TopTop
Begin typing your search above and press return to search.

അരുതായ്മകളില്‍ ശ്വാസംമുട്ടിയ കേരളം -മലയാളിത്തത്തിന്റെ സഞ്ചാരവഴികള്‍-10

അരുതായ്മകളില്‍ ശ്വാസംമുട്ടിയ കേരളം -മലയാളിത്തത്തിന്റെ സഞ്ചാരവഴികള്‍-10

ആരു നീ എന്ന ചോദ്യം മനുഷ്യരെ വല്ലാതെ അലട്ടുന്ന ഒന്നാണ്. തത്വചിന്തകന്മാരുടെ എല്ലാ കാലത്തേയും വേവലാതികളില്‍ ഒന്ന്. ഭാരതത്തില്‍ ആര് നീ എന്ന ചോദ്യത്തിന് തത്വചിന്താപരതയ്ക്കും സത്താത്മകമായ അന്വേഷണങ്ങള്‍ക്കും ഉപരിയായി പല തലങ്ങളും മാനങ്ങളും വന്നുഭവിച്ചിരുന്നു. അത് മതത്തില്‍, അതിലേറെ ജാതിയില്‍ നീ ആരാകുന്നു എന്ന പ്രശ്‌നമാണ്. നൂറ്റാണ്ടുകള്‍ നീണ്ട മത/ജാതി വിവേചനങ്ങളുടെ ഇരുണ്ടവഴികളില്‍ നിന്നും ഏറെ മുന്നേറിയെങ്കിലും ഇപ്പോഴും ഭിന്നമായ വിതാനങ്ങളില്‍ ആ ചോദ്യം അലയടിക്കുന്നു. അവയുടെ അനുരണനങ്ങള്‍ പല തരത്തില്‍ നമ്മുടെ സാമൂഹിക ജീവിതത്തില്‍ പ്രതിഫലിക്കുന്നു. ഈ ചോദ്യത്തെ ഏറ്റവും യുക്തിസഹമായി നേരിട്ട മനുഷ്യോത്തമരില്‍ നാരായണ ഗുരുവിന്റെ പേര് പ്രത്യേകം ശ്രദ്ധേയമാണ്. മനുഷ്യനെ സംബന്ധിച്ചിടത്തോളം പേരെന്ത്, വീടെവിടെ, തൊഴിലെന്ത് ഇത്രയേ അറിയേണ്ടതായുള്ളു. അത് ചോദിച്ചറിയണം. അതിനപ്പുറത്ത് ആര് എന്ന ചോദ്യം ബുദ്ധിഹീനമാണ്. നാരായണ ഗുരു 'ജാതി നിര്‍ണ്ണയം' എന്ന തന്റെ പ്രഖ്യാത കൃതിയില്‍ പറഞ്ഞുവെയ്ക്കുന്നതാണിത്. 'ആരു നീയെന്നു കേള്‍ക്കേണ്ട/നേരു മെയ്തന്നെ ചൊല്കയാല്‍' മെയ് ചൊല്ലുന്ന നേര് മനുഷ്യനാകുന്നു എന്നതാണ്. പാലിലെ വെണ്മ പോലെ. ആ ചൊല്ലുന്ന നേരിനെ. കാണാന്‍ ആവാതെ പോകുന്ന സമൂഹത്തിന് ആ സാരം ചൂണ്ടിക്കാണിച്ചുകൊടുക്കലാണ്, തിരിച്ചറിയലാണ് നവോത്ഥാനം. അതിനുള്ള ത്വരകങ്ങള്‍ പലതാകാം. വഴികള്‍ ഭിന്നമാകാം; നായകരും. പക്ഷെ, അവ നമ്മെ തിരിച്ചറിവിനു പ്രാപ്തമാക്കുന്നുണ്ടോയെന്നതാണ് കാതലായ പ്രശ്‌നം. സത്താപരമായ മനുഷ്യത്വത്തെ അതിന്റെ സാകല്യത്തില്‍ തിരിച്ചറിയാന്‍ ആവാതെ പോകുമ്പോഴാണ് നമ്മള്‍ സമൂഹ സ്വത്വത്തില്‍ അപരത്വങ്ങള്‍ നിര്‍മിയ്ക്കുന്നത്. ഇത്തരത്തില്‍ നിര്‍മിയ്ക്കപ്പെടുന്ന അപരത്വങ്ങളെ കുറിച്ചുള്ള ആധികളും വ്യവഹാരങ്ങളും വാര്‍ത്തമാനകാല സമൂഹത്തിന്റെ പോലും സ്വസ്ഥത കെടുത്തുകയും കടുത്ത അശാന്തികളിലേക്ക് വലിച്ചെറിയുകയും ചെയ്യുന്നു. ഇപ്പോള്‍ സജീവമായി ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന പൗരത്വ പ്രശ്‌നത്തില്‍ പോലും അപരത്വത്തിന്റെ പ്രതിധ്വനികള്‍ കാണാം. സമൂഹത്തെ പലതായി മാറ്റി നിര്‍ത്തുന്ന അപരത്വ നിര്‍മിതിയില്‍ ഏറെ പങ്കുവഹിച്ച ഒന്നാണ് ആചാരങ്ങള്‍. വര്‍ണ്ണ ശുദ്ധി ലക്ഷ്യമാക്കി നടപ്പിലാക്കപ്പെട്ട അവയുടെ ഉള്‍ത്തലം സൂക്ഷ്മമായി പരിശോധിച്ചാല്‍ അപരത്വ നിര്‍മിതിക്കുള്ള പ്രഘോഷണങ്ങള്‍ എമ്പാടും കാണാനാകും. അത്തരം ആചാരങ്ങളെ മാറ്റാനായിട്ടാണ് മനുഷ്യോത്തമന്മാര്‍ അവരുടെ ജീവിതകാലത്തിലപ്പാടെ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇവിടേക്ക് കടന്നു വന്ന ആര്യന്മാരും അവര്‍ക്കു മുഖാമുഖം നിന്ന ഇന്നാട്ടിലെ പൂര്‍വനിവാസികളും ഒന്നു ചേര്‍ന്ന് ഒരു സമുദായമായി ജീവിക്കാന്‍ തുടങ്ങിയതോടെയാണ് ഭാരതത്തില്‍ വര്‍ണവ്യത്യാസം ആരംഭിക്കുന്നതെന്ന് ചരിത്രകാരന്മാര്‍ പറയുന്നു. ആര്യന്മാര്‍ യജമാനന്‍മാരും പൂര്‍വനിവാസികള്‍ ദാസന്മാരും എന്ന നിലയില്‍ പ്രവൃത്തി വിഭജനമുണ്ടായി. ദാസന്മാര്‍(ദസ്യുക്കള്‍) കറുത്ത നിറമുള്ളവരായിരുന്നു. ആര്യന്മാര്‍ പ്രായേണ വെളുത്തവരും. ആര്യന്മാരും തദ്ദേശികളായ ദ്രാവിഡരും തമ്മില്‍ വര്‍ണ സങ്കരവും കാലന്തരത്തില്‍ സംഭവിച്ചു. യാഗാദി കര്‍മ്മങ്ങളില്‍ പ്രാവീണ്യം നേടിയ പുരോഹിത വര്‍ഗം ബ്രാഹ്മണര്‍ എന്നറിയപ്പെട്ടു. സാമ്പത്തിക സാംസ്‌കാരിക രാഷ്ട്രീയ മേധാവിത്വം ബ്രാഹ്മണര്‍ക്കായിരുന്നു. ഗണങ്ങളുടെ സംരക്ഷണത്തിനായി ആയുധമെടുത്ത പോരാളികള്‍ ക്ഷത്രിയര്‍ എന്ന വിഭാഗമായി. ഗോ സംരക്ഷണത്തിലും കൃഷിയിലും വാണിജ്യത്തിലും മറ്റും ഏര്‍പ്പെട്ട ഇന്‍ഡോ -ആര്യന്‍ ട്രൈബുകള്‍ വൈശ്യരായി തീര്‍ന്നു. ഇത്തരത്തില്‍ ഇന്‍ഡോ - ആര്യന്മാര്‍ ത്രൈവര്‍ണികരും അവരുടെ വാല്യക്കാരായി ജീവിച്ച ദസ്യുക്കള്‍ ശൂദ്രരുമായി പരിണമിച്ചു. ഈ വര്‍ണ്ണങ്ങളില്‍ ഒന്നും പെടാത്തവര്‍ വേറെയും ഗണങ്ങളായി പല ഇടങ്ങളിലും കഴിഞ്ഞു. ആദ്യകാലത്ത് വര്‍ണവ്യത്യാസം തൊഴില്‍ പരം മാത്രമായിരുന്നു. ഓരോരുത്തരും വ്യത്യസ്ത തൊഴിലുകളില്‍ ഏര്‍പ്പെടുമ്പോള്‍ ഇവരുടെ വര്‍ണ്ണങ്ങള്‍ക്കും മാറ്റം വരുമായിരുന്നു. വലിയ ഒരു മതില്‍ക്കെട്ട് ത്രൈവര്‍ണികരേയും ശൂദ്രരേയും വേര്‍തിരിച്ചുകൊണ്ട് നിലനിന്നിരുന്നു. ശൂദ്രര്‍ക്ക് വര്‍ണ്ണക്കയറ്റം