TopTop
Begin typing your search above and press return to search.

ഭൂപരിഷ്ക്കരണം: തദ്ദേശീയ സമൂഹങ്ങളെ കോളനികളിലേക്ക് തള്ളിയ പരിഷ്ക്കാരം-എം ഗീതാനന്ദന്‍ എഴുതുന്നു

ഭൂപരിഷ്ക്കരണം: തദ്ദേശീയ സമൂഹങ്ങളെ കോളനികളിലേക്ക് തള്ളിയ പരിഷ്ക്കാരം-എം ഗീതാനന്ദന്‍ എഴുതുന്നു

ഭൂപരിഷ്‌ക്കരണ നിയമം നടപ്പാക്കിയതിന്റെ ചര്‍ച്ചകളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഭൂപരിഷ്‌ക്കരണം നടപ്പാക്കാനുണ്ടായ സാഹചര്യവും അതിന്റെ അനന്തര ഫലങ്ങളും കൂടി വിലയിരുത്തിക്കൊണ്ട് വേണം ചര്‍ച്ചകള്‍ നടത്താന്‍. കേരളം ഇന്ന് ഭൂപരിഷ്‌ക്കരണത്തിന് ശേഷം എത്തിച്ചേര്‍ന്നിരിക്കുന്ന സാഹചര്യം പരിശോധിക്കേണ്ടതുണ്ട്. 'കേരള മോഡല്‍' എന്നത് ഭൂപരിഷ്‌ക്കരണത്തിന് ശേഷം നടപ്പിലാക്കിയ ഒരു വികസന പദ്ധതിയാണ്. അത് കേരളത്തെ എങ്ങനെ, എവിടെ കൊണ്ടെത്തിച്ചു എന്നുകൂടി വിലയിരുത്തപ്പെടേണ്ടതുണ്ട്. ഭൂപരിഷ്‌ക്കരണം ലോക ശ്രദ്ധ പിടിച്ചുപറ്റിയ ഒന്നാണ്. ഇന്ത്യയില്‍ തന്നെ ഭൂബന്ധങ്ങളില്‍ മാറ്റം വരുത്തി, പ്രത്യേകിച്ച് ജന്മിത്വത്തിന് അറുതി വരുത്തി എന്നതാണ് അതിന്റെ പോസിറ്റീവ് ആയ ഒരു വശമായി ചൂണ്ടിക്കാണിക്കാറുള്ളത്. ആ നിലയ്ക്ക് അത് അഖിലേന്ത്യാ തലത്തില്‍ തന്നെ ശ്രദ്ധനേടിയ കാര്യമാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് പാര്‍ലമെന്ററി ഘടനയ്ക്കുള്ളില്‍നിന്നുകൊണ്ട് തന്നെ അതിന്റെ ചാലക ശക്തിയായി വര്‍ത്തിക്കാന്‍ കഴിഞ്ഞു എന്നതും പ്രാധാന്യമുള്ളതാണ്. പക്ഷെ അതിന്റെ ഗുണഭോക്താക്കള്‍ ആരൊക്കെയായിരുന്നു എന്നുള്ളതാണ് ആദ്യം തന്നെ പരിശോധിക്കേണ്ടത്. കേരളത്തില്‍ നടപ്പാക്കിയിരിക്കുന്ന ഭൂപരിഷ്‌ക്കരണം നമ്മുടെ നാടിന്റെ സാഹചര്യവും അല്ലെങ്കില്‍ ഭൂമിയും പ്രകൃതിയുമായും ബന്ധപ്പെട്ട ഏതെല്ലാം ജന വിഭാഗങ്ങളുണ്ട് എന്ന് കണക്കിലെടുത്തിട്ടുള്ള, കാര്‍ഷിക ബന്ധത്തിന് മാറ്റം വരുത്തുന്ന ഒരു സമീപനമായിരുന്നില്ല എന്നത് വലിയ പോരായ്മയാണ്. വലിയൊരു പരിധിവരെ യൂറോ സെന്‍ട്രിക് ആയിട്ടുള്ള, യൂറോപ്യന്‍ ചിന്തകളില്‍ അടിസ്ഥാനമാക്കിയിട്ടുള്ള പരിഷ്‌ക്കരണ സമീപനമായിരുന്നു അത്. ലോഗന്റെ കുടിയാന്മാ പരിഷ്‌ക്കരണത്തെയെല്ലാം പിന്‍പറ്റിക്കൊണ്ട് ഉണ്ടാക്കിയ സമീപനമാണ്. അല്ലെങ്കില്‍ പ്രോപ്പര്‍ട്ടി ഓണിങ് കമ്മ്യൂണിറ്റികളുടെ സ്ഥിരാവകാശം എന്ന് പറയുന്നതാണ് ഇതിന്റെ അടിസ്ഥാനപരമായ സമീപനം. സ്വാഭാവികമായും ഭൂമിയില്‍ ജന്മിത്വം അവസാനിപ്പിക്കുന്നതോട് കൂടി ഭൂമിയില്‍ സ്ഥിരാവകാശം ഉണ്ട് എന്ന് കണക്കാക്കപ്പെട്ട ടെനന്‍സി റഗുലേഷനിലേക്ക് അത് ചുരുങ്ങി. അവര്‍ക്ക് സ്ഥിരാവകാശം കൊടുക്കുന്നു. ആ നിലയ്ക്ക് ജന്മിത്വവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന കുടിയാന്മ വിഭാഗങ്ങള്‍ അല്ലെങ്കില്‍ പാട്ടക്കാര്‍ തുടങ്ങി എല്ലാവര്‍ക്കും തന്നെ ഭൂമിയിലുള്ള അവകാശം സിദ്ധിച്ചു. അവര്‍ക്ക് മേല്‍ഗതിയുണ്ടായി എന്നത് ശരിയാണ്. എന്നാല്‍ തദ്ദേശീയ സമൂഹങ്ങള്‍, മണ്ണ്, പ്രകൃതി, വനം, ജല സ്രോതസ് തുടങ്ങിയവയുമായി ബന്ധപ്പെട്ട് ജീവിച്ചുവരുന്ന ഒട്ടേറെ പരമ്പരാഗത സമൂഹങ്ങള്‍ കേരളത്തിലുണ്ട്. ഭൂമി അവകാശങ്ങളില്‍ പെടാത്ത പ്രകൃതിയെ ഉപജീവനത്തിനായി ആശ്രയിക്കുന്ന സമൂഹങ്ങളാണ് അവ. ആദിവാസികളും, ഭൂരിഭാഗം ദളിതരും, തീരദേശ മത്സ്യതൊഴിലാളികളും, ഉള്‍നാടന്‍ മത്സ്യബന്ധ തൊഴിലാളികളും അക്കൂട്ടത്തില്‍ പെട്ടതാണ്. ഈ വിഭാഗങ്ങളുടെ അവകാശങ്ങള്‍ അംഗീകരിക്കപ്പെട്ടില്ല. അവര്‍ക്ക് പ്രോപ്പര്‍ട്ടി റൈറ്റ് കാണിക്കാനുള്ള രേഖകള്‍ ഉണ്ടാവില്ല. ആ വിഭാഗങ്ങളുടെ അവകാശം ഇത്തരത്തിലുള്ള ടെനന്‍സി റെഗുലേഷനോടൊപ്പം അല്ലെങ്കില്‍ ഭൂമിയുടെ സ്വത്തുടമസ്ഥത ഉറപ്പിക്കുന്ന കാലഘട്ടത്തില്‍ പരിഗണിക്കപ്പെടാതിരുന്നതിന്റെ വലിയ വിപത്ത് കേരളത്തിലുണ്ടായി എന്നതാണ് യൂറോ സെന്‍ട്രിക് ആയ സമീപനത്തിന്റെ വലിയ കുഴപ്പമായി ചൂണ്ടിക്കാണിക്കാനുള്ളത്. ഭൂപരിഷ്‌ക്കരണം നടക്കുന്നതിന് 14 വര്‍ഷത്തിന് മുമ്പ് തന്നെ ഇന്ത്യ ഒരു റിപ്പബ്ലിക് ആയി മാറുകയും ഭരണഘടന അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. ആ ഭരണഘടനയില്‍ ആദിവാസികളുടെ സ്വയംഭരണവും, വനം അല്ലെങ്കില്‍ അതുപോലുള്ള പ്രകൃതി വിഭവങ്ങളുമായി ബന്ധപ്പെട്ട് ജീവിക്കുന്ന ജനവിഭാഗങ്ങളുടെ ഓട്ടോണമി തുടങ്ങിയ കാര്യങ്ങള്‍ അംഗീകരിക്കുന്നതാണ്. ഇത്തരത്തിലുള്ള ഒരു കാര്യവും കേരളത്തില്‍ ഭൂബന്ധങ്ങള്‍ മാറ്റം വരുത്തുന്നതിന്റെ ഭാഗമായി ചര്‍ച്ച ചെയ്യുന്നതേയില്ല എന്നത് വലിയ പ്രശ്നമാണ്. പില്‍ക്കാലത്ത് 75ല്‍ ആദിവാസികളുടെ ഭൂമി നഷ്ടപ്പെട്ടത് പുനഃസ്ഥാപിക്കാനുള്ള നിയമമാണ് കെഎല്‍ടി ആക്ടിലൂടെ നടപ്പാക്കുന്നത്. കാടുമായി ഉപജീവനം നടത്തുന്ന കമ്മ്യൂണിറ്റികളുടെ ഭൂമിയിലും പ്രകൃതിയിലുമുള്ള സ്വയംഭരണവും പാരമ്പര്യമായ അവകാശങ്ങളുമെന്നത് പരിഗണിച്ചേയില്ല എന്ന് മാത്രമല്ല അതിപ്പോഴും പരിഹരിക്കപ്പെടാത്ത പ്രശ്നമായി തുടരുകയും ചെയ്യുന്നു. സ്വാഭാവികമായും യൂറോ കേന്ദ്രീകൃതം എന്ന് പറയുമ്പോള്‍, തോട്ടങ്ങളായിരുന്നു പരമ്പരാഗതമായി കൊളോണിയല്‍ ശക്തിയില്‍ കേരളത്തില്‍ നടപ്പിലാക്കിയത്. തോട്ടവല്‍ക്കരണത്തിന്റെ ഭാഗമായി വന്‍തോതില്‍ ആദിവാസികള്‍ ഭൂമിയില്‍ നിന്ന് നിഷ്‌കാസിതരായി. അതേ നയം തന്നെയാണ് ഭൂപരിഷ്‌ക്കരണത്തിന് ശേഷവും കേരളത്തില്‍ തുടര്‍ന്ന് വന്നത്. കാടിനെ നശിപ്പിച്ചുണ്ടാക്കിയിരിക്കുന്ന തോട്ട സമ്പദ്ഘടനയെ ഭൂപരിഷ്‌ക്കരണം തൊട്ടുപോലുമില്ല എന്നതാണ് ഇതിന്റെ മറ്റൊരു വശം. ആദിവാസികളേയും വനത്തെയും സംരക്ഷിച്ചില്ല എന്ന് മാത്രമല്ല, ഭൂപരിഷ്ക്കരണത്തിന് ശേഷം വന്‍തോതില്‍ വന ഭൂമി തോട്ടങ്ങളാക്കി മാറ്റപ്പെട്ടു എന്നതാണ് യാഥാര്‍ഥ്യം. തോട്ടവല്‍ക്കരണത്തിന്റെ ഭാഗമായി വലിയ വിഭാഗം ജന്മി വര്‍ഗങ്ങള്‍ക്ക് തോട്ടക്കാരായി മാറാനുള്ള സൗകര്യവും ഭരണകൂടം ചെയ്തുകൊടുത്തു. കേരള സര്‍ക്കാര്‍ മാത്രമല്ല നെഹ്റൂവിയന്‍ സര്‍ക്കാരിന്റെ നയമായിരുന്നു അത്. പട്ടിണിയും ദാരിദ്ര്യവും മാറ്റാന്‍ കൂടുതല്‍ കൂടുതല്‍ കാട് വെട്ടിമാറ്റി കൃഷിയിടമാക്കുക എന്ന നിലയില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഗ്രാന്റുകള്‍ ഈ ഭൂ ഉടമകള്‍ക്ക് നല്‍കിയിരുന്നു. ഭൂമിയില്‍ നാണ്യവിളയാക്കുകയും നാണ്യവല്‍ക്കരണത്തെ വന്‍തോതില്‍ വ്യാപിപ്പിക്കുകയും കേരളത്തിന്റെ കാര്‍ഷിക സമ്പദ്ഘടനയെ ഫലത്തില്‍ പിന്നോട്ടടിപ്പിക്കുകയുമാണ് ഭൂപരിഷ്‌ക്കരണത്തിലൂടെ ചെയ്തത്. കേരളത്തില്‍ അവഗണിക്കപ്പെട്ട വലിയൊരു വിഭാഗം ദളിത് വിഭാഗങ്ങളാണ്. പാരമ്പര്യമായി കൃഷിക്കാരല്ലാതാക്കി മാറ്റിയ ജാതി വ്യവസ്ഥയുടെ ദുരന്തമെന്ന നിലയില്‍ അവര്‍ കോളനികളിലേക്ക് മാറ്റപ്പെട്ടിരുന്നു. ഭൂപരിഷ്‌ക്കരണത്തിന്റെ ഭാഗമായി ആകെ അംഗീകരിക്കപ്പെട്ടത് അവരുടെ ജീവിക്കാനുള്ള പൗരാവകാശം മാത്രമാണ്. കുടിയിറക്ക് തടയാനുള്ള നിയമമാണ് കുടികിടപ്പിലൂടെ വരുന്നത്. ആ നിലയ്ക്ക് അവര്‍ എവിടെയാണോ കുടില്‍കെട്ടി പാര്‍ത്തിരുന്നത്, അത് മൂന്ന് സെന്റിലോ പത്ത് സെന്റിലോ ആകാം, അതിനുള്ള അംഗീകാരം മാത്രം നല്‍കുന്ന, മുതലാളി വര്‍ഗവും തൊഴിലാളി വര്‍ഗവും സമൂഹത്തില്‍ അനിവാര്യമാണെന്ന നിലയിലുള്ള മോഡേണിസ്റ്റ് സമീപനമാണ് നടപ്പിലായത്. കോളനികളുടെ രൂപീകരണമായി പില്‍ക്കാലത്ത് അത് മാറി. അവര്‍ക്ക് ഭൂമി നല്‍കി പുനരധിവസിപ്പിക്കാമെന്ന സമീപനം ഒരു കാലത്തും കേരളത്തില്‍ ഉണ്ടായിട്ടില്ല. പുതിയ തലമുറ വരുമ്പോഴും കൂടുതലായി ഈ വിഭാഗം കോളനികളിലാക്കപ്പെടുകയും ചെയ്യുന്നു. ഇന്ന് കേരളത്തില്‍ 2013-14ലെ കണക്കനുസരിച്ച് 34,000 ദളിത് കോളനികളും ഏതാണ്ട് എണ്ണായിരത്തോളം പട്ടിക വര്‍ഗ കോളനികളുമുണ്ട്. അര ലക്ഷത്തോളം കോളനികള്‍ക്ക് പുറമെ ലക്ഷംവീട് ചേരികളുമുണ്ട്. ഉള്ളാടന്‍, പുലയന്‍, പറയന്‍, കണക്കന്‍ തുടങ്ങി വിഭാഗങ്ങളെ ജാതീയമായി നിര്‍ത്തിക്കൊണ്ടുള്ള ഒന്ന് കോളനൈസേഷന്റെ ഭാഗമായി വന്നു.

കൊളോണിയല്‍ കാലഘട്ടത്തില്‍ അടിമ സമാനമായ ജീവിതം നിലനിര്‍ത്തിയിരുന്നവരാണ് ലയങ്ങളിലെ തോട്ടം തൊഴിലാളികള്‍. പാടികളില്‍ താമസിക്കുന്ന ജനവിഭാഗങ്ങളെ കൊളോണിയല്‍ നിയമം വഴി തന്നെയാണ് നിലനിര്‍ത്തിയിരുന്നത്. 1956ലെ പ്ലാന്റേഷന്‍ ലേബര്‍ ആക്ട് വഴിയാണ് ഈ തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥകള്‍ ഉണ്ടായിവന്നിരിക്കുന്നത്. വന്‍ തോതിലുള്ള ഭൂമിയില്‍ മേധാവിത്തമുള്ള കൊളോണിയല്‍ ഉടമകള്‍ക്ക്, അവരുടെ കീഴിലുള്ള അടിമ വര്‍ഗങ്ങളുടെ ഭരണം അവരുടേത് മാത്രമാണെന്നും അതില്‍ സ്റ്റേറ്റിന് യാതൊരു ഉത്തരവാദിത്തവുമില്ലെന്നും എന്നുള്ളതാണ് പ്ലാന്റേഷന്‍ ലേബര്‍ ആക്ടിന്റെ പ്രത്യേകത. സ്റ്റേറ്റിന് ഇവരുടെ ഭവന നിര്‍മ്മാണത്തിനോ, ആരോഗ്യത്തിനോ വിദ്യാഭ്യാസത്തിനോ തുടങ്ങി, സാധാരണ കേരളത്തിലെ ഏത് ചേരി നിവാസികള്‍ക്കും നല്‍കുന്ന തരത്തിലുള്ള പരിഗണനയും തോട്ടം മേഖലയലിലുള്ള അടിമ സമാനമായ ജീവിതം ജീവിക്കുന്ന ജനവിഭാഗങ്ങള്‍ക്ക് ഇല്ല. കൊളോണിയല്‍ ചിന്താധാരയില്‍ നിന്നുകൊണ്ടാണ് തോട്ടം മേഖലയെയും ഭൂപരിഷ്‌ക്കരണത്തെയും ആദിവാസി പ്രശ്നത്തെയും കണ്ടുവന്നിരിക്കുന്നത് എന്നതാണ് കേരളത്തിലെ ഭൂപരിഷ്‌ക്കരണത്തിന്റെ വേറൊരു വശം.

അതിനെ കേരള വികസന മാതൃക എന്നൊക്കെ വിശേഷിപ്പിക്കുമ്പോഴും കാര്‍ഷിക മേഖല വേറൊരു തരത്തില്‍ തകര്‍ക്കപ്പെട്ടുവെന്നതാണ് വസ്തുത. തോട്ട വിളകളിലേക്ക് തിരിയുകയും തദ്വാര വികസന മേഖലയിലേക്ക് മാത്രം കേന്ദ്രീകരിക്കുകയും ചെയ്തു എന്നുള്ളതാണ് ഭൂപരിഷ്‌ക്കരണത്തിന് ശേഷമുണ്ടായ രീതി. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങളിലേക്ക് മാത്രം വികസന പരിപാടികള്‍ ചുരുങ്ങുകയും ചെയ്തു. ഇത്തരമൊരു വികസന സമീപനം സര്‍ക്കാരിനെ പരിപോഷിപ്പിക്കുന്നു എന്നത് പോലെ തന്നെ ഇത് ആവശ്യപ്പെടുന്ന ഒരു സാമൂഹിക വര്‍ഗം ഭൂപരിഷ്‌ക്കരണത്തിലൂടെ ഉരുത്തിരിഞ്ഞു എന്നതാണ് യാഥാര്‍ഥ്യം. ഇടത്തരം കര്‍ഷകര്‍, ചെറുകിട വിഭാഗങ്ങള്‍ അല്ലെങ്കില്‍ കൂട്ടുകുടുംബ വ്യവസ്ഥ തകര്‍ന്നതിന് ശേഷമുള്ള ന്യൂക്ലിയര്‍ ഫാമിലി സ്ട്രക്ചറുകളുള്‍പ്പെടെ വിദ്യാഭ്യാസവും ആരോഗ്യവും ഡിമാന്റ് ചെയ്യുന്ന