TopTop
Begin typing your search above and press return to search.

മാധ്യമങ്ങള്‍ അവരുടെ പങ്ക് വഹിക്കണം, ആത്മ പരിശോധന നടത്തണം

മാധ്യമങ്ങള്‍ അവരുടെ പങ്ക് വഹിക്കണം, ആത്മ പരിശോധന നടത്തണം

ജനാധിപത്യത്തിന്റെ കാവല്‍ തൂണുകളില്‍ ഒന്നാണ് മാധ്യമങ്ങള്‍ എന്ന് വിശേഷിപ്പിക്കാറുണ്ട്. എക്‌സിക്യൂട്ടീവിനും ലെജിസ്ലേറ്ററിനും ജുഡീഷ്യറിക്കും ഉള്ള ഉത്തരവാദിത്തം പോലെ തന്നെ മാധ്യമങ്ങള്‍ക്കും വലിയ ഉത്തരവാദിത്തമാണുള്ളത്. ഒരര്‍ത്ഥത്തില്‍ ഇത് പരസ്പരം പൂരകവുമാണ്. ഇന്ത്യയുടെ ഭരണഘടന അതിന്റെ 70 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ഏറെ വെല്ലുവിളികള്‍ നേരിടുന്ന ഒരു കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. സി.എ.എ, എന്‍.ആര്‍.സി, എന്‍.പി.ആര്‍ എന്നി മൂന്ന് അക്ഷരങ്ങളെ കൊണ്ട് വിവക്ഷിക്കപ്പെടുന്ന മൂന്നു വാക്കുകളെ സംബന്ധിച്ച് ഒരുപാട് ചര്‍ച്ചകള്‍ വിശദമായി രാജ്യത്തെമ്പാടും നടക്കുകയാണ്. ഇന്ത്യയുടെ ഭരണഘടന എന്താണ് എന്നത് മനസിലാക്കാനും അതിന്റെ ആമുഖത്തെ കുറിച്ചെങ്കിലും സാധാരണ ജനങ്ങള്‍ വായിക്കാനും പഠിക്കാനും ചര്‍ച്ച ചെയ്യാനും തയ്യാറായി എന്നതും ഇന്ത്യയിലെ മാധ്യമങ്ങളും വിദേശ മാധ്യമങ്ങളും അംഗീകരിക്കുന്നതാണ്. സ്വന്തം നിലനില്‍പ്പ് തന്നെ ഭീഷണി നേരിടുന്ന കാലഘട്ടമാണിതെന്ന് ജനങ്ങളില്‍ വലിയൊരു വിഭാഗത്തിന് തോന്നിത്തുടങ്ങിയിരിക്കുന്നു. മറ്റൊരു രാഷ്ട്രത്തില്‍, അല്ലെങ്കില്‍ മറ്റേതെങ്കിലും രാഷ്ട്രങ്ങളില്‍ നടക്കുന്ന കാര്യങ്ങള്‍ വെച്ചുകൊണ്ട് നാം നേടിയിട്ടുള്ള നേട്ടങ്ങളില്‍ നിന്ന് കോട്ടങ്ങളിലേക്കും അപകടങ്ങളിലേക്കും ചെന്നെത്തുകയല്ല വേണ്ടത്. നാം എപ്പോഴും മെച്ചപ്പെട്ട മാതൃകകളെ കണ്ടാണ് ആവേശം കൊള്ളേണ്ടത്.