കൂടുതല്‍ പ്രയാസകരവുമായിരുന്നു. ഫ്യൂഡലിസത്തിന്റെ ഉദയത്തോടെയാണ് കേരളത്തില്‍ ജാതി വ്യവസ്ഥ ഉടലെടുത്തതെന്ന കാര്യത്തില്‍ മിക്കവാറും ചരിത്രകാരന്മാര്‍ യോജിപ്പ് പ്രകടിപ്പിക്കുന്നു. ബൗദ്ധ പ്രഭവകാലം അവസാനിക്കുന്നതുവരെ കേരളത്തില്‍ ജാതി ഉണ്ടായിരുന്നില്ലെന്നാണ് കരുതുന്നത്. പാണന്‍, പറയന്‍, ചാന്റോന്‍, വില്ലവന്‍, പരതന്‍, ആയന്‍ എന്നെല്ലാമുള്ള പേരില്‍ അറിയപ്പെട്ടിരുന്നത് തൊഴില്‍ അടിസ്ഥാനമാക്കിയായിരുന്നു. ബ്രാഹ്മണരും ഇവിടെ കുടിയേറിപ്പാര്‍ത്ത് പ്രത്യേക സമൂഹമായി ജീവിച്ചു. ഇവര്‍ തമ്മില്‍ ഉച്ചനീചത്വമോ അയിത്തമോ ഉണ്ടായിരുന്നില്ല. ഏഴും എട്ടും നൂറ്റാണ്ടുവരെ പൊതുവില്‍ ഇതായിരുന്നു സ്ഥിതി. ശൈവ വൈഷ്ണവ ഭക്തി പ്രസ്ഥാനങ്ങളുടെ കാലത്തും ജാതിയ്ക്ക് കാര്യമായി വേരുറയ്ക്കാന്‍ കഴിഞ്ഞിരുന്നില്ലെന്ന് ചരിത്രകാരന്മാര്‍ ചൂണ്ടിക്കാട്ടുന്നു. ചാതുര്‍വര്‍ണ്യവും യാഗവും ഒക്കെ പ്രചരിപ്പിക്കാന്‍ അശ്രാന്ത പരിശ്രമം നടത്തുകയും ജാതി നടിയ്ക്കുകയും ബ്രാഹ്മണര്‍ ചെയ്തിരുന്നുവെങ്കിലും ശൈവരിലും വൈഷ്ണവരിലും അധികം പേരും ജാതി പാലിച്ചിരുന്നില്ല. ഒമ്പതാം നൂറ്റാണ്ടായതോടെ ബ്രാഹ്മണര്‍ക്ക് രാഷ്ട്രീയത്തിലും സാമൂഹികമായ മറ്റിടങ്ങളിലും കൂടുതല്‍ സ്വാധീനം ചെലുത്താനായതോടെ ജാതി വ്യവസ്ഥയും ആരംഭിച്ചു.കേരളത്തിലെ ബ്രാഹ്മണര്‍ കൂടുതല്‍ സംഘടിതരായിരുന്നു.

ബ്രാഹ്മണരും അവരോടടുത്ത ആളുകള്‍ ഒരു വശത്തും ബ്രാഹ്മണ മതത്തെ എതിര്‍ത്തവര്‍ മറുവശത്തുമായി കേരളീയ സമൂഹം വിഭജിക്കപ്പെട്ടു. ഹിന്ദു മതക്കാരും ഹിന്ദു മതത്തിനു പുറത്തുള്ളവരും എന്ന കണക്കെ. ശൈവ വൈഷ്ണവാദികള്‍ ബ്രാഹ്മണരോട് അടുത്തു. ബൗദ്ധരും ജൈനരും ബ്രാഹ്മണമതത്തെ എതിര്‍ത്തു. ഹിന്ദുമതം സ്വീകരിച്ചവരെ വര്‍ണ്ണങ്ങളായി തിരിച്ചു. രാജാക്കന്മാരെയെല്ലാം ക്ഷത്രീയന്മാരാക്കി. കച്ചവടം ജൂതന്മാരും അറബികളും ക്രൈസ്തവരും അടങ്ങുന്ന വണിക്കുകളുടെ കൈയിലായിരുന്നതിനാല്‍ കച്ചവടം തൊഴിലായി ജീവിച്ച വൈശ്യ വിഭാഗം ഇവിടെ ഉണ്ടായില്ല. ബ്രാഹ്മണ മതത്തെ പിന്‍തുടര്‍ന്ന മറ്റെല്ലാവരേയും ശൂദ്രരാക്കി. ബുദ്ധമതം കേരളത്തില്‍ ക്ഷയോന്മുഖമായതോടെ അവരും ഹിന്ദുക്കളായി തീര്‍ന്നു. പക്ഷെ, അവരെ വര്‍ണ്ണ വ്യവസ്ഥയുടെ വെളിയിലേക്ക് മാറ്റി നിര്‍ത്തി.

