TopTop
Begin typing your search above and press return to search.

'മാടമ്പള്ളിയിലെ യക്ഷി'യെ കണ്ടെത്താന്‍ മാധ്യമ ആഭിചാരമോ?

കോഴിക്കോട് കൂടത്തായിലെ കൊലപാതക പരമ്പരയ്ക്കു പിന്നിൽ ജോളി ജോസഫ് എന്ന സ്ത്രീ മാത്രമാണോ അതോ അവർക്കു പിന്നിൽ അദൃശ്യകരങ്ങൾ ഉണ്ടോ എന്നൊക്കെയുള്ള അന്വേഷണം പുരോഗമിക്കുന്നതേയുള്ളൂ. കേസ് ഈ ഘട്ടം വരെ എത്തിച്ച അന്വേഷണ സംഘം അക്കാര്യം കൃത്യമായി തന്നെ നിർവഹിക്കും എന്ന് കരുതാം. കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘത്തിന്റെ തലവൻ പുറത്തു വിടുന്ന വിവരങ്ങളുടെ പതിന്മടങ്ങാണ് മാധ്യമങ്ങളിലൂടെ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. പത്രങ്ങളും വാർത്താ ചാനലുകളും ഇക്കാര്യത്തിൽ യാതൊരു വിധ പിശുക്കും കാണിക്കുന്നില്ല. സത്യത്തിൽ ജോളി ജോസഫ് എന്ന സ്ത്രീക്ക് 'മണിച്ചിത്രത്താഴ്' എന്ന സിനിമയിലെ മാടമ്പള്ളിയിലെ യക്ഷിയുടെ പരിവേഷം കല്പിച്ചു നൽകപ്പെട്ടിരിക്കുന്നു. ഒരു പക്ഷെ അതിലും വലിയ പരിവേഷം എന്ന് തന്നെ പറയേണ്ടി വരും. സെക്‌സും പ്രണയവും പ്രതികാരവും ധന മോഹവും ഒക്കെ ഒത്തുചേരുന്ന ഒരു വലിയ ക്രൈം ത്രില്ലറാണ് അനുദിനം വായനക്കാരനും പ്രേക്ഷകനും മുന്നിൽ അനാവരണം ചെയ്യപ്പെടുന്നത്. ഒരു പക്ഷെ കഴിഞ്ഞ മുപ്പതു വർഷത്തിനിടയിൽ ഇത്രയധികം മാധ്യമ ശ്രദ്ധ ലഭിച്ച മറ്റു മൂന്ന് സംഭവങ്ങൾ കണ്ണൂർ, കാസർകോട് ജില്ലകളെ ഭയത്തിന്റെ പാതാള കയങ്ങളിലേക്ക് തള്ളിവിട്ട റിപ്പർ കൊലപാതക പരമ്പരയും ഐ എസ് ആർ ഒ ചാരക്കേസും സോളാർ കേസും ആയിരിക്കും. സെക്‌സും പ്രണയവും പ്രതികാരവും അടക്കമുള്ള എല്ലാ ചേരുവകളും സമജ്ജസമായി സമ്മേളിക്കുന്ന ഒന്നാകയാൽ അധികം വൈകാതെ തന്നെ കൂടത്തായി കേസുമായി ബന്ധപ്പെട്ട് നോവലുകളും സിനിമകളുമൊക്കെ പ്രതീക്ഷിക്കാം.


ഇക്കഴിഞ്ഞ ദിവസം ഒരു പത്രം കൂടത്തായി കേസിന് സമാനത കൽപ്പിക്കാൻ നാനി ഡോസ് ( Nannie Doss) എന്ന ഒരു അമേരിക്കക്കാരിയുടെ കഥയും പ്രസദ്ധീകരിച്ചിരുന്നു. 1905 - 1965 കാലഘട്ടത്തിൽ ജീവിച്ചിരുന്ന നാനി ഡോസ് തന്റെ നാല് ഭർത്താക്കന്മാർ അടക്കം 11 പേരെ വകവരുത്തിയ ആളാണ്. തന്റെ ഭർത്താക്കന്മാരെ കൊലപ്പെടുത്തിയതിനെക്കുറിച്ചു അന്വേഷണ ഉദ്യോഗസ്ഥനോട് ആയമ്മ പറഞ്ഞത് ' ഞാൻ എല്ലാം തികഞ്ഞ ഭർത്താവിനെ തിരയുകയായിരുന്നു' എന്നായിരുന്നത്രെ. കുലുങ്ങിചിരിച്ചുകൊണ്ടാണ് അവർ ഇക്കാര്യം വെളിപ്പെടുത്തിയത് എന്നതിനാൽ 'കുലുങ്ങി ചിരിക്കുന്ന മുത്തശ്ശി' (Giggling Granny) എന്ന പേരും അവർക്കു വന്നു ചേർന്നു. നാനി ഡോസ് എന്ന പേര് ഗൂഗിളിൽ പരതിയാൽ കൊലപാതക പരമ്പരകളുടെ പേരിൽ ക്രിമിനൽ ചരിത്രത്തിൽ ഇടം പിടിച്ച ഏതാണ്ട് ഒരു ഡസൻ സ്ത്രീകളുടെ കഥകൾ ലഭ്യമാകും. കുഞ്ഞുങ്ങളെ മാത്രം കൊല ചെയ്തിരുന്ന അമേലിയ ഡൈറും (Amelia Dyer) ഇക്കൂട്ടത്തിൽ പെടും. കേരളത്തിൽ തന്നെ തലശ്ശേരി പിണറായിയിലെ സൗമ്യ എന്ന യുവതി നടത്തിയെന്ന് കരുതപ്പെടുന്ന കൊലപാതക പരമ്പരയും ഏതാനും വർഷങ്ങൾക്കു മുൻപ് കൊച്ചിയിൽ അരങ്ങേറിയ മറ്റൊരു സയനൈഡ് കൂട്ടക്കൊലക്കും കൂടത്തായി കേസുമായി സമാനത കല്പിക്കപ്പെടുന്നുണ്ട്.

കൂടത്തായിലെ ഒരു കുടുംബത്തിൽ നടന്ന മൂന്നു മരണങ്ങളടക്കം മൊത്തം ആറ് മരണങ്ങളിലെ ദുരൂഹത നീക്കുന്നതിന് വേണ്ടിയാണ് ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്. എന്നാലിപ്പോൾ സമീപ പ്രദേശങ്ങളിൽ സംഭവിച്ച വേറെയും പല മരണങ്ങൾക്ക് പിന്നിലും ഇപ്പോൾ പ്രതിസ്ഥാനത്തു നിൽക്കുന്ന ജോളി ജോസഫ് എന്ന സ്ത്രീയാണെന്ന ആരോപണം ഉയർന്നിരിക്കുന്നു. മരിച്ചവർ ജോളിയുമായി ഏതെങ്കിലുമൊക്കെ വിധത്തിൽ ബന്ധം ഉള്ളവർ ആയിരുന്നു എന്നതാണ് ആരോപണകർത്താക്കൾ പറയുന്നത്. എന്തായാലും ആവശ്യമെങ്കിൽ ആ കേസുകളും ക്രൈം ബ്രാഞ്ച് സംഘം അന്വേഷിച്ചു സത്യം പുറത്തുകൊണ്ടുവരട്ടെ. എന്നാൽ ഏറെ അസ്വസ്ഥത ഉണ്ടാക്കുന്ന ഒരു കാര്യം ആരൊക്കെയോ ചിലർ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ ചമഞ്ഞു സമാന്തര അന്വേഷണം നടത്തുന്നു എന്നതാണ്. കഴിഞ്ഞ ദിവസം കേസ് അന്വേഷണത്തിന് നേതൃത്വം വഹിക്കുന്ന എസ് പി കെ. ജി സൈമൺ തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. ക്രൈം ബ്രാഞ്ച് ചമഞ്ഞു സമാന്തര അന്വേഷണം നടത്തുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് എസ് പി മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും ആരൊക്കെയാണ് സമാന്തര അന്വേഷണം നടത്തുന്നതെന്നോ അവരുടെ ലക്ഷ്യംഎന്താണെന്നോ നിലവിൽ വ്യക്തമല്ല. പോലീസിനെ അവരുടെ ജോലി ചെയ്യാൻ വിടൂ എന്ന് മാത്രമേ സമാന്തര അന്വേഷകരോട് തല്ക്കാലം പറയാനുള്ളൂ.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)Next Story

Related Stories