ഞാന്‍ ഇത് പറയുന്നത് ഇന്ത്യയിലെ മാധ്യമങ്ങള്‍ യഥാര്‍ത്ഥത്തില്‍ വഹിക്കേണ്ടതായ പങ്ക് ഉത്തരവാദിത്തത്തോടു കൂടി നിര്‍വഹിക്കുന്നുണ്ടോ എന്ന പരിശോധന മാധ്യമങ്ങള്‍ തന്നെ നടത്തണമെന്ന് അഭ്യര്‍ത്ഥിക്കാനാണ്. പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ തീരുമാനം എടുത്തതുകൊണ്ട് മാധ്യമങ്ങളെ നേര്‍വഴിക്ക് നയിക്കാമെന്നൊന്നും ഞാന്‍ വിശ്വസിക്കുന്നില്ല. ഇന്ത്യയുടെ ഭരണഘടനയില്‍ ഫ്രീഡം ഓഫ് പ്രസ്- മാധ്യമങ്ങളുടെ സ്വാതന്ത്ര്യം- എന്നത് മൗലിക അവകാശമായി രേഖപ്പെടുത്തപ്പെട്ടിട്ടില്ല എന്നതുകൊണ്ട് മാധ്യമങ്ങള്‍ക്ക് സ്വാതന്ത്ര്യം ഇല്ല എന്നാണോ. ഇന്ത്യയുടെ സ്വാന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് വളരെ വലിയ പങ്ക് വഹിച്ചിട്ടുള്ള മാധ്യമങ്ങളുണ്ട്. അന്ന് അച്ചടി മാധ്യമങ്ങളാണുണ്ടായിരുന്നത്. അച്ചടി മാധ്യമങ്ങള്‍ പലതും അന്ന് ദിനപ്പത്രങ്ങള്‍ പോലുമായിരുന്നില്ല. എത്രയോ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരായിരുന്നു ഗാന്ധിജി. മാധ്യമങ്ങളില്‍ സ്ഥിരമായി എഴുതിയിരുന്ന ആളായിരുന്നു പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു. കേരളത്തില്‍ ദേശാഭിമാനി ദിനപ്പത്രം നിലവില്‍ വരുന്നതിനും അത് മുന്നോട്ട് കൊണ്ടു പോകുന്നതിനും വലിയ പങ്കാണ് ഇ.എം.എസ് നമ്പൂതിരിപ്പാട് വഹിച്ചിട്ടുള്ളത്. മലയാള പത്രപ്രവര്‍ത്തകരുടെ കുലപതി സ്വദേശാഭിമാനി രാമകൃഷ്ണ പിള്ള വഹിച്ചിട്ടുള്ള പങ്കും നമുക്ക് അറിയാവുന്നതാണ്. നെയ്യാറ്റിന്‍കരയിലെ ഒരു നായര്‍ തറവാട്ടില്‍ ജനിച്ച് വളര്‍ന്ന വിദ്യാസമ്പന്നനായിട്ടുള്ള രാമകൃഷ്ണ പിള്ള, അദ്ദേഹമാണ് കാറല്‍ മാര്‍ക്‌സിനെ മലയാളികള്‍ക്ക് നന്നായി പരിചയപ്പെടുത്തുന്നത്. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റൊ സാധാരണ ജനങ്ങള്‍ക്ക് മനസ്സിലാകുന്ന ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യുകയും ചെയ്തത് അദ്ദേഹമാണ്. വക്കം മൗലവിയുടെ ഉടമസ്ഥതയിലായിരുന്നു സ്വദേശാഭിമാനി പത്രം. ദിവാന്‍ അല്ല ദൈവം തമ്പുരാന്‍ തെറ്റ് ചെയ്താലും ഞാനത് എഴുതുമെന്ന് പ്രഖ്യാപിച്ചപ്പോള്‍ ഡിസ്മിസ് ദ എഡിറ്റര്‍ ആന്‍ഡ് റീട്ടെയ്ന്‍ ദി പേപ്പര്‍ എന്നായിരുന്നു ദിവാന്റെ പ്രലോഭനം. എന്നാല്‍, രാമകൃഷ്ണ പിള്ളയെ പിരിച്ചു വിട്ടുകൊണ്ട് പത്രം നടത്തേണ്ടതില്ല എന്നായിരുന്നു വക്കം മൗലവി തീരുമാനം എടുത്തത്. അന്നത്തെ ഒരു കാലത്ത് നിന്ന് ഇന്ന് നമ്മുടെ മാധ്യമങ്ങള്‍ കോര്‍പ്പറേറ്റ് താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നവരായി മാറിയിട്ടുള്ളതിന്റെ വ്യതിയാനം പരിശോധിക്കപ്പെടണം. നിങ്ങള്‍ ആരോടൊപ്പം എന്നതാണ് ചോദ്യം.

സാധാരണ ജനങ്ങളുടെ ഇടയില്‍ നിന്നും സാധാരണ കുടുംബങ്ങളില്‍ നിന്നും വളര്‍ന്നു വന്നവരാണ് നമ്മുടെ മാധ്യമ പ്രവര്‍ത്തകര്‍. ആ മാധ്യമ പ്രവര്‍ത്തകരുടെ വേരുകള്‍ ജനങ്ങള്‍ക്കിടയിലാണ്. ആ മാധ്യമ പ്രവര്‍ത്തകരെ ഇന്ന് ആരെങ്കിലും പ്രലോഭിപ്പിക്കുകയൊ വശീകരിക്കുകയൊ വിലക്കെടുക്കുകയൊ അല്ലെങ്കില്‍ ഏതെങ്കിലും വിധത്തില്‍ വരുതിയിലാക്കുകയൊ ചെയ്തുകൊണ്ട് മാധ്യമങ്ങളെ തങ്ങളുടെ കുഴലൂത്തുകാരായി ഭരണകൂടമോ അധികാര ശ്രേണിയില്‍ ഉള്ളവരോ ദുരുപയോഗപ്പെടുത്തുന്നുവെങ്കില്‍
മാധ്യമ പ്രവര്‍ത്തകര്‍ സ്വയം വില്‍പ്പന ചരക്കായി മാറുന്നു എന്നുള്ളതാണ്.

കഴിഞ്ഞ ദിവസം റിപ്പബ്ലിക് ദിനമായിരുന്നു. കഴിഞ്ഞ ഒരാഴ്ചക്കാലം നമ്മുടെ ചില മലയാള പത്രങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും ജനങ്ങള്‍ക്ക് പഠിക്കാന്‍ ഉപയുക്തമായ നിലയില്‍ ഭരണഘടനയെ കുറിച്ച് ചില ലേഖനങ്ങള്‍ അച്ചടിക്കുകയുണ്ടായി. എന്നാല്‍, ദേശീയ മാധ്യമങ്ങള്‍ ലക്ഷക്കണക്കിന് രൂപയുടെ പരസ്യങ്ങള്‍കൊണ്ട് താളുകള്‍ നിറക്കുകയായിരുന്നു. റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ പുറത്തിറങ്ങിയിട്ടുള്ള പത്രങ്ങളില്‍ വാര്‍ത്തകള്‍ക്ക് നീക്കിവെച്ചിട്ടുള്ള സ്ഥലത്തേക്കാള്‍ കൂടുതല്‍ പരസ്യങ്ങള്‍ക്ക് വേണ്ടിയായിരുന്നു. ഇതൊരു പുതിയ സംഭവമല്ല. എന്നാല്‍, ഇപ്പോള്‍ പറയാന്‍ കാരണം, ഡല്‍ഹിയില്‍ കഴിഞ്ഞ ഏതാനും മാസക്കാലങ്ങള്‍ക്കിടയില്‍ ചില തീപിടുത്തങ്ങളുണ്ടായി. അതില്‍ പാവപ്പെട്ട തൊഴിലാളികളാണ് വെന്തു വെണ്ണീറായത്. പക്ഷെ, ഡല്‍ഹിയില്‍ പുറത്തിറങ്ങിയ എത്ര പത്രങ്ങളാണ് ഈ തൊഴിലാളികളുടെ പേരു വിവരങ്ങള്‍ അച്ചടിക്കാന്‍ തയ്യാറായത്. മനുഷ്യന്റെ ജീവന് വിലയില്ലാത്ത നിലയില്‍ രാജ്യ തലസ്ഥാനത്തെ മാധ്യമങ്ങള്‍ പേരുമാറുക എന്നത് ഒട്ടും നല്ല മാതൃകയല്ല.

വളരെ കുട്ടിക്കാലം മുതലെ ഒരു അച്ചടി മാധ്യമം കണ്ട് വളര്‍ന്ന ഒരാളാണ് ഞാന്‍. വിശ്വ കേരളം എന്ന പേരിലുള്ളൊരു ദിന പത്രംഞങ്ങള്‍ക്കുണ്ടായിരുന്നു. എന്റെ പിതാവ് സഖാവ് അനിരുദ്ധനായിരുന്നു അതിന്റെ പ്രിന്ററും പബ്ലിഷറും. 1964ല്‍ സി.പി.എം രൂപീകൃതമായപ്പോള്‍ ദേശാഭിമാനിക്ക് കോഴിക്കോട് ഒരു എഡിഷന്‍ മാത്രമാണുണ്ടായിരുന്നത്. ഇന്ന് അച്ചടിക്കുന്ന ദേശാഭിമാനി പത്രം നാളെ മാത്രമാണ് തിരുവനന്തപുരത്ത് കിട്ടുമായിരുന്നുള്ളൂ. കെ.എസ്.ആര്‍.ടി.സി ബസ്സിലാണ് പത്രത്തിന്റെ കെട്ട് എത്തിയിരുന്നത്. നാലു പേജുള്ള ഡബിള്‍ ക്രൗണ്‍ വലിപ്പത്തിലുള്ള പത്രമായിരുന്നു വിശ്വ കേരളം. അച്ചന് അച്ചുകൂടങ്ങളോട് വലിയ താല്‍പര്യമായിരുന്നു. പത്രം നടത്തികൊണ്ടു പോവുക എന്നത് വളരെ ദുഷ്‌കരമായ ഒരു കാര്യവുമായിരുന്നു. അന്ന് പത്രങ്ങള്‍ തമ്മില്‍ പരസ്പരം നല്ല ബന്ധമായിരുന്നു. ദേശാഭിമാനിക്ക് ന്യൂസ് പ്രിന്റ് ക്ഷാമം നേരിടുന്ന സമയത്ത് മലയാള മനോരമയില്‍ നിന്ന് ന്യൂസ് പ്രിന്റ് കടമായി നല്‍കുമായിരുന്നു. കോഴിക്കോട് ആദ്യം ചന്ദ്രികയും ദേശാഭിമാനിയും സഖാവിനെയും ജനാബിനേയും പരസ്പരം കടം നല്‍കിയിരുന്നു. സഖാവ് എന്നതിന്റെ ചുരുക്കക്ഷരമായിരുന്ന 'സ' ചന്ദ്രികക്കും ജനാബ് എന്നതിന്റെ 'ജ' ദേശാഭിമാനിക്കും കൈമാറിയിരുന്ന കാലമായിരുന്നു അത്. സി.പി.എം അംഗങ്ങള്‍ സ്വന്തമായി മറ്റു പ്രസിദ്ധീകരണങ്ങള്‍ നടത്തരുത് എന്ന നിലപാട് പാര്‍ട്ടി എടുത്തപ്പോഴാണ് അച്ഛന്‍ വിശ്വ കേരളത്തിന്റെ ചുമതലയില്‍ നിന്ന് ഒഴിയുന്നത്. പത്രം, അച്ചടി, അച്ചുകൂടം എന്നിവയുമായി ചെറുപ്പം മുതലെ ബന്ധമുള്ള ആളാണ് ഞാന്‍. കോളേജില്‍ പഠിക്കുന്ന കാലത്ത് തന്നെ ഞാന്‍ പ്രഫസര്‍ വി ജഗന്നാഥ പണിക്കരുടെ ഈനാട് പത്രത്തില്‍ എഴുതുമായിരുന്നു. കേരള കൗമുദിയിലും വല്ലപ്പോഴും എഴുതുന്ന സ്വഭാവമുണ്ടായിരുന്നു. ഇവ എല്ലാം എന്റെ പൊതുപ്രവര്‍ത്തനത്തിന് മുതല്‍കൂട്ടായി മാറിയിട്ടുണ്ട്.

മാധ്യമ യുദ്ധം

എം.പിയായിരുന്ന വേളയില്‍ ചില ചാനല്‍ ചര്‍ച്ചകളുമായി ബന്ധപ്പെട്ട് സംഭവിച്ചിട്ടുള്ള കാര്യങ്ങളാണ് ഇനി പറയുന്നത്. ആദ്യമായിട്ട് ഒരു ഇംഗ്ലീഷ് ചാനലില്‍ ചര്‍ച്ചക്കായി ചെന്നത് എന്‍.ഡി.ടി.വിയിലാണ്. ഇറ്റാലിയന്‍ നാവികരുടെ വിഷയവുമായി ബന്ധപ്പെട്ടാണ് ചര്‍ച്ച. അത് കഴിഞ്ഞതിന് ശേഷം മറ്റൊരു ഇംഗ്ലീഷ് ചാനലിന്റെ മാധ്യമ പ്രവര്‍ത്തക എന്നെ ചാനല്‍ ചര്‍ച്ചയ്ക്ക് ക്ഷണിച്ചു. അന്നേ ദിവസം മറ്റൊരു സമയത്ത് ഒരു മലയാളം ചാനലിന് സമയം നല്‍കിയിട്ടുണ്ടെന്ന് പറഞ്ഞിരുന്നതിനാല്‍ താമസ സ്ഥലത്തിരുന്ന് ചര്‍ച്ചയില്‍ പങ്കെടുപ്പിക്കാമെന്ന് പറഞ്ഞു. എന്നാല്‍ മുറിയില്‍ നിന്ന് പുറത്തു പോകാന്‍ പറ്റാത്ത രീതിയില്‍ എന്നെ റൂമില്‍ അടച്ചിട്ടു. ഇവര്‍ പറഞ്ഞ സമയമായിട്ടും ചര്‍ച്ച നടത്താതെ എന്നെ അവര്‍ വീട്ടുതടങ്കലിലാക്കി. പിന്നെ, അവരുടെ തടസ്സങ്ങള്‍ തള്ളി മാറ്റി എന്നെ പുറത്ത് കാത്തിരുന്ന മലയാള ചാനലുകാരോട് ഇത് പറഞ്ഞപ്പോയാണ് അറിഞ്ഞത്, ഇത് ചില ഉത്തരേന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരുടെ ഒരു അസുഖമാണെന്ന്. മറ്റൊരു തവണ സ്റ്റുഡിയോയിലേക്ക് ക്ഷണിച്ച് ചര്‍ച്ചയ്ക്ക് നമ്മോട് പറഞ്ഞ വിഷയത്തിലല്ല അവര്‍ വേറെ വിഷയത്തില്‍ ചര്‍ച്ച നയിച്ച സംഭവവുമുണ്ടായിട്ടുണ്ട്.

പാര്‍ലമെന്റ് സമ്മേളനം നടന്നുകൊണ്ടിരിക്കെ വേറൊരു സംഭവമുണ്ടായി. പാര്‍ലമെന്റ് പിരിഞ്ഞപ്പോള്‍ ഏതാണ്ട് അര്‍ദ്ധ രാത്രിയായി. ഞങ്ങള്‍ക്ക് ഒരു അഞ്ചു മിനിറ്റ് തരണമെന്ന് ഡല്‍ഹിക്കാരായിട്ടുള്ള ചാനല്‍ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. എന്നെയും മറ്റൊരു അംഗത്തേയും വിജയ് ചൗക്ക് വരെ നടത്തിക്കൊണ്ടു പോയി, വേറെ പല കാര്യങ്ങളും എയറില്‍ പോയിക്കൊണ്ടിരിക്കുകയാണെന്ന് പറഞ്ഞ് ക്യാമറയ്ക്കു വേണ്ടി പ്രകാശിപ്പിച്ച് വെച്ച കഠിനമായ വെളിച്ചം ഞങ്ങളുടെ മുഖത്തേക്ക് ഒരു മണിക്കൂറില്‍ അധികം നേരം തിരിച്ച് വെക്കുകയല്ലാതെ ഞങ്ങളുടെ പ്രതികരണം ഒന്നും എടുത്തില്ല. പാര്‍ലമെന്റില്‍ നിന്ന് താമസ സ്ഥലത്തെത്താനുള്ള വാഹനങ്ങള്‍ അപ്പോഴേക്കും സര്‍വ്വീസ് നിര്‍ത്തിയിരുന്നു. പിന്നീട്, തന്റെ പേഴ്‌സണല്‍ അസിസ്റ്റന്റായ ശ്രീജിത്ത് കേരള ഹൗസില്‍ നിന്ന് ഒരു വാഹനവുമെടുത്ത് അവിടെ വന്നാണ് ഞങ്ങളെ താമസ സ്ഥലത്തെത്തിച്ചത്. മറ്റു ചാനലുകളില്‍ തങ്ങള്‍ പങ്കെടുക്കാതിരിക്കാന്‍ മറ്റു ചാനലുകളിലെ ചര്‍ച്ചകള്‍ തടസ്സപ്പെടുത്താന്‍ ചില ഉത്തരേന്ത്യന്‍ ചാനലുകള്‍ നടത്തുന്ന കോപ്രായത്തരങ്ങളാണ് ഇവ എന്നാണ് പിന്നീട് അറിയാന്‍ കഴിഞ്ഞത്. മാധ്യമങ്ങള്‍ക്കിടയിലെ യുദ്ധത്തിന്റെ ഇരകളാവുകയായിരുന്നു ഞങ്ങള്‍.

മറ്റൊരു ദുരനുഭവം കേരളത്തിലെ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് കാലത്താണ് നേരിട്ടത്. ദേശീയ മാധ്യമം എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരു ഇംഗ്ലീഷ് ചാനലിനു വേണ്ടി ചര്‍ച്ചകള്‍ക്കൊന്നും പോകുന്നില്ലെന്ന് സ്വയം തീരുമാനിച്ചിരുന്നു. ഇക്കാര്യം പാര്‍ട്ടി നേതൃത്വത്തോടും അറിയിച്ചിരുന്നു. എനിക്ക് ഒഴിവാക്കാന്‍ പറ്റാത്ത ഒരു ചങ്ങാതിയാണ് വിളിച്ചത് എന്നുള്ളതുകൊണ്ടാണ് പോയത്. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ നില്‍ക്കുന്ന സമയമായിരുന്നു അത്. അതിനിടയില്‍ നിന്ന് ഓടിക്കിതച്ച് സ്റ്റുഡിയോയിലെത്തി. എന്റെ മുന്നില്‍, ചര്‍ച്ചയില്‍ പങ്കെടുക്കുന്ന ആളുകളുടെ മുഖം പോലും കാണാന്‍ ഒരു ടി.വി സ്‌ക്രീന്‍ പോലുമില്ലായിരുന്നു. മുന്നിലുള്ളത് ക്യാമറ മാത്രമാണ്. ചര്‍ച്ച ആരംഭിച്ചു. അവതാരകന്റെ ശബ്ദം എനിക്ക് കേള്‍ക്കാം. 40 മിനിറ്റ് നേരത്തെ ചര്‍ച്ചയാണെന്നാണ് പറഞ്ഞിരുന്നത്. അതില്‍ 20 മിനിറ്റും അവരുടെ കൊമേഴ്‌സ്യല്‍ ബ്രേക്കാണ്. ആദ്യത്തെ 9 മിനിറ്റ് അവതാരകന്‍ തന്നെ പ്രഭാഷണം നടത്തികൊണ്ടിരിക്കുകയാണ്. ഞാന്‍ കരുതി അടുത്തത് എന്നോട് എന്തെങ്കിലും ചോദിക്കുമെന്ന്, എന്നാല്‍ അതുണ്ടായില്ല. മുംബൈയില്‍ നിന്ന് ആരോ എന്തൊ പറയുന്നു. കേരളത്തിലെ തെരഞ്ഞെടുപ്പിനെ കുറിച്ചാണ്. അതു കഴിഞ്ഞ് ഡല്‍ഹിയില്‍ നിന്ന് മറ്റാരോ സംസാരിക്കുന്നു. ആ പേരൊന്നും ഞാന്‍ അതുവരെ കേട്ടിട്ടു പോലുമില്ല. അപ്പോഴും ഞാന്‍ കരുതി അടുത്തത് എന്നെ വിളിക്കുമെന്ന്, ഇത്രയും ആയപ്പോള്‍ തന്നെ 18 മിനിറ്റായി. അവതാരകന്‍ പിന്നെയും തന്റെ പ്രഭാഷണം തുടങ്ങി. തുടര്‍ന്ന് ബ്രേക്കിലേക്ക്. പ്രേക്ഷകരുടെ സമയം പോലെ തന്നെ, താങ്കളുടെ സമയം പോലെ തന്നെ എന്റെ സമയവും വിലപ്പെട്ടതാണെന്ന് ഞാന്‍ ഇടക്ക് കയറി അവരെ ഓര്‍മ്മപ്പെടുത്തി. അപ്പോഴും തന്നോട് കാത്തിരിക്കാനാണ് ആവശ്യപ്പെട്ടത്. ചര്‍ച്ച തീരാറാകുന്നതിന് മുന്‍പ് എന്നെ അവര്‍ ക്ഷണിച്ചു. ഇംഗ്ലീഷ് മാന്യന്‍മാരുടെ ഭാഷയാണെന്നാണ് കരുതുന്നത്, എന്റെ ഒരു ബെസ്റ്റ് ഫ്രണ്ട് ക്ഷണിച്ചതിനാലാണ് ഞാന്‍ നിങ്ങളുടെ സ്റ്റുഡിയോയിലേക്ക് വന്നത്. എന്റെ മുഖം കാണിക്കാന്‍ വേണ്ടി മാത്രമാണ് എങ്കില്‍ എന്റെ ഒരു ഫോട്ടോ ടിവിയില്‍ കൂടി കാണിച്ചാല്‍ മതിയായിരുന്നു, എന്റെ ശബ്ദവും എന്റെ അഭിപ്രായവും നിങ്ങള്‍ക്ക് ഇതിലൂടെ കേള്‍പ്പിക്കാന്‍ സമയമില്ല എങ്കില്‍ ഇനി മേലാല്‍ എന്നെ ദയവ് ചെയ്ത് ഇത്തരമൊരു ചര്‍ച്ചക്കായി ക്ഷണിക്കരുത് എന്ന് എനിക്കു പറയേണ്ടി വന്നു.

രാജ്യത്തെ എല്ലാ കിംവദന്തികളും പൊട്ടിമുളക്കുന്ന ഇടം

പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളിനെ കുറിച്ചുള്ള ഒരു തമാശ, ഈ രാജ്യത്തുള്ള എല്ലാ കിംവദന്തികളും അവിടെയാണ് പൊട്ടിമുളക്കുന്നത് എന്നാണ്. അതില്‍ കുറെ കാര്യങ്ങള്‍ ശരിയുണ്ടാവാം കുറെ ശരിയല്ലാതിരിക്കാം. നല്ല ബന്ധങ്ങള്‍ അവിടെ നിന്നുണ്ടാവുമ്പോള്‍ തന്നെ കോര്‍പ്പറേറ്റുകളുടെ ഏജന്റുമാരായി ചില മാധ്യമ പ്രവര്‍ത്തകരെങ്കിലും അവരുടെതായിട്ടുള്ള ആ പദവിയേയും ചുമതലയേയും ദുരുപയോഗപ്പെടുത്തുന്നതിന് ഞങ്ങള്‍ പലരും സാക്ഷ്യം വഹിച്ചിട്ടുണ്ട്. വളരെ മോശപ്പെട്ട പ്രവണതയാണ് അത്. പാര്‍ലമെന്ററി കമ്മിറ്റികളില്‍ പോലും ചിലപ്പോള്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ള ഒരു കാര്യമുണ്ട്, ക്രോസ് ഓണര്‍ഷിപ്പിനെ പറ്റി. ലോകത്ത് പലയിടങ്ങളിലും വലിയ കോര്‍പ്പറേറ്റുകള്‍ ഒരേ സമയം ദൃശ്യ, ശ്രവ്യ, അച്ചടി മാധ്യമങ്ങളുടെ ഉടമസ്ഥാവകാശം കൈകാര്യം ചെയ്യുന്നതിന് പല നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വലിയ കോര്‍പ്പറേറ്റ് ഹൗസുകള്‍ പത്രത്തെ, ടെലിവിഷന്‍ ശ്യംഖലകളെ, റേഡിയൊവിനെ എല്ലാം കൈകാര്യം ചെയ്യുന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറിയാല്‍ വാര്‍ത്തകള്‍ക്കല്ല സ്റ്റോറികള്‍ക്കാണ് പ്രാധാന്യമുണ്ടാവുക. നമ്മുടെ പല പത്രപ്രവര്‍ത്തകരും ഇപ്പോള്‍ പറയുന്നത് ഞാന്‍ ഒരു സ്റ്റോറി ചെയ്തു കൊണ്ടിരിക്കുകയാണെന്നാണ്. അതായത് വാര്‍ത്തയിലല്ല, സ്‌റ്റോറിയിലാണ് താല്‍പര്യം. ഒരു കഥ എഴുതി ഉണ്ടാക്കുന്നു. ആ കഥയെ നിങ്ങള്‍ തന്നെ കൊല്ലുന്നു. മാധ്യമങ്ങള്‍ ആത്മപരിശോധന നടത്തേണ്ടുന്ന സമയം അതിക്രമിച്ചിരുന്നു. അല്ലെങ്കില്‍ ജനാധിപത്യത്തിന്റെ കാവല്‍ ഭടന്‍മാരായി സംരക്ഷകരായി നില്‍ക്കേണ്ട മാധ്യമ പ്രവര്‍ത്തകര്‍ ജനാധിപത്യത്തിന്റെ അന്തകന്‍മാരായി മാറിപ്പോകാനിടയുണ്ട്.

മാധ്യമ മേഖലയില്‍ പരസ്യങ്ങളുടെ അതിപ്രസരം

പരസ്യങ്ങള്‍ വേണം, എന്നാല്‍ പരസ്യങ്ങള്‍ക്ക് മാത്രമായി നോട്ടീസ് അച്ചടിക്കുന്ന പണി മാധ്യമങ്ങള്‍ ചെയ്യരുത്. പരസ്യം കാണിക്കാന്‍ വേണ്ടി മാത്രമായിട്ടുള്ള ഇടങ്ങളായി ദൃശ്യമാധ്യമങ്ങള്‍ മാറരുത്. വളരെ വേദനാജനകമായ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത് പൊട്ടിക്കരഞ്ഞുകൊണ്ട് ബന്ധുക്കള്‍ ചിതയിലേക്ക് മൃതശരീരങ്ങള്‍ എടുത്തു വെക്കുന്നതിനിടയില്‍ പരസ്യങ്ങള്‍ കൊടുത്ത പല മാധ്യമങ്ങളുമുണ്ട്. അത് അനൗചിത്യമാണ്. ദുഃഖകരമായ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതു പോലും വെറും കച്ചവടമാണ് എന്ന് ആരെങ്കിലും പറഞ്ഞാല്‍ അവരോട് എന്തു മറുപടി പറയാന്‍ പറ്റും. സന്തോഷവും ദുഃഖവും നീര്‍കുമിള പോലെയാണെന്നും എനിക്ക് എന്റെ പണമാണ് വലുത് എന്ന് മാധ്യമ ചക്രവര്‍ത്തിമാര്‍ തീരുമാനിച്ചാല്‍ ഒരിക്കലും അത് രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകാന്‍ സഹായകരമാവില്ല.

ചില മാധ്യമങ്ങളില്‍ രാജ്യത്തെ പട്ടിണി, ദാരിദ്ര്യം, പോഷകാഹാര കുറവ്, തൊഴിലില്ലായ്മ, രൂക്ഷമായ വിലക്കയറ്റം, സാമ്പത്തിക മാന്ദ്യം ഇവക്കൊന്നിനും തന്നെ ഇടം കിട്ടുന്നില്ല. ഇത്തരം ചര്‍ച്ചകള്‍ക്കൊക്കെ ആരെങ്കിലും ഒന്ന് തുടക്കം കുറിക്കേണ്ടതാണ്. മാധ്യമ രംഗത്ത് നിന്ന് തന്നെ തിരുത്തല്‍ ശക്തികള്‍ ഉയര്‍ന്നുവരട്ടെ എന്നാണ് എനിക്ക് പറയാനുള്ളത്. മാധ്യമങ്ങള്‍ക്ക് ലഭിക്കുന്ന ബഹുമാന്യത സമൂഹം നല്‍കുന്നതാണ്. മാധ്യമങ്ങള്‍ക്ക് ലഭിക്കുന്ന ബഹുമാന്യതയും വിശ്വാസ്യതയും പല തലമുറകള്‍ കൊണ്ടും പതിറ്റാണ്ടുകള്‍ കൊണ്ടും നേടിയതാണ്. അത് ഇന്ത്യയുടെ ദേശീയ സ്വാതന്ത്ര്യ പ്രക്ഷോഭത്തിന് മുന്നേ തുടങ്ങിയതും ഏറെ ത്യാഗങ്ങള്‍ അനുഭവിച്ചും കഷ്ടപ്പാടുകള്‍ സഹിച്ചും നേടിയതാണ് എന്ന കാര്യം നമ്മള്‍ മറക്കരുത്.

(മുന്‍ എം.പിയും ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയുമായ ഡോ. എ. സമ്പത്തുമായി അഴിമുഖം പ്രതിനിധി മെഹ്ന സിദ്ദീഖ കാപ്പന്‍ സംസാരിച്ച് തയ്യാറാക്കിയത്)


ഡോ. എ സമ്പത്ത്

ഡോ. എ സമ്പത്ത്

മുന്‍ എംപി, ഡല്‍ഹിയിലെ കേരള ഗവണ്‍മെന്‍റിന്റെ പ്രത്യേക പ്രതിനിധി

Next Story

Related Stories