ജാതി വര്‍ണ്ണ വ്യവസ്ഥകള്‍ കൂടുതല്‍ ദൃഢീകരിക്കുന്നതിനും പ്രചരിപ്പിക്കപ്പെടുന്നതിനും സഹായകരമായ സാഹചര്യമാണ് അക്കാലത്ത് കേരളത്തില്‍ രൂപപ്പെട്ട് വന്നത്. ജാതി വ്യവസ്ഥയും അയിത്താചാരങ്ങളും ഒക്കെ ചിട്ടപ്പെടുത്തിക്കൊണ്ടുള്ള തീരുമാനം വന്നത് മാമാങ്ക സദസ്സിലായിരുന്നുവെന്നാണ് കരുതപ്പെടുന്നത്. പന്ത്രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ ചേരുന്ന മാമാങ്ക സദസ്സിലെ തീരുമാനങ്ങള്‍ കേരളം അപ്പാടെ അംഗീകരിച്ചിരുന്നു. തൊഴിലിന് ഉച്ചനീചത്വം കല്പിച്ചതും തൊഴിലിനെ അടിസ്ഥാനമാക്കിയും മറ്റു തരത്തിലും ജാതികള്‍ക്ക് ഉച്ചനീചത്വം കല്‍പ്പിച്ചതും ഈ പന്തിരാണ്ട് സഭയാണെന്നും ചരിത്രകാരന്മാര്‍ പറയുന്നു. കേരളത്തിന്റെ സാമൂഹിക ജീവിതത്തെ നരക സമാനമാക്കിയ ജാതി വ്യവസ്ഥയും അതിനെ അടിസ്ഥാനമാക്കിയ അയിത്തവും തീണ്ടലും തൊടീലുമൊക്കെ രൂക്ഷതരമാക്കപ്പെടുന്നത് ഇതോടെയാണ്. ശാങ്കര സ്മൃതി കണക്കെയും ജാതി നിര്‍ണയവും പോലുമുള്ളവ പ്രമാണങ്ങളായി. കേരളത്തില്‍ ഇന്നു കാണുന്ന തരത്തിലെ വിവിധ ജാതികളുടെ ഉത്ഭവം ഇക്കാലത്താണ് ഉണ്ടായതെന്ന് കരുതുന്നു. വലിഞ്ഞു മുറുക്കുന്ന ആചാരങ്ങള്‍ ''ചൊട്ട മുതല്‍ ചുടലവരെ അയാളെ വരിഞ്ഞുമുറുക്കിയിരിക്കുന്നത് പാരമ്പര്യ ക്രമങ്ങളുടേയും ആചാരങ്ങളുടേയും അലംഘനീയമായ ശൃംഖലകളാണ്.'' താന്‍ കണ്ട മലയാളി സമൂഹത്തെ കുറിച്ച് വില്യം ലോഗന്‍ 'മലബാര്‍ മാന്വലി'ല്‍ ഇങ്ങനെ കുറിക്കുന്നു. ഈ അംലഘനീയത്വം മലയാളികളുടേയും ഭാരതീയരുടേയും എക്കാലത്തേയും വേവലാതികളായിരുന്നു. എല്ലാ നീതിനീയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും അടിപ്പെട്ട് നില്‍ക്കുന്നവരായിരുന്നു പഴയ മലയാളി സമൂഹത്തിലെ ബഹുഭൂരിപക്ഷവും. അവരെ നയിച്ചിരുന്നതും നിയന്ത്രിച്ചിരുന്നതും ഒരുതരത്തിലും യുക്തി സഹമെന്ന് തോന്നാതിരുന്ന ആചാരങ്ങളും കീഴ് വഴക്കങ്ങളും. ഭൂരിപക്ഷ ഹിന്ദു സമൂഹത്തിന്റെ നീതിയായിരുന്നു നാടു ഭരിച്ചിരുന്ന രാജ നീതിയും ഏറിയകാലങ്ങളിലും. ഹൈന്ദവേതര മതസമൂഹങ്ങളിലേക്കും ഇതിന്റെ സ്വാധീനതകള്‍ പ്രവഹിച്ചു. പ്രാദേശികമായി ഉയര്‍ന്ന തിരിച്ചറിവുകള്‍ക്കൊപ്പം കൊളോണിയല്‍ കാലത്തെ പാശ്ചാത്യമായ അറിവുകള്‍, പ്രാദേശികമായ ഉയിര്‍പ്പുകളും പ്രതിരോധങ്ങളും കീഴാള പ്രസ്ഥാനങ്ങളും അടക്കമുള്ളവയുടെ സാന്നിധ്യം ഇത്തരം ആചാരങ്ങള്‍ സംബന്ധിച്ച ജീവത്തായ സന്ദേഹങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ പ്രേരകമായി എന്നും കാണേണ്ടതുണ്ട്. സാമൂഹിക