ഒരു വിഭാഗം കേരളത്തില്‍ വളര്‍ന്നുപന്തലിച്ചു എന്നതാണ് കേരള വികസന മാതൃകയുടെ ഫലമായി സംഭവിച്ചത്. ആ അര്‍ഥത്തില്‍ യൂറോപ്പിനോടും സോഷ്യലിസ്റ്റ് രാഷ്ട്രത്തോടുമെല്ലാം ചേര്‍ത്ത് കേരളത്തിലെ വികസനത്തെ എടുത്തുകാട്ടപ്പെടുന്നുണ്ടെങ്കിലും ഇത് രോഗാതുരമായ ഒരു സമൂഹത്തിന്റെ പ്രതിഫലനമായി മാത്രമേ കാണാന്‍ കഴിയൂ. അടിസ്ഥാനപരമായ ഉത്പാദനം താഴേക്ക് പോവുകയും, കൃഷി തുടങ്ങിയ പ്രഥമിക മേഖല തകരുകയും ചെയ്യുന്നു. ദ്വിതീയ മേഖല എന്ന് സാമ്പത്തിക ശാസ്ത്രജ്ഞര്‍ കണക്കാക്കുന്ന വ്യാവസായിക വികസനം ഒട്ടുമില്ലാതാവുന്നു. എന്നാല്‍ കമ്പോളവല്‍കൃതമായ ആരോഗ്യം, വിദ്യാഭ്യാസം എന്ന് പറയുന്നതില്‍ മാത്രം വികസനത്തിന്റെ മേന്മ എടുത്ത് കാട്ടുകയും ചെയ്തു എന്നതാണ് കേരള വികസന മാതൃകയുടെ വലിയ ഒരു കുഴപ്പം. തീരപ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും ആദിവാസികളെ പോലെ തന്നെ പ്രശ്നം നേരിടുന്നവരാണ്. അവരുടെ വിഭവാധികാരം അല്ലെങ്കില്‍ തൊഴില്‍ മേഖല എന്ന നിലയില്‍ അവരുടെ അവകാശം അംഗീകരിക്കുന്ന യാതൊരു നിയമങ്ങളും നമ്മുടെ നാട്ടിലില്ല. കണ്ടലുകളും തണ്ണീര്‍ത്തടങ്ങളുമൊക്കെയായി ബന്ധപ്പെട്ട് ജീവിച്ച് വന്ന പരമ്പരാഗത സമൂഹങ്ങളുണ്ട്. അവരെ അംഗീകരിക്കുകയും അവരുടെ അവകാശങ്ങള്‍ക്കായുള്ള നിയമങ്ങള്‍ നടപ്പിലാക്കുകയും ചെയ്യുന്നതിനെക്കുറിച്ച് നമ്മള്‍ ചിന്തിച്ച് തുടങ്ങിയിട്ടില്ല. അഖിലേന്ത്യ തലത്തില്‍ അത്തരത്തില്‍ അടുത്തകാലത്തുണ്ടായ ഒരു നിയമം വനാവകാശ നിയമമാണ്. പാരമ്പര്യമായി വനത്തെ ആശ്രയിച്ച് ജീവിച്ചിരുന്ന ജനവിഭാഗങ്ങള്‍ എന്ന നിലയില്‍ വനത്തില്‍ ആദിവാസികളുടെ അവകാശം അംഗീകരിച്ചുകൊണ്ട് വന്ന നിയമമാണത്. അത്തരത്തിലുള്ള ചില നിയമങ്ങളായിരുന്നു കേരളത്തിലും ആദിവാസികള്‍ക്കും ദളിതര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും വേണ്ടി ഉണ്ടാക്കേണ്ടിയിരുന്നത്. ഭൂപരിഷ്‌ക്കരണത്തിന്റെ ഭാഗമായി ഇത്തരം വിഷയങ്ങളൊന്നും പരിഗണിക്കപ്പെട്ടില്ല എന്നതാണ് കേരളത്തില്‍ പാര്‍ശ്വവല്‍കൃത ജനവിഭാഗങ്ങള്‍ അഭിമുഖീകരിക്കുന്ന വലിയ വെല്ലുവിളി. ജന്മിത്വം തകര്‍ക്കപ്പെട്ടു എങ്കിലും