TopTop
Begin typing your search above and press return to search.

പൊട്ടിക്കരഞ്ഞ രാമചന്ദ്രന്‍ മാസ്റ്റര്‍; പശമുക്കി ഉടയാത്ത ഖദര്‍ധാരികള്‍ മനപ്പൂര്‍വം മറന്ന നേതാവ്

പൊട്ടിക്കരഞ്ഞ രാമചന്ദ്രന്‍ മാസ്റ്റര്‍; പശമുക്കി ഉടയാത്ത ഖദര്‍ധാരികള്‍ മനപ്പൂര്‍വം മറന്ന നേതാവ്

വാക്കുകളില്‍ ദുഖം നിറച്ച് അനുശോചനക്കുറിപ്പുകള്‍ എഴുതിയിടുന്ന തിരക്കിലാകും കോണ്‍ഗ്രസ് പ്രമാണിമാര്‍. പക്ഷേ, നിങ്ങള്‍ ഓര്‍ക്കുന്നുണ്ടോ 2011 മാര്‍ച്ചില്‍ തിരുവനന്തപുരം പ്രസ് ക്ലബില്‍ വാര്‍ത്താസംഘത്തിനു മുന്നില്‍ പൊട്ടികരഞ്ഞൊരു രാമചന്ദ്രന്‍ മാസ്റ്ററെ? മറക്കാന്‍ വഴിയില്ല, പക്ഷേ വീണ്ടുമത് ഓര്‍ക്കാന്‍ നിങ്ങള്‍ക്ക് താല്‍പര്യമുണ്ടാകില്ല. കാരണം, അന്ന് അദ്ദേഹം വിളിച്ചുപറഞ്ഞതൊന്നും പശമുക്കി ഉടയാത്ത ഖദര്‍ ധരിച്ചവര്‍ക്ക് ദഹിക്കുന്ന കാര്യങ്ങളായിരുന്നില്ല. കെപിസിസി പ്രസിഡന്റായിരുന്ന രമേശ് ചെന്നിത്തലയും പ്രതിപക്ഷ നേതാവായിരുന്ന ഉമ്മന്‍ ചാണ്ടിയും ഉള്‍പ്പെടുന്ന കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെയായിരുന്നു രാമചന്ദ്രന്‍ മാസ്റ്റര്‍ വിരല്‍ ചൂണ്ടിയത്. അഴിമതിക്ക് കൂട്ടുനില്‍ക്കാത്തതിനാല്‍ മന്ത്രിസഭയില്‍നിന്ന് പുറത്താക്കി, കോണ്‍ഗ്രസില്‍ ഊരുവിലക്കുണ്ട് എന്ന് പറഞ്ഞവസാനിക്കുമ്പോഴേക്കും അദ്ദേഹം പൊട്ടിക്കരഞ്ഞിരുന്നു. കോണ്‍ഗ്രസില്‍നിന്നും പുറത്താക്കിയാല്‍ കെപിസിസി ഓഫിസില്‍ പോയി കിടക്കുമെന്ന് പറഞ്ഞ് ചാനല്‍ ക്യാമറകള്‍ക്കും ഫോട്ടോഗ്രാഫര്‍ക്കും മുന്നില്‍ നിയന്ത്രണംവിട്ട് അദ്ദേഹം കരയുകയായിരുന്നു.

ട്രാവന്‍കൂര്‍ ടൈറ്റാനിയം കമ്പനിയുടെ ഒരു പ്രൊജക്ടിന് പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ അംഗീകാരം നിഷേധിച്ചതോടെയാണ് തന്റെ മന്ത്രിസ്ഥാനം വരെ നഷ്ടമാകാന്‍ കാരണമെന്നായിരുന്നു രാമചന്ദ്രന്‍ മാസ്റ്ററുടെ വെളിപ്പെടുത്തല്‍. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഫോണില്‍ വിളിച്ചുപോലും ഭീഷണിപ്പെടുത്തി. തിരഞ്ഞെടുപ്പ് കാലം കോണ്‍ഗ്രസില്‍ കാശിന്റെ കളിയാണ്. പേയ്‌മെന്റ് സീറ്റുകള്‍ ഏറെയുണ്ട്. നേതാക്കള്‍ക്ക് വലിയ നേട്ടമുണ്ട്. സോണിയാ ഗാന്ധിയുടെ ഓഫിസില്‍ പോലും ചില റാക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും മാസ്റ്റര്‍ പറഞ്ഞു.

തന്റെ വകുപ്പായിരുന്ന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ചുമതല എടുത്തുമാറ്റാന്‍ ശ്രമമുണ്ടായപ്പോള്‍ ക്യാബിനറ്റ് യോഗത്തില്‍ പങ്കെടുക്കാതെ, മാധ്യമപ്രവര്‍ത്തകരെ വിളിച്ചുകൂട്ടി കാര്യം പറഞ്ഞതോടെ ഉമ്മന്‍ചാണ്ടി വിരുദ്ധനായി രാമചന്ദ്രന്‍ മാസ്റ്റര്‍ മുദ്രകുത്തപ്പെട്ടു. അവിടംമുതല്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയഭാവി തിരുത്തപ്പെട്ടുതുടങ്ങി. കെപിസിസി എക്സിക്യൂട്ടീവ് അംഗമെന്ന പരിഗണന പോലും അദ്ദേഹത്തിന് ലഭിക്കുന്നുണ്ടായിരുന്നില്ല. എ ഗ്രൂപ്പിനോടും ഉമ്മന്‍ചാണ്ടിയോടും യോജിച്ചുപോകാന്‍ രാമചന്ദ്രന്‍ മാസ്റ്റര്‍ക്കും കഴിഞ്ഞില്ല. നഷ്ടം അദ്ദേഹത്തിനു തന്നെയായിരുന്നു. ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍നിന്ന് അദ്ദേഹം പുറത്തായി. ആരോഗ്യവകുപ്പില്‍ അനധികൃതമായി നടന്ന നിയമനത്തിന്റെയും സ്ഥലംമാറ്റത്തിന്റെയും പേരില്‍ ലോകായുക്തയിലുണ്ടായിരുന്ന കേസായിരുന്നു കോണ്‍ഗ്രസുകാര്‍ക്ക് മുന്നിലെ വലിയ കുറ്റം.

അപ്പോഴും ടൈറ്റാനിയത്തില്‍ മാലിന്യ നിര്‍മാര്‍ജന പ്ളാന്റ് സ്ഥാപിക്കുന്നതിനുള്ള ഉപകരണങ്ങള്‍ വാങ്ങിയ ഇടപാടില്‍ ക്രമക്കേട് നടന്നുവെന്ന നിലപാടില്‍ അദ്ദേഹം ഉറച്ചുനിന്നു. മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിക്കും കെപിസിസി അധ്യക്ഷനായിരുന്ന ചെന്നിത്തലയ്ക്കും അതില്‍ പങ്കുണ്ട്. കേസില്‍ വിജിലന്‍സ് അന്വേഷണം പ്രഹസനം മാത്രമായിരുന്നുവെന്നും അദ്ദേഹം ആവര്‍ത്തിച്ചു. ഏതെങ്കിലുമൊരു കോണ്‍ഗ്രസ് നേതാവ് മാസ്റ്റരെ തുണച്ചുകണ്ടില്ല. കെപിസിസിക്കും എഐസിസിക്കും അയച്ച എണ്ണമറ്റ പരാതികളിലും മറുപടി ഉണ്ടായിരുന്നില്ല. 1982 മുതല്‍ വെന്നിക്കൊടി പാറിച്ച കല്‍പ്പറ്റ സീറ്റ് കോണ്‍ഗ്രസിലെത്തിയ വീരേന്ദ്ര കുമാറിനും സംഘത്തിനുമായി 2011ല്‍ കോണ്‍ഗ്രസ് പതിച്ചുനല്‍കിയതോടെ തകര്‍ച്ചയുടെ അവസാന പടിവാതില്‍ക്കലെത്തിപ്പെട്ടിരുന്നു മാസ്റ്റര്‍. സീറ്റ് കിട്ടാത്തവരെയും അതൃപ്തിയുള്ളവരെയും ഉള്‍പ്പെടുത്തി കെപിസിസി തിരഞ്ഞെടുപ്പ് ചുമതലക്കായി സമിതികള്‍ രൂപീകരിച്ചപ്പോഴും മാസ്റ്റര്‍ തഴയപ്പെട്ടു. അതേവര്‍ഷം തന്നെ അദ്ദേഹം കോണ്‍ഗ്രസില്‍നിന്ന് പുറത്തായി. പിന്നീട് തിരിച്ചെടുത്തെങ്കിലും പദവികളില്ലാത്ത പ്രവര്‍ത്തകന്റെ വേഷമായിരുന്നു മാസ്റ്റര്‍ക്ക്.

കെ കരുണാകരന്‍ കണ്ടെടുത്ത നേതാക്കളില്‍ ഒരാളായിരുന്നു കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശിയായ രാമചന്ദ്രന്‍ മാസ്റ്റര്‍. 1982 മുതല്‍ 2006 വരെ വയനാട്ടില്‍നിന്ന് (ബത്തേരി, കല്‍പ്പറ്റ) തുടര്‍ച്ചയായി മത്സരിച്ച് ആറുതവണ നിയമസഭയിലെത്തി. രണ്ട് തവണ മന്ത്രിയായി. 1995-96, എ.കെ. ആന്റണി മന്ത്രിസഭയില്‍ ഭക്ഷ്യ പൊതുഭരണ വകുപ്പും 2004ല്‍ ആന്റണി രാജിവച്ച ശേഷം വന്ന ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ ആരോഗ്യ വകുപ്പും കൈകാര്യം ചെയ്തു. കെപിസിസിയുടെ ഏറ്റവും ശക്തനായ ജനറല്‍ സെക്രട്ടറിയായും അറിയപ്പെട്ടു. കോണ്‍ഗ്രസിലെ പ്രബല ഗ്രൂപ്പുകളോട് പടവെട്ടിയാണ് അദ്ദേഹം മരണംവരെ ജീവിച്ചത്.


Next Story

Related Stories