മാറ്റത്തിനുള്ള വിത്തുകള്‍ പാകുന്നതിവയാണ്. ആചാര ബദ്ധമായിരുന്ന പഴയകാല മലായാളിയുടെ ജീവിതത്തെ ശകുനങ്ങളും നിമിത്തങ്ങളും സൂചനകളും ലക്ഷണങ്ങളും ഒക്കെ നിയന്ത്രിച്ചു. അവയുടെ പരിസ്ഫുരണങ്ങള്‍ പല രൂപത്തിലും വര്‍ത്തമാനകാല ജീവിതത്തേയും സ്വാധീനിക്കുന്നുണ്ടെന്നത് വാസ്തവം. ജാതിയെ ഒരു മതസ്ഥാപനമോ പ്രസ്ഥാനമോ ആയി അരക്കെട്ടുറപ്പിക്കാന്‍ സാധിച്ചതോടെ ആചാരബദ്ധമായ ജീവിത ചര്യകള്‍ക്ക് പ്രാമാണ്യമേറുകയായിരുന്നു. എന്നു കുളിക്കാം, ക്ഷൗരം ചെയ്യാം എന്നു തുടങ്ങിയകാര്യങ്ങളെ പ്രാമാണിക ഗ്രന്ഥങ്ങള്‍ എഴുതി വച്ചു. മുഹൂര്‍ത്തങ്ങളെ കുറിച്ചുള്ള ആധികള്‍, ജീവിത സുരക്ഷയെ ചൊല്ലിയുള്ള അയുക്തികമെങ്കിലും പരമ്പരാഗത വിശ്വാസങ്ങള്‍, പിതൃക്കളേയും പിശാചുക്കളേയും ഭയക്കുകയും അവരെ പ്രീതിപ്പെടുത്തുകയും ഒക്കെ ചെയ്യുന്ന ആചാരങ്ങള്‍, പൂര്‍വജന്മത്തിലെ പാപമാണ് ഈ ജന്മത്തിലെ രോഗമെന്നുതുപോലുള്ള വിധികള്‍... ദൈവങ്ങളെ പ്രീതിപ്പെടുത്തുന്നതോടെ സമസ്ത പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകുന്ന തരത്തിലായിരുന്നു വിശ്വാസധാരകള്‍.ഇത്തരം ഒട്ടേറെ സങ്കീര്‍ണ്ണങ്ങളായ വിശ്വാസങ്ങളാലും ചിട്ടകളാലും സ്വയം വീര്‍പ്പുമുട്ടുന്നവരായിരുന്നു മലയാളികള്‍. അവര്‍ക്കു മുന്നില്‍ തുറക്കപ്പെട്ടുകൊണ്ടിരുന്ന അറിവുകള്‍ക്കും യുക്തികള്‍ക്കും ചേര്‍ന്നുപോകുന്നവയായിരുന്നില്ല ഇവയൊന്നും തന്നെ. അതുകൊണ്ടുതന്നെ വലിയ സമരങ്ങളും പ്രക്ഷോഭങ്ങളും കാലാകാലങ്ങളില്‍ ഉയര്‍ന്നുവരികയും ചെയ്തു. അരുതായ്കകളുടെ പട്ടികകള്‍ കേരളത്തിലെ ജാതി വ്യവസ്ഥ ഇന്ത്യയുടെ ഇതരഭാഗങ്ങളിലുള്ള ജാതിവ്യവസ്ഥയേക്കാള്‍ കഠിനവും ക്രൂരവുമായിരുന്നു. രാജാധികാരം അടക്കം എല്ലാം ബ്രാഹ്മണനു ദാസ്യം വഹിച്ചു. അവര്‍ക്കായിരുന്നു രാഷ്ട്രീയ സാമ്പത്തിക മേധാവിത്വം. ബ്രാഹ്മണര്‍ രാജാക്കന്മാര്‍ക്ക് പിഴ ചുമത്തുന്നതടക്കമുള്ള സംഭവങ്ങള്‍ ധാരാളമായി കാണാം. രാജാക്കന്മാര്‍ക്കാവട്ടെ, ബ്രാഹ്മണരുടെ മേലെ ഒരു നിതിന്യായ അധികാരവും ഉണ്ടായിരുന്നില്ല താനും. സ്മൃതികാരന്റെ വിധിക്ക് അനുസരണമായി, ജാത്യാചാരങ്ങളില്‍ അധിഷ്ടിതമായി-യുദ്ധമില്ലാത്ത കാലത്ത് അതത് ജാതിക്ക് ജനനവശാല്‍ വെച്ചിട്ടുള്ള പ്രവൃത്തികള്‍ എടുത്ത്- കാലക്ഷേപം വരുത്തണം. ശ്രേണിയില്‍ ഉന്നത സ്ഥാനത്ത് നിലകൊള്ളുന്ന ബ്രാഹ്മണര്‍ അശുദ്ധിതീണ്ടാതെ മനശൗചം, കര്‍മശൗചം, കുലശൗചം, ശരീരശൗചം, വാക്ശൗചം എന്നിങ്ങനെ പഞ്ചശൗചങ്ങളും പാലിച്ച് ജീവിക്കുകയും അവര്‍ക്ക് ചുവടെയുള്ളവരിലേക്ക് അവ പ്രചരിപ്പിക്കുകയും ചെയ്തു. സ്ത്രീകളോടും ജാതി ശ്രേണിയില്‍ താഴെ നില്‍ക്കുന്നവരോടും അത്യന്ത ഹീനങ്ങളായ വിവേചനങ്ങളാണ് പഴയ കേരളീയ സമൂഹത്തില്‍ നിലനിന്നിരുന്നത്. എല്ലാത്തിനും ആചാരങ്ങളുടേയും വിശ്വാസങ്ങളുടേയും പിന്‍ബലമുണ്ടായിരുന്നു. അരുതായ്കകളുടെ മഹാസാഗരത്തിലെ കാറിലും കോളിലും പെട്ട് ദിക്കറിയാതെ നീങ്ങിയിരുന്ന തോണികണക്കെയായിരുന്നു അക്കാലത്തെ മലയാളികളുടെ ജീവിതം. അത്യന്ത ദീര്‍ഘങ്ങളായിരുന്നു അവ. അതിലേക്ക് ഒരു ചരിത്രകാരന്‍ വെളിച്ചം വീശുന്നത് കാണുക: ''വെള്ളത്തിലോ എണ്ണയിലോ പ്രതിബിംബിച്ചതായ തന്റെ സ്വരൂപത്തെ നോക്കരുത്. ഭാര്യ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ അവളെ കാണരുത്. നഗ്നയായ സ്ത്രീയേയും രജസ്വലയേയും മുലമറയ്ക്കാത്തവളേയും കാണരുത്. പെണ്‍കുട്ടികളുടെ യോനിയേയും ശ്വാവ് മുതലായ ജന്തുക്കളുടെ മൈഥുനത്തേയും കാണരുത്. ഓട്ടു പാത്രത്തില്‍ കാലുവെയ്ക്കരുത്. ഒരു കാല്‍ കണ്ട് മറ്റേ കാല്‍ ചവിട്ടരുത്. ഭൂമിയില്‍ വരയ്ക്കരുത്. അവനവന്‍ ഭക്ഷിക്കുന്നതിന് മുന്‍പ് ശൂദ്രന് ഭക്ഷണം കൊടുക്കരുത്. ശൂദ്രന് അക്ഷരവിദ്യ ഉപദേശിക്കരുത്. ബ്രാഹ്മണന്‍ ശൂദ്രന്റെ പുരോഹതിനാകരുത്. ശൂദ്രന് ആധിപത്യമുള്ള രാജ്യത്ത് താമസിക്കരുത്. തീണ്ടാര്‍ന്നിരിക്കുന്നവളോട് സംസാരിക്കരുത്. ഉറങ്ങിക്കിടക്കുന്നവരെ ഉണര്‍ത്തരുത്. സ്ത്രീകള്‍ പുലര്‍ച്ചെയ്‌ക്കെണീറ്റ് കൈയും കാലും മുഖവും കഴുകി വസ്ത്രങ്ങള്‍ മാറ്റിയുടത്ത് വീണ്ടും കൈകാല്‍ മുഖങ്ങള്‍ കഴുകി സൂര്യോദയത്തിനു മുന്‍പായി അടിച്ചുതളിയെല്ലാം കഴിക്കണം. പിന്നെ തൈരു കലക്കണം. അമാവാസി സംക്രാന്തി ശ്രാദ്ധമുള്ള ദിവസം അന്നൊന്നും തൈര് കലക്കരുത്. കറുത്തവാവു നാള്‍ തൈരു കലക്കിയാല്‍ പശുക്കള്‍ നശിക്കും. സംക്രാന്തി ദിവസം തൈരു കലക്കുന്നതു കേള്‍ക്കുന്നത് പിതൃക്കള്‍ക്ക് വലിയ വേദനയാകുന്നു. അവര്‍ ആ തറവാട്ടിലേക്ക് കടക്കാതെ മടങ്ങിപ്പോകും. ശ്രാദ്ധമുള്ളദിവസം തൈരു കലക്കിയാല്‍ അന്നവിടെ ദാനം ചെയ്യുന്ന ഹവ്യകവ്യങ്ങളെ പിതൃക്കള്‍ കൈക്കൊള്ളുന്നതല്ല. ഭര്‍ത്താവ് ഉണ്ണുന്നതിന് മുന്‍പോ ഭര്‍ത്താവ് ഒരുമിച്ചോ ഉണ്ണരുത്. പത്‌നി ഭര്‍ത്താവുണ്ട ഇലയില്‍ തന്നെ ഉണ്ണണം. ഭര്‍ത്താവിന് വിരോധമായി ഒരു വാക്കുപോലും പറയരുത്. ഭര്‍ത്താവ് മുതലായ ഈശ്വര വിഗ്രഹങ്ങളെ നിത്യവും പൂജിക്കണം. ഭര്‍ത്താവിന്റെ കാല്‍ കഴുകിയ വെള്ളം അവള്‍ക്ക് ഗംഗാതീര്‍ഥത്തോടു തുല്യമാകുന്നു. മറ്റൊരു തീര്‍ഥം അവള്‍ക്കാവശ്യമില്ല. മലയാള ബ്രാഹ്മണ സ്ത്രീകള്‍ക്കു തീര്‍ഥശ്രാദ്ധം ചെയ്യുവാന്‍ പാടില്ല. വിധവയായി സ്ത്രീയും മലയാളത്തിന്റെ അതിരുവിട്ട് മറ്റൊരിടത്ത് തീര്‍ഥസ്‌നാനത്തിന് പോകരുത്. സ്ത്രീകള്‍ക്ക് വേദോച്ചാരണം കേള്‍ക്കാന്‍ പാടില്ല. അധികമായ വിദ്യാഭ്യാസം ആവശ്യമില്ല. പാട്ടുപാടുകയും കളിക്കുകയും അരുത്. ബ്രാഹ്മണസ്ത്രീകള്‍ ഭര്‍ത്താവൊഴിച്ച് മറ്റൊരു പുരുഷനെ കാണാന്‍ പാടില്ല. അവര്‍ പുറത്തിറങ്ങി സഞ്ചരിക്കുമ്പോള്‍ മറക്കുടയും തുണയും വേണം. രാത്രി ഏതായാലും വഴി നടക്കരുത്. ഉത്സവകാലങ്ങളില്‍ അമ്പലങ്ങളില്‍ പോകരുത്. തീണ്ടാരിയായിരുന്നാല്‍ ഒന്നും മിണ്ടാതേയും തനിക്ക് തൊടാമെന്നുള്ള വസ്തുക്കളൊഴിച്ച് മറ്റൊന്നും തൊടാതേയും അകത്തുനിന്നും പുറത്തുപോയിരിക്കണം. പൂര തൊടരുത്. പല്ലു തേക്കുകയും എണ്ണ തേച്ചു കുളിക്കുകയും കണ്ണെഴുതുകയും ചെയ്യാന്‍ പാടില്ല. മുല കുടിയുള്ള തന്റെ കുട്ടിയെ ഒഴിച്ച് മറ്റാരേയും തൊടരുത്. ദൂരയാത്ര ചെയ്യുകയും ഇണപ്പുടവ ഉടുക്കുകയും പൂവ് ചൂടുകയും അരുത്. ഓട്ടുപാത്രത്തില്‍ ഉണ്ണരുത്. ഇലയിലാണ് ഉണ്ണേണ്ടത്. തീണ്ടാരിയായിരിക്കുമ്പോള്‍ പൂവ് ചൂടിയാല്‍ അവളിലുണ്ടാകുന്ന പുത്രനും പുത്രിയും കഷണ്ടിക്കാരായിത്തീരും. നാലാം ദിവസം കുളിക്കുന്നതിനു മുന്‍പ് പല്ലു തേച്ചാല്‍ പുത്രന്മാര്‍ കരുവാളിച്ച പല്ലുള്ളവരോ ദന്തരോഗികളോ കോന്ത്രമ്പല്ലുള്ളവരോ ആയിത്തീരും. സന്ധ്യാസമയം പുറത്തിരുന്നാല്‍ കുട്ടികള്‍ അപസ്മാര ബാധിതന്മാരും വഴി നടന്നാല്‍ മുടന്തന്മാരും ഇണപ്പുടവയുടുത്താല്‍ കുഷ്ഠരോഗികളും ഓട്ടുപാത്രത്തിലുണ്ടാല്‍ ഭിക്ഷയെടുത്ത് ഉപജീവനം കഴിയ്ക്കുന്നവരും ആയിത്തീരും. ഋതുസ്‌നാനം ചെയ്തുവന്നാല്‍ ഒന്നാമതായി ഭര്‍ത്താവിന്റെ മുഖത്ത് നോക്കണം...'' ഇത്തരത്തില്‍ അരുതായ്കകളുടെ വലിയ ശൃംഖലകളിലൂടെയായിരുന്നു പഴയകാലത്തിലെ മലയാളികളുടെ ചിട്ടവട്ടങ്ങള്‍ രൂപപ്പെട്ടത്. ഇവ നിത്യമായി പാലിക്കപ്പെടുന്നതിനായി ആചാരങ്ങളായി ക്രമപ്പെടുത്തി സമൂഹ മനസ്സില്‍ ആധിപത്യശക്തികള്‍ സഞ്ചയിച്ചു. ഇവയ്‌ക്കെതിരായ രൂപപ്പെട്ട ചോദ്യങ്ങളെ അധീശശക്തികള്‍ നിര്‍ദ്ദയം അടിച്ചമര്‍ത്തി. എല്ലാത്തിനും പ്രമാണമായി സജ്ജനാചാരത്തെ കൂട്ടുപിടിച്ചു. എന്നാല്‍ അധീശക്്തികളുടെ ഇച്ഛയ്ക്കനുസരിച്ച് ഓരോ ഘട്ടത്തിലും ഇത്തരം അരുതായ്മകളെ മാറ്റി തീര്‍ക്കുന്നതും നമുക്ക്് കാണാനാകും. മുല മറയ്ക്കാത്ത സ്ത്രീയെ കാണരുതെന്ന പ്രമാണം ഇരിക്കെ തന്നെ മുലമറയ്ക്കല്‍ അരുതായ്കയായി പ്രമാണം ചമച്ചു. ബ്രാഹ്മണരുടെ ആജ്ഞയിന്‍ കീഴിലുള്ള