TopTop
Begin typing your search above and press return to search.

ചിന്ന ഡൗട്ട് , ഈ ലോക് ഡൗൺ കാലത്തു അഴീക്കോട് എം എൽ എ ആയ ഷാജി എങ്ങനെ കോഴിക്കോടുള്ള എം കെ മുനീറിന്റെ വീട്ടിൽ വെച്ച് പത്ര സമ്മേളനം നടത്തി?

ചിന്ന ഡൗട്ട് , ഈ ലോക് ഡൗൺ കാലത്തു അഴീക്കോട് എം എൽ എ ആയ ഷാജി എങ്ങനെ കോഴിക്കോടുള്ള എം കെ മുനീറിന്റെ വീട്ടിൽ വെച്ച് പത്ര സമ്മേളനം നടത്തി?

വടികൊടുത്തു അടിവാങ്ങുന്ന ശീലം ചിലർ നിർബന്ധപൂർവം കൂടെ കൊണ്ടുനടക്കും. അഴീക്കോട് എം എൽ എ, കെ എം ഷാജിയും അക്കൂട്ടത്തിൽ പെടുമോ എന്നൊരു സംശയം ബലപ്പെട്ടിരിക്കുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും കൈ അയച്ചു സഹായിക്കണം എന്ന അഭ്യർത്ഥനയെ പരിഹസിച്ചു ഫേസ്ബുക്ക് പോസ്റ്റിട്ടു അര്‍മാദിക്കാൻ ശ്രമിച്ച ഷാജിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പരാമർശവും തുടർന്ന് സോഷ്യൽ മീഡിയയിൽ ഷാജിക്കെതിരെ ഉയരുന്ന ആക്ഷേപ വർഷവുമൊക്കെ മേൽ പറഞ്ഞ സംശയം കൂടുതൽ ബലപ്പെടുത്തുന്നു. എന്നുകരുതി ഷാജി തീർത്തും ഒറ്റപ്പെട്ടുവെന്നൊന്നും കരുതിയേക്കരുത്. ഷാജിയെ അനുകൂലിച്ചും ചിലരൊക്കെ രംഗത്തുണ്ട്. എന്നാൽ അവരുടെ കൈയടിയെ വെല്ലുന്ന പൊങ്കാലയാണ് മറുഭാഗത്തും നടക്കുന്നത്.

വേലയുണ്ടെങ്കിലും കൂലിയില്ലാത്ത ആളാണ് കെ എം ഷാജി. പറയുമ്പോൾ ഷാജി അഴീക്കോട് എം എൽ എ ആണെങ്കിലും തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ വർഗീയത പ്രചരിപ്പിക്കാൻ ശ്രമിച്ചുവെന്ന കേസുമായി ബന്ധപ്പെട്ടാണ് ശമ്പളവും മറ്റു ആനുകൂല്യങ്ങളും നിഷേധിക്കപ്പെട്ടിരിക്കുന്നത്. കേസിൽ ഷാജി കുറ്റക്കാരനാണെന്നു കണ്ടെത്തിയ ഹൈക്കോടതി തന്നെ അയോഗ്യനായി പ്രഖ്യാപിച്ചതിനെതിരെ ഷാജി സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതി ഹൈക്കോടതി കല്പിച്ച അയോഗ്യത തൽക്കാലത്തേക്ക് മരവിപ്പിച്ചു വേതനം വാങ്ങാതെ പണിയിൽ തുടരാൻ അനുവദിച്ചിരിക്കുന്നത്. കൊറോണക്കാലത്തു ഒന്നും മിണ്ടാതെ ഇരിക്കുന്നത് ശരിയല്ലെന്ന് തോന്നിയിട്ടാവണം കെ എം ഷാജി രണ്ടു നാൾ മുൻപ് ഒരു 'തകർപ്പൻ' ഫേസ് ബുക്ക് പോസ്റ്റിട്ടത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും കൈ അയച്ചു സഹായിക്കണമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനത്തെ പരിഹസിച്ചുകൊണ്ടുള്ളതായിരുന്നു ഷാജിയുടെ ആ പോസ്റ്റ്. ' മുഖ്യമന്ത്രിയുടെ ഇന്നലത്തെ പത്രസമ്മേളനം എല്ലാവരും ശ്രദ്ധിച്ചു വായിക്കണം... ' എന്നു തുടങ്ങുന്ന പോസ്റ്റിന്റെ പൂർണ രൂപം ഇതാ : 'മുഖ്യമന്ത്രിയുടെ ഇന്നലത്തെ പത്രസമ്മേളനം എല്ലാവരും ശ്രദ്ധിച്ചു വായിക്കണം. അടിയന്തിരമായും മഹല്ലു കമ്മിറ്റികൾ ചേർന്ന് ഈ വർഷത്തെ സക്കാത്ത്‌ മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക്‌ നൽകാൻ നിർദ്ദേശം നൽകേണ്ടതാണ്.പ്രത്യേകിച്ച്‌ അടുത്ത്‌ തന്നെ ഷുക്കൂർ കേസിൽ വിധി വരാൻ ഇടയുണ്ട്‌ ; CBI ക്കു കേസ്‌ വിട്ടുകൊടുക്കാതെ നമ്മുടെ ജയരാജനെയും രാജേഷിനെയും ഒക്കെ രക്ഷപ്പെടുത്തിയെടുക്കണമെങ്കിൽ നല്ല ഫീസ്‌ കൊടുത്ത്‌ വക്കീലിനെ വെക്കാനുള്ളതാണെന്ന് എല്ലാവർക്കും അറിയാവുന്നതാണല്ലോ!!

നേരത്തെ നിങ്ങൾ പ്രളയ കാലത്ത്‌ മുഖ്യമന്ത്രിക്ക്‌ കൊടുത്ത ഫണ്ടുണ്ടായത്‌ കൊണ്ട്‌ ഷുക്കൂർ , കൃപേശ്‌ , ശരത്ത്‌ ലാൽ ഷുഹൈബ്‌ കേസിൽ നമ്മുടെ സഖാക്കൾക്കു വേണ്ടി മുന്തിയ വക്കീലമ്മാരെ വല്യ ഫീസ്‌ കൊടുത്ത്‌ വെക്കാൻ നമുക്കു പറ്റി!അതുകൊണ്ട്‌ സക്കാത്ത്‌ മാത്രമല്ല വിഷു കൈനീട്ടം കൂടി കൈ നീട്ടി സർക്കാർ ഫണ്ടിലേക്ക്‌ തരണം!! മുഖ്യമന്ത്രിക്കു ഈ പൈസയൊക്കെ കൊടുക്കുമ്പോൾ "എല്ലാം നമുക്കു വേണ്ടിയാണല്ലോ ഈശ്വര" എന്ന ആശ്വാസത്തോടെ വേണം എല്ലാവരും കൊടുക്കാൻ!! 'വക്കീലിനു ഫീസ് കൊടുക്കുന്നത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണെന്ന തന്റെ പ്രസ്താവന ശുദ്ധ അസംബന്ധം ആണെന്ന് പറയുന്ന ഷാജിക്കുപോലും അറിയാമെങ്കിലും കിട്ടിയ അവസരം ഉപയോഗിച്ച് രാഷ്ട്രീയം കളിക്കാനാണ് ഷാജിയുടെ ശ്രമം എന്നു വ്യക്തം.

ഷാജിയുടെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധയിൽ പെടുത്തിയപ്പോൾ മുഖ്യമന്ത്രി പറഞ്ഞു തുടങ്ങിയത് സത്യത്തിൽ അതൊരു ഉത്തരവാദപ്പെട്ട പൊതുപ്രവർത്തകൻ നടത്തിയ അഭിപ്രായപ്രകടനം ആയി കരുതാൻ കഴയുന്നില്ലെന്നായിരുന്നു. പ്രത്യേകിച്ചും ഷാജി അംഗമായ മുസ്ലിം ലീഗ് സർക്കാരിന് എല്ലാവിധ പിന്തുണയും നൽകുന്ന ഈ വേളയിൽ എന്തേ ഇങ്ങനെ ഒരു അപസ്വരം എന്ന സംശയം തന്നെയാണ് മുഖ്യമന്ത്രി പ്രകടിപ്പിച്ചത്. എന്നാൽ കൂട്ടത്തിൽ അദ്ദേഹം പറഞ്ഞ 'ചില വികൃത മനസ്സുകൾ നമ്മുടെ സാമൂഹത്തിൽ ഉണ്ടാകും ' എന്ന പരാമർശമാണ് ഫേസ്ബുക്ക് പോസ്റ്റ് വന്നതിനു പിന്നാലെ തന്നെ ഷാജിക്കെതിരെ പൊട്ടിപ്പുറപ്പെട്ട സൈബർ ആക്രമണത്തിന്റെ ശക്തി വർധിപ്പിച്ചത്. 'കീടം' , വർഗീയ വാദി' തുടങ്ങിയ വിശേഷണങ്ങൾ ഷാജിക്ക് ചാർത്തിക്കൊടുത്തിട്ടുണ്ട് ചിലർ. പാഷാണത്തിൽ കൃമിയെന്നൊക്കെയുള്ള പ്രയോഗങ്ങൾ വരാനിരിക്കുന്നുമുണ്ടാകും. എന്തായാലും ഇതിൽ ഏതൊക്കെ വിശേഷണങ്ങൾ തനിക്കു ഇണങ്ങുമെന്നു ഷാജി തന്നെ തീരുമാനിക്കട്ടെ.കിട്ടിയത് കൊണ്ടൊന്നും അടങ്ങാത്ത ഷാജി മുന്നോട്ടു തന്നെയാണെന്നാണ് ഇന്നത്തെ അദ്ദേഹത്തിന്റെ പത്ര സമ്മേളനം സൂചിപ്പിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ഒരു സി പി എം നേതാവിന്റെ കടം വീട്ടാൻ പണം നൽകിയെന്നും മറ്റൊരു എൽ ഡി എഫ് നേതാവിന്റെ കുടുംബത്തിന് ധനസഹായം നൽകിയെന്നും ഒക്കെയാണ് ഷാജിയുടെ പുതിയ ആരോപണം. കൊറോണക്കാലത്തു ആരും രാഷ്ട്രീയം നിരോധിച്ചിട്ടില്ലെന്നും അവസാന ശ്വാസം വരെ പോരാടുമെന്നും പിണറായി വിജയൻ മഴുവെറിഞ്ഞു നേടിയതൊന്നുമല്ല കേരളം എന്നൊക്കെയാണ് എം കെ മുനീർ എം എൽ എ യുടെ വീട്ടിൽ വെച്ച് നടത്തിയ പത്ര സമ്മേളനത്തിൽ ഷാജി പറഞ്ഞത്. ഷുക്കൂറിന്റെയും ശുഹൈബിന്റെയും കേസിൽ ഹാജരായ വക്കിലിനു രണ്ടു കോടി രൂപ നൽകിയിട്ടുണ്ടെന്നും അത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണെന്നും ആവർത്തിക്കുക വഴി മുന്നോട്ടു വെച്ച കാൽ പിന്നോട്ടില്ല എന്ന നിലപാടിൽ തന്നെയാണ് താൻ എന്ന് ഷാജി വ്യക്തമാക്കുന്നു.എന്നാൽ കൊറോണക്കാലത്തു ഇതാദ്യമായൊന്നുമല്ല ഷാജി സർക്കാരിനെതിരെ വിമർശനം നടത്തിയതെന്ന് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റുകൾ നോക്കിയാൽ മനസ്സിലാക്കാവുന്നതേയുള്ളൂ. ഒരു പക്ഷെ കൂലിയില്ലാതെ ചെയ്യേണ്ടി വരുമ്പോൾ ഉണ്ടായേക്കാവുന്ന ദണ്ഡം മറക്കാൻ വേണ്ടി കൂടിയുള്ള ഒന്ന് അല്ലെങ്കിൽ അടച്ചു പൂട്ടിയിരിപ്പിന്റെ മുഷിച്ചിൽ മാറ്റാനുള്ള ഒരു വഴി അങ്ങനെ എന്തെങ്കിലും ആവാം ഇതിനൊക്കെ പിന്നിൽ. അതൊക്കെ എന്തുമാകട്ടെ പക്ഷെ ഈ ലോക് ഡൗൺ കാലത്തു അഴീക്കോട് എം എൽ എ ആയ ഷാജി എങ്ങനെ കോഴിക്കോടുള്ള എം കെ മുനീറിന്റെ വീട്ടിൽ വെച്ച് പത്ര സമ്മേളനം നടത്തിയെന്ന് അദ്ദേഹം തന്നെ വിശദീകരിക്കേണ്ടി വരുമെന്ന കാര്യത്തിൽ തർക്കം വേണ്ട .


കെ എ ആന്റണി

കെ എ ആന്റണി

മാധ്യമ പ്രവര്‍ത്തകന്‍

Next Story

Related Stories