TopTop
Begin typing your search above and press return to search.

ആദ്യ എല്‍ഡിഎഫ് സര്‍ക്കാരിന് 40 വയസ്സ്, മുന്നണി സംവിധാനത്തിലൂടെയുള്ള രാഷ്ട്രീയ കേരളത്തിന്റെ പ്രയാണം

ആദ്യ എല്‍ഡിഎഫ് സര്‍ക്കാരിന് 40 വയസ്സ്, മുന്നണി സംവിധാനത്തിലൂടെയുള്ള രാഷ്ട്രീയ കേരളത്തിന്റെ പ്രയാണം

നാല്‍പതു വര്‍ഷം മുമ്പ് ഇന്നെ ദിവസമായിരുന്നു ഇ കെ നായനാരുടെ നേതൃത്വത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തില്‍ എത്തിയത്. കേരള രാഷ്ട്രീയത്തെ പിന്നിടങ്ങിങ്ങോട്ട് നിയന്ത്രിച്ച മുന്നണി സമ്പ്രദായത്തിന്റെ തുടക്കമെന്നും പറയാം. ഇടതു - വലത് മുന്നണികളിലേക്ക് കേരളത്തിന്റെ മുഖ്യധാര രാഷ്ട്രീയം ധ്രൂവികരിക്കരിക്കപെട്ടി്ട്ടും നാല് പതിറ്റാണ്ട് കഴിഞ്ഞിരിക്കുന്നു

അടിയന്തരവാസ്ഥയ്ക്ക് ശേഷമുള്ള രാഷ്ട്രീയമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ രൂപികരണത്തിലേക്ക് വഴിവെച്ചത്. അന്നത്തെ ഇടതു പക്ഷ മുന്നണിയിലെ പ്രധാനഘടകകക്ഷിയായി എ കെ ആന്റണിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് യു വും ഉണ്ടായിരുന്നു. സിപിഐ, മാണിയുടെ കേരള കോണ്‍ഗ്രസ്, പിള്ളയുടെ കേരള കോണ്‍ഗ്രസ്, അഖിലേന്ത്യാ മുസ്ലീം ലീഗ് ആര്‍എസ്പി എന്നീ പാര്‍ട്ടികള്‍ അന്ന് എല്‍ഡിഎഫിലായിരുന്നു. ഇന്ത്യന് യൂണിയന്‍ മുസ്ലീംലീഗും ജോസഫിന്റെ കേരളകോണ്‍ഗ്രസും പിഎസ്പി, എന്‍ഡിപി എസ്ആര്‍പി എന്നിവയായിരുന്നു യുഡിഎഫിലെ പാര്‍ട്ടികള്‍.
ഇ കെ നായനാരുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് പക്ഷെ ആയുസ്സ് കുറവായിരുന്നു. അടിയന്തരാവസ്ഥയെ വിമര്‍ശിച്ച് എ കെ ആന്റണിയുടെ പാര്‍ട്ടി കോണ്‍ഗ്രസ് യു ഉണ്ടാക്കിയാണ് ഇടതുപക്ഷത്തോട് സഹകരിച്ചിരുന്നത്. എന്നാല്‍ ആന്റണി പിന്നീട് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു. 21 അംഗങ്ങള്‍ ആന്റണി കോണ്‍ഗ്രസിനുണ്ടായിരുന്നു. പിള്ള മാണി വിഭാഗങ്ങള്‍ കൂടി പിന്തുണ പിന്‍വലിച്ചതോടെ നായനാര്‍ വീണു. കരുണാകരന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. കാസ്റ്റിംങ് വോട്ടിലൂടെ അധികാരം നിലനിര്‍ത്തിയ ചരിത്രെിലെ ഏക സര്‍ക്കാരെന്നതാണ് കരുണാകരന്‍ ഗവണ്‍മെന്റിന്റെ പ്രത്യേകത. അധിക കാലം സര്‍ക്കാര്‍ തുടര്‍ന്നില്ല. തുടര്‍ന്ന് 1982 ല്‍ വീണ്ടും തെരഞ്ഞെടുപ്പ്. 77 സീറ്റ് നേടി കെ കരുണാകരന്റെ നേതൃത്വത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തുകയും ചെയ്തു.
കേരളത്തില്‍ പിന്നീട് മുന്നണികളുടെ സമവാക്യങ്ങള്‍ പലപ്പോഴായി മാറി മറഞ്ഞെങ്കിലും ബഹുകക്ഷി കൂട്ടായ്മയ്ക്ക് ഒരു കേരള മോഡല്‍ സ്ഥാപിച്ചെടുക്കാന്‍ കഴിഞ്ഞുവെന്നതുകൂടിയാണ് കേരള രാഷ്ട്രീയത്തില്‍ 1980 ന്റെ പ്രത്യേകത. തുടക്കത്തില്‍ സാമുദായിക പിന്‍ബലത്തില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ ഇരു മുന്നണികളുടെയും ഭാഗമായിരുന്നു. അഖിലേന്ത്യാ ലീഗ് എല്‍ഡിഎഫിന്റെ ഭാഗമായിരുന്നപ്പോള്‍ ഇന്ത്യന്‍ യുണിയന്‍ മുസ്ലീം ലീഗ് യുഡിഎഫിന്റെ ഭാഗമായി. അതുപോലെ കേരള കോണ്‍ഗ്രസ് പിള്ള, മാണി വിഭാഗങ്ങള്‍ എല്‍ഡിഎഫിന്റെ ഭാഗമായപ്പോള്‍, കേരള കോണ്‍ഗസ് ജോസഫ്, എസ് ആര്‍ പി, എന്‍ഡിപി തുടങ്ങിയ കക്ഷികള്‍ യുഡിഎഫിനൊപ്പമായിരുന്നു.
1984 കാലത്ത് തുടങ്ങിയ ശരീയത്ത് വിവാദമാണ് മുന്നണി സംവിധാനത്തിന്റെ രാഷ്ട്രീയ സ്വഭാവത്തില്‍ മാറ്റം വരുത്തുന്നത്. ശരീയത്ത് നിയമങ്ങളുമായി ബന്ധപ്പെട്ട് ഇ എം എസ് പറഞ്ഞ് അഭിപ്രായങ്ങള്‍ വന്‍ വിവാദങ്ങളാണ് സൃഷ്ടിച്ചത്. പ്രശസത് ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ് കോഴിക്കോട് നടന്ന യോഗത്തില്‍ ശരിയത്ത് നിയമങ്ങളുമായി ബന്ധപ്പെട്ട് ചില അഭിപ്രായങ്ങള്‍ പറഞ്ഞത് മത യാഥാസ്ഥികരെ പ്രകോപിച്ചിരുന്നു. ഇര്‍ഫാന്‍ ഹബീബിന്റെ അഭിപ്രായങ്ങളെ ന്യായികരിച്ചുകൊണ്ടും കൂടുതല്‍ വ്യാഖ്യാനിച്ചുകൊണ്ടും ഇഎം എസ് നിലപാട് സ്വീകരിച്ചതോടെ വലിയ വിവാദമായി. രണ്ടായി നിന്ന ലീഗുകള്‍ ഇതോടെ ഒന്നായി. അഖിലേന്ത്യ ലീഗ് മാതൃസംഘടനയില്‍ ലയിച്ചു. ഈ വിവാദം സൃഷ്ടിച്ച അന്തരീക്ഷത്തിലാണ് വര്‍ഗീയ പാര്‍ട്ടികളുമായി ബന്ധമില്ലെന്ന നിലപാട് ഇ എംഎസ് മുന്നോട്ട് വെച്ചത്. അങ്ങനെ 1987 ലെ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയില്‍ ലീഗി്ല്ലാതെയായി. വര്‍ഗീയ സ്വഭാവമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഒരു പാര്‍ട്ടിയും അന്ന് എല്‍ ഡി എഫിലുണ്ടായിരുന്നില്ല. 1987 ല്‍ അധികാരത്തിലെത്താന്‍ ഇടതുപക്ഷത്തിന് മൃദു ഹിന്ദുത്വ വോട്ടുകള്‍ സഹായിച്ചുവെന്നൊരു വ്യാഖ്യാനവുമുണ്ടായി. പിന്നീടൊരിക്കലും മുസ്ലീം ലിഗ് ഇടതുമുന്നണിയുടെ ഭാഗമായിരുന്നിട്ടില്ല. അതേസമയം കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ഇടതുപക്ഷത്തോടൊപ്പം ഉണ്ടാകുകയും ആ പാര്‍ട്ടിക്ക് ഇടതു മന്ത്രിസഭയില്‍ പ്രാതിനിധ്യം ലഭിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ആര്‍ ബാലകൃഷ്ണപിള്ള ഇടതുമുന്നണിയുടെ ഭാഗമാണ്.
ബാബ്‌റി മസ്ജിദ് തകര്‍ക്കപ്പെട്ടതിന് ശേഷം കോണ്‍ഗ്രസ് ബന്ധം തുടരുന്നത് സംബന്ധിച്ച് ലീഗില്‍ തര്‍ക്കം ഉണ്ടാകുകയും പാര്‍ട്ടി പിളരുകയും ചെയ്തു. അന്ന് വിഘടിത വിഭാഗം പാര്‍ട്ടി രൂപികരിക്കുമ്പോള്‍ അതില്‍ മുസ്ലീം എന്ന് ചേര്‍ക്കാതിരുന്നത് ഇടതുമുന്നണി പ്രവേശനത്തിന് അത് തടസ്സം സൃഷ്ടിക്കുമെന്ന് കരുതിയതിനാലാണ് എന്നും കഥകളുണ്ടായിരുന്നു. പേരില്‍ മുസ്ലീം ഇല്ലാതിരുന്നിട്ടും കഴിഞ്ഞ വര്‍ഷം മാത്രമാണ് ഐഎന്‍എല്ലിന് പക്ഷെ ഇടതുമുന്നണി പ്രവേശനം സാധ്യമായത്.
അഞ്ച് വര്‍ഷങ്ങളുടെ ഇടവേളകളില്‍ ഇടതും യുഡിഎഫും കേരളം മാറി മാറി ഭരിക്കാന്‍ തുടങ്ങിയതും 1980 ന് ശേഷമാണ്. ആര്‍ക്കും ഭരണ തുടര്‍ച്ചയുണ്ടാക്കാന്‍ കഴിഞ്ഞില്ല. 1980 നെ അപേക്ഷിച്ച് ഇടതുജനാധിപത്യമുന്നണിയില്‍ സിപിഎന്റെ പ്രാമുഖ്യം കൂടി. സിപിഐ യെ മാറ്റി നിര്‍ത്തിയാല്‍ മറ്റ് പ്രധാന പാര്‍ട്ടികള്‍ ആ മുന്നണിയില്‍ ഇല്ലാതെയുമായി. ആര്‍എസ്പി മുന്നണി വിട്ടു. യുഡിഎഫിലെ സ്ഥിതി വ്യത്യസ്ഥമാണ്. കോണ്‍ഗ്രസിനോളം തന്നെ പ്രബലമായി ലീഗ് മാറി. അതുപോലെ കേരള കോണ്‍ഗ്രസും. കെ എം മാണിയുടെ മരണത്തോടെ കേരള കോണ്‍ഗ്രസിലുണ്ടായ ഭിന്നത ഏതെങ്കിലും ഒരു വിഭാഗത്തെ എതിര്‍പാളയത്തിലെത്തിക്കുമോ എന്നും കണ്ടറിയണം.
ഇടത് ജനാധിപത്യ മുന്നണിയുടെ ആദ്യ സര്‍ക്കാര്‍ കാലം തികച്ചില്ലെങ്കിലും കേരളത്തില്‍ ഭരണ സ്ഥിരത ഉറപ്പുവരുത്താന്‍ മുന്നണി സംവിധാനത്തിന് സാധിച്ചുവെന്നത് വസ്തുതയാണ്. രണ്ട് പാളയത്തിലായി കേരളത്തിലെ മുഖ്യധാര പാര്‍ട്ടികള്‍ വിഘടിച്ചുനില്‍ക്കുന്നത് ഫലത്തില്‍ ഇരു മുന്നണി സംവിധാനമായി കേരള രാഷ്ട്രീയത്തെ മാറ്റുകയും ചെയ്തു. ബിജെപിയുടെ വര്‍ധിച്ചുവരുന്ന വോട്ടു വിഹിവും രാഷ്ട്രീയ സാനിധ്യവും മുന്നണി സംവിധാനത്തെയും പൊളിച്ചെഴുതുമോ എന്നത് കണ്ടറിയണം.


എന്‍ കെ ഭൂപേഷ്

എന്‍ കെ ഭൂപേഷ്

കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍

Next Story

Related Stories