ഉള്‍പ്രദേശങ്ങളില്‍ ഒരു ശൂദ്ര സ്ത്രീ മുലമറച്ച് നടന്നാല്‍ അന്നേ ദിവസം അവളെ വംശത്തോടെ കുടിയിറക്കുമെന്നുവരെയുള്ള പ്രമാണങ്ങളും കാണാനാകും. ജാതി ശ്രേണിയില്‍ താഴെയ്ക്കു പോകുമ്പോള്‍ പീഡനം ഏറി. അതേസമയം, ഉന്നത കുലജാതകളായ ബ്രാഹ്മണ സ്ത്രീകള്‍ മുതല്‍ സ്ത്രീകള്‍ ഒന്നായി തന്നെ അരുതായ്കകളുടെ പിടിയില്‍ പെടുന്നു. കീഴാള ജനതയും സ്ത്രീകളും ഒക്കെ അത്യന്ത കഠിനമായ സമരങ്ങളിലൂടെയാണ് ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള ഒരിടം സമൂഹത്തില്‍ നേടിയെടുത്തത്. അതെക്കുറിച്ച് വര്‍ത്തമാന കാല സമൂഹം എത്രമാത്രം ബോധ്യമുള്ളവരാണെന്ന് ആലോചിക്കേണ്ടതുണ്ട്. ആചാരങ്ങള്‍ക്കായി ചരിക്കുന്ന വലിയ പങ്ക് ഇക്കാലത്ത് നമുക്കിടയില്‍ കാണുന്നു. അവയെ ചോദ്യം ചെയ്യുന്നതില്‍ വിദ്യാസമ്പന്നര്‍ പോലും അസ്വസ്ഥരാകുന്നു. പൂര്‍വികര്‍ പോരാടി പിഴുതെറിഞ്ഞ, മാറ്റിത്തീര്‍ത്ത ആചാരങ്ങളുടെ കൂമ്പാരങ്ങള്‍ ഭൂതകാലത്തില്‍ നിന്നും ഉണര്‍ത്തിയെടുത്താല്‍ എവിടേയ്ക്കായിരിക്കും നമ്മള്‍ എത്തിച്ചേരുക എന്നത് ചിന്താശീലരെങ്കിലും ആലോചന ചെയ്യണം.

(അടുത്തലക്കം: ശിക്ഷാവഴികള്‍)

ആദ്യ ഭാഗങ്ങള്‍ ഇവിടെ വായിക്കാം

മലയാളി മുണ്ടുടുക്കാന്‍ തുടങ്ങിയത് എന്നാണ്?- മലയാളിത്തത്തിന്റെ സഞ്ചാരവഴികള്‍

,

അരിയാഹാരം കഴിക്കുന്ന മലയാളി ആഹാരമെന്ന അധികാരം, പദവി, വിശ്വാസം പുല്ലുമാടങ്ങള്‍, നാലുപുരകള്‍, ലംബനിര്‍മിതികള്‍; മനുഷ്യര്‍ പാര്‍ക്കുന്ന ഇടങ്ങള്‍ നവോത്ഥാനം ശുദ്ധി വരുത്തിയ മലയാളിയുടെ കുളി മുടിക്കെട്ടിലും കുറിയിലും വിളങ്ങി നില്‍ക്കുന്നത്
എന്താണ് രാമ വിലക്ക്? വട്ടവര വരച്ചു നിര്‍ത്തിയ മലയാളിയുടെ ന്യായ നടത്തിപ്പിന്റെ പഴയകാലം 'ജാ ഇതി' എന്ന ജാതി, വര്‍ണ്ണങ്ങളും കലര്‍പ്പുകളും

അവലംബം:

1. നാരായണഗുരു, ജീവിതം, കൃതികള്‍, ദര്‍ശനം, എഡി. കെ.എന്‍. ഷാജി, കറന്റ് ബുക്‌സ്, തൃശൂര്‍ 2. പത്തൊന്‍പതാം നൂറ്റാണ്ടിലെ കേരളം-പി. ഭാസ്‌ക്കരനുണ്ണി, കേരള സാഹിത്യ അക്കാദമി, തൃശൂര്‍ 3. മലയാള സംസ്‌ക്കാരം കാഴ്ചയും കാഴ്ചപ്പാടും-ഡോ. എന്‍. അജിത് കുമാര്‍, കേരള ഭാഷ ഇനിസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം

4. കേരളത്തിന്റെ സാംസ്‌കാരിക ചരിത്രം-പി.കെ. ഗോപാലകൃഷ്ണന്‍, കേരള ഭാഷ ഇനിസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം 5. മലബാര്‍ മാന്വല്‍, വില്വം ലോഗന്‍, മാതൃഭൂമി ബുക്‌സ്, കോഴിക്കോട്. (Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories