയ്യുന്ന കാര്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കേന്ദ്ര റിപ്പോര്‍ട്ടില്‍ പറയുന്ന ഇതുവരെ പ്രാപ്യത ഉറപ്പുവരുത്താന്‍ സാധിക്കാത്ത 47 കുട്ടികളില്‍ പെട്ടവരാണോ ഇവര്‍? അഴിമുഖം റിപ്പോര്‍ട്ട് വായിക്കാം: 'ഇരുട്ടല്ല വെളിച്ചമാണ് ആവശ്യം,അജ്ഞതയല്ല അറിവാണ് അവകാശം'; വീട്ടുമുറ്റത്ത് സമരവുമായി അട്ടപ്പാടിയിലെ കുട്ടികള്‍

ഇനി ദേവികയിലേക്ക് തിരിച്ചു പോകാം. ആ കൊച്ചു പെണ്‍കുട്ടി നമ്മളെ വിട്ടു പിരിഞ്ഞിട്ട് രണ്ടു മാസം പൂര്‍ത്തിയാവുകയാണ്. ഇന്ന് മലയാള മനോരമ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നതു പ്രകാരം ആ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയതത് തന്നെയാണ് എന്ന നിഗമനത്തിലാണ് ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം എത്തിചേര്‍ന്നിരിക്കുന്നത് എന്നാണ്. ദേവിക മരിച്ചു കിടന്ന സ്ഥലത്തു പുല്ലുകള്‍ ഒന്നും കത്തിയതായി കാണാത്തതിനാല്‍ കൊലപാതകമാണ് എന്ന ആരോപണം അന്ന് ചില കോണുകള്‍ ഉയര്‍ത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറിയത്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ആത്മഹത്യയിലേക്കാണ് വിരല്‍ ചൂണ്ടുന്നത് എന്നാണ് ക്രൈം ബ്രാഞ്ച് അറിയിച്ചത് എന്ന് മനോരമയുടെ റിപ്പോര്‍ട്ട് പറയുന്നു. അപ്പോഴും ഉത്തരം കിട്ടാത്ത ഒരു ചോദ്യമുണ്ട്. ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതില്‍ മനംനൊന്താണ് ദേവിക ആത്മഹത്യ ചെയ്തതെന്ന മാതാപിതാക്കളുടെ വെളിപ്പെടുത്തല്‍. പെണ്‍കുട്ടി മരണപ്പെട്ടതിന്റെ പിറ്റേദിവസം മാതൃഭൂമിയുടെ ചാനല്‍ ചര്‍ച്ചകളില്‍ അടക്കം പങ്കെടുത്തുകൊണ്ട് പിതാവ് നടത്തിയ വെളിപ്പെടുത്തലില്‍ പരോക്ഷമായി സംശയം പ്രകടിപ്പിച്ചുകൊണ്ട് സി പി എം പ്രതിനിധികള്‍ ടിവി ചര്‍ച്ചകളില്‍ പറഞ്ഞ കാര്യങ്ങള്‍ സാമൂഹ്യ-രാഷ്ട്രീയ മണ്ഡലങ്ങളില്‍ വലിയ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഈ വാദം തിരിഞ്ഞുകുത്തുമെന്നായപ്പോള്‍ അന്വേഷണം പൂര്‍ത്തിയാകട്ടെ എന്നാണ് സിപിഎം നേതാക്കള്‍ വാദിച്ചത്.

അന്വേഷണം പൂര്‍ത്തിയാവുകയും കാരണങ്ങള്‍ വെളിപ്പെടുകയും ചെയ്തേക്കാം. പക്ഷേ "ഞാന്‍ പോകുന്നു" എന്നു മാത്രം നോട്ട് പുസ്തകത്തില്‍ എഴുതിവെച്ച് ഈ ലോകത്ത് നിന്നും പോയ ദേവിക തുറന്നുകാട്ടിയത് ചിലപ്പോള്‍ ആരാലും അഭിസംബോധന ചെയ്യപ്പെടാതെ പോവുമായിരുന്ന ഒരു സാമൂഹ്യ യാഥാര്‍ഥ്യമാണ്. അതിപ്പോഴും പ്രസക്തം തന്നെയാണ്. തല്‍ക്കാലം കേന്ദ്ര സര്‍ക്കാര്‍ പതിച്ചു നല്കിയ കിരീടം അണിഞ്ഞ് ആനന്ദതുലിതരാവാം. അപ്പോഴും ദേവികയുടെ മരണം നമ്മുടെ സമൂഹത്തിന്റെ കപട പ്രതിച്ഛായയ്ക്ക് മേല്‍ തറച്ച ഒരു കൂരമ്പായി അവിടെ നില്‍ക്കുക തന്നെ ചെയ്യും. അതില്‍ നിന്നും ചോര ഇറ്റ് വീണു കൊണ്ടേയിരിക്കും.

ദരിദ്രര്‍ക്കുള്ള വിദ്യാഭ്യാസ പ്രാപ്യത കൂടുതല്‍ കൂടുതല്‍ കുറയാന്‍ പോകുന്നു എന്ന സൂചനയാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയം നല്‍കുന്നത്. അതേ കുറിച്ചുള്ള എക്സ്പ്ലെയിനര്‍ വായിക്കാം:

EXPLAINER: എന്താണ് പുതിയ വിദ്യാഭ്യാസ നയം? എന്തുകൊണ്ടാണ് അത് എതിര്‍ക്കപ്പെടുന്നത്?


Next Story

Related Stories