ഇന്ത്യയിലെമ്പാടുമുള്ള ജന്മിത്വം ജാതി ഘടനയുമായി ബന്ധപ്പെട്ട് നില്‍ക്കുന്നതാണ്. പ്രത്യക്ഷത്തില്‍ ജന്മിത്വം തകര്‍ക്കുന്നതോടെ ജാതി ബന്ധങ്ങള്‍ക്ക് ഉലച്ചില്‍ തട്ടുമെന്നും ജനാധിപത്യവല്‍ക്കരണത്തിന്റെ ഭാഗമായി ജാതി ദുര്‍ബലപ്പെട്ടു എന്നും ഉള്ള ഒരു മിഥ്യാധാരണ പരത്തുന്നതില്‍ ഇടതുപക്ഷ മതേതര സോഷ്യലിസ്റ്റ് ചിന്താഗതിക്കാര്‍ക്കെല്ലാം വലിയ പങ്കുണ്ട് എന്നത് യാഥാര്‍ഥ്യമാണ്. യഥാര്‍ഥത്തില്‍ നേരെ തിരിച്ചാണ് സംഭവിച്ചിരിക്കുന്നത്. ഭൂബന്ധങ്ങളില്‍ മാറ്റം വരുത്തുന്നത് കൊണ്ട് മാത്രം ജാതി ഇല്ലായ്മ ചെയ്യപ്പെടുന്നില്ല എന്ന് മാത്രമല്ല ഓരോ ജാതി വിഭാഗങ്ങള്‍ക്കും അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി കൂടുതല്‍ ജാതി സഭകള്‍ വിപുലീകരിക്കപ്പെട്ടതായാണ് കേരളത്തില്‍ കണ്ടത്. 60-70 കാലഘട്ടം അതിന്റെ പ്രയോഗ കാലഘട്ടമാണെന്ന് പറയാം. കേരളത്തില്‍ മുന്നണി രാഷ്ട്രീയത്തിലൂടെയാണ് ഇത്തരം സാമുദായിക വിഭാഗങ്ങള്‍ തങ്ങളുടെ അവകാശ സ്ഥാപനത്തിന് വേണ്ടി നില്‍ക്കുന്നതും, സമ്മര്‍ദ്ദ തന്ത്ര ലോബിയായി പ്രവര്‍ത്തിക്കുന്നതും. അതുകൊണ്ട് തന്നെ ഭൂബന്ധങ്ങളില്‍ മാറ്റമുണ്ടാക്കുകയും വിദ്യാഭ്യാസത്തേയും ആരോഗ്യത്തയും കച്ചവടവല്‍ക്കരിക്കുകയും, വ്യാപാരത്തിന് വന്‍ തോതില്‍ വ്യാപ്തി നല്‍കുകയും ചെയ്തതോടുകൂടി ജാതി വിഭാഗങ്ങള്‍ക്ക് കൂടുതല്‍ സാമൂഹികമായി സമ്മര്‍ദ്ദ ലോബികളായി മാറാനും ജാതിയെ ശക്തിപ്പെടുത്തുന്നതിനും കാരണമായി. ഇതിന്റെയെല്ലാം ഭാരം പേറുന്നത് സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടില്‍ കുടുങ്ങിക്കിടക്കുന്ന ആദിവാസികളും ദളിതരും മറ്റ് പാര്‍ശ്വവല്‍കൃത വിഭാഗങ്ങളുമാണ്. ഭൂപരിഷ്‌ക്കരണത്തിന് ശേഷം കേരളത്തിലുണ്ടായ ഇന്നത്തെ സാഹചര്യം വളരെ ആഴത്തില്‍ പരിശോധിച്ച് തെറ്റ് തിരുത്തിക്കൊണ്ട് മാത്രമേ മുന്നോട്ട് പോവാന്‍ കഴിയൂ. ബഹുസ്വരത കേരളത്തിന് ഉണ്ട് എന്ന് പറയുമ്പോഴും എല്ലാ ജനവിഭാഗങ്ങള്‍ക്കും ഈ ബഹുസ്വരതയില്‍ തുല്യപങ്കാളിത്തം ഇല്ലാത്ത തരത്തിലുള്ള സാമൂഹിക സാഹചര്യമാണുള്ളത്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories